മനോരമയുടെ പവറും ബോര്‍ഡിന്റെ കട്ടും
മോഡിയല്ലേ എന്തും പറയാം, നല്ലപോലെ മസാലയവുമാവാം എന്ന് വിചാരിച്ച് മോഡി പറയാത്ത കാര്യങ്ങള്‍ കൂടി മോഡി പറഞ്ഞു എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങിനെ നാലഞ്ച് കാര്യങ്ങളാവുമ്പോള്‍ മോഡി തന്നെ ആ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്റിയടിക്കും:
“കണ്ടോ കണ്ടോ എന്നെപ്പറ്റി ഇല്ലാത്തത് തന്നെയല്ലേ ഈ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നാ ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്...”
ജനം വിശ്വസിക്കും. സിന്‍ഡിക്കേറ്റ് തന്നെ.
അവസാനം ചിരിക്കുന്നത് ആരായിരിക്കും? മോഡി തന്നെ.
-------------------------------------------------------------------------------
കോടിയേരിക്കെതിരെ നല്ല രണ്ട് ആരോപണങ്ങള്‍ വരട്ടെ എന്ന് കരുതി കണ്ണിലെണ്ണെയുമൊഴിച്ച് കാത്ത്‌കാത്തിരിക്കുമ്പോളതാ കോടിയേരിക്കെതിരെ നല്ല ഒന്നാന്തരമാരോപണങ്ങള്‍:
“ഭദ്രാനന്ദന്‍ കോടിയേരിയെ ബാലേട്ടാ എന്ന് വിളിച്ചു”
“കോടിയേരിയുടെ മകന്റെ കല്ല്യാണത്തിന് തോക്കുസ്വാമിയെത്തി”
“ബിനീഷ് കൊടിയേരി സന്തോഷ് മാധവന്റെ കാറില്‍ കയറി”
എന്നാല്‍ ഇതൊന്നുമൊട്ട് തെളിയിക്കുകയുമില്ല. വെറുതെ മനുഷ്യനെ ഡെസ്പാക്കി ബീപ്പീ കൂട്ടി.
ആരെങ്കിലും എന്നെ ബാലേട്ടാ എന്ന് വിളിച്ചാല്‍ ഞാനെന്ത് ചെയ്യാനാണ് എന്ന് കോടിയേരിയും, നാട്ടില്‍ ഏതെങ്കിലും കാക്കയ്ക്ക് വയറ്റിളക്കം വന്നാലും അതിന് പിന്നില്‍ ബിനീഷ് കോടിയേരിയാണെന്നാണ് ഇപ്പോള്‍ സംസാരം എന്ന് ബിനീഷ് കോടിയേരിയും പറഞ്ഞാല്‍ ജനം ചോദിക്കും:
“ശരിയല്ലേ...?”
അവസാനം നല്ല ഒന്നാന്തരമൊരു ആരോപണം വന്നാലും മാധ്യമ സിന്‍ഡിക്കേറ്റിന് കോടിയേരിക്ക് ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടം പോലെ ഉദാഹരണങ്ങളും ഉദാഗുണനങ്ങളും.
അവസാനം ചിരിക്കുന്നത് ആരായിരിക്കും? കോടിയേരി തന്നെ.
---------------------------------------------------------------------------------
കാര്യം, മനോരമയും ഞാനും കറതീര്‍ന്ന “ഇടതുപക്ഷസഹാനുഭൂതമനുഷ്യത്വസമത്വസാഹോദര്യമതേതരത്വ“ വിരുദ്ധരാണെങ്കിലും, കത്തോലിക്കാ സഭയ്ക്ക് വേണ്ടിയോ മറ്റോ തുടങ്ങിയ ദീപിക ഇടക്കാലത്ത് “മാണിക”യായി, മാണി ചിരിച്ചു, മാണി കുളിച്ചു, മാണി കഴിച്ചു, മാണി ഇരുന്നു, കിടന്നു എന്നൊക്കെയായി അവസാനം മാണിസാറിന്റെ ഉള്ള വെയിറ്റും കൂടി കളഞ്ഞതുപോലെ (ദീപിക മാണികയായത് എന്റെ സംഭാവനയല്ല, പഠിപ്പിച്ച ഒരു അച്ചന്‍ ഒരിക്കല്‍ പറഞ്ഞതാണ്) എന്തിനും ഏതിനും മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെയും മന്ത്രിയുടെയും പുറകെ പോയി ആട്‌സിനെ പട്‌സിയാക്കാന്‍ നോക്കിയാല്‍ അവസാനം പറയുന്നതൊന്നും ജനം വിശ്വസിക്കില്ല; സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ജനം ചോദിക്കാനും തുടങ്ങും.
സംഗതി പവര്‍ കട്ട്. ലൊക്കേഷന്‍ മുഖ്യമന്ത്രിയുടെ വസതി. ഏഴരയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടിലും കറണ്ട് പോകുന്നുണ്ടോ എന്നറിയാന്‍ അഞ്ച് മണിക്ക് തന്നെ മനോരമ ലേഖകര്‍ മഫ്തിയില്‍ റോഡിനു മുന്നിലൂടെ നടക്കാന്‍ തുടങ്ങി...
സമയം ആറരയായി... ആകാശം പതുക്കെ രോമാവ്രതമായി, പിന്നെ മേഖാവൃതമായി, ആകെ വൃത്തികേടായി...
വൈദ്യുതിവിളക്കുകള്‍ ആഞ്ഞ് തെളിഞ്ഞു...
മനോരമ ലേഖകര്‍ മഫ്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലത്താന്‍ തുടങ്ങി...
അവര്‍ പരസ്പരം നോക്കി... കണ്ണുകള്‍കൊണ്ട് സൈറ്റടിച്ചു, കാലുകള്‍ കൊണ്ട് ചേന വരച്ചു...
സമയം ഏഴ്... എങ്ങും നിശ്ശബ്ദത... ചീവീടിന്റെ ശബ്ദമൊഴിച്ച് ബാക്കിയെല്ലാം കേള്‍ക്കാം...
“ശൂശൂശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്...” തട്ടുകടക്കാരന്‍ ആദ്യത്തെ ദോശയ്ക്ക് മാവിട്ടു...
കല്ലിന്റെ ചൂടേറ്റ് മാവ് പുളകം കൊണ്ടു, നാണിച്ച് തല താഴ്ത്തി, പിന്നെ എന്തോ ഓര്‍ത്ത് നിര്‍വ്വികാരനായി... അപ്പോള്‍ കടക്കാരന്‍ ദോശ മറിച്ചിട്ടു.
ദോശ കഴിക്കണോ? മനോരമ ലേഖകന്‍ അഗാധമായ ചിന്തയിലാണ്ടു. വേണ്ട. ജോലി ഫസ്റ്റ്. വര്‍ക്കീസ് വര്‍ഷോപ്പ് (കഃട് പൈ ബ്രദേഴ്സ്).
സമയം ഏഴ് ഇരുപത്... നാല് സ്കോഡ അങ്ങോട്ടുപോയി. ലേഖകന്‍ ഒരു സോഡ കുടിച്ചു.
ഏഴ് ഇരുപത്തഞ്ച്... ലേഖകന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ക്യാമറമാന്റെ കൈ വിറച്ചു...
ഏഴ് ഇരുപത്താറ്...
അതാ ഇരുട്ടിന്റെ മറപറ്റി ഒരു മഹീന്ദ്രാ ജീപ്പ്...
അശ്വാരൂഢരായ രണ്ട് പേര്‍ ആ ജീപ്പില്‍ നിന്നും ചാടിയിറങ്ങി. ഉറയില്‍നിന്നും വാള്‍ വലിച്ചൂരി അവര്‍ തുടരെത്തുടരെ വെടിയൊന്നും വെച്ചില്ല. പമ്മിപ്പമ്മി മുഖ്യമന്ത്രിയുടെ വീടിന്റെ മുന്നിലെ പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി.
മനോരമ ലേഖകരുടെ നെഞ്ചിടിക്കുന്നത് തട്ടുകടയില്‍ പുട്ടിന് അരിയിടിക്കുന്നതിലും ഉച്ചത്തിലായി. വിറയാര്‍ന്ന കൈകകളോടെ കൈമറാമാന്‍ കൈമറ കൈയ്യിലെടുത്തു-നിശ്ചല്‍
ബോര്‍ഡുകാരിലൊരുവന്‍ പയ്യെപ്പയ്യെ അസാമാന്യ മെയ്‌വഴക്കത്തോടെ ഒരു പൂച്ചയെപ്പോലെ പോസ്റ്റില്‍ വലിഞ്ഞുകയറി. അപരന്‍ പട്ടി മുള്ളാന്‍ നില്‍ക്കുന്നതുപോലെ പോസ്റ്റിനു കീഴില്‍...
മനോരമ ലേഖകന്റെ നെഞ്ചിടിപ്പ് ഗിന്നസ്സ് റിക്കാഡും മറികടന്നു. കൈമറമാമന്റെ കൈവിറയുടെ ഫ്രീക്വന്‍സി മനുഷ്യന് മെഷര്‍ ചെയ്യാവുന്നതിലുമ്മപ്പുറമായി കണ്ടാല്‍ ട്രൈപ്പോഡില്‍ കൈമറ വെച്ചിരിക്കുന്നതുപോലെ സ്റ്റെഡിയായതുപോലെയായി.
ബോര്‍ഡര്‍ പോസ്റ്റിനു മുകളിലെത്തി...അപരന്‍ പഴയ പോസില്‍ തന്നെ പോസ്റ്റിനു കീഴില്‍...
ഒന്ന്...
രണ്ട്...
രണ്ടേകാല്‍...
മൂന്നേമുക്കാല്‍...
സമയം കൃത്യം ഏഴ് മുപ്പത്
അതാ ബോര്‍ഡര്‍ ഒരു വയറൂരി വേറൊരിടത്ത് കുത്തുന്നു. ഒരു നിമിഷം...സമീപത്തെ കറന്റെല്ലാം പോയി. പവര്‍ കട്ടായി എന്നറിയിച്ച് പൂവന്‍ കോഴിയെല്ലാം ഓലിയിട്ടു. പട്ടി കൂകി...
അത്‌ഭുതം... അത്യത്‌ഭുതം...
മുഖ്യന്റെ വീട് ദീപപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നു. മനോരമ ലേഖകനും കൈമറാമാനും ആ കുളിസീന്‍ കണ്ട് ചമ്മിയടിച്ച് നില്‍ക്കുന്നു.
അടുത്ത ദിവസം മനോരമ പത്രത്തില്‍ വാര്‍ത്ത:
“പവര്‍കട്ട് സമയത്തും മുഖ്യന്റെ വീട്ടില്‍ ദീപപ്രഭാകരവര്‍മ്മ ഏഴരതൊട്ട് എട്ടര വരെ. സമീപത്തെല്ലാം പവര്‍കട്ട് കാരണം അന്ധകാരനഴി”
പുറകെ തന്നെ ബോഡിന്റെ തിരുത്ത്:
“പച്ചക്കള്ളം. എട്ടര മുതല്‍ ഒന്‍പത് വരെ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലത്തെ കട്ടുണ്ടായിരുന്നു മുഖ്യന്റെ വീട്ടില്‍. പതിവുപോലുള്ള മാധ്യമ സിണ്ടിക്കേറ്റ്”
അതിനും പുറകെ മനോരമയുടെ വിശദീകരണം:
“ഏഴരയ്ക്ക് മനോരമക്കാര്‍ ഫോട്ടോയും പിടിച്ച് പോയെന്ന് മനസ്സിലാക്കിയ ബോര്‍ഡണ്ണന്മാര്‍ എട്ടര തൊട്ട് ഒമ്പത് വരെ മുഖ്യന്റെ വീട്ടില്‍ പവറ് കട്ടി മുഖം രക്ഷിച്ചതല്ലേ. അല്ലെങ്കില്‍ ഇത് ഒരു വന്‍ സംഭവം ആവില്ലായിരുന്നോ”
കൈരളി മുതലെടുത്തു:
“കള്ളവാര്‍ത്ത മനോരമ വിഴുങ്ങി”
---------------------------------------------------------------------------------
ഇനി കാര്യത്തിലേക്ക്:
ഇസഡ് കാറ്റഗറി സുരക്ഷയോ മറ്റോ ഉള്ള ആളാണ് കേരളാ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സുരക്ഷയുടെ അഭിവാജ്യ ഘടകമാണ് ഉപ്‌സ് അഥവാ അണ്‍ഇന്ററപ്‌റ്റഡ് പവര്‍ സപ്ലൈ. സോഷ്യലിസമോ മാര്‍ക്സിസമോ കാണിക്കേണ്ട അവസരമല്ല അത്. അതീവ സുരക്ഷ വേണ്ട ഒരാളുടെ വീട്ടില്‍ ആ സുരക്ഷയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ നോക്കേണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലും പവര്‍കട്ടാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷ ആ സമയത്ത് എങ്ങിനെ ഉറപ്പിക്കും എന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. അതാണ് ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്‍ത്തനം എന്നാണ് എന്റെ അഭിപ്രായം. അതിനു പകരം മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടുണ്ടോ, ഇല്ലെങ്കില്‍ അതൊന്ന് സെന്‍സേഷനിച്ചേക്കാം എന്ന് കരുതി ക്യാമറയും നോട്പാഡുമായി ലേഖകരെ അയക്കുന്നതല്ല എന്റെ അഭിപ്രായത്തില്‍ പത്രധര്‍മ്മം. ആ പവര്‍കട്ട് മുതലെടുത്ത് ആരെങ്കിലും അദ്ദേഹത്തിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തിയിരുന്നെങ്കില്‍ മനോരമയുടെ അടുത്ത ദിവസത്തെ ചോദ്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെ കട്ടില്‍ നിന്നും ഒഴിവാക്കിയില്ല എന്നതാവുമായിരുന്നു.
പക്ഷേ ഇതിന് മനോരമയെയാണോ കുറ്റപ്പെടുത്തേണ്ടത്? അല്ലേയല്ല. അവര്‍ കാലാകാലങ്ങളായുള്ള അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. പക്ഷേ ഇതില്‍ ചീത്ത പറയേണ്ടത് മനോരമക്കാരെ കണ്ടപ്പോഴേ വെപ്രാളപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടേര്‍പ്പെടുത്തിയ ബോര്‍ഡിനെയാണ്. മനോരമ മുഖ്യമന്ത്രിയുടെ വീട്ടില്‍ കട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളും മറ്റും വിശദീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നില്ല എന്ന് പറയുകയും ഇത്തരം കാര്യങ്ങള്‍ വരെ സെന്‍സേഷനാക്കേണ്ട ഗതികേടായോ മനോരമയ്ക്ക് എന്ന് തിരിച്ചൊന്ന് ചോദിക്കുകയും ചെയ്യാനുള്ള ധൈര്യം കാണിക്കുകയായിരുന്നു ബോര്‍ഡ് ചെയ്യേണ്ടിയിരുന്നത് (വലിയ രണ്ട് ഫോട്ടോയും വലിയൊരു തലക്കെട്ടും നാലുകോളം വാര്‍ത്തയുമാണ് മനോരമ ഇതിനായി ചിലവഴിച്ചത്). കാര്യം കാര്യം പോലെ പറഞ്ഞാല്‍ മനസ്സിലാകാനുള്ള വിവരമൊക്കെ മലയാളിക്കുണ്ട്. അതിനു പകരം മനോരമക്കാരെ കണ്ടപ്പോഴേ ബോര്‍ഡിന് വെപ്രാളമായി.
ഇതിനിടയ്ക്ക് കൈരളി പതിവുപോലെ മനോരമയ്ക്കിട്ടൊന്ന് കുത്തി ആത്മനിര്‍വൃതിയുമടഞ്ഞു. ഫോക്കസ് മനോരമയിലേക്കായപ്പോള്‍ അതീവ സുരക്ഷ വേണ്ട മുഖ്യമന്ത്രിയുടെ വീട്ടില്‍ അരമണിക്കൂര്‍ കറണ്ട് പോയാലത്തെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റിയൊന്നും ഓര്‍ക്കാതെ ഏഴര തൊട്ട് എട്ട് വരെയല്ലെങ്കിലും എട്ടര തൊട്ട് ഒന്‍പത് വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തുക വഴി മനോരമ പറഞ്ഞത് നുണയാണെന്ന് പറയാനേ കൈരളിക്ക് പറ്റിയുള്ളൂ.
ഇനി മുഖ്യമന്ത്രിക്കെന്തിനാണ് അരമണിക്കൂര്‍ കറണ്ട് പോലും പോകാന്‍ പാടില്ലാത്തത്ര സുരക്ഷ എന്ന് ചോദിച്ചാല്‍ അത് ഇഷ്യു വേറെ.
(ഇതിനിടയ്ക്ക് വൈദ്യുതിമന്ത്രി ശ്രീ ബാലന്റെ വീട്ടിലും ദീപപ്രഭാക്കുളിസീന്‍ കണ്ടിരുന്നു. പാവം ബാലനെന്തിനാണ് സുരക്ഷയും വെളിച്ചവും എന്നത് ഒരു ചോദ്യം തന്നെയാണ്)
Labels: ഇടതുപക്ഷവിരുദ്ധം, കുത്ത്, തട്ട്, ദീപപ്രഭാകരവര്‍മ്മ, മനോരമ, സെന്സേഷന്
19 Comments:
:)
ന്റെ പൊന്നു വക്കാരീ..
അക്രമം അതിക്രമം ......!!!
പോസ്റ്റാണോ പോസ്റ്റിലെ വിഷയമാണോ എന്നേക്കൊണ്ടങ്ങനെ പറയിപ്പിച്ചതെന്നു് ചോദിക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നു!
കേരളാ മുഖ്യന് അത്ര സുരക്ഷയുടെയൊന്നും ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.
ഇനി അപായപ്പെടുത്താനാണെങ്കില്‍ പവര്‍ക്കട്ട് നോക്കിയിരിക്കണോ? അപായപ്പെടുത്തുന്ന ആളിന്റെ മുഖം കാണാതിരിക്കാനോ? താരതമ്യേനെ വളരെ കുറച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് അദ്ദേഹം (അച്ചുമാമന്‍ മാത്രമല്ല, ചാണ്ടിസാറും, ആന്റപ്പനും എല്ലാം) പല പൊതുപരിപാടികളിലും പങ്കെടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
പക്ഷേ പവര്‍ക്കട്ട് മുഖ്യനില്ല എന്ന് പറയാന്‍ സുരക്ഷയും ഒന്നും ക്വോട്ട് ചെയ്യേണ്ട. കേരളത്തിന്റെ മുഖ്യനാണ്. വലിയൊരു സ്ഥാനമാണ്, അതു കൊണ്ട് തന്നെ അദ്ദേഹത്തിന് പവര്‍ക്കട്ടില്ല. അതിലിപ്പോ എന്താണ് തെറ്റ്?
മുഖ്യന് കട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സമാധാനമായി എന്നുള്ള മനോഭാവമാണ് പ്രശ്നം. കേട്ടാല്‍ തോന്നും പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നത് മന്ത്രിക്ക് സുഖമുള്ള കാര്യമാണെന്ന്.
പിന്നെ ആകെയൊരു കുറ്റം പറയാനുള്ളത്, ആണവകരാറിനെ ഇടതന്മാര്‍ എതിര്‍ക്കുന്നതാണ്. ഭാവിയില്‍ കട്ട് ഒഴിവാക്കാന്‍ ആണവം തന്നെ രക്ഷ. അത് മനസ്സിലാക്കിയിരുന്നെങ്കില്‍ സ്ഥിതി നന്നായേനെ.
മൂന്നും രണ്ടും രണ്ടും, മൂന്നും രണ്ടും രണ്ടും കോളം വാര്‍ത്തകള്‍
ഇടതിനു തെറിയൊരാറുഗണം, മസാലയെല്ലാത്തിലുമൊന്നുപോല്‍
വളച്ചൊടിക്കലൊന്നെങ്കിലും വേണം, മറക്കാതോരോ വരിയിലും
ഭരണം പോയ ചാണ്ടിക്കൊരാശ്രയമിത് മനോരമയാം.
ഹഹഹ.. പത്രധര്‍മ്മത്തിന്റെ മര്‍മ്മത്തിട്ട് വക്കാരി വക ഒരു കുത്ത്...
he he
(മലയാള)മനോരമയ്ക്ക് മനോരോഗം എന്നുകൂടി അര്‍ഥമുണ്ടെന്നറിയില്ലേ! :)
വായനയുടെ ഒഴുക്കിന് തടസ്സമാവാത്ത നല്ല എഴുത്ത്. അഭിവാദ്യങ്ങള്‍
മന്ത്രിമാരുടെ ചായ കുടി ഫോണ്‍ വിളി കണക്കുകള്‍ ഓരോ നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴും ബോക്സ് വാര്‍ത്തയാക്കുന്നത് ഇതിന്റെ മറ്റൊരു മുഖം.
വക്കരീ... ഒരു പരിസ്തിതി പ്രശ്നവുമായി ബന്ധപ്പെട്ട് ജപ്പാനി ഒരു ചെറിയ ബാനര്‍ ഉയര്‍ത്താന്‍ തയ്യാറാകാന്‍ സാധ്യതയുള്ള ഏതെങ്കിലും ഗ്രൂപ്പുമായി ബന്ധമുണ്ടോ? അവിടെ നിന്നു പോന്നു എന്നറിയാം...എന്നാലും പരിചയങ്ങള്‍ ബക്കിയുണ്ടെകില്‍ അറിയിക്കുമോ? പെട്ടന്ന് വേണ്ട ഒരു ആവശ്യത്തിനാണ്. കഴിയുമെങ്കില്‍ സഹായിക്കുക.
:-)))
ശരിക്കും "മലയാള ചൊറിയോരമ" അല്ലേ?
ഇഞ്ചി, കരിങ്ക്സ്, അര്‍മന്ദ്, മ്യാരീച്, വാല്‍സ്, ബാബൂ കല്ല്യാണ്‍ സില്‍ക്‍സ്, അനോണി, നിത്യന്‍, യാരോള്‍, അനോണി, ഉപാസന, സഹൃദയന്‍, നന്ദി.
അര്‍മന്ദ്, സുരക്ഷ വേണോ വേണ്ടയോ എന്നത് ഒരു കാര്യം. പക്ഷേ സുരക്ഷ ഏര്‍പ്പെടുത്തിയെങ്കില്‍ സുരക്ഷാ മാനദണ്ഡനങ്ങളൊക്കെ പാലിക്കുന്നുണ്ടോ എന്നും നോക്കേണ്ടേ. സുരക്ഷയല്ലെങ്കില്‍ തന്നെ അരവിന്ദ് പറഞ്ഞതുപോലെ ആ പദവിയുടെ പ്രാധാന്യം കണക്കിലെടുത്തായാലും മതി. പക്ഷേ ബോര്‍ഡിന് പേടി പദവിയെക്കാളും മനോരമയെയാണ്. മനോരമയ്ക്ക് വേണ്ടതും അതു തന്നെ. വൈദ്യന് കല്‍പിക്കാന്‍ രോഗി ഇച്ഛിക്കുക പോലും വേണ്ടെന്നായി :)
രണ്ടാമനോണി. ജപ്പാനുമായി അത്ര വലിയ കോണ്ടാക്ട്സ് ഒന്നുമിപ്പോഴില്ല. താങ്കളുടെ ആവശ്യം ഒന്ന് വ്യക്തമാക്കാമോ. എന്നാലാവുന്ന സഹായങ്ങള്‍ പറ്റുന്നതാണെങ്കില്‍ തീര്‍ച്ചയായും ചെയ്യാം (പരിസ്ഥിതി-അത്യാവശ്യം ഇവ ബന്ധപ്പെടുത്തി എന്റെ ഊഹം ശരിയാണെങ്കില്‍ അതിന്റെ സമയം കഴിഞ്ഞോ എന്നും സംശയം. നെറ്റില്‍ ഫ്രീക്വന്റല്ലാത്തതിനാല്‍ വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് ചെയ്യാന്‍ പറ്റുന്നില്ല. ക്ഷമിക്കുമല്ലോ).
വിരോധമില്ലെങ്കില്‍ ഇ-മെയില്‍ ഐഡി തരാമോ? ഭോപ്പാല്‍ ദുരന്ത ബാധിതര്‍ക്കു വേണ്ടിയാണ്. മറ്റ് വിശദാംശങ്ങള്‍ തുറന്ന് എഴുതരുതു എന്നാണ് തീരുമാനം. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ രണ്ട് മൂന്ന് ദിവസത്തിനകം വേണ്ടിവരും. എന്‍റെ ഇ-മെയില്‍ anonianomni@gmail.com
:-)
sorry... a mistake...
anonianomani@gmail.com
വക്കാരി... ഇതൊരു പഴയ പരിചയക്കാരനാണ്. ഒരു സഹായം ചോദിക്കാനാണ് ഈ കമന്‍റ്.
ഭോപ്പാല്‍ ദുരിതബാധിതര്‍ വളരെ കാലമായി നഷ്ടപരിഹാരത്തിനും വിഷ പങ്കിലമായ അവരുടെ പരിസ്തിതി ശുചീകരിക്കുന്നതിലേക്കുമായി ദല്‍ഹിയിലും മറ്റുമായി വളരെകാലമായി സമരത്തിലാണ്. എന്നാല്‍ അനുകമ്പ രേഖപ്പെടുത്തുന്നതില്‍ കൂടുതല്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഈയിടെ DOW കെമിക്കല്‍സ് Union Carbide നെ ഏറ്റെടുത്തതിനു ശേഷം ഇന്ത്യയി സംരംഭങ്ങളുമായി വന്നപ്പോഴും ഇക്കാര്യത്തില്‍ എന്തെക്കിലും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഈ വര്‍ഷം 37 ദിവസങ്ങളിലായി 800 കി. മി. യോളം യ്യാത്രചെയ്ത് ദുരന്ദ ബാധിതര്‍ ഡല്‍ഹിയില്‍ എത്തുകയും ജന്തര്‍ മന്തറിന് സമീപം വഴിയോരത്ത് അനിശ്ചിതകാല ധ്ര്ണയില്‍ ഏര്‍പ്പെടുകയും ചെയ്തു. പൊതുജീവിതത്തെ ശല്യപ്പെടുത്തുന്നു എന്നാരോപിച്ച് ഭൂരിഭാഗം സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പത്തു ദിവസത്തോളം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. തടവില്‍വെച്ച് ഇവരെ ശാരീരികമായി പീഢിപ്പിക്കുകയും പലരെയും ആശുപത്രിയി പ്രവേശിപ്പിക്കേണ്ടതായും വന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് പലവ്യക്തികളും ഫോണ്‍ മുഖേന ഈ അക്രമത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പ്രതിഷേധം വ്യാപകമായി അറീയിക്കാതുടങ്ങിയതോടുക്കൂടിയാണ് അവര്‍ മോചിപ്പിക്കപ്പെട്ടതു. ഇത്രയും കാര്യങ്ങള്‍ ജൂണ്‍ 9 ഓടുകൂടിയാണ് സംഭവിക്കുന്നത്. ജൂണ്‍ 10 ഓടുകൂടി ജന്തര്‍ മന്തറിന് സമീപം വഴിയോരത്ത് അനിശ്ചിതകാല നിരാഹാര സമരം ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ചു. പ്രധാന മന്ത്രി ഇക്കാര്യങ്ങളില്‍ എല്ലാം തന്നെ വളരെ നിരുത്തരവാദ പരമായ നിലപാടുകള്‍ ആണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയപൂര്‍വ്വമായ ഒരു സമീപനം ആവശ്യപ്പെട്ട് ദ്ല്ഹിയിലെയും മറ്റ് വന്‍ നഗരങ്ങളിലെയും വിദ്ധ്യാര്‍ത്ഥികള്‍ പ്രധാന മന്ത്രിക്ക് കത്തെഴുതുകയുണ്ടായി. ജൂണ്‍ 10 ഓടുകൂടി ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഇപ്പോഴും തുടരുന്നു.
കുറച്ചുകാലം മുമ്പ് (ഈ സംഭവങ്ങള്‍ക്കും മുമ്പ് ) വിവിധ IIT കളിലെ അധ്യാപക വിദ്ധ്യാര്‍ത്ഥി കൂട്ടുകെട്ട് DOW നെ ബഹിഷ്കരിച്ചതും അവരുടെ ധനസഹായം വിദ്യാഭ്യാസ, ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കില്ല എന്നുതീരുമാനിച്ചതുമാണ് ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ പ്രതിഷേധം എന്നുതോന്നുന്നു.
ഇപ്പോള്‍ ജപ്പാനില്‍ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയോട് പ്രശ്നത്തില്‍ ഉത്തരവദപൂറ്ണ്ണമായ ഒരു നിലപാടുസ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സമാധാനപരമായ ഒരു പ്രതിഷേധ ബാനര്‍ ഉയര്‍ത്തുവാന്‍ തയ്യാറുണ്ടാകാവുന്ന ഏതെങ്കിലും ഗ്രൂപ്പുമായി പരിചയമുണ്ടോ? ഏതെങ്കിലും തരത്തില്‍ അവിടുള്ള ലോക്കല്‍ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധ്പ്പെടാനാവുമെങ്കില്‍ അറിയിക്കാമോ? സമയം അതിക്രമിച്ചതിനാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ വളരെ പെട്ടന്ന് വേണ്ടിയിരിക്കുന്നു!
വക്കാരിമഷ്‌ടാ,
കൊള്ളാമിഷ്ട. ഇഷ്ടപ്പെട്ടു. ഇതു മാത്രമല്ലാ ഇതിനു മുന്‍പത്തെ സാമൂഹ്യപാഠവും.
ഈ നാട്ടിലെ പാവം ജനങ്ങള്‍ ഇരുട്ടിലും മുഖ്യന്‍ അല്ലാതെയും കഴിയട്ടെ എന്നാണോ വക്കാരി ?
z- കാറ്റഗറി സുരക്ഷ ഉണ്ടെങ്കില്‍ മുഖ്യന് കറന്റ് കട്ടില്ല എന്ന് പബ്ലിക് ആയി പറയണം
അല്ലാതെ ഈ തിരുതിന്റെ അവശ്യം എന്താ?
<
പുറകെ തന്നെ ബോഡിന്റെ തിരുത്ത്:
“പച്ചക്കള്ളം. എട്ടര മുതല്‍ ഒന്‍പത് വരെ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലത്തെ കട്ടുണ്ടായിരുന്നു മുഖ്യന്റെ വീട്ടില്‍. പതിവുപോലുള്ള മാധ്യമ സിണ്ടിക്കേറ്റ്”
>
ഹജിമേ മാഷിതെ
post wa chotho ee desu:)
Post a Comment
<< Home