Monday, March 02, 2009

ചേരിപ്പട്ടിക്കോടിപതി

“സ്ലം ഡോഗ് മില്ല്യന്‍ നായേഴ്സ് എന്ന സിനിമകൊണ്ട് സം ഡോഗ്‌സ് ഹാവ് ബിക്കം മില്ല്യനേഴ്സ് എന്നതിനപ്പുറം എന്തിര്?”

“എന്തിര്? ഇന്നലെ പുത്തരിക്കണ്ടത്ത് കണ്ട മില്ല്യന്‍ നായേഴ്സോ? ലെവരൊക്കെ ചേരിക്കാരാണോ?”

“ലെതല്ലെന്ന്... ആ പടം-ചേരിപ്പട്ടിക്കോട്ടിപ്പത്തി”

“ലോ...ലെത്...എന്തിരെന്നോ, ആ സിനിമയില്ലുള്ളതെല്ലാം ഇന്ത്യയിലില്ലേ? ആ സിനിമയില്ലില്ലാത്തതെന്തെങ്കിലും ഇന്ത്യയില്‍ ഉണ്ടോ? ഇന്ത്യയില്‍ ചേരിയില്ലേ, ചേരിയില്‍ ലഹളയില്ലേ? ലഹളയില്‍ കലപിലയില്ലേ? കലപിലയില്‍ പിള്ളേരില്ലേ? പിച്ചക്കാരില്ലേ, കണ്ണില്ലേ, കുത്തില്ലേ, കോമയില്ലേ?”

“തന്നെ തന്നെ...ഇതെല്ലാം ഇന്ത്യയിലുണ്ട്, എന്നാലും ഇത് മാത്രമാണോ ഇന്ത്യ?“

“എന്തിരിന്? ചുമ്മാ സ്യൂഡോ ആവാതെ? ഇതൊക്കെ തന്നെ ഇന്ത്യ... ഇന്ത്യാവിലുള്ളതിന്റെ പത്തിലൊന്ന് പോലും ഇതിലില്ലല്ലോ? പിന്നെന്തിര്?”

“ലെന്നാലും...“

“എന്തോന്ന്? ചേരിചേരാനയമൊക്കെ പോയില്ലേ? പിന്നെന്തിനീ ചേരിതിരിവ്? ഒരു തിരിവും വേണ്ട, ഇന്ത്യയില്‍ ചേരിയുണ്ട്, ആ ചേരിയില്‍ ലഹളയുണ്ട്, അപ്പിയുണ്ട്, അമേധ്യമുണ്ട്, കലപിലയുണ്ട്, മാഫിയാ ശശിയുണ്ട്. അതൊക്കെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ക്ക് സായിപ്പ് ഇതൊക്കെ ഇങ്ങിനെ പച്ചയ്ക്കും മഞ്ഞയ്ക്കും കാവിക്കും ചുവപ്പിച്ചുമൊക്കെ കാണിച്ചപ്പോള്‍ ചൊറിഞ്ഞായിരിക്കും. ലെവനൊക്കെ കറങ്ങുന്ന കസേരയിലിരുന്ന് ചേരിചേരാനയത്തെപ്പറ്റിയും ചേരിയെപ്പറ്റിയുമൊക്കെ ഘോരഘോരിക്കും. പക്ഷേ ആ ചേരിയുടെ നാലയലോക്കത്തേക്ക് ലെവനൊന്നും പോകൂല്ല. മമ്മൂട്ടിപ്പടത്തില്‍ മുരളി കൊച്ചിന്റെ മൂക്കള പിഴിഞ്ഞിട്ട് ലൈഫ് ബോയിയില്‍ കൈമുക്കിയിരുന്നതോര്‍ക്കുന്നില്ലേ. ലാ ടൈപ്പ്.”

“എന്നാപ്പിന്നെ പോകാമല്ലേ?“

“ലെങ്ങോട്ട്?“

“അടുത്ത ഹോളിഡേ ധാരാവിയിലാക്കാമല്ലേ. ഒരാഴ്ച അവിടെ ഏതെങ്കിലും കുടിലില്‍ ഹോം സ്റ്റേ...”

--------------------------------------------------------------------------------

“ഹല്ലാ ഈ ധാരാവിയിലൊക്കെ ഇങ്ങിനെതന്നെയാണോ?“

“എന്തോന്നിന് സമശയം? ധാരാവി മാത്രമല്ല ഏത് ചേരിയിലും ഇതൊക്കെത്തന്നെ. അപ്പിക്കുഴിയില്‍ പിള്ളേര്‍ വീണുകളിക്കും, ലഹള കഴിഞ്ഞൊട്ട് വിശ്രമിക്കാന്‍ പോലും സമയമില്ല, പിള്ളേരുണ്ടോ, കണ്ണ് കുത്തിപ്പൊട്ടിച്ചത് തന്നെ. മൊത്തം മാഫിയ...”

“അപ്പോള്‍ ധാരാവിയില്‍ നേരാംവണ്ണം ജീവിക്കുന്ന ആരുമില്ലേ?”

“ഈ നേരാംവണ്ണം ജീവിതമ്മെന്ന കണ്‍‌സെപ്റ്റ് തന്നെ പണമുള്ളവനും സവര്‍ണ്ണനും കൂടി ചേര്‍ന്ന് തീരുമാനിച്ച ഒരു സംഗതിയല്ലേ... ലെവന്മാരുടെ ജീവിതം മാത്രം നേരാംവണ്ണം, അല്ലാത്തതൊക്കെ പോക്ക് എന്നങ്ങിനെയാക്കിമാറ്റി. ചേരിയെന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെ. മൊത്തം മാഫിയ. ഇടി, വെടി, കത്തി, തോക്ക്, കുത്ത്, ആകപ്പാടെ ചളം”

“എങ്ങിനെ മനസ്സിലായി?”

“മില്ല്യന്‍ നായേഴ്സ് കണ്ടില്ലായിരുന്നോ?”

“ഓ...“

“അമേരിക്കയില്‍ മൊത്തം ലഹളയാണെന്നും തോക്കാണെന്നും വെടിയാണെന്നും, ഒരുത്തനും ഒരു ബോധവുമില്ലാതെ നടപ്പാണെന്നും നാഴികയ്ക്കും കയ്‌പില്ലാതെയും ഡൈവോഴ്സും ഡിവോഴ്സും ഡ്രൈവിംഗുമാണെന്നുമൊക്കെ ഇങ്ങ് കോത്താഴത്തിരുന്ന് നമുക്കെങ്ങിനെ പിന്നെ പിടികിട്ടി?”

“എങ്ങിനെ കിട്ടി, പിടി?”

---------------------------------------------------------------------------------
“ചേരിപ്പട്ടിക്കോടിപതിയെപ്പറ്റിയുള്ള അഭിപ്രായം?”

“ഒട്ടും ബോറഡിച്ചില്ല, ചില സീനുകളിലൊക്കെ അസ്വാഭാവികത മുഴച്ച് നിന്നതുപോലെ തോന്നി. വേറേ ചില സീനുകളില്‍ അവ വീര്‍ത്തു നില്‍‌ക്കുകയായിരുന്നു. ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയല്ലേ എന്ന് ചോദിച്ചാല്‍, ആണെന്ന് തന്നെ പറയാം-കൊച്ചപ്പിക്കുഴിയില്‍ വീഴുന്നതും മറ്റും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും. ഭിക്ഷാടനമാഫിയ ഉണ്ടെന്ന് തന്നെയാണ് വായിച്ചറിഞ്ഞതില്‍ നിന്നും മനസ്സിലാക്കിയത്. കണ്ണ് കുത്തിപ്പൊട്ടിച്ച വാര്‍ത്തകളൊക്കെ പത്രങ്ങളിലൂടെ വായിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ലഹളകള്‍ എന്തായാലും ഉണ്ട്. എങ്കിലും അതുപോലൊരു ജമാല്‍ മാലിക്ക് യഥാര്‍ത്ഥത്തില്‍ ഏവിടെയെങ്കിലും ഉണ്ടാവുമോ എന്ന് ചോദിച്ചാല്‍... ജയ് ഹോ സീനിലെ ഡാന്‍സ് റൊമ്പ്ര പിടിച്ചു”

“റസൂല്‍ പൂക്കുട്ടിക്കും റഹ്‌മാനും ഓസിന് കാറ് കിട്ടിയതിനെക്കുറിച്ച്?”

“റസൂല്‍ എന്നൊരു പൂക്കുട്ടി ഈ ലോകത്തുണ്ടെന്ന് അറിഞ്ഞത് ഈ പടത്തിന് ശേഷം. റഹ്‌മാന്‍ നമ്മുടെ ഡിയര്‍ മാനല്ലേ, മയിലല്ലേ (എല്ലാ പാട്ടുകളും ഇഷ്ടമല്ലെങ്കിലും ചിലതൊക്കെ പെരുത്തിഷ്ടം-കറുത്തമ്മ ഉദഹരണ്‍)“

“അതേ അറിഞ്ഞില്ലേ, അങ്ങിനെ ഓസിനൊന്നും പരിപാടി പറ്റില്ല”

“ലെന്നാലിന്നാ, എഴുതി തയ്യാറാക്കിയ അനുന്മാദന പ്രസംഗം:

ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളുമായ, ഭീകരവാദികളല്ലാത്ത, മുസ്ലിമായ റസൂല്‍ പൂക്കുട്ടിക്കും മുസ്ലിമായ ഏയാര്‍ റഹ്‌മാനും എന്റെ അഭിനന്ദനങ്ങള്‍. എല്ലാ ഇന്ത്യക്കാരും സര്‍വ്വോപരി മുസ്ലിങ്ങളും ഈ നേട്ടത്തില്‍ സന്തോഷിക്കേണ്ടതാകുന്നു, സന്തോഷിപ്പുമാറാകാന്നു, സന്തോഷിച്ചുകൊണ്ടേയിരിക്കേണ്ടതാകുന്നു...”

പൂക്കുട്ടിയുടെ ആത്മവിശ്വാസത്തോടെയുള്ള, ഞഞ്ഞാപിഞ്ഞാ സ്റ്റൈലിലല്ലാത്ത, ജാഡയില്ലാത്ത, ആ മറുപടി പ്രസംഗവും, പിന്നെ സ്ലം ഡോഗ് ടീസ് എല്ലാവരും കൂടി വന്ന് ബെസ്റ്റ് സിനിമയ്ക്കുള്ള ഓസ്‌കാര്‍ വാങ്ങിച്ചതും ആ അവാര്‍ഡ് ദാനച്ചടങ്ങിലെ ബെസ്റ്റ് മൊമന്റ്സ് ആയി തോന്നി.

----------------------------------------------------------------------------

“അല്ലാ ശരിക്കും ഇത്രയ്ക്കും ചര്‍ച്ചിക്കാന്‍ മാത്രം എന്താണ് കാര്യം”

“ആര്‍ക്കറിയാം. ഇന്ത്യയെ ഇന്ത്യക്കാര്‍ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും സായിപ്പ് ലോകത്ത് മൊത്തവും ഇതിന് മുന്‍പും കാണിച്ചിട്ടുണ്ട്. അത് കാശുണ്ടാക്കാനാണോ, ആവിഷ്കാരത്തിന്റെ അനുഭൂതിയില്‍ ആറാടാനാണോ എന്നൊക്കെ അതിനൊക്കെ ഇറങ്ങിയവര്‍ക്കറിയാം. പടം പിടിച്ച സായിപ്പിനോട് തന്നെ ചോദിക്കണം-“ആക്ക്‍ച്ചുവല്ലീ, എന്തായിരുന്നു സായിപ്പേ താങ്കളുടെ ഉദ്ദേശം?”. അയാള്‍ എന്ത് പറയുന്നോ അത് തന്നെ ഉദ്ദേശം. പിന്നെ നമുക്ക് വേറേ പണി ധാരാളമുള്ളതുകാരണം ഇങ്ങനെയൊക്കെ ചര്‍ച്ചിക്കുന്നു, ബ്ലോഗുന്നു, നേരം നേരാംവണ്ണം ഉപയോഗിക്കുന്നു. സായിപ്പ് ഈ സമയത്ത് അടുത്ത പടത്തെപ്പറ്റി ചിന്തിക്കുന്നു, പടം പിടിക്കുന്നു, വിറ്റ് കാശാക്കുന്നു”

“ഈ പടത്തോടുകൂടി ധാരാവിയൊക്കെ ഷാങ്കായിയായി മാറുമെന്നൊക്കെ കേള്‍ക്കുന്നു”

“നാടോടിക്കാറ്റ് കണ്ടില്ലായിരുന്നോ...? ഇന്ത്യയെന്ന് പറഞ്ഞാല്‍ ധാരാളം ധാരാവിയും അവിടുത്തെ അപ്പിയും അപ്പിക്കുഴിയും മാഫിയാ ശശിയുമൊക്കെ ചേര്‍ന്നത് തന്നെ. ഇതൊക്കെ ഇല്ലാതായാല്‍ ഇന്ത്യ ഷാങ്കായിയും ഷാന്‍ ഹോസേയുമൊക്കെയാവില്ലേ? അതുകൊണ്ടല്ലേ ഞങ്ങള്‍ ചേരികളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുക മാത്രം ചെയ്യുന്നത്. അതിന്റെ അടുത്തുകൂടെ പോയിപ്പോലും ആ ചേരികളുടെ പവിത്രത ഞങ്ങളായിട്ട് കളയില്ല”

“അപ്പോള്‍ ഒരു കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് ചേരികളെപ്പറ്റി പ്രസംഗിക്കും. രണ്ടാം കൂട്ടര്‍ ചേരിയില്‍ ക്യാമറയോടിച്ച് ചേരികളെ കാണിക്കും. മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി തര്‍ക്കിക്കും. നാലാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് രണ്ടാം കൂട്ടര്‍ ചേരിയിലോടിനടന്ന് ചേരികാണിച്ചതിനെപ്പറ്റി മൂന്നാം കൂട്ടര്‍ കസേരയില്‍ ചാരിക്കിടന്ന് തര്‍ക്കിച്ചതിനെപ്പറ്റി തര്‍ക്കിക്കും. അഞ്ചാം കൂട്ടര്‍...“

“ലെത് ഞാന്‍ തന്നെ...നിര്‍ത്തീട്ട് പോഡേ”


നാടോടുമ്പോള്‍ ചേരയുടെ നടുക്കഷണം തിന്നോണ്ടിരുന്നാല്‍ പോരാ, വിലങ്ങനെ തന്നെ ക്രോസ് കണ്ട്രി നടത്തണമെന്നാണല്ലൊ.

Labels:

5 Comments:

  1. At Tue Mar 03, 01:05:00 AM 2009, Blogger Unknown said...

    ഒന്നൊന്നര വിശകല്സ്.. ലതും ആ ക്ലാസിക് നിലാവത്തെ കോഴി സ്റ്റൈൽ ... ചുമ്മാ ഇരുന്ന് പടമെടുത്ത് കട്ട് പേസ്റ്റാതെ, ഇങ്ങനെ വല്ലോം പോരട്ട് :)

     
  2. At Tue Mar 03, 07:14:00 AM 2009, Blogger അയല്‍ക്കാരന്‍ said...

    റെസൂല്‍ പൂക്കുട്ടിക്ക് പുതിയൊരു ഇരട്ടപ്പേര് കിട്ടിയത്രെ, ഓംചേരി എന്ന്..........

     
  3. At Wed Mar 04, 09:59:00 AM 2009, Blogger പ്രിയംവദ-priyamvada said...

    sayiipu daaridryam alla ,marichchu chErikaLile "energy" aaNu pakarthhanudESichchathu ennu oru interview-il paranju.

    (Sorry ,ente ee PC malayaLiyalla)

     
  4. At Wed Mar 04, 08:51:00 PM 2009, Blogger Suraj said...

    അഞ്ചാം കൂട്ടര്‍.... അഞ്ചാം കൂട്ടര് അതിനെപ്പറ്റി ബ്ലോഗെഴുതും... ആറാം കൂട്ടര്‍ ആ ബ്ലോഗെഴുതിയതില് കമന്റേം ചെയ്യും :)))

     
  5. At Sat Mar 14, 10:01:00 AM 2009, Blogger തെന്നാലിരാമന്‍‍ said...

    some dogs became millioners...അത്ര തന്നെ...

     

Post a Comment

<< Home