Sunday, November 20, 2005

ഉൽ‌പ്രേക്ഷ

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയോ ഇത്
എന്നു വർണ്ണ്യത്തിലാശങ്ക ഉല്‍‌പ്രേക്ഷാഖ്യയല്ലംകൃതി“
എന്നാണല്ലോ ഉൽ‌പ്രേക്ഷയുടെ ലക്ഷണം.

ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചെങ്ങന്നൂരുകാരനുണ്ടായിരുന്നു. “അല്ലയോ” എന്നതിന് അദ്ദേഹം “അല്ലിയോ” എന്നേ പറയൂ (എല്ലാ ചെങ്ങന്നൂരുകാരും അങ്ങിനെയാണോ?). ഞങ്ങൾ അവന്റെ അല്ലിയോയെ ഇടക്കിടെ കളിയാക്കുമായിരുന്നു.

ഒരു ദിവസം ഞങ്ങളിങ്ങിനെ കേരളത്തിന്റെ പല ഭാഗത്തെ സംസാരരീതികളെയും ഈ പല ഭാഗക്കാരും മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളേയും പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു (ഞങ്ങളൊക്കെ അടിപൊളിയായിരുന്നു എന്നു വിചാരിക്കാൻ വരട്ടെ; സാധാരണ സംഭാഷണ വിഷയങ്ങൾ മോഹൻലാൽ, മമ്മൂട്ടി, കവിത തീയറ്റർ, ഹോസ്റ്റൽ, തക്കിട, തരികിട ഇവയൊക്കെയാണ്. അന്നെന്തോ, അങ്ങിനെ സംഭവിച്ചുപോയി എന്നു മാത്രം). ഞാൻ മധ്യതിരുവിതാംകൂറുകാരുടെ മലയാളമാണ് ബെസ്റ്റ് മലയാളം, പറയേണ്ട രീതിയിൽത്തന്നെയാണ് അവരൊക്കെ മലയാളം പറയുന്നത് എന്നു പറഞ്ഞുതീർന്നില്ല, എല്ലാവരും കൂടി “തൊണ്ട് “, “മേല് “, “ദേണ്ടേ” എന്നൊക്കെ വിളിച്ചുകൂവാൻ തുടങ്ങി (ഇടവഴിക്ക് തൊണ്ട്, മേലു കഴുകുക, ദേണ്ടെ പോയി, ആണ്ടെ കിടക്കുന്നു എന്നൊക്കെ ഇക്കൂട്ടർ പതിവായി പറയുന്നതാണല്ലോ). മൗനം വിദ്വാനു ഭൂഷണം (ഈ മൗനമെന്നു ശരിക്ക് വരമൊഴിയിൽ എഴുതുന്നതെങ്ങിനെയാ?)

ചെങ്ങന്നൂരുകാരൻ ഉൽ‌പ്രേക്ഷ വർണ്ണിച്ചു.

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലിയോ ഇത്
എന്നുവർണ്ണ്യത്തിലാശങ്ക ഉൽ‌പ്രേക്ഷാഖ്യയലംകൃതി”

ചെങ്ങന്നൂർ സ്റ്റെലിൽ “അതുതാനല്ലയോ” എന്നതിനു പകരം “അതുതാനല്ലിയോ” എന്നു പറഞ്ഞിട്ട് പുള്ളി പ്രഖ്യാപിച്ചു.

“കണ്ടോടാ........ഉൽ‌പ്രേക്ഷ കണ്ടുപിടിച്ചത് ഒരു ചെങ്ങന്നൂരുകാരനാ.......അതുകൊണ്ടല്ലിയോ അല്ലയോ എന്നതിനു പകരം അല്ലിയോ എന്ന് വളരെ കൃത്യമായി ഉൽ‌പ്രേക്ഷയിൽ പറഞ്ഞിരിക്കുന്നത്?”.

ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു.

12 Comments:

 1. At Sun Nov 20, 11:29:00 AM 2005, Blogger viswaprabha വിശ്വപ്രഭ said...

  :)

   
 2. At Sun Nov 20, 12:05:00 PM 2005, Blogger Navaneeth said...

  ചെങ്ങന്നൂരുകാരനു തന്നെ കൊട്ടണം അല്ലിയോ? പാവപെട്ടവന്‍ ദേണ്ടെ എന്നെ പോലെ ഉള്ളവന്‍ ജീവിച്ചു പൊക്കോട്ടെ മാഷെ...എല്ലാ ചെങ്ങന്നൂരുകാരും അങ്ങനയല്ല കേട്ടൊ.. അതു 'മദ്യ' തിരുവിതാംകൂറുകാരുടെ ഭാഷയല്ലേ മാഷെ...കുറച്ചു വടക്കോട്ടും തെക്കോട്ടും നടന്നാല്‍ ഭാഷ ഇതിനേക്കാളും തരികിടയാ..പറയുന്നത്‌ കേട്ട്‌ തെറിയാണെന്നു കരുതി കേക്കുന്നവന്‍ അവന്റെ മേല്‍ ഒരു ചവിട്ട്‌ നാടകവും പിന്നെ അവന്റെ രണ്ട്‌ കവിളത്ത്‌ രണ്ട്‌ തായമ്പകയും നടത്തും

   
 3. At Sun Nov 20, 12:11:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  ഹ...ഹ...ഇതെഴുതിയപ്പോൾ തന്നെ താങ്കളുടെ ഒരു കൊട്ടു പ്രതീക്ഷിച്ചു..താങ്കൾ ഒരു ചെങ്ങന്നൂരുകാരനല്ലിയോ... :))

   
 4. At Sun Nov 20, 12:16:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  വിശ്വപ്രഭാ....നന്ദി

   
 5. At Sun Nov 20, 06:17:00 PM 2005, Blogger കേരളഫാർമർ/keralafarmer said...

  ഞാനെഴുതിയ മൌനം (maunam)ഇപ്രകാരമേ വരുന്നുള്ളു. അല്ലാതെ എഴുതാൻ എനിക്കറിയില്ല.

   
 6. At Sun Nov 20, 08:11:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  നന്ദി കേരള ഫാർമർ. ഞാനും കുറെ പയറ്റി നോക്കി. പക്ഷേ രക്ഷയില്ല. സന്ദർശിച്ചതിനു വളരെയധികം നന്ദി.

   
 7. At Sun Nov 20, 08:48:00 PM 2005, Blogger കലേഷ്‌ കുമാര്‍ said...

  A+++ = SUPERB
  (കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)

   
 8. At Sun Nov 20, 09:29:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  വളരെ നന്ദി, കലേഷ്. എന്റെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നതുപോലെ, പ്രോത്സാഹിപ്പിക്കുന്നവരേ..നിങ്ങൾ ചെയ്യുന്നതെന്താണെന്ന് നിങ്ങൾ അറിയുന്നില്ല.....

   
 9. At Sun Nov 20, 11:54:00 PM 2005, Blogger evuraan said...

  വക്കാരി,

  നന്നായിട്ടുണ്ട്.

  ഇതു പോലെ, ഉപമയുടെ ലക്ഷണം പാടി ക്ലാസ്സില് ഞങ്ങൾക്കേറ്റം പ്രിയപ്പെട്ട ഒരു പട്ടരെ ഞങ്ങൾ വടിയാക്കുമായിരുന്നു.

  “മന്നവേന്ദ്രാ, വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം..”

  എന്നത്:

  മന്നവേന്ദ്രാ, വിളങ്ങുന്നു പട്ടരെപ്പോൽ നിന്മുഖം

  എന്നാക്കുമായിരുന്നു.

  പിന്നെ,

  പട്ടരേ, വിളങ്ങുന്നു പട്ടിയെപ്പോൽ നിന്മുഖം..!

   
 10. At Mon Nov 21, 06:26:00 AM 2005, Blogger വക്കാരിമഷ്‌ടാ said...

  ഏവൂരാനെ, നന്ദി. കഷണ്ടിക്കാരുടെ ഉപമയാണ് ഏറ്റവും പരിതാപകരം. “മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനേപ്പോൽ നിൻ‌തല”

   
 11. At Mon Nov 21, 03:23:00 PM 2005, Blogger വിശാല മനസ്കന്‍ said...

  :)

   
 12. At Mon Nov 21, 07:55:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  നന്ദി, വിശാലമനസ്കാ.....

   

Post a Comment

Links to this post:

Create a Link

<< Home