സെൻസേഷൻ
പതിവുപോലെ, വേറേ പണിയൊന്നുമില്ലാതെ നമ്മുടെ ഭാഷാപത്രങ്ങളുടെ വെബ്‌പേജുകളുടെ ഹിറ്റ് വർദ്ധിപ്പിക്കൽ പക്രിയയ്ക്കിടെ ദീപികയിലും ഒന്നെത്തിനോക്കി.
“ശക്തനെ വക്കം ഇറക്കിവിട്ടു”
ഓഹോ.....അത്രയ്ക്കു ശക്തനാണോ വക്കം...എന്നാലതൊന്നു വായിച്ചിട്ടു തന്നെ കാര്യം. ലിങ്കിൽ ക്ലിക്ക് ചെയ്ത് വായന തുടങ്ങി.
“തിരുവനന്തപുരം: മന്ത്രി വക്കം പുരുഷോത്തമൻ ഗതാഗതമന്ത്രി ശക്തനെ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ അവഹേളിച്ചു..........”
ഇറക്കിവിട്ടതെങ്ങിനെയെന്ന് വിശദമായി താഴെ വിവരിച്ചിട്ടുണ്ടായിരിക്കുമെന്ന് കരുതി വായന തുടർന്നു. അടുത്ത ഖണ്ഡിക തുടങ്ങി.
“.........കോർപ്പറേഷന്റെ നിർദ്ദേശവുമായി ധനമന്ത്രിയുടെ ഓഫീസിൽ മന്ത്രി ശക്തൻ നേരിട്ടെത്തിയപ്പോഴാണ് മന്ത്രി വക്കം പുരുഷോത്തമൻ അദ്ദേഹത്തെ അപമാനിച്ച് ഇറക്കിവിട്ടത്...”
എന്റെ നെഞ്ചിടിപ്പ് കൂടി. എങ്ങിനെയാണ് ഇറക്കിവിട്ടതെന്ന് ഇപ്പോൾത്തന്നെ വിവരിക്കും....
“.....പുതിയ ബസ്സുകൾ വാങ്ങാൻ ധനമന്ത്രാലയം തുക നൽകില്ലെന്നും അനാവശ്യമായി ചിലവാക്കാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും പറഞ്ഞുതുടങ്ങിയ മന്ത്രി വക്കം പിന്നീട് മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നുവത്രെ”
കുറച്ച് ഊഹങ്ങൾ തുടങ്ങിയില്ലേ എന്നൊരു സംശയം (.....ആയിരുന്നുവത്രെ പോലുള്ളവ). സാരമില്ല, ഇറക്കിവിട്ട രീതി ഇപ്പം വിവരിക്കുമായിരിക്കും.
“.........കട്ടപ്പുറത്തിരിക്കുന്ന ബസ്സുകൾ പണിചെയ്ത് ഓടിക്കുവാനും ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നിലവിലുള്ള ഡീസൽ കുടിശ്ശിക തീർക്കാനുമാണ് ധനമന്ത്രി ആവശ്യപ്പെട്ടത് “
ഇപ്പവരും....ഇപ്പവരും... ഇറക്കിവിട്ടതെങ്ങിനെയാണെന്ന് ഇപ്പവരും.....ഞാൻ വായന തുടർന്നു.
“................ഇതിനെ തുടർന്ന് മന്ത്രി ശക്തൻ ധനമന്ത്രിയുടെ ഓഫീസിൽനിന്നും ഇറങ്ങിപ്പോയി”
ആഹാ...............അങ്ങിനെയാണോ........... @%$&^%$$$# എന്നൊക്കെ പറഞ്ഞ് ധനമന്ത്രി ഗതാഗത മന്ത്രിയെ മുറിയിൽനിന്നും പുറത്താക്കിയ രീതിയും, ഗതാഗതമന്ത്രി, ഞാനൊരു ഗതാഗതമന്ത്രിയാണേ, ഗതാഗതം എന്നെ പഠിപ്പിക്കല്ലേ, ഗതാഗതിക്കേണ്ടതെങ്ങിനെയാണെന്ന് എനിക്കു നല്ലപോലെ അറിയാമേ എന്നൊക്കെ പറഞ്ഞ് സൂപ്പർ ഫാസ്റ്റിനേക്കാളും വേഗത്തിൽ നോൺസ്റ്റോപ്പായി ധനമന്ത്രിയുടെ മുറിയിൽനിന്നും ഗതാഗതം നടത്തിയതിന്റെയും വിവരണങ്ങൾ ആസ്വദിക്കാമെന്നു കരുതി വായന തുടങ്ങിയ ഞാൻ മണ്ടൻ.
ദീപികയ്ക്ക് എന്റെ വക ഒരു ഹിറ്റുകൂടി.
അടിക്കുറിപ്പുകൾ
1. വക്കത്തിലും വക്കാരിയിലും വായും കായുമുണ്ടെന്നുള്ളതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലേ....
2. ഈ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ധനകാര്യം ഗതാഗതത്തോടു പറഞ്ഞതിലും കുറച്ചു (ധന)കാര്യമില്ലേ......
.............വെറുതെ അങ്ങ് തോന്നി.
5 Comments:
ഇങ്ങനെ തന്നെ വേണം തലക്കെട്ടു കൊടുക്കാനും.
എന്തൊരു സെൻസേഷൻ!
വക്കാമരിഷ്ടാ,ഒക്കുന്നിതിഷ്ടാ!
ഒന്നു മുറുകെപ്പിടിച്ചാൽ വക്കാമരിഷ്ടനും ഒരു പത്രമെഴുത്തിനുള്ള വാസനയുണ്ട്!
ഇന്നത്തെ പത്രം വായിച്ചോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതെ വായിച്ചു എന്ന് പറയാമെന്നെല്ലാതെ വേറെന്ത് ഗുണം ഈ പത്രങ്ങളെ കൊണ്ട്. എല്ലാ പത്രമാദ്ധ്യമങ്ങള്‍ക്കും ഒരു പക്ഷമുണ്ട്, പക്ഷെ ജനപക്ഷത്ത് ആരൊക്കെയുണ്ട്? മുമ്പ് ഞങ്ങള്‍ കൂട്ടുകാര്‍ക്ക് ഒരു പരിപാടിയുണ്ടായിരുന്നു, പത്രമെടുത്ത് വെറുതെ ഇല്ലാത്ത ഒരു ബലാത്സംഗ വാര്‍ത്ത തട്ടിവിട്ട് പത്രം പതുക്കെ ചായമേശമേല്‍ അലക്ഷ്യമായി വെയ്ക്കും.അപ്പോള്‍ ആ പത്രത്തിന്നായി ചാടി വീഴുന്നവരുടെ ആക്രാന്തം കണ്ട് ചിരിക്കുക. പഴയ കൊച്ചുപുസ്തകം എഴുതിയിരുന്ന ആളുകള്‍ ഇപ്പോള്‍ പത്രങ്ങളിലെ ലേഖകന്മാരാണോ എന്ന് വരെ തോന്നി പോകാറുണ്ട് ചില വാര്‍ത്തകള്‍ വായിയ്ക്കുമ്പോള്‍..
ഇപ്പവരും....ഇപ്പവരും... ഇറക്കിവിട്ടതെങ്ങിനെയാണെന്ന് ഇപ്പവരും.....
അതിനും മുന്നേ കോഴിക്ക് മുലകിളിക്കും.
മലയാളം പത്രവാർത്തകളെ വിശ്വസിക്കുക എന്നത് വിവരം കെട്ട പരിപാടിയായ് തീരുകയാണ്.
പഠിക്കുന്ന കാലത്ത്, ഇന്ന് വല്ലവന്റേം സമരാഹ്വാനമുണ്ടോ എന്ന് നോക്കുവാനല്ലാതെ പത്രങ്ങൾ വിശ്വസിക്കരുതെന്ന് അനുഭവം. അതിലേറ്റവും അവസാനത്തേത് കഴിഞ്ഞ വർഷമായിരുന്നു - അദ്ധ്യാപകദിനത്തിന്റന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചെന്ന കൌമുദി വാർത്ത കണ്ടാനന്ദിച്ച അനിയച്ചാരുടെയും കൂട്ടുകാരുടെയും ആനന്ദം, വൈകുന്നേരമായപ്പോൾ പറപറന്നു - സ്കൂളിൽ പരീക്ഷ മുറയ്ക്ക് നടന്നു.
മല പോലത്തെ പത്രവാർത്തകൾ - എലി പോലെ യാഥാർത്ഥ്യങ്ങൾ. മറിച്ചും.
സർക്കുലേഷൻ കൂട്ടാൻ ഊതിപെരുപ്പിക്കുന്നതിനിടെ , പ്രാധാന്യമുള്ളതും അർഹതയുള്ളതുമായ വാർത്തകൾ ചേർക്കാൻ വിട്ടു പോവുക സാധാരണം..(?)
ഇബ്രു പറഞ്ഞ പോലെ, സ്വലേ-മാരെ കുറിച്ച് സംശയം തോന്നിപ്പോവുക സ്വാഭാവികം.
വക്കാരീ - കമ്മന്റുകൾക്ക് വേർഡ് വേരിഫിക്കേഷൻ ഏർപ്പെടുത്തിക്കൂടേ?
--ഏവൂരാൻ
വിശ്വപ്രഭാ...പത്രത്തിലെഴുതാൻ തുടങ്ങിയാൽപിന്നെ ഞാനും ഒരു പത്രക്കാരനെപ്പോലെ ആയിപ്പോവൂല്ലെ....ഇതിപ്പോ ഒളിഞ്ഞിരുന്ന് എന്തും പറയാല്ലോ...
ഇബ്രൂ, ഏവൂരാനേ...വളരെ വളരെ ശരി... അസാമാന്യ തലക്കെട്ടുകൾ കൊടുക്കുന്നതിൽ പ്രസ്സ് (ഡിസ്)ട്രസ്റ്റ് ഓഫ് ഇന്ത്യ, ആംഗലേയ പത്രങ്ങൾ മുതലായവയും ഒട്ടും മോശമല്ലെങ്കിലും, നമ്മുടെ മലയാള പത്രങ്ങളുടെ കഴിവ് ഒന്നു വേറേ തന്നെ. പണ്ടു സ്കൂളിൽ പത്രധർമ്മത്തെക്കുറിച്ച് പഠിച്ചത് വെറുതെ.
നമ്മുടെ പത്രക്കാരുടെ ഈ കലാപരിപാടി കാരണം, ഇപ്പോൾ പത്രത്തിൽ വരുന്നതൊന്നും ആരും വിശ്വസിക്കാണ്ടായി. തോന്ന്യാസം കാണിക്കുന്നവര് അത് ശരിക്കും മുതലെടുക്കുന്നുമുണ്ട്. പത്രത്തിൽ വന്നാൽ തന്നെയും “ഓ അത് പത്രക്കാര് വെറുതെ എഴുതണത്” എന്നങ്ങു പറഞ്ഞാൽ മതിയല്ലോ.
പണ്ട് വീട്ടിൽ വരുത്തുന്ന ഒരൊറ്റ പത്രം മാത്രം വായിച്ചിരുന്ന കാലത്ത് പത്രത്തിൽ വരുന്നതെന്തും സത്യമാണെന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ ഇന്റർനെറ്റും വന്ന് ആൾക്കാർ എല്ലാ പത്രവും ഒരുമിച്ച് വായിക്കാൻ തുടങ്ങിയപ്പോഴല്ലേ കള്ളി വെളിച്ചത്തായത്. ചിലപ്പോൾ ഒരു പത്രത്തിലെ വാർത്തയുടെ നൂറ്റെൺപത് ഡിഗ്രി വിപരീതവാർത്തയായിരിക്കും വേറൊരു പത്രത്തിൽ..
ഏതായാലും ഇന്നത്തെ വാർത്തയിൽ ദീപിക ആ തലക്കെട്ടു മാറ്റി. ഇറക്കിവിടൽ അവഹേളനമായി മാറി. പക്ഷെ, മംഗളം പണ്ട് ഏവൂരാൻ പറഞ്ഞതുപോലെ തകർത്തിട്ടുണ്ട്.
ഏവൂരാനേ...പറഞ്ഞതുപോലെ കമന്റുകൾക്ക് വേർഡ് വെരിഫിക്കേഷൻ ഏർപ്പെടുത്തി. അറിയിച്ചതിന് നന്ദി. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും വിശ്വപ്രഭയ്ക്കും, ഇബ്രുവിനും ഏവൂരാനും റൊമ്പ്ര നണ്ട്രി.
സെൻസേഷണലിസത്തിൽ നമ്മുടെ പത്രക്കാർ ഒട്ടും പുറകിലാകാൻ പടുണ്ടോ?
Post a Comment
<< Home