Saturday, March 18, 2006

ചോരത്തിളപ്പ്

ബാക്കി രണ്ട് കൂടപ്പിറപ്പുകളെ അപേക്ഷിച്ച് എന്തോ, എന്റെ ചോരയുടെ ബോയിലിംഗ് പോയിന്റ് തുലോം കുറവായിരുന്നോ എന്നൊരു സംശയം. പെട്ടെന്ന് തിളയ്ക്കും. അനീതി, അക്രമം ഇവ എവിടെ കണ്ടാലും തടി കേടാക്കാത്ത രീതിയിൽ ശക്തിയുക്തം ചോദ്യം ചെയ്യാനുള്ള ഒരു അഭിവാഞ്ഛ ചെറുപ്പം മുതൽക്കേ എനിക്കുണ്ടായിരുന്നു, അത് വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും. അങ്ങാടിയിൽ എപ്പോ തോറ്റാലും അത് ബാലൻസ് ചെയ്തിരുന്നത് അമ്മയുടെ അടുത്തായിരുന്നു. ഒരു സെലക്ടീവ് അമ്മനേഷ്യ ആയിരുന്നു ഈ ചോരത്തിളപ്പെന്നർത്ഥം.

സ്കൂൾ ജീവിതം കഴിഞ്ഞ് കലാലയ സർവ്വകലാശാല ജീവിതങ്ങൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനിടയിലും ഞാൻ ഒരു സത്യം മനസ്സിലാക്കി: എന്റെ ചോരയുടെ തിളപ്പ് ഒട്ടുമേ കുറഞ്ഞിട്ടില്ല.

ഒരു ദിവസം പാസ്‌പോർട്ടിന്റെ സൈസിലുള്ള ഒരു ഫോട്ടം പിടിക്കാൻ ചാലക്കുടി പ്രൈവറ്റ് ബസ്‌സ്റ്റാന്റിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ പോയി (വിശാലനറിയുമല്ലോ ആ ഏരിയായൊക്കെ). സ്റ്റുഡിയോ സന്ദർശനം എപ്പോഴുമൊരു ബീപ്പീകൂട്ടൽ പരിപാടിയാണെനിക്ക്. സുന്ദരമായ ഒരു വദനത്തിന്റെയും ഏയാറെഹ്‌മാൻ സ്റ്റൈൽ ഹെയറിന്റേയും മാമുക്കോയയുടെ പോലത്തെ വടിവൊത്ത ദന്തനിരകളുടേയും ഉടമതന്നെ ഞാൻ. ഇതെല്ലാംകൂടി ഒത്തുചേർന്നാൽ പക്ഷേ ലുക്ക് മുത്തയ്യാ മുരളീധരനെപ്പോലെ (കടപ്പാട് വിശാലനോട്). പക്ഷേ പ്രശ്നം തല. ഇടതുപക്ഷത്തോട് അത്ര വലിയ ആഭിമുഖ്യമൊന്നുമില്ലെങ്കിലും എന്റെ തലയ്ക്കെപ്പോഴും ഒരു ഇടതുപക്ഷച്ചായ്‌വ്. ഫോട്ടം പിടിക്കുന്നതിന് മുമ്പിലത്തെ കലാപരിപാടികളായ തലചീവൽ, പൌഡറിടൽ, പിന്നെയും ചീവൽ, പൊട്ടുകുത്തൽ, കണ്ണെഴുതൽ തുടങ്ങിയ കാക്ക കുളിച്ചാൽ കൊക്കാകുമോ തിയറിയെ പൊളിച്ചെഴുതൽ പ്രക്രിയകൾക്കുശേഷം സ്റ്റൂളിൽ ആസനസ്ഥനാവുന്നതുവരേയും എന്റെ തല നേരേ. ഫോട്ടം പിടിക്കൽ ചക്രവർത്തി റെഡി, സ്റ്റെഡി, ഒന്ന്, രണ്ട്.. ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും തല ഇടത്തുപക്ഷത്തേക്ക്-സ്പ്രിംഗുമാതിരി. അപകടം മുൻ‌കൂട്ടി കാണാൻ സാധിക്കുന്ന വിദഗ്ദന്മാർ സംഗതിക്ക് സഡൻ ബ്രേക്കിട്ട് എന്റെ തല നേരേ വെച്ചുതരും. പക്ഷേ, പിന്നെയും ക്ലിക്കാൻ തുടങ്ങുമ്പോൾ ഫ്രണ്ട് സീരിയലിൽ ചാന്റ്‌ലർ ഫോട്ടോ പിടിക്കാൻ മോണിക്കയുമൊത്തു പോയതുപോലെ. പടം പാസ്‌പോർട്ടിന്റെ സൈസിൽ വരുമ്പോൾ മിക്കവാറും വടിപോലത്തെ വയറും വീഴുന്ന തലയുമെന്നൊക്കെ പറഞ്ഞ് അന്താരാഷ്ട്ര പ്രദർശനങ്ങളിൽ കാണിക്കാവുന്ന സ്റ്റൈലിൽ. പാസ്‌പോർട്ടിലൊട്ടിക്കാൻ കൊള്ളൂല്ല.

എന്റെ ചോര അന്നാ സ്റ്റുഡിയോയിൽ തിളച്ചത് അങ്ങാടിയിൽ തോറ്റതിനമ്മയോട് എന്നതിന്റെ സ്റ്റുഡിയോ വേർഷനായ ഫോട്ടം നന്നാകാത്തതിന് ഫോട്ടോക്കാരനോട് എന്ന പുതും‌ചൊല്ല് പ്രകാരമമൊന്നുമല്ലായിരുന്നു. അക്കാലത്ത് (ഇക്കാലത്തുമുണ്ടോ എന്നറിയില്ല), അന്താരാഷ്ട്ര ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കേരളാ ഘടകത്തിന്റെ തീരുമാനപ്രകാരം കേരളത്തിലങ്ങോളമിങ്ങോളമോളമോളമുള്ള ഫോട്ടം പിടിക്കൽ കേന്ദ്രങ്ങളിൽ പിടിക്കുന്ന ഫോട്ടങ്ങളുടെ നെഗറ്റീവ് ഉടമസ്ഥനു കൈമാറണമെങ്കിൽ പത്തുരൂപാ അധികം കൊടുക്കണമത്രേ. ഈ പ്രഖ്യാപനം വെണ്ടയ്ക്കാ അക്ഷരത്തിൽ ആ സ്റ്റുഡിയോയിൽ എഴുതിയും വെച്ചിരിക്കുന്നു. എന്റെ ചോര ബ്ലും ബ്ലും എന്ന് തിളച്ച് നാഡീപേശീവ്യൂഹം വഴി തലച്ചോറിൽ ചെന്ന് ബ്രെയിനിനോട് പറഞ്ഞു:

“അണ്ണേ, അനീതി തന്നെ... നമ്മുടെ മോന്ത, നമ്മുടെ ഫോട്ടം, അതിന്റെ നെഗറ്റീവിന് ഈ അണ്ണന്മാർക്കെന്തു കാര്യം.. അത് നമ്മുടെ മാത്രം”

ഞാൻ റെഡിയായി. പെട്ടെന്ന് എന്റെ ചിന്തകൾ രാജാക്കാടും പാലക്കാടും കയറി സൈലന്റ് വാലിയിലെത്തി. ആകപ്പാടെ ഒരു നിശ്ശബ്ദത.

“ഭഗവാനേ.. എന്റെ ഈ സുന്ദരസുമുഖവദനത്തിന്റെ നെഗറ്റീവ് ഈ അണ്ണന്മാർ മിസ്സിസ് യൂസ് ചെയ്താലോ.... എന്റെ തലയും ഇന്ദ്രൻസിന്റെ ഉടലും..... ഹോ എനിക്കാലോചിക്കാൻ പോലും പറ്റുന്നില്ല. ഇതെന്തുവന്നാലും തടയണം”

ദ കിംഗിലെ മമ്മൂട്ടി സ്റ്റൈലിൽ മുഖത്തിന് ഒരു ഗാംഭീര്യമൊക്കെ വരുത്തി സ്വതവേ കനത്ത ഒച്ച ഒന്നുകൂടി കനപ്പിച്ച് ഞാൻ സ്റ്റുഡിയോക്കാരോട് മൊഴിയാൻ തുടങ്ങി (മൊഴിയൽ തുടങ്ങിയപ്പോൾ പുറത്തുവന്ന ഒച്ച മൻ‌മോഹൻ‌സിംഗിന്റെ പോലെയായിപ്പോയെന്നത് വേറേ കാര്യം).

“അണ്ണോ, എന്റെ ഫോട്ടോ, ഞാൻ തന്ന കാശ്, എന്റെ നെഗറ്റീവ്. അതിന് നിങ്ങൾ പിന്നെയും കാശ് മേടിക്കുന്നത് പച്ചയായ അനീതി. എന്റെ ഈ നെഗറ്റീവുകൊണ്ട് നിങ്ങൾക്ക് “ന്യായമായ രീതിയിൽ” വേറേ ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ അത് എനിക്കു തരാൻ നിങ്ങൾ പിന്നെയും പൈസാ വേണമെന്ന് പറയുന്നത് ഞാനാകുന്ന ഉപഭോക്താവിനെ നിങ്ങളാകുന്ന ബൂർഷ്വാ ചൂഷണം ചെയ്യുന്നതിന് തുല്ല്യം. അതുകൊണ്ട് കളിക്കാതെ നെഗറ്റീവിങ്ങെടു മോനേ... അല്ലെങ്കിൽ....”

(കണ്ടോ ഇതാണ് ഭീഷണി. അല്ലാതെ പാവം ആരോഗ്യമന്ത്രി ഡോരവിയോട് പറഞ്ഞതൊന്നുമല്ല).

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. “പോയി പണിനോക്ക് മോനേ” എന്ന് പറഞ്ഞു, അവർ. അങ്ങിനെയുള്ള സമയങ്ങളിലാണ് സാധാരണ ചോരത്തിളപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. കാരണം, പിന്നെ പറയാൻ ഡയലോഗൊന്നുമില്ല. ചോദിച്ച കാര്യം ഒട്ട് സാധിച്ചതുമില്ല.

ഞാൻ ആ തിളച്ച ചോരയിൽ ചാലിച്ച് സംസ്ഥാന ഉപഭോക്ത തർക്കപരിഹാര നിർഗ്ഗുണ പരിഹാരശാലയിലേക്ക് ഒരു സങ്കട ഹർജി അയച്ചു. നാടു നന്നാക്കണമെങ്കിലും ന്യായം കിട്ടണമെങ്കിലും അതിനായിത്തന്നെ തുനിഞ്ഞിറങ്ങണമെന്നും ജോലിയുടെ കൂടെയുള്ള ഒരു സൈഡ് ബിസിനസ്സായി നാട് നന്നാക്കൽ പരിപാടി കൊണ്ടുനടക്കാൻ പറ്റില്ലെന്നും എനിക്കാ കാലഘട്ടങ്ങളിൽ മനസ്സിലായി. സങ്കട ഹർജി അയച്ച് കുറേയേറെ പ്രകാശവർഷങ്ങൾക്കു ശേഷം ദൂത് വന്നു. തൃശ്ശിവപേരൂര് അയ്യന്തോളുള്ള ദുർഗ്ഗുണപരിഹാരപരിപാവനശാലയിൽ ഹാജരാ‍കാൻ. ഇപ്പോഴത്തെ കാലമല്ലായിരുന്നു അപ്പോഴത്തെ കാലമെന്നതുകാരണം ഞാൻ ഏകനായി സാക്ഷ്യം പറയാൻ പോയി. എതിരളികൾ, ഗുണ്ടകൾ അങ്ങിനത്തെ കാര്യങ്ങളേപ്പറ്റിയൊന്നും ചിന്തിച്ചില്ല. എന്തായാലും ഓഫീസിൽ നിന്നും ലീവെടുത്ത് ഞാൻ നീതിക്കുവേണ്ടി അവിടെ ഹാജരായെങ്കിലും നീതി നടപ്പാക്കേണ്ട ന്യായാധിപനും അന്ന് ലീവെടുത്തു. രണ്ടാമത്തെ വിളി വന്നു. നീതി വേണോ ജോലി വേണോ എന്നുള്ള ഒരു ക്രിട്ടിക്കൽ സിറ്റ്വേഷനിൽ ജോലി മതിയെന്ന് ഞാൻ തീരുമാനിക്കുകയും തദ്വാര എന്റെ കേസ് തള്ളുകയും ചെയ്തു. എന്നാലും എന്റെ നീതിക്കുവേണ്ടിയുള്ള പടപൊരുതലിനെപ്പറ്റി കേട്ടറിഞ്ഞ പല ആരാധകരും രക്തത്തിൽ ചാലിച്ച എഴുത്തുകൾ എനിക്കയച്ചുകൊണ്ടേയിരുന്നു.

(പക്ഷേ, എന്തുവന്നാലും മാറിത്തരുകയില്ലാ എന്ന് ഡീലർ തറപ്പിച്ചുപറഞ്ഞ, യമഹാ ആറെക്സ് നൂറിന്റെ വാങ്ങിച്ചപ്പോഴേ കവിളുപതിഞ്ഞിരുന്ന ഇന്ധനടാങ്ക്, ഉപഭോക്തതർക്കപരിഹാര നിർഗ്ഗുണപരിപാവനശാലയിലേക്ക് പരാതി അയച്ചതിന്റെ കോപ്പി കമ്പനിയുടെ ഹെഡ്ഡാപ്പീസിലേക്ക് അയച്ചുകൊടുത്തത് കാരണം, ഒരു മാസത്തിനകം അണ്ണന്മാർ മാറ്റിഫിറ്റ് ചെയ്തു തന്നു. കാരണം ഹെഡ്ഡാ‍പ്പീസിൽനിന്ന് ഡീലറേമ്മാന്ന് ഇണ്ടാസു വന്നു. പരാതിക്കാരന്റെ മനം കുളിർക്കത്തക്ക രീതിയിൽ പരാതി പരിചരിച്ചില്ലെങ്കിൽ... ഇത്തരം കോടതികൾ കൊണ്ട് പ്രയോജനവുമുണ്ടായി)

അന്യായങ്ങൾക്കെതിരെയുള്ള ഒച്ചയെടുക്കലുകൾക്കും നീതിക്കുവേണ്ടിയുള്ള പടപൊരുതലുകൾക്കും അലറിപ്പുറപ്പെടുമ്പോൾ കൂടെയുള്ളവൻ കാലുമാറാതിരിക്കേണ്ടതും വളരെ പ്രാധാനപ്പെട്ട ഒരു കാര്യമാണെന്ന തുണിയില്ലാസത്യവും ഞാൻ ഇക്കാലത്ത് മനസ്സിലാക്കി.

ഞാനും എന്റെ പ്രിയസുഹൃത്തും കൂടി തൊട്ടപ്പുറത്തേതിന്റെ അപ്പുറത്തെ സ്റ്റോപ്പിലിറങ്ങാൻ അതിന്റെ ഇപ്പുറത്തേതിന്റിപ്പുറത്തെ സ്റ്റോപ്പിൽ ബസ്സും കാത്തു നിൽക്കുകയായിരുന്നു. സമയം രാവിലെ എട്ടര. സ്കൂളിൽ പോകാൻ വേണ്ടി ധാരാളം കുട്ടികളും നിൽക്കുന്നു സ്റ്റോപ്പിൽ. ആ സ്റ്റോപ്പിലെ സ്കൂളിലേക്കുള്ള ധാരാളം കുട്ടികളും വന്നിറങ്ങുന്നു അവിടെ. പഴയ സ്കൂൾ കാലവും അന്നത്തെ ക്രിക്കറ്റ് കളിയെപ്പറ്റിയുമൊക്കെ ആലോചിച്ച് അയവിറക്കി ഇങ്ങിനെ നിൽക്കുന്നു, സ്റ്റോപ്പിൽ.

ഒരു ബസ്സ് പാഞ്ഞുവന്ന് നിൽക്കുന്നു. ദഹനക്കേട് പിടിച്ചിട്ട് കണ്ട്രോളു പോയ ആളുടെ രീതിയിലാണ് ബസ്സിന്റെ മുൻപിലത്തെ ഡോറിലെ കിളിയുടെ കോപ്രായങ്ങൾ. ആകപ്പാടെ ഞെളിപിരി. കടപടപടകടാ‍ന്നൊക്കെ അടിക്കുന്നു ബസ്സിന്റെ ബോഡിക്കിട്ട്. അകത്തുള്ളവരെ ഇറക്കിയിട്ട് തൊട്ടൂ, തൊട്ടില്ലാ സ്റ്റൈലിൽ പുറകേ വരുന്ന ബസ്സിനും മുൻപേ പോകാനുള്ള വെപ്രാളം. സൂവിന്റെ ഈ കഥ വായിച്ചാൽ അത്തരം പ്രയാണങ്ങളുടെ ഒരു ചിത്രം കിട്ടും. നോക്കിയപ്പോൾ ഒരു പാവം കുട്ടിയെ ആ കിളി തൂക്കിയെടുത്ത് വെളിയിലേക്കെറിയുന്നു. ആ കുട്ടിയുടെ മുഖം ആകപ്പാടെ പേടിച്ചരണ്ട്. മുൻപിലത്തെ ഓപ്പറേഷൻ കമ്പ്ലീറ്റ് ചെയ്ത കിളി അക്ഷമനായി പുറകിലത്തെ കിളിയേ നോക്കുന്നു. ഒന്നു രണ്ട് വൃദ്ധജനങ്ങളും കൂടി ഇറങ്ങാനുണ്ട് പുറകിൽ നിന്ന്. ഏതുനിമിഷവും അവർ വണ്ടിക്കകത്തുനിന്നും പറന്ന് റോഡിലോ അടുത്തുള്ള ഓടയിലോ ലാന്റ് ചെയ്യാം. മുങ്കിളി പിങ്കിളിയോട് ആ രീതിയിൽ എന്തോ ആംഗ്യങ്ങളൊക്കെ കാണിക്കുന്നുണ്ട്.

ചിരപരിചിതമായ ഒരു ഫീലിംഗ് എനിക്കപ്പോൾ.... ഓ കിട്ടി. ചോര തിളയ്ക്കുന്നതിന്റെയാണ്. പതിവുപോലെ എന്റെ ചോര ബ്ലും ബ്ലും എന്ന് തിളച്ച് നാഡീപേശീവ്യൂഹം വഴി തലച്ചോറിൽ ചെന്ന് ബ്രെയിനിനോട് പറഞ്ഞു:

“അണ്ണേ എന്തൊരനീതിയാ ഈ കിളി കാണിക്കുന്നത്. ആ കുട്ടിയെങ്ങാനും റോഡിൽ വീണിരുന്നെങ്കിലോ? എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? കാടന്മാർ.... മനുഷ്യപ്പറ്റില്ലാത്തവന്മാർ”

പ്രിയസുഹൃത്തും കൂടെയുണ്ടായിരുന്നത് കാരണം. ചോരയുടെ ഈ ഡയലോഗിന്റെ ലൈവ് ടെലികാസ്റ്റ് എന്റെ വായവഴിയുമുണ്ടായിരുന്നു. അത് കേട്ട സുഹൃത്ത് പ്രതികരിച്ചു.

“ശരിയാടാ... കാടന്മാർ.... മനുഷ്യസ്നേഹമില്ലാത്തവന്മാർ.. പണത്തിനെപ്പറ്റി മാത്രം ചിന്തിക്കുന്നവന്മാർ... ഇവന്മാരോടൊന്നും ചോദിക്കാനും പറയാനും ഒരു പുല്ലനുമില്ലേ”

ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു പ്രിയസുഹൃത്തിന്റെ രോഷപ്രകടനം. താൻ ബ്രെയിനിനോട് പറഞ്ഞതിലും കൂടുതൽ ചെവിവഴി ബ്രെയിനിൽ കേട്ട ചോരയ്ക്കും പെരുത്ത് സന്തോഷം. അവൻ ആഞ്ഞു തിളച്ചു.

പിന്നെല്ലാം പെട്ടന്നായിരുന്നു. വിചാരിച്ചതിലും അപ്പുറത്തെ സപ്പോർട്ട് സുഹൃത്തിൽനിന്നും കിട്ടിയതിന്റെ ധൈര്യത്തിൽ, വായിൽ നോക്കാനും കമന്റടിക്കാനും സിനിമാ കാണാനും അടയും ചക്കരയും പോലെ നടക്കുന്ന അവൻ ഈ ധാർമ്മികസാഹചര്യത്തിലും എന്റെ കൂടെ എന്തായാലും ഉണ്ടാകുമെന്നുള്ള പൂർണ്ണ വിശ്വാസത്തിൽ ഞാൻ ബസ്സിന്റെ പുറകിലത്തെ കിളിയോടലറി..

“എന്തു പണിയാടോ ഈ കാണിക്കുന്നത്. തന്റെയൊക്കെ അച്ഛനും അമ്മയും പെങ്ങളുമൊക്കെയാണെങ്കിൽ താൻ ഇങ്ങിനെയൊക്കെ കാണിക്കുമോടോ, ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ താൻ സമാധാനം പറയുമോടോ, കണ്ണിൽ ചോരയില്ലാത്തവനേ, മനുഷ്യപ്പറ്റില്ലാത്തവനേ, ഇവിടൊന്നും ചോദിക്കാനും പറയാനും ആരുമില്ലെന്നാണോടോ താൻ വിചാരിച്ചത്.....”

(കണ്ടോ ഇതാണ് ഭീഷണി. അല്ലാതെ പാവം ആരോഗ്യമന്ത്രി ഡോരവിയോട് പറഞ്ഞതൊന്നുമല്ല).

അരവിന്ദേട്ടൻ സ്റ്റൈൽ ഗർജ്ജനമായിരുന്നു, അത്. ഈ ദുർബ്ബലശരീരത്തുനിന്നുതന്നെയാണല്ലോ ഇത്തരം ആനയലറലോടലറലോടലറലലറലുകൾ എന്നോർത്ത് ഞാൻ പോലും അന്തം വിട്ടുപോയി. പക്ഷേ പിന്നാലെ വരാനിരിക്കുന്ന ചില അതിഭീകരവും അത്യുച്ചത്തിലുള്ളതുമായ രോദനങ്ങളുടെ ആമുഖം മാത്രമായിരുന്നു ആ അലറലുകൾ എന്ന് അപ്പോൾ അറിഞ്ഞില്ല.

ആ കിളികളേയും അവരുടെ തോന്ന്യാസങ്ങളെയും മനുഷ്യജീവിത്തതിന് അവർ കൊടുക്കുന്ന പുല്ലിന്റെ വിലയേയും ചീത്തപറഞ്ഞുകൊണ്ട്, വിളിച്ചലറിക്കൊണ്ട് ഞാൻ ആ വണ്ടിയുടെ നേരേ പാഞ്ഞു. കിളി ഡബിളടിച്ചു. ഡോറടയാൻ മില്ലിസെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഞാൻ ആ വണ്ടിയിൽ ചാടിക്കയറി.

വണ്ടിക്കകത്ത് കയറിയിട്ടും എന്റെ ഗുണദോഷചീത്തപറയലുപദേശങ്ങൾ ഹൈ പിച്ചിൽ തുടർന്നു. വല്ലാത്ത ഒരു ധൈര്യമായിരുന്നു, അപ്പോൾ. കാരണം പ്രിയസുഹൃത്ത് കൂടെയുണ്ടല്ലോ.

പക്ഷേ ഞാൻ കണ്ടത്.....

അതുവരെ എന്നെ കാര്യമായൊന്നും മൈന്റ് ചെയ്യാതിരുന്നു മുൻ‌കിളി ആൾക്കാരെയൊക്കെ വകഞ്ഞ് മാറ്റിക്കൊണ്ട് എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് നാക്കും കടിച്ച് കണ്ണും തുറിച്ച് മൂക്കും വിറപ്പിച്ച് പാഞ്ഞു വരുന്നു, എന്റെ നേരേ. വണ്ടിയുടെ ഏകദേശം നടുഭാഗത്തായിരുന്നു കണ്ടക്ടറും വരുന്നു, മുൻ‌കിളിയുടെ പുറകേ. അദ്ദേഹത്തിന്റെ നാക്കും വളഞ്ഞ് പല്ലുകൾക്കിടയിൽ. അദ്ദേഹത്തിന്റെ മൂക്കും വിറയ്ക്കുന്നു, കണ്ണാണെങ്കിൽ വല്ലാതെ തുറിച്ചിരിക്കുന്നു....പിൻ‌കിളിയുടെ ചൂടുള്ള ശ്വാസം എന്റെ പിൻ‌കഴുത്തിൽ തട്ടുന്നു.... ആകപ്പാടെ എന്തോ ഒരു പന്തികേട്.

തോമസുകുട്ടീ വിട്ടോടാ എന്ന് പ്രിയസുഹൃത്തിനോട് പറയാൻ വേണ്ടി ഇടത്തുവശത്തേക്ക് തലതിരിയ്ക്കുന്നതിനിടയ്ക്ക് നൂറിൽ പായാൻ തുടങ്ങുന്ന വണ്ടിയുടെ ജനാലക്കമ്പികൾക്കിടയിലൂടെ ഹൃദയഭേദകമായ ആ കാഴ്ച ഒരു മിന്നായം പോലെ ഞാൻ കണ്ടു......

......എന്റെ പ്രിയസുഹൃത്ത് വല്ലാത്ത ഒരു ആത്മവിശ്വാസത്തോടെ, ഒരു ചെറുപുഞ്ചിരിയുമായി ആ സ്റ്റോപ്പിൽത്തന്നെ നിൽക്കുന്നു.

15 Comments:

  1. At Sat Mar 18, 05:46:00 PM 2006, Blogger myexperimentsandme said...

    അയ്യോ ശലഭമേ.. ഇങ്ങോട്ടുള്ള വഴി ഒരിക്കലും തെറ്റാറില്ല.. കറക്ട് വഴി തന്നെ.

     
  2. At Sat Mar 18, 07:17:00 PM 2006, Blogger Unknown said...

    This comment has been removed by a blog administrator.

     
  3. At Sat Mar 18, 07:19:00 PM 2006, Blogger Unknown said...

    അല്ല വക്കാരിമഷ്ടാ, അതിനു ശേഷമാണോ മുഖം ഈ ഷേയ്പ്പിലായത്‌?

     
  4. At Sun Mar 19, 09:57:00 AM 2006, Blogger ഉമേഷ്::Umesh said...

    പഴയതുപോലെ ഉശിരന്‍ പോസ്റ്റായില്ലല്ലോ വക്കാരീ. പല്ലൊക്കെ കൊഴിഞ്ഞു തുടങ്ങിയോ? ഇത്തവണ ഞാന്‍ ഒട്ടും ചിരിച്ചില്ല.

    ഫോട്ടോ പിടിക്കുമ്പോള്‍ തല ചരിയുന്നതു് എന്റെ മാത്രം കുഴപ്പമല്ല, അല്ലേ? ഒരു മാസം മുമ്പെടുത്ത രണ്ടു ഫോട്ടോകള്‍ കാണുക.

    ഒന്നാം ഫോട്ടോ

    രണ്ടാം ഫോട്ടോ

     
  5. At Sun Mar 19, 10:26:00 AM 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    വക്കാരിയുടെ വണ്ടി കുറച്ചുനാളായി ഓടാതിരിക്കുകയായിരുന്നില്ലെ ഉമേഷുമാഷെ.
    ഒരു ടെസ്റ്റ് റണ്ണിംങ്ങ് നടത്തിനോക്കിയതല്ലേ.
    അതും ഫസ്റ്റ് ഗിയറില്‍. സര്‍വ്വീസ് ചെയ്ത് ഓ‌യിലൊക്കെ മാറ്റി ഫുള്‍ടാങ്ക് പെട്രോളുമടിച്ച്
    ഇപ്പൊ വരും വക്കാരി, രജനീകാന്തിന്‍റെ ഫ്ലയിങ്ങ് ഗിയറില്‍. കൌണ്ട്ഡൌണ്‍.

     
  6. At Sun Mar 19, 01:18:00 PM 2006, Anonymous Anonymous said...

    ‘താൻ ബ്രെയിനിനോട് പറഞ്ഞതിലും കൂടുതൽ ചെവിവഴി ബ്രെയിനിൽ കേട്ട ചോരയ്ക്കും പെരുത്ത് സന്തോഷം. അവൻ ആഞ്ഞു തിളച്ചു.‘

    വക്കാരിയുടെ പോസ്റ്റ് എനിക്കിഷ്ടമായി. തിളക്കുന്ന ആ ചോരയേയും.

    ചാലക്കുടി ബസ്റ്റാന്റ് ഒരിക്കലും മറക്കാന്‍ പറ്റില്ല. അത് പിന്നീട് പോസ്റ്റാക്കിപ്പറയാം.

     
  7. At Sun Mar 19, 01:34:00 PM 2006, Blogger Kalesh Kumar said...

    ബ്ലും ബ്ലും ബ്ലും ബ്ലും - ചോരത്തിളപ്പ്!
    കൊള്ളാം വക്കാരീ...

     
  8. At Sun Mar 19, 11:20:00 PM 2006, Blogger Kumar Neelakandan © (Kumar NM) said...

    വക്കാരീ, വണക്കം. പക്ഷെ ചിരിപ്പിച്ചില്ല. അതെന്തേ?

     
  9. At Sun Mar 19, 11:24:00 PM 2006, Blogger അരവിന്ദ് :: aravind said...

    :-))..നന്നായിട്ടുണ്ട്..അവസാനത്തെ ട്വിസ്റ്റും കൊള്ളാം.

    ഇതു പോലെ ഒരനുഭവത്തിനു ഞാനും സാക്ഷിയായി.
    തിരുവല്ലയില്‍ നിന്നു വെണ്ണിക്കുളത്തേയ്ക്കു വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ മുന്‍പേ ഞാനും എന്റെ പിതാശ്രീയും ബസ്സില്‍ കയറി വരികയാണ്. ഒരുമിച്ചു സീറ്റ് കിട്ടാഞ്ഞതിനാല്‍ ഞാന്‍ പിന്‍‌നിരയിലും, ഫാദര്‍ ശ്രീ അല്പം മുന്‍‌നിരയിലുമാണ് ഇരുന്നത്.
    തേക്കുമ്പടി കഴിഞ്ഞ് കറണ്ടാപ്പീസിന്റെ അടുത്തെത്തിയപ്പോ ഒരു സ്ത്രീ ആളെറങ്ങണം എന്നു പറഞ്ഞു കിളിയുടെ അടുത്തു വന്നു.
    കിളി മൈന്‍ഡ് ചെയ്തില്ല.
    ആളെറങ്ങണം എന്നു വീണ്ടും സ്ത്രീ ഒച്ചയുയര്‍ത്തി.
    കിളി നോ മൈന്‍ഡ്.
    അയ്യോ ആളെറങ്ങണേ..സ്ഥലം കഴിഞ്ഞേ എന്നു ആ സ്ത്രീ വിലപിച്ചു.
    കിളി പോ പുല്ലേ എന്ന മട്ടില്‍ നില്‍ക്കുകയാണ്. അടുത്ത സ്റ്റോപ്പ് കടവാണ്.
    പെട്ടെന്നൊരു ശബ്ദം ബസ്സിനകത്ത് മുഴങ്ങി.
    നിര്‍ത്തടാ...വണ്ടീ!!!
    എല്ലാരും(ഞാനും) ഞെട്ടി നോക്കിയപ്പോള്‍ പൂജ്യ പിതാശ്രീ ഇരിക്കുന്നതിന്റേയും നില്‍ക്കുന്നതിന്റേയും ഇടക്കൊരു പോസ്സില്‍ സീറ്റില്‍ നിന്നു പൊങ്ങി ബാലന്‍സു ചെയ്തു നിന്ന് കിളിയോടലറുന്നു.
    “നിര്‍ത്തെടാ വണ്ടീ! അവരു പറയുന്നത് നിനക്കു കേള്‍ക്കാന്‍ മേലേടാ *#$@!!“
    വണ്ടി നിന്നു.
    ഞാന്‍ ഈ ബഹളക്കാരനെ അറിയാത്ത പോലെ പുറത്തോട്ടു നോക്കിയിരുന്നു. മനസ്സില്‍ പേടിയുണ്ടായിരുന്നു. കിളിയെങ്ങാനും തിരിച്ചു വല്ലതും പറഞ്ഞാല്‍, പിന്നെ വല്ല പ്രശ്നവുമുണ്ടായാല്‍..കിരീടത്തില്‍ മോഹന്‍ലാല്‍ കീരിക്കാടനെ ആദ്യമായി അടിച്ചപോലെ..ഏയ്, എന്നെക്കൊണ്ട് അതൊന്നും പറ്റത്തില്ല.

    ഏതായാലും വെണ്ണിക്കുളത്തിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോ ഞാന്‍ ചോദിച്ചു.
    “അച്ഛനെന്തിനാ കിളിയോട് ചൂടായേ? അയാളു വല്ലതും പറഞ്ഞു പ്രശ്നമുണ്ടാക്ക്യാരുന്നേ..”
    “അതൊ?“ അച്ഛന്റെ മുഖത്തൊരു ചിരി.
    “നീ ബാക്കിലിരിപ്പുണ്ടെന്ന‍ ധൈര്യത്തിലല്ലേടാ ഞാന്‍ പ്രശ്നണ്ടാക്കിയേ?”

    ബെസ്റ്റച്ചന്‍.

     
  10. At Mon Mar 20, 01:28:00 AM 2006, Blogger viswaprabha വിശ്വപ്രഭ said...

    പ്രത്യേകിച്ച് തന്നെ ബാധിക്കാത്തിടത്തോളം കാലം, മറ്റുള്ളോന്റെ പ്രശ്നങ്ങളില്‍ തലയിട്ട് സ്വന്തം മാനവും തടിയും കേടാക്കാതിരിക്കുക എന്ന സുവര്‍ണ്ണനയം നമ്മുടെയൊക്കെ സംസ്കാരത്തിന്റെ ഭാഗമല്ലേ?

    അതുകൊണ്ടല്ലേ പെങ്ങന്മാര്‍ക്കു സൂചിയും കോമ്പസ്സും വാങ്ങാന്‍ നമുക്കു കൂടുതല്‍ പൈസ ചെലവാക്കേണ്ടി വരുന്നത്?

    ‘നാണം’ ഇത്തിരിനേരത്തേക്കു മാറ്റിവെച്ചിട്ട് എലുമ്പന്‍ ഒറ്റയാള്‍പട്ടാളമായി ഞാനും നാറിയിട്ടുണ്ട് പലപ്പോഴും. പക്ഷേ ഒരു ഘട്ടം കഴിയുമ്പോള്‍ കണ്ടുനില്‍ക്കുന്ന സാദാ അസാധുക്കളും പിന്തുണ പ്രഖ്യാപിക്കുന്നതായിട്ടാണ് അനുഭവം. അതുവരെയുള്ള ആ മുട്ടിടിയാണു സഹിക്കാനാവാത്തത്.

     
  11. At Mon Mar 20, 08:31:00 PM 2006, Blogger ഉമേഷ്::Umesh said...

    വക്കാരിയുടെ പോസ്റ്റു വായിച്ചപ്പോള്‍ ചിരിച്ചില്ലെന്ന സങ്കടം മാറി അരവിന്ദന്റെ കമന്റു വായിച്ചപ്പോള്‍. അച്ഛന്റെ അവസാനത്തെ ഡയലോഗും മകന്റെ അച്ഛനെപ്പറ്റിയുള്ള കമന്റും കലക്കി.

    അല്ലാ, തിരുവല്ലയും വെണ്ണിക്കുളവുമൊക്കെ കാണുന്നതുകൊണ്ടു ചോദിക്കുവാ, എവിടാ വീടു്?

     
  12. At Mon Mar 20, 08:43:00 PM 2006, Blogger myexperimentsandme said...

    സംഗതി ചീറ്റി... പറഞ്ഞിട്ടു കാര്യമില്ല, ഉറവ വറ്റി.
    ശലഭം, നന്ദി
    കുഞ്ഞൻസ്, നന്ദി. സ്നേഹംകൊണ്ട് ആൾക്കാര് താടിക്ക് പിടിച്ച് വലിച്ചു വലിച്ചല്ലേ വിഷാദമൂക്കനായ ഈ മുഖം ഇങ്ങിനെയായത്..

    ഉമേഷ്‌ജീ... തലകുത്തി നിന്നു, പിന്നെ തലേം കുത്തി നിന്നു. ഇതിനപ്പുറമൊന്നും വരുന്നില്ല. എന്നാലും ചെരിയുന്ന തലകളുടെ ആംഗിൾ ഓഫ് ചെരിയൽ, ജപ്പാനിലും അമേരിക്കയിലും ഒന്നുതന്നെ..

    സാക്ഷിയണ്ണോ, രക്ഷയുണ്ടെന്ന് തോന്നുന്നില്ല.. ഇനിയിങ്ങനെയൊക്കെ.... എന്താ ചെയ്ക...

    കൊടകര (വിശാലൻ?) പെരുത്ത് നന്ദി. പോസ്റ്റങ്ങ് പോരട്ടെ

    കലേഷേ, പെരുത്ത നന്ദി വളരെയധികം. ബയോയിൽ എത്രയായി ഇൻഫോർമാറ്റിക്സ് ?

    കുമാറേ, നെടുമങ്ങാടീയത്തിന്റെ കുറവും‌കൂടിയേ ഉണ്ടായിരുന്നുള്ളൂ, വാൾമാർട്ട് വന്നാപ്പിന്നെ പുഞ്ചായിലെ പലചരക്കുകട ആർക്കു വേണം ...:)

    അരവിന്ദേ, അതുഗ്രൻ, നല്ല അച്ഛൻ, അതിലും നല്ല മോൻ...

    വിശ്വം... വളരെ ശരി... ഒരു ഇനേർഷ്യ ബ്രേയ്ക്ക് ചെയ്താൽ‌‌പിന്നെ ആൾക്കാരേയൊക്കെ കിട്ടും. ആരാദ്യം എന്നുള്ളതാണ് നമ്മുടെ നാട്ടിലെ പലപ്രശ്നങ്ങളിലൊരു പ്രശ്നമെന്നു തോന്നുന്നു.

    വായിച്ചിട്ട് പതിനഞ്ചുദിവസത്തിനകം സംഗതി ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒറിജിനൽ രസീതിയും വാറണ്ടിക്കഷ്ണവും ജപ്പാനിലോട്ട് അയച്ചാൽ വായിച്ച സമയം തിരിച്ചു തരുന്നതായിരിക്കും. പതിനഞ്ചു ശതമാനം സമയം റീസ്റ്റോക്കിംഗ് ഫീയായി എടുക്കും. ക്രെഡിറ്റ് കാർഡ് നമ്പ്ര വേണം.

    അതുപോലെ തന്നെ എല്ലാവരും അവരുടെ നിലവാരോമീറ്റർ റീകാലിബ്രേറ്റ് ചെയ്യണം. അപ്പർ റീഡിംഗ് 0.00000015; ലോവർ റീഡിംഗ് , 0.00000010. പ്രതീക്ഷാമീറ്ററും അതുപോലൊക്കെത്തന്നെ.

     
  13. At Mon Mar 20, 11:07:00 PM 2006, Blogger അരവിന്ദ് :: aravind said...

    കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ ഒരു കമന്റു പാഴായിപ്പോയി എന്നു കരുതിയിരിക്കുകയായിരുന്നു.:-) ഉമേഷ്‌ ജി ശ്രദ്ധിച്ചെന്നറിഞ്ഞപ്പോള്‍, ആത്മാവ് തണുത്തു.
    വീട് വെണ്ണിക്കുളമാണ് ഉമേഷ്ജീ..ജംഗ്‌ഷനില്‍ നിന്നു ഒരു 1.5 കി മീ കോട്ടയം ദിശയില്‍. :-)

    വക്കാര്യേ..ജ്ജൊരു കമന്റ് സ്പെഷ്യലിസ്റ്റാണ് ട്ടോ..അന്റെ കമന്റ് ബായിച്ചും ഞമ്മ ചിരിച്ചീനീ..:-))

     
  14. At Thu Nov 30, 12:11:00 PM 2006, Blogger തറവാടി said...

    This comment has been removed by a blog administrator.

     
  15. At Thu Nov 30, 12:23:00 PM 2006, Blogger തറവാടി said...

    വക്കാരീ,

    എന്റെയും താങ്കളുടെ പോലെ രക്തത്തിന്‌ ബോയിലിങ്ങ് പോയന്റ് കൂറവാ, എന്നല്‍ ഇതു കൊണ്ട് തന്നെ പലസ്ഥലങ്ങളിലും , പലരുടെ മുമ്പിലും നാണവും കെട്ടിട്ടുണ്ട് , ദോഷം പറയരുതല്ലോ , ഉമ്മ എന്നും എന്റെയൊപ്പമായിരുന്നു , ഇന്നുണ്ടായ ഒരനുഭവം പറയാം ,


    ഞാങ്ങള്‍ താമസിക്കുന്ന കോളനിയില്‍ നിന്നും വരുന്ന റോഡ്‌ മെയിന്‍ റോഡിലെത്തുന്നതിന്‌ തൊട്ടു മുംപെ ഒരു റൌണ്ട് എബൌട്ട് ഉണ്ട്.

    സാധാരണ തിരക്കില്ലെങ്കിലും , രാവിലെ 7 , 8 മണിക്ക് തൊട്ട് മുംപെ ചെറിയ ഒരു തിരക്കുണ്ടാകും.

    റൌണ്ടെബൌട്ടില്‍ ചേരുന്ന മറ്റ് രണ്ട് റോഡുകളില്‍ നല്ല ഒരു "ക്യൂ" ഉണ്ടാകുമെങ്കിലും ചിലപ്പൊള്‍ എന്റെ റോഡില്‍ അതുണ്ടാകാറില്ല

    , കാരണം , രണ്ട് റ്റ്റാക്ക് ഈ റൌണ്ടില്‍ എത്തുമ്പോള്‍ അത്‌ ഒന്നാകും ,

    ഇതിലൂടെ സഞ്ചരിക്കുന്ന കാറുകള്‍ , 99% അവിടെ താമസിക്കുന്നവരോ , എന്നും അതിലൂടെ യാത്ര ചെയ്യുന്നവരോ ആണ്‌

    , അവര്‍ക്കറിയാം , രണ്ട് ട്റാക്ക് ഒന്നാകും എന്നും 

    , റൌണ്ടിലേക്ക് കടക്കാന്‍ പറ്റില്ലെന്നും , എന്നാലും ചില " അലവലാതികള്‍" , ക്യു മറികടന്ന്‌ ഓടി മറ്റേ റ്റ്റാക്കിലൂടെ ചെന്ന് ആകെ ജാമാക്കും

    നേരെ വാ , നേരെ പോ എന്നരീതിയുള്ളവര്‍ , ക്യൂവില്‍ നിന്ന്‌ , ഇവന്‍ മാര്‍ക്ക് " പൊയ്ക്കോ| എന്നും പറഞ്ഞ് പിന്നെയും കാത്തുകെട്ടി കിടക്കും.

    ഈ യിടെ ഇതു വല്ലാതെ കൂടിയിരിക്കുന്നു ,

    ഇന്ന്‌ എന്റെ പിന്നില്‍ നിന്നിരുന്ന ഒരു അലവലാതി , ഇതേ പണിയെടുത്തു ,

    ഞാന്‍ റൌണ്ടില്‍ എത്തിയതും അവന്‍ സൈഡിലൂടെ വന്ന്‌ കയറാന്‍ തുടങ്ങി , ( ഏതോ തറ സൌതാഫ്രിക്കനാ , അവന്‍റ്റെ വിചാരമൊ , ഇങ്ളണ്ടില്‍ മന്ത്രിയാണെന്നും")

    എന്റെ ചോര തിളക്കാന്‍ തുടങ്ങി ,വണ്ടി ഇടിച്ചാലും വേണ്ടില്ല , അവനെ കടത്തിവിടില്ലാ , ഞാന്‍ തീരുമാനിച്ചുറച്ചു ,

    എന്റെ പിന്നിലൂണ്ടായിരുന്ന ആള്‍ക്ക് കാര്യം പിടികിട്ടി , അയാളും എന്റെ വണ്ടിയെ തൊട്ടുരുമ്മി പോന്നു ,

    അവന്‍ ഗ്ളസുതാഴ്ത്തുന്നു , നോക്കുന്നു , ഞാന്‍ ആ സമയത്ത് " ചന്ദ്രനില്‍ ബഹിരാകാശത്ത്‌ " ആയതിനാല്‍ അയാളെ കണ്ടതുമില്ലാ

    എന്തായാലും , ഞാനും എന്റെ പിന്നിലെ ആളും പോന്നിട്ടേ അയാള്‍ക്ക് കയറാന്‍ കഴിഞ്ഞുള്ളൂ , അതും വല്ലവന്‍റ്റേയും സൌചന്യത്താല്‍ , എന്നാല്‍ നാളെയും ഇവന്‍ ഈ പണി ചെയ്യും അതു 100 ശതമാനം ഉറപ്പ്

    ഞാന്‍ വന്ന് ആദ്യം ചെയ്തത് , ഇവിടെ "അല്‍ അമീന്‍ " സര്‍വീസിലെക്ക്‌ , ദുബൈ പൊലീസിന്റെ ഒരു യുണിറ്റ് , വിശദമായി ഒരു മൈല്‍ അയച്ചു , ദാ മറുപടിയും വന്നു

    ഇതൊക്കെയാണെങ്കിലും , ഞാന്‍ ചെയ്തത് , അവിടെ റോഡില്‍ , ശരിയായില്ലാന്ന് ഇപ്പോ എനിക്ക്‌ തോന്നുന്നെങ്കിലും , ചിലപ്പോള്‍ നമുക്ക്‌ ഈ ചിന്ത വരില്ലാ

    പെട്ടെന്നെഴുതിയതാ, സ്പെല്ലിങ്ങ് കുഴപ്പങ്ങള്‍ പൊറുക്കുക

     

Post a Comment

<< Home