Monday, June 23, 2008

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തെപ്പറ്റി എന്റേതായ ഒരു അവലോകനം. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ വിദ്യാഭ്യാസ വിദഗ്ദനോ അല്ല. ഈ സൈറ്റില്‍ നിന്നും ഈ പുസ്തകത്തിന്റെ പേജ് 41 വരെ വായിക്കാനിടയായി. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു കുറിപ്പ്. അഭിപ്രായങ്ങള്‍ എന്റേത് മാത്രം-തികച്ചും വ്യക്തിപരം. (ഒന്ന് മനസ്സിരുത്തി ആ പാഠങ്ങള്‍ വായിക്കാന്‍ പറ്റിയില്ല. അതിന്റേതായ എല്ലാ പോരായ്മകളും ഈ അവലോകനത്തില്‍ കാണും. എനിക്ക് വായിച്ച് വന്നപ്പോള്‍ തോന്നിയത് അതേ പടി പകര്‍ത്തിയിരിക്കുന്നു).

പുസ്തകത്തിന്റെ പാഠഭാഗങ്ങളില്‍ ചിലത് ഇവിടെ

പാഠം ഒന്ന് - മണ്ണിനെ പൊന്നാക്കല്‍

പേജ് 6

എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ തന്നെ നമ്മെ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ?

ആ പേജിനോട് യോജിക്കുന്നു. കൊള്ളാം. പക്ഷേ സ്വയം പര്യാപ്‌തത എങ്ങിനെ ഭക്ഷണക്കാര്യത്തില്‍ പാലിക്കാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ല.

പേജ് 7

നെല്‍‌വയലുകള്‍ നെല്‍‌കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

ഇതിനോടും യോജിക്കുന്നു -കൊള്ളാം.

എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ?

എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.എല്ലാവര്‍ക്കും കൃഷിഭൂമിയില്ല എന്നത് വാസ്തവം. അതുകൊണ്ട് എന്താണ് നമ്മള്‍ ചെയ്യേണ്ടതെന്നും കൂടി പറയാമായിരുന്നു.

പേജ് 10

പോലീസ് സംരക്ഷണത്തോടെ നെല്ല് കടത്തിക്കൊണ്ടുപോകാന്‍ ജന്മി ശ്രമിച്ചു. നെല്ല് കടത്തുന്നതിനെതിരായി കര്‍ഷകര്‍ സംഘടിച്ചു. പോലീസിനെ ചെറുക്കാന്‍ അവര്‍ കല്ലും കവണയും ശേഖരിച്ചു.

ഇത് വളരെ സൂക്ഷിച്ച് അന്ന് നടന്ന ഒരു സംഭവമായി (ചരിത്രമായി) മാത്രം അവതരിപ്പിച്ചാല്‍ ഓക്കേ. പക്ഷേ ഇത് ഇക്കാലത്തെ പോലീസിനിട്ടടിയെയും നിയമം കൈയ്യിലെടുക്കുന്നതിനെയും ന്യായീകരിക്കാനായി ഉപയോഗിച്ചാല്‍ ഇതേ പാഠപുസ്തകത്തിനെച്ചൊല്ലി കെ.എസ്.യു ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കല്ലേറിനെയും അക്രമത്തെയും ഇതിന്റെ ആള്‍ക്കാര്‍ക്ക് പോലും ന്യായീകരിക്കാന്‍ പറ്റില്ല. ചരിത്രത്തിലെ നിയമം കൈയ്യിലെടുക്കലുകള്‍ ഏതൊരാള്‍ക്കും എപ്പോഴും എന്തിനും നിയമം കൈയ്യിലെടുക്കാനുള്ള ന്യായീകരണമാവാന്‍ പാടില്ല.ആ രീതിയില്‍ വേണമായിരുന്നു ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. നിയമം കൈയ്യിലെടുക്കുകയല്ല, ഒരു നിയമമോ രീതിയോ ശരിയല്ലെങ്കില്‍ അത് മാറ്റിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നും കൂടി കുട്ടികളെ പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.

പേജ് 12:

ഓരോ പ്രദേശത്തും ജന്മിമാരുണ്ടായിരുന്നു. നിങ്ങളുടെ പ്രദേശത്തെ ജന്മിമാര്‍ ആരെല്ലാമായിര്‍ന്നു? എങ്ങിനെ അറിയാം?

നിങ്ങളുടെ വീടിന്റെ പുരയിടത്തിന്റെ പട്ടയമോ ആധാരമോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? മുതിര്‍ന്നവരുടെ സഹായത്തോടെ അത് പരിശോധിച്ച് നിങ്ങളുടെ പ്രദേശത്തെ ജന്മിയെ കണ്ടെത്തൂ
പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആധാരത്തിന്റെ മുന്‍‌പേജ് വായിക്കൂ. ഇതില്‍ പരാമര്‍ശിക്കുന്ന ഭൂമിയുടെ ജന്മി ആരാണ്?

ജന്മി കുടിയാന്‍ കാലത്തെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അനുഭവങ്ങളുള്ള വ്യക്തികളുമായി അഭിമുഖം നടത്തിയും താഴെ സൂചിപ്പിച്ചിട്ടുള്ള പുസ്തകങ്ങളിലെ പ്രസ്തക്തഭാഗങ്ങള്‍ വായിച്ചും ജന്മിത്തകാലത്തെക്കുറിച്ചും അക്കാലത്തുനടന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കൂ.

നമ്മളൊന്ന് - ചെറുകാട്
പാട്ടബാക്കി - കെ. ദാമോദരന്‍
മണ്ണിന്റെ മാറില്‍ - ചെറുകാട്
കേരളത്തിലെ കര്‍ഷക സമരങ്ങള്‍ - കെ.കെ.എന്‍ കുറുപ്പ്
രേഖയില്ലാത്ത ചരിത്രം - ആണ്ടല്ലാട്ട് (?)

ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഒരു കുറിപ്പ് തയ്യാറാക്കൂ. കുറിപ്പില്‍ എന്തൊക്കെയാവാം?

1. കൃഷിക്കാരനും കുടുംബവും അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഏറിയ പങ്കും ജന്മി തട്ടിയെടുക്കുമായിരുന്നു
2.-------------
3.-------------
4.-------------


എന്തോ എനിക്കത്ര ദഹിച്ചില്ല ഈ പേജ്. പണ്ടത്തെ ജന്മിമാരില്‍ പലരും ഇന്ന് അന്നത്തെ കുടിയാന്മാരെക്കാളും കഷ്ടത്തിലായി. ആധുനിക ജന്മിമാരുടെ കണക്കെടുത്താല്‍ മനോരമ മാത്രമല്ല സി.പി.എമ്മും അതില്‍ വരികയും ചെയ്യും. കൈരളി.ടിവി നാട്ടിലെ ഒരു പ്രധാന ജന്മിയാണെന്നും ചില ജോലിക്കാരെയൊക്കെ അവര്‍ അവര്‍ക്കിഷ്ടമില്ലാത്തതുകൊണ്ട് പറഞ്ഞുവിട്ടു എന്നൊമൊക്കെ കുട്ടികള്‍ കണ്ടെത്തിയാല്‍ അതും അംഗീകരിക്കണം. എത്രമാത്രം പ്രായോഗികമാണ് ഈ പേജിലെ എക്സര്‍സൈസുകള്‍ എന്നും സംശയമുണ്ട്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിക്കാമായിരുന്നു എന്നൊരു തോന്നല്‍.

പേജ് 14

കേരള കാര്‍ഷികാനുബന്ധ ബില്‍ - പ്ലാനിംഗ് കമ്മീഷന്‍ മുതലായവ

ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഇന്നത്തെ സ്ഥിതിവിശേഷം- ആ ബില്‍ ഇപ്പോളും ഒരു വിജയമാണോ? തെറ്റ് പറ്റിയെങ്കില്‍ എവിടെ? എന്തുകൊണ്ട് ഇപ്പോള്‍ അരിക്ഷാമം, ഭക്ഷ്യദൌര്‍ബല്ല്യം?

സ്വന്തമായി ഭൂമിയില്ലാതിരുന്ന കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ജീവിതത്തില്‍ ഭൂമിയുടെ ഉടമസ്ഥത വലിയ മാറ്റങ്ങള്‍ വരുത്തി.

1. കൃഷിക്കാര്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചു.
2. കൃഷിക്കാര്‍ക്ക് കൃഷിഭൂമിയില്‍ നിന്നും കാര്‍ഷികാദായമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
3. ഭൂമി വാങ്ങാനും വില്‍‌ക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു.

കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചതോടുകൂടി കേരളീയ സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ പട്ടിക അടുത്ത പേജില്‍ (പേജ് 15) കൊടുത്തിട്ടുണ്ട്.

പേജ് 15 -

അവിടുത്തെ പട്ടികയില്‍ പറഞ്ഞിരിക്കുന്ന, ആയുര്‍ദൈര്‍ഘ്യത്തിന്റെയും സാക്ഷരതയുടെയും പട്ടികയും കൃഷിഭൂമി കര്‍ഷകന് ലഭിച്ചതും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല (ഇപ്രാവശ്യത്തെ മലയാളം വാരികയില്‍ ഈ പാഠഭാഗം കൂടുതലായി വിശകലനം ചെയ്തിട്ടുണ്ട്)

കേരളത്തിലെ നാണ്യവിളയുടെ വിസ്തൃതി (ഏത് കൊല്ലം? 1920 കളിലും 70 കളിലും 2008 ലും അവ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അതിന് കാരണമെന്തൊക്കെയാണ്? കര്‍ഷകന് കൃഷിഭൂമി കിട്ടിയത് ആ വ്യത്യാസത്തിന് ഒരു കാരണമാണോ? ആണെങ്കില്‍ എങ്ങിനെ? ഇക്കാര്യങ്ങളൊന്നും വ്യക്തമല്ല.

കേരളത്തില്‍ കൃഷിഭൂമിയുടെ വിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന ഒരു കുറിപ്പ് തയ്യാറാക്കാന്‍ പാഠത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പട്ടികകളും മാത്രം മതിയോ എന്നും സംശയം.

കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന സെമിനാര്‍ ക്ലാസ്സില്‍ സംഘടിപ്പിക്കുക - ഓക്കേ. എങ്കിലും അങ്ങിനെയുള്ള ഒരു സെമിനാറിനുള്ള പോയിന്റുകള്‍ ആ പാഠത്തില്‍ നിന്ന് വേണ്ടരീതിയില്‍ കിട്ടുന്നില്ല എന്ന് തോന്നുന്നു.

എന്തായാലും പേജ് 12, പേജ് 14, പേജ് 15 - എന്നീ പേജുകള്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണെന്ന് തോന്നുന്നില്ല. ഒരു പാഠപുസ്തകമോ പാഠ്യപദ്ധതിയോ ആയി ആ പേജുകള്‍ തോന്നുന്നില്ല. വളരെയധികം മോഡിഫൈ ചെയ്യേണ്ടിയിരിക്കുന്നു.

പാഠം 2 - മനുഷ്യത്വം വിളയുന്ന ഭൂമി

പേജ് 17

പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവാവിനെ ചുട്ടുകൊന്നു

പത്രവാര്‍ത്തയാണ്. സെന്‍സേഷനുണ്ടാക്കാന്‍ വേണ്ടി പത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് എത്രമാത്രം നിറങ്ങള്‍ പിടിപ്പിക്കുമെന്നും കൂടി കുട്ടികള്‍ക്ക് അവബോധമുണ്ടെങ്കില്‍ ആ പത്രവാര്‍ത്ത കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ലായിരിക്കും. കാരണം വ്യക്തിവൈരാഗ്യമോ മറ്റെന്തെങ്കിലുമോ (അവര്‍ണ്ണ-സവര്‍ണ്ണ ഇഷ്യു ആകണമെന്നില്ല) കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളും കൊലചെയ്യപ്പെട്ടത് അവര്‍ണ്ണനെന്ന് വിളിക്കപ്പെട്ടവനാണെങ്കില്‍ അത് അവര്‍ണ്ണ-സവര്‍ണ്ണ ആംഗിളില്‍ അവതരിപ്പിക്കാന്‍ പത്രക്കാര്‍ (മലയാള പത്രങ്ങള്‍ ഉള്‍പ്പടെ) മിടുക്കരാണ്. എന്തായാലും ആ പത്രവാര്‍ത്ത കൊണ്ട് കുട്ടികള്‍ക്ക് കിട്ടുന്ന സന്ദേശം ഞാനായിട്ട് ഒരാളെയും ജാതിയുടെ പേരില്‍ ഒരു രീതിയിലും ദ്രോഹിക്കില്ല എന്നോ എല്ലാവരെയും മനുഷ്യരായി കാണണം, ജാതിവിവേചനം ഒരു കാരണവശാലും പാടില്ല എന്നോ ഒക്കെയുള്ള പോസിറ്റീവ് രീതിയിലാണെങ്കില്‍ ഓക്കേ. അല്ലാതെ മുന്‍ പാഠത്തിലെ പോലെ കുട്ടി നാട്ടിലുള്ള സവര്‍ണ്ണരെ ഐഡന്റിഫൈ ചെയ്യാനും പിന്നെ അവര്‍ക്കെതിരെ (മുന്‍ പാഠത്തില്‍ കുടിയാന്മാര്‍ പോലീസിനെതിരെ കല്ലും കവണയും എടുത്തതുമായി ബന്ധിപ്പിച്ച്) കല്ലും കവണയും, അത് കിട്ടിയില്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് എടുത്ത് അവര്‍ക്കിട്ട് പെരുമാറാനുമൊക്കെയാണ് തുടങ്ങുന്നതെങ്കില്‍ ആ പത്രവാര്‍ത്ത ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നൊരു സംശയം. ആ പത്രവാര്‍ത്ത എങ്ങിനെ വ്യാഖ്യാനിക്കണമെന്നും അതില്‍ നിന്നും എന്ത് സന്ദേശമാണ് കുട്ടികള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും അതിന്റെ അടിയില്‍ തന്നെ വ്യക്തമായി എഴുതിവെക്കണമായിരുന്നു. അല്ലാതെ അത് ഓരോരുത്തരുടെയും (അദ്ധ്യാപകരുടെയും കുട്ടികളുടെയും) താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അനുവദിച്ചാല്‍ അത് പ്രശ്‌നമായേക്കാം.

അവര്‍ണ്ണ-സവര്‍ണ്ണ ചിന്ത എങ്ങിനെ ഇല്ലാതാക്കാമെന്നാണോ അവര്‍ണ്ണ-സവര്‍ണ്ണ ചിന്തയും ഡിവിഷനും എത്രമാത്രം ആളിക്കത്തിക്കാമെന്നാണോ ആ പത്രവാര്‍ത്തകൊണ്ടുള്ള പ്രയോജനമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയട്ടെ.

പേജ് 18

ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ ചൊല്ലി വളര്‍ന്ന നമ്മള്‍ എന്തൊകൊണ്ടാണ് മുകളിലത്തെ പത്രവാര്‍ത്തയില്‍ പറഞ്ഞ തരത്തില്‍ പെരുമാറുന്നത് എന്നാണ് ചോദ്യം. അത് നല്ലതാണ്. പക്ഷേ ആ പത്രവാര്‍ത്ത അതേ രീതിയില്‍ കൊടുക്കുകയും അതിന് നെഗറ്റീവായിട്ടുള്ള ഒരു വ്യാഖ്യാനം വരുകയും ചെയ്യുകയാണെങ്കിലാണ് ഞാന്‍ അതില്‍ പ്രശ്‌നം കാണുന്നത്. അങ്ങിനെ വരുകയില്ലെങ്കില്‍ പേജ് 17 നോട് എനിക്കെതിര്‍പ്പില്ല-യോജിക്കുന്നു.

പേജ് 19

ജാതിയെപ്പറ്റി/ജാതീയ വിവേചനത്തെപ്പറ്റി എന്റെ കണ്ടെത്തലുകള്‍, ക്ലാസ്സില്‍ കണ്ടെത്തിയത് മുതലായ രണ്ട് ഭാഗങ്ങള്‍ എക്സര്‍സൈസ് ആയി കുട്ടിക്ക് കൊടുത്തിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകള്‍ ജാതി ചിന്ത കുട്ടികളില്‍ ആത്യന്തികമായി ഇല്ലാതാക്കുമോ അതോ ജാതി ചിന്ത ഒന്നുകൂടി ഊട്ടിയുറപ്പിക്കുമോ എന്നറിയില്ല. ഇത്തരം കണ്ടെത്തലുകള്‍ ശരിയായ രീതിയിലാവാന്‍ പക്വതയുള്ള മാതാപിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെട്ട ഒരു സമൂഹവും വേണ്ടതല്ലേ എന്നൊരു സംശയം. എന്തായാലും ഇത്തരം “വ്യായാമങ്ങള്‍” പോസിറ്റീവായിട്ടുള്ള ഒരു മാറ്റം കുട്ടിയിലും സമൂഹത്തിലും ഉണ്ടാക്കാട്ടെ.

പേജ് 20-23

സവര്‍ണ്ണരായ ഹിന്ദുക്കളെല്ലാവരും ജാതിക്കോമരങ്ങളായിരുന്നു എന്നൊരു ധ്വനി ഈ പേജുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവണമെന്നില്ല. കാരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേളപ്പനുമൊക്കെ വൈക്കം/ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തത് വിവരിച്ചിട്ടുണ്ട്. പഴയകാല സവര്‍ണ്ണരുടെ പോക്രിത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ “സവര്‍ണ്ണ”രെ മുഴുവന്‍ ഒരേ രീതിയില്‍ നെഗറ്റീവായി കാണാന്‍ ഈ പേജുകള്‍ കുട്ടികളെ പ്രേരിപ്പിക്കില്ല എന്നാശിക്കാം. ആത്യന്തികമായി ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഈ പാഠം പഠിക്കുന്ന ഓരോ കുട്ടിയും ജീവിതത്തില്‍ കാണിക്കാതിരിക്കുകയാണെങ്കിലാണ് ഈ പാഠം വിജയമാവുന്നത്.

പേജ് 24-27

ഏതെങ്കിലും രീതിയിലുള്ള മതനിഷേധം ഈ പേജുകളില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പതിവിന് വിപരീതമായി നിരീശ്വരവാദത്തിനുകൂടി ഈ പേജുകളില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്. അത് ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ പ്രകോപിപ്പിച്ചുകൊണ്ടല്ല താനും (എന്റെ അഭിപ്രായത്തില്‍). മാത്രവുമല്ല, വിവിധ മതങ്ങളും ഒരു മതത്തിലെ തന്നെ പല വിഭാഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന രീതിയിലുള്ള എക്സര്‍സൈസുകള്‍ കുട്ടിക്ക് കൊടുത്തിട്ടുമുണ്ട്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ടവര്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാനും മറ്റും കുട്ടികളോട് പറയുന്നുമുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പോസിറ്റീവായി തോന്നിയ ഭാഗങ്ങളിലൊന്നായിട്ടാണ് പേജ് 24-27 എനിക്ക് തോന്നിയത്. ഇതേ പേജുകള്‍ ചൂണ്ടിക്കാണിച്ച് മതാധികാരികള്‍ ബഹളം വെക്കുന്നതിന്റെ കാരണം പിടികിട്ടുന്നേ ഇല്ല. ഈ പാഠത്തില്‍ അവര്‍ണ്ണ-സവര്‍ണ്ണ കാര്യങ്ങളില്‍ കുറച്ചൊക്കെ പ്രൊഫഷണലിസമില്ലായ്മ കണ്ടതായി തോന്നിയെങ്കിലും (അവ ഉദ്ദേശിച്ചതിന് വിപരീതഫലമാവുമോ ഉണ്ടാക്കുന്ന എന്ന സംശയം മൂലം) അവസാനഭാഗങ്ങള്‍ തികച്ചും നല്ല രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നുതന്നെയാണ് എന്റെ അഭിപ്രായം.

പാഠം 3 - ഇനിയും മുന്നോട്ട്

പേജ് 30

സ്വാതന്ത്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രയങ്ങള്‍ ഇഷ്ടപ്പെട്ടു. അത്തരം ചര്‍ച്ചകള്‍ ക്ലാസ്സില്‍ നടത്തുന്നത് (ഉത്തരവാദിത്വബോധമുള്ള അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തില്‍) തികച്ചും നന്നായിരിക്കും.

മാപ്പിള ലഹള യഥാര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യസമരമായിരുന്നോ എന്നതില്‍ തര്‍ക്കം നില്‍‌ക്കുന്നുണ്ട് എന്ന് തോന്നുന്നു. കൂടുതല്‍ അറിവില്ല. പുസ്തകത്തെപ്പറ്റിയുള്ള വിമര്‍ശനത്തിന്റെ മറുപടിയില്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് (വളച്ചൊടിച്ച ചരിത്രം പഠിക്കുക എന്നത് ലോകത്തിലാര്‍ക്കും ഒരു പുത്തരിയല്ലല്ലോ).

പാഠം 3ലെ പേജ് 41 വരെയേ ഇവിടെനിന്ന് കിട്ടിയുള്ളൂ. മഹാത്മാഗാന്ധിക്കും നെഹ്രുവിനും പ്രാധാന്യം കുറച്ചു എന്ന് തോന്നുന്നില്ല, അതേ സമയം ഭഗത്‌സിംഗ്, പീര്‍ മുഹമ്മദ് ഇവര്‍ക്കും സ്ഥാനം കിട്ടിയിട്ടുണ്ട് താനും (അഹിംസയ്ക്കും വിപ്ലവത്തിനും സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്). താഴ്ന്ന ക്ലാസ്സുകളില്‍ നിന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ ഇടപെടലുകള്‍ എത്രമാത്രമായിരുന്നെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രമായിരുന്നെന്നും (എന്താണ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ഈ പാഠത്തിലെ തന്നെ -പേജ് - ഭാഗങ്ങള്‍ ഓര്‍ക്കുക) കുട്ടികള്‍ ശരിയായ രീതിയില്‍ മനസ്സിലായിട്ടുണ്ടെങ്കില്‍ ഈ പാഠഭാഗത്തില്‍ എന്തെങ്കിലും കുഴപ്പം എനിക്ക് തോന്നുന്നില്ല.

ചുരുക്കം

നൂറില്‍ അറുപതോ അറുപത്തഞ്ചോ കിട്ടാവുന്ന ഒരു പാഠപുസ്തകം. വളരെയധികം മെച്ചപ്പെടുത്താമായിരുന്നു. പക്ഷേ കുട്ടികള്‍ക്ക് ധാരാളം പ്രാതിനിധ്യം ഈ പാഠപുസ്തകത്തില്‍ നിന്ന് കിട്ടുന്നുണ്ട്. അവ ശരിയായ രീതിയിലാണെങ്കില്‍, അദ്ധ്യാപകര്‍ പോസ്റ്റിറ്റീവായിട്ടാണ് എക്സര്‍സൈസുകള്‍ എടുക്കുന്നതെങ്കില്‍-കുട്ടുകളെക്കൊണ്ട് ചെയ്യിക്കുന്നതെങ്കില്‍- ഇതിലെ പല പോരായ്മകളും ഒരു പരിധിവരെ പരിഹരിക്കാനാവും. പക്ഷേ മതനിഷേധമോ സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കലോ ഒന്നും തന്നെ എന്റെ പരിമിതമായ അറിവില്‍ ഈ പുസ്തകത്തിന്റെ പേജ് 41 വരെ ഞാന്‍ കണ്ടില്ല. കുറച്ച് വിപ്ലവാത്മകമാണ് പാഠങ്ങള്‍ (പ്രത്യേകിച്ചും ഒന്നാം പാഠം) എന്നത് വാസ്തവം. എങ്ങിനെയൊക്കെ അടി നടത്താം എന്ന് അവസാനം കുട്ടികള്‍ പഠിക്കാതിരുന്നാല്‍ മതിയായിരുന്നു.

അതുകൊണ്ട് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിനെതിരെ മതാധികാരികളും സാമുദായിക നേതാക്കളും കോണ്‍ഗ്രസ്സും മറ്റും നടത്തുന്ന സമരത്തിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ കേരളത്തിലെ മതസൌഹാര്‍ദ്ദത്തെപ്പറ്റി ഒരു നോട്ട് തയ്യാറാക്കാന്‍ ഏഴാം ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ അവര്‍ ഈ സമരം തന്നെ പശ്ചാത്തലമാക്കി നോട്ട് തയ്യാറാക്കും. ക്രിസ്ത്യാനികളും എന്‍.എസ്സ്.എസ്സും മുസ്ലിം ലീഗും ഒരു കുടക്കീഴില്‍ അണിനിരന്നാണല്ലോ ഇതിനെതിരെയുള്ള സമരം :)

Labels: , , , ,

18 Comments:

  1. At Tue Jun 24, 12:52:00 AM 2008, Blogger Umesh::ഉമേഷ് said...

    ഈ സൈറ്റില്‍ നിന്നും ...

    ലിങ്കു വേണം വക്കാരീ, ലിങ്കു വേണം...

     
  2. At Tue Jun 24, 04:18:00 AM 2008, Blogger Sands | കരിങ്കല്ല് said...

    ഉമേഷ്ജി... വക്കാരി രണ്ട് ലിങ്കുകള്‍ നാലുകെട്ടില്‍ കൊടുത്തിട്ടുണ്ട്...
    പക്ഷെ ആ ലിങ്കുകള്‍ ലോഡ് ചെയ്തു വരുന്ന വരെ കാത്തിരിക്കാന്‍ മാത്രമുള്ള ക്ഷമ എനിക്കുണ്ടായിരുന്നെങ്കില്‍.. ഞാന്‍ എന്നേ വക്കാരിയുടെ മറ്റു പോസ്റ്റുകള്‍ വായിച്ചേനേ.. ;)

    വക്കാരിയുടെ ജഡ്ജ്‌മെന്റിനെ ഞാന്‍ മാനിക്കുന്നു.... അല്ലെങ്കിലും ഇപ്പൊ പ്രശ്നമുണ്ടാക്കാന്‍ വ്യക്തമായ കാരണം വേണമെന്നില്ലല്ലോ.. ഉവ്വോ?

    ഉദാ: ബൂലോകത്തു്‌ വെറുതെ നടക്കുന്ന കൂട്ടത്തല്ലുകള്‍ ;) {അതു പക്ഷെ കാണാനും/അറിയാനും/വായിക്കാനും ഒക്കെ ഒരു രസാട്ടോ ;)

     
  3. At Tue Jun 24, 06:11:00 AM 2008, Blogger Inji Pennu said...

    ക്രിസ്ത്യാനികളും എന്‍.എസ്സ്.എസ്സും മുസ്ലിം ലീഗും ഒരു കുടക്കീഴില്‍ അണിനിരന്നാണല്ലോ ഇതിനെതിരെയുള്ള സമരം :)

    --------

    ഈ മതസൌഹാര്‍ദ്ദം അല്ലേ ഗവണ്മെന്റ് പ്രതീക്ഷിച്ചതും :) കണ്ടോ എത്ര പെട്ടെന്നാ?

     
  4. At Tue Jun 24, 08:58:00 AM 2008, Blogger മൂര്‍ത്തി said...

    വക്കാരി തിരുമ്പിവന്താച്ചാ? സ്വാഗതാലു..

    എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകത്തില്‍ കട്ടികൂടിയ ഭാഗങ്ങള്‍ ഉണ്ടായിട്ടും ആര്‍ക്കും എതിര്‍പ്പില്ലത്രെ..

    “എന്‍സിഇആര്‍ടി പുസ്തകത്തിലെ 'സെക്കുലറിസം' എന്ന പാഠഭാഗത്തിലാണ് നെഹ്റുവിന്റെ “നിരീശ്വരവാദത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മതങ്ങളുടെ ധര്‍മത്തെക്കുറിച്ച് വിമര്‍ശനബുദ്ധിയോടെ കുട്ടിക്ക് പഠിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മതനിരപേക്ഷത നേരിട്ട മൂന്ന് കടന്നാക്രമണങ്ങള്‍ പുസ്തകം കുട്ടികളെ ഓര്‍മിപ്പിക്കുന്നു. 1984 ലെ സിഖ് കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, ഗുജറാത്തിലെ മുസ്ളീം വംശഹത്യ എന്നിവ. ഇന്നിന്റെ ചരിത്രംകൂടി ഉള്‍ക്കൊള്ളുന്നതാവണം എന്ന വിശാലകാഴ്ചപ്പാടിലാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഹിന്ദുമതത്തില്‍ ചില വിഭാഗങ്ങളില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്ന് പുസ്തകം പറയുന്നു.“

    എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാംക്ളാസിലെ സാമൂഹ്യശാസ്ത്രം മികച്ച പുസ്തകങ്ങള്‍ക്ക് മാതൃകയാണ്. ഇതില്‍ അടിയന്തരാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും ജാതീയതയെയും ശക്തമായി വിമര്‍ശിക്കുന്ന ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളാണ് ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറെയും. ഇന്ദിരാഗാന്ധിയാണ് കാര്‍ട്ടൂണിന് ഏറെ ഇരയായിട്ടുള്ളത്. (24/06/08ലെ ദേശാഭിമാനി ലേഖനത്തില്‍ നിന്ന്)

     
  5. At Tue Jun 24, 09:31:00 AM 2008, Blogger സൂര്യോദയം said...

    വക്കാരീ... പ്രധാനമായും ഈ പാഠഭാഗങ്ങള്‍ എന്ത്‌ ഉദ്ദേശത്തോടെ പഠിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചുമാത്രമേ നമുക്ക്‌ വിശകലനം ചെയ്യാന്‍ കഴിയൂ. ഇതിനായി, ഈ പാഠങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രെയിനിംഗ്‌ കിട്ടിയ ഒരു അദ്ധ്യാപകനെക്കൊണ്ട്‌ ഇതിന്റെ പഠനരീതി ഒന്ന് മനസ്സിലാക്കിയെടുത്താല്‍ പല തെറ്റിദ്ധാരണകളും മാറും..

    താങ്കള്‍ പ്രദിപാദിച്ച പല ഭാഗങ്ങളും തെറ്റായ തരത്തില്‍ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷേ, ശരിയായ ദിശയിലുള്ള പഠിപ്പിക്കള്‍ ഇതിലെ എല്ലാ ഭാഗത്തെയും പോസിറ്റീവ്‌ ആയി മാത്രം കാണാവുന്ന തരത്തിലേയ്ക്ക്‌ ചിന്തിപ്പിക്കാം..

    ഒരു ഉദാഹരണം... ഒരു പ്രദേശത്തെ ജന്മിമാരായിരുന്നവരെ കണ്ടെത്തുകയും മറ്റും ചെയ്യിപ്പിക്കുന്നതിലൂടെ സംഭവിക്കാവുന്ന ഒരു കാര്യം... കുട്ടികള്‍ക്ക്‌ ആ ഭാഗത്ത്‌ മുന്‍പ്‌ ജന്മിമാരായിരുന്നവര്‍ ആരായിരുന്നു എന്നും ഇപ്പോള്‍ അവരുടെ സ്ഥിതി മോശമായിട്ടുണ്ട്‌ എന്നുള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ..

    അതുപോലെ ജാതീയചിന്തകള്‍ ഊട്ടിയുറപ്പിക്കുന്ന ദിശയിലേക്കല്ല ഇവിടെ ഉദ്ദേശം... അദ്ധ്യാപകരാണ്‌ കുട്ടികള്‍ക്ക്‌ ഇതിന്റെ ഉദ്ദേശശുദ്ധി പറഞ്ഞുകൊടുക്കേണ്ടത്‌.

     
  6. At Tue Jun 24, 10:32:00 AM 2008, Blogger കെ said...

    പ്രൗഢഘംഫീറം, വിശദമായ കമന്റ് പിന്നാലെ എഴുതാം.

     
  7. At Tue Jun 24, 11:38:00 AM 2008, Blogger അരവിന്ദ് :: aravind said...

    കൊള്ളാം വക്കാരിമച്ചാ.
    ജാതിചിന്ത പാടേ നശിപ്പിക്കുന്നതിന് പകരം, കുട്ടികള്‍ക്ക് ഒരു അപകര്‍ഷതാബോധം വളര്‍‌ത്താന്‍ വേണ്ടത്ര വിശദീകരണങ്ങളില്ലാത്ത ചില പാഠഭാഗങ്ങള്‍ കാരണമാകുമോ എന്നൊരു സംശയം.
    (ജാതി അടിസ്ഥാനമാക്കി കുഞ്ഞുമനസ്സുകളില്‍ ഒരു പ്രൊഫൈലിംഗ് നടത്തുന്നുണ്ടോ ചില വാചകങ്ങള്‍?)

     
  8. At Tue Jun 24, 11:39:00 AM 2008, Blogger അരവിന്ദ് :: aravind said...

    മാരീചന്റെ അഭിപ്രായമറീയാന്‍ കാത്തിരിക്കുന്നു.

     
  9. At Tue Jun 24, 07:32:00 PM 2008, Blogger മൂര്‍ത്തി said...

    ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത. വക്കാരിയുടെ സമ്മതം ചോദിക്കാതെ പോസ്റ്റുന്നു.

    “മുസ്ളിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്'-

    ഇത് ഏതെങ്കിലും ആര്‍എസ്എസുകാരന്റെ വാക്കല്ല. ഗുജറാത്തില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍നിന്നുള്ള ഉദ്ധരണിയാണ്.

    കേരളത്തില്‍ പാഠപുസ്തകത്തിന്റെ പേരില്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കുന്ന കോണ്‍ഗ്രസ് കുഞ്ഞാടുകള്‍ ഗുജറാത്തില്‍ തീര്‍ത്തും മൌനംപാലിക്കുകയാണ്. ഗുജറാത്തില്‍ മാത്രമല്ല ബിജെപി ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും എന്‍ഡിഎ മുന്നണിയിലെ കക്ഷികള്‍ ഭരിക്കുന്ന ഒറീസയടക്കമുള്ള മറ്റ് ചില സംസ്ഥാനത്തും പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ വര്‍ഗീയവിഷം ചീറ്റുന്ന ഇത്തരം ഒട്ടേറെ പരാമര്‍ശവും ഉദ്ധരണിയും കാണാം. ഇവിടെയൊക്കെ കെഎസ്യുവിന്റെ ദേശീയ പതിപ്പായ എന്‍എസ്യു ഐയും യൂത്ത് കോഗ്രസും മൌനത്തലാണ്. ഹിന്ദുവര്‍ഗീയതയെ പ്രീണിപ്പിച്ചില്ലെങ്കില്‍ വോട്ട്ബാങ്ക് നഷ്ടമാകുമെന്ന ഭയമാണ് ഇതിനു കാരണം.

    ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന കാവിവല്‍ക്കരണത്തോട് അഖിലേന്ത്യാതലത്തില്‍ ക്രൈസ്തവസഭകളും കാര്യമായി പ്രതികരിക്കുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു പള്ളിയില്‍പ്പോലും പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണത്തെ അപലപിച്ച് ഇടയലേഖനം വായിച്ചതായും റിപ്പോര്‍ട്ടില്ല. കേരളത്തില്‍ മാത്രമാണ് സഭാമേധാവികളും കോണ്‍ഗ്രസ് കുഞ്ഞാടുകളും അഴിഞ്ഞാടുന്നത്. ഇവിടെയാകട്ടെ പാഠപുസ്തകത്തില്‍ ഏതെങ്കിലും മതത്തെ നിന്ദിക്കുന്നതായോ ദൈവത്തെ അധിക്ഷേപിക്കുന്നതായോ ചൂണ്ടിക്കാട്ടാന്‍ സമരക്കാര്‍ക്കായിട്ടില്ല. സരസ്വതിവന്ദനവും വന്ദേമാതരവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മിക്ക സ്കൂളിലും നിര്‍ബന്ധമാക്കി. ഏത് മതത്തില്‍പ്പെട്ട വിദ്യാര്‍ഥിയും ഇത് നിര്‍ബന്ധമായി ചൊല്ലണം. ചരിത്രപുസ്തകങ്ങളിലും ഭാഷാ പുസ്തകങ്ങളിലുമാണ് സംഘപരിവാര്‍ കാര്യമായ പൊളിച്ചെഴുത്ത് വരുത്തിയത്. ആര്യന്മാര്‍ പുറമെനിന്ന് വന്നവരല്ലെന്നും ഇന്ത്യയില്‍ത്തന്നെ ജനിച്ചുവളര്‍ന്നവരാണെന്നുമുള്ള തത്വമാണ് പ്രധാനമായും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ആര്‍എസ്എസ് തങ്ങളുടെ ആര്യന്‍മേധാവിത്വം പ്രധാനമായും സ്ഥാപിച്ചെടുക്കുന്നത് ഈ വാദത്തിലൂടെയാണ്. ഹിന്ദുമതമാണ് ലോകത്തിലെ മറ്റെല്ലാ മതത്തിനും ആധാരമെന്നതാണ് മറ്റൊരും ആര്‍എസ്എസ് പാഠം. ക്രിസ്തു ഹിമാലയത്തില്‍ വന്നിരുന്നെന്നും ഹിന്ദുമതത്തില്‍നിന്നാണ് അദ്ദേഹം തന്റെ ആശയസങ്കല്‍പ്പങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും സംഘപരിവാര്‍ പഠിപ്പിക്കുന്നു. അള്ള, ദൈവം തുടങ്ങിയ പദങ്ങളുടെയെല്ലാം തുടക്കം ഓംകാരത്തില്‍നിന്നാണെന്നത് മറ്റൊരു പാഠം. ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന് അടിച്ചേല്‍പ്പിച്ച വര്‍ണവ്യവസ്ഥയുടെ സാധൂകരണവും പാഠപുസ്തകങ്ങളിലുണ്ട്. ഹിറ്റ്ലറെയും നാസി ആശയങ്ങളെയും മഹത്വവല്‍ക്കരിച്ച് കുട്ടികളെ യഥാര്‍ഥ ഫാസിസ്റുകളാക്കി വളര്‍ത്തിയെടുക്കാനും ബിജെപി ശ്രമിക്കുന്നു. മുസ്ളിം ഭരണാധികാരികളെല്ലാം കൊള്ളക്കാരും അക്രമികളാണെന്നും സംഘപരിവാറിന്റെ ചരിത്രപാഠം ചിത്രീകരിക്കുന്നു.

    മധ്യപ്രദേശില്‍ ആര്‍എസ്എസ് നടത്തുന്ന വിദ്യാഭാരതി സ്കൂളുകളില്‍ ഹിന്ദുദൈവങ്ങളുടെ നാമത്തിലാണ് ഇംഗ്ളീഷ് അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത്. എ- അര്‍ജുന, ബി-ബ്രഹ്മ, സി- കൌ എന്നിങ്ങനെ. എന്നാല്‍ ഇ, എഫ്, ക്യു, ഡബ്ള്യു, എക്സ്, ഇസഡ് തുടങ്ങിയ ഇംഗ്ളീഷ് അക്ഷരങ്ങളെമാത്രം ഒഴിവാക്കിയിട്ടുണ്ട്. ഈ അക്ഷരങ്ങളില്‍ തുടങ്ങുന്ന ഹിന്ദു ദൈവങ്ങളൊ പുരാണ കഥാപാത്രങ്ങളോ ഇല്ലാത്തതാണ് കാരണം.

     
  10. At Wed Jun 25, 07:03:00 PM 2008, Blogger മാരീചന്‍ said...

    വക്കാരിയുടെ പോസ്റ്റിനോട് പൊതുവേ യോജിക്കുന്നു. നാട്ടില്‍ നടക്കുന്ന കോലാഹലങ്ങളുടെ കാരണം പാര്‍ലമെന്റ് തിര‍ഞ്ഞെടുപ്പ് അടുത്തതും രാഷ്ട്രീയവുമാണെന്ന് തിരിച്ചറിയാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

    ഏതായാലും പുസ്തകം മുഴുവന്‍ വായിച്ച് അഭിപ്രായം പറഞ്ഞവരില്‍ ഭൂരിപക്ഷവും ആരോപണങ്ങളെ ന്യായീകരിക്കുന്നില്ല.

    മതമില്ലാത്ത ജീവന്‍ പോലുളള പാഠഭാഗങ്ങള്‍ തീര്‍ത്തും ഉപരിപ്ലവമായിപ്പോയെന്ന് അഭിപ്രായം ഉന്നയിക്കുന്നവരും ഉണ്ട്. മിശ്രവിവാഹിതര്‍ക്കൊന്നും നാട്ടില്‍ ജീവിക്കുന്നതിന് ഒരു കുഴപ്പവുമില്ലാതിരിക്കെ, ഇത്തരമൊരു പാഠത്തിലൂടെ മതനിരപേക്ഷത വളര്‍ത്താമെന്ന് സര്‍ക്കാര്‍ മോഹിക്കുന്നുവെങ്കില്‍ നല്ലതെന്നേ പറയാനുളളൂ.

    എന്നാല്‍ വക്കാരിയുടെ ഒരു നിരീക്ഷണത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. പൊതു നിരത്തില്‍ നിന്ന് വെളളം കോരിയ ദളിതനെ കൊലപ്പെടുത്തിയ വാര്‍ത്തയെക്കുറിച്ചുളള അഭിപ്രായമാണ് അത്.

    മലയാള പത്രങ്ങളെയും പഴി ചാരിയുളള ഒരു നിരീക്ഷണമാണ് വക്കാരി മുന്നോട്ടു വെയ്ക്കുന്നത്. കേരളത്തില്‍ നടന്ന എത്ര കൊലപാതകങ്ങളെയാണ് പത്രങ്ങള്‍ ഇത്തരത്തില്‍ സെന്‍സേഷനലൈസ് ചെയ്തത് എന്നൊന്നു പറയാമോ? ദിനംപ്രതി കാക്കത്തൊളളായിരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. മിക്കവാറും പത്രങ്ങളില്‍ സാമാന്യം കവറേജ് കൊലപാതകങ്ങള്‍ക്ക് കൊടുക്കാറുമുണ്ട്.

    കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ജാതി തിരിച്ചുളള റിപ്പോര്‍ട്ടിംഗ് രീതി, സെന്‍സേഷന്‍ മാത്രം ലക്ഷ്യമിട്ട് വന്നതിന് ഉദാഹരണം കൂടി നല്‍കാമായിരുന്നു.

    ഇന്ത്യയില്‍ നടക്കുന്ന ദളിത് പീഢനങ്ങളെ നിറം പിടിപ്പിച്ച പത്രറിപ്പോര്‍ട്ടായി ചുരുക്കുന്നത് ശരിയാണോ എന്ന സംശയം. വര്‍ക്കേഴ്സ് ഫോറത്തിന്റെ ഒരു ലേഖനം ഇതാ ഇവിടെ

    2003 മെയ് 14നാണ് ദിലീപ് ഷിംഗ്ഡെ കൊല്ലപ്പെട്ടത്. അതിന് കാരണം പുസ്തകത്തില്‍ പറയുന്നതാണെന്നാണ് എന്‍ഡിടിവി അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് കളവും സെന്‍സേഷലൈസ് ചെയ്തതുമാകാമെന്ന് വക്കാരി ധ്വനിപ്പിക്കുമ്പോള്‍ തെളിവുകള്‍ ചോദിക്കാതെ വയ്യ.

    എവിടെയാണ് ഈ സംഭവം നടന്നതെന്നോ എന്നാണ് നടന്നതെന്നോ ഏഴാം ക്ലാസ് പുസ്തകത്തില്‍ പറയുന്നില്ല. മഹാരാഷ്ട്രയിലെ ജലാനാ ജില്ലയിലെ ധനസവാംഗി താലൂക്കിലുളള ഭുടേഗാവ് എന്ന ഗ്രാമത്തിലാണ് ദാരുണമായ ഈ കൊലപാതകം നടന്നത്. ഇത് ദളിത് പീഢനമല്ലെന്നും പത്രങ്ങള്‍ സെന്‍സേഷനലൈസ് ചെയ്ത് അങ്ങനെയാക്കിയതാണെന്നുമാണോ വക്കാരി അര്‍ത്ഥമാക്കുന്നത്?

    മാധ്യമങ്ങള്‍ ദളിത് പീഢനത്തിന്റെ വകുപ്പില്‍ പെടുത്തിയതും എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ലാത്തതുമായ എത്ര കേസുകള്‍ വക്കാരിക്ക് അറിയാം? എക്സാംബിളായിട്ട് ഒരുദാഹരണം പറയാമോ. ഇന്ത്യയില്‍ നടക്കുന്ന ദളിത് പീഡനങ്ങളുടെ റിപ്പോര്‍ട്ട് അറിയാന്‍ ഗൂഗിളിനുമേല്‍ ഒരു നിമിഷം അധ്വാനിച്ചാല്‍ മതിയെന്നിരിക്കെ, ആ കലയുടെ തമ്പുരാനായ വക്കാരി തന്നെ ഇങ്ങനെയെഴുതുമ്പോള്‍ എന്താ കഥയെന്ന് ജനം ചിന്തിച്ചിരിക്കുന്നതില്‍ അത്ഭുതമുണ്ടോ?

    ജാതിയുടെ പേരില്‍ ഇന്നും ഇന്ത്യയില്‍ ക്രൂരമായ പീഢനം നടക്കുന്നുവെന്ന് കുട്ടികള്‍ അറിയേണ്ടെന്നാണോ? അതോ അങ്ങനെ നടക്കുന്നുവെന്ന വാര്‍ത്തകള്‍ മുഴുവന്‍ പത്രങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നതാണോ? ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും എന്‍ഡിറ്റിവി ഐബിഎന്‍ ചാനലുകളിലും കൊലപാതകങ്ങളില്‍ ദളിത് നിറം ചേര്‍ത്ത് സെന്‍സേഷനുണ്ടാക്കാന്‍ വൈദഗ്ധ്യം ലഭിച്ച പ്രത്യേക ഡസ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടോ?

    സെന്‍സേഷനിലൂടെ പാവപ്പെട്ട സവര്‍ണരെ ഇങ്ങനെ പീഢിപ്പിക്കാന്‍ മാത്രം അവരെന്ത് തെറ്റാണ് മാധ്യമങ്ങളോട് ചെയ്തത്?

     
  11. At Wed Jun 25, 07:11:00 PM 2008, Blogger Inji Pennu said...

    ജാതിയുടെ പേരില്‍ ഇന്നും ഇന്ത്യയില്‍ ക്രൂരമായ പീഢനം നടക്കുന്നുവെന്ന് കുട്ടികള്‍ അറിയേണ്ടെന്നാണോ?

    കുട്ടികള്‍ അറിയുക മാത്രമല്ല, ആ ഒരു കുറ്റബോധം അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ വിദ്യഭ്യാസത്തിനു കഴിയണം. എന്നാലേ അത് പിന്നീട് ലോകത്തിലിറങ്ങുമ്പോള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കുകയുള്ളൂ. എന്റെ പൂര്‍വ്വപിതാ‍ക്കന്മാര്‍ ഇങ്ങിനെ ചെയ്തിരുന്നു എന്നറിയുന്നതും ആ ഗില്‍റ്റും ഡെവല്പ് ചെയ്ത് എടുക്കാന്‍ സാധിച്ചാല്‍ പകുതി കാര്യങ്ങള്‍ക്ക് ഒരു അറുതിയാവും. ഈ ക്രൂരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചേ ആ ഗില്‍റ്റ് ഡെവലപ്പ് ചെയ്ത് എടുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാതെ വെറുതെ അവര്‍ണ്ണ-സവര്‍ണ്ണ എന്നൊക്കെ പറയുമ്പോള്‍ അത് അഭിമാനമാണ് വളര്‍ത്തുന്നത്. ഇന്ത്യയെ ഇന്ന് കാര്‍ന്ന് തിനുന്നത് ജാതിവ്യവസ്ഥിതി തന്നെയാണ്. അതിനു വേണ്ടി ഒന്നല്ല ഒന്‍പത് പാഠങ്ങള്‍ ഉണ്ടായാലും കുഴപ്പമില്ല. ബ്രിട്ടീഷുകാര്‍ ചെയ്ത ഓരോ ക്രൂരകൃത്യവും നമുക്ക് കാണാ‍പാഠമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് നമ്മള്‍ക്ക് അധികം അറിവില്ല. സവര്‍ണ്ണ പീഡനം ബ്രിട്ടീഷുകാരുമായി ഇക്വേറ്റ് ചെയ്തതല്ല. പക്ഷെ ഒരു ഉദാഹരണം പറഞ്ഞതാണ്.

     
  12. At Wed Jun 25, 07:39:00 PM 2008, Blogger മാരീചന്‍ said...

    ഇഞ്ചി ചൂണ്ടിക്കാട്ടിയ ലക്ഷ്യമാണ് പാഠപുസ്തകം മുന്നോട്ടു വെയ്ക്കുന്നതെന്നാണ് എന്റെ അഭിപ്രായം. ദാരുണമായ സംഭവങ്ങള് കേള്ക്കുമ്പോഴും അറിയുമ്പോഴും കുട്ടിയില് സഹാനുഭൂതിയൊക്കെയല്ലേ ഉണ്ടാവുക. അത് വളര്ത്തിയെടുക്കാന് അധ്യാപകരും ശ്രമിച്ചാല് തന്നെ നല്ലകാര്യം.

     
  13. At Wed Jun 25, 11:43:00 PM 2008, Blogger myexperimentsandme said...

    മാരീചാ, വിശദമായ ഒരു മറുപടി പിന്നെ നല്‍‌കാന്‍ ശ്രമിക്കാം. ഇത് ഒരു ചെറുമറുപടി:

    ഞാന്‍ ഇതും പറഞ്ഞിരുന്നു:

    ആ പത്രവാര്‍ത്ത എങ്ങിനെ വ്യാഖ്യാനിക്കണമെന്നും അതില്‍ നിന്നും എന്ത് സന്ദേശമാണ് കുട്ടികള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും അതിന്റെ അടിയില്‍ തന്നെ വ്യക്തമായി എഴുതിവെക്കണമായിരുന്നു. അല്ലാതെ അത് ഓരോരുത്തരുടെയും (അദ്ധ്യാപകരുടെയും കുട്ടികളുടെയും) താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അനുവദിച്ചാല്‍ അത് പ്രശ്‌നമായേക്കാം.

    ജാതിയുടെ പേരില്‍ ഇന്നും ഇന്ത്യയില്‍ ക്രൂരമായ പീഢനം നടക്കുന്നുവെന്ന് കുട്ടികള്‍ അറിയേണ്ടെന്നാണോ-
    അല്ല, അറിയണം. പക്ഷേ അവകാശങ്ങള്‍ക്കുവേണ്ടി, അനീതിക്കുവേണ്ടി കല്ലും കവണയും എടുത്ത കാര്യവും ഈ പാഠപുസ്തകത്തില്‍ തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്. പിന്നെ കുട്ടി പഠിക്കുന്നത് അവര്‍ണ്ണരെ കൊന്ന സവര്‍ണ്ണരെപ്പറ്റിയാണ്. നാട്ടിലെ ജന്മിമാരെയും മറ്റും കണ്ടെത്താനും കുട്ടികളോട് പറയുന്നുണ്ട്. ഇതെല്ലാം ലിങ്ക് ചെയ്ത് കുട്ടി അവസാനം സവര്‍ണ്ണരെന്ന് കാണുന്നവരെയെല്ലാം കല്ലും കവണയും ഉപയോഗിച്ച് എതിരിടാന്‍ നോക്കിയാലോ? ആ വാര്‍ത്തയുടെ യഥാര്‍ത്ഥ സന്ദേശം എന്താണെന്ന് അതിനടിയില്‍ അര്‍ത്ഥശങ്കയ്ക്കിട വരാത്തവിധം-പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ക്കിടവരാത്തവിധം-എഴുതിവെക്കണമായിരുന്നു. കാരണം അത് വിശകലനം ചെയ്യുന്ന കുട്ടികള്‍ അവരവരുടെ സൈക്കോളജിക്കനുസരിച്ച് പല രീതിയില്‍ പ്രതികരിച്ചേക്കാം. സവര്‍ണ്ണമാരെല്ലാം ദുഷ്ടന്മാര്‍, അവരോട് പ്രതികാരം ചെയ്യണം എന്ന രീതിയില്‍ ആ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കുട്ടി ചിന്തിക്കുന്നത് എത്രമാത്രം ശരിയാവും? അതേ സമയം ഇഞ്ചി പറഞ്ഞതുപോലെയുള്ള കുറ്റബോധവും മറ്റും കുട്ടിക്കുണ്ടാവുകയാണെങ്കില്‍ അത് നല്ല കാര്യം. എന്ത് ലക്ഷ്യമാണ് ആ പത്രവാര്‍ത്ത മുന്നോട്ട് വെക്കുന്നതെന്ന് വ്യക്തമാക്കണമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

    ഞാന്‍ അത് എഴുതിയപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത് ഈയിടെ പാലക്കാട്ടോ മറ്റോ ഒരു ദളിതന്റെ ശവസംസ്കാരം പൊതുശ്മശാനത്തിലോ മറ്റോ നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു എന്ന വാര്‍ത്തയായിരുന്നു. അത് തടയാനുള്ള കാരണം മരണപ്പെട്ട ആള്‍ ദളിതനായിരുന്നതുകൊണ്ടുള്ള നാട്ടുകാരുടെ ജാതിചിന്ത മുലമായിരുന്നോ അതോ വേറേ എന്തെങ്കിലും കാരണമായിരുന്നോ അതിന് പിന്നിലെന്ന് ആ വാര്‍ത്തയില്‍ നിന്ന് വ്യക്തമല്ലായിരുന്നു. മരണപ്പെട്ട ആള്‍ ഒരു സവര്‍ണ്ണനായിരുന്നെങ്കിലും നാട്ടുകാര്‍ അവിടെ ശവസംസ്കാരം നടത്തുന്നത് എതിരിക്കുമായിരുന്നോ എന്നായിരുന്നു എനിക്കപ്പോള്‍ മനസ്സില്‍ തോന്നിയത്. ജാതിയല്ലായിരുന്നു അവിടെ പ്രശ്‌നമെങ്കില്‍ ദളിതന്റെ ശവസംസ്കാരം നാട്ടുകാര്‍ തടഞ്ഞു എന്ന് പത്രം എഴുതേണ്ട കാര്യമില്ലായിരുന്നു എന്നായിരുന്നു എനിക്ക് തോന്നിയത്. അതുപോലെ വേറേ ചില അവസരങ്ങളിലും സമാന റിപ്പോര്‍ട്ടിംഗ് ഞാന്‍ ശ്രദ്ധിച്ചിരുന്നു (അതിന്റെയൊന്നും ലിങ്ക് എന്റെ കൈയ്യിലില്ല-പക്ഷേ ഈ പാലക്കാട് സംഭവം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നടന്നതാണ്. അതിന്റെ ഫോളോ അപ് വാര്‍ത്തകള്‍ ഒന്നും പിന്നെ കണ്ടുമില്ല).

    അപ്പോള്‍ പറഞ്ഞ് വന്നത് എല്ലാ പത്രങ്ങളും എല്ലാ അവര്‍ണ്ണ-സവര്‍ണ്ണ ഇഷ്യൂസും സെന്‍‌സേഷണലൈസ് ചെയ്യും എന്നല്ലായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഒരു പത്രവും അങ്ങിനെ ചെയ്യില്ല എന്നും ഞാന്‍ പറയില്ല. മാരീചന്‍ പറഞ്ഞതുപോലെ, പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ആ പത്രവാര്‍ത്ത കളവും സെന്‍സേഷലൈസ് ചെയ്തതുമാകാമെന്ന് അല്ല ഞാന്‍ ഉദ്ദേശിച്ചത്. സെന്‍‌സേഷന്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും കളവും വരെ വാര്‍ത്തകളില്‍ ചേര്‍ത്തേക്കാം എന്നൊരു ബോധവും കുട്ടികളില്‍ ഉണ്ടെങ്കില്‍ ഏത് വാര്‍ത്ത കണ്ടാലും അതിന്റെ നിജസ്ഥിതി അറിയാന്‍ കുട്ടികള്‍ പരമാവധി ശ്രമിക്കും. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ കയറെടുക്കില്ല കുട്ടികള്‍. അങ്ങിനെ നിജസ്ഥിതി അറിഞ്ഞതിന് ശേഷമേ കുട്ടികള്‍ ഒരു തീരുമാനത്തില്‍ എത്താവൂ. ആ പത്രവാര്‍ത്തയും അതിനൊരു അപവാദമല്ല. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ ആ പര്‍ട്ടിക്കുലര്‍ വാര്‍ത്ത കളവായിരുന്നെന്നോ ദളിത് പീഡനങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളെല്ലാം തന്നെ നിറം പിടിപ്പിച്ചതോ കള്ളമോ ആണെന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത്.

    ഇതാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് ഞാനും വളരെ വ്യക്തമായി ആ പോസ്റ്റില്‍ എഴുതേണ്ടതായിരുന്നു. ഏതെങ്കിലും ഒരു പര്‍ട്ടിക്കുലര്‍ വാര്‍ത്തയോ പാഠപുസ്തകത്തിലെ ആ വാര്‍ത്തയോ തെറ്റാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.

     
  14. At Thu Jun 26, 01:34:00 AM 2008, Anonymous Anonymous said...

    ----
    "പണ്ടത്തെ ജന്മിമാരില്‍ പലരും ഇന്ന് അന്നത്തെ കുടിയാന്മാരെക്കാളും കഷ്ടത്തിലായി. ആധുനിക ജന്മിമാരുടെ കണക്കെടുത്താല്‍ മനോരമ മാത്രമല്ല സി.പി.എമ്മും അതില്‍ വരികയും ചെയ്യും. കൈരളി.ടിവി നാട്ടിലെ ഒരു പ്രധാന ജന്മിയാണെന്നും ചില ജോലിക്കാരെയൊക്കെ അവര്‍ അവര്‍ക്കിഷ്ടമില്ലാത്തതുകൊണ്ട് പറഞ്ഞുവിട്ടു എന്നൊമൊക്കെ കുട്ടികള്‍ കണ്ടെത്തിയാല്‍ അതും അംഗീകരിക്കണം."
    ------

    അല്ല ആരാണ് അംഗീകരിക്കേണ്ടത് സര്‍ ?

    കൈരളിടീവിയുടെ ഓഫീസിലോ സി.പി.എമ്മിന്റെ പത്തായപ്പുരയിലോ ആണ് ഈ പാഠഭാഗം ഉണ്ടാക്കിയതെന്ന് വക്കാരിക്ക് തോന്നിയോ ? അല്ല ജന്മികള്‍ക്ക് എക്സാമ്പിള്‍ കൊടുത്തിട്ട് ‘അതും കുട്ടി പറഞ്ഞാല്‍ അംഗീകരിക്കണം’ എന്നൊരു ഇണ്ടാസ് ഇട്ടതു കണ്ട് ചോദിച്ചതാണേ.

    കൈരളി ടീവി മാത്രമല്ല, വര്‍ത്തമാനം പത്രം മുതല്‍ ദീപിക വരെ വേറേം ഉണ്ട് വക്കാരിയുടെ ഉദാഹരണശൈലിയനുസരിച്ച് തൊഴിലാളി വിരുദ്ധ ‘ജന്മികള്‍’.

    ഓഫ്:

    സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി എങ്ങനെ വക്കാരിയുടെ ഡഫിനിഷനില്‍ ജന്മി ആകും എന്ന് ഒന്നു പറയാമോ ?

     
  15. At Thu Jun 26, 08:47:00 AM 2008, Blogger ജയരാജന്‍ said...

    "പക്ഷേ അവകാശങ്ങള്‍ക്കുവേണ്ടി, അനീതിക്കുവേണ്ടി കല്ലും കവണയും എടുത്ത കാര്യവും ഈ പാഠപുസ്തകത്തില്‍ തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്. പിന്നെ കുട്ടി പഠിക്കുന്നത് അവര്‍ണ്ണരെ കൊന്ന സവര്‍ണ്ണരെപ്പറ്റിയാണ്. നാട്ടിലെ ജന്മിമാരെയും മറ്റും കണ്ടെത്താനും കുട്ടികളോട് പറയുന്നുണ്ട്. ഇതെല്ലാം ലിങ്ക് ചെയ്ത് കുട്ടി അവസാനം സവര്‍ണ്ണരെന്ന് കാണുന്നവരെയെല്ലാം കല്ലും കവണയും ഉപയോഗിച്ച് എതിരിടാന്‍ നോക്കിയാലോ?"
    എന്റെ കുഞ്ഞ് സംശയം വക്കാരിജീ: നമ്മള്‍ ചരിത്രം പഠിച്ചപ്പോള്‍ ഐ. എന്‍. എ. യെക്കുറിച്ചും, ഭഗത്‌സിങ്ങിനെക്കുറിച്ചും ഖുദിറാം ബോസിനെക്കുറിച്ചും മറ്റും മറ്റും ഉള്ള പാഠഭാഗങ്ങളില്‍ "നിയമം കൈയ്യിലെടുക്കുകയല്ല, ഒരു നിയമമോ രീതിയോ ശരിയല്ലെങ്കില്‍ അത് മാറ്റിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്" എന്നൊക്കെ പഠിപ്പിച്ചിരുന്നോ? അങ്ങനെയൊക്കെ പഠിച്ചതായി എനിക്ക് ഓര്‍മയില്ല; അവിടെ അങ്ങനെ ഒരു വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്നും എനിക്ക് തോന്നുന്നില്ല. കാരണം ഇത് ചരിത്ര പുസ്തകമാണ്; അല്ലാതെ സന്മാര്‍ഗ പുസ്തകമല്ല.

     
  16. At Thu Jun 26, 11:21:00 AM 2008, Blogger K G Biju said...

    This comment has been removed by the author.

     
  17. At Thu Jun 26, 06:55:00 PM 2008, Blogger myexperimentsandme said...

    ജയരാജേ, ഇത് ചരിത്രപുസ്തകവുമല്ല, സാമൂഹ്യശാസ്ത്രമാണ്. ഈ പുസ്തകം കണ്ടതില്‍ പിന്നെ സാമൂഹ്യശാസ്ത്രവും ചരിത്രവും തമ്മിലുള്ള വ്യത്യാസം തന്നെ കണ്‍ഫ്യൂഷനായി :)

    ഈ സാമൂഹ്യപാഠപുസ്തകത്തിലെപ്പോലത്തെ പത്രവാര്‍ത്തകളും (പത്രവാര്‍ത്തകളായിട്ട് തന്നെ) പണ്ട് നമ്മളാരും പഠിച്ചിരുന്നില്ലല്ലോ. അങ്ങിനെ പഠിക്കാത്തതുകൊണ്ട് കേരളത്തിലെ സവര്‍ണ്ണരെല്ലാവരും അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്നവരെ കൊല്ലാന്‍ പോകുന്നില്ലായിരുന്നല്ലോ, ജാതിയുടെ പേരില്‍ (ഇനി ഇതില്‍ പിടിച്ച് തൂങ്ങരുതേ, അവര്‍ണ്ണര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള പീഡനങ്ങളുടെ വിലകുറച്ച് കാണിക്കാനല്ല ഞാന്‍ അത് പറഞ്ഞത്).

    അവര്‍ണ്ണര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കുള്ള ഒരു കാരണം (കേരളവും മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍) അവര്‍ണ്ണര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ സ്കൂളുകളില്‍ തന്നെ പോകുന്നില്ല എന്നതാണ് എന്റെ ഒരു തോന്നല്‍. പാഠപുസ്തകം മാറ്റുന്നതിന് മുന്‍പുള്ള രീതിയിലെ പഠനകാലഘട്ടങ്ങളിലും ഉത്തരേന്ത്യയിലും മറ്റുമുള്ള തരത്തിലുള്ള പീഡനങ്ങള്‍ കേരളത്തില്‍ കുറവായിരുന്നല്ലോ താരതമ്യേന.

    എന്ത് എഴുതിവെച്ചിരിക്കുന്നു എന്നല്ല, അവയുടെ വ്യാഖ്യാനങ്ങളും അത് കുട്ടികളില്‍ ഉണ്ടാക്കുന്ന ഇം‌പാക്ടും ആണ് കൂടുതല്‍ പ്രധാനം. അത് എങ്ങിനെയായിരിക്കുമെന്ന് പറയാന്‍ എനിക്കറിയില്ല. പോസിറ്റീവായ ഒരു ഇം‌പാക്ട് ആണ് ഉണ്ടാക്കുന്നതെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ അവസാനം അവര്‍ണ്ണ-സവര്‍ണ്ണ ഡിവിഷന്‍ കൂട്ടാനാണ് ഇതെല്ലാം ഉപകരിക്കുന്നതെങ്കില്‍ എനിക്ക് യോജിപ്പുമില്ല.

    ഇനി സാമൂഹ്യശാസ്ത്രത്തിലേക്ക് തിരിച്ച് വരാം. സാമൂഹ്യശാസ്ത്രമെന്നാല്‍ ഇപ്പോഴത്തെ സമൂഹത്തിന്റെ ശാസ്ത്രവുമാണല്ലോ. കണ്ണൂര്‍ കലാപങ്ങളെപ്പറ്റിയുള്ള ഒരു വാര്‍ത്ത (കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതോ സ്കൂള്‍ കുട്ടികളുടെ ബസ്സില്‍ നിന്ന് ആളെ ഇറക്കി കൊന്നതോ തന്നെ ആയിക്കൊള്ളട്ടെ) ക്ലിപ്പിംഗ് ആയി കൊടുത്തിട്ട് എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാര്‍ ആണെന്ന് പ്രതിജ്ഞയെടുക്കുന്ന നമ്മള്‍ എന്തിനാണ് രാഷ്ട്രീയത്തിന്റെ പേരില്‍ തികച്ചും പൈശാചികമായ കൊലപാതങ്ങള്‍ നടത്തുന്നത് എന്നൊരു എക്സര്‍സൈസും കുട്ടികള്‍ക്ക് കൊടുക്കാമായിരുന്നു. അത്തരം കാര്യങ്ങള്‍കൂടി കുട്ടികള്‍ പഠിക്കുകയും ചിന്തിക്കുകയും വേണമായിരുന്നു. അത് തീര്‍ച്ചയായും ഭാവിയില്‍ അവരെ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങള്‍ ആക്കുന്നതില്‍ നിന്ന് ഒരുപരിധിവരെയെങ്കിലും തടയുമായിരുന്നു.

     
  18. At Sat Jul 05, 04:01:00 PM 2008, Blogger ഉപാസന || Upasana said...

    Fully Supporting you Vakkari.
    :-)
    Upasana

    O.T : is saal ithna baz, agela saal..???
    ;-)

     

Post a Comment

<< Home