Friday, November 18, 2005

കളിപ്പേരുകള്‍ അഥവാ കളിയാക്കിപ്പേരുകള്‍

‍പണ്ട്‌ ഹോസ്റ്റല്‍ വാസം തുടങ്ങിയ സമയം. ആള്‍ക്കാരെ ഒക്കെ പരിചയപ്പെട്ടു വരുന്നതേ ഉള്ളൂ. ഒരു ദിവസം മെസ്സ്‌ ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുത്തന്‍ വേറൊരുത്തനെ വിളിക്കുന്നു...

"ചാക്കോ".....

നല്ല നാടന്‍ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെ പരിചയപ്പെട്ടു വന്ന കൂട്ടത്തില്‍ നമ്മുടെ ചാക്കോയേയും പരിചയപ്പെട്ടു. "ഹല്ലോ ചാക്കോ" എന്നങ്ങോട്ടു കയറി പറയുന്നതിനുമുമ്പ്‌ അദ്ദേഹം ഇങ്ങോട്ടു കയറി പരിചയപ്പെട്ടു.

"ഞാന്‍ സജീവ്‌ "

പ്രശ്നമായല്ലോ......ഇദ്ദേഹത്തിനെയല്ലേ ഇന്നാളൊരിക്കല്‍ ചാക്കോ എന്നാരോ വിളിച്ചത്. സജീവിനെക്കയറി ചാക്കോ എന്നു വിളിക്കാൻ എന്തായിരിക്കും കാരണം? ഓ...വീട്ടിൽ വിളിക്കുന്ന പേരായിരിക്കും. അവർ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നിരിക്കും.

കുറെ നാൾ കഴിഞ്ഞപ്പോൾ മനസ്സിലായി, ഈ സജീവ് ഹിന്ദു ആണെന്ന്. ഹിന്ദുവായ സജീവിനെ നല്ല നാടൻ കൃസ്ത്യാനിപ്പേരായ ചാക്കോ എന്നു വീട്ടിൽ വിളിക്കുകയോ? മൊത്തത്തിൽ കൺഫൂഷൻ ആയല്ലോ. അവസാനം, ഒരു ദിവസം ഈ സജീവ് അഥവാ ചാക്കോയുടെ ഒരു സുഹൃത്തിനോടു തന്നെ കാര്യം ചോദിച്ചു.

“ചേട്ടാ, എന്താണ് നമ്മുടെ സജീവിനെ എല്ലാവരും ചാക്കോ എന്നു വിളിക്കാൻ കാരണം?”

അതൊരു വലിയ കഥ ആയിരുന്നു.

നമ്മുടെ കഥാനായകൻ സജീവ് ലേശം കറുത്തിട്ടായിരുന്നു. അദ്ദേഹത്തിന്റെ കറുപ്പിൽ ഏഴഴക് കണ്ട്, കെമിസ്‌‌ട്രിയിലുള്ള ഏതോ ഒരു കവിഹൃദയൻ അദ്ദേഹത്തെ "charcoal" (അർഥം, കരി) എന്നു വിളിച്ചു. ഈ charcoal ലോപിച്ചു ലോപിച്ചാണ് അവസാനം ചാക്കോ ആയി മാറിയത് !!!

ഇങ്ങനെ ഓരോ കളിയാക്കിപ്പേരുകളും എടുത്തു നോക്കിക്കോ. രസകരമായ ചരിത്രങ്ങൾ അതിനു പുറകിൽ കാണാം.

(ദൈവമേ...ഇതാരേയും മന:പൂർവ്വം കളിയാക്കാൻ വേണ്ടി എഴുതിയതല്ലേ......ആരും എന്നോടു പിണങ്ങരുതേ)

6 Comments:

  1. At Sat Nov 19, 09:44:00 AM 2005, Blogger Navaneeth said...

    തകര്‍ത്തു വാരുവാണല്ലൊ....
    രസകരമായ രചനകള്‍....കാമ്പസ്‌ കതകള്‍ എന്നും വായിക്കാന്‍ രസമാണ്‌

     
  2. At Sat Nov 19, 09:12:00 PM 2005, Blogger myexperimentsandme said...

    നന്ദി നവനീതേ...തങ്കളുടെ അമീബ ഇര പിടിക്കുന്നതും, ശാർദ്ദൂലവിക്രീഡിതവും ഓഫീസിൽ ഇരുന്നാണ് വായിച്ചത്. ഒന്നുറക്കെ ചിരിക്കാനും വയ്യ, ചിരിക്കാതൊട്ടിരിക്കാനും വയ്യ. താങ്കൾ വളരെ നല്ലതായിട്ടാണ് അതെഴുതിയിരിക്കുന്നത്. അഭിനന്ദനങ്ങൾ.

     
  3. At Sun Nov 20, 12:22:00 AM 2005, Blogger Navaneeth said...

    മാഷേ, നിങ്ങള്‍ ജപ്പാനില്‍ നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയേ മാതിരിയാണെങ്കില്‍ ഞാന്‍ ഇവിടെ ആദ്യം വന്നപ്പോള്‍ പട്ടി പണ്ട്‌ ചന്തയ്ക്ക്‌ പോയ പോലെയായിരുന്നു..

     
  4. At Sun Nov 20, 08:55:00 AM 2005, Blogger Visala Manaskan said...

    നല്ല സബ്ജക്ട്‌. ഗംഭീരമായി എഴുതുന്നുണ്ട്‌. ഇന്നാണ്‌ ഇങ്ങിനെയൊരു ബ്ലോഗുണ്ടെന്ന്‌ തന്നെ അറിഞ്ഞതും വായിച്ചതും. ഇനിയും എഴുതുക.

    ചാക്കോ കഥയുമായി എനിക്ക്‌ വല്ലാത്ത ഒരു അറ്റാച്ച്‌മന്റ്‌ തോന്നുന്നു....

     
  5. At Sun Nov 20, 11:25:00 AM 2005, Blogger viswaprabha വിശ്വപ്രഭ said...

    നല്ല എഴുത്താണെന്നു പ്രത്യേകം പറയേണ്ടല്ലോ.

    കൂ‍ടുതൽ വായിക്കാൻ കാത്തുകാത്തിരിക്കുന്നു...

     
  6. At Sun Nov 20, 05:33:00 PM 2005, Blogger myexperimentsandme said...

    നവനീതേ...പട്ടി ചന്തയ്ക്കു പോയാലും അവസാനം പട്ടി ചന്തയ്ക്കു പോയതുപോലെ ഇങ്ങ് തിരിച്ചുവരുമല്ലോ...നിലാവത്തഴിച്ചുവിട്ട കോഴിയുടെ കാര്യം ആർക്കറിയാം?

    വിശാലമനസ്കാ...വളരെയധികം നന്ദി (അല്‌പം കറുത്തിട്ടാണല്ലെ :)) )

    വിശ്വപ്രഭാ...പ്രോത്സാഹനത്തിനു വളരെ നന്ദി. താങ്കളുടെയൊക്കെ ബ്ലോഗുകളാണ് മലയാളം ബ്ലോഗുലോകത്തേക്ക് പിച്ചവെച്ചുനടക്കാൻ എനിക്കു പ്രചോദനമായത്...താങ്കളുടെയൊക്കെ നിലവാരത്തിന്റെ ആയിരത്തിലൊരംശം എങ്കിലും എത്താൻ കാലങ്ങളെടുക്കുമെങ്കിലും.

     

Post a Comment

<< Home