ഭീഷണി
“ഞാൻ പറഞ്ഞതുപോലെ കേട്ടില്ലെങ്കിൽ അടിച്ചുനിന്റെ......” - നാൽക്കവല ഭീഷണി.
“.... നിന്റേം നിന്റെ പിള്ളേരുടേം കാര്യം ഞാനേറ്റൂന്ന്” - ടി.ജി. രവി ഭീഷണി.
“ജസ്റ്റ് റിമംബർ ദാറ്റ്....................” - സുരേഷ് ഗോപി ഭീഷണി.
നരേന്ദ്രപ്രസാദ് ഭീഷണി, ബാലൻ കെ നായർ ഭീഷണി, ഭീമൻ രഘു ഭീഷണി, മമ്മൂട്ടി ഭീഷണി, ലാലേട്ടൻ ഭീഷണി...
അങ്ങിനെ എത്രയെത്ര ഭീഷണികൾ......
പക്ഷേ താഴെ കൊടുത്തിരിക്കുന്ന ഡയലോഗുകളിൽ തലകുത്തിനിന്നിട്ടും ഒരു ഭീഷണി കാണാനോ കേൾക്കാനോ പറ്റുന്നില്ല.
ആകപ്പാടെ കണ്ടത് നീ എന്നും നിങ്ങളെന്നുമുള്ള വിളി. പല പ്രദേശത്തും സ്നേഹത്തോടെ തലോടുമ്പോഴും അങ്ങിനെയൊക്കെ വിളിക്കാറുണ്ടെന്ന് കേൾക്കുന്നു.
ഒരു പക്ഷേ ഡോരവി ഒരു പാവമായിരിക്കും “അതിങ്ങിനെതന്നെ പറഞ്ഞാൽ മതി” എന്നും നീ എന്നും നിങ്ങളെന്നുമൊക്കെയുള്ള വിളികൾ അദ്ദേഹത്തിന് ഒരു ഭീഷണിയായി തോന്നിയിരിക്കാം.
പക്ഷേ സുരേഷ് ഗോപിയണ്ണന്റേയും ഭീമൻ രഘുവേട്ടന്റേയും ഇന്ദ്രൻസിന്റേയുമൊക്കെ ഭീഷണിപ്പെടുത്തുന്ന നെടുനെടുങ്കൻ ഡയലോഗുകൾ പാടത്തും പാടശേഖരങ്ങളിലും വയലേലകളിലും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആവേശം പകരാനായി ആവേശപൂർവ്വം സംപ്രേക്ഷണം ചെയ്യുന്ന കൈരളി ചാനലിന് ഈ ഡയലോഗുകളിൽ എങ്ങിനെ ഭീഷണി കണ്ടെത്താനായി എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
ചായക്കോപ്പകളിൽ കൊടുങ്കാറ്റുണ്ടാക്കാനുള്ള മറ്റൊരു മാധ്യമ ശ്രമം തന്നേ ഇത്?
മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ കാര്യം വെട്ടിത്തുറന്നങ്ങ് തെളിയിച്ചാൽ പോരേ എന്നൊരാശങ്ക.
ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയതും കൊണ്ട് ഉദ്ദേശിച്ച കാര്യം നടത്തുക........
പക്ഷേ ഈ മന്ത്രിപുംഗവ-ഡാക്കിട്ടർ ഡയലോഗിനെ മന്ത്രി ഡാക്കിട്ടരെ സ്വാധീനിക്കാൻ ശ്രമിച്ചു-പുറത്താക്കൂ എന്ന രീതിയിലാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി വിശ്വാസ്യത കിട്ടുകയില്ലായിരുന്നോ എന്നും ഒരാശങ്ക.
ഹിനിയിപ്പോ ആരേയും ഒന്നിനേയും വിശ്വസിക്കാൻ പറ്റില്ലാ എന്നുള്ളത് ഇതിന്റെ ബാക്കിപത്രം. വെറുതെ ഫോൺ ചെയ്ത് ഹലോ പറഞ്ഞാൽ അതും റിക്കോർഡ് ചെയ്തിട്ട് സംപ്രേക്ഷണം ചെയ്യും. വൈകുന്നേരത്തെ വാർത്തകളിൽ പരിചയുമുള്ള എന്തെങ്കിലുമൊക്കെ ശബ്ദങ്ങൾ കേട്ടാൽ ഞെട്ടേണ്ട. നമ്മുടെയൊക്കെ പ്രൈവസി പോളിസികളെ ഒന്ന് റീഡിഫൈൻ ചെയ്യേണ്ടിയിരിക്കുന്നു.
ഏതായാലും ഈ സംഭാഷണമാമാങ്കത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്:
മന്ത്രി: “അതൊക്കെ നിങ്ങളെ ഭയപ്പെടുത്താൻ തട്ടിപ്പ് പറയുന്നതാണ്.അത് നമുക്ക് അങ്ങിനെതന്നെ പറയാം”
ഡോരവി: “ങാ അങ്ങിനെ പറയാം”
മന്ത്രി നമുക്കങ്ങിനെ പറയാമെന്നു പറഞ്ഞു; ഡോരവിയും പറഞ്ഞു, “ഓ” എന്തു നല്ല പൊരുത്തം!
മന്ത്രി ഒരു ശുദ്ധനും നിഷ്‌കളങ്കനും സർവ്വോപരി ഒരു പാവവുമാണെന്നതിന്റെ ഉത്തമോദാഹരണം:
മന്ത്രി: “ഇത് നിങ്ങള് ഇനി ആരെങ്കിലും വന്നിട്ടുണ്ടെങ്കില് നിങ്ങള് പറയേണ്ടത്, ഞാൻ അങ്ങിനെ സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല, എന്താ റിക്കോർഡ് ചെയ്തതെന്നറിയില്ല, തിരക്കിലെന്തോ പറഞ്ഞു, നിങ്ങള് ഒപ്പിട്ടു കൊടുത്തിട്ടുണ്ടോ?“
ഡോരവി: “അല്ല, അതു പറയാം സാർ”
മന്ത്രി: ‘ങേ”
ഡോരവി: “അത് പേഴ്സണലായി പറയാം. ഇനി ഇപ്പോ അതും റിക്കോർഡ് ചെയ്തെങ്കിലോ, അതും ബുദ്ധിമുട്ടായിരിക്കും”
പാവം മന്ത്രി. ആ പറഞ്ഞതൊക്കെ വള്ളിപുള്ളി വിടാതെ റിക്കോർഡ് ചെയ്തപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഡോരവി അത് തന്നാലാകുന്ന രീതിയിൽ മന്ത്രിയദ്ദ്യേത്തെ ബോധിപ്പിക്കുകയും ചെയ്തു. എന്തു ഫലം....
എന്തായാലും ഇത്തരം ചോർത്തലുകൊണ്ടെങ്കിലും നാട്ടിലെ തോന്ന്യാസങ്ങൾ ഒന്ന് തോർന്ന് തീർന്നെങ്കിൽ എന്നൊന്നാശിച്ചുംകൂടി പോകുന്നു. പക്ഷേ ഫോൺ വിളിച്ച് പേടിപ്പിച്ചാൽ ചോർത്തുമെന്ന് പേടിച്ച് ഇനി ഈ അണ്ണന്മാർ ഏതെങ്കിലും ചോർത്തൽ പ്രൂഫ് മാർഗ്ഗങ്ങൾ അവലംബിക്കുമോ എന്നതാണ് അടുത്ത ആശങ്ക.
വെള്ള ഷർട്ടും വെള്ള മുണ്ടുമിട്ട് വെളുത്തിരിക്കുന്ന മന്ത്രിയെ വെള്ളപൂശാനോ കരിവാരിത്തേക്കാനോ അല്ലേ ഇതെഴുതിയത്. കണ്ടാലറയ്ക്കുന്ന മാലിന്യങ്ങളിൽ പോലും ഒരു മടിയുമില്ലാതെ ഇറങ്ങിച്ചെല്ലുന്ന ആളാണല്ലോ ഈ മന്ത്രി. പക്ഷേ ഇപ്പറഞ്ഞ ഡയലോഗുകൾ മാത്രമെടുത്താൽ അതിലെന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് ഈ കോലാഹലമൊന്നുമറിയാത്ത അപ്പുക്കുട്ടനോട് (കടപ്പാട് തരംഗങ്ങളിൽ പനച്ചി) ചോദിച്ചാൽ അപ്പുക്കുട്ടനും കൺഫ്യൂഷനാവില്ലേ എന്നൊരു ശങ്ക.
(കുഴപ്പം എന്റെയോ ഇവിടുത്തെ തണുപ്പിന്റെയോ രണ്ടുംകൂടിയോ ആവാനും എല്ലാവിധ സാധ്യതകളും ഉണ്ട് കേട്ടോ. രാവിലെ എഴുന്നേറ്റിട്ട് പല്ലും തേച്ചിട്ടില്ല)
15 Comments:
“ഡോരവി: “അത് പേഴ്സണലായി പറയാം. ഇനി ഇപ്പോ അതും റിക്കോർഡ് ചെയ്തെങ്കിലോ, അതും ബുദ്ധിമുട്ടായിരിക്കും”“ - punch line.ഇതിനി മിമിക്രിക്കാർ എങ്ങെനെ മുതലാക്കും അന്ന് കാണാം.
"യൂ ജസ്റ്റ് ഡിസംബര്‍ ദാറ്റ് " എന്നല്ലേ വക്കാരീ
ഓഡിയോ ഞാനും കേട്ടു. മനോരമക്കാര്‍ അതില്‍ എന്തു കണ്ടാണോ പൊതുനിരത്തില്‍ ഡൌണ്‍ലോഡിനിട്ടത്!! ഓഡിയോയില്‍ നിരക്കാത്തതൊന്നും ഞാന്‍ കണ്ടില്ല. ഇതൊക്കെ ഊതിവീര്‍പ്പിക്കാന്‍ എത്രയോ ആള്‍ക്കാര്‍, പത്രക്കാര്‍. എന്നാല്‍ ചന്ദ്രശേഖരന്റേ പോലൊരു ഉദ്യമത്തെ സഹായിക്കാന്‍ പത്രക്കാരനുമില്ല, ചാരന്‍മാരുമില്ല..
സ്വാര്‍ത്ഥാ, അതു ജസ്റ്റ് നവംബര്‍ ദാറ്റും ആകാം.
:)
വക്കാരിയ്ക്ക് പിന്നെയും എവിടെക്കൊയോ വർണ്യത്തിലാശങ്ക ഇല്ലേ...?
എല്ലാം ഒരു കളിയല്ലേ വക്കാരീ..
പൊതുജനത്തെ 'അത്' തന്നെ ആക്കാൻ ഇവറ്റകളൊക്കെ നടത്തുന്ന നാണംകെട്ട നാലാം കിട കളി..!
അതിൽ രാഷ്ട്രീയമെന്ന ചേർ പുരണ്ടവന്മാർ ആട്ടക്കാരും,മാധ്യമങ്ങളെന്ന മേളക്കൊഴുപ്പുകാരും...
ലവൻ കൊട്ടും.... ലവൻ ആടും..!!
രേഷ്മേ... മിമിക്രി അതൈഡിയാ..
സ്വാർത്ഥാ, റോക്സീ... എന്തുകൊണ്ട് യൂ ജസ്റ്റ് സെപ്റ്റംബർ ദാറ്റ് പറ്റില്ലാന്നാ എന്റെ ഒരു സംശയം.
കലേഷേ, നന്ദി... തടിയെവിടെവരെയായി
മേഘമേ, വളരെ ശരി. അവരാടും പൊതുജനം കണ്ടു രസിക്കും. ഇതിനെപ്പറ്റിയൊക്കെ ഓർത്ത് നമ്മളെന്തിനു ബീപ്പീ കൂട്ടണം... പക്ഷേ എന്നെ പിന്മൊഴി പുറത്താക്കി. എങ്ങിനെ ഉള്ളിൽക്കയറാമോ ആവോ...
സൂവിനോട് ഏവൂരാൻ പറഞ്ഞതുപോലെ ബ്ലോഗ്‌സെന്റ് അഡ്രസ്സ് പിന്മൊഴികൾ അറ്റ് ജിമെയിൽ ഡോട്ട് കോമാക്കി നോക്കി. നോക്കട്ടെ സംഗതി ശരിയായോന്ന്.
കമ്മന്റി നോക്കട്ടെ വക്കാരീ...
വക്കാരീ,
താങ്കളുടെ ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സ് ഇതാക്കിയാല്‍, ഇവിടുത്തെ കമ്മന്റുകളും വരേണ്ടതാണ്
(ആ ഈ-മെയില്‍ അങ്ങിനെ തന്നെ ഇവിടെഴുതാത്തത്, സ്പാമരനാം ബോട്ടുകാരേ [കടപ്പാട്, ദേവന്‍] ഭയന്നു തന്നെയാണ്...)
ശെ. ഐ മീന്‍: Comment Notification Address.
ബ്ലോഗ്‌സെന്‍ഡിട്ടാല്‍ കമ്മന്റുകള്‍ വരുന്നതെങ്ങിനെ..?
എന്റെ ഒരു കാര്യമേ...?
ഏവൂരാനേ, ഒരു നന്ദി പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിക്കുന്നു.
പെരുത്ത് നന്ദി. ഇപ്പോൾ ബ്ലോഗ്‌സെൻഡഡ്രസ്സ് പിന്മൊഴി ജീമെയിലും, കമന്റ് നോട്ടിഫിക്കേഷനഡ്രസ്സ് പഴയ ഗൂഗിൽ ഗ്രൂപ്പഡ്രസ്സും. ഇട്ട ബ്ലോഗും പഞ്ചായത്തിൽ വരുന്നുണ്ട്, കമന്റും വരുന്നുണ്ട്..
..എന്നാണ് തോന്നുന്നത്.
താങ്കൾ ഒരു ജീനിയസ്സു തന്നെ
കമന്റഡ്രസ്സ് ഗൂഗിൽഗ്രൂപ്പ് ജീമെയിലും ബ്ലോഗുസെൻഡ് പിന്മൊഴി ജീമെയിലുമായിരുന്നപ്പോൾ, സൂവിന്റെ പോസ്റ്റിലെ കമന്റ് പഞ്ചായത്തിൽ വന്നു. വേറേ ഒരിടത്തേം (എന്റേതുൾപ്പടെ) വരുന്നില്ല.
അതുകൊണ്ട് കമന്റ്ഡ്രസ്സും പിന്മൊഴി ജീമെയിലാക്കി. ഇതു വരുമോ എന്നു നോക്കട്ടെ.
ആകപ്പാടെ പ്രശ്നമായല്ലോ
മൂത്തവർ ചൊല്ലും മുതുനെല്ലിക്കായും ആദ്യം കയ്‌ക്കും, പിന്നേം കയ്‌ക്കൂന്നാണല്ലോ
ഏവൂർജി പറഞ്ഞതുപോലെ കേട്ടില്ല. കുളമായി.
ഇപ്പം കേട്ടു. കുളം പടമായോ (കടപ്പാട് സീയെസ്സ്) എന്നു നോക്കട്ടെ..
ഇപ്പം എന്റെ പോസ്റ്റിലെ എന്റെ കമന്റ് പഞ്ചായത്തിൽ... സ്വാർത്ഥന്റെ ഗർഭിണിപോസ്റ്റിലെ ഗർഭിണിയായോന്നുള്ള ടെസ്റ്റിംഗ് കമന്റ് പെരുവഴിയിൽ...
ശ്ശെടാ, പിന്നെയും പ്രശ്നമാണല്ലോ
ഇപ്പോ എങ്ങിനെയുണ്ടെന്ന് നോക്കട്ടെ.. എല്ലാം പിന്മൊഴിജീമെയിൽ
Post a Comment
<< Home