Sunday, March 15, 2009

രാഷ്ട്രീയ പ്രഭുദേവ അഥവാ പൊന്നുനാനി

പൊന്നാനിയ്ക്ക് വേണ്ടിയുള്ള സീപ്പീയെമ്മിന്റെയും സീപ്പീയൈയ്യുടേയും അങ്കം കണ്ട് പൊന്നാനിക്കാരൊക്കെ ചിരിക്കുകയാണെന്ന് ഏതോ ഒരു പൊന്നാനിക്കാരന്‍ എവിടെയോ പറഞ്ഞു.

പക്ഷേ പൊന്നാനിക്കാരെ നോക്കി ബാക്കി നാട്ടുകാര്‍ എന്ന് ചിരിക്കുന്നുവോ, ബാക്കി നാട്ടുകാരുടെ ആ സഹതാപച്ചിരി എന്ന് പൊന്നാനിക്കാര്‍ക്ക് മനസ്സിലാകുമോ അന്ന് നാട് പൊന്നാകും.

പൊന്നാനിയില്‍ പൊതുസമ്മതന്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ മാത്രം?

തീര്‍ച്ചയായും മുസ്ലിങ്ങളുടെ പ്രാതിനിധ്യം ശരിയായ രീതിയിലും ശരിയായ അര്‍ത്ഥത്തിലും ശരിയായ തോതിലും പാര്‍ലമെന്റില്‍ വേണം. മുസ്ലിങ്ങളുടെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളുടെയും പ്രാ‍തിനിധ്യം പാര്‍ലമെന്റില്‍ വേണം. ജീവനില്‍ മതമില്ലായിരിക്കും, പക്ഷേ ഇന്ത്യയില്‍ മതം ഒരു റിയാലിറ്റി തന്നെയാണ്. പക്ഷേ മുസ്ലിങ്ങളെ മുസ്ലിങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിങ്ങളുടെ പ്രാതിനിധ്യത്തെക്കാള്‍ നല്ലതല്ലേ അങ്ങിനെയല്ലാത്ത ഒരു പ്രാതിനിധ്യം?

എന്തുകൊണ്ട് പൊന്നാനിയില്‍ ഒരു പൊതുസമ്മതന്‍ അമുസ്ലിമായിക്കൂടാ- ക്രിസ്ത്യാനിയോ ഹിന്ദുവോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരെങ്കിലും?

എന്തുകൊണ്ട് തിരുവനന്തപുരത്തുകാര്‍ക്ക് ഒരു മുസ്ലിം പ്രാതിനിധ്യം കൊടുത്തുകൂടാ?

ഇത്രയും നാള്‍ ഓര്‍ത്തത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തൊക്കെ മതേതരത്വം പറഞ്ഞാലും ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് ബാങ്ക് നോക്കി പൊന്നാനിയില്‍ മുസ്ലിമിനെയും എറണാകുളത്ത് ലത്തീനിയെയും തിരുവനന്തപുരത്ത് ഹിന്ദുവിനെയുമൊക്കെ മത്സരിപ്പിക്കുന്നതാണ് പ്രശ്നമെന്ന്. പക്ഷേ പ്രശ്നം പാര്‍ട്ടിയുടേതല്ല-നാട്ടുകാരുടെ തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

പൊന്നാനിയില്‍ കേരളത്തിന് മൊത്തം പൊതുസമ്മതനായ ഒരൊറ്റ അമുസ്ലിമും ഇല്ലാഞ്ഞിട്ടാവില്ല, പക്ഷേ മുസ്ലിമിനെ പൊന്നാനിക്കാര്‍ വോട്ട് ചെയ്യൂ- അപ്പോള്‍ പിന്നെ പാര്‍ട്ടിക്കാര്‍ എന്ത് ചെയ്യും? അവര്‍ മുസ്ലിമിനെ തന്നെ നിര്‍ത്തും. അപ്പോള്‍ പൊന്നാനിക്കാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കനുസരിച്ച് പൊന്നാനിയില്‍ പൊതുസമ്മതനുണ്ടാവും.

ആദ്യ പൊതുസമ്മതന്‍ രണ്ടത്താണി, പിന്നത്തെ മനസമ്മതം കുഞ്ഞാമു, പൊതുസമ്മതന്മാരില്‍ പൊതുവായ സമ്മതന്‍ അവസാനം കമല്‍. എല്ലാവര്‍ക്കും പൊതുവായുള്ളത് ഒന്ന് മാത്രം-മതം. അപ്പോള്‍ പൊന്നാനിയില്‍ പൊതുവായുള്ള സമ്മതം മതം മാത്രം. രാഷ്ട്രീയക്കാര്‍ പൊന്നാനിക്കാരെ ശരിയായി തന്നെ പഠിച്ചിരിക്കുന്നു- അങ്ങിനെയല്ല എന്ന് പൊന്നാനിക്കാര്‍ തെളിയിക്കാത്തിടത്തോളം കാലം. ഇത്രയും നാള്‍ കമലിനെ ഒരു സംവിധായകനായേ കണ്ടിരുന്നുള്ളൂ. ഇതിനു ശേഷവും കമല്‍ പൊന്നാനിയിലെ മുന്നാം പൊതുസമ്മതനായതിനു ശേഷവും ഇനി മുതല്‍ അദ്ദേഹത്തെ ഒരു സംവിധായകനായും അതിനു പുറമെ ഒരു മുസ്ലിം സംവിധായകനായും അതിനുമതിനും പുറമെ ഒരു മുസ്ലിമായും കാണേണ്ടിയിരിക്കുന്നു. എന്തൊരു പാട്...

അര നൂറ്റാണ്ടായി കേരളത്തില്‍ മതേതരത്വം പ്രസംഗിക്കുന്നവരൊക്കെ അവരുടെ പ്രസംഗങ്ങള്‍ എത്രമാത്രം ഇഫക്ട് നാട്ടുകാരില്‍ ഉണ്ടാക്കിയെന്ന് അറിയണമെങ്കിലെ ബെസ്റ്റ് ഉദാഹരണമാണ് പൊന്നാനിയിലെ പൊതുമതസമ്മതനായുള്ള പാര്‍ട്ടിക്കാരുടെ ഓട്ടം. ബീജേപ്പീയും അങ്ങിനെതന്നെയല്ലേ എന്നൊന്നും ചോദിക്കരുത്. പരാമര്‍ശം മതേതരപാര്‍ട്ടികളും മതേതര ജനവുമാണ്. പ്രശ്നം പാര്‍ട്ടിയുടേതുമല്ല, നാട്ടുകാരുടേതാണ്. ഇപ്പുറത്ത് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും അപ്പുറത്ത് ഒരു മുസ്ലിമുമാണെങ്കില്‍ പൊന്നാനിക്കാര്‍ ആരെ ജയിപ്പിക്കും എന്നിടത്തിരിക്കും നമ്മുടെ മതേതര തലവിധി. അല്ലെങ്കില്‍ നല്ലപേരുള്ള ഏതെങ്കിലും അമുസ്ലിം.

അതൊക്കെ വെച്ച് നോക്കുമ്പോള്‍ തികച്ചും മതേതരരാണ് കോട്ടയത്തെ (സ്ലം ഡോഗ് ) മില്ല്യന്‍ നായേഴ്സ്. നല്ല ഒന്നാന്തരം നായരായ സുരേഷ് കുറുപ്പ് ഉണ്ടെങ്കിലും ഇപ്രാവശ്യം നായര്‍ക്കാനില്‍നിന്നുള്ള ഇടഞ്ഞ ലേഖനപ്രകാരം കോട്ടയം നായേഴ്സ് ഒന്നടങ്കം പൊന്നുമാണിയുടെ കുഞ്ഞുമാണിക്കേ കുത്തൂ. എന്തൊക്കെയായാലും എങ്ങിനെയൊക്കെയായാലും ലെവന്‍ നമ്മുടെ ജാതിയല്ലേ എന്നുള്ള ചാഞ്ചല്യമോ വാത്സല്യമോ മില്ല്യന്‍ നായേഴ്സ് കാണിക്കില്ല. നമുക്ക് രണ്ട് പ്രയോജനം ആരെക്കൊണ്ടുണ്ടാവുമോ അവര്‍ക്ക് കുത്തും- അത് നായരായാലും കൊള്ളാം, ക്രിസ്ത്യാനിയായാലും കൊള്ളാം. സോ സിമ്പില്‍ പ്രാക്റ്റിക്കലേതരത്വം.

---------------------------------------------------------------------------------

ഒറ്റയ്ക്ക് നിന്നാല്‍ അഞ്ചോട്ട് തികച്ചുകിട്ടാ‍ത്ത പാര്‍ട്ടിയാണ് സീപ്പീഐയ്യേ, അവരില്ലെങ്കിലും ഒരു ചുക്കുമില്ല, തൂത്തുകള അവരെ എന്നൊക്കെയാണ് സീപ്പീയം തീവ്രവാദികളുടെ പ്രചരണം.

എങ്കില്‍ പിന്നെ സീപ്പീയൈ ഉള്‍പ്പടെയുള്ള ഈ ഈര്‍ക്കില്‍ കക്ഷികളെ ഇപ്രാവശ്യമെങ്കിലും തൂത്ത് കളഞ്ഞിട്ട് ഒറ്റയ്ക്ക് മത്സരിച്ചുകൂടേ- സീപ്പീയെമ്മിന്റെ ശക്തി തെളിയിക്കുകയുമാവാം, ഈര്‍ക്കിലുകളൊക്കെ ഒരു പാഠം പഠിക്കുകയും ചെയ്യും. ഇതിപ്പം അവര്‍ ഈര്‍ക്കിലാണ് താനും-എന്നാല്‍ അവരെയൊട്ട് തള്ളുകയുമില്ല. ഇതെന്തിര്?

എന്തായാലും വെളിയം ഭാര്‍ഗ്ഗവന്റെ വികാരപ്രകടനത്തെക്കാള്‍ വളരെയധികം മെച്ചവും പക്വവുമായിരുന്നു പിണറായി വിജയന്റെ പത്രസമ്മേളനം. കാലാകാലങ്ങളായി സീപ്പീയൈ മത്സരിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് പൊന്നാനി. സമ്മതിച്ചു. പക്ഷേ ഹലോ മിസ്റ്റര്‍ വെളിയം, ജയമല്ല, മത്സരിക്കുക എന്നതാണ് പ്രധാനം എന്ന തത്വമൊക്കെ ഒളിമ്പിക്സില്‍. കാലാകാലങ്ങളായി മത്സരിച്ചത് ഓക്കേ, പക്ഷേ കാലാകാലങ്ങളായി എത്രകാലം പൊന്നാനിയില്‍ വെന്നിക്കൊടി പാറിച്ചു, സീപ്പീയൈ, എന്നതാണല്ലോ ഇലക്ഷനില്‍ ഏറ്റവും പ്രധാനം. അതാണല്ലോ പിണറായിയും പറഞ്ഞത്.

എല്ലാപ്രാവശ്യവും ഇടതുമന്ത്രിസഭയില്‍ നല്ലഭരണം കാഴ്ചവെക്കുന്നവര്‍ സീപ്പീയൈക്കാരായിരുന്നു എന്നതായിരുന്നു എന്റെ ഒരു അപക്വനിരീക്ഷണം. പക്ഷേ ഇപ്രാവശ്യം അത് മാത്യു.റ്റി. തോമസും പ്രേമചന്ദ്രനും മോന്‍സ് ജോസഫും തോമസ് ഐസക്കുമായിപ്പോയി. ഇതിനു ശേഷം എല്ലാം വര്‍ഗ്ഗീയമായതുകാരണം, ആ നാലുപേരില്‍ മൂന്നുപേരും മന്ത്രിമാരുമാണ് സര്‍വ്വോപരി കൃസ്ത്യാനികളുമാണ്. പുല്ല് :)

പക്ഷേ ഒരു ആശ്വാസമുള്ളത് ജനങ്ങളുടേതല്ലാത്ത ദള്‍ മാത്യു റ്റി. തോമസിനെയും ആരുടെ എസ്.പി? പ്രേമചന്ദ്രനെയും ഏത് നിമിഷവും പിന്‍‌വലിക്കാം എന്നുള്ളത് മാത്രം.

Labels: , , , , , ,

7 Comments:

  1. At Sun Mar 15, 03:16:00 PM 2009, Blogger വേണു venu said...

    പൊന്നുനാനി.:)

     
  2. At Sun Mar 15, 05:10:00 PM 2009, Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

    മതമില്ലതെന്തു രാഷ്ട്രീയം
    രാഷ്ട്രീയമില്ലതെന്തു മതം
    ഇതുതാന്‍ മമനാടിന്‍
    പുതുതൊഴില്‍ മേഖല ...

     
  3. At Sun Mar 15, 05:31:00 PM 2009, Anonymous Anonymous said...

    രസികനായി എഴുതിയിരിക്കുന്നു. ചെറിയ സംശയം മാത്രം. കപട മതേതരത്വം പുലമ്പുന്ന ഇടത് വലത് കോണ്‍ഗ്രസ് കക്ഷികളേക്കാല്‍ ഇക്കാര്യത്തില്‍ ശാശ്വതവും ശക്തവും ആയ നടപടികള്‍ എടുക്കാന്‍ കഴിയുക ശരിയായ മതേതരത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ബി.ജെ.പി പോലുള്ള കക്ഷികള്‍ക്കല്ലേ? അവരല്ലേ അതിനു മുന്‍‌കൈ എടുക്കേണ്ടത്? .

     
  4. At Sun Mar 15, 07:25:00 PM 2009, Blogger ഉപാസന || Upasana said...

    :-)

     
  5. At Thu Mar 19, 06:44:00 PM 2009, Anonymous Anonymous said...

    പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം ആയിക്കൂടാ? മുസ്ലീം എന്നാന്‍ അന്യഗ്രഹജീവിയാണോ ? ഈ നാട്ടില്‍ത്തന്നെയുള്ള അന്തസ്സുള്ള ഒരു കോളേജുപ്രിന്‍സിപ്പാളല്യോ രണ്ടത്താണി? അങ്ങേരെ ഒരു മുസ്ലീമായി മാത്രമേ കാണൂ എന്ന് വക്കാരിയെപ്പോലുള്ള “കപടരല്ലാത്ത മതേതരബുജി”കള്‍ വാശിപിടിച്ചാല്‍ പൊന്നുനാനിക്കാര് എന്തു ചെയ്യും.

     
  6. At Thu Mar 19, 11:31:00 PM 2009, Blogger myexperimentsandme said...

    അതുതാനല്ലിയോ ഡബിള്‍ത്താപ്പേ. സംശയം തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലുമെന്താ മുസ്ലിങ്ങള്‍ അന്യഗ്രഹജീവികളാണോ എന്നതാണ്. ഒന്നുകൂടി കൂലം കക്ഷിച്ചാല്‍ തിരുവനന്തപുരത്തെന്താ ക്രിസ്ത്യാനി അന്യഗ്രഹമാണോ, കൊച്ചിയിലെന്താ മുസ്ലിം അന്യഗ്രഹമാണോ, പൊന്നാനിയിലെന്താ ഹിന്ദു അന്യഗ്രഹമാണോ, മാണോ, മാണോ, മാണോ ഡബിള്‍സ്?

    അല്ലെങ്കില്‍ വേണ്ട, ഇപ്രാവശ്യം പൊന്നാനിയിലെ പൊതുസമ്മതന്‍ ഒരു ക്രിസ്ത്യാനിയുടെ മനസമ്മതമായാലെന്താ? ലെന്താ? ലെന്താ? അന്യഗ്രഹങ്ങളിലല്ലാത്ത പൊന്നാനിയിലെ പൊന്നുനാട്ടുകാര്‍ക്ക് അതില്‍ എന്തായാലും പ്രശ്നമുണ്ടാവില്ലല്ലോ. അതോ മുണ്ടാവുമോ?

     
  7. At Mon Mar 23, 04:32:00 PM 2009, Blogger ചില നേരത്ത്.. said...

    'കോണി'ക്കല്ലാതെ വേറെ ചിഹ്നം ഒന്നും നോക്കാതിരുന്ന മിനിമം പൊന്നാനിക്കാരെ അരിവാള്‍ ചുറ്റികക്ക് കുത്താന്‍(ആ കുത്തല്ല, ചിഹ്നത്തിനുള്ള കുത്ത്), പ്രേരിപ്പിച്ചത്, ലീഗ് ഇങളെ പറ്റിക്ക്യാണെ എന്ന സിപ്പിയെമ്മിന്റെ പ്രചരണമായിരുന്നു. മാപ്പിളാരെ മാത്രം തെരഞ്ഞ് പാര്‍ട്ടി നാണം കെടുത്തും എന്ന് വിചാരിച്ചില്ല. മാത്രോല്ല , നാട് മുഴുവന്‍ അല്‍ക്കുല്‍ത്താക്കിയ മദനീനെം കൂടെ കൂട്ടി. നന്നാവാന്‍ സമ്മതിക്കില്ല എന്ന് വെച്ചാല്‍ എന്ത് ചെയ്യും!!

     

Post a Comment

<< Home