എനിക്കു വയ്യായേ
വിശാലമനസ്കന്റെ കൃതികൾ വായിച്ചു ചിരിച്ചു മണ്ണുകപ്പുമ്പോൾ പണ്ടൊരു ദിവസം സംഗീത തീയേറ്ററിൽ "അമ്മയാണേ സത്യം" കാണാൻ പോയതോർമ്മ വന്നു.
ഹോസ്റ്റൽ വാസത്തിനിടയ്ക്കാണു സംഭവം. ഹോസ്റ്റലിൽനിന്ന് എറണാകുളം വരെ പത്തുപന്ത്രണ്ട് കിലോമീറ്ററുണ്ട്. വൈകുന്നേരം വരെയുള്ള ക്ലാസ്സുകളും പിന്നീടുള്ള സൊറ പറച്ചിലും കുശുമ്പും കുന്നായ്മയും കുതികാൽവെട്ടുമെല്ലാം കഴിഞ്ഞാൽ അത്താഴം കഴിഞ്ഞ് സെക്കൻഡ്‌ഷോയ്ക്കു പോകാനേ നേരം കാണൂ. സെക്കൻഡ്‌ഷോയുടെ വേറൊരു ഗുണമെന്താണെന്നു ചോദിച്ചാൽ പിറ്റേ ദിവസം ഫസ്റ്റ് അവർ മുതൽ ക്ലാസ്സിൽ കൂർക്കം വലിച്ചുറങ്ങാനുള്ള ഒരു പ്രചോദനംകൂടിയാണ് ഈ സെക്കൻഡ്‌ഷോ.
ഈ സെക്കൻഡ്‌ഷോ സിനിമാ കാണൽ ശരിക്കുമൊരു സംഭവം തന്നെയാണ്. ഏതെങ്കിലും ക്ലാസ്സുകാർ സിനിമയ്ക്കു പോകുന്നുണ്ടെങ്കിൽ വൈകുന്നേരംതന്നെ ഹോസ്റ്റലിൽ സംഭവം അറിയാം. അണ്ണോ, .............പീപ്പിയേ..........കുമാരോ (ഒരേ ക്ലാസ്സിൽതന്നെ രണ്ട് കുമാഴ്സ് ഉണ്ടായിരുന്നതുകാരണം തിരിച്ചറിയാനും സർവ്വോപരി പാരവെക്കുമ്പോൾ മാറിപ്പോകതിരിക്കാനും വേണ്ടി ഒന്നാമനെ അവന്റെ ഇനിഷ്യലായ പീപ്പിയെന്നും രണ്ടാമനെ അവന്റെ ഇനിഷ്യലും കൂടി കൂട്ടി കുമാരനെന്നും വിളിച്ചു) തുടങ്ങിയ വിളികളോടെയാണു തുടക്കം. ഗ്യാങ്ങെല്ലാം ഒത്തുകൂടിയാൽ പിന്നെ അടിയാണ്. ഏതുപടം കാണണം, ഏതുതീയേറ്ററിൽ പോകണം, എങ്ങിനെ പോകണം, എപ്പോൾ പോകണം തുടങ്ങി ഈ ഭൂമിമലയാളത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അടിവെക്കും. അടിവെച്ചടിവെച്ച് അവശരാകുമ്പോഴേക്കും അത്താഴത്തിനുള്ള സമയമാകും. ഏത്തപ്പഴവും പോത്തിറച്ചിയും, ലഡ്ഡുവും ചമ്മന്തിയും, അവലോസുപൊടിയും അച്ചാറും, മോരുകറിയും ദോശയും പോലത്തെ അതിഭീകരമായ ഭക്ഷണകോമ്പിനേഷനുകൾ യാതൊരു ചമ്മലുമില്ലാതെ പരീക്ഷിക്കുന്ന മെസ്സ് ഹാളിൽനിന്ന് തിരക്കിട്ട് എന്തെങ്കിലും കഴിച്ചെന്നുവരുത്തി ഓട്ടമാണ് ജംങ്ക്ഷനിലേക്ക്. ഓട്ടോയിൽ ഒരു കിലോമീറ്റർ പോയാലേ മെയിൻസ്റ്റോപ്പിലെത്തൂ.
പരമാവധി മൂന്നുപേർക്കു കയറാവുന്ന ലാംപിയുടെ ശകടത്തിൽ ഏഴും എട്ടും പേരെ ആ ഡ്രൈവർമാർ കുത്തികയറ്റും, മുമ്പിലും പുറകിലുമെല്ലാമായി. ഡ്രൈവറുടെ ആസനത്തിന്റെ ആയിരൊത്തിലൊരംശം മാത്രമേ അദ്ദേഹത്തിന്റെ സീറ്റിൽ കാണുകയുള്ളൂ. ഒരു പ്രത്യേക ആംഗിളിൽ വളരെ കലാപരമായിട്ടാണ് പാവത്തിന്റെ ഇരിപ്പും നില്പുമല്ലാത്ത ആ പോസ്. ഇംഗ്ലീഷ് അക്ഷരമാലയിലെ V ഇടത്തോട്ടു ചെരിഞ്ഞുവീണതുപോലെ. രണ്ടു കൈകളും രണ്ടുകാൽപാദങ്ങളും ലംബമായി ഏതാണ്ട് ഒരേ സ്ഥാനത്ത്. ആസനം ഒരു രണ്ടുകിലോമീറ്ററപ്പുറത്ത്........ പാവം, കാശിനോടുള്ള ആർത്തി കാരണമാണ് പുള്ളി ഇങ്ങിനെയൊക്കെ ചെയ്യുന്നതെങ്കിലും, ആ സമയത്ത് ഞങ്ങൾക്ക് ആ ആർത്തി വളരെയധികം ആവശ്യമാണ്. കാരണം, പടം ഒമ്പതുമണിക്ക് തുടങ്ങും. ഇപ്പോൾതന്നെ മണി എട്ടരയായി.
കച്ചേരിപ്പടിയിൽ ബസ്സിറങ്ങി സരിത, സവിത, സംഗീത കോംപ്ലക്സ് ലക്ഷ്യമാക്കിയുള്ള കൂട്ടയോട്ടമാണ് പിന്നത്തെ പരിപാടി. ഗേറ്റും മതിലുമെല്ലാം ചാടിക്കടന്ന് ടിക്കറ്റെടുത്ത് തീയേറ്ററിന്റെ അകത്ത് കയറിപ്പറ്റിയാലേ ഈ കലാപരിപാടിയുടെ ഒന്നാം പാദം അവസാനിക്കൂ. ഇതിനിടയ്ക്ക് ചിലസമയം ഏഴുപേർ പോയതിൽ ആറുപേർക്കേ ടിക്കറ്റ് കിട്ടുകയുള്ളൂ. ഒരുത്തനു വേറൊരുത്തന്റെ മേൽ മേൽക്കൈ നേടാനും കഴിഞ്ഞതവണ മേൽക്കൈ നേടിയവനിട്ട് പാരവെക്കാനുമൊക്കെയുള്ള സന്ദർഭമാണത്. ഒരുത്തൻ ഔട്ടാകുമെന്ന് ഏകദേശം ഉറപ്പായാൽ അവനൊരു ത്യാഗിക്കളിയൊക്കെ കളിക്കും. “ഓ, ഞാൻ ഇന്നു കാണുന്നില്ല...നീ കേറിക്കോ” എന്നൊക്കെ വളരെ വികാരനിർഭരമായി പറയും (ഇങ്ങനെ ത്യാഗിക്കാൻവേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരെ വന്നത്!-അടുത്ത പ്രാവശ്യത്തേക്കുള്ള സ്റ്റോക്ക് ഇപ്പോഴേ ഉണ്ടാക്കിവെക്കുകയാണ്. അടുത്ത അടിക്ക് ഇന്നത്തെ ത്യാഗമായിരിക്കും മുഖ്യ വിഷയം). വേറേ ചിലരെ ആ സമയം ആലുവാ മണൽപ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ലായിരിക്കും. വാതിൽക്കൽ നിന്നുകൊണ്ടു വിളിച്ചുകൂവും, “ഡേയ്, പടം തുടങ്ങാറായടേ, വേഗം വാടേ”. ...അതിനർത്ഥം, അവനന്ന് ത്യാഗം സഹിക്കാൻ തീരെ മനസ്സില്ലാ.....
ഈ സെക്കൻഡ്‌ഷോ കലാപരിപാടിയുടെ ഏറ്റവും രസകരമായ ഭാഗം, ഷോ കഴിഞ്ഞ് തിരിച്ചുള്ള പോക്കാണ്. രാത്രി പന്ത്രണ്ടുമണിക്കുള്ള സീയെമ്മെസ് ബസ്സാണ് തിരിച്ച് ആലുവാ ഭാഗത്തേക്കുള്ള ഏക ബസ്സ്. പക്ഷേ ഈ സീയെമ്മെസ് ബസ്സ് കിട്ടുന്നവർ മഹാഭാഗ്യവാന്മാരാണ്. മിക്കവാറും സിനിമാ കഴിയുമ്പോൾ കറക്ട് പന്ത്രണ്ടായിരിക്കും. ഓടിച്ചാടി കച്ചേരിപ്പടിയിൽ എത്തുമ്പോഴേക്കും ബസ്സിന്റെ പുറകിലത്തെ ലൈറ്റിന്റെ വെളിച്ചം മാത്രമാണ് പലപ്പോഴും കാണാൻ കഴിയുക (ബസ്സു കിടന്നിടത്ത് ഓയിലുപോലുമില്ല എന്ന പുതുംചൊല്ല്ലോർമ്മ വരുന്നു). ഇനി അഥവാ കറക്ട് സമയത്തിനു സ്റ്റോപ്പിൽ എത്തിയാൽത്തന്നെ അന്നു സീയെമ്മസ് ബസ്സ് കാണുകയില്ല. എല്ലാ സംഗതികളും ഒത്തുവന്നാൽ അന്ന് ബസ്സൊട്ടു നിർത്തുകയുമില്ല.
നാട്ടിൽ ഏതൊക്കെത്തരം വണ്ടികളുണ്ടെന്നതിനെപ്പറ്റി ശരിക്കൊരു അവബോധം ഉണ്ടാവുന്ന സമയമാണ് ഇനി വരാൻ പോകുന്നത് . ചാണകം കയറ്റുന്ന ലോറി, മീൻവണ്ടി, പാൽവണ്ടി, പാണ്ടിലോറി, കോഴിവണ്ടി, 407, 1210 എസ്സീ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ള വണ്ടികളിൽ കയറിയാണ് പിന്നീടുള്ള മടക്കയാത്ര. ചില മാന്യന്മാർ ആദ്യം കുറെ നേരമൊക്കെ മസ്സിലുപിടിച്ച് നിൽക്കും. “ഈ വണ്ടികളിലൊക്കെ യാരടേ കേറുന്നത്...ഞാൻ ബസ്സിനേ ഉള്ളൂ”. ഒരു മണിക്കൂർ നിന്നി കാലുകഴച്ചുകഴിയുമ്പോൾ പതുക്കെ മസ്സിലൊക്കെ അയയും. “ഒരു ചാണകവണ്ടിയെങ്കിലും വന്നാൽ മതിയായിരുന്നു”.
അത്യപൂർവ്വ സൗഭാഗ്യം ലഭിക്കുന്ന ചില മഹാഭാഗ്യവാന്മാരും അക്കൂട്ടത്തിൽ കാണും. അവർക്കുള്ളതാണ് വിശാലമനസ്കൻ തന്റെ മാസ്റ്റർപീസ് കൃതികളിൽ ഒന്നായ “പാപി”യിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കൊണ്ടുപോകാനുള്ള വണ്ടി. കൂട്ടത്തിലുള്ള ധൈര്യശാലികളുടെ എണ്ണം അറിയാനുള്ള ഒരെളുപ്പവഴിയാണ് ആ സമയം. വണ്ടി ദൂരെനിന്നു കാണുമ്പോൾത്തന്നെ നിന്നു കാലുകഴച്ചവനും മനസ്സിൽ പറയും, “ഇതു മാത്രം നിർത്തല്ലേ”. നിർത്താത്ത ചാണകവണ്ടിയെവരെ ചീത്ത പറഞ്ഞവന്മാരാണ്. നല്ല കറുത്തിരുണ്ട് പല്ലുമാത്രം വെളുത്തിരിക്കുന്ന ഡ്രൈവർ വണ്ടി ചവുട്ടി നിർത്തി വെളുക്കെ ചിരിച്ചുകൊണ്ട് വിളിച്ചു പറയും, “ആലുവാ, ....................ആലുവാ”. ആളുവാ എന്നും വണ്ടി ആലുവായ്ക്കാണു പോകുന്നതെന്നും, രണ്ടുരീതിയിലും എടുക്കാം.
ഒരു രണ്ടു മിനിറ്റു നേരത്തേക്ക് പിന്നെ നിശ്ശബ്ദതയായിരിക്കും. ചിലർ മാനത്തെ ചന്ദ്രനെ നോക്കും, വേറെ ചിലർ ആകാശത്തെ നക്ഷത്രങ്ങളെ എണ്ണും, ചിലർ കാലുകൊണ്ടു ചേന വരയ്ക്കും. അപ്പോൾ ഡ്രൈവർ പിന്നെയും വിളിക്കും, “ആലുവാ...............ആലുവാ.....” പ്രലോഭിപ്പിക്കുന്ന വിളിയാണത്. കാലാണെങ്കിൽ കഴച്ചു, ഉറക്കം കൺകളിൽ ഊഞ്ഞാലാടുന്നു. ഏതു ഭീരുവിനും കുറച്ചൊക്കെ ധൈര്യം തോന്നുന്ന സമയം. അങ്ങിനത്തെ രണ്ടു ധൈര്യശാലികൾ ആദ്യം ഓടും. പുറകിൽ കയറുകയില്ല....മുമ്പിൽ, ഡ്രൈവറുടെ അടുത്ത്, ഇങ്ങനെ ഒതുങ്ങിക്കൂടി......പിന്നത്തെ ഹതഭാഗ്യന്മാർക്കുള്ളതാണ് ആംബുലൻസിന്റെ സാക്ഷാൽ പുറകുവശം.
അങ്ങിനെ ഞങ്ങൾ ഒരു ദിവസം “അമ്മയാണേ സത്യം” കാണാൻ സംഗീത തീയേറ്ററിൽ പോയി. പതിവുപോലെ, ഷോ തുടങ്ങുന്നതിനു രണ്ടുമിനിറ്റു മുമ്പുമാത്രം എത്തിപ്പെട്ടതിനാൽ ബാൽക്കണിയൊക്കെ ഫുള്ളായി. കമ്മ്യൂണിസവും മാർക്സിസവും സോഷ്യലിസവും സമന്വയിപ്പിച്ച ഒരു മഹാപ്രസ്ഥാനമാണല്ലോ, കേരളത്തിലെ സിനിമാ തീയേറ്ററുകൾ. കാശു കൂടുതൽ കൊടുക്കുന്നവൻ കാശുകുറച്ചു കൊടുക്കുന്നവന്റെ പിന്നിൽ മാത്രം ഇരിക്കുന്ന സ്ഥലം. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സ്; ബൂർഷ്വകൾക്ക് വെറും ബാൽക്കണി മാത്രം. എറണാകുളത്തെന്തോ, കാശുള്ളവരാണ് കൂടുതലെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ്സിന് സീറ്റുകൾ വെറും പത്തോ പന്ത്രണ്ടോ മാത്രം. പക്ഷേ, നായകനെയും, നായികയെയും ഏറ്റവും അടുത്തും ആദ്യവും കാണാനുള്ള പ്രിവിലെജ് ഫസ്റ്റ് ക്ലാസ്സുകാർക്ക് മാത്രം. വേണമെങ്കിലൊന്നു തൊട്ടുനോക്കുകയുമാവാം.
ഞങ്ങൾ ഫസ്റ്റ് ക്ലാസ്സിൽ കയറി. തല തൊണ്ണൂറു ഡിഗ്രി മുകളിലോട്ടാക്കി കണ്ണ് ഒരു പ്രത്യേക ആംഗിളിൽ പിടിച്ചാൽ മാത്രമേ സിനിമ കാണാൻ പറ്റൂ. ഏറ്റവും മുന്നിലല്ലേ ഇരിപ്പ്. സിനിമ തുടങ്ങി ഒരഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മാന്യൻ ഓടിക്കിതച്ചു വന്നു, ബാഗും, കുടയും വേറേ കുറെ സഞ്ചികളുമായി. മൂലയ്ക്കത്തെ ബാക്കിയുള്ള ഒരു സീറ്റിൽ തന്റെ അനുസരണികളെല്ലാം വളരെ ചിട്ടവട്ടത്തോടെ അടുക്കിവെച്ചിട്ട് വിശാലമായി ചാരി ഇരുന്ന് അദ്ദേഹം സിനിമ കാണാൻ തുടങ്ങി. ഒരു പത്തുമിനിറ്റ് സിനിമ ആസ്വദിച്ചതിനു ശേഷം സ്വല്പം ശങ്കയോടെ വിരലും കടിച്ചു് അദ്ദേഹം ചോദിച്ചു:
“അയ്യോ...ഇത് ചെങ്കോലല്ലേ........?”
പാവം ചെങ്കോലാണെന്നു വിചാരിച്ച് ലാലേട്ടനിപ്പവരും ഇപ്പവരും എന്നും പ്രതീക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു. വന്നതോ, മുകേഷും, ആനിയും, ജഗതിയും, ബാലചന്ദ്രമേൻനും. അങ്ങിനെ സകല പ്രതീക്ഷകളും നശിച്ച് നഷ്‌ടപ്പെടുവാനൊന്നുമില്ല എന്ന മട്ടിൽ പാവം സിനിമ കാണൽ തുടർന്നു.
ഞങ്ങളുടെ സകല പ്രതീക്ഷകളേയും കടത്തി വെട്ടിയ കോമഡി സീനുകളായിരുന്നു ആ സിനിമയിൽ. മുകേഷിന്റെയും, ജഗതിയുടെയും, മാമുക്കോയയുടെയും, ബാലചന്ദ്രമേനോന്റെയും (“ചോദിക്കേണ്ട കാര്യങ്ങൾ ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് ചോദിക്കേണ്ടവരോടു ചോദിച്ചാൽ??? “ “............ ചാണകവും കിട്ടും സാർ”) പ്രകടനങ്ങളൊക്കെ കണ്ട് തീയേറ്റർ മുഴുവൻ ആർത്തു ചിരിച്ചു. ചിരിച്ചു മണ്ണുകപ്പി കണ്ണിൽക്കൂടി വെള്ളവും വന്ന് ശ്വാസം പോലും വിടാൻ വയ്യാതെ വായും പൊളിച്ചിരിക്കുമ്പോഴാണ് മൂലക്കുനിന്ന് ഒരു നിലവിളി......
“എനിക്കു വയ്യായേ.....................”
നമ്മുടെ തീയറ്റർ മാറിക്കയറിയ ദേഹമാണ്. ആശകളൊക്കെ നശിച്ച് സിനിമ കാണാനിരുന്ന അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ആ സിനിമയിലെ കോമഡി സീനുകൾ.. ഞങ്ങളെപ്പോലെ തന്നെ ചിരിച്ചു ചിരിച്ച് വശംകെട്ട അദ്ദേഹം അവസാനം ചിരി സഹിക്കാൻ വയ്യാതെ വിളിച്ചുകൂവിയതാണ് “എനിക്കു വയ്യായേ” എന്ന്.
അദ്ദേഹത്തിന്റെ “എനിക്കു വയ്യായേ” വിളി പെട്ടെന്നു തന്നെ തീയറ്റർ മുഴുവൻ ഫേമസായി. അവസാനം കോമഡി സീനുകൾ വരുമ്പോൾ ആൾക്കാർ ഒന്നു വെയിറ്റു ചെയ്യും. പുള്ളിയുടെ പൊട്ടിച്ചിരിയും എനിക്കു വയ്യായേ വിളിയും കഴിയുമ്പോഴാണ് തീയേറ്റർ മുഴുവൻ കൂട്ടച്ചിരി ഉയരുന്നത്.
വിശാലമനസ്കന്റെ കൃതികൾ ഓരോന്നും വായിച്ചുകഴിയുമ്പോൾ ഞാനും പൊട്ടിച്ചിരിക്കു ശേഷം വിളിച്ചുകൂവും..........
“................എനിക്കു വയ്യായേ”
13 Comments:
മനോരമയില്‍ തോമസ് ജേക്കബിന്റെ (അതോ ജേക്കബ് തോമസോ?) ഒരു ഫീച്ചറുണ്ട്, കഥക്കൂട്ടെന്ന പേരില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും ലോകചരിത്രവും കൂടിച്ചേര്‍ന്നാല്‍ കഥക്കൂട്ടാവും. മനോരമ ഓണ്‍ലൈനില്‍ സ്ഥിരമായി വായിക്കാവുന്ന ഒരു സംഗതിയാണത് (പിന്നൊന്നുള്ളത് ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ - “ചേട്ടാ ബാക്കില്‍ പോസ്റ്റുണ്ട്” “എന്റെ അപ്പനും പിന്നെ വല്ലഭായ് പട്ടേലും” എന്നിവയെല്ലാം) ഇവയെല്ലാം പോലെ രസകരമായ ഒരു അനുഭവമാണു് വിശാലമനസ്കന്റെയും വക്കാരിമഷ്ടായുടെയും ബ്ലോഗുകള്‍.
ജാലകം സെക്ഷനില്‍ കാണുന്ന “കഥക്കൂട്ടിന്റെ” ലിങ്കു് തരുവാന്‍ സൌകര്യപ്പെട്ടില്ല്ല - മനോരമയ്ക്ക് പനി പിടിച്ച പോലുണ്ട്.
"ഡ്രൈവറുടെ ആസനത്തിന്റെ ആയിരൊത്തിലൊരംശം മാത്രമേ അദ്ദേഹത്തിന്റെ സീറ്റിൽ കാണുകയുള്ളൂ"
വളരെ നന്നാവുന്നുണ്ട്. പക്ഷെ, എനിക്കിത്തിരി കവറേജ് കൂടുന്നില്ലേന്നൊരു സംശയം...!
ഇന്നു ഞാൻ സവിതയിൽ ഹരിഹരന്റെ 'മയൂഖം' കാണാൻ പോയിരുന്നു.ആളെയുണ്ടായിരുന്നില്ല.
പിന്നെ ഇന്നസെന്റിന്റെ കഥകൽ പ്രശസ്ത സംവിധായകൻ പ്.മോഹനൻ അമൃതാ ടീ.വിയിൽ അവതരിപ്പിക്കുന്നുണ്ട് നിങ്ങൾ കിട്ടുന്നുണ്ടൊ അമൃതാ ടീ.വീ ?
തോമസ് ജേക്കബ്ബിന്റെ (തോമസ് ജേക്കബ്ബാണെന്നാണ് വിശ്വാസം-അതെ, തോമസ് ജേക്കബ്ബ് തന്നെ) കഥക്കൂട്ടും, ഇന്നസെന്റിന്റെ ഓർമ്മകളും പതിവായി വായിക്കുന്നുണ്ട്. അതുപോലെതന്നെ രസകരമായിരുന്നു, സത്യൻ അന്തിക്കാടിന്റെ ലേഖനങ്ങളും. അവരതെടുത്തു കളഞ്ഞെന്നു തോന്നുന്നു. ശരിയാ, മനോരമയ്ക്കിടയ്ക്കിടയ്ക്ക് പനി പിടിക്കും....താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
അയ്യോ വിശാലമനസ്കാ, താങ്കളുടെ എഴുത്ത് എന്നെ അത്രയ്ക്കങ്ങ് ആകർഷിച്ചു. അതുകൊണ്ടല്ലേ.... ശരിക്കും ഉള്ളിൽ തോന്നിയതാ എഴുതിയത്. താങ്കളുടെ അടുത്ത കൃതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
തുളസീ....“മയൂഖം” ഒരു നല്ല സിനിമയാണെന്നും, പക്ഷേ രാജമാണിക്യത്തിന്റെയും അനന്തഭദ്രത്തിന്റെയും കുത്തൊഴുക്കിൽ ഒലിച്ചുപോയി എന്നും കേട്ടു..ശരിയാണോ?
സവിതയൊക്കെ ഇപ്പോഴും അവിടെ ഉണ്ടല്ലേ...നൊസ്റ്റാൾജിയ....
ജപ്പാനിൽ ഒരു മലയാളം ചാനലുമില്ല.....
This comment has been removed by a blog administrator.
വിശാലന്റെ ഫസ്റ്റ്ഷോ കഴിയുമ്പോ തന്നെ വയ്യാതായി.
ഇപ്പോ വക്കാരിമഷ്ടന്റെ സെക്കന്ഡ് ഷോയും കൂടി കഴിഞ്ഞതോടെ ഗുരുതരവുമായി.
ഇക്കണക്കിനുപോയാൽ ജീവനില്ലാത്ത വണ്ടി വേണ്ടിവരും തിരിച്ചുപോവാൻ!
കൂട്ടത്തിലൊന്നുചോദിക്കട്ടെ വോഡ്കാമരിഷ്ടാ, blog4comments എന്ന പഞ്ചായത്തിൽ ചേർന്നൂടേ?
അയ്യോ, വിശ്വപ്രഭാ....ജീവനില്ലാത്ത വണ്ടിയിൽ കയറിയാലും, മുന്നിലേ കയറാവുള്ളൂ....
ബ്ലോഗ്4കമന്റ്സ് എന്ന പഞ്ചായത്തിൽ ഉടനടി തന്നെ ചേരുന്നതായിരിക്കും. നന്ദി.
ഓടിക്കിതച്ച് വന്ന മാന്യന്റെ പരുവത്തിലാ ഇപ്പോ
'എനിക്ക് വയ്യായേ....!'
എഴുത്തിന്റെ നീളം കൊണ്ടല്ല കേട്ടോ..
വായിച്ച് രസിച്ച്, രസിച്ച് ...
'എനിക്ക് വയ്യായേ....!'
വളരെ നന്ദി വർണ്ണമേഖങ്ങളെ....നീളം വല്ലാതെ കൂടിപ്പോയി അല്ലേ......
ഒരിക്കൽ കൊച്ചിയിൽ പോയപ്പോൾ ഒരു സിനിമ കാണാൻ തിയെറ്ററിൽ കയറി. ലെനിൻ രാജേന്ദ്രന്റെ മഴയായിരുന്നു അവിടെ കളിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഒരു സീനിൽ ലാൽ സംയുക്തവർമയെ പിടിച്ചു തള്ളുന്നു. ചുമരിരിൽ തല ഇടിച്ചു സംയുക്ത നിലത്തു വീഴുന്നു. കാറ്റുപോയി എന്നു പ്രേക്ഷകർ ധരിക്കുന്നു. അടുത്ത സീനിൽ നിലത്തു നിന്നും എണീറ്റു വരുന്ന സംയുക്ത. അപ്പോൾ ഒരു പ്രേക്ഷകൻ ഉച്ചത്തിൽ
പറ്റിച്ചേ............
അതു കൊള്ളാം രാത്രിയണ്ണാ (നല്ല പേര്). ഇങ്ങിനെയുള്ളവരുടെ നമ്പരുകളെല്ലാംകൂടി ചേർത്താൽ ഒരു നാലു വാള്യം പുസ്തകമിറക്കാം. ഞാനും കേട്ടിട്ടുണ്ട് ഇങ്ങിനത്തെ പല നമ്പരുകളും സിനിമാ തീയറ്ററിൽ വെച്ച്. സന്ദർശിച്ചതിന് വളരെയധികം നന്ദി.
പ്രിയ വക്കാരീ...
എവിടേ?? ലീവ് കഴിഞ്ഞില്ലേ ഇതുവരേ..?? X-(
ഇന്നുവരും ഇന്നുവരും എന്നുപ്രതീക്ഷിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെയായി....
പ്രിയ വക്കാരീ
എനിക്കും വയ്യായേ......എന്നെ നിങ്ങളെല്ലാം കൂടി ചിരിപ്പിച്ച് കൊല്ലും എന്നാ തൊന്നുന്നത്...
Post a Comment
<< Home