Monday, October 12, 2009

ഒടുവില്‍ ശശി ആരായീ

ശശി വെറും ശൂശൂ ആയീ

ആദ്യം ഇത് വായിക്ക്; എന്നിട്ട് ഇത് വായിക്ക്; എന്നിട്ട് ഇത് വായിക്ക്, എന്നിട്ട് ഈ പോസ്റ്റ് വായിക്ക്. അല്ലാതെ ചുളുവില്‍ കാര്യം സാധിക്കാമെന്നൊന്നും ആരും കരുതേണ്ട :)

മാധ്യമധര്‍മ്മത്തെപ്പറ്റി ഗര്‍ജ്ജിക്കുന്നവരുടെ സെലക്ടീവ് അമ്ലേഷ്യം മാത്രം ചൂണ്ടിക്കാട്ടി ഞാനൊരു പോസ്റ്റിട്ടപ്പോള്‍ അതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഒരു വഴിക്കാക്കിയ ആ ആഖ്യാനശൈലിക്കുമുന്‍പില്‍ കൂപ്പുകൈ കൂപ്പി കൂപ്പുകുത്തി ധിം തരികിട ധോം ധോം ധോം.

ആ പോസ്റ്റിന്റെ വിഷയം ഹനാനോ ബിനാനോ മാതൃഭൂമിയോ ഒന്നുമല്ല എന്നറിയാന്‍ പത്താം ക്ലാസ്സ് പോലും പാസ്സാകേണ്ട, നാക്കും വടിക്കേണ്ട, ചാക്കും പിടിക്കേണ്ട.

എന്നിട്ടും എത്ര തന്ത്രപരമായാണ് നമ്മളെ ആരക്കുന്നം, പേപ്പതി കൂടി നേരേ പിറവത്തേക്ക് കൊണ്ടുപോകുന്നതെന്ന് നോക്കിക്കേ. അതാണ് പാടവം, പാടവം എന്ന് പറയുന്നത്.

ആ പോസ്റ്റ്, സെലക്ടീവ് അമ്മനേഷ്യത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും മാത്രമായിരുന്നു. അതായത് സെലക്റ്റീവ് അമ്മനേഷ്യക്കാര്‍ സെലക്റ്റീവായി പ്രതികരിച്ച്, അതും കക്ഷിരാഷ്ട്രീയവും കക്ഷത്തില്‍ ഡയറി വെയ്ക്കുന്ന രാഷ്ട്രീയവും ഒന്നുമല്ലാത്ത എല്ലാവര്‍ക്കും ബോധിക്കുന്ന സയന്‍സ് എന്ന വിഷയത്തെപ്പറ്റി ഗര്‍ജ്ജിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഇഫക്റ്റ് വളരെ കാല്‍‌ക്കുലേറ്റഡാണ് എന്നതായിരുന്നു എന്റെ പക്ഷം (എന്റേതുമാത്രമായ പക്ഷം).

അതായത് ഇവരിങ്ങിനെയിങ്ങിനെ വളരെ കാല്‍ക്കുലേറ്റഡായി പ്രതികരിക്കുന്നതിന്റെ ഉദ്ദേശം അവസാനം ഇവര്‍ മാത്രമാവും ശശി എന്ന നിലവരുത്താനാണ്. അതായത് കുറച്ച് കഴിയുമ്പോള്‍ ഇവര്‍ ഗര്‍ജ്ജിച്ചാല്‍ മാത്രമേ സംഗതി സംഗതിയാവൂ. ഇവര്‍ ഗര്‍ജ്ജിച്ചില്ലെങ്കില്‍ സംഗതി സംഗതിയല്ല. എന്നാല്‍ ആ ഗര്‍ജ്ജനമോ, അവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെ ആധികാരികമാക്കിയാവുകയും ചെയ്യും. പിണറായിയെപ്പറ്റി അഴിമതിക്കുമ്പോള്‍ ഇവര്‍ മാധ്യമങ്ങളുടെ എതിര്‍പ്പുകാരാവും. ഉദാഹരണമായി പണ്ടത്തെ ഹനാന്‍ പ്രശ്നവും ഹോട്ട് ഡോഗ് പ്രശ്നവുമെല്ലാം അവര്‍ എടുത്തിടും. അതിലൊക്കെ അവര്‍ ആധികാരികമായി ഗര്‍ജ്ജിച്ചതുകാരണം പിണറായിപ്രശ്നത്തില്‍ അവര്‍ മാധ്യമങ്ങള്‍ കുറ്റക്കാരാണ് എന്ന് പറഞ്ഞാല്‍ ആണ് എന്ന് എന്നെപ്പോലുള്ള പമ്പര വിഡ്ഡികള്‍ വിചാരിക്കും, വിചാരിക്കണം.

എന്നാല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തെഹല്‍ക്ക നടത്തിയതിലെ മാധ്യമ അധര്‍മ്മങ്ങളെക്കുറിച്ച് ഇവര്‍ മിണ്ടില്ല. അല്ലെങ്കില്‍ എന്റെ ആരാധ്യ പുരുഷരെ (ആരാധ്യരിലും ആറെസ്സെസ്സിലും “ആ“ ഉള്ളതുകൊണ്ട് ഞാനാരായീ...രായീ?) എത് മാധ്യമവും എന്ത് ചീത്തവിളിച്ചാലും ഇവര്‍ മിണ്ടില്ല. ഇവര്‍ മിണ്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? അതിന്റെ അര്‍ത്ഥമാണ്, ആ മാധ്യമങ്ങള്‍ പറയുന്നതൊക്കെ പൂര്‍ണ്ണസത്യമാണ് എന്നത്.

ഇതൊക്കെയായിരുന്നു ആ പോസ്റ്റിന്റെ ഉദ്ദേശ്യം. ഇത് എന്റെ മാത്രം ഗവേഷണത്തില്‍ ഞാന്‍ മാത്രം എത്തിച്ചേര്‍ന്ന ഒരു നിഗമനമാണ്. തെറ്റായിരിക്കണം. തെറ്റായിരിക്കണേ എന്നു തന്നെയാണ് പ്രാര്‍ത്ഥന്‍.അല്ലാതെ ചന്ത്രക്കാറന്‍ അങ്ങിനെയൊരു പോസ്റ്റ് ഇടരുതെന്നോ ഹാനാനെപ്പോലുള്ളവരുടെ വാര്‍ത്തകളുടെ പൊള്ളത്തരങ്ങള്‍ ആരും വെളിച്ചത്തുകൊണ്ടുവരരുതെന്നോ ഒന്നുമല്ലായിരുന്നു എന്റെ പോസ്റ്റിന്റെ ഉദ്ദേശം. എന്റെ പോസ്റ്റിന്റെ ഉദ്ദേശം ആ പോസ്റ്റിട്ടയാളുടെ, ഞാന്‍ എന്റെ രീതിയില്‍ മാത്രം മനസ്സിലാക്കിയ, രാഷ്ട്രീയം മാത്രമായിരുന്നു.

അപ്പോള്‍ അങ്ങിനെയുള്ള, അതിനുവേണ്ടി മാത്രമിട്ട ഒരു പോസ്റ്റിനെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെയൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ അതിനു പിന്നില്‍ സാധാരണ ബുദ്ധിയൊന്നും പോര.

പത്രക്കാരെ എങ്ങിനെയൊക്കെ വിമര്‍ശിക്കണമെന്നോ എപ്പോളൊക്കെ വിമര്‍ശിക്കണമെന്നോ ഒന്നും ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. പത്രക്കാരെ വിമര്‍ശിക്കേണ്ട പത്ത് മാര്‍ഗ്ഗങ്ങള്‍ എന്നോ ഒന്നുമല്ലായിരുന്നു ആ പോസ്റ്റിന്റെ തലക്കെട്ട്. ഏതിന് പ്രാധാന്യം കൊടുക്കണം, ഏതിന് കൊടുക്കേണ്ട എന്നുമൊന്നും ആ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. ആ പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ-ചിലരുടെ മാധ്യമസത്യമാത്രസിംഹഗര്‍ജ്ജനങ്ങളെ നമ്മളൊന്ന് വാച്ച് ചെയ്തുകൊള്ളണേ, കാരണം, ആ ഗര്‍ജ്ജനങ്ങള്‍ വളരെ കാല്‍ക്കുലേറ്റഡും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുമാണ്- ഇത്രയേ ഉള്ളൂ. അതും എന്റെ മാത്ര് വ്യക്തിപരമായ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലും. ആ വിലയിരുത്തലുകള്‍ തെറ്റാവണേ എന്ന് തന്നെയാണ് എന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും പ്രാര്‍ത്ഥന.

അങ്ങിനെയൊരു ഉദ്ദേശത്തോടെയിട്ട പോസ്റ്റിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഏതുവഴിക്കൊക്കെ ആക്കി എന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. എന്തായാലും ആ പോസ്റ്റ് വേറൊരു സംഗതിയും കൂടി വെളിവാക്കി.

നമ്മുടെ പല സംസ്കൃത വ്യാഖ്യാനങ്ങളും ഇപ്പടിതന്നെയാവണം. സംസ്കൃതം എന്ന് പറയുന്നത് ആര്‍ക്കും അങ്ങ് വലിയ പിടിയില്ലാത്തതുകൊണ്ട് യഥാ രാജാ തഥാഗതാ. അതായത് രാജാവ് പറഞ്ഞു, പ്രജകള്‍ അങ്ങ് കേട്ടു. വെറും സിമ്പിളായ എന്റെ മലയാളപ്പോസ്റ്റിന്റെ വ്യാഖ്യാനം ഇതാണെന്ന് എന്നോട് പറഞ്ഞപ്പോളല്ലേ വ്യാഖ്യാനങ്ങള്‍ ആള്‍ക്കാരെ എത്രമാത്രം വഴിതെറ്റിക്കാം എന്ന് എനിക്ക് മനസ്സിലായത്. വെല്ലിംഗ്‌ഡന്‍, ശ്രീ ഉമേഷ്.

ഇനി നമുക്ക് ക്വോട്ടാം,അല്ലെങ്കില്‍ ശ്രീ ഉമേഷ് പച്ചമലയാളം, പച്ച സംസ്കൃതം ഇവയൊക്കെ എങ്ങിനെ മനസ്സിലാക്കുന്നു, എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നൊന്ന് നോക്കാം:

1. ചന്ത്രക്കാറന്റെ "വസ്തുതാപരമായ ചില പിശകുകൾ!" എന്ന പോസ്റ്റ് വക്കാരിയെ വല്ലാതെ ചൊടിപ്പിച്ചു - ശരിയല്ലേ

2. ഹനാൻ ബിൻ‌ത് ഹാഷിം എന്ന കുട്ടി ഗവേഷിച്ചു കണ്ടുപിടിച്ചതായി പറയപ്പെടുന്ന ശാസ്ത്രവസ്തുതകളിൽ കാമ്പൊന്നുമില്ലെന്നു് ഗവേഷണവിദ്യാർത്ഥിയായ/ആയിരുന്ന വക്കാരിക്കു് അഭിപ്രായമില്ല. ഉണ്ടെങ്കിലും ആ പോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല. ഇവിടെ ഹനാനെ വിമർശിച്ചതിന്റെ ധാർമ്മികതയെ വിമർശിക്കാനേ വക്കാരിക്കു താത്പര്യമുള്ളൂ.-

ഇതില്‍ ആ ഗവേഷണവിദ്യാര്‍ത്ഥിയായ/ആയിരുന്ന യുടെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിനെതിരെ പ്രതികരിക്കുന്നതും ഗവേഷണവിദ്യാഭ്യാസവും തമ്മിലെന്ത് ബന്ധം? ഗവേഷണ വിദ്യാര്‍ത്ഥിയായ/ആയിരുന്ന എങ്കില്‍ രണ്ട് പഞ്ച് കൂടുതല്‍ കിട്ടുമായിരുന്നോ പ്രതികരണത്തിന്?

ആ പോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല - പൂര്‍ണ്ണമായും ശരി. അത് മനസ്സിലാക്കിയിട്ടായിരുന്നല്ലേ ബാക്കിയുള്ള വെറുബല്‍ ഡയപ്പറേറിയ? :)

3. ഹനാനെപ്പറ്റി സിസി ജേക്കബ് ഒന്നാം പേജിൽ വലുതായി എഴുതിയ വാർത്ത അറിവില്ലായ്മ കൊണ്ടു വന്ന ചെറിയ ഒരു തെറ്റാണു്. അതിനു് വായനക്കാരുടെ കോളത്തിൽ ഒരു വരി തിരുത്തു കൊടുത്തതു തന്നെ ധാരാളം. ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും ഇടയ്ക്കു മതിയായിരുന്നു. മാതൃഭൂമി ഡീസന്റായതു കൊണ്ടു് അവർ ഇത്രയെങ്കിലും ചെയ്തു.-

ശരിയല്ലേ. ഇക്കാര്യം വളരെ വ്യക്തമായി വടിവൊത്ത അക്ഷരത്തില്‍ ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ടല്ലോ. വസ്തുതാപരമായ ഒരു തെറ്റ് മാത്രമേ ഇതിലുള്ളൂ- അതായത് “ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും “ ഇടയിലല്ല, യുനാനിയുടെയും മൂലക്കുരവിന്റെയും പരസ്യത്തിന് ഇടയ്ക്ക് മതി എന്നായിരുന്നല്ലോ ഞാന്‍ പറഞ്ഞത്- പോസ്റ്റ് ഒന്നുകൂടി വായിച്ചുനോക്കിയാല്‍ കാണാമല്ലോ- നാലാം ഖണ്ഡികയില്‍ മൂന്നാം പാദത്തിലന്ത്യമായി

4. രാഷ്ട്രീയം, രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു് വക്കാരിക്കു തോന്നുന്നില്ല. ബ്ലോഗിൽ എഴുതുന്ന ഏതാനും ഇടതന്മാരുടെ സൃഷ്ടിയാണു് ഈ വക വാദങ്ങൾ.

എത്ര കൃത്യമായ നിരീക്ഷണം. ഹൈ റെസലൂഷന്‍ മാക്രോസ്കോപ്പ് വെച്ച് നോക്കിയാല്‍ പോലും പലര്‍ക്കും കാണാന്‍ പറ്റാത്ത നിരക്ഷണം.

5. ചന്ത്രക്കാറനെപ്പോലെയുള്ള കമ്യൂണിസ്റ്റ് ചായ്‌വുള്ളവർ ഇരട്ടത്താപ്പുകാരാണു്. അവരെ അനുകൂലിക്കുകയോ അവരുടെ എതിരാളികളെ വിമർശിക്കുകയോ ചെയ്യുമ്പോൾ കോടതിയെയും മാദ്ധ്യമങ്ങളെയും വാഴ്ത്തിപ്പറയുകയോ അവരുടെ ചെറ്റത്തരങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നു. നേരേ മറിച്ചു് അവരെ എതിർക്കുമ്പോൾ അവർ ഈ കോടതികളെയും മാദ്ധ്യമങ്ങളെയും തള്ളിപ്പറയുന്നു.

അതുതന്നെ. അതാണല്ലോ ഞാനാ പോസ്റ്റില്‍ പറഞ്ഞത്. രാഷ്ട്രീയം രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മില്‍ ശ്രീ ഉമേഷിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളുടെ ഉത്തമ ഉദാഹരണമാണല്ലോ ഈ സംഗ്രഹം. വെല്ലിംഗ്‌ഡണ്‍

6. സയൻസായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. -

അതേ, ഞാന്‍ എന്താണ് പറഞ്ഞതെന്നറിയാന്‍ ബ്ലൂലോഗരേ, എന്റെ പോസ്റ്റൊന്നും വായിക്കേണ്ട, ഈ പോസ്റ്റ് വായിക്കീനെന്ന്. ഞാന്‍ പറഞ്ഞതെന്താ, സയന്‍സായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. അതല്ലേ ഞാന്‍ പറഞ്ഞത്? അല്ലെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും തെളിയിക്കാമോ?

ഹനാന്റെ കണ്ടുപിടിത്തങ്ങൾ എന്ന പേരിൽ മാതൃഭൂമിയെപ്പോലെയുള്ള ഒരു പത്രം സാധാരണജനത്തിനെ കബളിപ്പിക്കാൻ ചെയ്ത തെറ്റിനെയും അതു തിരുത്തിയതിൽ കാണിച്ച അനവധാനതയെയും ബ്ലോഗുകളിലും മറ്റു മാദ്ധ്യമങ്ങളിലും ഉള്ള വിമർശനങ്ങളായും മാതൃഭൂമിയ്ക്കു നേരിട്ടുള്ള സന്ദേശങ്ങളായും പലരും ഈ കാര്യം പത്രപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അവയെ അവഗണിച്ചും എന്നാൽ അവയിലെ ഉള്ളടക്കം അപഹരിച്ചും മാതൃഭൂമിക്കു് അഭിമതനായ ഒരുത്തന്റെ പേരിൽ ഈ പുതിയ കണ്ടുപിടിത്തത്തിന്റെ കർത്തൃത്വം ചാർത്തിയതു വഴി ഈ കബളിപ്പിക്കൽ ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തതിനേയും നിശിതമായി വിമർശിച്ച ചന്ത്രക്കാറപോസ്റ്റിനെ വിമർശിച്ചപ്പോൾ, അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി, പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് എന്നു് ഇതിനു മുമ്പു് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ മുക്കാലിയിൽ കെട്ടി മുന്നൂറു തല്ലു കൊടുക്കേണ്ടതാകുന്നു.

ഇതിലെ പോയിന്റുകള്‍ എന്ന് പറയുന്നത്:

1. അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും - അതായത് ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതിന്റെ കേന്ദ്രാശയത്തെപ്പറ്റിയും ആമാശയത്തെപ്പറ്റിയും ഒരക്ഷരമെങ്കിലും പറയാത്തവനെ മുക്കാലിയില്‍ കെട്ടിയടിക്കണം. പിന്നെ അവന്‍ പറഞ്ഞത് എന്താണെന്ന് അവനോട് പോലും ചോദിക്കാതെ ഇതുപോലുലക്കെ വായിക്കാനിക്കണം,ഓക്കാനിക്കണം.

2. ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി- അതാണ്, അതുതാണ്, അതുമാത്രമാണ്. എത്ര ഭംഗിയായാണ് ഞാന്‍ ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ച് പത്രക്കാര്‍ക്ക് സാധാരണ സംഭവിക്കുന്ന കൈപ്പിശകുകള്‍ മാത്രമാണെന്ന് ഭംഗിയായി പ്രഖ്യാപിച്ചതെന്ന് നോക്കൂ ബ്ലൂലോഗരേ, പിന്നെ മാലോകരേ.

3. പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് - ആണല്ലോ. അതായത് പത്രങ്ങളിലെ തെറ്റുകളെപ്പറ്റി നിങ്ങളൊരിക്കലെങ്കിലും ഘോരഘോരം
രോഷാകുലനായിട്ടുണ്ടെങ്കില്‍ പിന്നെ പോയി മക്കളേ, മെക്കാളേ. പിന്നെ നിങ്ങള്‍ക്കുള്ള ഏക മാര്‍ഗ്ഗം, ആര് പത്രങ്ങളിലെ തെറ്റുകളെപ്പറ്റി എഴുതിയാലും ഹല്ലേലലുവാ പാടുക, അല്ലെങ്കില്‍ ഘോരഘോരഘോരം രോഷാക്കുല്ലനാവുക. അതല്ലാതെ എഴുതിയവനെപ്പറ്റി എങ്ങാനും എഴുതിയാലുണ്ടല്ലോ, പോസ്റ്റിടും ഞങ്ങള്‍, മനസ്സിലായോ

പിന്നെ പറഞ്ഞിരിക്കുന്ന കാക്കത്തൊള്ളായിരം കാര്യങ്ങളെക്കുറിച്ച് പറയണോ, പറയണോ, പറയണോ...

എല്ലാവരും എല്ലായ്പ്പോഴും എല്ലാത്തിനെപ്പറ്റിയും പ്രതികരിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞേ ഇല്ല. പക്ഷേ പറഞ്ഞയാള്‍, എന്തിന്റെയും രാഷ്ട്രീയം കാണുന്ന ഒരാളാവുമ്പോള്‍, അയാളുടെ പറച്ചിലിന്റെയും രാഷ്ട്രീയം ചികഞ്ഞു, അത്രമാത്രം. നിലാവത്തഴിച്ചുവിട്ട ഒരു കോഴിക്ക് ചികയാനുള്ള പ്രാഥമികാവകാശം പോലുമില്ല എന്ന് പറയുന്നത് കഷ്ടമാണ് സാര്‍. ഗാന്ധിജിയുടെ വിഗ്രഹം ഉടഞ്ഞയാള്‍ ഈയെംസ്സെന്ന വിഗ്രഹത്തെ ഉടയ്ക്കാന്‍ ഇനിയുമിനിയുമിനിയും തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലൊരു വൈരുധ്യാത്മീയ ഭൌതികവാദം കണ്ടെത്താനുള്ള ഒരു അവകാശം പോലുമില്ലേ സാര്‍, ഒരു കോഴിക്ക്? അതിന് സാറിനെന്ത് പ്രശ്നം സാര്‍? പക്ഷേ എന്റെ വൈരുദ്ധ്യാത്മീയ ഭൌതിക വാദത്തെ വ്യാഖ്യാനിച്ച് കുളമാക്കാനുള്ള സാറിന്റെ അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുകയും ചെയ്യുന്നു സാര്‍. അത്രയേ ഉള്ളൂ. ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു-സാര്‍ സാറിന് പറയാനുള്ളത് പറഞ്ഞു- ആ പറഞ്ഞത് മുഴുവന്‍ പൊട്ടത്തെറ്റാണെന്നും സാറിന്റെ വ്യാഖ്യാനവും സംഗ്രഹവും തികച്ചും വഴിതെറ്റിക്കുന്ന പൊട്ടത്തെറ്റാണെന്ന് ഞാന്‍ പിന്നെയും പറയുന്നു, അത്രയേ ഉള്ളൂ.

പിണറായി കാർത്തികേയനേക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല

എന്റെ പൊന്നുശ്രീ ഉമേഷ്, , കൂട്ടുകാരെയൊക്കെ ഇങ്ങിനെ കെണിയിലാക്കരുതേ- ഇന്നാളൊരു ദിവസം ആദിത്യനിട്ട് പാര വെച്ചു, ഇപ്പോള്‍ ദേ സാക്ഷാല്‍ പിണറായിക്കിട്ട് തന്നെ (സാക്ഷാല്‍ പിണറായിക്കിട്ട് തന്നെ എന്നതിന്റെ വ്യാഖ്യാനം ശ്രീ ഉമേഷിന്റെ കൂടെ നില്‍ക്കുന്നയാളാണ് പിണറായി എന്ന് ഞാന്‍ പറഞ്ഞു എന്നാക്കരുതേ, ഈ വാചകത്തിന്റെ ആദ്യവും അവസാനവും തമ്മില്‍ ഒരു ബന്ധവുമില്ല. ആദിത്യന്‍ കൂടെ നിന്നയാള്‍. പിണറായി പിണറായിയും. വ്യാഖ്യാനിച്ച് കുളമാക്കേണ്ട).

എന്റെ കൈ തരിക്കുന്നു; ശ്രീ ഉമേഷ് പറഞ്ഞത് ഞാനൊന്ന് വ്യാഖ്യാനിച്ച് കുളമാക്കട്ടേ- അതായത് അദ്ദേഹം പറയുന്നത് കാര്‍ത്തികേയനും കുറ്റം ചെയ്തു, പിണറായിയും കുറ്റം ചെയ്തു. അല്ലാതെ കാര്‍ത്തികേയനേക്കാള്‍ കൂടിയ കുറ്റമൊന്നും പിണറായി ചെയ്തിട്ടില്ല. ഇനി കൂടിയ കുറ്റമാണ് കാര്‍ത്തികേയന്‍ ചെയ്തതെങ്കില്‍ പിണറായിയും അതേ കൂടിയ കുറ്റം തന്നെ ചെയ്തു. പ്രിയ ബ്ലോഗേഴ്ശേ, പിണറായിയെയും ലാവലിന്‍ പ്രശ്നത്തെപ്പറ്റിയും നിങ്ങള്‍ എഴുതിക്കൂട്ടിയ ബ്ലോഗുകളിലെല്ലാം ഇതായിരുന്നല്ലോ നിങ്ങള്‍
ഉദ്ദേശിച്ചിരുന്നതല്ലേ. ഇനി മാറ്റിപ്പറയരുതേ. നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ശ്രീ ഉമേഷ് വളരെ വ്യക്തമായി ഇവിടെ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്തവര്‍ക്കായി ഞാനത് വ്യാഖ്യാനിച്ചിട്ടുമുണ്ട്.

അപ്പോള്‍ ഒടുവില്‍ പിണറായി ആരായീ... കാര്‍ത്തികേയനെപ്പോലെ കുറ്റം ചെയ്തവനായീ. പക്ഷേ നമ്മളൊന്നോര്‍ക്കണം, കാര്‍ത്തികേയനെക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും പിണറായി ചെയ്തിട്ടില്ല.

എനിക്കു വയ്യയ്യായ്യേഏഏഏഏഏഏഏ

എതിർക്കുന്നവർക്കു് ഒരു കാര്യം കിട്ടിയാൽ മതി. കല്പാന്തകാലത്തോളം പറഞ്ഞു കൊണ്ടു നടക്കും. കമ്യൂണിസ്റ്റ് വിരുദ്ധർക്കു് കുട്ടികളുടെ മുന്നിൽ വെച്ചു് ഒരു 'ഗുരു'വിനെ കൊന്ന കഥയുണ്ടു്. സംഘപരിവാർ വിരുദ്ധർക്കു് ഒരു ഗർഭിണിയുടെ വയർ പിളർന്നു ശിശുവിനെ ശൂലത്തിൽ കോർത്ത കഥയുമുണ്ടു്. ഇവയെ നിസ്സാരവൽക്കരിക്കുന്നതല്ല, പക്ഷേ ഇവയെ ഇവയുമായി ബന്ധമില്ലായിടത്തു പിന്നെയും പൊക്കിക്കൊണ്ടു വരുന്നതു് ജുഗുപ്സാവഹമാണു്.

വൈസാറ്റിലീ (ഏക്‍സാറ്റെലിയുടെ അനിയന്‍). ഓര്‍മ്മകള്‍ അയവെട്ടിയയവെട്ടിയയവെട്ടിയങ്ങ് പോയപ്പോള്‍ പണ്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ഒരു ‘ഗുരു’ (ഗുരുവിനെ കോമയാക്കിയതുകണ്ടോ, അതാണ് ഞാന്‍ മുന്നിലത്തെ പോസ്റ്റില്‍ പറഞ്ഞ രാഷ്ട്രീയ ബലഹീനത)വിനെ കൊന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഓള്‍ ഓഫ് എ സഡന്‍ ഡെത്ത്- ഇസ്രയേല് കയറിവന്നു- എനിക്കെന്തോ ജുഗുപ്സാവഹമായൊന്നും അന്ന് തോന്നിയില്ല- അതിനുമാത്രമുള്ള ബുദ്ധിയൊന്നുമില്ലല്ലോന്നെ.

എല്ലാം എത്ര കിറുത്യം കിറുത്യമായാണ് വരുന്നതെന്ന് നോക്കിക്കേ. എന്തിനും പറയാന്‍ എനിക്കൊരു മറുപടിയുണ്ടല്ലോ ഭഗവാനേ :)

അവസാനത്തെ വാക്യത്തിൽ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുന്ന വക്കാരി പോസ്റ്റു മുഴുവൻ അതിനെ എതിർക്കുകയാണു്.

ഇതാണ് കണ്ടുപിടുത്തം ഓഫ് ഡ ഡേ. എത്ര നിഷ്‌കളങ്കമായാണ്, ഞാന്‍ അവസാനത്തെ വാക്യത്തില്‍ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുകയാണ് എന്ന് ശ്രീ ഉമേഷ് കണ്ടുപിടിച്ചച്ചടിച്ചത്. എന്റെ സാറേ, ആ പോസ്റ്റിനെ ആദ്യാവസാനം വിമര്‍ശിക്കുകയാണ് ഞാന്‍ എന്റെ പോസ്റ്റിന്റെ ആദ്യാവസാനം ചെയ്തത്. കാരണം കാരണം ആ പോസ്റ്റ് എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇത് ആദ്യം പറഞ്ഞ താങ്കള്‍ അവസാനം എന്ത് ധൈര്യത്തിലാണ് ഞാന്‍ അവസാനത്തെ വാക്യത്തില്‍ ചന്ത്രക്കാറനെ അഭിനന്ദിച്ചു എന്ന് പറഞ്ഞത്. മാനമുള്ളവരായിരുന്നെങ്കില്‍ നഷ്ടപ്പെട്ടുപോയതിന് കേസ് കൊടുത്തേനെ. കഷ്ടം.

ഇനി ജായ്ക്ക് ഓഫ് ദ ഡേ

1. സമയത്തിനു വലിയ ദൗർലഭ്യമുള്ള ഒരാളാണു ഞാൻ - കൂടുതലൊന്നും പറയേണ്ടല്ലോ. ഒരു പോസ്റ്റ് വ്യാഖ്യാനിച്ച് വഴിതെറ്റിച്ച് കുളമാക്കാന്‍ അത്ര വലിയ സമയമൊന്നും വേണ്ടെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.

2. ഇതുവരെ തന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത വക്കാരി ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് - ഇവിടെ ജോക്ക് എന്ന് പറയുന്നത് ഞാന്‍ ആറെസ്സെസ്സുകാരനാണെന്നോ അല്ലെന്നോ
പറഞ്ഞതല്ല. ഞാന്‍ ഏത് എസ്സ് കാരനാവണമെന്നത് എന്റെ തീരുമാ‍നമാണ്. ആരെങ്കിലും അല്ല എന്ന് പറഞ്ഞാല്‍ ഞാനൊട്ട് അല്ലാതാവുകയുമില്ല, ആണെന്ന് പറഞ്ഞാല്‍ ഞാനൊട്ട് ആവുകയുമില്ല. ഇവിടുത്തെ ജായ്ക്ക് എന്ന് പറയുന്നത് ഞാന്‍ ഈ പോസ്റ്റില്‍ അത് വ്യക്തമായി പറഞ്ഞു എന്ന് പറഞ്ഞതാണ്. കാരണം, ഇതിലും വ്യക്തമായി ഞാന്‍ മറ്റു പല പോസ്റ്റുകളിലും കമന്റുകളിലും ഇത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ എല്ലാ പോസ്റ്റുകളും കമന്റുകളും
വ്യക്തമായി കൃത്യമായി വായിക്കുന്ന ഒരാളായിരുന്നു, ശ്രീ ഉമേഷ് എന്നായിരുന്നു എന്റെ ഒരു ധാരണ. അതും പോയിക്കിട്ടി.

(ആറെസ്സെസ്സ് ഒന്നുകൂടി വിപുലീകരിച്ചേക്കാം- അതായത് ആറെസ്സെസ്സിനെപ്പറ്റി ഇല്ലാത്തതോ നുണയോ പച്ചക്കള്ളമോ ആയ ഒരു വാര്‍ത്ത ഏതെങ്കിലും മാധ്യമം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത്, ആറെസ്സെസ്സല്ല, സീപ്പീയെം ആണെന്നാണ് എന്റെ പക്ഷം. കാരണം മാധ്യമത്തിന്റെ പ്രവണതയാവണം ഇവിടെ വിഷയം. അല്ലെങ്കില്‍ ഇപ്പോള്‍ പിണറായിയൊക്കെ പറയുന്നതുപോലെ ശിഖണ്ഡിക്കേട്ടേ, ശിഖണ്ഡിക്കേട്ടെ എന്നൊക്കെ വിളിച്ചുകൂവേണ്ടി വരും, ആരും അത്ര മൈന്‍ഡ് ചെയ്യുകയുമില്ല. അതേ സമയം മാധ്യമ അധര്‍മ്മങ്ങള്‍ എവിടെക്കണ്ടാലും പ്രതികരിക്കുന്ന പാര്‍ട്ടിയായിരുന്നു, സീപ്പീയെം എങ്കില്‍ ശിഖണ്ഡികളെപ്പറ്റി അവര്‍ പറയുന്നത് കേള്‍ക്കാന്‍ കുറഞ്ഞ പക്ഷം ഭാസ്കര പട്ടേലരെങ്കിലും ഉണ്ടായേനേ :))

എന്തായാലും ഞാന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ അതിനെ വളരെ തന്ത്രപരമായി വഴിതെറ്റിക്കാനുള്ള ശ്രമത്തിനെ പ്രതിരോധിക്കാന്‍ എനിക്കീ പോസ്റ്റിടേണ്ടി വന്നു. ഗുണം- പല സംസ്കൃത വ്യാഖ്യാനങ്ങളും ഒന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. റഷ്യനെപ്പറ്റി ആരെന്തു പറയാന്‍?

പോസ്റ്റിനിട്ട മറുപോസ്റ്റ്- അത്രയേ ഉള്ളൂ.

Labels: , , , ,

11 Comments:

  1. At Mon Oct 12, 10:14:00 PM 2009, Blogger Umesh::ഉമേഷ് said...

    എട്ടുപത്തു മണിക്കൂറെടുത്തു ഞാൻ ബുദ്ധിമുട്ടി എഴുതിയ പോസ്റ്റിനെ വെറും രണ്ടു മൂന്നു മണിക്കൂറു കൊണ്ടു വക്കാരി പൊളിച്ചടുക്കിയല്ലോ. മിടുക്കൻ!

    ഇനി ഞാനിതിനു മറുപോസ്റ്റ് എഴുതുന്നില്ല. നമ്മുടെ കഴിഞ്ഞ മൂന്നു പോസ്റ്റുകളിൽ കൂടുതൽ എന്തെങ്കിലും അതു സം‌വദിക്കുമെന്നു തോന്നുന്നില്ല. വിശദീകരണം ആവശ്യമുള്ളവർക്കു് ഇതു മൂന്നും വായിക്കാം. അനുമാനങ്ങളിലെത്താം.

    എങ്കിലും രണ്ടു കാര്യങ്ങൾ പറയാതെ വയ്യ.

    1) പിണറായിയുടെ കുറ്റത്തെപ്പറ്റി എന്റെ പോസ്റ്റിലുള്ളതു് എന്റെ അഭിപ്രായമല്ല. പിണറായിയെപ്പറ്റി പല ഇടതന്മാരും എഴുതിയതിന്റെ രത്നച്ചുരുക്കം അതാണെന്നാണു ഞാൻ മനസ്സിലാക്കിയതു്, അല്ലാതെ അവർ പിണറായിയെ ദൈവമാക്കുകയായിരുന്നില്ല എന്നാണു് ഞാൻ എഴുതിയതിന്റെ താത്പര്യം. (വക്കാരി പറഞ്ഞതു് അതാണല്ലോ.) പലർ ചേർന്നെടുത്ത ഒരു തീരുമാനം തെറ്റാണെന്നു പിൽക്കാലത്തു് അഭിപ്രായം വന്നപ്പോൾ അതിന്റെ പഴി ചാരേണ്ടതു് ആർക്കൊക്കെയാണു് എന്നല്ലേ ആ കേസിന്റെ ചുരുക്കം? ആരോപണം കേരളത്തിലെ നികുതിദായകരുടെ പണം പാഴാക്കി എന്നും ആണല്ലോ. (അങ്ങേർ കോഴ വാങ്ങി എന്നും മറ്റും കോൺഗ്രസ്സുകാർ കൂടി വിശ്വസിക്കും എന്നു തോന്നുന്നില്ല.) അന്വേഷണം നടക്കട്ടേ. പിണറായിക്കെതിരേ വിധി വന്നാലും കാർത്തികേയനെതിരേ വിധി വന്നാലും എനിക്കു പ്രത്യേകിച്ചു വ്യത്യാസമൊന്നുമില്ല.

    2) ഞാൻ സംസ്കൃതവും റഷ്യനും മറ്റും എഴുതുന്നതിൽ മനഃപൂർ‌വ്വമുള്ള വഴിതെറ്റിയ വ്യാഖ്യാനങ്ങൾ ഉണ്ടാവും എന്നു്. ഹഹ! വക്കാരി തന്നെ ഇതു പറയണം! തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ ആളുകൾ ഇതു പറയാൻ സാദ്ധ്യതയുണ്ടു് എന്നറിയാവുന്നതു കൊണ്ടു തന്നെയാണു് ഇതിലൊക്കെ ഒറിജിനലും കൂടി എഴുതി വാക്കുകൾ വേർതിരിച്ചെഴുതി അർത്ഥം പറയാൻ മിനക്കെട്ടിട്ടുള്ളതു്. റഷ്യന്റെ കാര്യം ശരിയായിരിക്കാം. എനിക്കു തന്നെ ആ ഭാഷ നേരേ ചൊവ്വേ അറിയില്ല. (അതു കൊണ്ടു തന്നെ ആ ഭാഷയിലെയും സംഭവങ്ങൾ ബുദ്ധിമുട്ടി ടൈപ്പു ചെയ്തു വെച്ചിട്ടുണ്ടു്. താത്പര്യമുള്ളവർക്കു അല്പം ബുദ്ധിമുട്ടി വായിച്ചു നോക്കാം.) എന്നാൽ സംസ്കൃതത്തിന്റെ കാര്യം അതല്ല. വാക്കുകളുടെ പദച്ഛേദവും അന്വയവും അർത്ഥവും എഴുതിയാൽ ഒരു ആവറേജ് മലയാളിക്കു് അതു മനസ്സിലാകും എന്നു തന്നെയാണു് എന്റെ വിശ്വാസം. അതിൽ തരികിട കാണിച്ചു എന്നതിനു് ഒരു തെളിവു തരൂ വക്കാരീ, ചുമ്മാ കണാകുണാ പറയാതെ.

    സംസ്കൃതശ്ലോകത്തിന്റെ അർത്ഥം പറഞ്ഞതിനു ശേഷം ഞാൻ പോസ്റ്റിൽ എഴുതുന്ന മറ്റു കാര്യങ്ങളിൽ എന്റെ രാഷ്ട്രീയം (കക്ഷിരാഷ്ട്രീയമല്ല) നന്നായി വരുന്നുണ്ടു് എന്നു ഞാൻ സമ്മതിക്കുന്നു. പക്ഷേ അതു സംസ്കൃതം സാധനത്തിന്റെ അർത്ഥമല്ലെന്നും അതിൽ എന്റെ രാഷ്ട്രീയമുണ്ടെന്നും അതിനു് അത്രയൊക്കെ മുഖവില കൊടുത്താൽ മതിയെന്നും അല്പം ബോധമുള്ളവനു മനസ്സിലാകും എന്നാണു് എന്റെ വിശ്വാസം. പലയിടത്തും ഇവയ്ക്കിടയിൽ വ്യത്യസ്തത കാണിക്കാൻ ഒരു വരയും ഇടാറുണ്ടു്.

    സംസ്കൃതശ്ലോകങ്ങളെ തെറ്റായി ഞാൻ തെറ്റായി വ്യാഖ്യാനിച്ചതിനെപ്പറ്റി വക്കാരിക്കു സമയമുണ്ടെങ്കിൽ ഒരു പോസ്റ്റിടൂ. അഡ്വാൻസായി നന്ദി.

     
  2. At Tue Oct 13, 12:07:00 AM 2009, Anonymous Anonymous said...

    അങ്ങേർ കോഴ വാങ്ങി എന്നും മറ്റും കോൺഗ്രസ്സുകാർ കൂടി വിശ്വസിക്കും എന്നു തോന്നുന്നില്ല. - ഏ???????????? ഉമേഷ് വിശ്വസിക്കുന്നില്ല എന്ന് !!!

    രാജീവ് ഗാന്ധിയെപ്പോലൊരു മനുഷ്യൻ കോഴ വാങ്ങുമെന്ന് ശത്രുക്കൾ പോലും കരുതില്ല എന്ന് കോൺഗ്രസ്സുകാർ പ്രചരിപ്പിച്ചു നടന്നതുപോലെയുണ്ട്. അത്രയും ആരാധന വേണോ പുതുസഖാവേ?

     
  3. At Tue Oct 13, 02:16:00 AM 2009, Blogger Inji Pennu said...

    മാതൃഭൂമിക്കെതിരെയുള്ള അത്യുത്സാഹപരമായ ഗർജ്ജനങ്ങൾ പുളിക്കുന്ന മുന്തിരിങ്ങ കക്ഷി രാഷ്ട്രീയമാണെന്ന് മനസ്സിലാകാതെ
    ഇരിക്കുന്നതിനു ഒന്ന് ഒന്നര ‘നിഷ്കളങ്കത്വം’ ഒന്നും പോര.

    അതേ വാർത്ത ഇന്ത്യൻ എക്സ്പ്രസ്സിലും, ഹിന്ദുവിലും, ടൈംസ് ഓഫ് ഇന്ത്യയിലും വന്നിരുന്നു എന്നു പറയുന്നു. ആരും ഒന്നും അതിനെ നിറുത്തി പൊരിക്കുന്നില്ല. അതിൽ തീർച്ചയായും വക്കാരി മണത്ത രാഷ്ട്രീയമുണ്ട്. പക്ഷെ ദാറ്റ്സ് ഒക്കെ. അത് വേണം താനും.

    മാതൃഭൂമിയുടെ വാർത്ത ഇതിൽ നിന്നെല്ലാം ഒരു ട്രാൻസ്ലേഷൻ മാത്രം. മാത്രം എന്നെഴുതിയാൽ ശരിയെന്നല്ല. ഈച്ചക്കോപ്പി എന്ന അതിലും ഗുരുതരമായ തെറ്റ്.

    പക്ഷെ അതൊക്കെ പോട്ട്. ഒരു പ്രശ്നമുണ്ട് വക്കാരി. ഹനാനെക്കുറിച്ച് മാതൃഭൂമി എഴുതിയതിനെ അല്പെമെങ്കിലും വിമർശിച്ചത് മലയാളം ബ്ലോഗിൽ മാത്രമാണ്. മാതൃഭൂമി അത്രയൊന്നും ഖേദം പ്രകടിപിച്ചാൽ പോരാ എന്നും എനിക്ക് അഭിപ്രായം.
    ഇംഗ്ലീഷ് ബ്ലോഗുകളിൽ ഒന്നും ഹിന്ദുവിലോ, ഇന്ത്യൻ എക്സ്പ്രസ്സിലോ, ടൈംസ് ഓഫ് ഇന്ത്യയിലോ വന്ന വാർത്തയെക്കുറിച്ച് അധികം ബ്ലോഗുകളിൽ ഒന്നും കാണുന്നില്ല. ഇന്ത്യൻ എക്സ്പ്രസ്സിലെ ലേഖികയെ ചോദ്യം ചെയ്യുമ്പോൾ അവരും പറയുന്നു അവർടെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു.

    സേർച്ച് ചെയ്യുമ്പോൾ ഈ ഗുരുതരമായ തെറ്റ് ആവർത്തിച്ചു കാണിക്കുന്ന ലിങ്കുകൾ. കാര്യമായ എന്തോ കുഴപ്പുമുണ്ട്.
    അത്ര വിദഗദ്ധമായി ആ കുട്ടി (ഹെർ സ്പോൺസോർസ്) പത്രക്കാരെ കളിപ്പിക്കുന്നു.
    ശരിക്കും ആ വാർത്ത അനാലിസിസ് ചെയ്താൽ വസ്തുതപരമായി അധികം തെറ്റിനേക്കാൾ ആടിനെ പട്ടിയാക്കി എന്ന പിഴവാണ്. അതാവും തെളിവുണ്ട് തെളിവുണ്ട് എന്ന് ഇവരീ ഉറച്ച് നിൽക്കുന്നത്. സെർടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് കാണിച്ചും തരും, സൊ ഇറ്റ് ഈസ് എ സ്മാർട്ട് മാനിപ്പുലേഷൻ.

    ഇങ്ങിനെയുള്ള ഒരു ഗുരുതരമായ പ്രശ്നനത്തിനെതിരെ ബ്ലോഗുകൾ
    ‘പ്രതികരിക്കുമ്പോൾ’(blogs are supposed to be the fifth estate), വക്കാരി പുട്ട് കച്ചവടം നടത്തുന്നത് നിരുത്തരവാദിത്വപരമാണ് എന്ന് എന്റെ പ്രമാണം. എനിക്കും അറിയാം വക്കാരിക്കും അറിയാം അവർക്കും ഇവർക്കും അറിയാം, പക്ഷെ സ്വല്പം വെയിറ്റ് മാടി എന്ന വക്കാ‍രി ടിപ്സ് പ്രകാരം അതിന്റെ പിന്നിലെ രാഷ്ട്രീയത്തെപറ്റിയുള്ള പോസ്റ്റ് വെയിറ്റ് ചെയ്ത് ഇടണമായിരുന്നു, മറ്റൊരു സന്ദർഭത്തിൽ,അതിലും നല്ല ഒരു വടി കിട്ടുമായിരുന്നു.

    മറ്റൊന്നിനുമല്ല, വടി ആരുടെ കയ്യിൽ എത്തിപ്പെടുന്നു എന്നുള്ളതാണ് രാഷ്ട്രീയത്തിന്റെ ബേസിക്ക് ലെസ്സൺസിൽ ഒന്ന്.

    ഓഫ്:
    അതെ അതെ, കരുണാകരനും
    ബാലകൃഷ്ണപിള്ളയും ഗംഗാധരനും തങ്കച്ചനും
    കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും പിണറായിയും, ദാണ്ട് ബിനീഷ് കൊടിയേരി വരെ പാവം ഇരകൾ മാത്രം. ശ്ശൊ. നമ്മുടെ ഒക്കെ വേദനിക്കുന്ന രാഷ്ട്രീയക്കാർ. ഇവരൊക്കെ തെറ്റു ചെയ്തു എന്ന് കോടതി പോലും വിശ്വസിക്കൂല പിന്നെയാണോ നാട്ടുകാർ?

     
  4. At Tue Oct 13, 03:16:00 PM 2009, Blogger അരവിന്ദ് :: aravind said...

    "ഇനി ജന്മഭൂമി മാതൃഭൂമിയ്ക്കിട്ട് കൊട്ടാനുള്ള രാഷ്ട്രീയമോ? വാര്‍ത്തയിലെ താരം ഒരു മുസ്ലിമായതായിരിക്കാം."

    ഇത് കറക്റ്റായി മനസ്സിലാക്കി എഴുതിയ വക്കാരിക്ക് ആര്‍ എസ്സ് എസ്സ് ചായ്‌വോ ചരിവോ ഉണ്ടെന്ന് കരുതുന്നില്ല.
    ജയകൃഷ്ണന്‍ മാഷിന്റെ കേസ് കൂടെകൂടെ വക്കാരി എഴുതുന്നത്, അതിനെ ഒരു രാഷ്ട്രീയകൊലപാതകമായി കാണാത്തതിലാകാം? അങ്ങനെ കണ്ടില്ലെങ്കില്‍ അതിലും വലിയ ഒരു സാഡിസ്റ്റിക് പ്രവൃത്തി ഇല്ല എന്ന ചിന്തയാകാം(കുട്ടികളുടെ മുന്നില്‍)..

    ആ! ആര്‍ക്കറിയാം. :-)

    മാതൃഭൂമിയെ മാത്രം പരിഹസിക്കുന്നത് രാഷ്ട്രീയം വെച്ചു തന്നെയാകാം. എങ്കിലും അതില്‍ കഴമ്പുണ്ടോ ഇല്ലയോ എന്നതാണ് കാര്യം എന്നാണ് തോന്നുന്നത്. വിമര്‍ശിക്കുന്ന ആളിന്റെ രാഷ്ട്രീയം വെച്ചളന്നു നോക്കാതെ ഒരോ പോസ്റ്റിനേയും ഒറ്റക്ക് വായിച്ചാല്‍ പ്രശ്നം തീരുമായിരിക്കും. തീരുമായിരിക്കുമോ? ആ!

     
  5. At Tue Oct 13, 06:31:00 PM 2009, Blogger myexperimentsandme said...

    ഇഞ്ചീസ്,

    ഹനാന്‍ പ്രശ്നം മാത്രമല്ല, പത്രങ്ങളുടെ പല പ്രശ്‌നങ്ങളും മലയാളം ബ്ലോഗ് ഇതിനു മുന്‍പും ഉയര്‍ത്തിയിട്ടുണ്ട്, ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്, ഇനിയും ഉയര്‍ത്തണം.അതിനെ ഒരു രീതിയിലും വില കുറച്ചു കാണുകയോ അങ്ങിനെ ചെയ്യുന്നവരെ മോശക്കാരാക്കുകയോ അല്ലായിരുന്നു എന്റെ ഉദ്ദേശം. ഹനാന്‍ പ്രശ്നം ഉയര്‍ത്തിയ ബ്ലോഗ് പോസ്റ്റുകളെയെല്ലാം വിമര്‍ശിക്കുകയല്ല ഞാന്‍ ചെയ്തത്. എന്റെ ഫോക്കസ് ഒരു പര്‍ട്ടിക്കുലര്‍ ബ്ലോഗ് പോസ്റ്റ് മാത്രമായിരുന്നു. അതിലെ രാഷ്ട്രീയം മാത്രമായിരുന്നു ഞാന്‍ ഫോക്കസ് ചെയ്തത്. പറഞ്ഞതുപോലെ എന്റെ മാത്രം നിഗമനങ്ങളെ അടിസ്ഥാനമാക്കി എന്റെ മാത്രം ഉത്തരവാദിത്തത്തില്‍ ഞാന്‍ മാത്രമിട്ട ഒരു പോസ്റ്റായിരുന്നു അത്. ഞാന്‍ ആ ഒരു പോസ്റ്റിട്ടത് ഒരിക്കലും ഹനാന്‍ പ്രശ്നത്തിലെ മാതൃഭൂമിയുടെ നിലപാടിനെ ഡൈല്യൂട്ട് ചെയ്യില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം
    എന്റെ പോസ്റ്റ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു വ്യക്തിപരപ്പോസ്റ്റ് തന്നെയായിരുന്നു. “ഹോ വക്കാരിയുടെ ക്ഷിപ്രപ്പോസ്റ്റിനെപ്പറ്റിയുള്ള നിലപാട് ഇതാണോ, അങ്ങിനെയാണെങ്കില്‍ മാതൃഭൂമി
    പറയുന്നതിലും കാര്യമുണ്ടാവുമല്ലോ” എന്നാരെങ്കിലും വിചാരിച്ചാല്‍ മാത്രമേ എന്റെ പോസ്റ്റ് പ്രതിലോമവും നിരുത്തരവാദപരവും പിണ്ണാക്കുമാവുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

    ആദ്യമായി മലയാളം പത്രങ്ങള്‍ അധര്‍മ്മം കാണിച്ചത് ഹനാന്‍ പ്രശ്‌നത്തിലല്ലായിരുന്നു.ഹനാന്‍ പ്രശ്നത്തെപ്പറ്റി പരാമര്‍ശിച്ച ഏക ബ്ലോഗ് ക്ഷിപ്രവുമല്ലായിരുന്നു.

    പക്ഷേ ഹനാന്‍ പ്രശ്‌നം കേരളത്തിലെ കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആകുലപ്പെടുന്നവര്‍ സ്വന്തം “ഗുരു”വിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നതിനെപ്പറ്റി
    ആകുലപ്പെടുന്നില്ല എന്ന് മാത്രമല്ല, അങ്ങിനെ ആകുലപ്പെട്ട ഒരു പോസ്റ്റില്‍ കയറി ഇസ്രയേല്‍ വരെ കൊണ്ടുവന്നപ്പോള്‍ അങ്ങിനെയൊരാള്‍ ഒരു സുപ്രഭാതത്തില്‍ ഹനാന്‍ പ്രശ്നത്തില്‍ മാതൃഭൂമിയുടെ നിലപാടിനെ മാത്രം ഘോരം ഘോരം വിമര്‍ശിക്കുമ്പോള്‍ അയാളുടെ രാഷ്ട്രീയം ചികയുക എന്നത് ഒരു നിലാവത്തെ കോഴിയുടെ മൌലിക് അവകാശ് ആണ് എന്നാണ് കോഴിയുടെ പക്ഷം. കോഴിയായതുകൊണ്ട് തലയില്‍ ഇത്തിരി പൂട കണ്ടാലും കുഴപ്പമില്ലല്ലോ.

    അരവിന്ദ് പറഞ്ഞത് കറക്ട്. ആര് പറയുന്നു എന്ന് നോക്കാതെ എന്ത് പറയുന്നു എന്ന് മാത്രം നോക്കാന്‍ നമ്മള്‍ പഠിച്ചാല്‍ നമ്മുള്‍ മലയാളികളുടെ ചര്‍ച്ചാ നിലവാരങ്ങള്‍ രണ്ടരപ്പടികൂടി ഉയര്‍ത്താമായിരുന്നു. പക്ഷേ എന്തിലും രാഷ്ട്രീയം കാണാന്‍ എന്നെ പഠിപ്പിച്ചതാരാ? താരാ? താരാ? :)

    ഇപ്പോള്‍ തന്നെ നോക്കിയേ, ഹനാന്‍ പ്രശ്നത്തെക്കാളും , അതിനെപ്പറ്റിയുള്ള ഒരു പോസ്റ്റിനെപ്പറ്റിയുള്ള എന്റെ നിലപാടിനെക്കാളും ബ്ലൊനലക്ഷങ്ങളെ ആകര്‍ഷിച്ചതെന്താണ്? എന്റെ ആറെസ്സെസ്സാര്‍ജ്ജവം. അതാണ് മലയാളി. അത് ഏറ്റവും നന്നായി മനസ്സിലാക്കിയവരാരാ? രാരാ? രാരാ?

    :)

     
  6. At Tue Oct 13, 09:57:00 PM 2009, Anonymous Anonymous said...

    പക്ഷേ ഹനാന്‍ പ്രശ്‌നം കേരളത്തിലെ കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആകുലപ്പെടുന്നവര്‍ സ്വന്തം “ഗുരു”വിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നതിനെപ്പറ്റി
    ആകുലപ്പെടുന്നില്ല എന്ന് മാത്രമല്ല, അങ്ങിനെ ആകുലപ്പെട്ട ഒരു പോസ്റ്റില്‍ കയറി ഇസ്രയേല്‍ വരെ കൊണ്ടുവന്നപ്പോള്‍ അങ്ങിനെയൊരാള്‍ ഒരു സുപ്രഭാതത്തില്‍ ഹനാന്‍ പ്രശ്നത്തില്‍ മാതൃഭൂമിയുടെ നിലപാടിനെ മാത്രം ഘോരം ഘോരം വിമര്‍ശിക്കുമ്പോള്‍ അയാളുടെ രാഷ്ട്രീയം ചികയുക എന്നത് ഒരു നിലാവത്തെ കോഴിയുടെ മൌലിക് അവകാശ് ആണ് എന്നാണ് കോഴിയുടെ പക്ഷം. കോഴിയായതുകൊണ്ട് തലയില്‍ ഇത്തിരി പൂട കണ്ടാലും കുഴപ്പമില്ലല്ലോ.


    ബലാല്‍സംഗവീരന്മാരെയും, ഗര്‍ഭിണികളുടെ വയറ് കീറിത്തുറന്ന് കുട്ടികളെ ശൂലത്തില്‍ കൊരുത്തെടുത്ത് തിന്നുന്നവരെയുമൊക്കെ ന്യായീകരിക്കുന്ന ഒരു മനസ്സിന് "ഗുരുവിന്റെ" മൂടുപടമിട്ട് സമൂഹത്തെ കബളിപ്പിക്കുന്ന കൊലയാളിയുടെ തേറ്റകളില്‍ നിന്നുതിരുന്ന ചോര കാണുവാന്‍ കണ്ണുകളില്‍ കലര്‍ന്ന കാവിത്തിമിരത്താല്‍ സാധിക്കില്ല, ഈ ക്രിമിനല്‍ ഗുരു കൊന്നു ഭുജിച്ച മറ്റ് മനുഷ്യരെ കാണുവാന്‍ സാധിക്കില്ല. ഇത് പോലുള്ള അസുരവിത്തുകളെ ഭരണകൂടത്തിന് നിലയ്ക്ക് നിര്‍ത്തുവാനായില്ലെങ്കില്‍ സമൂഹമവരെ ഉന്മൂലനം ചെയ്യും. അതിപ്പോള്‍ ഗുരു ആയാലും, ഗുരുവിന്റെ അപ്പനായാലും. അതില്‍ കക്ഷി രാഷ്ട്രീയഭേദങ്ങള്‍ കാണുന്നത്, അങ്ങനെ കാണുന്നവന്റെ ഇടുങ്ങിയ മനസ്സ് കൊണ്ട് മാത്രമാണ്. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. :)

     
  7. At Wed Oct 14, 08:19:00 PM 2009, Anonymous ബംദ്ലൂർ സഖാവ് said...

    ബുഹഹഹ. ഉമേസിനെക്കൊന്റ് ച്ചുടു ചോറ് വാരിപ്പിച്ചതിനു ബ്മാഗ്ലൂരിൽ ഞങ്ങൽ ഒരു കുപ്പി പൊട്ടിച്ച് ആഘോഷിച്ചു. വക്കാരി ക്ഷമിക്കൂ. ചിയേർസ് ! ഞ്ഗ്ഗ്ല്ടുദെ ഐഡിയ് എങ്ങിനെയുണ്ടായിരുന്നു?

     
  8. At Thu Oct 15, 09:26:00 PM 2009, Blogger ഉപാസന || Upasana said...

    IppO akkari aaraayi...

    :-)

    Upasana

    Off: Vakari porukkoo..

     
  9. At Fri Dec 24, 01:17:00 PM 2010, Anonymous モバゲー said...

    クリスマスに1人だなんてこの日本最大級のコミュニティサイトモバゲーにはあなたと同じ境遇の方がわんさかいるのに!ご近所さんで探す?プロフで探す?出会い方はあなた次第!

     
  10. At Fri Jan 28, 02:54:00 PM 2011, Anonymous 彼女探し said...

    彼女探し掲示板で素敵なカワイイ彼女を探してみませんか?タイプの相手が見つかればメールでアタックしてみましょう!退屈な毎日から抜け出せるドキドキするような刺激や出会いをしてみませんか?

     
  11. At Mon Aug 22, 02:04:00 PM 2011, Anonymous 露出 said...

    究極!あなたの露出狂度がわかるサイトが誕生しました!!自分がどのタイプの露出狂なのかチェックできます!露出に興味津々なあなたも全く興味が無いあなたも隠された願望が見えてくる!

     

Post a Comment

<< Home