Saturday, October 10, 2009

സെലക്ടീവ് ഓമ്ലേഷ്യം

സെലക്ടീവ് അമ്മനേഷ്യം എന്ന് കേട്ടിട്ടില്ലേ? അതായത് നമുക്ക് വേണ്ടാത്ത കാര്യങ്ങള്‍ വളരെ സൌകര്യപ്രദമായി നമ്മളങ്ങ് മറക്കുന്നതിനെയാണ് ഹീബ്രൂവില്‍ സെലക്ടീവ് അമ്മനേഷ്യം എന്ന് പറയുന്നത്. ബ്രൂ കാപ്പി കുടിച്ചാല്‍ പോലും നമ്മളത് ഓര്‍ത്തു എന്ന് ആരെക്കൊണ്ടും പറയിക്കില്ല. ആ സെലക്ടീവ് അമ്മനേഷ്യക്കാരിയുടെ വിപരീതകുമാരനാണ് സെലക്ടീവ് ഓര്‍മ്മനേഷ്യം അഥവാ സെലക്ടീവ് ഓര്‍മ്മേഷ്യം. ഈ പോസ്റ്റ് വായിച്ചപ്പോഴാണ് സെലക്ടീവ് ഓര്‍മ്മനേഷ്യം എന്ന ശാസ്ത്രശാഖയെപ്പറ്റി ഓര്‍മ്മ വന്നത്. അമ്മനേഷ്യം കാരണം ഓര്‍ക്കാത്തപോലെ ഇരിക്കുകയായിരുന്നു, ഇത്രയും കാലം.

അതായത് മാധ്യമധര്‍മ്മങ്ങളെയും മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ എന്നും സത്യമല്ല എന്ന് തോന്നുമ്പോഴേ തെറ്റുകള്‍ അടുത്ത നിമിഷം തന്നെ തിരുത്തണമെന്നും എന്നൊക്കെ നമ്മള്‍ എപ്പോഴും ഓര്‍മ്മിക്കണമെന്നില്ല. സെലക്റ്റീവായേ നമ്മള്‍ ഓര്‍ക്കൂ. എന്തിനും പുറകില്‍ ഒരു രാഷ്ട്രീയം കാണുമെന്നും ആ രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷിരാഷ്ട്രീയമാണെന്ന് കരുതുന്നവര്‍ മഹാ വിഡ്ഢികളാണെന്നും ബ്ലോഗാണല്ലോ നമ്മളെ പഠിപ്പിച്ചത്. അപ്പോള്‍ മാധ്യമധര്‍മ്മത്തെപ്പറ്റി ഒരു സുപ്രഭാതത്തില്‍ നമ്മളൊരു പോസ്റ്റ് കാണുമ്പോഴും നമ്മുടെ കുരുട്ടുബുദ്ധി നമ്മളെ അതിനു പിന്നിലുള്ള രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കാനങ്ങ് പ്രേരിപ്പിക്കും. ബ്ലോഗില്‍ തന്നെ ജീവിച്ചാലുള്ള കുഴപ്പം.

ഈ പോസ്റ്റ് വായിച്ചപ്പോഴും ആ രാഷ്ട്രീയം എന്താണെന്ന് വിശകലനം ചെയ്യാനൊരു തോന്നല്‍. ഭാഗ്യവശാല്‍ ഒത്തിരി തല പുകയ്ക്കേണ്ടിയൊന്നും വന്നില്ല. എല്ലാവര്‍ക്കും പറയാതെ തന്നെ അറിയാവുന്നതാണല്ലോ ആ രാഷ്ട്രീയം. പത്രങ്ങളുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ
എന്നും തെറ്റായുള്ള, തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങള്‍ കൊടുക്കരുത് എന്നും നാഴികയ്ക്ക് നാലുവട്ടം നമ്മളൊക്കെ പണ്ടുമുതലേ പറഞ്ഞതല്ലിയോ. പക്ഷേ അന്നൊക്കെ അതൊക്കെ മറ്റവന്മാര്‍ക്കിട്ട് രണ്ട് കൊടുക്കുന്ന വാര്‍ത്തകളായതുകൊണ്ട് നമ്മള്‍ വല്ലാതങ്ങ് അതൊക്കെ ആസ്വദിച്ചു. അവസാനം നമുക്കിട്ടും അതേ മാധ്യമക്കൊട്ടുകള്‍ കിട്ടിയപ്പോഴാണ് നമുക്ക് സംഗതിയുടെ ഗുണ്ടര്‍ട്ട് പിടികിട്ടിയത്. സടകുടഞ്ഞെഴുന്നേറ്റു, മാധ്യമധര്‍മ്മം. ഒരു ഗര്‍ജ്ജനമായിരുന്നു, പിന്നെ.

ഹനാന്‍ ബിന്‍ത് ഹാഷിം എന്ന കുട്ടിയെപ്പറ്റിയുള്ള പൊട്ടത്തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വാര്‍ത്ത മാതൃഭൂമിയിലല്ല, ഇന്ത്യന്‍ എക്സ്പ്രസ്സിലല്ല, മസാലദോശാഭിമാനിയില്‍ വന്നാല്‍ പോലും നമുക്കൊരേ വികാരം മാത്രം- അത് തെറ്റാണെന്നറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി ഏറ്റെടുത്ത് അത് വായനക്കാരെ മുഴുവന്‍ അറിയിക്കണം. ഇനി ആ വികാരത്തിനെ ആഗോളവല്‍ക്കരിച്ചാല്‍, ഏതൊരു വാര്‍ത്തയും തെറ്റാണെന്ന് മനസ്സിലായാല്‍ പത്രം ഉടന്‍ തന്നെ അത് തിരുത്തണം. ആദ്യം തന്നെ ഗോസിപ്പ് വാര്‍ത്തകള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും പത്രത്തില്‍ സ്ഥാനമേ ഉണ്ടാവാന്‍ പാടില്ല. പക്ഷേ സംഗതി ഗര്‍ജ്ജനങ്ങളും പൊട്ടിത്തെറികളും സടകുടയലും കുടവയറും മാതൃഭൂമിയിലും ഹനാന്‍ ബിനാനിലും ഒതുക്കുമ്പോളാണ് എന്നെപ്പോലുള്ള കുരുട്ടുബുദ്ധികള്‍ക്ക് അതിലെ ആ രാഷ്ട്രീയത്തില്‍ കയറിപ്പിടിക്കാനും ആടിക്കളിക്കടാ കൊച്ചുരാമാ കളിക്കാനുമൊക്കെ തോന്നുന്നത്.

ഇതിന് മുന്‍പ് എത്രയോ തെറ്റായ വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പത്രങ്ങളില്‍ വന്നു- അന്നൊക്കെ നമ്മള്‍ ഒരു സടയും കുടയുന്നത് കണ്ടില്ലല്ലോ. എന്തു ചെയ്യുന്നൂ എന്നതുപോലെയുള്ളതിനെക്കാളും പ്രധാനമാണ് എന്തൊക്കെ ചെയ്യുന്നില്ല എന്ന് നമുക്കിട്ട് പറഞ്ഞുതന്നതും ബ്ലോഗാണല്ലോ. അപ്പോള്‍ മറ്റവനിട്ട് മാധ്യമങ്ങള്‍ കൊട്ടടാ കൊട്ട് കൊട്ടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ ധര്‍മ്മവും നോക്കിയില്ല, ധര്‍മ്മക്കാരനെയും നോക്കിയല്ല-അതും പോട്ട്, ആ മാധ്യമങ്ങള്‍ ക്വോട്ടിയതുതന്നെ ക്വോട്ടിക്ക്വോട്ടി നമ്മള്‍ പോയിന്റുകള്‍ പറഞ്ഞും കൊണ്ടേയിരുന്നു.

അതെല്ലാം കഴിഞ്ഞ് സംഭവം ലവനിലും കുശനിലും ലവലനിലും കൊടിയേരിക്കുടിയേരിയിലുമൊക്കെ എത്തിയപ്പോഴാണ് നമുക്ക് മാധ്യമങ്ങള്‍ ഇല്ലാത്തത് ഉണ്ടാക്കുന്നതിലും ഉള്ളത് ഇല്ലാതാക്കുന്നതിലുമൊക്കെയുള്ള പ്രശ്നങ്ങളെപ്പറ്റി ബോധമുണ്ടായത്. ലവലെനിന്‍ പ്രശ്നത്തില്‍ പിണറായിക്ക് കിട്ടിയതിന്റെ ആയിരത്തിലൊരു അംശം ആനുകൂല്യം ബ്ലോഗിലും മറ്റും എന്റെ ആരാദ്യപുരുഷന്മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവരൊക്കെ എപ്പോഴേ മഹാത്മാക്കളായിപ്പോയേനെ :(

അപ്പോള്‍ പറഞ്ഞുവന്നത് ഒരു സുപ്രഭാതത്തില്‍ നമ്മള്‍ മാധ്യമധര്‍മ്മത്തെപ്പറ്റി ആരെങ്കിലും ബോധവാന്മാരാവുന്നത് പല്ലുതേച്ചുകൊണ്ടിരിക്കുമ്പോളോ മറ്റോ ഒക്കെ കാണുകയാണെങ്കില്‍ അതില്‍ തീര്‍ച്ചയായും പുളകം കൊള്ളണം. ആവുവോളം കൊണ്ടതിനുശേഷം, ഒന്ന് റെസ്റ്റെടുത്തിട്ട് അതിനുപിന്നിലെ രാഷ്ട്രീയം കൂടി ഒന്നറിയാന്‍ നോക്കണം. നല്ല രസമായിരിക്കും.

എന്തായാലും മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ എന്ന് വാശി പിടിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെ. ഇനി വേണ്ടത് സത്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയമോ പക്ഷപാതിത്വമോ ഇല്ലാതെതന്നെ ഇതിനുവേണ്ടിയുള്ള വാശിയാണ്. അതായത് ഇന്ന് മറ്റേ പാര്‍ട്ടിയുടെ മറ്റേ നേതാവിനെപ്പറ്റി മാധ്യമങ്ങള്‍ പൊടിപ്പിച്ചും തൊങ്ങല്‍‌പ്പിച്ചും എഴുതുമ്പോള്‍ അതൊക്കെ നല്ലതുപോലെ ആസ്വദിച്ചതിനുശേഷം നാളെ നമ്മുടെ പാര്‍ട്ടിയുടെ നമ്മുടെ പൊന്നോമനനേതാവിനെപ്പറ്റി എഴുതുമ്പോള്‍ മാത്രം നമുക്കുണ്ടാവുന്ന ഒന്നാവരുത് മാധ്യമധര്‍മ്മബോധം-അല്ലെങ്കില്‍ നമ്മുടെ പാര്‍ട്ടിയുടെ മുന്നണിയില്‍ നിന്ന് മറ്റേ പത്രത്തിന്റെ മുതലാളി മറ്റേ മുന്നണിയിലേക്ക് ചാടുമ്പോള്‍ മാത്രമുണ്ടാവേണ്ട ഒന്നാവരുത് മാധ്യമസത്യമാത്രവാശി.

ആ പോസ്റ്റിലെ “ഒടുവില്‍ ശശി ആരായീ’ സ്റ്റൈല്‍ ചോദ്യങ്ങളും എനിക്ക് നന്നായി രസിച്ചു. അങ്ങിനെ ഒടുവില്‍ ഞാനാരായീ?? മാധ്യമങ്ങളുടെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു ഉത്തമപൌരനായീ.

(ഇതിലെയൊക്കെ രാഷ്ട്രീയം ചികയാന്‍ പോയാല്‍ വട്ടുപിടിക്കാന്‍ വേറൊന്നും വേണ്ട- മാതൃഭൂമിയ്ക്കിട്ട് നല്ലൊരു കൊട്ടുകൊടുത്ത ജന്മഭൂമിയെ നമ്മളാരും കങ്കാരുറിലേറ്റ് ചെയ്യില്ല- കാരണം ജന്മഭൂമിയുടെ പത്രാധിപരുടെ കാക്കി നിക്കര്‍. ഇനി ജന്മഭൂമി മാതൃഭൂമിയ്ക്കിട്ട് കൊട്ടാനുള്ള രാഷ്ട്രീയമോ? വാര്‍ത്തയിലെ താരം ഒരു മുസ്ലിമായതായിരിക്കാം. താരം ഒരു ഹിന്ദുപ്പെണ്‍കുട്ടിയായിരുന്നെങ്കില്‍ ജന്മഭൂമി ഇതുപോലെഒരു കൊട്ട് കൊട്ടുമോ എന്നത് ജന്മഭൂമി ഉണ്ടാക്കിയിട്ടുള്ള ഒരു രാഷ്ട്രീയ ഇമേജ് വെച്ച് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് എന്തിന്റെയും പിന്നിലെ രാഷ്ട്രീയം ചികയുമ്പോള്‍ നമുക്കെല്ലാം വട്ട് പിടിക്കുന്നത്).

എന്തായാലും ഹനാന്‍ വാര്‍ത്ത കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തില്‍ ഉണ്ടാക്കുന്ന ഇം‌പാക്ടിനെപ്പറ്റി ഒന്ന് പഠിക്കേണ്ടതുതന്നെയാവുന്നു. എല്ലാവരും ശാസ്ത്രപഠനം തന്നെ വേണ്ടെന്ന് വെക്കുമോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം.

ഇതുപോലെ തന്നെ നമുക്കൊക്കെ സെലക്റ്റീവായി ഉണ്ടാവുന്ന വേറൊരു ഓമ്ലേഷ്യമാണ് ജുഡീഷ്യറിയോടുള്ളത്. ലോക്കല്‍ കോടതിയും കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഒരേ സ്വരത്തില്‍ കുറ്റക്കാരെന്ന് വിധിച്ച ജയകൃഷ്ണന്‍ മാഷ് വധക്കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍നിന്ന് പുല്ലുപോലെ പുറത്ത് വന്നപ്പോള്‍ നമ്മളൊക്കെ കോടതിയുടെ വലിയ ആരാധകരായി. അവര്‍ എങ്ങിനെ അവിടെനിന്നും ഊരിപ്പോന്നു എന്നുള്ള രാഷ്ട്രീയം നമുക്കാര്‍ക്കും അറിയുകയേ വേണ്ടായിരുന്നു. കുറെ സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടിക്കൊന്നപ്പോളും കൊല്ലപ്പെട്ടയാളുടെ കക്ഷിരാഷ്ട്രീയം നോക്കിയായിരുന്നു നമ്മുടെ പ്രതികരണങ്ങള്‍. പോലീസ് കാവലിലൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകനെ അദ്ധ്യാപകന്‍ എന്നൊക്കെ വിളിക്കാമോ എന്നുള്ള സംശയങ്ങള്‍ പോലും നമുക്കുണ്ടായി. പക്ഷേ നമ്മുടെ ആരാധ്യനേതാവിനെ കോടതി ഒന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേ നമുക്ക് കോടതിയെ മൊത്തത്തില്‍ തന്നെ വിശ്വാസമില്ലാതായി.

ബ്ലോഗില്‍ വല്ലപ്പോഴും വരുന്നതുകൊണ്ട് ഇപ്പോള്‍ പഴയതിനെക്കാളും രസമുണ്ട്. താരത‌മ്യപഠനം നടത്താന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ബ്ലോഗ്. ഗാന്ധിജിയെപ്പറ്റി എന്തോ എങ്ങോ എങ്ങിനെയോ വായിച്ചപ്പോള്‍ തന്നെ സ്വല്പം ഒന്ന് വെയിറ്റുപോലും ചെയ്യാതെ വിഗ്രഹമുടഞ്ഞേ വിഗ്രഹമുടഞ്ഞേ എന്നാര്‍ത്ത് സന്തോഷിച്ചവര്‍ ഈയെമ്മെസ്സിനെപ്പറ്റി ഇവിടെ വായിച്ചപ്പോള്‍, പോരാ, പോരാ, ഇതൊന്നും പോരാ എന്ന ലൈനായി. അവരൊന്നും സീപ്പീയെം ലോക്കല്‍ കമ്മറ്റി മെമ്പര്‍‌മാര്‍ മുതലായ ലെവലിലുള്ള ആള്‍ക്കാരൊന്നുമല്ലെങ്കിലും ഒരു സീപ്പീയെം കാരന് താന്‍ സീപ്പീയെം കാരനാണ് എന്ന് തുറന്നുപറയാനുള്ള ഇപ്പോഴത്തെ സാമൂഹ്യസാഹചര്യങ്ങളിലുള്ള പ്രശ്‌നങ്ങളെപ്പറ്റിയൊക്കെ ബോധവാന്മാരാണ്. (ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് മനുഷ്യാവകാശലംഘനവാദിയായ ഞാന്‍ ആ പോസ്റ്റിലെ സീപ്പീയെം എന്ന സ്ഥാനത്തൊക്കെ ആറെസ്സെസ്സ് എന്നും ഇടതുപക്ഷം എന്നിടത്തൊക്കെ വലതുപക്ഷം എന്നുമൊക്കെ ഇട്ട് ആ പോസ്റ്റ് ഒന്നുകൂടി വായിച്ചപ്പോള്‍ എന്റെ പല വിമ്മിഷ്ടങ്ങളും മാറി).

എന്തായാലും മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ എഴുതുമ്പോഴും തെറ്റാണെന്നറിഞ്ഞിട്ടും അതിനെ ന്യായീകരിക്കുമ്പോഴും, തെറ്റ് തിരുത്താതിരിക്കുമ്പോഴുമെല്ലാം, അതിനുപിന്നിലെ രാഷ്ട്രീയമെന്ന് പറയുന്നത് മാധ്യമങ്ങള്‍ ഉള്ള കാര്യം മാത്രമേ പറയാവൂ എന്നതായിരിക്കണം. അതല്ലാതെ സയന്‍‌സിന്റെ കാര്യത്തില്‍ മാത്രം മാധ്യമം ധര്‍മ്മം നിര്‍വ്വഹിക്കണം, കഷിരാഷ്ട്രീയത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഇപ്പോള്‍ പോകുന്നതുപോലെയൊക്കെ പോകട്ടെ എന്നാണ് നിലപാടെങ്കില്‍, സോറി. നമുക്ക് ഒരു ഗ്യാരന്റിയിലും അക്കാര്യത്തിലില്ല. കാരണം, മാധ്യമങ്ങള്‍ക്ക് അങ്ങിനെ സയന്‍സ് , രാഷ്ട്രീയം എന്നൊരു വേര്‍‌തിരിവൊന്നുമില്ല. അതുകൊണ്ട്, സത്യം, ഉള്ളത്, ശരി മുതലായ കാര്യങ്ങള്‍-അത് സയന്‍സായാലും, രാഷ്ട്രീയമായാലും, കക്ഷിരാഷ്ട്രീയമായാലും-മാധ്യമങ്ങള്‍ പാലിക്കണം എന്ന് വാശിപിടിച്ചാല്‍ മാത്രമേ നമുക്ക് അവരെ ഒരു ലെവലിലാക്കാന്‍ പറ്റൂ.ഇന്നലെ ബീജേപ്പീയെപ്പറ്റി ഇല്ലാത്തതെഴുതുന്ന മാധ്യമം ഇന്ന് സീപ്പീയെമ്മിനെപ്പറ്റിയും നാളെ കാണ്‍ഗ്രസ്സിനെപ്പറ്റിയും ഇല്ലാത്തതെഴുതും എന്ന കാര്യം തിരിച്ചറിഞ്ഞ് ഇല്ലാത്തതാണ്/നുണയാണ്/സംശയമുണ്ട് എന്ന് തോന്നുന്ന എന്തു വാര്‍ത്തയ്ക്കെതിരെയും-അത് സയന്‍സാണെങ്കിലും രാഷ്ട്രീയമാണെങ്കിലും എന്ത് പിണ്ണാക്കാണെങ്കിലും-ഒരേ രീതിയില്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവമുള്ള കുറെപ്പേര്‍ നമുക്കിടയില്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പോസ്റ്റും അതിലെ കമന്റുകളും.

വെല്ലിംഗ്‌ഡണ്‍

6 Comments:

  1. At Sun Oct 11, 08:57:00 AM 2009, Blogger ഉപാസന || Upasana said...

    Tracking...

    :-)

     
  2. At Sun Oct 11, 07:27:00 PM 2009, Blogger A Cunning Linguist said...

    tracking...

     
  3. At Mon Oct 12, 03:07:00 PM 2009, Blogger Umesh::ഉമേഷ് said...

    വെല്ലിംഗ്ടൺ, വക്കാരീ!

    കമന്റെഴുതിയപ്പോൾ ഒരുപാടു വലുതായിപ്പോയി. (വക്കാരിക്കു കമന്റിടുമ്പോൾ ചെറുതാകുന്നതു മോശമല്ലേ?) ഇനി ഏറ്റവും വലിയ ബ്ലോഗർകമന്റെഴുതിയതിനു ഗിന്നസ് ബുക്കിലൊന്നും കയറണ്ടാ എന്നു വെച്ചു് അതു് ദാ ഇവിടെ ഇട്ടു. സമയം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കിക്കോളൂ.

     
  4. At Mon Oct 12, 04:39:00 PM 2009, Blogger Appu Adyakshari said...

    ഉമേഷേട്ടന്റെ കമന്റ് പോസ്റ്റ് ഒന്നു വായിച്ചേച്ചു വരട്ടെ വക്കാരീ...

     
  5. At Tue Oct 13, 07:43:00 AM 2009, Blogger nalan::നളന്‍ said...

    സംഭവം കൊള്ളാമല്ലോ... സെലക്റ്റീവ് അമ്ലേഷ്യം... നല്ല കോമഡി...
    അപ്പം വക്കാരിക്ക് ഇതു ബാധിച്ചിട്ട് എത്രനാളായിക്കാണും അതോ അതു മൂത്ത് കുറച്ചുകാലം ബ്ലോഗില്‍ നിന്നു തന്നെ വിട്ടു നിന്നതാണോ? അതോ രാഷ്ട്രീയ അഭിപ്രായം ഉള്ളവര്‍ക്കു മാത്രമാണോ ഇതു ബാധിക്കുന്നത്..ഏതായാലും വായനക്കാരനെ വെറുതേ കണ്‍ഫ്യൂഷനടിപ്പിക്കാനുള്ള ആ പാടവത്തിനൊരു കുറവുമില്ല...

    സംഭവം കൊള്ളാം ... ബൂലോകരെ നോട്ട് ദ പോയിന്റ് ....ഉത്തരം മുട്ടുമ്പോള്‍ ഡൈവേര്‍ട്ട് ചെയ്യാന്‍ ആ അമ്ലേഷ്യാരോപണ ടെക്നീക്ക് ഏക്കുമെന്നു തോന്നുന്നു... നമുക്കു ഉത്തരം പറയാതെ സ്കൂട്ടുകയും ചെയ്യാം മറ്റേ അണ്ണനു അമ്ലേഷ്യമാണെന്നു കച്ചിയാല്‍ മതി. അണ്ണനെന്തു കൊണ്ട് പണ്ടതുപറഞ്ഞപ്പോള്‍ ഇതു പറഞ്ഞില്ല, അല്ലെങ്കില്‍ ഇതു പറഞ്ഞപ്പോള്‍ അതു പറഞ്ഞില്ല, പറഞ്ഞു... സൊ സിമ്പിള്‍
    രാഷ്ട്രീയ അഭിപ്രായമുള്ളവരേ നിങ്ങള്‍ സൂക്ഷിച്ചോ.. ഇനി മുതല്‍ 24 മണിക്കൂറും ആരെന്തു പറഞ്ഞൂന്നും നോക്കി അഭിപ്രായം പറഞ്ഞോണ്ടിരുന്നോണം ഇല്ലേല്‍ ജാഗ്രതേയ്.. പിന്നെ പ്രതികരിക്കുന്നതും, പറയുന്നതും പറയാതിരിക്കുന്നതും നിങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നുള്ളത് മഹാ അപരാധം, രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുന്നിര്‍ത്തി നിലപാടുകളും അഭിപ്രയവും നടത്താനുള്ള സ്വാതന്ത്ര്യം ആരാണു നിങ്ങള്‍ക്ക് തന്നിട്ടുള്ളത് ?

    വക്കാരിക്ക് തന്റെ വായനക്കാരെപ്പറ്റി നല്ല മതിപ്പാണെന്നു മനസ്സിലായി.
    ഏതായാലും വക്കാരി പൊട്ടന്മാരായി കരുതുന്നവരല്ലേ പോട്ടന്മാരായിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല, എന്നാലും ഇനി തെറ്റിയത് എനിക്കാണെങ്കിലോ, അതുകൊണ്ട് ഞാന്‍ പറഞ്ഞതെന്തൊക്കെയെന്നുകൂടി ഇവിടെ കിടക്കട്ടെ.. പൊട്ടന്മാരെങ്കി പൊട്ടന്മാര്‍ !! അവര്‍ക്കൊരു അവസരവും കൂടി കൊടുക്കാം എന്തേ , അവരു വായിച്ചു തീരുമാനിക്കട്ടെ അതല്ലേ അതിന്റെ ഒരു ഇത്

    ഗാന്ധിയെപ്പറ്റി പറഞ്ഞതിവിടെയൊക്കെ...
    1

    2
    വിഗ്രഹമുടഞ്ഞോ ? തീര്‍ച്ചയായും, എതുകൊണ്ടെന്നു മുകളിലത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്...അതുകൊണ്ട് ഗാന്ധി വിവരമില്ലാത്തവനാണോ ? അല്ല! ഹിതെന്തു ചോദ്യമപ്പാ !!!

    ഇനി ഈ.എം.എസ്സിനെ പറ്റി പറഞ്ഞത് ......
    1
    2
    പിന്നെ ഇവിടെയും
    3
    ഈ.എം.എസ്സ് പണ്ടേ ഉടഞ്ഞ വിഗ്രഹമാണു , പക്ഷെ അതുകൊണ്ട് ഈ.എം.എസ്സ് വിവരമില്ലാത്തവനാണോ ? അല്ല! ഹിതെന്തു ചോദ്യമപ്പാ !!!

    അപ്പൊ അമ്ലേഷ്യാരോപണം എങ്ങിനെയാണിതിലും അപ്ലൈ ചെയ്യുന്നതെന്നു നിങ്ങള്‍ കണ്‍ഫ്യൂഷനടിച്ചിരിക്കുവാണെങ്കില്‍ ജസ്റ്റ് വെയിറ്റ് ദ ഇപ്പോ വക്കാരി തന്നെ പറഞ്ഞു തരും.

     
  6. At Tue Oct 13, 11:25:00 PM 2009, Blogger krish | കൃഷ് said...

    പോസ്റ്റും പിന്നെ ഈ ലിങ്കും ആ ലിങ്കും രാമലിങ്കുമെല്ലാം വായിച്ചുവന്നപ്പോഴേക്കും മൂന്ന് മണിക്കൂര്‍ പോയിക്കിട്ടി.
    കുറെകൂടി ലിങ്ക് ഇടായിരുന്നൂ‍ൂ‍ൂ‍ൂ..

    ആശ്വാസ് ഹോഗയാ!!
    :)

     

Post a Comment

<< Home