Saturday, February 21, 2009

വീസീമാര്‍ ഓഫീസ് വാണീടാത്ത നാട്

നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍‌സലര്‍ക്ക് വേണ്ടത് അക്കാഡമിക് മികവോ, ഭരണനൈപുണ്യമോ, ദീര്‍ഘവീക്ഷണമോ ഉള്‍ക്കാഴ്ചയോ ഒന്നുമല്ലല്ലോ. ഡോക്ടര്‍ ഗംഗന്‍ പ്രതാപിനെയെങ്കിലും സര്‍വ്വകാലാ‍ശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അതിനെക്കാളുമുപരി നാട്ടിലെ രാഷ്ട്രീയക്കാരും അംഗീകരിക്കട്ടെ, സ്വന്തമായും സ്വതന്ത്രമായും ഭരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കട്ടെ.

Sunday, December 16, 2007 ന് ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ ബ്ലോഗിലിട്ട കമന്റിന്റെ ആദ്യഭാഗം.

എന്തായാലും വിചാരിച്ചതുപോലെ അതും സംഭവിച്ചു (അറം പറ്റിയതല്ലാതിരിക്കട്ടെ). ഡോ. ഗംഗന്‍ പ്രതാപും പണി നിര്‍ത്തി പോകാന്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്നതെല്ലാം അപ്പടിതന്നെ വിശ്വസിക്കാമെന്നുള്ളതുകൊണ്ട് (ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ ഈ പോസ്റ്റ് തന്നെ ഉദാഹരണം), എന്താണ് അദ്ദേഹം രാജിവെയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം എന്നറിയില്ല. മനോരമയില്‍ പറഞ്ഞത് പോലെയാണെങ്കില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷവുമൊക്കെയുള്ള ഒരു സംഭവമാണ് കേരളത്തിലെ ഏത് വാഴ്സിറ്റിയിലെയും വി.സി പണി എന്ന് അദ്ദേഹത്തിന് സ്ഥാനമേല്‍‌ക്കുന്നതിന് മുന്‍പ് തന്നെഅറിയാവുന്നതായിരുന്നല്ലോ. എന്നാലും ഇത്രയ്ക്കും പ്രതീക്ഷിച്ചില്ലായിരുന്നിരിക്കണം (ഇതിന് മുന്‍പ് കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ എല്ലാം തികഞ്ഞവരും മതേതരതത്വപ്രകാരം മുസ്ലീമുമായിരിക്കേണ്ടിയിരിക്കുന്ന വാഴ്സിറ്റി വീസീ സ്ഥാനത്തേയ്ക്ക് യോഗ്യനായ/യോഗ്യയായ ഒരാളെ കേരളം തിരഞ്ഞെടുത്തിട്ട് ഇങ്ങോട്ട് പോരേ എന്ന് പറഞ്ഞപ്പോള്‍ അതിനു മുന്‍പിരുന്ന, എല്ലാം തികഞ്ഞയാളും മതേതരതത്വപ്രകാരം മുസ്ലിമുമായിരുന്ന വി.സിയ്ക്കുണ്ടായ അനുഭവങ്ങള്‍ അറിയാമായിരുന്ന ടിയാന്‍/ടിയാള്‍ ഒരു മലയാളിയല്ലാതിരുന്നിട്ടു കൂടി കെണിയില്‍ വീണില്ല എന്നോ മറ്റോ മനസ്സിലാക്കിയ ഒരു പത്രവാര്‍ത്ത ഓര്‍മ്മ വരുന്നു).

ശ്രീ ബേബി ഡോ.ഗംഗന്‍ പ്രതാപിന് പൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ഒരു വിദ്യാഭ്യാസ മന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിട്ടും ബാഹ്യസമ്മര്‍ദ്ദങ്ങളും മറ്റും അദ്ദേഹത്തിന് താങ്ങാന്‍ പറ്റിയില്ല എന്നതാണ് വാസ്തവമെങ്കില്‍, നാട്ടിലെ രാഷ്ട്രീയ മാഫിയയും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മാഫിയയും എത്രമാത്രം അടിപൊളിയാണെന്നോര്‍ത്ത് അന്തം വിടാനേ നമുക്ക് പറ്റൂ.

ഇതിനിടയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റി വി.സി. കഴിഞ്ഞ ദിവസം സെനറ്റോ സിന്‍ഡിക്കേറ്റോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും പത്രത്തില്‍ കൂടി വായിച്ചു. മാര്‍ക്ക് കൂട്ടല്‍/കുറയ്ക്കല്‍ പരിപാടികള്‍ക്ക് വി.സി തന്റേതായ തീരുമാനമെടുത്തതോ അഭിപ്രായം പറഞ്ഞതോ മറ്റോ ആണ് കാരണമെന്നായിരുന്നു പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്). ഇതിനെയൊക്കെയാണല്ലോ ഭരണസ്വാതന്ത്ര്യം, അക്കാഡമിക് സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ പി.വി.സിയുടെ അക്കാഡമിക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകളും നമ്മള്‍ വായിച്ചതാണല്ലോ.

ഡോ. ഗംഗന്‍ പ്രതാപിന് സ്വന്തം ഇഷ്ടപ്രകാരം ഒരു രാജിക്കത്ത് പോലും തയ്യാറാക്കാന്‍ പറ്റിയില്ല എന്നാണ് പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്- പോരാത്തതിന് പത്രം മനോരമയുമാണ്). ഭയങ്കര സ്വാതന്ത്ര്യം തന്നെ!

എല്ലാം പത്രത്തില്‍ കൂടി മാത്രം അറിഞ്ഞത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വഴി ഒന്ന് കറങ്ങിയാല്‍ ചിലപ്പോള്‍ ചില ഗോസിപ്പും കിട്ടിയേക്കും. പത്രവാര്‍ത്തയാണോ പശുസിപ്പാണോ കൂടുതല്‍ വിശ്വാസയോഗ്യം എന്നതാണ് ഇപ്പോഴത്തെ ഉലുവാപ്രേക്ഷ.

എന്തായാലും ഡോ. ഗംഗന്‍ പ്രതാപ് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ പറ്റാതെയാണ് വി.സി. സ്ഥാനം രാജിവെക്കുന്നതെങ്കില്‍ അദ്ദേഹത്തെ അതുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ആ ബാഹ്യങ്ങളെപ്പറ്റിയും നമുക്കൊക്കെ അറിയാന്‍ അവകാശമില്ലേ? നമുക്ക് പിന്നെ ഇതൊക്കെ മതി എന്നുള്ളതുകൊണ്ട് ഇനിയും ആരെങ്കിലും വരും, പോകും. ബാഹ്യന്മാരുടെ താളത്തിനൊത്ത് തുള്ളുന്നവരാണെങ്കില്‍ ടേം പൂര്‍ത്തിയാക്കും. എങ്കില്‍ പിന്നെ ഈ ബാഹ്യന്മാരുടെ നേതാവ് തന്നെ അങ്ങ് വി.സി ആയാല്‍ പോരേ? ഇതിപ്പോള്‍ പി.എസ്.സി ടെസ്റ്റിന് വീസിയാര് എന്ന ചോദ്യത്തിന് നേരാംവണ്ണം ഒരു ഉത്തരം പോലും മനഃസമാധാനത്തോടെ എഴുതാന്‍ പറ്റില്ല എന്ന് വന്നാല്‍...

കഷ്ടം!

Labels: , , , , , ,

6 Comments:

 1. At Sat Feb 21, 12:32:00 PM 2009, Blogger Sands | കരിങ്കല്ല് said...

  .

   
 2. At Sat Feb 21, 01:03:00 PM 2009, Blogger സി. കെ. ബാബു said...

  കേരളമെന്നു് കേട്ടാല്‍ ഒലിക്കണമെന്നോ ഭാരതമെന്നു് കേട്ടാല്‍ ഒലിപ്പിക്കണമെന്നോ മറ്റോ പാടി ആനന്ദകുഞ്ചു ആവുക!

   
 3. At Sat Feb 21, 01:28:00 PM 2009, Blogger വക്കാരിമഷ്‌ടാ said...

  കേരള കൌമുദി ഒരു നിസ്സംഗതാ വാര്‍ത്തയായിട്ടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വന്ന് വന്ന് ബാഹ്യസമ്മര്‍ദ്ദനങ്ങള്‍ മനോരമ-മാതൃഭൂമികളുടെ മസാലചിന്തയാവുമോ?

   
 4. At Sat Feb 21, 02:02:00 PM 2009, Blogger സി. കെ. ബാബു said...

  ധര്‍മ്മം കൊടുക്കുന്ന കാശിനു് പെഴ്സിന്റെ മണമേ ഉണ്ടാവൂ. പത്രധര്‍മ്മമായാലും അക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. മലയാളമനോരോഗമമഃ ഓണ്‍ലൈനില്‍ കൊടുത്തിട്ടുള്ള ഈ വാര്‍ത്തയുടെ മൂലാധാരത്തില്‍ കുണ്ഡലിനിപോലെ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തില്‍ “ചോദ്യാധിചോദ്യമായ” ഒരു ചോദ്യമുണ്ടു്: “നിങ്ങള്‍ പ്രേമവിവാഹം ഇഷ്ടപ്പെടുന്നുണ്ടോ?” അതാണു് മൂലചോദ്യം! അതാണു് സകല ശാരീരികരന്ധ്രങ്ങളേയും വിജൃഭിതമാക്കി വഴുവഴുതിച്ചു് ചാക്കിലെത്തിക്കുന്ന മനോരമണീയമസാലക്കൂട്ടു്!

   
 5. At Sat Feb 21, 02:39:00 PM 2009, Blogger paarppidam said...

  ഇന്നു വിപണനത്തിനുള്ള പുത്തൻ വഴികൾ നോക്കുകയല്ലേ?

  പ്രേമം വിറ്റും പീഠനം വിറ്റും എണ്ണം വർദ്ധിപ്പിക്കുന്നതിലാണ്‌ പലർക്കും താൽപര്യം.അതിനിടയിൽ പ്രധാനവാർത്തകൾ പലതും അപ്രധാനം ആകുന്നു.............

   
 6. At Sat Feb 21, 09:42:00 PM 2009, Blogger Manoj മനോജ് said...

  കേരളാ കൌമുദിക്കാരുടെ വാര്‍ത്ത അനുസരിച്ച് (http://www.keralakaumudi.com/news/print/feb21/page9.pdf) ഇന്ത്യയിലെ പ്രസ്റ്റീജ് പദവികളിലൊന്നായ NISCAIRന്റെ ഡയറക്ടര്‍ പദവി സ്വീകരിക്കുവാനാണ് ഡോ. പ്രതാപന്‍ വി.സി. പദവി രാജി വെച്ചിരിക്കുന്നത്.

  ഒരു സര്‍വ്വകലാശാലയുടെ വി.സി.യാകുക എന്നത് അതിനെ അടുത്തറിയുന്നവര്‍ ഏറ്റവും ഒടുവിലത്തെ ഓപ്ഷനായേ കൊടുക്കൂ. ഉദാ: കേരള വി.സി.യാകുവാന്‍ പുറത്ത് നിന്ന് കേമന്‍(മി)കളെ ക്ഷണിച്ചെങ്കിലും ആരും അത് ഏറ്റെടുത്തില്ല.

  സര്‍വ്വകലാശാലയെന്നത് പഠിതാക്കള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഇന്ന് ആരെങ്കിലും അംഗീകരിക്കുമോ? ഇന്ന് സര്‍വ്വകലാശാലകള്‍ ജീവനക്കാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും മേയാനുള്ള സ്ഥലമാണ്. ഇവരെ മേയ്ക്കുവാനുള്ള കഴിവ് പലപ്പോഴും അക്കാഡമിക്ക്സിലുള്ളവര്‍ക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. അതു കൊണ്ട് തന്നെ ജാതി, പാര്‍ട്ടി എന്നിവയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വി.സി.മാര്‍ വരുന്നത്.

  ഒരു ഐ.എ.എസ്സ്.കാരനെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ 5 കൊല്ലം വി.സി.യായിരിക്കുവാന്‍ ആരെങ്കിലും അനുവദിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതി ഇന്നത്തെ സര്‍വ്വകലാശാലകളിലെ ബാക്ക് സ്റ്റേജ് പ്രവര്‍ത്തനങ്ങളുടെ ശക്തി അറിയാന്‍.

  അപ്പോള്‍ വി.സി.മാരായിരിക്കുന്നവര്‍ മറ്റേതെങ്കിലും “ഡീസന്റ്” പദവി കിട്ടിയാല്‍ അങ്ങോട്ടേയ്ക്ക് പോകും. സ്വാഭാവികം.

  പിന്നെ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വ്വകലാശാലയിലും വി.സി.മാരാകുന്നവര്‍ക്ക് “സ്ട്രോങ്ങ്” “ഗോഡ്ഫാദേര്‍സ്” കാണും. അതില്ലാത്തവര്‍ ഒരിക്കലും മറ്റ് മേഖലയിലെ പോലെ തന്നെ ഉയര്‍ന്ന ഒരു സ്ഥാനത്തും എത്തിച്ചേരില്ല. ഇന്ത്യയയെ എന്തിന് പറയുന്നു ലോകത്തെല്ലായിടത്തും “പൊളിറ്റിക്സ്”/“കോക്കസ്സ്” (രാഷ്ട്രീയമല്ല) തന്നെ. ഏതെങ്കിലും കോക്കസ്സില്‍ ചേര്‍ന്നില്ലെങ്കില്‍ നിലനില്‍പ്പില്ല (അല്ലെങ്കില്‍ പിന്നെ എക്സ്ട്രാ ടാലന്റഡും, മഹാ ഭാഗ്യവും വേണം). ഒരു ഭാഗത്ത് ചേര്‍ന്നാലോ മറ്റിടങ്ങളില്‍ നിന്നുമുള്ള “പാരകളെ” അതിജീവിക്കുകയും വേണം.

   

Post a Comment

Links to this post:

Create a Link

<< Home