ലീവാപ്ലിക്കേഷൻ
നാട്ടുകാരേ, ബ്ലോഗുകാരേ...
ഒരുമാസത്തെ ലീവ് വേണമായിരുന്നു...
നാട്ടിലോട്ടൊന്നു പോകണം...
വീട്ടിൽ ചെന്നിട്ട് സുഖമായി കിടന്നൊന്നുറങ്ങണം...
രാവിലെ ഒരു ഒമ്പതൊമ്പതരയാകുമ്പോൾ എഴുന്നേറ്റ് പല്ലുതേച്ച് കുളികഴിഞ്ഞ് കൂമൻപള്ളിയിലെ തൊടിപോലത്തെ പറമ്പിൽ മാവിന്റെ തണലിൽ, അരിച്ചിറങ്ങുന്ന ഇളംവെയിലും കൊണ്ട് കുറേനേരം നിൽക്കണം...
അതുകഴിഞ്ഞ് വരാന്തയിലിരുന്ന് ഒരു ചൂട് ചായയും കുടിച്ച് പത്രമൊക്കെ ഒന്ന് വായിക്കണം...
പിന്നെ അടുക്കളയിൽ ചെന്ന് നല്ല ഒന്നാംതരം സോഫ്റ്റ് പുട്ട്, തേങ്ങാക്കൊത്തും ചുവന്നമുളകും കറിവേപ്പിലയുമൊക്കെ ഇട്ടുണ്ടാക്കിയ കൊഴുത്തിരിക്കുന്ന കടലക്കറിയും കൂട്ടി കുഴച്ചടിക്കണം... നല്ല എരിവ് തോന്നുമ്പോൾ മധുരം കുറച്ച് കൂട്ടിയുണ്ടാക്കിയ ആ ചൂടു ചായയും കുടിക്കണം....ശൂ ശൂന്ന് വെക്കണം, ചൂടു ചായ കുടിച്ചിട്ട്... പിന്നെയും അടിക്കണം, പുട്ടും കടലയും...
അത് കഴിഞ്ഞ് കുറേനേരം കിടന്നുറങ്ങണം...
ഒരു പന്ത്രണ്ട് മണിയാകുമ്പോൾ എഴുന്നേറ്റ് മുഖമൊക്കെ കഴുകി കുറച്ചു നേരം ടി.വിയുടെ മുൻപിലിരിക്കണം.
ഒരു പന്ത്രാണ്ടേമുക്കാലാകുമ്പോൾ അടുക്കളയിലേക്ക് ചെല്ലണം.. നല്ല ചൂട് കുത്തരിച്ചോറും മോരു കറിയും പപ്പടവും കൂടി കുഴച്ച് ചോറുണ്ണണം.വാഴച്ചുണ്ടിന്റെ തോരനും കൂട്ടിയടിക്കണം.. നാരങ്ങാ അച്ചാറും തൊട്ടുകൂട്ടണം.. അത് കഴിഞ്ഞ് അടുത്ത ട്രിപ്പ് ചോറ് വാങ്ങിച്ച് നല്ല കൊഴുത്തിരിക്കുന്ന തൈരും ഇട്ടിളക്കി നാരങ്ങാ അച്ചാറും കൂട്ടി വലിയ ഉരുളയുരുളകളാക്കി തിന്നണം..
അത് കഴിഞ്ഞ് സുഖമായി നാലുമണിവരെ കിടന്നുറങ്ങണം...
എഴുന്നേറ്റ് മുഖം കഴുകി അമ്മ കൊണ്ടുത്തരുന്ന ചൂടു ചായയും കുടിച്ച് എടനയിലയിൽ വേവിച്ചുണ്ടാക്കിയ ചക്കയടയും തിന്ന് പത്രം വായിച്ചങ്ങിനെ ഇരിക്കണം...
വൈകുന്നേരം ഇറങ്ങണം, കൂട്ടുകാരേ കാണണം...
രാത്രി വന്ന് നല്ല ചൂട് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും കൂട്ടണം. ഉപ്പ് പാകത്തിനിടണം... നല്ല ചൂട് കഞ്ഞിവെള്ളം കുടിക്കണം... മൂടിപ്പുതച്ച് കിടന്നുറങ്ങണം....
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് പല്ലു തേച്ച് നല്ല ചൂട് ചായയും പതുപതാന്നിരിക്കുന്ന പത്തിരുപത് ഇഡ്ഡലിയും അടിക്കണം. ആദ്യത്തെ ഇഡ്ഡലി പൊട്ടിച്ച് വറ്റൽ മുളകിട്ടുണ്ടാക്കിയ തേങ്ങാച്ചമ്മന്തിയിൽ മുക്കിത്തിന്നണം. പിന്നത്തെ ഇഡ്ഡലികൾ ചമ്മന്തിയുമിട്ട് കുഴച്ച് ഉരുട്ടിയുരുട്ടിയടിക്കണം. അത് കഴിഞ്ഞ് നല്ല പുഴുങ്ങിയ രണ്ട് ഏത്തപ്പഴം അടിക്കണം....
ഉച്ചയ്ക്കൊരു ഉഗ്രൻ സദ്യ എവിടെയെങ്കിലും തരപ്പെടുത്തണം.... ദാ ഇങ്ങിനെ കഴിക്കണം.. (നേരത്തേ പറഞ്ഞതാ, സദ്യയല്ലേ, മടുക്കുമോ)
ആ തൂശനിലയൊക്കെ വിരിച്ചിട്ട്, കുറച്ച് വെള്ളം തളിച്ച് അവനെ ഒന്ന് വെടിപ്പാക്കി, ഇടതുവശത്ത് താഴെയായി ഒരു സൊയമ്പൻ പൂവമ്പഴവും രണ്ട് ചക്കരവരട്ടിയും, കായയുപ്പേരിയും, മുകളിൽ നാരങ്ങാ-മാങ്ങാ അച്ചാറുകളും, പിന്നെ കൂട്ടുകറിയും, ഓലനും, കിച്ചടിയും, അവിയലും, തോരനും, പച്ചടിയും, അതുകഴിഞ്ഞ് നല്ല ചൂടുള്ള ചോറു വരുന്നവരെ ആ ഉപ്പേരിയൊക്കെ കടിച്ചു തിന്ന്, നല്ല ചൂടു ചോറു വരുമ്പോൾ അവനെ പരിപ്പും നെയ്യും പപ്പടവും ഒരു നുള്ള് ഉപ്പുമിട്ട് കൈകൊണ്ട് കുഴച്ച് ഉരുളയുരുളയാക്കി വായ്ക്കകത്തേക്കിട്ടിട്ട് ചൂണ്ടുവിരലുകൊണ്ട് ആ അച്ചാറിത്തിരി നക്കി, പുറകേവരുന്ന് സാമ്പാറിനുവേണ്ടി ചോറ് കുറച്ചുകൂടി മേടിച്ച്, സാമ്പാറും ചോറും കുഴച്ചടിച്ച്, തോരനും കൂട്ടി, എരിവു പോകാൻ പച്ചടിയുമടിച്ച്, കൂട്ടുകറിയൊന്നു നക്കി, പുറകേ വരുന്ന കാളനുവേണ്ടി അക്ഷമനായി കാത്തിരുന്ന്, കാളൻ വന്നുകഴിയുമ്പോൾ അവനും അവിയലും തോരനും പപ്പടവും കൂടി ചേർത്തടിച്ച്, അച്ചാറൊന്നുകൂടി നക്കി, കിച്ചടിയും കൂട്ടി, ശർക്കരയടയ്ക്കുവേണ്ടി പാൽപ്പായസം ഒരു തവി മാത്രമാക്കി, അവനെ ഇലയിലോട്ടോഴിച്ചിട്ട് കൈകൊണ്ട് കുടിച്ച്, ചെകിടിപ്പു മാറ്റാൻ കുറച്ചച്ചാറും നക്കി, ചൂടുള്ള ശർക്കരയടപ്രഥമൻ കൈകൊണ്ടിങ്ങിനെ കോരിക്കുടിച്ച്, കുറച്ചുകൂടി അച്ചാറു നക്കി, ലാസ്റ്റ് കുറച്ച് ചോറ് വാങ്ങിച്ച്, നാരങ്ങായിലയും, കറിവേപ്പിലയും, കാന്താരിമുളകുമൊക്കെയിട്ട ആ സൊയമ്പൻ സംഭാരവും കൂട്ടി, പൂവൻ പഴവും കഴിച്ച് നന്നായൊന്ന് ഏമ്പക്കവും വിട്ട് എല മടക്കി വെള്ളം കുടിച്ച് ആ ഗ്ലാസ്സ് അതിനു മുകളിൽ വെച്ച് എഴുന്നേറ്റുപോകണം...
സദ്യകഴിഞ്ഞ് വന്ന് സുഖമായൊന്നുറങ്ങണം..
വൈകുന്നേരം കായവറുത്തതും കട്ടൻ കാപ്പിയും...
രാത്രിയിൽ കണ്ണിമാങ്ങാ അച്ചാറും തൈരും ചുട്ടരച്ച ചമ്മന്തിയും....
അടുത്ത ദിവസം പാവയ്ക്കാ തോരനും മോരുകറിയും....
കൂർക്ക മെഴുക്കുവരട്ടിയും തീയലും തൈരും...
പരിപ്പും നെയ്യും പപ്പടവും കൂട്ടിനച്ചാറും.......
ഇതിനിടയ്ക്ക് സമയം കിട്ടുകയാണെങ്കിൽ ബ്ലോഗും....
32 Comments:
സ്വപ്നം കണ്ട് എണീറ്റതല്ലേ, ഒന്നു മുഖം കഴുകി വന്നിട്ടെ എന്നെ ഒന്നു വിളിക്ക് വക്കാരി...
(ദേവാ.. ആ കലോറി കണക്കൊന്ന് കൂട്ടിയ്കേ.... വക്കാരിയ്കു തിരിച്ചു വരാൻ 3 സീറ്റ് ബുക്ക് ചെയ്യണോന്ന് അറിയാനാ...)
ഇതു വായിച്ച് മുഴുപ്പിരാന്തായി ഞാൻ ലീവിന് അപേക്ഷിച്ചു വക്കാരിയേ..
കിട്ടിയാൽ ജനുവരി അവസ്സാനം തുടങ്ങി ഒരു 15 ദിവസമെൻകിലും നാട്ടിൽ.. ഈ പറഞ്ഞതെല്ലാം ചെയ്യണം (നെയ്യൊഴിച്ച്). ഇല്ലെൻകിൽ ജീവിതമെന്നു പറയുന്ന പണ്ടാരത്തിനു ഒരർത്ഥവുമില്ലാതെ പോകും :(
എന്തരു വിവരണം.. അലക്സ് വള്ളക്കാലിൽ നെഹ്രു ട്രോഫി വള്ളംകളിക്ക് കമന്ററി പറയുന്നപോലെ.
കലോറിക്കണക്ക് കൂട്ടിക്കൂട്ടി സായിപ്പ് തീരാരോഗിയായി അതുല്യോ.. അളന്നു തൂക്കി തിന്നാൻ ആരു വിചാരിച്ചാലും നടക്കില്ല.. അതല്ലേ ബ്രഹ്മശ്രീ ഡോവുഗൾ പറയുന്നത്
ഫാറ്റ് കോൺസന്റ്രേറ്റ് ഒഴിവാക്കൂ.. പാൽ, മാംസം പട്ട, മുട്ട, എണ്ണ, വെണ്ണ& പഞ്ചസ്സാര ഒക്കെ വല്ലപ്പോഴും..
എന്നിട്ടു മൂക്കു മുട്ടുന്നതുവരേ ഭക്ഷണം കഴിക്കു ഒരു നേരം.. ബ്രേക്കും ഫാസ്റ്റ് ചെയ്യു.. ഡിന്നറു മാത്രം ലൈറ്റ് ആയി.. പറ്റുമെൻകിൽ പഴങ്ങൾ.
പയ്യെയുണ്ടാൽ ഒരു നൂറ്റാണ്ട് സദ്യ ഉണ്ണാം
പൊന്നു പ്രവാസികളെ, വക്കാരിയുടെ ഈ
പോസ്റ്റ് വായിക്കരുതേ....
വാണിംഗ് ഇടാന്‍ താമസിച്ചുപോയി തുളസീ.. എന്റെ കാശ് എയര്‍ ഇന്ത്യാ കൊണ്ടു പോയി.
വക്കാരീടെ വാചാലത കേട്ടിട്ട് ആഹാരത്തിനു മാത്രമായി ടിക്കറ്റ് എടുത്തു പോണപോലെ തോന്നുന്നു. അതിനു നാട്ടീപോണോ? നാട്ടിലെ മാവിൻ ചുവടോഴികെ, ബാക്കിയില്ലാം നമുക്ക് ഇവിടെ തരാക്കാം. ദുബായിക്കു വാ വക്കാരി, സംഗതി ക്ലീൻ, ബോർഡിംഗ് ലോഡ്ജിംഗ് ഷോപ്പിങ് ഒക്കെ , ദേവന്റെ അവിടെയാവാം..... പിന്നെ എന്നെ എന്നെങ്കിലും ഒരു ദിനം വൈകുന്നേരം വന്ന് കാണാം.........
ദുഷ്ടാ..
വക്കാരിയുടെ വയറു് പൊട്ടിപ്പോട്ടേന്നു മാത്രമേ ഇത്തവണ പ്‌രാകുന്നുള്ളൂ.
വക്കാരീ ഇങ്ങനൊരു ലീവാപ്പ്ലിക്കേഷൻ മലയാളി മാനേജർമാർക്ക് കൊടുക്കരുത്...
കൊടുത്താൽ വക്കാരിയുടെ ലീവ് പെരുവഴിയിലും, മാനേജരുടെ ലീവ് അകമുറിയിലുമാകും...
അയാൾ ഒരു സയൊനാരയും പറഞ്ഞ് പോയി ഈ പറഞ്ഞ മുടിഞ്ഞ സൌകര്യങ്ങളൊക്കെ ആസ്വദിച്ച് ഒരു ഏമ്പക്കവും വിട്ട് തിരികെ വരും...!!
എനിക്കും നാട്ടീപോണം.
ഞാനും പോവ്വാ...
ഒരാഴ്ച്ചത്തേക്ക് - 20 തൊട്ട് 27 വരെ ഞാൻ വർക്കലയുണ്ടാകും!
നല്ല നേരം നോക്കി കുമ്പളങ്ങാകൃഷി അങ്ക്ടു് തുടങ്ങിയാലോോോോോോന്നൊരാലോചന. :)
നളോ പിന്മൊഴിചേച്ചി വിളിക്കുന്നു. മേഘങ്ങളേയും. മെയില്‍ ഐ ഡി പോയി മാറ്റി വന്നില്ലേല്‍ കമന്റു കവലയില്‍ വരില്ല
വക്കാരിക്ക് ഇരുട്ടടി അടിക്കാൻ എത്രപേർ എന്റെ കൂടെ ഉണ്ട്?
വക്കാരീ, സമയവും സന്ദർഭവും വഴിയെ അറിയിക്കാം കേട്ടാ...
ശേഷം കാഴ്ചയിൽ...
തുളസീ,
ഞാനിത് വായിക്കുന്നില്ലേ...
എന്നേക്കൊണ്ട് പറ്റണില്ലേ...
വക്കാരീ, ദേ വൃത്തികേട് പറയരുത്ട്ടാ.
നാട്ടിൽ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ, ബ്ലോഗിങ്ങ് മുടക്കിയാൽ, ഞാൻ ഉളുമ്പത്തുകുന്നിലെ യൂണീയങ്കാരെ വിട്ട്......
വക്കാരീ..
പോയി വരൂ..ശുഭയാത്ര നേരുന്നു.
ഇങ്ങിനെ കൊതിപ്പിച്ച് പോകല്ലേ..വയറിളക്കം വരും, ബ്ലോഗറ്മാരുടെ കൊതി കൊണ്ട്..
-ഇബ്രു
സദ്യ കഴിഞ്ഞു മുറുക്കുന്ന ശീലമില്ലാഞ്ഞിട്ടാണോ? വൈകുന്നേരങ്ങളില്‍ പൂതവും തിറയും പറയെടുപ്പുകാരും അകന്നുപോകുന്ന മേളവും കേട്ടിരിക്കുവാന്‍ ആല്‍മരച്ചുവടുകള്‍ ആ നാട്ടിലില്ലേ? മകരത്തിന്റെ കുളിരു തട്ടി മുങ്ങാംകുഴിയിടുവാന്‍ ഒരു കുളം പോലും? എനിക്ക് നാട്ടില്‍ പോയി ഊരുതെണ്ടിയാകുവാന്‍ തോന്നുന്നു.
യാത്രയില്ല വക്കാരി, പോയ്‌വരൂ...
:)
നാട്ടുകാരേ, ബ്ലോഗുകാരേ... ഞാനൊരു ക്രൂരവിനോദിനിയൊന്നുമല്ലേയല്ലേ... നിങ്ങളിൽ പലരും അവിടെയും ഇവിടെയും പുട്ടും പഴോം കടലേ, സദ്യേമൊക്കെ ആസ്വദിച്ചടിച്ച് ജീവിക്കുമ്പോൾ ഈ പാവം ഞാൻ.... ഞാൻ എന്റെ ആഗ്രഹങ്ങൾ പറഞ്ഞതല്ലേ... ആരും പ്രാകല്ലേ.... എന്തായാലും നാട്ടിൽ ചെന്നിട്ട് ഒരു കഴിച്ചപ്‌ഡേറ്റ് തരാം...
അതുല്ല്യേച്ച്യേ... ആഹാരത്തിനു വേണ്ടി മാത്രമല്ല കേട്ടോ പോകുന്നത്. വേറേ എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു (തിന്നാൻ). ഇപ്രാവശ്യം നാട് പ്ലാൻ ചെയ്തു പോയി. അടുത്ത തവണ, ഗൾഫിലോട്ടു തന്നെ. പുട്ടുണ്ടാക്കുമ്പോൾ അകത്തൊന്നും വെച്ച് സ്റ്റഫ് ചെയ്യണ്ട കേട്ടോ... നല്ല മൂന്നുകുറ്റി പുട്ടും തേങ്ങാ വറുത്തരച്ചുണ്ടാക്കിയ തേങ്ങാക്കൊത്തും വറ്റൽമുളകുമിട്ടുണ്ടാക്കിയ കടലക്കറീം.... ചൂടു ചായേം മധുരം സ്വല്പം കൂട്ടി.... ബസ്...
ദേവേട്ടോ.. അപ്പോ നാട്ടിലേക്കുണ്ടോ... അടിപൊളി.. ഒരു മുപ്പത് മുപ്പത്താറുദിവസം കാണും ഞാനുമവിടെ.. ബ്ലാക്കി നോക്കിയിരിക്കുവായിരിക്കുമല്ലേ.. ഹെന്റെ ഈ പോസ്റ്റുകണ്ടിട്ടെങ്കിലും മൂന്നുനേരം ഫുഡ്ഡും പുട്ടും സ്പോൺസർ ചെയ്തിരുന്നെങ്കിൽ... ആരെങ്കിലും..
നളേട്ടോ... സദ്യയെക്കുറിച്ച് കേൾക്കുമ്പോൾ നളേട്ടൻ, അതും നളേട്ടൻ, അതും അതും നളേട്ടൻ, പ്രാകുകയോ..... നളേട്ടനൊന്നുമില്ലെങ്കിലും ഒരു നളനല്ലേ നളേട്ടോ... ഞാൻ പോയി നന്നായി തിന്നിട്ട് വരാം..
തുളസീ.... വണ്ണം കുറയാനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഈ വിവരണം. ഇവിടുത്തെ നൂഡിൽസിന്റെയൊക്കെ മുൻപിലിരിക്കുമ്പോൾ ഈ കാര്യങ്ങളോർത്താൽ ഡെസ്പായി പിന്നെ ഒന്നും കഴിക്കാനേ തോന്നിയേല... പോഷകാഹാരക്കുറവാണ് പിന്നത്തെ ഒരു പ്രശ്‌നം.
മേഘങ്ങളേ.... ഭാഗ്യം.. ബോസ്സ് ജാപ്പനീസ്.. ഇന്ത്യൻ ഫുഡ് പെരുത്തിഷ്ടം, പക്ഷേ തണ്ടൂരിയും നാനുമൊക്കെയാണ് കഴിക്കുന്നത്. നമ്മുടെ തട്ടുകടകളുടെ ടേസ്റ്റ് സാറിനിതുവരെ കിട്ടിയിട്ടില്ല.. ഞാനോർക്കുകയായിരുന്നു, ഗൾഫിലുള്ള ഏതെങ്കിലും മലയാളി ബോസിന് ഇതുപോലത്തെ ഒരു ആപ്ലിക്കേഷൻ കിട്ടുന്ന കാര്യം. മേഘം പറഞ്ഞതുതന്നെ..
കലേഷേ, അപ്പോ കലേഷുമുണ്ടോ നാട്ടിൽ... പക്ഷേ കുമ്പളങ്ങാ ചികിത്സയിലല്ലേ... പാവം..
ആദിത്യോ.... അവിടെയൊക്കെ വേണമെങ്കിൽ പുട്ടടിക്കാനും മറ്റും സൌകര്യങ്ങൾ ഇഷ്ടം പോലെയല്ലേ.. ഇവിടെ.....
സ്വാർത്ഥാ... കുറേ കൊതിപ്പിച്ചില്ലേ, എന്നെ പുട്ടും പുട്ടുകുറ്റീമൊക്കെ കാണിച്ച്.... എന്റെ വേദന, എന്റെ വിഷമം, എന്റെ വിശപ്പ്, ഇതൊക്കെ ആരറിഞ്ഞു... പാവം, ഞാൻ
വിശാലമനസ്കാ... ആ പോളേട്ടനെ ഒന്നിടപാടാക്കിയേക്കാമോ... ദേ കണ്ടില്ലെ, വയറ്റിളക്കം വരട്ടേ എന്നൊക്കെയാ ആൾക്കാര് പ്രാകുന്നത്. ഏതായാലും പേരാമ്പ്ര വരെ മിക്കവാറും പോകും. അങ്ങിനെയാണെങ്കിൽ പോളേട്ടനേം ഒന്നു കണ്ടേക്കാം. നല്ല നാലുപാക്കറ്റ് അത്തറും കൊണ്ടുപോയേക്കാം. അരവിന്ദേട്ടൻ ഉണ്ടോ ഇപ്പോഴുമവിടെ? എന്തൊക്കെ തീറ്റയാണെങ്കിലും ബ്ലോഗ്ഗാതിരിക്കാൻ പറ്റുമോ... ബ്ലോഗ്ഗ് കാണാതിരിക്കാൻ പറ്റുമോ, കമന്റാതിരിക്കാൻ പറ്റുമോ... എന്റെ നെഞ്ചിൽ കരിങ്കല്ലാണോ, മലായ് കോഫ്ത്ത പോലത്തേ സോഫ്റ്റ് നെഞ്ചല്ലേ..
ഇബ്രൂ.. ചില നേരത്ത് ഞാനുമോർക്കും നല്ല ഒരു സദ്യയുണ്ണണമെന്ന്. അതല്ലേ പോകുന്നത്. യാത്രാശംസകൾക്ക് നണ്ട്രി. വയറിളകിയാൽ ക്യാപ്പുമായിട്ട് നേരേ ശാന്തീലേക്ക്. പോളേട്ടനുണ്ടല്ലോ.
പുല്ലൂരാനേ.. അപ്പോ പുല്ലൂരാനും നാട്ടിൽ. അടിപൊളി. ഞാനൊരു സസ്യഭുക്ക് തീവ്രവാദിയൊന്നുമല്ലെങ്കിലും സസ്യഭക്ഷണം എന്റെ പ്രിയഭക്ഷണം.. ഒരു മോരുകറീം, ഒരു പാവയ്ക്കാ മെഴുക്കുവരട്ടീം, ഒരു വാഴച്ചുണ്ട് തോരനും, ഇത്തിരി അച്ചാറും, നല്ല കട്ടത്തൈരും, കണ്ണിമാങ്ങാ അച്ചാറും... ഞാൻ ഹാപ്പി. പിന്നെ ദേവേട്ടൻ പറഞ്ഞപോലെ, വല്ലപ്പോഴുമൊരു സദ്യേം... ഞാൻ ഡബിൾ ഹാപ്പി..
നല്ലപുട്ടടിക്കണം,
കടലകൂട്ടിയടിക്കണം,
പഴംകുഴച്ചടിക്കണം
നല്ലസദ്യയുണ്ണണം,
മോരുകൂട്ടിയുണ്ണണം,
ഉരുട്ടിയുരുട്ടിയുണ്ണണം....
അയ്യോ, നല്ല കപ്പപ്പുഴുക്കിന്റെ കാര്യം പറയാൻ വിട്ടുപോയി... മുളകരച്ച്, എണ്ണയിൽ ചാലിച്ച്, കപ്പപ്പുഴുക്ക്......
ഓ, സൂ, നന്ദി...
പെരിങ്ങോടരേ... തീവണ്ടിയും തീവണ്ടിപ്പാടങ്ങളുമുള്ള, റോഡുള്ള, കാറുള്ള ഒരു അർദ്ധനഗരപ്രദേശം.. പക്ഷേ അമ്മവീട്ടിൽ മുങ്ങിക്കുളിക്കാൻ അമ്പലക്കുളമുണ്ട്, പാടമുണ്ട്, ഇളംകാറ്റുണ്ട്, ആലുണ്ട്, ആൽമരച്ചുവടുണ്ട്... തെയ്യമില്ല, പക്ഷേ ഗരുഡൻ തൂക്കമുണ്ട്.. നാട്ടിൽ അമ്പലമുണ്ട്, കഥകളിയുണ്ട്, മയിലാട്ടമുണ്ട്... .. നോവാൾജിയ (കടപ്പാട് ദേവേട്ടനോട്) ഇഷ്ടംപോലെയുണ്ട്....
പക്ഷേ സദ്യയുമുണ്ട്, പുട്ടുണ്ട്, കടലക്കറിയുമുണ്ട്, മോരുകറിയുണ്ട്, പാവയ്ക്കാത്തോരനുണ്ട്, കണ്ണിമാങ്ങാ അച്ചാറുമുണ്ട്...
ലോകത്തെവിടെ നിന്നും നാട്ടിലേക്കിനി ടിക്കറ്റുണ്ടാവൂല!നാട്ടിൽ ചെന്ന് അടിച്ച് പൊളിട്ടോ വക്കാരീ:)
അപ്പോൽ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന കാര്യം ശരിയാണല്ലെ..........ഊണ്, ഉറക്കം.......ഊണ്, ഉറക്കം..........:-))
ബിന്ദു
പ്രീയ വക്കാരി സാന്‍..
ഇതല്‍പ്പം കടന്ന കൈയായിപ്പോയി കെട്ടോ. ഒന്നില്ലേലും ജപ്പാനില്‍ മലയാളികളുണ്ടെന്നും അവരെൊക്കെ ബ്ലോഗു വായിക്കുന്നവരാണെന്നും ഓര്‍ക്കണ്ടതായിരുന്നു. ദുഷ്!!!!!
ഗപ്പയും ഗള്‍സ്സും പോത്തും പറയാത്തതു ഫാഗ്യം.:O
ശുഭയാത്ര നേരുന്നു വക്കാരി സാന്‍.
നോമുംണ്ട് വക്കരീടെ കൂടെ. അമ്മാത്തേക്കുള്ള വഴിയങ്ങട്ട് പറഞ്ഞോളൂ. മടിക്കണ്ടാ. നോമിന്റെ ഇല്ലത്തേക്കു പോവ്വ്വാച്ചാല്‍ ഇത്രങ്ങട്ട് തരാവും ന്ന് നിശ്ചോല്ല്യാ. ഇല്ല്യാ. സംശ്യല്ല്യേ. തരാവില്ല്യാ. അത്ര തന്നെ.
വക്കാരീടെ ഈ പോസ്റ്റിന്റേം അതുകേട്ടുള്ള ബ്ലോഗ്ഗരുടെ നാട്ടില്‍ പോകാനുള്ള തീരുമാനത്തിന്റേം പിന്‍ബലത്തിലാണു് ഞാന്‍ കുമ്പളങ്ങാ കൃഷി പ്ലാന്‍ ചെയ്തിട്ടുള്ളതു്. ഇത്തരം രണ്ടുമൂന്നു പോസ്റ്റും കൂടെ വേണ്ടി വരും. ആള്‍ക്കരൊക്കെ ഒന്നുഷാറാവട്ടെ. നീലന്റെ ഗപ്പയും ഗള്‍സും ഒന്നു പൊലിപ്പിച്ചാല്‍, ലോഡൊന്നിനു് ഇത്രാന്നു വച്ചു് മണിയോര്‍ഡര്‍ വരും. വക്കാരിമഷ്ട? ( മനസ്സിലായോ? - ജാപ്പനീസ് അറിയാത്തവരേ)
എല്ലാവരും ഏകാഭിപ്രായക്കാര്‍ ആണല്ലോ!!!!
ഒരു ചേയ്ഞ്ചിന്, ഇതാ ഞാന്‍!!! 30 ദിവസം അടുപ്പിച്ച് നാട്ടില്‍ ഇരുന്നാല്‍ - പണ്ടാറം.. നല്ല ഉപ്പിലിട്ട ഒലിവും ഹാമുസും കൂട്ടി രണ്ടു കുബൂസ് തിന്നാന്‍ തോന്നും.
അതുല്യ പറഞ്ഞ പോലെ, മാഞ്ചുവടും, ആലിന്‍ ചുവടും, പരക്കാട്ടു കാവും ഒഴിച്ച് ബാക്കിയൊക്കെ ഇവിടെ ഉള്ളതു കൊണ്ടാവും. So, വക്കാരിയുടെ ഈ നൊവാള്‍ജിയക്ക് നിരുപാധികം മാപ്പ്!!
നാട്ടിൽ എനിക്കുവേണ്ടി അല്ലേൽ എന്നെപ്പോലെയുള്ളവരെ ഉദ്ദേശിച്ച് കുമ്പളങ്ങാ ഫാം തുടങ്ങുന്ന സിദ്ധാർത്ത്ത്താ... ഈ മരുന്നുകമ്പനിക്കാരും ഡോക്കിട്ടരുമാരുമായുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ, അതുപോലെ വല്ലോം ആണോ ഇതും? ദുക്തോർ ദേവിന് കൃഷിയിൽ വല്ല പങ്കും ഉണ്ടോ? ഐഡിയ കൊള്ളാം. പക്ഷേ നാട്ടിൽ വച്ച് കുമ്പളങ്ങ ചികിത്സയ്ക്ക് അവധി കൊടുക്കും. നാട്ടിൽ പോയാൽ ഞാനെല്ലാം മറക്കും. കുമ്പളങ്ങാ തൽക്കാലത്തേക്ക് കല്ലീവല്ലി.
ലോകത്തെ ഏറ്റവും നല്ല കുക്കായ എന്റെ സ്വന്തം അമ്മച്ചി ഉണ്ടാക്കി തരുന്നതെല്ലാം ഞാൻ വാരി വലിച്ചു തിന്ന് ഗുണ്ടുമണിയായിട്ടേ തിരിച്ചു വരൂ (കൈയ്യീന്ന് കാശുകൊടുത്ത് ടിക്കറ്റെടുത്ത് നാട്ടി പോകുന്നത് കുമ്പളങ്ങനീര് കുടിക്കാനാ? കാണാൻ പോകുന്ന പെണ്ണിന് എന്നെ ഇഷ്ടപ്പെട്ടില്ലേൽ കല്ലീവല്ലി! ലോകത്ത് വേറെ പെണ്ണുങ്ങളില്ലേ?)
Dr Dev പറഞ്ഞത് കേട്ടില്ലേ?
ഫാറ്റ് കോൺസന്റ്രേറ്റ് ഒഴിവാക്കൂ.. പാൽ, മാംസം പട്ട, മുട്ട, എണ്ണ, വെണ്ണ& പഞ്ചസ്സാര ഒക്കെ വല്ലപ്പോഴും..
എന്നിട്ടു മൂക്കു മുട്ടുന്നതുവരേ ഭക്ഷണം കഴിക്കു ഒരു നേരം.. ബ്രേക്കും ഫാസ്റ്റ് ചെയ്യു.. ഡിന്നറു മാത്രം ലൈറ്റ് ആയി.. പറ്റുമെൻകിൽ പഴങ്ങൾ.
പയ്യെയുണ്ടാൽ ഒരു നൂറ്റാണ്ട് സദ്യ ഉണ്ണാം!
ദേവാ, എനിക്ക് ഒരു നുറ്റാണ്ടൊന്നും സദ്യയുണ്ണണ്ടാ, പക്ഷേ, കിട്ടുന്ന അവസരങ്ങൾ ഞാൻ പാഴിക്കളയില്ല!
തിരിച്ച് വന്നിട്ട് ഞാൻ വീണ്ടും ദേവ്സ് കുമ്പൾ തെറാപ്പി തുടങ്ങാം..
ഇതിനു ഞാന്‍ പ്രതികാരം ചെയ്യും!! ഒരു നാള്‍ ഞങ്ങടെ മാവും മാവും വക്കാരി..
പിന്നെ, ചക്കച്ചൊള വറുത്തത് തിന്നുമ്പോ ഓര്‍ത്തേക്കണം, ആ മണമെങ്കിലുമൊന്ന് അടിക്കട്ടെ. പുട്ടും എരിവുള്ള കറീം തിന്നിട്ട് കാപ്പിയിറക്കുമ്പോഴുള്ള സുഖം.. വക്കാരീ.. ഇത് കടന്ന കൈ ആയിപ്പോയി :(
പോയ് വരൂ വക്കാരീ..
ഒക്കെ പറഞ്ഞ പോലെ നടക്കട്ടെ.(നാട്ടിലൊക്കെ ഇപ്പൊ കംമ്പ്ലീറ്റ് ചൈനീസ് ഫാസ്റ്റ് ഫുഡാ..പിസയും കിട്ടും)
ഒഹയൊ ഗൊസ്സൈമസ്സ്! ഒഗെന്‍കി ദെസ്സകാ??
പണ്ടാരക്കാലന്‍...എന്റെ പൊന്നു വക്കാരീ...തനിക്കൊന്നും വെറേ പണി ഇല്ലേ?? മനുഷ്യനെ പറഞ്ഞു കൊതിപ്പിക്കല്ലല്ലാതെ?? വക്കാരിയുടെ ബ്ലൊഗു വായിച്ചു ഒരു ലീവാപ്ലിക്കെഷന്‍ മാനേജര്‍ക്കും..ഒരുപെരുത്തുകാശു പറവക്കബനിക്കും കൊടുത്തപ്പോ നല്ല ആശ്വാസം.
അവിടത്തെ കരേ റയിസ്സും റാമെനും യാക്കിസോബയും കൊണ്ടു തല്‍ക്കാലം adjust ചെയ്താപോരേ? അതോ വസ്സാബിയുടെ ‘കുത്തല്‍’ സഹിക്കാന്‍ വയ്യെ?
നാട്ടില്‍ ചെന്നു കവലയിലെ ഗോപിയുടെ ചായക്കടയില്‍ കയറി ചായക്കും പരിപ്പുവടയ്ക്കും പറഞ്ഞു ചുറ്റും ഉള്ള എല്ലാരേം ഒന്നു നോക്കി പല്ലിളിച്ച് സംഗതി വരുംബൊ ഒരു ‘ഇട്ടെഡെക്കിമാസ്സ്’-ഉം അതിന്റെ അന്ധാളിപ്പു മാറും മുന്‍പേ പരിപ്പുവടയും അകത്താക്കി ചായയും വലിച്ചുകുടിച്ചു ഒരു ‘ഗോച്ചീസോസ്സാമ’-യും താങ്ങിയാല്‍ എങ്ങനെയിരിക്കും എന്നു നോക്ക്.
നിപ്പൊന്‍ നോ തെന്‍കി വാ ദോ ദെസ്സുകാ?? നല്ല ‘യൂക്കി’ ആണെന്നു കേട്ടു. കുറച്ചുപേര്‍ താങ്ങിപ്പോയെന്നും.
പഴയ ‘അനോനിമസ്സ്’ ഞാന്‍ തന്നെ. പിന്നെ ജപ്പാനീസ്സു പറയാന്‍ ജപ്പാനീ പോകണോ?
മലയാളത്തില്‍ എഴുതാന്‍ പറഞ്ഞു തന്നതിനു ‘അരിഗാത്തോ ഗൊസ്സായിമസ്സ്’.
മാട്ടാ നേ.
PS:വക്കാരിക്കാവാമെങ്കില്‍ എനിക്കും ആവാം എന്ന മട്ടില്‍ ഞാനും തുടങി ഒരു ബ്ലോഗ്. ഇനി ഒന്നു ഫേമസ്സ് ആകാന്‍ എന്താണൊരു വഴി?
വക്കാരീ.. പോയ കാര്യം എന്തായി?? കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നല്ലേ പ്രമാണം. തൂറ്റിക്കോ തൂറ്റിക്കോ,,
കലേഷിനെപ്പോലെ വക്കാരിയേയും ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടോ ആവോ! ബ്ളോഗത്തിമാരെല്ലാം കൂടെ ബ്ളോഗന്‍മാരുടെ ലോബി തെറിപ്പിക്കുമോ ആവോ.
പോയിട്ട് മാസം ഒന്നാകുന്നു.
എവിടെയാണിപ്പോൾ?
ഇന്റർനെറ്റ് അക്സസ് ഇല്ലാത്ത സ്ഥലമാകും!
വേഗം തിരിച്ചു വരൂ എന്ന് പറയുന്നത് മോശമാണേലും ഞാനത് പറയുന്നു - വക്കാരിയോടും ദേവനോടും. മര്യാദയ്ക്ക് വന്ന് ബ്ലോഗ്!
This comment has been removed by a blog administrator.
വാക്കാരീ,
തീറ്റയിൽ PHD എടുത്ത് കഴിഞ്ഞില്ലേ. തിരിച്ചു വരാറായോ. എന്തായാലും ഒരു മുണ്ട് തലയിൽ കൂടി ഇടാൻ മറക്കരുത്ത്. ഒരു അഭ്യുതകാഷിയുടെ മുന്നരിയിപ്പാണ്
ANs
Post a Comment
<< Home