Thursday, March 23, 2006

ആപ്പീസ് ഓഫ് പ്രോഫിറ്റ്

വാളെടുത്തവൻ വാളാലെ എന്നൊന്നും പറയാനില്ല, എങ്കിലും.......

പണ്ട് കുറേ എമ്പീയണ്ണന്മാർ ചോദ്യം ചോദിക്കാൻ കാശു വാങ്ങിച്ചപ്പോൾ നമ്മളെല്ലാവരും രോഷവും ആത്മരോഷവും കൊണ്ട് നാക്കുകടിച്ച് ആത്മനിർവൃതിയണഞ്ഞു.

“.....പന്നന്മാർ, വൃത്തികെട്ടവർ, നാണമില്ലാത്തവർ”

“ഇവന്മാർക്കൊക്കെ ഇപ്പം കിട്ടുന്ന കാശുപോരാഞ്ഞിട്ടാണോ ഈ പണിക്കും പോകുന്നത്” എന്നൊക്കെ നമ്മൾ നമ്മളോട് തന്നെ ചോദിച്ചു.

നമ്മളുടെ പത്രങ്ങളും കാശ് പിടിപ്പിക്കാനും പിടിക്കുന്നത് പിടിക്കാനും നടന്ന ചാനലണ്ണന്മാരും അവർ എത്രമാത്രം പന്നന്മാരാണെന്ന് നമ്മളെയെല്ലാവരേയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.

കാശു മേടിക്കാൻ മടികാണിച്ച കുറെ എമ്പീയണ്ണന്മാരെ ചാനലണ്ണന്മാർ പുറകേ നടന്ന് “വാങ്ങിക്കൂ സാർ, പൊന്നല്ലെ സാർ, പ്ലീസല്ലേ സാർ” എന്നൊക്കെ പറഞ്ഞ് പിടിച്ചേൽ‌പ്പിച്ചു.

ചിലരുടെ അടുത്ത് ചെന്ന് “ഏസ് കിസ്സ് മീ, ഒരഞ്ഞൂറിന്റെ ചേയ്ഞ്ചുണ്ടോ?” എന്ന് ചോദിച്ച് അഞ്ഞൂറ് കൈയിൽ കൊടുക്കുന്നതിന്റെ പടം പിടിച്ചു (ചേയ്ഞ്ച് കൊടുക്കുന്നതിന്റെയെടുത്തില്ല).

ആ‍ത്മരോഷം രോഷത്തോടെ കൊണ്ട സ്പീക്കർ സാർ പ്രതിഭാഗത്തിന് പറയാനുള്ളതൊന്നും കേൾക്കുക പോലും ചെയ്യാതെ അണ്ണന്മാരെയെല്ലാം ഇറക്കി വിട്ടു- മേലാലിങ്ങോട്ട് കയറിപ്പോകരുതെന്നും പറഞ്ഞ്.

ഉദാത്തമായ ധാർമ്മികത എന്നൊക്കെ പറഞ്ഞ് നമ്മൾ അടുത്ത കാര്യത്തിലേക്ക് കടന്നു.

ഇപ്പോളോ......

അന്ന് ചൂരവടിയെടുത്ത് നാലുപെട പെടച്ച് അണ്ണന്മാരെ ഇറക്കിവിട്ട സ്പീക്കർ സാറു പോലും വേറേ വഴിയിൽ കാശുണ്ടാക്കുന്നുണ്ടത്രേ.....

“ഓ അതും ഇതും തമ്മിൽ താരതമ്യപ്പെടുത്താനേ പറ്റില്ല. അത് കാശ് വാങ്ങിക്കൽ, ഇത്....”

ആ പോരട്ടേ............. ഇത്?

“ഓ അത് ആരും കാണാതെ വാങ്ങിച്ചത്. ചോദ്യം ചോദിക്കാൻ വാങ്ങിച്ചത്. ഇതങ്ങിനെയാണോ?”

“ഇത് പിന്നെ എങ്ങിനെയാണെന്നാ?”

“പക്ഷേ ആ അണ്ണന്മാർ അന്ന് ചെയ്തത് നിയമലംഘനം. കൈക്കുലി. വ്യക്തമായി പറഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത കാര്യം”.

ഈ അണ്ണന്മാർ ചെയ്തതോ? നിയമലംഘനമല്ലേ? ചെയ്തോളാൻ പറഞ്ഞതാണോ ചെയ്തത്?”

നമ്മളൊക്കെ എങ്ങിനെ ജീവിക്കണം എന്നുള്ള നിയമമുണ്ടാക്കാനുള്ള സഭയിലിരുന്ന് നമ്മളൊക്കെ എങ്ങിനെ ജീവിക്കണമെന്ന നിയമം ഉണ്ടാക്കാൻ വേണ്ടിയുള്ളവരാണ് ഈ അണ്ണന്മാർ. അവർക്കെന്താ നിയമമെന്തെന്ന് അറിയില്ലേ? എമ്പീ ആയിരിക്കുമ്പോൾ വേറേ വഴിയിൽ കാശ് വാങ്ങിക്കരുതെന്ന് ഇവർക്കെന്താ അറിയില്ലായിരുന്നോ? അറിയില്ലെങ്കിൽ പിന്നെ അവരെന്തിനാ അവിടിരിക്കുന്നതെന്ന് തോമാച്ചനോ അവറാച്ചനോ ചോദിച്ചാൽ...................?

അന്ന് ചൂരവടിയെടുത്ത് ആരും കാണാതെ കാശുവാങ്ങിച്ചവരെ പുറത്താക്കിയ സ്പീക്കർ സാറും സാറു ചെയ്തത് വളരെ ശരിയെന്ന് പറഞ്ഞ പല അണ്ണന്മാരും എല്ലാവരും കാൺകെ വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. പാവങ്ങൾ, അവർക്കറിയില്ലായിരുന്നു അത് പാപമാണെന്ന്.

“ഹൊന്ന് ചോദിച്ചോട്ടേ പോലീസുകാരാ.... ഈ അണ്ണന്മാർക്കൊക്കെ ഇപ്പം കിട്ടുന്നത് പോരാഞ്ഞിട്ടാണോ അപ്പീസോഫ് പ്രോഫിറ്റിലും കൈയിടുന്നത്?”

“ഓ... അത് ഇവിടെ ചോദിക്കാനുള്ളതല്ല; ക്യാമറയിൽ കാശുവാങ്ങിയ അണ്ണന്മാരോട് ചോദിക്കാനുള്ളതല്ലേ? നമ്മൽ ആൾ‌റെഡി ചോദിച്ചല്ലോ”

നല്ല ആദായമുള്ള പണിയായതുകൊണ്ട് അഞ്ഞൂറ്റി നാല്പതു പേരിൽ ആർക്കും വലിയ പരാതിയൊന്നുമില്ലായിരുന്നു ഇത്രയും കാലം; ഇടയ്ക്കാരോ സ്വല്പം അതിബുദ്ധി കാണിക്കാൻ പോകുന്നതു വരെ.

പക്ഷേ മറഞ്ഞിരുന്ന് നിയമലംഘനം കാണിച്ച് അത് ക്യാമറയ്ക്കകത്താക്കി വിറ്റ് കാശാക്കിയാൽ സംഗതി സെൻസേഷൻ; ആഘോഷം.

എല്ലാവരും കാൺകെ നിയമലംഘനം നടത്തിയാൽ കൂടിവന്നാൽ കസേരയിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂറൊന്ന് മാറിയിരിക്കും. പിന്നെ അനുയായികളും കൂട്ടുകാരും ചേർന്ന് ആർക്കും മനസ്സിലാകാത്ത രീതിയിൽ കുറേ ന്യായീകരണങ്ങളും തരും. കൂളായി തിരിച്ചുവരാമെന്നുള്ളവരൊക്കെ രാജിവെക്കും. സ്വല്പം സംശയമുള്ളവരൊക്കെ എന്തുവന്നാലും പുല്ലെന്ന് പറയും.

ഇതിനിടയ്ക്ക് വെപ്രാളപ്പെട്ട് കുറേ കോപ്രായങ്ങളും ത്യാഗക്കളിയുമൊക്കെ കാണിക്കും... ഷോ തീരുന്നതിനു മുൻപ് തീയറ്റർ പൂട്ടുന്നതുപോലൊക്കെ.

നമ്മളിതൊക്കെ കണ്ടുകൊണ്ടിരിക്കും. പിന്നെ അടുത്ത പണി നോക്കും. പോയിക്കിടന്നുറങ്ങും.

ഹല്ല പിന്നെ.

3 Comments:

  1. At Thu Mar 23, 11:33:00 PM 2006, Blogger Santhosh said...

    ഈ കരണം മറിച്ചില്‍ കാണാന്‍ ദൂരെങ്ങും പോകേണ്ട വക്കാരീ... അച്ചുമാമനും ഒതുക്കായി‍ വിജയനും പ്രസംഗിച്ചു നടന്നതെന്ത്, സ്വന്തം ജീവിതത്തില്‍ ചെയ്തതെന്ത്? (മക്കളൊക്കെ ഏത് ദിശയിലെത്തി എന്നൊന്നന്വേഷിക്കുക.)

    സസ്നേഹം,
    സന്തോഷ്

     
  2. At Sat Mar 25, 02:55:00 AM 2006, Blogger evuraan said...

    സ്പീക്കര്‍ --

    ഇങ്ങേരു തന്നല്ലാരുന്നോ കഴിഞ്ഞയാഴ്ചയിലോ മറ്റോ നമ്മുടെ വയലാര്‍‌ രവിയെ പിടിച്ചിരുത്തിയത്?

     
  3. At Sat Mar 25, 09:43:00 PM 2006, Blogger myexperimentsandme said...

    തന്നെ തന്നെ.... സ്പീക്കർ സാർ ഇന്ന് ഒരു വമ്പൻ ന്യായീകരണവും പറഞ്ഞിരിക്കുന്നു; എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ബേരാമ്പൂരിലെ ജനങ്ങളാ... പിന്നെ എന്നെ ഏകകണ്ഠമായാണ് സ്പീക്കറായും തിരഞ്ഞെടുത്തിരിക്കുന്നത്. കടിച്ചുതൂങ്ങിയിരിക്കാൻ തനിക്കിത്രയൊക്കെ മതിയെന്ന്... പാവം.

    ഇങ്ങിനെയുള്ളവരൊക്കെ ഇങ്ങിനെയൊക്കെയുള്ളതിന് എല്ലാ രീതിയിലും അതീതരായിരിക്കണമെന്ന് പറഞ്ഞ് അമ്പാനിച്ചേട്ടൻ ഇന്ന് പെട്ടിമടക്കി. അമ്പാനിച്ചേട്ടനതു പറയാം. പത്തുരണ്ടായിരം കോടിയല്ലിയോ പോക്കറ്റിൽ കിടക്കുന്നത്. അതുപോലാണോ ബാക്കിയുള്ളവർ.

    ആദർശമൊക്കെ പ്രസംഗിക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഉദ്‌ബോധിപ്പിക്കാനും പിന്നെ മറ്റുള്ളവരാരെങ്കിലും അങ്ങിനെയല്ലെങ്കിൽ അയ്യേ എന്നു പറയാനും. സ്വന്തം കാര്യം വരുമ്പോൾ....

     

Post a Comment

<< Home