സാമ്പാറുവണ്ടി
പെരിങ്ങോടരുടെ സാമ്പാറുപുരാണമൊക്കെ വായിച്ചിട്ട് ഒരു ദിവസം ഞാനെന്റെ ജിടെൻഷാ* മോഡൽ CN 420* ഡ്രൈവ് ചെയ്ത് ഓഫീസിൽ പോവുകയായിരുന്നു. ഒരു ട്രാഫിക്ക് ലൈറ്റിൽ മഞ്ഞവെളിച്ചം ദൂരേന്നു കണ്ടപ്പോൾ അതു കടക്കാൻ വേണ്ടി ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടിയെങ്കിലും വരയുടെ തൊട്ടിപ്പുറത്തെത്തിയപ്പോഴേക്കും സംഗതി മാർക്സിസ്റ്റ് ആയിപ്പോയതുകാരണം പവർ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി (പാവം മഞ്ഞ വെളിച്ചം... അപായത്തിന്റെ മുൻസൂചനയാണിവനെങ്കിലും, പലരും ഇവനെ കാണുമ്പോൾ ആക്രാന്തം മൂത്ത് ആഞ്ഞു ചവിട്ടികയും വരയുടെ തൊട്ടിപ്പറത്തെത്തുമ്പോഴേക്കും സംഗതി ചുവപ്പായി മാറുകയും നിർത്തണോ വേണ്ടയോ നിർത്തണോ വേണ്ടയോ, നിർത്തണോ വേണ്ടയോ നിർത്തണൊവേണ്ടയോ എന്ന കഥാപ്രസംഗം സ്റ്റൈലിൽ ചവുട്ടി നിർത്തുകയോ ചവുട്ടിപ്പായുകയോ ചെയ്യുകയും തദ്വാര ഒരു അപകടഹേതുവാവുകയും ചെയ്യുന്നു.....വിരോധാഭ്യാസി. വിരോധാഭ്യാസി ആനയേയും വരയ്ക്കുമെന്നാണല്ലോ... പടം താഴത്തെ പോസ്റ്റിൽ).
പവർ സ്റ്റിയറിംഗിൽ കയ്യോടിച്ച് ചുറ്റുപാടും നോക്കിയിരിക്കുമ്പോൾ ഒരണ്ണൻ തന്റെ ശകടം എന്റെ അപ്പുറത്തെ ലെയ്‌നിൽ ചവുട്ടി നിർത്തി.
പതിവുള്ള ജാപ്പനീസ് നേർക്കാഴ്ച മര്യാദകളായ കുനിയൽ, പിന്നെയും കുനിയൽ, ചെരിയൽ, മറിയൽ, സൈറ്റടി ഇവയ്ക്കൊക്കെ ശേഷം ഞാൻ വെറുതെ അദ്ദ്യേത്തിന്റെ വണ്ടിയിൽ കണ്ണോടിച്ചു. മുൻവശത്ത് വണ്ടിയുടെ മോഡൽ നാമം വെട്ടിത്തിളങ്ങുന്നു...
സാമ്പാർ

ചിരിയടക്കാൻ പറ്റിയില്ല. പൊട്ടിച്ചിരിച്ചു. എന്റെ വണ്ടി റിവേഴ്സ് എടുത്ത് അദ്ദ്യേത്തിന്റെ വണ്ടിയുടെ പുറകിൽപോയി നോക്കി.
പിന്നെയും സാമ്പാർ

എന്റെ കോപ്രായങ്ങൾ കണ്ടിട്ട് ആ പാവം ജാപ്പനീസിൽ ഇങ്ങിനെ വിചാരിച്ചു...
“വട്ടൻ”
ചില വിചാരങ്ങൾ മനസ്സിലാക്കാൻ ഭാഷ ഒരു തടസ്സമേ അല്ലല്ലോ..
ഇപ്പോഴും സാമ്പാർ വണ്ടികൾ തലങ്ങും വിലങ്ങും ഇവിടേക്കൂടി ചീറീപ്പായുന്നു. എപ്പോൾ ഇവനെക്കണ്ടാലും എനിക്കു ചിരിയൂറും..
--------------------------------------------------------
*ജിടെൻഷാ: സൈക്കിളിന്റെ ജാപ്പനീസ്
CN Model: ചവുട്ടി നടുവൊടിയുന്ന മോഡൽ
420: ചാർ സൌ ബീസ് - ഓസിനുകിട്ടിയ ജിടെൻഷ ഓടിച്ച് എന്നെ പോലീസു പൊക്കി പോലീസ് സ്റ്റേഷനിലിട്ടു. ആ കദനകഥ പിന്നീട്. എപ്പോൾ അതിനെപ്പറ്റി ഓർത്താലും എന്റെ കണ്ണു നിറയും. പിന്നെ കീബോർഡൊന്നും കാണാനേ പറ്റുന്നില്ല....
സാമ്പാറു വണ്ടി കണ്ട അന്നു തൊട്ട് അവന്റെ ഒരു ഫോട്ടം പിടിക്കാൻ നടക്കുകയായിരുന്നു. മർഫിയമ്മാവൻ പറഞ്ഞതുപോലെ, ഒരു കാര്യം വേണമെന്നു തോന്നുന്ന സമയത്ത് ആ കാര്യം ചെയ്യാൻ പറ്റുകയില്ല എന്നതുപ്രകാരം സാമ്പാറുവണ്ടിയെ സൌകര്യത്തിനു കിട്ടുമ്പോൾ ഫോട്ടം മെഷീൻ കൈയ്യിൽ കാണുകയില്ല. ഫോട്ടം മെഷീനുള്ളപ്പോൾ സാമ്പാറുവണ്ടിയില്ല. ഇതു രണ്ടും ഒത്തുവന്ന ഒരു ദിവസം ഒരു മാന്യനോട് “സാഷിൻ ഓ ടൊട്ടേമോ ഈ ദെസ്‌കാ” (ഫോട്ടം പിടിച്ചോട്ടേ സഖാവേ) എന്ന് ഭവ്യതയോടെ ചോദിച്ചപ്പോൾ പേടിച്ചരണ്ട് വണ്ടിയിൽ ചാടിക്കയറിയ അദ്ദ്യം ഒരു ഫെറാറി പോകുന്നതിലും സ്പീഡിൽ ആ വണ്ടിയും പറപ്പിച്ചു പോയി. പക്ഷേ ഒരു ദിവസം സാമ്പാറു വണ്ടി സൌകര്യത്തിനു കിട്ടി. ഒരു കള്ളത്തരം ചെയ്യുന്ന എല്ലാവിധ ഭാവാദികളോടും കൂടി നാൽക്കവലയിൽ നാലാൾ കാൺകെ ചുറ്റുപാടും തലയോടിച്ച് പമ്മിപ്പമ്മി ഞാൻ ഫോട്ടം പിടിച്ചു. ലെവന്റെ മോന്ത ലാലേട്ടൻ സ്റ്റൈലിലാണെങ്കിലും സുന്ദരന്മാരായ സാമ്പാറുവണ്ടികൾ തെരുവിൽ ധാരാളം.
സംഗതിക്കൊരു അന്താരാഷ്ട്ര നിലവാരം വന്നോട്ടെ എന്നു വിചാരിച്ചാണ് നമ്പ്ര് പാത്രം ബ്ലർ ചെയ്തത്..... ഇനിയെങ്ങാനും ആരെങ്കിലും ആ നമ്പ്ര് കണ്ട് വല്ല വേലത്തരവും ആ പാവം സാമ്പാറുവണ്ടിക്കിട്ട് കാണിച്ചാലോ... പ്പഴത്തെക്കാലമല്ലേ...... ആൾക്കാർക്ക് വണ്ടിയെന്നോ മനുഷ്യനെന്നോ ഒന്നും ഒരു നോട്ടവുമില്ലല്ലോ.....
14 Comments:
സാംബാറുവണ്ടി കണ്ടപ്പോ പഴേ കഞ്ഞിവണ്ടി ഓർത്തു. അല്ല ഇവനു മുഖത്തൊരു ഞണുക്കുണ്ടല്ലോ. മഞ്ഞയിൽ മൂപ്പർ ഓടിക്കേറാനും മുന്നേ പോയ വക്കാരി ചവിട്ടി നിർത്താനും ശ്രമിച്ച് നിങ്ങളു രണ്ടും അറബി മര്യാദയനുസരിച്ച് കെട്ടിപ്പിടിച്ചാണോ ഓന്റെ മോന്ത ഇക്കോലമായത്?
(ജിടെൻഷാക്കും ലൈസൻസ് വേണോ നിഹോണിൽ?)
'.....എന്ന് ഭവ്യതയോടെ ചോദിച്ചപ്പോൾ ചേട്ടൻ
പേടിച്ചരണ്ട് വണ്ടിയിൽ ചാടിക്കയറി ഒരു ഫെറാറി പോകുന്നതിലും സ്പീഡിൽ ആ വണ്ടിയും പറപ്പിച്ചു പോയി'
സാമ്പാറു വണ്ടി സൂപ്പർ. thakaRththu.
ഇങ്ങനെ ചിരിപ്പിക്കല്ലേ വക്കാരി മാഷേ,
ജിടെൻഷാ മോഡൽ CN 420 ന്റെ ഫോട്ടോ കൂടി പോസ്റ്റു ചെയ്യോ?
ഇങ്ങനെ ഓരോ ആൾക്കാരുടെ സാമ്പാറുവണ്ടീടെ ഫോട്ടം പിടിച്ച് പിടിച്ച് അവസാനം സാമ്പാറിലെ കരിവേപ്പില പോലെ ജപ്പാൻ കാര് വക്കാരിയെ എടുത്തുകളയില്ലേന്നൊരു ആശങ്ക.
പ്രിയ വക്കാരി.
പതിവു പോലെ ഇതും നന്നായിട്ടുണ്ട്.
ഇപ്പോള്‍ വയറുപൊത്തിപ്പിടിച്ചു നടക്കുന്ന ആരെക്കണ്ടാലും 'വക്കാരിയുടെ ബ്ലോഗു വയിച്ചുവല്ലേ'എന്നു ചോദിക്കേണ്ട അവസ്ഥയിലാണ്.
ദേവേട്ടാ.. എന്നെ ആദ്യം ചിരിപ്പിച്ച സാമ്പാറുവണ്ടിയുടെ ഫോട്ടം പിടിക്കാൻ മെഷീൻ കൈയ്യിലില്ലായിരുന്നു. വേറൊരു പ്രാവശ്യം ഒരു സുന്ദരക്കുട്ടപ്പനെക്കണ്ട് നിഹോൺ മര്യാദയിൽ അനുവാദം ചോദിച്ചിട്ടെടുക്കാമെന്നു കരുതി വെയിറ്റു ചെയ്തു. ഫോട്ടം പിടിക്കാതിരിക്കാൻ മാത്രം വൃത്തികെട്ട വദനമൊന്നുമല്ലായിരുന്നു ആ ഡ്രൈവർ മാന്യന്റേതെങ്കിലും, എന്റെ ഉദ്ദേശ്യം അദ്ദ്യേത്തിന്റെ സുന്ദരവദനത്തേക്കാളുപരി സാമ്പാറുവണ്ടിയുടെ മുഖമായിരുന്നുവെങ്കിലും, ഞാൻ ആദ്യം അദ്ദ്യേത്തോടു ചോദിച്ചപ്പോൾ അദ്ദ്യം കണ്ണും തുറിച്ച് എന്നെ നോക്കി. എന്റെ എല്ലാ നിഹോംഗോ സംഭാഷണങ്ങളുടെയും തുടക്കം അത്തരത്തിലായതുകാരണം, ഞാൻ പതറാതെ ഒന്നുകൂടി ചോദിച്ചു. വേണ്ടാാാാ എന്ന കാര്യം ആംഗ്യഭാഷയിൽ ഏതെല്ലാം ശരീരഭാഗങ്ങളുപയോഗിച്ച എന്തെല്ലാം രീതിയിൽ കാണിക്കാമോ, ആ രീതിയിലെല്ലാം ആ മാന്യൻ കാണിക്കുകയും എങ്ങിനെയോ സാമ്പാറുവണ്ടിക്കുള്ളിൽ കയറിപ്പറ്റിയ അദ്ദ്യം സംഭവം പറപ്പിച്ച് പോവുകയും ചെയ്തു. ഇത് അതിനുശേഷം അകത്താരുമില്ലാത്ത അവസ്ഥയിൽ കിടന്ന ഒരു സാമ്പാറുവണ്ടി. എന്റെ ആദ്യത്തെ സാമ്പാറുവണ്ടി ദർശനങ്ങൾക്കിടയിൽ ഞാൻ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒരു ധൃതരാഷ്ട്രാാലിംഗനത്തിനു സ്കോപ്പുണ്ടാക്കാമായിരുന്നു. എതിർകക്ഷി ഒരു പാവമായതിനാൽ രക്ഷപെട്ടു.
ഏതു പോലീസുകാരന്റെ ജിടെൻഷായും അടുത്തുള്ള പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണമെന്നു മാത്രമല്ല, അവനവന്റെ ജിടെൻഷ അവനവൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ പോലും. എനിക്ക് ഓസിനുകിട്ടിയ ഒരു ജിടൻഷാ കാരണം, ടൊയോട്ടയുടെ ലേറ്റസ്റ്റ് മോഡൽ പോലീസ് കാറിൽ (ജിടെൻഷ പുറകിൽ ട്രങ്കിൽ കെട്ടിവെച്ച്) ജപ്പാൻ തെരുവീഥികളിൽക്കൂടി ഒരു ഫ്രീ സവാരിയും, പോലീസ് സ്റ്റേഷനിൽ ഒരു ഫ്രീ ഇരിപ്പും രണ്ടുമണിക്കൂർ. ആ കദനകഥ ഒന്നു പറയണമെന്നുണ്ട്, വിശദമായി.
വിശാലോ, പെരുത്ത് നന്ദി. ആ സാമ്പാറുവണ്ടിയുടെ അന്നത്തെ പോക്ക് കണ്ടാൽ അതുണ്ടാക്കിയ സുബാരൂക്കാരുപോലും അതിനിത്രയും സ്പീഡിൽ പായാമെന്നു കരുതിക്കാണില്ല.... അയാളേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മളൊക്കെ ഇങ്ങിനെ വഴിയിൽക്കൂടി വെറുതെ നടന്നു പോകുമ്പോൾ ഒരു അണ്ണൻ വന്ന് ഫോട്ടം പിടിച്ചോട്ടേ ചേട്ടാ എന്നു ചോദിച്ചാൽ നമ്മളാണെങ്കിലും പേടിച്ചു പായൂല്ലേ...
തുളസീ, ജിടെൻഷാ മോഡൽ സീയെൻ 420 യുടെ പടം ഉടൻതന്നെ പോസ്റ്റു ചെയ്യുന്നതായിരിക്കും. അവന്റെയത്രയും ഗ്ലാമറില്ലാത്ത കുറെ അണ്ണന്മാരുടെ പടങ്ങളുംകൂടി തപ്പിക്കൊണ്ടിരിക്കുകയാ.
സൂ, എനിക്കും ഇല്ലാതില്ല, ഒരു ഉൽപ്രേക്ഷ. പക്ഷേ, കറിവേപ്പില പോലെ എടുത്തു കളഞ്ഞാലും കുഴപ്പമില്ലായിരുന്നു, ഞാനൊക്കെ കാണിക്കുന്നതുപോലെ, കറിവേപ്പില അങ്ങു വിഴുങ്ങാതിരുന്നാൽ മതിയായിരുന്നു.
സാക്ഷീ.. നന്ദി. വിശന്നിട്ട് എന്തിനോ മുട്ടുന്നു എന്ന് ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. അതുപോലുള്ള വയറുപൊത്തിപ്പിടിക്കലാണോ ഇത്? ദേവേട്ടൻ സ്റ്റൈലിൽ..:))
വക്കാരീ സാംബാർ വണ്ടി കിടിലൻ..!
അവിടെ നാമം കൊണ്ടറിയപ്പെടുന്ന വണ്ടികൾ നമ്മുടെ നാട്ടിൽ കർമം കൊണ്ടാ അറിയപ്പെടുക..
ചാണക വണ്ടി,നാറ്റ വണ്ടി(മുനിസിപ്പാലിറ്റി),കിളി വണ്ടി(ലേഡീസ് ഒൺലി) അങ്ങനെ ......!
വേർഡ് : പുക്കെൻ
ബൊവ് ബൊവ്!
വക്കാരി ജാപ്പനീസ് പഠിച്ച്!ഈ ജാപ്പനീസ് കുനിയൽ നിവരൾ കുനിയൽ നിവരൽ എത്ര തവണ ഉണ്ടാവും?അപ്പോ എന്താ അവർ പറയാ?
സത്യം പറ വക്കാരീ,രണ്ടാമത്തെ സാമ്പാറു വണ്ടിയുടെ ഉടമ ഒരു മഹിള അല്ലായിരുന്നോ... അതല്ലെ അവർ പായാൻ കാരണം? ;-)
വെർതെ ലേഡീസിനെ ഒക്കെ തടഞ്ഞു നിർത്തി ഫോട്ടോ എടുത്തോട്ടെന്നു ചോദിച്ചു ചെന്നിട്ട് അടി വീഴും എന്നു കണ്ടപ്പോ സാമ്പാറാണെ, ഓലനാണെ എന്നൊക്കെ പറഞ്ഞു രക്ഷപെടാൻ നോക്കീതല്ലെ? :-D
രേഷ്മേ... എത്രതവണ കുനിയുന്നോ അത്രേം തവണ നിവരാമെന്നുള്ളതാണ് ഈ കുനിയൽ നിവരൽ ടെക്നോളജിയുടെ ബൂട്ടി-ജാപ്പനീസുകാരാണെങ്കിൽ. അവര് കുനിയുന്നതുപോലെ നമ്മൾ കുനിയാൻ പോയാൽ ആനയെന്തോ ചെയ്യുന്നതും കണ്ട് ആടെന്തോ ചെയ്യാൻ പോയപോലെയിരിക്കും. മൂക്കും കുത്തി നിലത്ത് വീണിട്ട് കിലുക്കത്തിലെ ജഗതി സ്റ്റൈലിൽ “ഈ മൂക്കൊടിഞ്ഞൂന്നതിന്റെ ജാപ്പനീസാരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കടാ ഈ നേഴ്സിനോട്” എന്നൊക്കെ വിളിച്ചു കൂവേണ്ടി വരും. അതുകൊണ്ട് വിദേശികൾ ഇവിടുത്തുകാരുടെയത്രയും കുനിയേണ്ടതില്ല എന്നുള്ള ഒരു കൺസഷനുണ്ട്. മിക്കവാറും യാത്രപറഞ്ഞ് പോകാൻ നേരത്താണ് ഈ കുനിയൽ-നിവരൽ കലാപരിപാടി-അരിഗത്തോ ഗൊസായ്മഷ്ടാ (താങ്കൂ വെരിമച്ച്) പറഞ്ഞോണ്ട്.
ആദിത്യണ്ണനനിയാ.. ആരെങ്കിലുമൊന്ന് ഫോട്ടം പിടിക്കാൻ നോക്കിനടക്കുവല്ലിയോ ഇവിടുത്തെ ലലനാമണികൾ. മെഷീനുമായി അടുത്തു ചെന്നാ മതി എല്ലാരും ചിരിച്ചോണ്ടിങ്ങിനെ നിന്നോളും. അല്ലെങ്കിൽത്തന്നെ സുന്ദരനും സുമൂക്കനും സുശീലനുമായ (എന്റെ ആനത്തല റെഫറൻസ്) ഞാനങ്ങ് ചെന്നാ ഫോട്ടം പിടിക്കരുത് സഖാവേ എന്നു പറയാൻ മാത്രം കാഠിന്യമുള്ള ഹൃദയങ്ങളുണ്ടോ, ചന്ദ്രികയുണ്ടോ, ശകുന്തളയുണ്ടോ, ഗന്ധർവ്വഗീതങ്ങളുണ്ടോ, ശകുന്തളോ.......:)
വക്കാരി, സാമ്പാറ് വണ്ടി തകർത്തു!
പോസ്റ്റ് ചെയ്ത സമയത്തിത് വായിക്കാനൊത്തില്ലല്ലോന്നാ എന്റെ വിഷമം!
ഉഗ്രൻ!!!
സാമ്പാർ എന്നും പറഞ്ഞ് ഒരു മൃഗവും ഇല്ലേ? (മാൻ?)
ആനയ്ക്ക് ജപ്പാനീസിൽ എന്താ പറയുക?
കലേഷേ,ജ്വാലി ഫസ്റ്റ്, ബ്ലൌഗ്ഗ് സെക്കന്റ്. പണിയൊക്കെ നടക്കട്ടെ. ഇടയ്ക്കൊക്കെ ബ്ലോഗട്ടെ. അപ്പോ മാനിനെ ഉദ്ദേശിച്ചായിരിക്കുമല്ലേ, അണ്ണന്മാർ ഇതിന് സാമ്പാറെന്ന പേരിട്ടത്. അതറിയാൻ വയ്യായിരുന്നു!
ആനയുടെ ജാപ്പനീസ് തപ്പണം. തപ്പി അറിയിക്കാം. പക്ഷേ സംസ്കൃതത്തിലുള്ള ശ്ലോകം കേട്ടിട്ടില്ലേ?
“ബ്രഹ്‌മാണ്ഡം, വാരണാണ്ഡം, പ്രകടിതടികം തപ്രകുണ്ഡം,വൃണാണ്ഡം;
ചിന്താനാം ചിന്തശ്ശനാം, ചിന്തിനാം, ചിന്തിച്ചപോൽനാം ചിന്തിച്ചാനപോൽപോൽനാം“
അതായത് നമ്മൾ ഈ ബ്രഹ്മാണ്ഡത്തിലെ എന്തിനെപ്പറ്റി കുറേയേറെ ചിന്തിക്കുന്നോ, കുറച്ചുകഴിഞ്ഞാൽ നമ്മളുമതുപോലെയായിപ്പോയേക്കാമെന്ന്, പ്രത്യേകിച്ചും ചിന്ത ആനയേപ്പറ്റിയാണെങ്കിൽ.
അതുകൊണ്ട് കലേഷേ, ദേവേട്ടൻ പറഞ്ഞ ഭക്ഷണക്രമവും സിദ്ധാർത്ഥന്റെ ആ തലയാട്ടലും അങ്ങ്‌ട് ഫോളോ ചെയ്ക. മെലിഞ്ഞ് തൊഴുത്തിൽ കെട്ടാൻ പറ്റണ പരുവത്തിലാകട്ടെ, വേറേ എന്തൊക്കെ കെട്ട് കിടക്കുന്നു.
യാഹൂ 360പതിലെപ്പോലെ തന്നേ, ഇപ്പോഴും? :)
യഥാ വൃതി തഥാ ആകൃതി.
(എന്താണോ ചെയ്തി, അതുപോലായിരിക്കും ആകൃതിയും).
ആനയുടെ ജാപ്പനീസ്: ഴൊ (ശൊ?)
ജപ്പാനു സ്വന്തമായി ആനയില്ല.
ഇന്ത്യ കുറേ ആനകളെ കൊടുത്തു. പണ്ട് നെഹ്രു ജപ്പാനിലെ കുട്ടികള്‍ക്കായി കൊടുത്തത് ഓര്‍മ്മയുണ്ടോ?
Post a Comment
<< Home