അലക്സാണ്ടർ ദ ഗ്രേറ്റ്
സ്വാർത്ഥന്റെ പുതിയ കൂട്ടുകഥയിലെ നാരദേട്ടന്റെ കമന്റിൽ വാഷിംഗ് മെഷിനെപ്പറ്റി പറഞ്ഞിരിക്കുന്നതുകണ്ടപ്പോൾ അനിയച്ചാർ അവന്റെ ഒരു കൂട്ടുകാരനെപ്പറ്റി പറഞ്ഞതോർത്തു.
അവന്റെ ഒരു പ്രിയസുഹൃത്തിന്റെ ക്ലാസ്സ് കഴിഞ്ഞ് ഹോസ്റ്റലിൽ വന്നാലുള്ള ഏറ്റവും പ്രിയ വിനോദം തുണിയലക്ക്.
ആദ്യം ഒരു ഷർട്ടെടുത്ത് വെള്ളത്തിൽ മുക്കി, കോളറിൽ അഞ്ഞൂറ്റൊന്ന് തേച്ച് പിടിപ്പിച്ച് കുറച്ച് വെള്ളം തളിച്ച് ബ്രഷിട്ടുരച്ച്, പിന്നെ ഷർട്ട് മൊത്തമായി അഞ്ഞൂറ്റൊന്ന് തേച്ച് പിടിപ്പിച്ച്, മൊത്തത്തിലുരച്ച് വെള്ളത്തിൽ മുക്കി, ലൈറ്റിനു നേരേ പിടിച്ച് ഗഹനമായി ആലോചിച്ച്, ഷർട്ടിന്റെ കൈയുടെ തുമ്പത്ത് മറ്റാരും കാണാത്ത ആ ചെളിയിൽ ഒന്നുകൂടി അഞ്ഞൂറ്റൊന്ന് തേച്ച്......
അതുകഴിഞ്ഞ് അടുത്ത ഷർട്ടെടുത്ത്....
ഇങ്ങിനെ മണിക്കൂറുകളോളം സ്വയം മറന്ന് ആസ്വദിച്ച് തുണിയലക്കുന്ന അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാന്യകൂട്ടുകാർ ജോർജ്ജ് വാഷിംഗ്‌ടൺ എന്നു വിളിച്ചു.
വളരെ ന്യായമായ ഒരു വിളി..
ഒരു ദിവസം ആ പാവത്തിനെ പാമ്പ് കടിച്ചു. കടിച്ചവൻ ശംഖുവരയൻ. ആംഗലേയ നാമം ക്രെയ്റ്റ്.
മാന്യകൂട്ടുകാർ അദ്ദേഹത്തെ, തുണിയലക്കിലുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത താത്പര്യത്തെ തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവങ്ങളിലൊന്നായ പാമ്പുകടിയുമായി ബന്ധിപ്പിച്ച് ഇങ്ങിനെ വിളിച്ചു:
അലക്ക് സാണ്ടർ ദ ക്രേറ്റ്.
14 Comments:
kidilan!!!!!!
ഞങ്ങളുടെ റൂട്ടിൽ “ഭർത്താവിനു ക്യാൻസർ അമ്മക്കു റ്റ്യൂമർ, അയൽക്കാരനു സോറിയാസിസ്” എന്നൊക്കെ അച്ചടിച്ച കാർഡ് ഉപയോഗിച്ച് തെണ്ടുന്ന വിജയമ്മച്ചേച്ചിക്ക് “കാർഡിയോളജിസ്റ്റ്” എന്ന്നു ബിരുദം കൊടുത്തപോലായല്ലോ വക്കാരിയേ!!
കോളറിലെ അഴുക്ക് : കോളറിന്റെ വലിപ്പം കൂടുംതോരുംതോറും കാറ്റിൽ ഇവൻ സദാ പറന്നു കളിക്കുന്നത് കൂഒടുകയും തദ്വാരാ അഴുക്ക് കൂടുതൽ ശക്തമായി മടക്കിലുറക്കുകയും ചെയ്യും. സൈക്കിൾ ചവിട്ട്, ബൈക്ക് ഓടിക്കൽ മുതലായവ കോളറിന്റെ കഴുത്തിലുരയൽ പെർ മിനുട്ട് (KPM)പതിന്മടങ്ങ് വർദ്ധിപ്പിച്ച് പ്രശ്നം ഗുരുതരമാക്കും. ക്രിക്കറ്റുകളി ഫൂട്ട്ബാൾ കളി എന്നിവയും പഠിക്കാതെ പരീക്ഷയെഴുത്ത്, വലിയ പരിചയമില്ലാത്ത പെൺകുട്ടികൾക്ക് പ്രേമലേഖനമെഴുതിക്കൊടുക്കാൻ ശ്രമിക്കൽ എന്നിവയും വിയർപ്പിന്റെ അളവിനെ കൂട്ടി കോളറിലെ ചെളി വർദ്ധിപ്പിക്കുന്നു.
വക്കാരീ,
'ഗ്രേറ്റ്, ഗ്രേറ്റ്'
ജോർജ്ജ് വാഷിങ്ങ്ടൺ..
കർമ്മത്തിന് ചേർന്ന നാമം..!
വക്കാരീ...
നർമ്മം എന്ന വാക്കിന് വക്കാരി എന്നൊരു അർഥം കൂടി കൊടുക്കുന്നു..!
വക്കാരിയുടെ ബ്ലോഗിൽ കയറിയാൽ പിന്നെ നോ ടെൻഷൻ..!
ഇടിപൊളി.:)
"ലൈറ്റിനു നേരേ പിടിച്ച് ഗഹനമായി ആലോചിച്ച്"
------
ഇവിടെ യു.എ.ഇ. ക്കാർക്ക് സാധാരണയുള്ള അഞ്ചര ദിവസം വർക്കിങ്ങും ഒന്നര ദിവസം ഓഫും എന്നുള്ളത് ഈയാഴ്ച, തിരിഞ്ഞുപോയതുകൊണ്ട്, ബ്ലോഗിങ്ങ് കാര്യായിട്ട് നടന്നില്ല. :(
അധികമായാൽ... 'വിഷവും അമൃത്' എന്ന് പറഞ്ഞപോലെയായി ഇവിടെ ഹോളീഡേയ്സ്.
ഇഷ്ടാ, വക്കരി ഇഷ്ടാ, ഒരേ ദ്വീപസമൂഹത്തിലാണ് ഉപജീവനമെങ്കിലും, ഇഷ്ടന്റെ പോസ്റ്റുകള്‍ ഇഷ്ടം പോലെ വായിക്കറുണ്ടെങ്കിലും, ഇതു വരെ കമാ-ന്നൊരു കമെന്റിടാന്‍ എനിക്കു സാധിച്ചില്ല.. വേറൊന്നും കൊണ്ടല്ല, ഇഷ്ടന്റെ പോസ്റ്റുകള്‍ നീളമുള്ളതും നര്‍മ്മമേറിയതുമാകയാല്‍ നോം അത് പ്രിന്റെടുത്ത് പതിയെ വായിക്കാറാണ് പതിവ്. ഇപ്രാവശ്യം എല്ലാം തീര്‍ത്ത് ഏതായാലും ഒന്ന് കമന്റിയേക്കാമെന്നു വിചാരിച്ചു. ആളിയോ (ഇനി ടോണ്‍ മാറ്റാം), അളിയന്റെ പോസ്റ്റെല്ലാം അടിപൊളി. തുടക്കം മുതല്‍ ഒടുക്കം വരെ. എന്നും ഞാന്‍ വരാം.. ഇനി പറ്റുന്പോഴൊക്കെ കമന്റുകയും ചെയ്യാം!
നവനീതേ, നന്ദി. അവിടുത്തെ ബ്ലോഗുതടസ്സങ്ങളൊക്കെ മാറിയോ?
ദേവേട്ടോ, അപ്പോ അങ്ങിനെയൊരു സംഭവമുണ്ടായോ.. “കാർഡിയോളജിസ്റ്റ്” അടിപൊളി. അതിനർത്ഥം സാധാരണ നമ്പരുകളൊന്നും ഏൽക്കാത്ത അസാധാരനാണ് താങ്കളെന്ന്. ജപ്പാനിൽ താങ്കൾ “സകലകലാവല്ലഭ”നെന്നറിയപ്പെടുന്നു. എന്നാലും ഒരു യഥാർത്ഥ കാർഡിയോളജിസ്റ്റ് നാണിച്ചു പോകുന്ന ഹൃദയജ്ഞാനമല്ലിയോ, താങ്കൾക്ക്.
ഒരു ഗവേഷണവിഷയം പരതി നടക്കാൻ തുടങ്ങിയിട്ട് നാളുകുറെയായി. ഐഡിയായ്ക്കു നന്ദി. “ദ എക്സ്റ്റെന്റ് ഓഫ് സോയിൽ ഡിപ്പോസിറ്റ് ഇൻ ആൻ അൺവാഷ്‌ഡ് കോളർ-സ്പെക്ട്രോസ്കോപ്പിക്ക് ആന്റ് മൈക്രോസ്കോപ്പിക് ഇവാല്യുവേഷൻ” എന്നോ മറ്റോ പേരിൽ ഒരു ഗവേഷണം തുടങ്ങാൻ പോകുന്നു. വലിപ്പവും ചെളിയും, ചെളിയും സോപ്പും, ചെളിയും കഴുത്തും, കഴുത്തും സോപ്പും തുടങ്ങി എല്ലാവിധ ബന്ധങ്ങളും പഠനവിഷയം. ഒരു മിനിറ്റിൽ അടിഞ്ഞ ചെളിയുടെ തൂക്കം. അങ്ങിനെയാണെങ്കിൽ ഒരു മാസം എത്ര ചെളി അടിയാം. ചെളിയും കുളിയും തമ്മിലുള്ള ബന്ധം. കാറ്റിന്റെ സ്പീഡ് അടിയുന്ന ചെളിയെ എങ്ങിനെ ബാധിക്കുന്നു; കാറ്റിൽ എത്രമാത്രം ചെളി കോളറിൽനിന്നും പറന്നുപോകുന്നു; ചെളികൊണ്ട് കറന്റുണ്ടാക്കാൻ പറ്റുമോ? ചെളിയുടെ കെമിക്കൽ കോമ്പോസിഷൻ.... ഹോ നാലു പി.എച്ച്.ഡീക്കെങ്കിലുമുള്ള സ്കോപ്പുണ്ട്. വളരെ നന്ദി. അപ്പോൾ ചോദ്യങ്ങൾ: കാറ്റിൽ പറന്നുകളിക്കാതെ മുറിക്കകത്ത് ശാന്തമായിരിക്കുന്ന ബെഡ്‌ഷീറ്റ്, പുതപ്പ്, തലയിണക്കവർ എന്നിവ നനച്ചില്ലെങ്കിലും കുഴപ്പമുണ്ടോ? അതുപോലെ കാറ്റിൽ പറന്നുനടക്കാത്ത വേറേയും വസ്ത്രങ്ങൾ ശരീരത്തിലുണ്ടല്ലോ. അവയുടെ കാര്യമോ? നനയാണ് കുളികഴിഞ്ഞാൽ പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എന്തെങ്കിലുമൊക്കെ ഒഴിവാക്കാൻ പറ്റിയാലെന്നാലോചിച്ചുപോയി.
സ്വാർത്ഥാ.... നന്ദി, നന്ദി...
മേഘങ്ങളേ, പാടിയുറക്കാൻ (ബാക്കി വന്ദനം സിനിമയിൽ). ഞങ്ങളുടെ നാട്ടിൽ ഇതിനെ ചളം എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നത് :)) താങ്കളുടെ എല്ല്‌ക്കേയ്ജ്ജീന്റർവ്വ്യൂ വായിച്ച് രസിച്ചു. നർമ്മം എന്ന വാക്കു കേട്ടപ്പോൾ ആസ്‌പത്രിയിലെ നാലാം വാർഡിൽ സ്ഥിരമായി കേൽക്കുന്ന പല്ലവി ഓർമ്മ വന്നു:
“വർമ്മയായാലും ശർമ്മയായാലും മർമ്മം നോക്കി കർമ്മം ചെയ്യണം”
ശർമ്മയും വർമ്മയും നാലാംവാർഡിലെ ഡോൿടേഴ്‌സ്. പറഞ്ഞത് നാലാം വാർഡിലെ രോഗി.
വിശാലാ... അന്നദാതാവായിരുന്ന ഷേയ്ക്ക് മരിച്ചപ്പോൾ യൂയേയീക്കാരൊക്കെ പർദ്ദ താഴ്ത്തിക്കെട്ടി ദുഃഖം ആചരിച്ചോണ്ടിരിക്കുന്ന സമയത്ത് നാട്ടിലേക്കുള്ള വിമാനത്തിനൊന്നും ടിക്കറ്റില്ലെന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു... വിരോധാഭ്യാസം :)റീചാർജ്ജിംഗൊക്കെ കഴിഞ്ഞല്ലോ അല്ലേ.. എന്നാ തുടങ്ങിക്കോ. അല്ലെങ്കിൽ ആരാധകർ കൈ വെയ്ക്കും.. :))
റോക്സിയേ.... ഞാനിങ്ങിനെ മസിലുപിടിച്ച് ടെൻഷനടിച്ച് ഇരിയ്ക്കുകയായിരുന്നു... എന്റെ പൊടിപ്പുകളും തൊങ്ങലുകളും കൂളായി തെളിവുസഹിതം തൊലിയുരിയാൻ റോക്സി-നീലൻ ടീംസിന് ഈസിയായി പറ്റുമല്ലോ എന്ന് പേടിച്ച്. നീലൻ ഇതുവരെ അങ്ങിനെ ശരിക്കുള്ള രംഗപ്രവേശം ചെയ്യാത്തതുകൊണ്ട് ആകെ പേടിക്കേണ്ടത് റോക്സിയെ. ബ്ലോഗ് തുടങ്ങിയപ്പോൾ ആദ്യം നോക്കിയത് അന്നാട്ടിലും ഇന്നാട്ടിലും പൊതുവായിട്ടുള്ള നാട്ടുകാരാരെങ്കിലും ഉണ്ടോ എന്ന്. നോക്കിയപ്പോഴേ കണ്ടത് റോക്സിയുടെ ചക്കച്ചുള. രക്ഷയില്ലാ എന്നുതന്നെ ഉറപ്പിച്ചു. എന്നാലും ആകെ ഒന്ന് മുങ്ങിയാലല്ലേ കുളിച്ചു കയറാൻ പറ്റൂ എന്ന് വിചാരിച്ചാ മുങ്ങിയത്. വളരെ സന്തോഷായീട്ടോ. താങ്കളുടെ ഗോദായിലെ നിത്യസന്ദർശകൻ ഞാൻ. കണ്ണുകിട്ടാതിരിക്കാൻ മാത്രം കമന്റാൻ പറ്റുന്നവൻ ഞാൻ!
സാരമില്ല, ഞാനീ ഹൊക്കൈഡോ-ല്‍ ഒതുങ്ങിക്കഴിഞ്ഞോളാം. ബാക്കി ജപ്പാന്‍ ഇങ്ങളെടുത്തോ, മൊത്തമായും ചില്ലറയായും (നമുക്കിങ്ങനെ ജപ്പാന്‍ മൊത്തം പങ്കിട്ടു കളിക്കാം, എന്താ?). പക്ഷേ അമ്മ പിറന്നാലും ഉണ്ണി മറന്നാലും, ഇടിവെട്ടിയ പാന്പു കടിച്ചാലും (ഹൊക്കൈഡോ ചൊല്ലുകള്‍) ഹൊക്കൈഡൊ-ല്‍ കാലുകുത്തിയേക്കരുത്. ജസ്‍റ്റ് റിമെന്പര്‍ ദാറ്റ് (കടപ്പാട്: സുരേഷ് ഗോപി).
ref: ഹോന്‍ഷു-ഹൊക്കൈഡോ പീസ് ട്രീറ്റി.
വക്കാരീ, വരാൻ അൽപ്പം താമസിച്ചു...
അലക്കാൻ കൊതിയുള്ള ഒരു പയ്യനെപ്പറ്റി ആദ്യമായി കേൾക്കുകയാണ്... എന്റെ അറിവിൽ ഉള്ളവർക്കെല്ലാം അലക്കെന്നു കേൾക്കുമ്പോളേ കലിയാണ്... മുനിസിപ്പാലിറ്റിക്കാർ പിടിച്ചോണ്ടു പോകും എന്ന അവസ്ഥയിൽ മാത്രമേ ഞങ്ങൾ അലക്കാറുള്ളു...
അതും, നേരെത്തെ പറഞ്ഞ കാറ്റത്തിളകാത്ത വസ്ത്ര ശകലങ്ങൾ ഓരോന്നും നേരെ 7 ദിവസം, മറിച്ചേഴു ദിവസം, തിരിച്ചേഴു ദിവസം, കുടഞ്ഞേഴു ദിവസം, അങ്ങനെ പല സ്റ്റേയ്‌ജ് കഴിഞ്ഞേ അലക്കാനായി കൊടുക്കാറുള്ളു... :-)
ആദിത്യനു ഡെഡിക്ക്കേറ്റ് ചെയ്യുന്നു പഴയ ഹൈസ്കൂൾ തമാശ ഒരെണ്ണം.
അമേരിക്കയിലെ ജോർജ്ജു കുറ്റിക്കാടനും ബ്രിട്ടനിലെ ടോണിക്ക് സപ്ലയറും കേരളത്തിൽ വന്നു. കേരള മുഖ്യൻ ഇവരെ നാടൊക്കെ കൊണ്ടു കാണിക്കവേ വഴിയിൽ ഓടപ്പുറ്ത്ത് തൂക്കിയിട്ട് റോഡ്-സ്റ്റാർ ബ്രാൻഡ് വരയൻ നിക്കറ് വിൽക്കുന്നത് കണ്ണില്പെട്ടു. മുഖ്യനെക്കൊണ്ട് വില പേശിപ്പിച്ചു.
മുഖ്യര് പേശി റേറ്റ് ഉറപ്പിച്ചു-വരയുള്ളത് പത്തുരൂപക്കു മൂന്ന്, പൂക്കളുള്ളത് പത്തുരൂപക്ക് രണ്ട്. പത്തുരൂപയെ ഡോളറിലും പൌണ്ടിലും കൺവേർട്ട് ചെയ്തപ്പോ വെളുത്തവന്മാർക്ക് അത്ഭുത്മായിപ്പോയി.
“എന്നാ ഏഴെണ്ണം എടുത്തോളിൻ“ ടോണി പറഞ്ഞു.
പത്തുരൂപക്കു മൂന്നെണ്ണമെൻകിൽ ഏഴിനെത്രവില എന്നു കൂട്ടാൻ പാവം മുഖ്യൻ പെടാപ്പാടു പെടുന്നത് കണ്ട് ജോർജ്ജ് ചോദിച്ചു” എന്തരണ്ണാ ഈ യാഴിന്റെ കൊണവതിയാരം?”
ടോണി ഒരു ചിരിയോടെ പറഞ്ഞു
“സണ് ഡേ മൺ ഡേ റ്റ്യൂസ്ഡേ...ഫ്രൈഡേ, സാറ്റർഡേ”
ജോർജ്ജ് പോക്കറ്റിൽ നിന്ന് ഒരു ഡോളർ നോട്ടെടുത്ത് കൊടുത്തിട്ട് പന്ത്രണ്ടെണ്ണം പൊതിഞ്ഞോളാൻ പറഞ്ഞു. ചോദിക്കുന്നതിനു മുന്നേ ടോണിക്കു വിശദീകരിച്ചും കൊടുത്തു
“ജനുവരി, ഫെബ്രുവരി, മാർച്, ഏപ്രിൽ..നവംബർ, ഡിസംബർ“
റോക്സീ, എനിക്ക് അത്യാഗ്രഹം ലവലേശമില്ല. നമ്മക്കീ പുതിയ തലസ്ഥാനോം, പഴേ തലസ്ഥാനോം, പിന്നെ, ദോ ആ ഒസാക്കേടെ സ്വല്പോം. ഹാപ്പി. ബാക്കി മൊത്തം റോക്സിയെടുത്തോ. റഷ്യക്കാർക്കും കൊറിയക്കാർക്കും കണ്ണുകടിയുള്ള കുറേ സ്ഥലങ്ങളുമുണ്ടല്ലോ. അതും എടുത്തോ.
സുരേഷ് ഗോപിയണ്ണന്റെ വേറൊരു കിടിലൻ ഡയലോഗ് ഞാനിവിടെ കണ്ടു. ഇപ്പോ പറയിയേല. പോസ്റ്റാക്കും :))
ആദിത്യോ, മറിച്ചേഴുദിവസം, തിരിച്ചേഴുദിവസം അതറിയാമായിരുന്നു. പക്ഷേ, കുടഞ്ഞേഴുദിവസം ആദ്യമായിട്ടാ. കുടയുമ്പോൾ പറക്കുന്ന പൊടിയിൽനിന്നും കറന്റുണ്ടാക്കാൻ പറ്റുമോ ആവോ...
ദേവേട്ടോ... അതിഷ്ടപ്പെട്ടു. പകരം തരാൻ എന്റെ കൈയ്യിലൊന്നുമില്ല-ചെളിപിടിച്ച് ചെളിപിടിച്ച് വടിപോലെയായിപ്പോയ, ചാരിവെച്ചിരിക്കുന്ന തോർത്തിന്റെ ഒരു ഫോട്ടം മതിയോ..
അലക്ക്സാണ്ടർ കലക്കി!
ദേവന്റെ കാർഡിയോളജിയും കൊള്ളാം!
കലേഷേ നന്ദി. തടിയെവിടെവരെയായി?
അപ്പോ കൂമൻ പള്ളീൽ എന്നേക്കേറ്റി. കൊടകരയിൽ ഇപ്പോഴും നോ എണ്ട്രീ. പക്ഷേ ആദ്യം സ്വന്തം വീട് നന്നാക്കീട്ട് മതി നാടു നന്നാക്കാൻ എന്നല്ലേ സന്ദേശത്തിൽ തിലകേട്ടൻ ശ്രീനിയേട്ടനോടും ജയറാമേട്ടനോടും പറഞ്ഞത്?
സ്വന്തം വീടിന്റെ കാര്യമോ... നോക്കട്ടെ
ഇപ്പോ എല്ലാം പിൻമൊഴിയിൽ.... നോക്കട്ടെ.. ടെസ്റ്റിംഗ്, ടെൻസിംഗ്, ഹിലാരി, ക്ലിന്റൻ,
Post a Comment
<< Home