Monday, June 26, 2006

ദേവേട്ടന്റെ പാരപ്പോസ്റ്റിന് ഒരു സ്നേഹപ്പാര

ദേവേട്ടന്‍ പാരപ്പോസ്റ്റ് ദേവരാഗത്തില്‍ ഇട്ടത് കണ്ട് വായിച്ച് ചിരിച്ചുമറിഞ്ഞ് കിടക്കയിലോട്ട് വീണ് ഉറങ്ങിപ്പോയതറിഞ്ഞില്ല. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ക്വോട്ടാന്‍ വെച്ചതൊക്കെ ഉമേഷ്‌ജി ക്വോട്ടി എനിക്കിട്ട് ആദ്യത്തെ പാര വെച്ചു.

പിന്നെ കിട്ടിയ പാര വാക്കുകളൊക്കെ ചേര്‍ത്ത് ഒരു പാരക്കമന്റ് വെച്ചപ്പോള്‍ ഇതൊരു പോസ്റ്റാക്കിക്കൂടേ എന്നും ചോദിച്ച് ശനിയനും വെച്ചു, പാര.

എന്നാല്‍ പിന്നെ ആ കമന്റ് ഒരു പോസ്റ്റാക്കാമെന്ന് ഞാനും വെച്ചു. അങ്ങിനെ പാര ദേവേട്ടനും പിന്നെ ഇത് വായിക്കുന്ന എല്ലാ നല്ലവര്‍ക്കും. ഉറവ വറ്റി പാറകണ്ട ഈ ബ്ലോഗില്‍ ഏതു പോസ്റ്റും വായനക്കാര്‍ക്ക് പാര. പക്ഷേ ഇത് വായിക്കുന്നതിനു മുന്‍പ് ദേവേട്ടന്റെ പാരപ്പോസ്റ്റ് വായിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് പാരയുടെ ഒന്നാം‌തരം വിവരണവും, മരുമകള്‍ എങ്ങിനെ അമ്മായി‌യമ്മയ്ക്ക് പാരയാവുന്നു എന്നതിന്റെ ഉത്തമ ഉദാഹരണവും. അതുകൊണ്ട് അതുവഴി കടന്നുവരൂ. ഇതുവഴി പോയില്ലെങ്കിലും കുഴപ്പമില്ല.

പാര എന്ന വാക്ക് 1000 BC യില്‍ ഗ്രീസിലെ ആള്‍ക്കാരാണത്രെ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. (എന്നാണ് ഇവര്‍ പറയുന്നത്). പല വാക്കുകളേയും മോഡിഫൈ ചെയ്യാന്‍ “പാര” ഉപയോഗിക്കാമെന്ന്. അതായത് വക്കാരിയെ ഒന്ന് മോഡിഫൈ ചെയ്യണമെങ്കില്‍ പാരവക്കാരി എന്ന് വിളിച്ചാല്‍ മതി. പാര പാരയാവുന്നത് കണ്ടോ.

പാരയുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെ വിവരിക്കുന്നു. വ്യക്തതയ്ക്കായി ആംഗലേയവും ചേര്‍ത്തിരിക്കുന്നു.

1. പാര ലല്‍ (parallel) - സമാന്തരമായി രണ്ടുകൂട്ടര്‍ ഒരുത്തനിട്ടുതന്നെ വെയ്ക്കുന്ന പാര. ഇതിന്റെ ഒരു വകഭേദമാണ് അമേരിക്കയിലെ വെഹിക്കിള്‍ ഇന്‍‌സ്പെക്ടര്‍മാര്‍ ഇന്ത്യക്കാര്‍ക്കിട്ട് വെക്കുന്ന പാര-പാരലല്‍ പാര്‍ക്കിംഗ്. മിക്ക ഇന്ത്യക്കാര്‍ക്കും ലൈസന്‍‌സ് കിട്ടാത്തത് പാരലല്‍ പാര്‍ക്കിംഗ് ഒരു പാരയാകുന്നതുകൊണ്ടാണെന്നാണ് വഴിപോക്ക്‍സ് ഇഡ്ഡലിവാളിന്റെ പോസ്റ്റില്‍ പറഞ്ഞത്.

2. പാര ഗ്രാഫ് (paragrah) - നമ്മള്‍ വെച്ച പാരകള്‍ എങ്ങിനെയെല്ലാം പുരോഗമിക്കുന്നൂ എന്നറിയാന്‍ മൈക്രോസോഫ്റ്റ് എക്സല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗ്രാഫ്. നമുക്ക് ഒരു കൊല്ലം കിട്ടിയ പാരകളുടെ ട്രെന്‍ഡ് അറിയാനും ഈ ഗ്രാഫ് ഉപയോഗിക്കാം. [സന്തോഷ് മൈക്രോസോഫ്റ്റിലായതുകൊണ്ടല്ലേ സന്തോഷിനിട്ടിരിക്കട്ടെ ഒരു പാര എന്നു വെച്ച് മൈക്രോസോഫ്റ്റ് എക്സല്‍ എന്നു പറഞ്ഞത്. ഗ്രാഫ് വരയ്ക്കാന്‍ കമ്പ്യൂട്ടര്‍ വേണോ- ഗ്രാഫ് പേപ്പര്‍ പോരേ? :) ]

3. ഓര്‍ത്തോ മെറ്റാ പാരാ (രസതന്ത്രത്തില്‍) (ortho-meta-para) - പാരകളെപ്പറ്റി ഓര്‍മ്മയുണ്ടായിരിക്കണമെന്ന്. ഒരു ഭീഷണി (ഓര്‍ത്തോ) യുടെ ചുവയുമുണ്ടതിന്. പാരയുടെ രാസഘടന ഇതില്‍‌നിന്നും കിട്ടും. ചില പാരകള്‍ എത്ര കഴിഞ്ഞാലും തുരുമ്പിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

4. പാരാ സായിപ്പോളജി (വിശാലന്‍ ദേവേട്ടന്റെ പോസ്റ്റില്‍ ചോദിച്ചത്) - സായിപ്പ് ബോസന്മാര്‍ക്കിട്ട് ഇന്ത്യാക്കാര്‍ വെയ്ക്കുന്ന പാര. അപാര കഴിവുവേണം അതിന്. മിക്കവാറും പാര തിരിച്ചുകിട്ടാനും മതി.

5. പാരപ്പാര ഡാന്‍സ് - ജപ്പാനിലുള്ളതാ.. ഡാന്‍സ് കളിക്കുന്ന ഓരോരുത്തരും കൂട്ടത്തിലുള്ളവര്‍ക്ക് ഡബിള്‍ പാര വെച്ചുകൊടുക്കും. പാരകളുടെ പെരുമഴക്കാലമെന്നു വിളിക്കാം. ഇതിന്റെ അങ്ങേ അറ്റമാണ് പാരപ്പാരപ്പാരഡൈസ്.

6. പാരാ മെഡിക്കല്‍ (paramedical) - എംബീബീയെസ്സുകാര്‍ക്കിട്ട് വെക്കുന്ന പാര. പാരാമെഡിക്കല്‍ കഴിഞ്ഞ അണ്ണന്മാരും കോട്ടും സ്റ്റെതക്കോപ്പുമിട്ട് നടക്കും. മെഡിക്കലേതാ, പാരാ‍മെഡിക്കലേതാ എന്ന് രോഗികള്‍ക്ക് കണ്‍ഫ്യൂഷന്‍. കുറച്ച് ഗ്ലാമറുള്ള പാരാമെഡിക്കലുകാരനാണെങ്കില്‍ ഡോക്ടര്‍ക്ക് കട്ടപ്പാര.

7. പാര ച്യൂട്ട് (parachute) - ചൂട്ടു കത്തിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ ചെയ്യുന്ന പാര. അത് നമ്മുടെ നാട്ടില്‍. സായിപ്പാണെങ്കില്‍ ഷൂട്ട് ചെയ്ത് ചെയ്യുന്ന പാര.

8. പാരപ്പുറം - വീടിനും ഓഫീസിനും പുറത്തു വെച്ച് മാത്രം ചെയ്യുന്ന/കിട്ടുന്ന പാര. അത് പിന്നെ പറഞ്ഞ് പറഞ്ഞ് പാറപ്പുറം, പാറപ്പുറത്ത് തുടങ്ങിയ വീട്ടുപേരുകള്‍ തന്നെയായെന്നത് തികച്ചും യാദൃശ്ചികം. പക്ഷേ ഈ പാരകള്‍ പാറയുടെ പുറത്തുവെച്ചുതന്നെ ചെയ്യണമെന്നില്ല.

9. പാര ഡോക്‍സ് (paradox) - മൊത്തം കണ്‍‌ഫ്യൂഷനുണ്ടാക്കുന്ന പാര. ശരിപ്പാരയാണോ അല്ലയോ എന്നൊന്നും യാതൊരു പിടിത്തവും കാണില്ല. “ഞാന്‍ ആര്‍ക്കിട്ടും പാര വെക്കില്ല” എന്നാരെങ്കിലും പറഞ്ഞാല്‍ അത് I always lie എന്നപോലത്തെ പാര ഡോക്‍സ്

10. പാര ഫെര്‍നേലിയ (paraphernalia) - സ്വകാര്യ പാരകള്‍. വളരെ പേഴ്‌സണലായിട്ടുള്ള പാരകളാണിവ. സ്തീകളുടെ സ്തീധനം കഴിച്ചിട്ടുള്ള സ്വകാര്യ സമ്പാദ്യമെന്നും ഇതിനര്‍ത്ഥമുണ്ട്. ബാക്കി വിവരിക്കേണ്ടല്ലോ.

11. പാര ബോള (parabola) - അധികം മൂര്‍ച്ചയില്ലാത്ത, അറ്റം കൂര്‍ക്കാത്ത തരം പാര. കേറുമ്പോള്‍ നല്ല സുഖമായിരിക്കും. കയറിക്കഴിഞ്ഞാലേ വിവരമറിയൂ. പരാബോള പോലത്തെ അറ്റമുള്ള പാരവെച്ച് തേങ്ങാ പൊതിക്കുന്നവര്‍ക്ക് ആ പാര ഒരുഗ്രന്‍ പാരതന്നെ. ഇവിടെ കാണാം.

12. പാര എന്‍ തീസിസ് (parenthesis) - സ്വന്തം തീസിസ് ഗവേഷണക്കാര്‍ക്ക് പാരയാ‍യി വരുന്ന സുലഭ (ശരിതന്നെ “അ” ഇല്ല- സുലഭമായിത്തന്നെ ഉണ്ടാവും ആ മുഹൂര്‍ത്തം) മുഹൂര്‍ത്തം. ഒന്നും പറയേണ്ട. തീസിസ് ഡ്രാഫ്‌റ്റുണ്ടാക്കും. ഗൈഡ് കറക്ട് ചെയ്യും. ആ കറക്‍ഷന്‍ എല്ലാം കൂടി ഉള്‍പ്പെടുത്തി തീസിസ്-1 എന്നും പറഞ്ഞ് ഫയല്‍ സേവ് ചെയ്യും. അതിന്റെ പ്രിന്റൌട്ട് എടുത്ത് ഗൈഡിനു കൊടുക്കും. ഗൈഡ് അതും കറക്ട് ചെയ്യും. തീസിസ്-2 എന്നും പറഞ്ഞ് പുതിയ ഫയല്‍. അങ്ങിനെ ഏഴെട്ട് കറക്‍ക്ഷന്‍സ് ഒക്കെ കഴിഞ്ഞ് മൊത്തം ഫയലുകള്‍ ഒരു പരാന്തെസിസിനകത്തിട്ടാല്‍ (തീസിസ്, തീസിസ്-1, തീസിസ്-2 , തീസിസ്-3............. തീസിസ്-8) എന്നിങ്ങനെ മൈക്രോസോഫ്റ്റ് വേഡ് ഫയലുകള്‍ (ദേ സന്തോഷിനിട്ട് പിന്നെയും പാര) ഡെസ്‌ക് ടോപ്പില്‍ കിടക്കും. എല്ലാം കഴിഞ്ഞ് സബ്‌മിഷന്‍ ഡെഡ് ലൈനിന്റെ തലേദിവസം വെപ്രാളപ്പെട്ട് പ്രിന്റൌട്ട് എടുക്കും. പക്ഷേ വെപ്രാളം കാരണം, മിക്കവാറും എടുക്കുന്നത് തീസിസ്.doc ഫയലിന്റെയാവും. ലെവനെ കറക്ട് ചെയ്ത് കറക്ട് ചെയ്ത് തീസിസ്-8 ആയ കാര്യമൊക്കെ മറക്കും. നവീനരീതിയില്‍ ബയന്റൊക്കെ ചെയ്ത സാധനം ഗൈഡിന്റെ ഒപ്പ് വാങ്ങിക്കാന്‍ ചിരിച്ചുകൊണ്ട് വിനയാന്വിതനായി ഇടതു പരാന്തെസിസോ വലതു പരാന്തെസിസോ സ്റ്റൈലില്‍ വളഞ്ഞ് ഒടിഞ്ഞ് ഗൈഡിനെ കാണിക്കുമ്പോള്‍ “കൊള്ളാമല്ലോ സാധനം, എങ്ങിനെയുണ്ട് എന്നൊന്നു നോക്കട്ടെ” എന്നും പറഞ്ഞ് ഗൈഡ് മറിച്ചു മറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സപ്തവര്‍ണ്ണങ്ങളും വിരിഞ്ഞു വരികയാണെങ്കില്‍ നമുക്ക് പാര എന്‍ തീസിസ് പിടിച്ചൂ എന്നനുമാനിക്കാം. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഉത്ഭവിക്കുന്ന വിറവല്‍ ചെന്നവസാനിക്കുന്നത് നമ്മുടെ മെദുല്ലാ മണ്ണാങ്കട്ടയിലായിരിക്കും.

വേറൊരു തീസിസ് പാര, എല്ലാം ഭദ്രമായി, തീസിസ്-8 ന്റെ തന്നെ പ്രിന്റൊട്ട് എടുക്കാന്‍ മന്ദം മന്ദം കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ കമ്പ്യൂട്ടര്‍ അടിച്ചു പോകുന്നതാണ്. പാര തലവരയാണെങ്കില്‍ ബാക്ക് അപ്പ് ഉണ്ടാവില്ല. പാര തലയില്‍ വരച്ചിട്ടില്ലെങ്കില്‍ ബാക്ക് അപ്പും കാണും, കമ്പ്യൂട്ടര്‍ ഒട്ട് അടിച്ചു പോവുകയുമില്ല.

13. പാര ഡൈസ് (paradise)- ഒരുത്തനിട്ട് പാരവെച്ചുകഴിയുമ്പോള്‍ അനുഭവിക്കുന്ന സ്വര്‍ഗ്ഗീയ സുഖം. നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടായിരിക്കണം. പക്ഷേ ഹൈദരാബാദ് പാരഡൈസിലെ ബിരിയാണി, ബിരിയാണിക്കുട്ടിക്ക് മിക്കവാറും ഒരു പാരയാവുന്ന ലക്ഷണമാണ് കാണുന്നത്.

14. പാരാ ഡ് (parade) - പാരവെക്കുന്നവര്‍ അതിരാവിലെ ആരും കാണാതെ നടത്തുന്ന വ്യായാമം. പരേഡ് എന്നും വിളിക്കും, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ ദേശങ്ങളില്‍.

15. പാര ഡി - (parody) പാര പണിയുന്നവനിട്ട് കൊടുക്കുന്ന അടി. പാരകള്‍ സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ അടിയുറപ്പ്. പാരഡി പാടി പാര പണിയുന്നവരും ധാരാളമുണ്ടെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇലക്ഷന്‍ സമയത്ത് മാര്‍‌ക്ക് ലിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാര്‍ക്കിട്ട് വെക്കുന്ന പാരഡിപ്പാര- വോട്ടു തേടി വീട്ടിലെത്തും കോണ്‍‌ഗ്രസ്സിന്റെ വാക്കും പഴച്ചാക്കുമൊന്നാണോര്‍ത്തുകൊള്‍‌ക നാട്ടുകാരെ നിങ്ങള്‍ (ഒറിജിനല്‍ - മാങ്കുയിലേ, പൂങ്കുയിലേ തേടിവന്താ.... കരഗാട്ടക്കാരന്‍ പടം, പെരിയ രാജാ സംഗീതം. രാമരാജ് കനക നടികം. ദൂരദര്‍ശന്റെ രണ്ടാം ശനിയാഴ്‌ചാ രാവിലത്തെ പ്രാദേശികപ്പട സീരീസില്‍ കണ്ടത്).

16. പാര ഫിന്‍ (paraffin) - മെഴുകുപോലെ തെന്നിത്തെന്നി പോകുന്ന പാര. വെച്ചൂ എന്നു തന്നെ ഓര്‍ക്കും. പക്ഷേ തെന്നിപ്പോകും. ഭയങ്കര പാടാണ്.

17. പാര ഡോസ് (parados) -പാരയുടെ ഡോസ്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ. പാരകള്‍ക്ക് പാരഡോസ് പണിയുന്നവരുമുണ്ട്.

18. പാര പ്പെറ്റ് (parapet)- ചിലരുടെ പെറ്റ് പാര. അവര്‍ അതുതന്നെ പിന്നെയും പിന്നെയും പണിതുകൊണ്ടിരിക്കും, ആര്‍ക്കിട്ടെങ്കിലുമൊക്കെ.

19. പാരാ മാഗ്‌നെറ്റിക് (paramagnetic) - കാന്തം പോലെ ആകര്‍‌ഷിക്കുന്ന പാര. ചില പാവങ്ങളെ ഇത്തരം പാരകള്‍ വല്ലാതെ ആകര്‍ഷിക്കും, ഏതു സമയവും. അവര്‍ക്ക് എന്നും കട്ടപ്പാര.

20. പര ലെലോഗ്രാം (parallelogram) - തൂക്കിക്കൊടുക്കുന്ന പാര. അളന്നും തൂക്കിയും മാത്രമേ ഇക്കൂട്ടര്‍ പാരകള്‍ വെക്കാറുള്ളൂ. ഒരു കണ്ട്രോളൊക്കെയുണ്ട്. പക്ഷേ ഇത് കിട്ടിക്കഴിഞ്ഞാ‍ല്‍ പാരലെലോഗ്രാം പോലെ മേ കോ എന്നായിപ്പോകും. ബീഹാറില്‍ ഇത് ലല്ലുവിനിട്ട് റാബ്രിയുടെ അനിയന്മാര്‍ വെക്കുന്ന പാര ലല്ലൂ ഗ്രാം എന്നറിയപ്പെടുന്നു.

21. പാരാ മീറ്റര്‍ (parameter) - കിട്ടുന്ന പാരകള്‍ അളക്കാനുള്ള ഉപകരണം. വെക്കുന്ന പാരകള്‍ ഇതുകൊണ്ട് അളക്കാന്‍ പറ്റില്ല.

22. പാര നോയ്‌ഡ് (paranoid) - പ്രത്യേകിച്ച് പറയേണ്ടല്ലോ - പാര കിട്ടിയാല്‍ പിന്നെ നമുക്കൊക്കെ ഉണ്ടാകുന്ന അവസ്ഥ.

23. പാര സൈറ്റ് (parasite) - ഇത്തരക്കാരെ സൂക്ഷിക്കണം. സ്വന്തം ഓഫീസിനു വേണ്ടി ഒന്നും ചെയ്‌തില്ലെങ്കിലും മറ്റുള്ളവര്‍ക്കിട്ട് പാരവെക്കാന്‍ മാത്രമായി നടക്കുന്നവര്‍. ഇതിനെ പാരകള്‍ നടക്കുന്ന സൈറ്റുമായി ആള്‍ക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്.

24. പാര ക്വാറ്റ് (paraquat)- പാരകള്‍ക്കിട്ട് പെരുമാറാനുള്ള കീടനാശിനി. വിഷമാണ്. ഒരുമാതിരി പാരകളൊക്കെ ഇതില്‍ വീഴും. നെല്ലിന് മരുന്നടിക്കുന്ന ആ മെഷീന്‍ മതി.

25. പാരാ നോര്‍മല്‍ - ഇതും പ്രത്യേകിച്ച് പറയേണ്ട. പാരകള്‍ കിട്ടിക്കിട്ടി അവസാനം നോര്‍മല്‍ ആവാത്ത അവസ്ഥ. ഇത്തരക്കാര്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാവുകയും രൂപാ‌പടം‌പൂട്ട് (മണി-ചിത്ര-താഴ്) പടത്തിലെ ഗംഗ നാഗവല്ലി സ്റ്റൈലൊക്കെ ആകുമെന്നാണ് പാരാ സൈക്കോളജിക്കാര്‍ പറയുന്നത്.

26. പാര ലൈസ് (paralyze) - താങ്ങാനാവുന്നതിനും അപ്പുറം പാരകള്‍ ഒരുത്തനു കിട്ടിക്കഴിഞ്ഞാല്‍ അവന്‍ പാരലൈസ് ആയിപ്പോവും എന്നത് തികച്ചും സ്വാഭാവികം.

ഇനിയുമുണ്ട് പാരകള്‍. നമുക്ക് എന്തും പാരയാക്കാമെന്നുള്ളതാണ് പാരയുടെ ഒരു ബൂട്ടി. ഈ പാരപ്പോസ്റ്റ് വായിച്ച് ആരും പാരലൈസ് ആയില്ലെങ്കില്‍ ഞാന്‍ ധന്യനായി, പാരയായ്.

ഇതു മൊത്തം വായിച്ച് തലവേദനയെടുക്കുന്നവര്‍ ഒരു പാരാ സെറ്റാ മോള്‍ കഴിച്ച് കിടന്നുറങ്ങിയാല്‍ മതി (പാരാ സെറ്റാമോളിന് കടപ്പാട്, ഇത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആ ഗുളികയുടെ കാര്യം ഓര്‍മ്മ വന്ന എന്റെ അമ്മയ്ക്ക്!)

34 Comments:

  1. At Mon Jun 26, 07:20:00 PM 2006, Blogger ബിന്ദു said...

    ചെറിയൊരു പാരനോയിഡായിട്ടിരിക്കുകയല്ലേ?? എന്നാലും ഇത്രയും പദപരിചയമോ?
    സമ്മതിക്കണം. എവിടെ നിന്നാ ഡിഗ്രീ??
    :)

     
  2. At Mon Jun 26, 07:36:00 PM 2006, Blogger -B- said...

    ഈ വക്കാരിയെന്തോന്നാ അങ്ങു ജപ്പാനില്‍ പോയി ഗവേഷിച്ചു കൂട്ടുന്നെ എന്ന്‌ വര്‍ണ്ണ്യത്തിലാശങ്കയുള്ളവര്‍ ഇവിടെ പലരും ഉണ്ടയിരുന്നില്ലേ...??

    വക്കാരിയണ്ണന്റെ ഗവേഷണ വിഷയം ഏതെന്ന് ഇപ്പൊ ആര്‍ക്കെങ്കിലും എന്തെങ്കിലും ഡൌട്ട് ഉണ്ടോ???

     
  3. At Mon Jun 26, 07:39:00 PM 2006, Blogger aneel kumar said...

    This comment has been removed by a blog administrator.

     
  4. At Mon Jun 26, 07:40:00 PM 2006, Blogger aneel kumar said...

    ഇതൊക്കെക്കൂടി ജപ്പാനിയാക്കി ഒന്നു വലിച്ചുനീട്ടിയെടുത്താല്‍ വക്കാരീ... ഒരു പീച്‌ഡീ അവന്മാരെപ്പ തന്നൂന്നു ചോദിക്ക്.

    പാരവിശാരദപ്പട്ടത്തിനു പരിഗണിക്കപ്പെടാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ ദേവനെ ബോധിപ്പിക്കൂ, 24 മണിക്കൂറിനകം.

     
  5. At Mon Jun 26, 07:46:00 PM 2006, Blogger ഡാലി said...

    പാര വക്കാരി ആ പാരാ എന്‍ തെസിസ് കലക്കീട്ടൊ!!.. അപ്പോള്‍ ഫൈനല്‍ പ്രിന്റ്‌ എടുക്കുമ്പോള്‍ പേപ്പര്‍ ജാ‍ം ആകുനത് എന്തു പാരയാ.. ചിരിച്ചു.... പിന്നെ നെടുവെര്‍പ്പിട്ടു... ആ കാലഘട്ടം എല്ലാവര്‍ക്കും ഒരുപോലെ ആണല്ലെ?..

     
  6. At Mon Jun 26, 07:54:00 PM 2006, Blogger Kalesh Kumar said...

    ഗുരോ, പാര സായ്പ്പോളജിയുമായി പാരസൈക്കോളജിക്ക് വല്ല ബന്ധവുമുണ്ടോ?

     
  7. At Mon Jun 26, 07:56:00 PM 2006, Blogger Kalesh Kumar said...

    ഗുരോ, പാരായാന്‍ മരന്നു..
    പോസ്റ്റ് കിടിലം!

    പാരവിശാരദബിരുദം ആര്‍ക്കാ അനിലേട്ടാ കൊടുക്കാന്‍ പോണേ?

     
  8. At Mon Jun 26, 08:05:00 PM 2006, Blogger ഡാലി said...

    വക്കാരി ആ ഗവേഷണം എന്ന പോസ്റ്റ് കണ്ടില്ലായിരുന്നു. ഒന്നന്തരം...........പിന്നെ ഇനി ആരെങ്കിലും ഗവേഷണം എന്തിലാണ് എന്നു ചോദിച്ചാല്‍ പാറയാന്‍ ഇതാ....
    പെണുങളോട് വയസ്സു ചോദിക്കരുത്
    ആണുങളോട് ശമ്പളം ചോദിക്കരുത്
    ഗവേഷകരോട് ഗവേഷണം എന്തില്‍, അവിടെ വരെയായി, ഇതൊന്നും ചോദിക്കുകയേ അരുത്.
    ഞാനൊക്കെ ഇങനെ പരഞ്ഞാണേ രക്ഷപെടാറ്‌

     
  9. At Mon Jun 26, 08:12:00 PM 2006, Blogger കുറുമാന്‍ said...

    ഇന്നു കഷ്ടാഷ്ടമി ആയതിനാലും, പണിതിരക്കേറിയതുകാരണത്താലും, പരന്നിരുന്നു, പാര വായിച്ചു, ലോകൈക പാര കമന്റ് എഴുതാന്‍ കഴിഞ്ഞില്ല.

    എന്നിരുന്നാലും, പാര മൊത്തം പാര തന്നെ...

    ചിരിച്ചു ഒരുവഴിക്കായി വക്കാരീ.....

    ഇനിയും പാരകളെത്ര

     
  10. At Mon Jun 26, 09:59:00 PM 2006, Blogger സു | Su said...

    പാര പണിയരുത്. അത്രയേ എനിക്ക് പറയാനുള്ളൂ.

     
  11. At Mon Jun 26, 10:03:00 PM 2006, Anonymous Anonymous said...

    സമ്മതിച്ചിരിക്കുന്നു വക്കാരിചേട്ടാ‍..
    പാരമാണം....! :-)

     
  12. At Mon Jun 26, 10:34:00 PM 2006, Blogger aneel kumar said...

    പാരഗുരോ,
    ലീഗല്‍ പാരകളുമുണ്ടല്ലോ (paralegal)

     
  13. At Mon Jun 26, 10:48:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാരിയേ:
    ഈ പാരപ്പാര എന്ന പെരുമഴക്കാല ഡാന്‍സ്‌, മഴയത്തു കളിക്കുന്നതാണോ ? മെല്ലെപ്പറാ..മ്മടെ എം.ജയചന്ദ്രന്‍ കേട്ടാ, വക്കാരിയോട്‌ ജപ്പാനിലോട്ട്‌ വിസിറ്റ്‌ വിസാ ചോദിക്കും !!

    ചെറിയൊരു പാര സംഭാവന:
    "പാരട്ട" ..

    കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ, പരട്ട എന്നു, പെരട്ട, എന്നും വിളിച്ചു പോരാറുണ്ടെന്നാ കേള്‍വി ! ;) ! ( ഈ പരട്ട എന്ന വിളീക്ക്‌ ഇന്റന്‍സിറ്റി കൂടിയാണ്‌ പാരട്ടാാാാാാ....എന്നു ശാസ്ത്രം ! )

    സ്വന്തം ഇഡ്ഡലിവാള്‍ !

     
  14. At Mon Jun 26, 10:50:00 PM 2006, Blogger സ്നേഹിതന്‍ said...

    സര്‍വത്ര പരന്നൊഴുകുന്ന പാരകള്‍!
    ഗവേഷണം പാരയിലേയ്ക്കും പരന്നൊഴുകുകയാണൊ :)

     
  15. At Mon Jun 26, 11:35:00 PM 2006, Blogger ഷാജുദീന്‍ said...

    പാര റ്റ്. കാണുമ്പോള്‍ തത്ത പോലെ തോന്നും. പല തരം പാരകളെക്കുറിച്ച് തത്ത പറയുമ്പോലെ പറയും. പിന്നെ പറന്നു നടന്നു ഗവേഷണം നടത്തും.

     
  16. At Tue Jun 27, 12:13:00 AM 2006, Blogger ഉമേഷ്::Umesh said...

    ഇതെന്തു്? പന്തത്തില്‍ നിന്നു കൊളുത്തിയ വേറൊരു പന്തമോ?

    കലക്കിയെടാ പാരേ!

    എന്നാലും പാരയെപ്പറ്റി ഒരു ആധികാരികലേഖനം എഴുതാന്‍ വിചാരിച്ച ദേവനെ ഇങ്ങനെ സുന്ദരമായി പാരവെച്ചുകളഞ്ഞല്ലോ മഹാപാരേ...

    പണ്ടു ഞാന്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തവുമൊപ്പിച്ചു് ഒരു ശ്ലോകം എഴുതിയപ്പോള്‍ അതിന്റെ ഒരു വരിയുടച്ചെടുത്തതു് അടിച്ചുമാറ്റി എല്ലായിടത്തും കാണുന്ന ഒരു കാഴ്ചയുടെ ഒരു ചവറുപടവുമിട്ട്ടു കമന്റുകളുടെ രജതജൂബിലി ആഘോഷിച്ച ഒരു പോസ്റ്റ് ആക്കിയ പാര ഞാന്‍ ഇതുവരെ മറന്നിട്ടില്ല. എന്റെ ശ്ലോകത്തിനു കിട്ടിയ കമന്റുകളുടെ എണ്ണം (എന്റെയും വക്കാരിയുടെയും കമന്റുകളൊഴിച്ചുനിര്‍ത്തിയാല്‍) പൂജ്യം!

    സ്തുതിയായിരിക്കട്ടെയുടെ കമന്റ് കലക്കി. മഹാപാരേ, നീണാള്‍ വാഴ്ക, വാഴ്ക!

     
  17. At Tue Jun 27, 12:16:00 AM 2006, Blogger ഉമേഷ്::Umesh said...

    പാരലല്‍ ലൈന്‍സിനു് അങ്ങോട്ടുമിങ്ങോട്ടും അനന്തമായി പാരവെച്ചു കൊണ്ടു് ജീവിക്കുന്ന രണ്ടോ അതിലധികമോ പാരകളായി കാണുന്നതല്ലേ ഒന്നുകൂടി നല്ലതു്? മോഹന്‍‌ലാല്‍, ജഗതി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചില സിനിമകളില്‍ കാണിക്കുന്നതുപോലെ?

    വക്കാരിക്കു പറ്റിയ ഒരു വേര്‍ഡ്‌വേരിഫിക്കേഷന്‍: nanoei. വക്കാരി പറയുന്നു: “നാനോ ഈ ഐ?” ഈ ഞാന്‍ ഒരു നാനോയാണോ എന്നു വര്‍ണ്ണ്യത്തിലാശങ്ക എന്നര്‍ത്ഥം.

     
  18. At Tue Jun 27, 04:42:00 AM 2006, Blogger JK Vijayakumar said...

    ഈ 'പാര'ഗണ്‍ ചെരുപ്പ്‌ ഇക്കൂട്ടത്തില്‍പ്പെടുമോ?

     
  19. At Tue Jun 27, 06:20:00 AM 2006, Blogger Santhosh said...

    ഹും! എന്നെക്കൊണ്ട് മുതുകില്‍ ഗ്രാഫ് വരപ്പിക്കും, അല്ലേ, പാരേ? :)

     
  20. At Tue Jun 27, 06:32:00 AM 2006, Blogger Adithyan said...

    നമിച്ചു മസ്താനെ നമിച്ചു...

    ഉറവ വറ്റി എന്നൊക്കെ ഇനി പറഞ്ഞാല്‍... കമ്പിപ്പാരയ്ക്കു തലയ്ക്കടിയ്ക്കും... എന്തിന് ഉറവ... ഒരു തുള്ളി വെള്ളം കിട്ടിയാല്‍ അത് ഊതി ഊതി ഒരു സിന്‍റ്റക്സ് ടാങ്ക് നിറയ്ക്കാന്‍ മാത്രമാക്കുമല്ലോ...

    ആഡംബരം!!

     
  21. At Tue Jun 27, 08:52:00 AM 2006, Blogger prapra said...

    ഞാന്‍ ധന്യനായി, പാരപ്പാര ആയി. പാര സെറ്റ മോളെയും, മോനെയും കൂട്ടി ഇറങ്ങട്ടെ. ഭീകരം തന്നെ വക്കാരീ.

     
  22. At Tue Jun 27, 09:15:00 AM 2006, Blogger Visala Manaskan said...

    എന്തെല്ലാം ഏതെല്ലാം പാരകള്‍ ആണെന്നോ..
    സമ്മതിച്ചു വക്കാരി. തകര്‍ത്തു.

     
  23. At Tue Jun 27, 09:51:00 AM 2006, Blogger ഇടിവാള്‍ said...

    ഇപ്പക്കിട്ടിയത്‌..

    "പാരന്‍സ്‌" ( തന്തേം തള്ളേം..)

    രണ്ടുതലയുള്ളെ ( ഡബിള്‍ ഹെഡഡ്‌) ഈ സ്നേഹപ്പാരയുടെ മൂര്‍ച്ഛ, പിള്ളാരുടെ അലമ്പിന്റെ തോതനുസരിച്ച്‌ കൂടിയും കുറഞ്ഞുമിരിക്കും.

     
  24. At Tue Jun 27, 10:02:00 AM 2006, Blogger myexperimentsandme said...

    പാരപ്പോസ്റ്റിന്റെ പാരക്കമന്റുകള്‍ക്കുള്ള പാരനന്ദി പാരാകെ നിറയുന്ന തരത്തില്‍ പുറകേ പാരയാം (പറയാമെന്ന് മലയാളത്തില്‍). പക്ഷേ, ഇടിവാളിന്റെ പാര‌-ന്‍സിന് ഒരു കൈ ഉടനേ കൊടുത്തില്ലെങ്കില്‍ അതിന്റെ ചൂടു പോകും. അതു കലക്കി ഇഡ്ഡലിവാളേ..

    അതുപോലെ എനിക്കു മിസ്സായ ഒരു പാരയായിരുന്നു പാര-ഗണ്‍. ബാറ്റായെന്ന് ബൂര്‍ഷ്വാ (ശരിക്കുള്ള ഉച്ചാരണം ബോര്‍ജിയോഐസീ) കമ്പനിക്ക് നമ്മുടെ നാടന്‍ മലയാളി ചെരിപ്പിട്ടു കൊടുത്ത പാര. ലിബ്-ഇന്‍ഫോ-സ്പേസിനു പെരുത്ത നന്ദി.

    പാര-റ്റ്, പാരാ-ലീഗല്‍ (വക്കീല്‍ പാര) എന്നിവയ്ക്കും നന്ദി, സ്തുതിയായിരിക്കട്ടെ, പാരയായിരിക്കട്ടെയ്ക്കും അനില്‍‌ജിക്കും.

    ഒരു നന്ദിപ്പാര പുറകേ

     
  25. At Tue Jun 27, 10:23:00 AM 2006, Blogger ഇടിവാള്‍ said...

    വക്കാരിയേ: ഇനിയുമെന്തൊക്കെ പാരകള്‍ .... രണ്ടെണ്ണം കൂടി

    രണ്ടും ആരോഗ്യ ബന്ധിയാണേ...

    പാരാലിസിസ്‌: ആര്‍ക്കെങ്കിലും പാരവെച്ച്‌, മണ്ടക്കടി കിട്ടി തളര്‍ന്നിരിക്കുന്നതെന്തെന്നോ, അതു താന്‍ ഇത്‌.

    പാരപ്ലീജിയ: അടി മണ്ടക്കല്ല, നട്ടെല്ലിനാണൂ കിട്ടിയതെന്ന സിമ്പിള്‍ റീസണ്‍ മൂല,, നടുവും, അരക്കു താഴേയ്യും, ബലമില്ലാതായിപ്പോയ പാര !

    പാരഡൈം, പാരസോള്‍... ഇനിയും പാരവച്ചാ, വക്കാരിയെന്നെ ഓട്ടിക്കും:

     
  26. At Tue Jun 27, 10:23:00 AM 2006, Blogger ദേവന്‍ said...

    അപാരപാര.
    ഈ പാരാവാരം കണ്ട്‌ പാരവശ്യം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുന്നു എന്റെ വക്ക്‌പാരമഷ്ടാ. നീങ്ക താന്‍ സരിയാന ആള്‌.

    പാരഗ്രാഫുകള്‍ പലരും പാരയെക്കുറിച്ച്‌ എഴുതിക്കഴിഞ്ഞു. വക്കാരിക്കു വച്ചുതരാന്‍ എന്റെ കയ്യില്‍ ഇനി ഈ തേരാപ്പാരാ ഗൂഗിളില്‍ നടന്ന് ഒപ്പിച്ച ഈ പാര മാത്രം
    http://www.yellow.co.nz/sites/5505/images/Trevally.jpg

     
  27. At Tue Jun 27, 11:39:00 AM 2006, Anonymous Anonymous said...

    വക്കാര്യേ,, ജ്ജ്‌ ജപ്പാനില്‍ നിന്ന്‌ ഗവേഷണം നടത്തി മ്മടെ നാട്ടില്‍ക്ക്‌ വരണ്ടാ ട്ടാ. അവടെ ഒറ്റക്ക്‌ ഇരുന്നാലെ ഇത്തരം വാക്കുകള്‍ പോസ്റ്റുകളായി മ്മക്ക്‌ കിട്ട്‌ള്ളൂ...ജ്ജ്‌ മിട്ക്കനാ.-സു-(ഈ പാര എങന്ണ്ട്‌?)

     
  28. At Tue Jun 27, 04:16:00 PM 2006, Blogger Ajith Krishnanunni said...

    പാര പണിയരുത്‌.. വേണമെങ്കില്‍ ഒരെണ്ണം പുറത്തു കൊടുത്ത്‌ പണിയിപ്പിക്കാം..

     
  29. At Tue Jun 27, 06:26:00 PM 2006, Blogger myexperimentsandme said...

    പാരപ്പോസ്റ്റ് വായിക്കാന്‍ അ പാര മായ ക്ഷമ കാണിച്ച നിങ്ങള്‍ക്ക് അ പാര മായ നന്ദി. നമ്മുടെയെല്ലാവരുടേയും മനസ്സില്‍ അന്തര്‍ലീനമായ അന്തര്‍ധാരയുടെ ബഹിര്‍‌സ്ഫുരണമാണ് (ഇന്നു രാവിലെ കിട്ടിയതാ) ഈ പാരപ്പോസ്റ്റില്‍ നമ്മളെല്ലാവരും കാട്ടിയത്.

    ബിന്ദൂ- പദ പരിചയമോ. ഗൂഗിള്‍ പാരവെക്കാത്തിടത്തോളം പദത്തിനാണോ ബുദ്ധിമുട്ട്. പക്ഷേ ഒന്ന് വെരിഫൈ ചെയ്‌തില്ലെങ്കില്‍ സംഗതി പാരയാവും.

    ബിരിയാണിക്കുട്ടീ, പാരഡൈസ് പാരഡൈസ് എന്ന് വിളിച്ചുകൂവി അതിപ്പോള്‍ പാരയാവാന്‍ പോവുകയാണല്ലേ. ദേ അണ്ണന്മാരെല്ലാവരും കൂടി വരാന്‍ പ്ലാനിട്ടിരിക്കുകയാ. പാര്‍ ദ ബെസ്റ്റ്.

    കമന്റ് ഡിലീറ്റഡാണ്. അതുമൊരു പാരയാണോ ഇനി?

    അനില്‍‌ജീ, പാരവി ശാരദ പ്പട്ടം എങ്ങിനെയാ, പാരയാകുമോ? ദേവേട്ടനോട് ചോദിക്കാം. നിങ്ങള്‍ എനിക്കൊരു പാരയും നില്‍ക്കക്കള്ളിയും തരൂ, ഞാന്‍ പാരവെച്ചു കളിക്കാം എന്നല്ലേ ദേഹം പറഞ്ഞത്. വക്കീലന്മാരുടെ ആഗോളപ്പാരയായ ലീഗല്‍ പാരയെപ്പറ്റി പരാമര്‍ശിക്കാന്‍ മറന്നുപോയി. ഇനി ജലീലു വക്കീലെങ്ങാനും പാരവെക്കുമോ ആവോ :)

    ഡാലി അപ്പോള്‍ ഒരു ഗവേഷണപ്പാരയാണല്ലേ. പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ. പാരയാവില്ലാന്ന്. തുടങ്ങൂന്ന്. പേപ്പര്‍ ജാമാകുന്ന പാരകളൊക്കെ ഭേദം. പക്ഷേ എല്ലാം കഴിഞ്ഞ് മൊത്തം തീസിസിന്റെ ഒരൊറ്റ വാക്കിന്റെ ഒരൊറ്റ സ്പെല്ലിംഗ് മിസ്‌റ്റേക്ക് കറക്ട് ചെയ്യുമ്പോള്‍ തീസിസിന്റെ മൊത്തം മുന്നൂറു പേജും ഒന്ന് താഴോട്ടിരുന്ന് പേജുനമ്പരുകളെല്ലാം കുളമായി നാപ്പത്താറാ‍മത്തെ പേജിലെ പടം നാപ്പത്തെട്ടാം പേജിലോട്ട് ഒരൊറ്റ ചാട്ടം ചാടി എല്ലാം ആകപ്പാടെ കുളമായതറിയാതെ പ്രിന്റൌട്ട് എടുത്ത് ബൈന്‍ഡ് ചെയ്ത് ഗൈഡിനു മുന്‍പില്‍ ചേനവരച്ചു നില്‍ക്കുന്ന ആ സീനൊന്നോര്‍ത്തു നോക്കിക്കേ. അതാണ് ശരിപ്പാര. ഗവേഷണവിഷയം ചോദിക്കുമ്പോള്‍ മിണ്ടരുത് എന്നാണല്ലേ. അതു കൊള്ളാം.

    കലേഷ്‌ജീ, സായിപ്പന്മാര്‍ക്കിട്ട് സൈക്കിളേല്‍ വെച്ച് ചെയ്യുന്ന പാരയല്ലിയോ പാരാസൈക്കിളോളജി. ദേ കണ്ടില്ലേ, നമ്മുടെ ലക്ഷ്‌മീ മിറ്റല്‍ സായിപ്പണ്ണന്മാര്‍ക്കിട്ടൊക്കെ നല്ല ഒന്നാം ക്ലാസ്സ് പാര വെച്ചിരിക്കുന്നത്. കഴിവു വേണം. പക്ഷേ പറ്റും ന്നാ

    കുറുമയ്യാ, എന്നാലും ആ പാവം സാറ് ചുമ്മാ ഒരാ‍യിരം മണീസ് ചോദിച്ചപ്പോള്‍ വെച്ച പാര, അപാര പാരതന്നെ. അപാരം.

    ഇറു, ഇലു.. അ”പാര” കലക്കി. പാരപ്പാരപ്പാരഡൈസ് എന്നൊക്കെ വായിച്ചിട്ടേ ഉള്ളൂ, കണ്ടിട്ടില്ല. അതിരിക്കട്ടെ, ഇറുവും ജപ്പാനും തമ്മില്‍?

    സൂ, ഹേയ്,ഞാനത്തരക്കാരനല്ല. ഞാന്‍ പാരകള്‍ ആസ്വദിക്കുന്ന വെറും ഒരു പാരാസ്വാദകന്‍.

    യെല്‍‌ജീ, പാരമാണത്തിന് തിരിച്ചൊരു പാരമാണം. നന്ദി.

    ഇടിവാളേ, ഇടിവാളിന്റെ സംഭാവനകളാണ് ഈ പാരപ്പോസ്റ്റിന്റെ തിലകന്‍ കുറി. പാരട്ടയും, പാര ന്റ്സും പാരാ‍ലീസിസും (ലിസകളാല്‍ വരുന്ന പാരയെങ്ങാനുമാണോ) എല്ലാം തകര്‍ത്തു. ഇതൊന്നും കത്തിയില്ലാ എനിക്ക്.

    സ്നേഹിതാ, പണിയൊന്നും ചെയ്യേണ്ട സമയത്ത് ചെയ്യാതെ അവസാനം സമയം തീരാറാവുമ്പോള്‍ പണികളെല്ലാം കുന്നുകൂടി വട്ടായി എന്താണ് ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതെ ഇരിക്കുന്ന സമയത്ത് ഉത്ഭഗിക്കുന്ന അനര്‍ഗ്ഗള നിര്‍ഗ്ഗള നിര്‍ഗ്ഗുണ പരപ്പാരയാണല്ലോ ഈ പോസ്റ്റ്. നന്ദി കേട്ടോ.

    സ്തുതിയായിരിക്കട്ടെ, പാരയാവാതിരിക്കട്ടെ :), പാര റ്റ്, അതും ഓര്‍ത്തില്ല. പറന്നു നടന്ന് പാരവെക്കുന്നവന്‍. കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു.

    വഴിപോക്കാ, പോണവഴിയേ ഇതുവഴിയും കയറിയതിന് റൊമ്പ ടാങ്ക്സ്. വല്ലാത്തവനു പാരയും ആയുധമെന്നാണല്ലോ ...

    ഉമേഷ്‌ജി-ദേവേട്ടന്റെ പോസ്റ്റില്‍ ഞാന്‍ ക്വോട്ടണമെന്നു വെച്ചതൊക്കെ ഉമേഷ്‌ജി ക്വോട്ടിയതാണ് പാരപ്രചോദനം. പാരലല്‍ പാരയുടെ ആ നിര്‍വ്വചനമൊക്കെ ഉമേഷ്‌ജിയെപ്പോലുള്ള പാരായണവിശാരദര്‍ക്കു മാത്രം പറ്റിയത്. ഉമേഷ്‌ജിയുടെ ഛായഗ്രാഹകപൃഷ്ഠദര്‍ശനം നാട്ടില്‍ സൂപ്പര്‍ ഹിറ്റ്. ഇപ്പോള്‍ കല്ല്യാണഫോട്ടം പിടിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ അവിടുത്തെയൊക്കെ ഛായാഗ്രാഹകന്മാര്‍ പുറകില്‍ ഒന്നു തപ്പി നോക്കും ആദ്യം.

    ലിബ്ബിന്‍ഫോസ്പേസേ, നന്ദി. പാര-ഗണ്‍. ഒരിക്കലും മറക്കാന്‍ വയ്യാത്ത പാരയായിരുന്നു. നന്ദി കേട്ടോ.

    സന്തോഷ്‌ജീ, കണ്ടല്ലോ പാര. മോശക്കാരനല്ല :)

    ആദിത്യാ, ചുമ്മാ നമിക്കാതെ രണ്ട് പാരകളുമായി നമിക്കെന്ന് :)

    പ്രാപ്രാ‍, പാരാ സെറ്റാ മോളും മോനും. അതിഷ്ടപ്പെട്ടു.

    വിശാല്‍‌ജീ, നന്ദി. താങ്കള്‍ എത്ര പേര്‍ക്കാ പാരചോദനം കൊടുത്തിരിക്കുന്നത്. അതൊക്കെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ വെറും...

    ദേവേട്ടോ... എന്താ പറയേണ്ടത്. ആ പാരപ്പോസ്റ്റിനു മുന്‍‌പില്‍ നമിക്കുന്നു. അതിനിട്ടൊരു പാരവെക്കാന്‍ എന്നേക്കൊണ്ടിത്രയൊക്കെയല്ലേ പറ്റൂ. പക്ഷേ ശരിപ്പാര ശനിയണ്ണനായിരുന്നു. അണ്ണനായിരുന്നു ഹിന്റ് തന്നത്. പക്ഷേ, ആ മീനെങ്ങിനെ പാരയായി? പാരചേര്‍ത്ത വല്ല മീനുമാണോ?

    സുനില്‍‌ജീ, ഞാന്‍ ജന്മനാ ഒരു പാരയേയല്ല. പക്ഷേ സാഹചര്യങ്ങള്‍... അതൊത്തുവന്നാല്‍ മാത്രം...

    ശരിയാണ് അജിത്തേ, സ്വയം പാരകള്‍ പണിയരുതെന്നാണ്. ഇവിടെയിപ്പോള്‍ ബിരിയാണിക്കുട്ടി മാത്രമേ അങ്ങിനെയൊരു പാര പണിതിട്ടുള്ളൂ എന്ന് തോന്നുന്നു. അതെങ്ങിനെയുണ്ട് എന്നു നോക്കട്ടെ.

    അപ്പം എല്ലാവര്‍ക്കും ഒരുപാര നന്ദി.

     
  30. At Wed Jun 28, 10:25:00 AM 2006, Blogger മുല്ലപ്പൂ said...

    എന്തൊരു പാര..

    വക്കരീ ഗവേഷണം രക്തത്തില്‍ അലിഞ്ഞതു തന്നെ...

     
  31. At Thu Jun 29, 09:46:00 AM 2006, Blogger myexperimentsandme said...

    അവസാനം വന്ന രണ്ട് പാരവായനക്കാര്‍ക്കു മുന്‍പ് ഞാന്‍ ചെയ്‌ത വലിയ ഒരു പാരകത്തിന് (പാതകമെന്നും പറയാം) ഒരു പാരശ്ചിത്തം ചെയ്‌തോട്ടേ.

    ഈ പാരപ്പോസ്റ്റിന് കാരണക്കാരനായ ശനിയണ്ണന് ഒരു നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ മറന്നുപോയി. ശനിയണ്ണാ, ക്ഷമിക്കണം. നന്ദി, നന്ദി. നന്ദി. ശനിയണ്ണന്‍ ഇതൊരു പാരയാക്കിക്കൂടെ (പോസ്റ്റാക്കിക്കൂടേ എന്നും പാരയാം-പാരയാം എന്നും പറയാം എന്നും പാ‍രയാം) എന്നു ചോദിച്ചതില്‍‌നിന്നും പാരചോദനം ഉള്‍ക്കൊണ്ടാണ് ഞാനീ പോസ്റ്റ് ഇട്ടത്. നന്ദി ശനിയണ്ണാ, നന്ദി.

    ചക്കരയുമ്മേ, നന്ദി. കിടക്കാന്‍ ഒരു വീടും അതിനു ചുറ്റും കുറച്ചു പറമ്പും, പുട്ടു കഴിക്കാനുള്ള വകയുണ്ടാക്കാന്‍ ഒരു ജോലീം തമാശ പറഞ്ഞിരിക്കാന്‍ ഒരു കറങ്ങുന്ന കസേരേം കിടന്നുറങ്ങാന്‍ ഒരു സപ്രമഞ്ചക്കട്ടിലുമുണ്ടെങ്കില്‍ ഞാനെപ്പം വന്നൂ എന്ന് ചോദിച്ചാല്‍ മതി, നാട്ടിലേക്ക് (കമന്റുകള്‍ പാരയാവുന്നതെങ്ങിനെ... )

    മുല്ലപ്പൂവേ... ഗവേഷണം രക്തത്തില്‍ അലിഞ്ഞതൊന്നുമല്ലന്നേ, രക്തം പുരണ്ട ഗവേഷണമെന്നോ (കൈ മുറിഞ്ഞു)... നന്ദി കേട്ടോ.

     
  32. At Thu Jul 06, 01:53:00 AM 2006, Blogger ദേവന്‍ said...

    വക്കാര്‍ജീ
    ആ മീന്‍ Trevallyക്ക്‌ മലയാളത്തില്‍ പാര മീന്‍ എന്നാണു പേര്‍
    "ഫ്രൈ നെയ്മീന്‍ ഉണ്ട്‌, കരിമീന്‍ ഉണ്ട്‌ പാരയുണ്ട്‌. സാറിനു പാരവയ്ക്കട്ടോ?" എന്നു ഓട്ടല്‍ വിളമ്പുകാരന്‍ ചോദിച്ച്‌ കേട്ടിട്ടില്ലേ?

     
  33. At Sat Jul 15, 11:41:00 AM 2006, Blogger nalan::നളന്‍ said...

    സാറിനു പാരവയ്ക്കട്ടോ?"
    അയ്യോ !..
    വക്കാരീ നീ താന്‍ പാരഗുരു!.
    നീ പാരഗ്വൈയ്യില്‍ ജനിക്കേണ്ടവനായിരുന്നു!

     
  34. At Sat Jul 15, 03:39:00 PM 2006, Blogger myexperimentsandme said...

    പഴയ കാല പ്രതാപങ്ങളില്‍ കൂടി ഇടയ്ക്കിടയ്ക്ക് കണ്ണോടിച്ച് നെടുവീര്‍പ്പിടുന്ന കൂട്ടത്തില്‍ ഇവിടെയും വന്നു.. കമന്റുകള്‍ ഒന്നുകൂടി വായിച്ചു. നെടുവീര്‍പ്പ് ഒന്നുകൂടി ഇടാന്‍ തുടങ്ങിയപ്പോള്‍ ദേ കിടക്കുന്നു, രണ്ട് പുതിയ കമന്റ്.. ഒരു നിമിഷം എന്തൊക്കെയോ ഓര്‍ത്തുപോയി.. ഓര്‍ത്ത കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓര്‍ത്തു, അവര്‍ക്കൊരു നന്ദി പറയണമല്ലോ എന്ന്...

    ദേവേട്ടാ‍, സാറിനുള്ള പാരവെപ്പ് കലക്കി. ഈ മീനിന് ഞങ്ങളുടെ നാട്ടില്‍ എന്താണാവോ പറയുക.. ചോദിച്ചു നോക്കട്ടെ. പരല്‍ മീനാണോ? ആവാന്‍ വഴിയില്ല. പാരമീന്‍ എന്നു കേട്ടിട്ടില്ല.

    നളനണ്ണാ, സെക്കന്റ് കമിംഗിന് നേരത്തെ സ്വാഗതം പറഞ്ഞിരുന്നെങ്കിലും കുടിയില്‍ നിന്നും ഒന്നുകൂടി സ്വാഗതം. ശ്ശോ, പാരക്കാര്‍ മാത്രമുള്ള രാ‍ജ്യം, പാരാഗ്വെ.. ഓര്‍ത്തില്ല. അപ്പോള്‍ ഈ ലോകത്ത് എത്രയെത്ര പാരകള്‍... വെറുതെയല്ല ആള്‍ക്കാര്‍ക്കാര്‍ക്കും മനഃസമാധാനം ഇല്ലാത്തത്!

     

Post a Comment

<< Home