മുദ്രാവാക്യത്തില്‍ പ്രയോഗിക്കുക
വെറുതെ ഇരുന്നപ്പോള്‍ (അതാണല്ലോ ഇവിടുത്തെ പ്രധാന പരിപാടി) നാട്ടിലെ പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നു (അതിനുവേണ്ടിയാണല്ലോ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ ഇവിടെ വന്നത്).
ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിനു മുന്‍പില്‍ ഭയങ്കര മുദ്രാവാക്യം വിളി...എല്ലാവരും ഭയങ്കര ആവേശത്തില്‍..."വിക്രമന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക...."
എനിക്കു വിക്രമന്‍ അവര്‍കളെപ്പറ്റി വളരെ ബഹുമാനം തോന്നി. അദ്ദേഹം ഈ പാവപ്പെട്ട തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ എല്ലാം കണ്ട് അവരെയെല്ലാം ഈ കഷ്ടപ്പാടില്‍നിന്നും കരകയറ്റാന്‍ വളരെ കഷ്ടപ്പെട്ട് ഒരു റിപ്പോര്‍ട്ടുണ്ടാക്കി വളരെയധികം കഷ്ടപ്പെട്ട് മാനേജുമെന്റിനു സമര്‍പ്പിച്ചു. എന്നിട്ടും മാനേജുമെന്റ് ആ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. എന്തൊരു കഷ്ടപ്പാടണെന്നു നോക്കിക്കേ...
അങ്ങിനെ വിക്രമന്‍ അവര്‍കള്‍ക്ക് മനസ്സില്‍ അഭിവാദ്യവും അര്‍പ്പിച്ചു മുമ്പോട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ അതാ കേള്‍ക്കുന്നു, അതേ നാവുകളിള്‍നിന്നുതന്നെ..
"വിക്രമന്‍ മൂര്‍ദ്ദാബാദ്"
ശ്ശെടാ...ഇതു നല്ല കളി.... വിക്രമന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയും വേണം, വിക്രമന്‍ അവര്‍കള്‍ മൂര്‍ദ്ദാബാദായി പോവുകയും വേണം!! ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല.
ഞാന്‍ അടുത്തുനിന്ന ഒരു വിപ്ലവവീര്യത്തോടു ചോദിച്ചു."ചേട്ടാ... ഈ കമ്മറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ വിക്രമന്‍ സാറിനെത്തന്നെയാണോ നിങ്ങള്‍ മൂര്‍ദ്ദാബാദും വിളിക്കുന്നത്?"
ചേട്ടനില്‍ വിപ്ലവവീര്യം തിളക്കുന്നത് എനിക്കു ദൂരെനിന്നു തന്നെ കാണാമായിരുന്നു. ആവേശത്തോടെ ചേട്ടന്‍ പറഞ്ഞു,"അതെ....അതുതന്നെ...വിക്രമന്‍ മൂര്‍ദ്ദാബാദ്"
"പക്ഷേ ചേട്ടാ...വിക്രമന്‍ അവര്‍കള്‍ കുറച്ചു കൊള്ളാമെന്ന ആളാണെന്നു തോന്നിയതുകൊണ്ടല്ലെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിങ്ങള്‍ ഖോരഖോരം ആവശ്യപ്പെടുന്നത്...അടുത്ത ശ്വാസത്തില്‍ത്തന്നെ നിങ്ങള്‍ അദ്ദേഹത്തിനു മൂര്‍ദ്ദാബാദും വിളിക്കുന്നതില്‍ എന്തോ ഒരു അസ്കിത ഇല്ലേ?...മൂര്‍ദ്ദാബാദിക്കപ്പെടേണ്ട ആളുടെ റിപ്പോര്‍ട്ടു തന്നെ നടപ്പാക്കപ്പെടണോ ചേട്ടാ?"
അടുത്ത പ്രാവശ്യത്തെ മുദ്രാവാക്യത്തില്‍ ഞാന്‍ ഒരൊച്ച കുറച്ചേ കേട്ടുള്ളൂ.
അണ്ണാറക്കണ്ണനും തന്നാലായത്.....
പിന്നെയാണ് മനസ്സിലായത്, ഇ വിക്രമൻ അവർകൾ പണ്ടെങ്ങോ ഒരു തൊഴിലാളി സ്നേഹിയായിരുന്ന സമയത്ത് പടച്ചുകൂട്ടിയ റിപ്പോർട്ടാണ് ഇപ്പോൾ നടപ്പാക്കണമെന്നു പറഞ്ഞ് നമ്മുടെ വിപ്ലവവീര്യന്മാർ ബഹളം വെക്കുന്നത്.
കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് നമ്മുടെ വിക്രമൻ അവർകൾ മാനേജുമെന്റിന്റെ വലിയ ആളായി....
(മുദ്രാവാക്യം സത്യം.....പേരുകൾ മാറ്റം)
5 Comments:
ഇഷ്ടാ, വക്കാരിമഷ്ടാ,
ബെഷ്ടാവുന്നുണ്ട്!
കഷ്ടപ്പെട്ടായാലും വേണ്ടില്ല, ഷ്ടോപ്പാക്കാതെ ഫാഷ്ടുഫാഷ്ടായി പോഷ്ടുകൾ ഇങ്ങോട്ടു പോരട്ടെ!
വൈകിയാണേലും സുസ്വാഗതം!
സംഭവങ്ങൾ ഉഷാറാകുന്നു!
അതൊക്കെ പോട്ടെ, ഈ വക്കാരിമഷ്ടാ എന്നു പറഞ്ഞാ എന്താ?
വിശ്വപ്രഭാ......വക്കാരിമഷ്ടന്റെ പോഷ്ടുകൾ ഇഷ്ടപ്പെട്ടു എന്നു കേഷ്ടതിൽ സന്തോഷം തോന്നുന്നു. നഷ്ടി (നന്ദി)
കലേഷേ.....നന്ദി. വക്കാരിമഷ്ടാ എന്നു പറഞ്ഞാൽ ജാപ്പനീസിൽ മനസ്സിലായി എന്നർത്ഥം. പക്ഷേ ഇവിടെ വന്നാൽ കുറച്ചുകാലത്തേക്കെങ്കിലും ഒരു കാര്യവും മനസ്സിലാവുകയില്ല എന്നതാണു വാസ്തവം
വിപീ
സത്യായിട്ടും താങ്കളുടെ ആദ്യരണ്ടു വാക്കുകൾ ഞാനിതിലെ ഒരു പോസ്റ്റിലെ കമന്റാക്കിയിരുന്നു.
ഇപ്പോഴാണിതു കണ്ടത് സത്യം!
അനിൽജീ...déjà vu പിടിച്ചോ :))
Post a Comment
<< Home