അത്യന്താധുനികൻ
ഞാനാര്....................
ആ ചോദ്യം അയാളെ വല്ലാതെ മഥിച്ചു. താനാര്?
കുറേ നാളുകളായി അയാൾ ആ ചോദ്യത്തിനുത്തരം കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ചോദിക്കുന്തോറും കൂടുതൽ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരുന്നു, ആ ചോദ്യം.
വിദേശരാജ്യത്തുനിന്നുള്ള പേരുകേട്ട ബിരുദവും പേരും പെരുമയുമൊക്കെയുണ്ടല്ലോ തനിക്ക്. ആവശ്യത്തിന് പണവും. ഇങ്ങിനെയൊക്കെയുള്ള ചോദ്യങ്ങൾക്കും അതിനുള്ള ഉത്തരം തേടലുകൾക്കും സാധാരണഗതിയിൽ ഒരു സ്ഥാനവും ഉണ്ടാകാൻ പാടില്ലാത്തതാണ്, തന്നേപ്പോലുള്ള ഒരാളുടെ ജീവിതത്തിൽ................... അയാളോർത്തു.
എന്നിട്ടും ആ ചോദ്യം അയാളെ വിടാതെ പിന്തുടർന്നു;
“ഞാനാര്......................?”
ഔദ്യോഗിക ജീവതത്തിനിടയ്ക്ക് പലരുടേയും ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തിട്ടുള്ളയാളാണല്ലോ താൻ....... എത്ര പേർക്ക് അതുമൂലം മനഃസമാധാനം കിട്ടി.......... എത്രയോ കുടുംബങ്ങൾ രക്ഷപെട്ടു....................
എന്നിട്ട് ഇപ്പോൾ അതേ ചോദ്യം തന്നോട് ചോദിച്ചപ്പോൾ...............
ആ ചോദ്യം തന്നെ വീണ്ടും വീണ്ടും വേട്ടയാടുകയാണല്ലോ........
ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് ജീവിതകാലം മുഴുവൻ അവശേഷിക്കുമോ............? അയാൾ അസ്വസ്ഥനായി.
യൂക്കാലിപിസ്റ്റ് മരങ്ങൾക്കിടയിൽക്കൂടി അയാൾ നടന്നു. തന്റെ സന്തത സഹചാരിയായ പൈപ്പും കടിച്ച് പിടിച്ച്...
പരിചിതരും അതിലേറെ അപരിചിതരുമായ ധാരാളം ആൾക്കാർ എതിരേ വരുന്നു... ചിലർ എന്തൊക്കെയോ ചോദിക്കുന്നു.... ചിലർ വണങ്ങുന്നു.....അയാൾ ആരേയും ശ്രദ്ധിച്ചില്ല... അയാൾക്ക് ഒരേയൊരു ചിന്ത മാത്രം...
.....................താനാര്?
ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയേ മതിയാകൂ................
കുറച്ചുനാളായി ജോലിയിലും അയാൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. മകളുണ്ട്. തന്റെ അതേ തൊഴിലിൽ പ്രാവീണ്യം നേടിയവൾ. തന്റെ പ്രസ്ഥാനം ഭാവിയിൽ കൊണ്ടുനടക്കാൻ അവൾക്ക് യോജിച്ച ഒരാളെ ഭർത്താവായും താൻ കണ്ടുവെച്ചിട്ടുണ്ട്. ഇതിൽ പരം എന്തു വേണം ഒരച്ഛന്? വ്യാകുലപ്പെടേണ്ട യാതൊരു കാര്യവുമില്ല. സ്വസ്ഥമായ ജീവിതം നയിക്കാവുന്ന എല്ലാ സാഹചര്യവും തനിക്കുണ്ടല്ലോ...........
എന്നിട്ടും എന്തേ.................? അയാളോർത്തു.
എവിടെനിന്നു ലഭിക്കും തനിക്കാ ഉത്തരം...............?
ആരു തരും.....................?
അയാൾ തിരിഞ്ഞു നടന്നു, വീട്ടിലേക്ക്. എന്തോ ഒരു വല്ലായ്ക പോലെ.
ഒന്നു വിശ്രമിക്കണം. എത്ര നാളായി നല്ലൊരുറക്കം കിട്ടിയിട്ട്. നന്നായൊന്നുറങ്ങിയാൽ തെല്ലൊരു ശമനം കിട്ടുമായിരുക്കും, തന്റെയീ അസ്വസ്ഥതകൾക്ക്.........
അയാൾ കൊട്ടാരസമാനമായ തന്റെ ബംഗ്ലാവിൽ മടങ്ങിയെത്തി.
യൂക്കാലിപിസ്റ്റ് മരങ്ങൾക്ക് നടുവിലുള്ള ഒരു മണിമന്ദിരം...
അയാൾ മുറിയിൽ കയറി വാതിലടച്ചു. എല്ലാം മറന്നുള്ള ഒരു ഉറക്കം അയാൾ ആഗ്രഹിച്ചു.
പെട്ടെന്ന് പൂമുഖത്തൊരു ശബ്ദം. അയാൾ വാതിൽ തുറന്നു..
പരിചയമുള്ള ഒരാൾ മുൻപിൽ. കൈയുള്ള ബനിയനും കള്ളിമുണ്ടും. മുണ്ട് നെഞ്ചിന്റെയൊപ്പം വരെ കയറ്റിയുടുത്തിരിക്കുന്നു.
എവിടെയോ കണ്ടിട്ടുണ്ടല്ലോ............... അയാൾ ചിന്താമഗ്നനായി..
ആഗതൻ എന്തൊക്കെയോ പറയുന്നു.......... ഒന്നും വ്യക്തമാവുന്നില്ല...
പെട്ടെന്ന്......... ആഗതൻ നെഞ്ചോട് കയറ്റിയുടുത്തിരുന്ന മുണ്ട് നെഞ്ചൊപ്പം മടക്കിക്കുത്തി ചുണ്ടുകൾ വക്രിച്ച് , ശരീരം പുറകോട്ട് വളച്ച് അയാളോടലറി. ആഗതന്റെ ഉറക്കയുള്ള ആ ചോദ്യം അയാളുടെ ചെവിയിൽ മുഴങ്ങി.............
“ഹല്ല, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ...................താനാരുവാ”
ഒരു നിമിഷം.................
എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥയിലായി അയാൾ............
അയാളുടെ ഹൃദയം സന്തോഷംകൊണ്ട് തുടിച്ചു.
വർഷങ്ങളായി താൻ തന്നോടുതന്നെ ചോദിച്ച ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു.
അയാൾ സന്തോഷംകൊണ്ട് മതിമറുന്നു. ശരീരത്തിന്റെ ഭാരം ആകപ്പാടെ കുറയുന്നപോലെ.
തന്റെ അന്വേഷണമിതാ അവസാനിച്ചിരിക്കുന്നു..........
അതെ, വർഷങ്ങളായി തന്റെ മനസ്സിനെ മഥിച്ച, തന്നെ അസ്വസ്ഥതയുടെ ഉത്തുംഗശൃംഗങ്ങളിലെത്തിച്ച, ആകാംഷയുടെ മുൾമുനയിലിരുത്തിയ ആ ചോദ്യത്തിനിതാ ഉത്തരം കിട്ടിയിരിക്കുന്നു.........
ഞാൻ................താളവട്ടത്തിലെ സോമൻ
ആഗതൻ............. താളവട്ടത്തിലെ ജഗതി.
ദ എന്റ്
24 Comments:
വക്കാരിയേ.. എന്നെക്കോണ്ട് കത്തി എടുപ്പിക്കരുത്.. ചെമ്പരത്തിപ്പൂ ആവശ്യത്തിനു സ്റ്റോക്കുണ്ട് കേട്ടാ?
അങ്ങോരോട് പോയി ആല്‍മരത്തിന്റെ ചോട്ടില്‍ ഇരിക്കാന്‍ പറ. പണ്ടൊരു പുള്ളി ഇതേ ചോദ്യം ചോദിച്ച് നടന്നിട്ട്, അവസാനം ഉത്തരം കിട്ടാന്‍ അതാ ചെയ്തേ.. വളരെ ഉപയോഗപ്രദഅവും പരീക്ഷിച്ച് വിജയിച്ചതും ആയ ചികിത്സാ മാര്‍ഗ്ഗം ആണ്‍..
അയ്യൊ അയ്യയ്യോ.... പ്രസ്ഥാനം, മകള്‍ എന്നൊക്കെ കണ്ട് ഞാന്‍ ആരെയൊക്കെയൊ വിചാരിച്ചല്ലോ.. അപ്പോ വക്കാരി അവിടെ ഇപ്പോള്‍ താളവട്ടമായോ???
ബിന്ദു
വക്കാരിക്കും വട്ടായോ?
കഠോപനിഷത്തിലാണെന്നു തോന്നുന്നു, “ഞാനാരു്” എന്ന ചോദ്യവുമായി നാടുനീളെ നടന്ന ഒരുവനെപ്പറ്റി പറയുന്നുണ്ടു്. ഇതൊരു പഴയ ചോദ്യമാണു വക്കാരീ. ആര്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടുമില്ല.
ശങ്കരാചാര്യര്‍ ഇത്ര വരെ എത്തി:
ന ഭൂമിര്‍, ന തോയം, ന തേജോ, ന വായുര്‍,
ന ഖം, നേന്ദ്രിയം, വാ ന തേഷാം സമൂഹഃ
അനേകാന്തികത്വാത് പ്രവൃത്യൈകസിദ്ധ-
സ്തദേകോऽവിശിഷ്ടഃ ശിവഃ പാര്‍വതോऽഹം
ച്ചാല്‍,
ഞാന്‍ ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുമല്ല, പഞ്ചേന്ദ്രിയങ്ങളുമല്ല, അവയൊക്കെ ചേര്‍ന്നുണ്ടാകുന്ന സാധനവുമല്ല. ഒരുപാടു് എന്തൊക്കെയോ ചെയ്തുകൂട്ടിയ പുണ്യപാപങ്ങളുടെ ഫലമായി കിട്ടിയ അതി വിശിഷ്ടമായ ശിവം (ബ്രഹ്മം, മായ, മോക്ഷം, ബൂലോഗം) ആണു ഞാന്‍.
(ദൈവത്തിനറിയാം ഇതാണോ അര്‍ത്ഥമെന്നു്? :-))
വല്ലോം മനസ്സിലായോ? വര്‍ണ്യത്തിലാശങ്ക ഇനിയും കൂടിക്കൂടി വരട്ടേ. :-)
ഒരു നല്ല വാക്കു് (word verification) അവസാനം കിട്ടി - hoova. എന്തോന്നു കൂവാ?
പ്രവൃത്യൈകസിദ്ധം അല്ല സുഷുപ്ത്യൈകസിദ്ധം ആണു്.
അപ്പോള്‍ ഞാന്‍ പറഞ്ഞ അര്‍ത്ഥം ആകെ കുളമായല്ലോ. “ഒരുപാടുറങ്ങിയുണര്‍ന്നു കിട്ടുന്ന സുഖമാണു ഞാന്‍” എന്നാണോ ഇനി? ഏതായാലും വക്കാരിക്കു പറ്റിയ ഡെഫനീഷന്‍ തന്നെ. ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ വക്കാരിയുടെ പ്രൊഫൈല്‍ ഒന്നു പോയി നോക്കിക്കേ.
ഉമേഷിന്റെ കമെന്റിന്റെ കൂടെ ഇത് കൂടി ഇരിക്കട്ടെ
നൈനം ഛിന്ദതി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ
(ഭഗവത് ഗീത)
അവനെ ആയുധങ്ങള്‍ മുറിക്കുന്നില്ല, അഗ്നി എരിയിക്കുന്നുമില്ല, ജലത്തിന് നനയ്ക്കാനോ, കാറ്റിന് ഉണക്കാനോ കഴിയുന്നില്ല..
എന്നാലും നല്ലോരു മനുഷ്യനായിരുന്നു വക്കാരി.. ഈ ഗതി വന്നല്ലോ :-)
കുഞ്ഞന്‍സേ,
“ശസ്ത്രാണി” (ശസ്ത്രങ്ങള്‍) ആയതുകൊണ്ടു് “ഛിന്ദന്തി“ എന്നു വേണം കേട്ടോ.
ഒരു കാര്യമുറപ്പാണ്. നാട്ടില്‍ പോയ വക്കാരിയല്ല തിരിച്ചു വന്നിരിക്കണതു.
ഒന്നുകില്‍ വക്കാരിയുടെ ഉറവ വറ്റി. പക്ഷേ നാട്ടില്‍ വേനലല്ലാരുന്നല്ലോ.
അപ്പോള്‍ പിന്നെ ആരോ നമ്മുടേ വക്കാരിയെ തട്ടി ക്കളഞ്ഞിട്ടു വക്കാരീടെ പാസ്പോറ്ട്ടും വീസായുമൊക്കെ അടിച്ചെടുത്തു വക്കാരിയെന്നെ പേരില്‍ എഴുതി നമ്മളെയൊക്കെ പറ്റിക്കുകയാണ്.
നല്ലോരു മനുഷ്യനാരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം ?
‘യൂക്കാലിപിസ്റ്റ് മരങ്ങൾക്കിടയിൽക്കൂടി അയാൾ നടന്നു. തന്റെ സന്തത സഹചാരിയായ പൈപ്പും കടിച്ച് പിടിച്ച്...‘
അവിടെപ്പിടിച്ചു മോനേ..
വക്കാരീ രസകരമായിട്ടുണ്ട്.
--
ഉമേഷ് ജിയും കുട്യേടത്തിയും പറഞ്ഞപോലെ, മോനേ ചക്കരേ..ഇതേപോലെത്ത ഉത്തരം വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒത്തിരി ചോദ്യങ്ങള്‍ മനസ്സില്‍ ഒന്നിനുപുറകേ പൊന്തിവരുന്നുണ്ടോ?
അതേയ്, നിങ്ങളെല്ലാവരുംകൂടി വക്കാര്യേ വെറുതെ വട്ടനാക്കല്ലെ കേട്ടോ.
ആരെന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടായി വക്കാരി.
ആധുനിക സാഹിത്യമെന്നും പറഞ്ഞ് അനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ ഓരോന്ന് എഴുതിപ്പിടിപ്പിക്കുന്നവരെ അസ്സലായിട്ട് കളിയാക്കിയിട്ടുണ്ട്.
നെഞ്ചോട് കയറ്റിയുടുത്തിരുന്ന മുണ്ട് നെഞ്ചൊപ്പം മടക്കിക്കുത്തി ചുണ്ടുകള്‍ വക്രിച്ച്, ശരീരം പുറകോട്ട് വളച്ച് “ഹല്ല, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. താനാരുവാ” എന്നു ചോദിക്കുന്ന ജഗതിയെ പിന്നേം കണ്ട് ഒരുപാട് ചിരിച്ചു.
വായിച്ചുതുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ക്ലൈമാക്‍സ് പ്രതീക്ഷിച്ചില്ല.....അവസാനഭാഗം ആദ്യം മനസ്സില്‍ കണ്ടാണ് എഴുതിയത് അല്ലേ...എന്തായാലും സാക്ഷിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു..
ആനവക്കാരേ,
ഇതു കേട്ടിട്ടില്ലേ തേന്‍ മാവിന്‍ കൊമ്പത്തില്‍ പപ്പു പറയുന്നത്?
താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്കണം "ഞാനാരാ?" എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞുതരും താനാരാണെന്ന്. എന്നിട്ടു ഞാനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോടു ചോദിക്കണം "താനാരാ?" എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു തരും ഞാനാരാണെന്ന്.
അതു പോട്ട്. അപ്പുറത്ത് ഒരു ബ്ലോഗ്ഗില്‍ നാടക ഡയലോഗ് കേള്‍ക്കുന്നില്ലേ?
"ഈ ലോകത്ത് ഒരു പെണ്ണും ഗര്‍ഭിണിയായി ജനിക്കുന്നില്ല അമ്മാവാ. നന്ദി കെട്ട ഈ സമൂഹമാണ് സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നത്" എന്നൊക്കെ. അങ്ങോട്ട് വാ നമുക്ക് നെടുങ്കന്‍ ഡയലോഗ് വിട്ട് ആര്‍മ്മാദിക്കാം. വക്കാരിപ്പാര്‍ട്ടിസിപ്പേഷന്‍ കുറവ് ഈയിടെയായി..
----------------------------------
“ഹല്ല, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ...................താനാരുവാ”
----------------------------------
തള്ളേ യീ ഡയഗോലു ക്യാട്ടപ്പഴേ കത്തി കേട്ടാ, ജഗതി.. ജഗതി..ജഗതി തന്നെ!
പിന്നെ, താനാരോ.. താനാരോ.. എന്ന് ചോദിച്ചപ്പോ എനിക്ക് ബരണികളും പാട്ടുകളുമൊക്കെ ഞാപഹം വരുതേ..ഞാപഹം വരുതേ..വക്കാരീ..
വക്കാരീ,
നിനക്ക് നമ്പര്‍ 36 കിട്ടിയോ.ഈശ്വരാ.. ഞാന്‍ അന്നേ പറഞ്ഞതാ ജപ്പാനില്‍ പോയി മലയാളം പറയരുതെന്ന്.
ഇത് കണ്ടപ്പം തൊട്ട് ഞാന്‍ ഓടുവാ ഈ നിലാവത്തെ കോഴിയുടെ പുറകേ ഒന്ന് കമന്റാന്‍! - പിടി തരുന്നില്ലാ! ഇപ്പഴേതായാലും കിട്ടീ!
പോസ്റ്റ് കസറി!
“ഏതോ ഒരു തുക്കിടിസായ്‌വിന് അരിവച്ചുകൊടുത്തെന്നും പറഞ്ഞ് ഒരു വിറകു കഷണോം കടിച്ചുപിടിച്ചുകൊണ്ടിരുന്നാല്‍ സായ്പ്പാകൂല്ല!“
ഈ ഡയലോഗൊക്കെ കൊളുത്തും മുന്‍പ് ജഗതി വണ്ടിക്കാരനോട് പറയുന്ന ഒരു ഡയലോഗില്ലേ? “ ഞാനേത് ഷേപ്പിലാണ് തിരികെ വരുന്നതെന്നറിയില്ല, ഏത് ഷേപ്പില്‍ വന്നാലുമെന്നെ തിരിച്ച് വീട്ടിലെത്തിക്കണം” എന്ന് - അതും സൂപ്പര്‍ ഹിറ്റായിരുന്നു!
വായിച്ചു ചിരിച്ചു വാക്കാരീ..:-))
പണ്ട് ജൂനിയര്‍ പിള്ളേര്‍ക്ക് ഞാന്‍ സ്വയം ഉണ്ടാക്കിയ സിനിമാ കഥ പറഞ്ഞു കൊടുക്കുമായിരുന്നു.
കറുത്ത കണ്ണട, കറുത്ത കോട്ട്, തിളങ്ങുന്ന ഷൂ..അരയില്‍ തോക്ക്.
ക്യാമറ അങ്ങനെ മുകളിലേക്ക് മെല്ലെ മെല്ലെ...
അവസാനം മുഖം എത്തുമ്പോള്‍.......
സ്മൈലിംഗ് പോസില്‍ മാമുക്കോയ.
അവന്മാര്‍ ശ്ശോ ഈ ഏട്ടന്റെ ഒരു കാര്യം എന്നും പറഞ്ഞു എഴുന്നേറ്റു പോകും.
കലേഷ്, ആ ഫുള്‍ ഡൈലോഗ് എവിടെ നിന്നെങ്കിലും കിട്ടിയാല്‍ ഒന്നു പോസ്റ്റ് ചെയ്യുമോ?
വിറകുകൊള്ളി കടിച്ചു പിടിക്കുന്നത് , കിലുക്കത്തില്‍ ഇന്നസെന്റ് തിലകനോടും പറയുന്നുണ്ട്.
ശരിയാ..വണ്ടിക്കാരനോട് പറയുന്നതും സൂപ്പര്‍.
ദൈവമേ..ഈ സായിപ്പന്മാരുടെ ഒക്കെ ഒരു ഭാഗ്യദോഷം!
ജഗതിയുടേയും മറ്റും ഏഴയലത്തു വരുമോ ആ ഡൂക്കിലി ജിം കാരീം, ആഡം സാന്‍ഡലറും, ബെന്‍ സ്റ്റില്ലറും, ബില്ലി ക്രിസ്റ്റലും മറ്റും മറ്റും.
ഓര്‍മ്മയുള്ളിടത്തോളം എഴുതാം:
ജ : അല്ല, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.. താനാരുവ്വാ? തുക്കിടി സായ്‌വോ? പണ്ടെങ്ങാണ്ടൊ ലണ്ടനില്‍ പോയി ഏതോ മണ്ടന്‍ സായിപ്പിനു അരി വെച്ചു കൊടുത്ത് കിട്ടിയ കാശ് കൊണ്ട് കൊട്ടാരം പോലൊരു വീടൊണ്ടാക്കി അതി പ്രാന്തന്‍മാരെ പട്ടാളചിട്ട പഠിപ്പിക്കുന്ന പന്ന റാസ്കല്‍സല്ലേടോ താന്‍?
ഹും.. ഹും.. ഞാനിന്നു കണ്ടു.. യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്ന രണ്ട് യുവ മിഥുനങ്ങള്‍..
സോ : അനാവശ്യം പറയരുത്..
ജ : ഹും.. അനാവശ്യമോ? അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും. തന്നേം തന്റെ മോളേം ഈ നാരായണന്‍ നാറ്റിച്ചില്ലെങ്കില്‍ താന്‍ തന്റെ പേര് തന്റെ പട്ടിക്കിട്ടോ..
വക്കാരി ഇതു ശരിക്കും അത്യന്താധുനികന്‍
അരവിന്ദന്‍ ഇക്കാലത്താണു സിനിമാ കഥ പറഞ്ഞു കൊടുത്തതെങ്കില്‍ കോടതിയില്‍ കേസു വന്നേന്നെ...
റാഗിങ് :-)
ജഗതി അടികൊണ്ട ശേഷം ഇറങ്ങിപ്പൊകുന്ന സീനാണു് എനിക്കിഷ്ടം ;) പൊതുവെ കൃശഗാത്രനായ ജഗതിയെയാണു് എനിക്കു പ്രിയം.
വട്ടായെ വട്ടായെ വക്കാരിക്കും വട്ടായെ, ഇനി ഈരാളി പുല്ലാണെ
വക്കാരി, നെല്ലിയ്കാ തളം... വേണ്ടാ, ഉമേഷന്മാഷ് എന്നെ ചീത്ത പറയും. എന്നെ ഇപ്പോ തന്നെ ഗാന്ധര്‍വനെ ചീത്ത പറഞ്ഞതിനു ചൂരല്‍ പെട തന്ന് നിര്‍ത്തിയിരിയ്കുവാ.
കണ്ണൂസ്‌ജീ നന്ദി. അത്ര തന്നെ ധാരാളം. ആവിശ്യം അനാവിശ്യം, അരിവയ്പ്പ്..പോരേ..;-)
പെരിങ്ങ്സ് :-)
മലയാള സിനിമയിലെ ക്ലാസ്സിക്ക് കോമഡി രംഗങ്ങളിലൊന്നായി ഇതിനെ ഞാന്‍ കരുതുന്നു.
പക്ഷേ നമ്പര്‍ വണ്‍- വെള്ളാനകളുടെ നാടിലെ പപ്പുവിന്റെ “താമരശ്ശേരി ചുരം” വര്‍ണ്ണന.
ഹോ! അതു കണ്ടാല്‍(എത്ര കണ്ടു! എന്നിട്ടും) ഇപ്പോഴും ഞാന്‍ തലകുത്തി ചിരിക്കും. മണിയന്‍പിള്ളയുടെ മുഖഭാവങ്ങളും, സൈക്കിളുമുന്തി പുറകേയോട്ടവും ക്ലാസ്സിക്. അവസാനം, ഇയ്യ് സുലൈമാനല്ല, ഹനുമാനാണ് എന്നു പറയുന്‍പോള്‍ രാജുവിന്റെ കമന്റും പപ്പുവിന്റെ മുഖഭാവവും..:-))
അതു പോലെ ഒരു വര്‍ണ്ണന വീണ്ടും പപ്പു നടത്തി. അതും ക്ലാസ്സിക്കാണ്. വരവേല്‍പ്പില്‍ ബസ്സു മറിഞ്ഞത് മുത്തശ്ശിയോട് പറയുന്നത്.
മുത്തശ്ശ്യേന്നു ഉറക്കെ വിളിച്ചതും കരിഞ്ഞ വാഴയില്‍ തട്ടി ബസ്സ് നിന്നതും..:-)
എന്തോ താളവട്ടമല്ലാതെ ജഗതിക്കു വേറെ അധികം ഇല്ല..ഉള്ളടക്കത്തിലെ കുതിരവിഴുങ്ങി കസറിയെങ്കിലും.
ഞാന്‍ ഏതെങ്കിലും വിട്ടുപോയോ വാക്കാരീ..ബൂലോഗരേ?
ഇപ്പോ പുതിയ സിനിമകളില്‍ ഇന്നസെന്റായാലും ജഗതിയായാലും, വെറുതെ കിടന്നു അലറുകയാണ്. ഇത്ര ഹൈ പിച്ചില്‍ സംസാരിക്കുന്നതെന്തിനെന്ന് അതിശയിച്ചു പോകുന്നു. ഡയലോഗ് പറയുന്നതില്‍ യാതൊരു മോഡുലേഷ/മോഡറേഷനുമില്ലാതെ. ആകെ ബഹളം.
ഒഗെന്‍കി ദെസ്സ് ക?
ആദ്യം ആ റോളില്‍ തിലകനെയാണു കണ്ടതു. പിന്നെ, യൂക്കാലി മരങ്ങള്‍ക്കിടയിലൂടെ പൈപ്പും പിടിച്ച്. മകള്‍ക്കു യോജിച്ചൊരു ഭര്‍ത്താവ്. അപ്പോള്‍ തിലകന്‍ ഔട്ട്. എന്റെര്‍ സോമന്‍.
പൂരിപ്പിച്ചേക്കാം
ജ : ഹും.. അനാവശ്യമോ? അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും. തന്നേം തന്റെ മോളേം ഈ നാരായണന്‍ നാറ്റിച്ചില്ലെങ്കില്‍ തന്റെ പേര് തന്റെ പട്ടിക്കിട്ട് താന്‍ തന്നെ വിളിച്ചോ..
വക്കാരീ കലക്കി
ഞാനാര്‍ എന്നതിന്‍ ഉത്തരം കിട്ടിയോ എന്ന സംശയം ബാക്കിയുണ്ടായിരുന്നു പോസ്റ്റ് വായിച്ചപ്പോള്‍.. കമന്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി, വക്കാരിക്ക് വയറു നിറച്ചു കിട്ടിയിട്ടുണ്ടെന്ന്!! :-)
Post a Comment
<< Home