Monday, January 18, 2010

ഉത്തമനെ അറിയില്ലേ?

അതേന്ന്, ആ ഉത്തമന്‍ തന്നെ, സന്ദേശത്തിലെ, പ്രതിക്രിയാവാതകവും കൊളോണിയലിസവും എല്ലാം കൂടി കണ്‍ഫൂഷനാക്കിയ ഉത്തമന്‍... സ്റ്റഡി ക്ലാസ്സിലൊന്നും കയറാത്തതുകാരണം പാര്‍ട്ടിയെപ്പറ്റി ഒരു “ചുക്കും” അറിയാന്‍ വയ്യാത്ത ഉത്തമന്‍...

പക്ഷേ പാര്‍ട്ടിയിലെ എല്ലാവരും ഉത്തമന്മാരാണെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ അവര്‍ക്കൊരു ബിഗ് സമയലി :) പാര്‍ട്ടിയെപ്പറ്റിയും പാര്‍ട്ടി രീതികളെപ്പറ്റിയും ഒരു “ചുക്കും” അറിയാത്തവരേ അങ്ങിനെ വിചാരിക്കൂ. എന്നാല്‍ ബുദ്ധിജീവിപ്രസംഗങ്ങള്‍ കേട്ടുനില്‍ക്കുന്നവരില്‍ ധാരാളം ഉത്തമന്‌മഥന്മാരുണ്ടെന്നത് “സക്കറിയ” സംഭവം തെളിയിക്കുന്നുമുണ്ട്.

“വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."

എന്ന് കേള്‍ക്കുമ്പോളാണോ

“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്”

എന്ന് കേള്‍ക്കുമ്പോളാണോ ഉത്തമനെപ്പോലുള്ള നമുക്കൊക്കെ, ചോദിക്കുന്നവന്റെ പിടലിക്ക് പിടിക്കാന്‍ തോന്നുന്നത്. പ്രത്യേകിച്ചും:

'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല..“ എന്ന് ഇവിടെത്തനെ സര്‍ട്ടിഫൈ ചെയ്ത സ്ഥിതിക്ക്?

"തങ്ങളാരാധിക്കുന്ന നേതാക്കന്മാരെല്ലാം 'ഒളിസേവ'ക്കാരായിരുന്നൂന്നല്ലേ യെവന്‍ പറഞ്ഞ് വന്നത്" എന്നായിരിക്കുമോ അവര്‍ക്ക് പെട്ടെന്ന് തോന്നുന്നത്, അതോ

“ശ്ശെഡാ, നമ്മുടെ പാര്‍ട്ടിക്കാരൊക്കെച്ചേര്‍ന്ന് ആ ഉണ്ണിത്താനൊരു പണികൊടുത്തപ്പോള്‍ അതിന് നമുക്കെന്തധികാരം എന്ന് ചോദിക്കാന്‍ ഇയാള്‍ക്കെങ്ങിനെ ധൈര്യം വന്നു” എന്നായിരിക്കുമോ?

ഒരു ഉത്തമനായ ഞാന്‍ ഉത്തമബോധ്യത്തോടെ പറയുന്നു, സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമോ വ്യാഖ്യാനമോ ഒന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഉത്തമന്മാര്‍ക്കില്ല, മന്‍‌മഥന്മാര്‍ക്കുമില്ല.

ഏതെങ്കിലും ഒരു ബുദ്ധിജീവി, “വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."

എന്നൊക്കെ വലിയവായില്‍ പറഞ്ഞാല്‍ വായും പൊളിച്ച് നില്‍ക്കാനേ എന്നെക്കൊണ്ടൊക്കെ പറ്റൂ. കൂടിവന്നാല്‍ സന്ദേശത്തിലെ ഒറിജിനല്‍ ഉത്തമന്‍ സ്റ്റൈലില്‍ “മനസ്സിലായില്ല” എന്നൊന്ന് പറഞ്ഞേക്കും...

പക്ഷേ തനി നാട്ടുമ്പുറത്തുകാരായ ഞങ്ങള്‍, ഞങ്ങളുടെ പാര്‍ട്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്കെന്തധികാരം എന്നാരെങ്കിലും ചോദിച്ചാല്‍... പൊന്നുമോനേ...

എന്റെ ഉത്തമബുദ്ധി ഉത്തമബോധ്യത്തോടെ പറയുന്നു, ഇതായിരിക്കണം പയ്യന്നൂരില്‍ സംഭവിച്ചത്.

പക്ഷേ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ ഉത്തമന്മാരൊന്നുമല്ല, നല്ല ഒന്നാന്തരം തന്ത്രശാലികളാണെന്ന് പാര്‍ട്ടി ഒരിക്കല്‍ കൂടി തെളിയിച്ചു.വളരെ സമര്‍ത്ഥമായി സര്‍ കറിയായുടെ മഞ്ചേരി പരാമര്‍ശം അങ്ങ് മാറ്റിവെച്ചിട്ട്, 'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നതിലൊക്കെ കയറിപ്പിടിച്ച്, പാര്‍ട്ടിയിലെ ദൈവങ്ങളെ ചോദ്യം ചെയ്താല്‍ ഒരു ഉത്തമപാര്‍ട്ടി വിശ്വാസിയും വെറുതെ ഇരിക്കില്ല എന്നൊക്കെ അതിനെ താത്വികമാക്കി, ഈ പാര്‍ട്ടിയും അതിലെ പ്രവര്‍ത്തകരും എന്തോ ഒരു മഹാ സംഭവമാണ് എന്ന് ഒരിക്കല്‍ കൂടി നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു.

അങ്ങിനെ ഉത്തമന്മാരായ നാട്ടുമ്പുറത്തുകാരുടെ ശുദ്ധഗതിക്കുള്ള പിടലിക്ക് പിടുത്തവും പാര്‍ട്ടി താത്വികമാക്കി.

അതായത് നിയമം കൈയ്യിലെടുക്കുക എന്ന ഏതൊരു പാര്‍ട്ടിയുടെയും, പ്രത്യേകിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ, ഒരു മൌലികാവകാശത്തെ, ഒരു ബുദ്ധിയില്ലാജീവി ചോദ്യം ചെയ്യുകയും, “ലെവനൊക്കെ അങ്ങിനെ ചെയ്യാന്‍ ആരാണ് അധികാരം കൊടുത്തത്” എന്നപോലെപോലും ചോദിക്കുകയും ചെയ്തപ്പോള്‍ ചോദിച്ച ജീവിയുടെ പിടലിക്ക് ആ ചോദ്യം ചോദിച്ചതിന്റെ പേരില്‍ തന്നെ പിടിച്ചപ്പോള്‍, “ശ്ശേ, പിടലിക്ക് പിടിക്കാന്‍ അതാണ് കാരണമെന്നറിഞ്ഞാല്‍ മോശമല്ലേ, നമുക്ക് താത്വികിക്കാം” എന്ന് പറഞ്ഞ് പാര്‍ട്ടിയിലെ ദൈവങ്ങളെ അപമാനിച്ചപ്പോള്‍ സാധാരണ പാര്‍ട്ടിക്കാര്‍ ഉടനെ ഭൂതകാലത്തിലേക്ക് ഊളിയിട്ട് അവരൊക്കെ ചെയ്ത ത്യാഗത്തെപ്പറ്റിയും സഹനത്തെപ്പറ്റിയുമൊക്കെ ഓര്‍ത്ത് നിയന്ത്രണം വിട്ട് സ്വാഭാവികമായി ഒന്ന് പ്രതികരിച്ചുപോയി എന്നാക്കി

(അണ്ണേ, നിസ്വാര്‍ത്ഥമായി പാര്‍ട്ടിയെ സേവിച്ച് അത് വഴി നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയവരെയൊക്കെ ഇപ്പോഴത്തെ നേതാക്കന്മാരുള്‍പ്പടെയുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ഓര്‍ത്തിരുന്നുവെങ്കില്‍ പാര്‍ട്ടി എന്നേ വ്യത്യസ്ഥമായൊരു പാര്‍ട്ടിയായേനേ, എത്രപേര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചേനെ, അതിലുമധികം എത്രയോ പേര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തേനെ...
അവസാനം പഴയകാല നേതാക്കന്മാരുടെ ത്യാഗത്തെപ്പറ്റിയൊക്കെ ഉത്തമന്മാരെ ഓര്‍മ്മിപ്പിക്കാന്‍ സര്‍ക്കറിയ അങ്ങിനെ പറയേണ്ടിവന്നൂ എന്നും പാര്‍ട്ടി പറയാതെ പറയുന്നു).
----------------------------------------------------------------------------------

പറയാതെ പറയുന്ന കല, അഥവാ ശശി പിന്നെയും ആരൊക്കെയോ ആയീ...

മഞ്ചേരിയിലെ മോബ് ജസ്റ്റീസ് പോര്‍ക്കിത്തരമായിരുന്നൂ എന്ന മെസ്സേജാണ് കണ്ണുവേ ചെയ്യേണ്ടതെങ്കില്‍ അതില്‍ തന്നെ ഫോക്കസ് ചെയ്ത് വായനക്കാരുടെ ശ്രദ്ധ വേറെ എങ്ങും പോകാതെ നോക്കി അതിനെപ്പറ്റിത്തന്നെ പറയണം. ഉദാഹരണത്തിന് സക്കറിയ പറഞ്ഞതുപോലെ. “ഉണ്ണിത്താന്‍ ആരുമായിക്കൊള്ളട്ടെ” എന്നൊരു വാക്കേ സക്കറിയ പറഞ്ഞുള്ളൂ. ബാക്കിയൊക്കെ മഞ്ചേരിയിലെ മോബ് ജസ്റ്റിസിനെ ഫോക്കസ് ചെയ്ത് തന്നെയായിരുന്നു. കേള്‍ക്കുന്നവര്‍ ഉണ്ണിത്താനെ ഓര്‍ക്കില്ല, മഞ്ചേരിയില്‍ സംഭവിച്ചതേ ഓര്‍ക്കുകയുള്ളൂ. അവിടെ നാട്ടുകാരും പാര്‍ട്ടിക്കാരും കാണിച്ചത് പോക്രിത്തരമായിരുന്നോ അല്ലായിരുന്നോ എന്നൊക്കെ അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാനും പറ്റും.മഞ്ചേരി:ഉണ്ണിത്താന്‍ = 90:10

പക്ഷേ ശശിമാര്‍ അങ്ങിനെയല്ലല്ലോ. അവര്‍ക്ക് ഇടയ്ക്കിടെ ആരെങ്കിലുമൊക്കെ ആയിക്കൊണ്ടിരിക്കണം. ശശിക്ക് പറയാനുള്ളതൊക്കെ പറയുകയും വേണം, ഒടുവില്‍ ശശിക്ക് ആരോ ആവുകയും വേണം. അപ്പോള്‍ നമ്മള്‍ ഇങ്ങിനെയൊക്കെ പറയും. കമ്പ്ലീറ്റ് ഫോക്കസും പോവും, വായിക്കുന്നവന് ഉണ്ണിത്താന്റെ ഒരു ഫുള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്യും. അപ്പോള്‍ ശശി ആരായീ, മഞ്ചേരി സംഭവത്തെപ്പറ്റി ശക്തമായി പ്രതികരിച്ച തിരുവിതാം‌കൂര്‍ രാജാവായി. വെടിയൊന്ന്, പക്ഷി മൂന്ന്. മഞ്ചേരി:ഉണ്ണിത്താന്‍ = 10:90.

മഞ്ചേരിയെപ്പറ്റി പറഞ്ഞില്ലേ... ഉവ്വല്ലോ...

----------------------------------------------------------------------------------

പറയാതെ വയ്യ...

സര്‍ കറിയാ സംഭവത്തില്‍ ഡിവൈയ്യെഫൈ നേതാക്കന്മാര്‍ നടത്തിയ പ്രതികരണം തികച്ചും പക്വവും അഭിനന്ദനം അര്‍ഹിക്കുന്നതുമായിരുന്നു. പക്ഷേ പാര്‍ട്ടി സെക്രട്ടറി താനൊരു യാഥാസ്ഥിതികനാണെന്ന് പിന്നെയും തെളിയിച്ചു.

----------------------------------------------------------------------------------
കുംഭസാരം

ഒരു വലതുപക്ഷവര്‍ഗ്ഗീയ തീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സക്കറിയാ സംഭവത്തില്‍ അവിടെയുമിവിടെയും കേട്ട കാര്യങ്ങള്‍ വെച്ച് എന്റേതായ ഉത്തമനിഗമനത്തില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പോസ്റ്റ്. അവിടെ അപ്പോള്‍ ഉണ്ടായിരുന്നവരും സക്കറിയയോട് അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം സംസാരിച്ച വരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടവരും ശരിക്കും എന്തടിസ്ഥാനത്തിലാണ് അവര്‍ അങ്ങിനെ ചെയ്തത് എന്ന ശരിയായ രീതിയില്‍ അറിഞ്ഞാലേ സംഗതി ഡിഫിയുടെ അധികാരത്തെ ചോദ്യം ചെയ്തതാണോ നേതാക്കന്മാരുടെ ഒളിവു ജീവിതത്തെ പരാമര്‍ശിച്ചതാണോ അതോ മറ്റെന്തെങ്കിലുമാണോ അവരുടെ പ്രകോപനത്തിന് കാരണമെന്ന് പറയാന്‍ പറ്റൂ. പാര്‍ട്ടി നേതാക്കന്മാരുടെ വ്യാഖ്യാനമൊക്കെ അവിടെ നില്‍ക്കട്ടെ.അവിടെ പിടലിക്ക് പിടിച്ചവര്‍ എന്തടിസ്ഥാനത്തിലാണ് പിടിച്ചത് എന്നതാണ് അറിയേണ്ടത്. അവരുടെ അപ്പോഴത്തെ യഥാര്‍ത്ഥവികാരം റിക്കോഡ് ചെയ്യാന്‍ പറ്റിയ ഒരു യന്ത്രം എത്യോപ്പിയായില്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

----------------------------------------------------------------------------------

തന്ത്രം

ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ പ്രതികരണം പക്വതയുള്ളതായിരുന്നു എന്ന് പറഞ്ഞത് ഈ പോസ്റ്റിന്റെ അവസാന വാചകമായി ഇട്ടാല്‍ പലരും അത് കാണും. അത് മാത്രമായിരിക്കും ചിലരുടെയെങ്കില്‍ മനസ്സില്‍ ഒരു മിനിറ്റ് കൂടുതല്‍ നില്‍ക്കുന്നത്. കാരണം ഉഗാണ്ടയില്‍ നടന്ന ഒരു പഠനപ്രകാരം ഏറ്റവും അവസാനം പറയുന്ന വാചകം ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കും എന്നാണ്. ഇത് എന്നെക്കാളും മുന്‍പേ മനസ്സിലാക്കിയ ത് ഇദ്ദേഹമാണ്. അതിന്റെ ഉദാഹരണം ഇവിടെയുണ്ട്. ഞാനേതായാലും ആ ടൈപ്പല്ല. ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത ഞാന്‍ ഡിവൈയ്യെസ്സെഫൈന്‍‌കാരെ അഭിനന്ദിക്കുന്നത് നാലുപേരറിയേണ്ട.

Labels:

5 Comments:

 1. At Tue Jan 19, 01:46:00 AM 2010, Blogger Inji Pennu said...

  അവസാനത്തെ ‘പാര’ യ്ക്ക്
  തന്ത്രമോ? റിയലി? ഹ്മ്മ്.. ഐ.ടി ആക്റ്റ് 66 പ്രകാരം ഒരു കേസിനും കോടാലിക്കും വകുപ്പുണ്ടെന്റെ വക്കാരി. അവഹേളനം, മാനസിക പീഡനം, വ്യക്തിഹത്യ..അങ്ങിനെ ലിസ്റ്റ് നീളുന്നു. പിന്നെ തമാശ പറഞ്ഞതാണെന്നും അങ്ങിനെ ഫോർവേർഡ് കിട്ടുന്ന മെയിലുകളിൽ നിന്നും എടുത്തിട്ട് ഒരു വ്യാഖ്യാനം ചമച്ച് നൽകിയതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.

   
 2. At Tue Jan 19, 03:37:00 PM 2010, Anonymous Anonymous said...

  ഈ സ്ഥലം വില്‍ക്കുന്നുണ്ടോ? നല്ല വില തരാം. ഇപ്പോ പഴയ പോലെ കച്ചോടം ഒന്നും കാണുന്നില്ല. നിങ്ങള്‍ക്കൊരു സഹായവുമാകും.

   
 3. At Tue Jan 19, 08:06:00 PM 2010, Anonymous Anonymous said...

  സഖാക്കൾ സ്ഥലകച്ചവടം തുടങ്ങിയോ? ഒ, എന്തു തുടങ്ങാനാ?

   
 4. At Wed Jan 20, 09:08:00 PM 2010, Blogger ഉപാസന || Upasana said...

  ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത (കട് : വക്കാരി (?))വക്കാരി കൂടെ അഭിപ്രായം പറഞ്ഞതോടെ രംഗം ശാന്തമാകുമെന്നു കരുതാം.
  :-)
  ഉപാസന

   
 5. At Thu Jan 21, 09:45:00 AM 2010, Anonymous Anonymous said...

  എന്തൊക്കെ തുടങ്ങാം രണ്ടാം അനോണിമസേ?

   

Post a Comment

Links to this post:

Create a Link

<< Home