Monday, October 12, 2009

ഒടുവില്‍ ശശി ആരായീ

ശശി വെറും ശൂശൂ ആയീ

ആദ്യം ഇത് വായിക്ക്; എന്നിട്ട് ഇത് വായിക്ക്; എന്നിട്ട് ഇത് വായിക്ക്, എന്നിട്ട് ഈ പോസ്റ്റ് വായിക്ക്. അല്ലാതെ ചുളുവില്‍ കാര്യം സാധിക്കാമെന്നൊന്നും ആരും കരുതേണ്ട :)

മാധ്യമധര്‍മ്മത്തെപ്പറ്റി ഗര്‍ജ്ജിക്കുന്നവരുടെ സെലക്ടീവ് അമ്ലേഷ്യം മാത്രം ചൂണ്ടിക്കാട്ടി ഞാനൊരു പോസ്റ്റിട്ടപ്പോള്‍ അതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഒരു വഴിക്കാക്കിയ ആ ആഖ്യാനശൈലിക്കുമുന്‍പില്‍ കൂപ്പുകൈ കൂപ്പി കൂപ്പുകുത്തി ധിം തരികിട ധോം ധോം ധോം.

ആ പോസ്റ്റിന്റെ വിഷയം ഹനാനോ ബിനാനോ മാതൃഭൂമിയോ ഒന്നുമല്ല എന്നറിയാന്‍ പത്താം ക്ലാസ്സ് പോലും പാസ്സാകേണ്ട, നാക്കും വടിക്കേണ്ട, ചാക്കും പിടിക്കേണ്ട.

എന്നിട്ടും എത്ര തന്ത്രപരമായാണ് നമ്മളെ ആരക്കുന്നം, പേപ്പതി കൂടി നേരേ പിറവത്തേക്ക് കൊണ്ടുപോകുന്നതെന്ന് നോക്കിക്കേ. അതാണ് പാടവം, പാടവം എന്ന് പറയുന്നത്.

ആ പോസ്റ്റ്, സെലക്ടീവ് അമ്മനേഷ്യത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും മാത്രമായിരുന്നു. അതായത് സെലക്റ്റീവ് അമ്മനേഷ്യക്കാര്‍ സെലക്റ്റീവായി പ്രതികരിച്ച്, അതും കക്ഷിരാഷ്ട്രീയവും കക്ഷത്തില്‍ ഡയറി വെയ്ക്കുന്ന രാഷ്ട്രീയവും ഒന്നുമല്ലാത്ത എല്ലാവര്‍ക്കും ബോധിക്കുന്ന സയന്‍സ് എന്ന വിഷയത്തെപ്പറ്റി ഗര്‍ജ്ജിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഇഫക്റ്റ് വളരെ കാല്‍‌ക്കുലേറ്റഡാണ് എന്നതായിരുന്നു എന്റെ പക്ഷം (എന്റേതുമാത്രമായ പക്ഷം).

അതായത് ഇവരിങ്ങിനെയിങ്ങിനെ വളരെ കാല്‍ക്കുലേറ്റഡായി പ്രതികരിക്കുന്നതിന്റെ ഉദ്ദേശം അവസാനം ഇവര്‍ മാത്രമാവും ശശി എന്ന നിലവരുത്താനാണ്. അതായത് കുറച്ച് കഴിയുമ്പോള്‍ ഇവര്‍ ഗര്‍ജ്ജിച്ചാല്‍ മാത്രമേ സംഗതി സംഗതിയാവൂ. ഇവര്‍ ഗര്‍ജ്ജിച്ചില്ലെങ്കില്‍ സംഗതി സംഗതിയല്ല. എന്നാല്‍ ആ ഗര്‍ജ്ജനമോ, അവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെ ആധികാരികമാക്കിയാവുകയും ചെയ്യും. പിണറായിയെപ്പറ്റി അഴിമതിക്കുമ്പോള്‍ ഇവര്‍ മാധ്യമങ്ങളുടെ എതിര്‍പ്പുകാരാവും. ഉദാഹരണമായി പണ്ടത്തെ ഹനാന്‍ പ്രശ്നവും ഹോട്ട് ഡോഗ് പ്രശ്നവുമെല്ലാം അവര്‍ എടുത്തിടും. അതിലൊക്കെ അവര്‍ ആധികാരികമായി ഗര്‍ജ്ജിച്ചതുകാരണം പിണറായിപ്രശ്നത്തില്‍ അവര്‍ മാധ്യമങ്ങള്‍ കുറ്റക്കാരാണ് എന്ന് പറഞ്ഞാല്‍ ആണ് എന്ന് എന്നെപ്പോലുള്ള പമ്പര വിഡ്ഡികള്‍ വിചാരിക്കും, വിചാരിക്കണം.

എന്നാല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തെഹല്‍ക്ക നടത്തിയതിലെ മാധ്യമ അധര്‍മ്മങ്ങളെക്കുറിച്ച് ഇവര്‍ മിണ്ടില്ല. അല്ലെങ്കില്‍ എന്റെ ആരാധ്യ പുരുഷരെ (ആരാധ്യരിലും ആറെസ്സെസ്സിലും “ആ“ ഉള്ളതുകൊണ്ട് ഞാനാരായീ...രായീ?) എത് മാധ്യമവും എന്ത് ചീത്തവിളിച്ചാലും ഇവര്‍ മിണ്ടില്ല. ഇവര്‍ മിണ്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? അതിന്റെ അര്‍ത്ഥമാണ്, ആ മാധ്യമങ്ങള്‍ പറയുന്നതൊക്കെ പൂര്‍ണ്ണസത്യമാണ് എന്നത്.

ഇതൊക്കെയായിരുന്നു ആ പോസ്റ്റിന്റെ ഉദ്ദേശ്യം. ഇത് എന്റെ മാത്രം ഗവേഷണത്തില്‍ ഞാന്‍ മാത്രം എത്തിച്ചേര്‍ന്ന ഒരു നിഗമനമാണ്. തെറ്റായിരിക്കണം. തെറ്റായിരിക്കണേ എന്നു തന്നെയാണ് പ്രാര്‍ത്ഥന്‍.അല്ലാതെ ചന്ത്രക്കാറന്‍ അങ്ങിനെയൊരു പോസ്റ്റ് ഇടരുതെന്നോ ഹാനാനെപ്പോലുള്ളവരുടെ വാര്‍ത്തകളുടെ പൊള്ളത്തരങ്ങള്‍ ആരും വെളിച്ചത്തുകൊണ്ടുവരരുതെന്നോ ഒന്നുമല്ലായിരുന്നു എന്റെ പോസ്റ്റിന്റെ ഉദ്ദേശം. എന്റെ പോസ്റ്റിന്റെ ഉദ്ദേശം ആ പോസ്റ്റിട്ടയാളുടെ, ഞാന്‍ എന്റെ രീതിയില്‍ മാത്രം മനസ്സിലാക്കിയ, രാഷ്ട്രീയം മാത്രമായിരുന്നു.

അപ്പോള്‍ അങ്ങിനെയുള്ള, അതിനുവേണ്ടി മാത്രമിട്ട ഒരു പോസ്റ്റിനെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെയൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ അതിനു പിന്നില്‍ സാധാരണ ബുദ്ധിയൊന്നും പോര.

പത്രക്കാരെ എങ്ങിനെയൊക്കെ വിമര്‍ശിക്കണമെന്നോ എപ്പോളൊക്കെ വിമര്‍ശിക്കണമെന്നോ ഒന്നും ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. പത്രക്കാരെ വിമര്‍ശിക്കേണ്ട പത്ത് മാര്‍ഗ്ഗങ്ങള്‍ എന്നോ ഒന്നുമല്ലായിരുന്നു ആ പോസ്റ്റിന്റെ തലക്കെട്ട്. ഏതിന് പ്രാധാന്യം കൊടുക്കണം, ഏതിന് കൊടുക്കേണ്ട എന്നുമൊന്നും ആ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. ആ പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ-ചിലരുടെ മാധ്യമസത്യമാത്രസിംഹഗര്‍ജ്ജനങ്ങളെ നമ്മളൊന്ന് വാച്ച് ചെയ്തുകൊള്ളണേ, കാരണം, ആ ഗര്‍ജ്ജനങ്ങള്‍ വളരെ കാല്‍ക്കുലേറ്റഡും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുമാണ്- ഇത്രയേ ഉള്ളൂ. അതും എന്റെ മാത്ര് വ്യക്തിപരമായ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലും. ആ വിലയിരുത്തലുകള്‍ തെറ്റാവണേ എന്ന് തന്നെയാണ് എന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും പ്രാര്‍ത്ഥന.

അങ്ങിനെയൊരു ഉദ്ദേശത്തോടെയിട്ട പോസ്റ്റിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഏതുവഴിക്കൊക്കെ ആക്കി എന്നറിയണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി. എന്തായാലും ആ പോസ്റ്റ് വേറൊരു സംഗതിയും കൂടി വെളിവാക്കി.

നമ്മുടെ പല സംസ്കൃത വ്യാഖ്യാനങ്ങളും ഇപ്പടിതന്നെയാവണം. സംസ്കൃതം എന്ന് പറയുന്നത് ആര്‍ക്കും അങ്ങ് വലിയ പിടിയില്ലാത്തതുകൊണ്ട് യഥാ രാജാ തഥാഗതാ. അതായത് രാജാവ് പറഞ്ഞു, പ്രജകള്‍ അങ്ങ് കേട്ടു. വെറും സിമ്പിളായ എന്റെ മലയാളപ്പോസ്റ്റിന്റെ വ്യാഖ്യാനം ഇതാണെന്ന് എന്നോട് പറഞ്ഞപ്പോളല്ലേ വ്യാഖ്യാനങ്ങള്‍ ആള്‍ക്കാരെ എത്രമാത്രം വഴിതെറ്റിക്കാം എന്ന് എനിക്ക് മനസ്സിലായത്. വെല്ലിംഗ്‌ഡന്‍, ശ്രീ ഉമേഷ്.

ഇനി നമുക്ക് ക്വോട്ടാം,അല്ലെങ്കില്‍ ശ്രീ ഉമേഷ് പച്ചമലയാളം, പച്ച സംസ്കൃതം ഇവയൊക്കെ എങ്ങിനെ മനസ്സിലാക്കുന്നു, എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നൊന്ന് നോക്കാം:

1. ചന്ത്രക്കാറന്റെ "വസ്തുതാപരമായ ചില പിശകുകൾ!" എന്ന പോസ്റ്റ് വക്കാരിയെ വല്ലാതെ ചൊടിപ്പിച്ചു - ശരിയല്ലേ

2. ഹനാൻ ബിൻ‌ത് ഹാഷിം എന്ന കുട്ടി ഗവേഷിച്ചു കണ്ടുപിടിച്ചതായി പറയപ്പെടുന്ന ശാസ്ത്രവസ്തുതകളിൽ കാമ്പൊന്നുമില്ലെന്നു് ഗവേഷണവിദ്യാർത്ഥിയായ/ആയിരുന്ന വക്കാരിക്കു് അഭിപ്രായമില്ല. ഉണ്ടെങ്കിലും ആ പോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല. ഇവിടെ ഹനാനെ വിമർശിച്ചതിന്റെ ധാർമ്മികതയെ വിമർശിക്കാനേ വക്കാരിക്കു താത്പര്യമുള്ളൂ.-

ഇതില്‍ ആ ഗവേഷണവിദ്യാര്‍ത്ഥിയായ/ആയിരുന്ന യുടെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിനെതിരെ പ്രതികരിക്കുന്നതും ഗവേഷണവിദ്യാഭ്യാസവും തമ്മിലെന്ത് ബന്ധം? ഗവേഷണ വിദ്യാര്‍ത്ഥിയായ/ആയിരുന്ന എങ്കില്‍ രണ്ട് പഞ്ച് കൂടുതല്‍ കിട്ടുമായിരുന്നോ പ്രതികരണത്തിന്?

ആ പോസ്റ്റിൽ അതിനെപ്പറ്റി പറയാൻ വക്കാരിക്കു് ഉദ്ദേശ്യമില്ല - പൂര്‍ണ്ണമായും ശരി. അത് മനസ്സിലാക്കിയിട്ടായിരുന്നല്ലേ ബാക്കിയുള്ള വെറുബല്‍ ഡയപ്പറേറിയ? :)

3. ഹനാനെപ്പറ്റി സിസി ജേക്കബ് ഒന്നാം പേജിൽ വലുതായി എഴുതിയ വാർത്ത അറിവില്ലായ്മ കൊണ്ടു വന്ന ചെറിയ ഒരു തെറ്റാണു്. അതിനു് വായനക്കാരുടെ കോളത്തിൽ ഒരു വരി തിരുത്തു കൊടുത്തതു തന്നെ ധാരാളം. ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും ഇടയ്ക്കു മതിയായിരുന്നു. മാതൃഭൂമി ഡീസന്റായതു കൊണ്ടു് അവർ ഇത്രയെങ്കിലും ചെയ്തു.-

ശരിയല്ലേ. ഇക്കാര്യം വളരെ വ്യക്തമായി വടിവൊത്ത അക്ഷരത്തില്‍ ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ടല്ലോ. വസ്തുതാപരമായ ഒരു തെറ്റ് മാത്രമേ ഇതിലുള്ളൂ- അതായത് “ചരമവാർത്തയുടെയും ആണിരോഗം സുഖപ്പെട്ട പരസ്യത്തിന്റെയും “ ഇടയിലല്ല, യുനാനിയുടെയും മൂലക്കുരവിന്റെയും പരസ്യത്തിന് ഇടയ്ക്ക് മതി എന്നായിരുന്നല്ലോ ഞാന്‍ പറഞ്ഞത്- പോസ്റ്റ് ഒന്നുകൂടി വായിച്ചുനോക്കിയാല്‍ കാണാമല്ലോ- നാലാം ഖണ്ഡികയില്‍ മൂന്നാം പാദത്തിലന്ത്യമായി

4. രാഷ്ട്രീയം, രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നു് വക്കാരിക്കു തോന്നുന്നില്ല. ബ്ലോഗിൽ എഴുതുന്ന ഏതാനും ഇടതന്മാരുടെ സൃഷ്ടിയാണു് ഈ വക വാദങ്ങൾ.

എത്ര കൃത്യമായ നിരീക്ഷണം. ഹൈ റെസലൂഷന്‍ മാക്രോസ്കോപ്പ് വെച്ച് നോക്കിയാല്‍ പോലും പലര്‍ക്കും കാണാന്‍ പറ്റാത്ത നിരക്ഷണം.

5. ചന്ത്രക്കാറനെപ്പോലെയുള്ള കമ്യൂണിസ്റ്റ് ചായ്‌വുള്ളവർ ഇരട്ടത്താപ്പുകാരാണു്. അവരെ അനുകൂലിക്കുകയോ അവരുടെ എതിരാളികളെ വിമർശിക്കുകയോ ചെയ്യുമ്പോൾ കോടതിയെയും മാദ്ധ്യമങ്ങളെയും വാഴ്ത്തിപ്പറയുകയോ അവരുടെ ചെറ്റത്തരങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നു. നേരേ മറിച്ചു് അവരെ എതിർക്കുമ്പോൾ അവർ ഈ കോടതികളെയും മാദ്ധ്യമങ്ങളെയും തള്ളിപ്പറയുന്നു.

അതുതന്നെ. അതാണല്ലോ ഞാനാ പോസ്റ്റില്‍ പറഞ്ഞത്. രാഷ്ട്രീയം രാഷ്ട്രീയബോധം, കക്ഷിരാഷ്ട്രീയം എന്നിവ തമ്മില്‍ ശ്രീ ഉമേഷിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളുടെ ഉത്തമ ഉദാഹരണമാണല്ലോ ഈ സംഗ്രഹം. വെല്ലിംഗ്‌ഡണ്‍

6. സയൻസായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. -

അതേ, ഞാന്‍ എന്താണ് പറഞ്ഞതെന്നറിയാന്‍ ബ്ലൂലോഗരേ, എന്റെ പോസ്റ്റൊന്നും വായിക്കേണ്ട, ഈ പോസ്റ്റ് വായിക്കീനെന്ന്. ഞാന്‍ പറഞ്ഞതെന്താ, സയന്‍സായാലും രാഷ്ട്രീയമായാലും പിണ്ണാക്കായാലും മാധ്യമങ്ങളും ബ്ലോഗേഴ്സും നമ്മളും ഒരേ പോലെ പ്രതികരിക്കണം. അതല്ലേ ഞാന്‍ പറഞ്ഞത്? അല്ലെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും തെളിയിക്കാമോ?

ഹനാന്റെ കണ്ടുപിടിത്തങ്ങൾ എന്ന പേരിൽ മാതൃഭൂമിയെപ്പോലെയുള്ള ഒരു പത്രം സാധാരണജനത്തിനെ കബളിപ്പിക്കാൻ ചെയ്ത തെറ്റിനെയും അതു തിരുത്തിയതിൽ കാണിച്ച അനവധാനതയെയും ബ്ലോഗുകളിലും മറ്റു മാദ്ധ്യമങ്ങളിലും ഉള്ള വിമർശനങ്ങളായും മാതൃഭൂമിയ്ക്കു നേരിട്ടുള്ള സന്ദേശങ്ങളായും പലരും ഈ കാര്യം പത്രപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അവയെ അവഗണിച്ചും എന്നാൽ അവയിലെ ഉള്ളടക്കം അപഹരിച്ചും മാതൃഭൂമിക്കു് അഭിമതനായ ഒരുത്തന്റെ പേരിൽ ഈ പുതിയ കണ്ടുപിടിത്തത്തിന്റെ കർത്തൃത്വം ചാർത്തിയതു വഴി ഈ കബളിപ്പിക്കൽ ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തതിനേയും നിശിതമായി വിമർശിച്ച ചന്ത്രക്കാറപോസ്റ്റിനെ വിമർശിച്ചപ്പോൾ, അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി, പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് എന്നു് ഇതിനു മുമ്പു് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ മുക്കാലിയിൽ കെട്ടി മുന്നൂറു തല്ലു കൊടുക്കേണ്ടതാകുന്നു.

ഇതിലെ പോയിന്റുകള്‍ എന്ന് പറയുന്നത്:

1. അതിന്റെ കേന്ദ്രാശയത്തെപ്പറ്റി ഒരക്ഷരം പോലും പറയാതിരിക്കുകയും - അതായത് ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതിന്റെ കേന്ദ്രാശയത്തെപ്പറ്റിയും ആമാശയത്തെപ്പറ്റിയും ഒരക്ഷരമെങ്കിലും പറയാത്തവനെ മുക്കാലിയില്‍ കെട്ടിയടിക്കണം. പിന്നെ അവന്‍ പറഞ്ഞത് എന്താണെന്ന് അവനോട് പോലും ചോദിക്കാതെ ഇതുപോലുലക്കെ വായിക്കാനിക്കണം,ഓക്കാനിക്കണം.

2. ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ചു് പത്രക്കാർക്കു സാധാരണ സംഭവിക്കുന്ന കൈപ്പിശകുകൾ മാത്രമാണു് എന്നു ഭംഗ്യന്തരേണ പ്രസ്താവിക്കുകയും ചെയ്ത വക്കാരി- അതാണ്, അതുതാണ്, അതുമാത്രമാണ്. എത്ര ഭംഗിയായാണ് ഞാന്‍ ഇവ രണ്ടും കരുതിക്കൂട്ടിയ കബളിപ്പിക്കലല്ല, മറിച്ച് പത്രക്കാര്‍ക്ക് സാധാരണ സംഭവിക്കുന്ന കൈപ്പിശകുകള്‍ മാത്രമാണെന്ന് ഭംഗിയായി പ്രഖ്യാപിച്ചതെന്ന് നോക്കൂ ബ്ലൂലോഗരേ, പിന്നെ മാലോകരേ.

3. പത്രങ്ങളിലെ തെറ്റുകളെപ്പറ്റി രോഷാകുലനായി ഘോരഘോരം മുമ്പെഴുതിയിട്ടുള്ള വക്കാരി, രാഷ്ട്രീയമില്ലാത്ത ഒരു അരാഷ്ട്രീയനാണു് - ആണല്ലോ. അതായത് പത്രങ്ങളിലെ തെറ്റുകളെപ്പറ്റി നിങ്ങളൊരിക്കലെങ്കിലും ഘോരഘോരം
രോഷാകുലനായിട്ടുണ്ടെങ്കില്‍ പിന്നെ പോയി മക്കളേ, മെക്കാളേ. പിന്നെ നിങ്ങള്‍ക്കുള്ള ഏക മാര്‍ഗ്ഗം, ആര് പത്രങ്ങളിലെ തെറ്റുകളെപ്പറ്റി എഴുതിയാലും ഹല്ലേലലുവാ പാടുക, അല്ലെങ്കില്‍ ഘോരഘോരഘോരം രോഷാക്കുല്ലനാവുക. അതല്ലാതെ എഴുതിയവനെപ്പറ്റി എങ്ങാനും എഴുതിയാലുണ്ടല്ലോ, പോസ്റ്റിടും ഞങ്ങള്‍, മനസ്സിലായോ

പിന്നെ പറഞ്ഞിരിക്കുന്ന കാക്കത്തൊള്ളായിരം കാര്യങ്ങളെക്കുറിച്ച് പറയണോ, പറയണോ, പറയണോ...

എല്ലാവരും എല്ലായ്പ്പോഴും എല്ലാത്തിനെപ്പറ്റിയും പ്രതികരിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞേ ഇല്ല. പക്ഷേ പറഞ്ഞയാള്‍, എന്തിന്റെയും രാഷ്ട്രീയം കാണുന്ന ഒരാളാവുമ്പോള്‍, അയാളുടെ പറച്ചിലിന്റെയും രാഷ്ട്രീയം ചികഞ്ഞു, അത്രമാത്രം. നിലാവത്തഴിച്ചുവിട്ട ഒരു കോഴിക്ക് ചികയാനുള്ള പ്രാഥമികാവകാശം പോലുമില്ല എന്ന് പറയുന്നത് കഷ്ടമാണ് സാര്‍. ഗാന്ധിജിയുടെ വിഗ്രഹം ഉടഞ്ഞയാള്‍ ഈയെംസ്സെന്ന വിഗ്രഹത്തെ ഉടയ്ക്കാന്‍ ഇനിയുമിനിയുമിനിയും തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലൊരു വൈരുധ്യാത്മീയ ഭൌതികവാദം കണ്ടെത്താനുള്ള ഒരു അവകാശം പോലുമില്ലേ സാര്‍, ഒരു കോഴിക്ക്? അതിന് സാറിനെന്ത് പ്രശ്നം സാര്‍? പക്ഷേ എന്റെ വൈരുദ്ധ്യാത്മീയ ഭൌതിക വാദത്തെ വ്യാഖ്യാനിച്ച് കുളമാക്കാനുള്ള സാറിന്റെ അവകാശത്തെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുകയും ചെയ്യുന്നു സാര്‍. അത്രയേ ഉള്ളൂ. ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു-സാര്‍ സാറിന് പറയാനുള്ളത് പറഞ്ഞു- ആ പറഞ്ഞത് മുഴുവന്‍ പൊട്ടത്തെറ്റാണെന്നും സാറിന്റെ വ്യാഖ്യാനവും സംഗ്രഹവും തികച്ചും വഴിതെറ്റിക്കുന്ന പൊട്ടത്തെറ്റാണെന്ന് ഞാന്‍ പിന്നെയും പറയുന്നു, അത്രയേ ഉള്ളൂ.

പിണറായി കാർത്തികേയനേക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല

എന്റെ പൊന്നുശ്രീ ഉമേഷ്, , കൂട്ടുകാരെയൊക്കെ ഇങ്ങിനെ കെണിയിലാക്കരുതേ- ഇന്നാളൊരു ദിവസം ആദിത്യനിട്ട് പാര വെച്ചു, ഇപ്പോള്‍ ദേ സാക്ഷാല്‍ പിണറായിക്കിട്ട് തന്നെ (സാക്ഷാല്‍ പിണറായിക്കിട്ട് തന്നെ എന്നതിന്റെ വ്യാഖ്യാനം ശ്രീ ഉമേഷിന്റെ കൂടെ നില്‍ക്കുന്നയാളാണ് പിണറായി എന്ന് ഞാന്‍ പറഞ്ഞു എന്നാക്കരുതേ, ഈ വാചകത്തിന്റെ ആദ്യവും അവസാനവും തമ്മില്‍ ഒരു ബന്ധവുമില്ല. ആദിത്യന്‍ കൂടെ നിന്നയാള്‍. പിണറായി പിണറായിയും. വ്യാഖ്യാനിച്ച് കുളമാക്കേണ്ട).

എന്റെ കൈ തരിക്കുന്നു; ശ്രീ ഉമേഷ് പറഞ്ഞത് ഞാനൊന്ന് വ്യാഖ്യാനിച്ച് കുളമാക്കട്ടേ- അതായത് അദ്ദേഹം പറയുന്നത് കാര്‍ത്തികേയനും കുറ്റം ചെയ്തു, പിണറായിയും കുറ്റം ചെയ്തു. അല്ലാതെ കാര്‍ത്തികേയനേക്കാള്‍ കൂടിയ കുറ്റമൊന്നും പിണറായി ചെയ്തിട്ടില്ല. ഇനി കൂടിയ കുറ്റമാണ് കാര്‍ത്തികേയന്‍ ചെയ്തതെങ്കില്‍ പിണറായിയും അതേ കൂടിയ കുറ്റം തന്നെ ചെയ്തു. പ്രിയ ബ്ലോഗേഴ്ശേ, പിണറായിയെയും ലാവലിന്‍ പ്രശ്നത്തെപ്പറ്റിയും നിങ്ങള്‍ എഴുതിക്കൂട്ടിയ ബ്ലോഗുകളിലെല്ലാം ഇതായിരുന്നല്ലോ നിങ്ങള്‍
ഉദ്ദേശിച്ചിരുന്നതല്ലേ. ഇനി മാറ്റിപ്പറയരുതേ. നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ശ്രീ ഉമേഷ് വളരെ വ്യക്തമായി ഇവിടെ പറഞ്ഞിട്ടുണ്ട്. മനസ്സിലാകാത്തവര്‍ക്കായി ഞാനത് വ്യാഖ്യാനിച്ചിട്ടുമുണ്ട്.

അപ്പോള്‍ ഒടുവില്‍ പിണറായി ആരായീ... കാര്‍ത്തികേയനെപ്പോലെ കുറ്റം ചെയ്തവനായീ. പക്ഷേ നമ്മളൊന്നോര്‍ക്കണം, കാര്‍ത്തികേയനെക്കാളും മറ്റു പലരേക്കാളും വലിയ കുറ്റമൊന്നും പിണറായി ചെയ്തിട്ടില്ല.

എനിക്കു വയ്യയ്യായ്യേഏഏഏഏഏഏഏ

എതിർക്കുന്നവർക്കു് ഒരു കാര്യം കിട്ടിയാൽ മതി. കല്പാന്തകാലത്തോളം പറഞ്ഞു കൊണ്ടു നടക്കും. കമ്യൂണിസ്റ്റ് വിരുദ്ധർക്കു് കുട്ടികളുടെ മുന്നിൽ വെച്ചു് ഒരു 'ഗുരു'വിനെ കൊന്ന കഥയുണ്ടു്. സംഘപരിവാർ വിരുദ്ധർക്കു് ഒരു ഗർഭിണിയുടെ വയർ പിളർന്നു ശിശുവിനെ ശൂലത്തിൽ കോർത്ത കഥയുമുണ്ടു്. ഇവയെ നിസ്സാരവൽക്കരിക്കുന്നതല്ല, പക്ഷേ ഇവയെ ഇവയുമായി ബന്ധമില്ലായിടത്തു പിന്നെയും പൊക്കിക്കൊണ്ടു വരുന്നതു് ജുഗുപ്സാവഹമാണു്.

വൈസാറ്റിലീ (ഏക്‍സാറ്റെലിയുടെ അനിയന്‍). ഓര്‍മ്മകള്‍ അയവെട്ടിയയവെട്ടിയയവെട്ടിയങ്ങ് പോയപ്പോള്‍ പണ്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ഒരു ‘ഗുരു’ (ഗുരുവിനെ കോമയാക്കിയതുകണ്ടോ, അതാണ് ഞാന്‍ മുന്നിലത്തെ പോസ്റ്റില്‍ പറഞ്ഞ രാഷ്ട്രീയ ബലഹീനത)വിനെ കൊന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഓള്‍ ഓഫ് എ സഡന്‍ ഡെത്ത്- ഇസ്രയേല് കയറിവന്നു- എനിക്കെന്തോ ജുഗുപ്സാവഹമായൊന്നും അന്ന് തോന്നിയില്ല- അതിനുമാത്രമുള്ള ബുദ്ധിയൊന്നുമില്ലല്ലോന്നെ.

എല്ലാം എത്ര കിറുത്യം കിറുത്യമായാണ് വരുന്നതെന്ന് നോക്കിക്കേ. എന്തിനും പറയാന്‍ എനിക്കൊരു മറുപടിയുണ്ടല്ലോ ഭഗവാനേ :)

അവസാനത്തെ വാക്യത്തിൽ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുന്ന വക്കാരി പോസ്റ്റു മുഴുവൻ അതിനെ എതിർക്കുകയാണു്.

ഇതാണ് കണ്ടുപിടുത്തം ഓഫ് ഡ ഡേ. എത്ര നിഷ്‌കളങ്കമായാണ്, ഞാന്‍ അവസാനത്തെ വാക്യത്തില്‍ ചന്ത്രക്കാറന്റെ പോസ്റ്റിനെ അഭിനന്ദിക്കുകയാണ് എന്ന് ശ്രീ ഉമേഷ് കണ്ടുപിടിച്ചച്ചടിച്ചത്. എന്റെ സാറേ, ആ പോസ്റ്റിനെ ആദ്യാവസാനം വിമര്‍ശിക്കുകയാണ് ഞാന്‍ എന്റെ പോസ്റ്റിന്റെ ആദ്യാവസാനം ചെയ്തത്. കാരണം കാരണം ആ പോസ്റ്റ് എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇത് ആദ്യം പറഞ്ഞ താങ്കള്‍ അവസാനം എന്ത് ധൈര്യത്തിലാണ് ഞാന്‍ അവസാനത്തെ വാക്യത്തില്‍ ചന്ത്രക്കാറനെ അഭിനന്ദിച്ചു എന്ന് പറഞ്ഞത്. മാനമുള്ളവരായിരുന്നെങ്കില്‍ നഷ്ടപ്പെട്ടുപോയതിന് കേസ് കൊടുത്തേനെ. കഷ്ടം.

ഇനി ജായ്ക്ക് ഓഫ് ദ ഡേ

1. സമയത്തിനു വലിയ ദൗർലഭ്യമുള്ള ഒരാളാണു ഞാൻ - കൂടുതലൊന്നും പറയേണ്ടല്ലോ. ഒരു പോസ്റ്റ് വ്യാഖ്യാനിച്ച് വഴിതെറ്റിച്ച് കുളമാക്കാന്‍ അത്ര വലിയ സമയമൊന്നും വേണ്ടെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.

2. ഇതുവരെ തന്റെ ആർ. എസ്. എസ്. ചായ്‌വ് വ്യക്തമായി പറഞ്ഞിട്ടില്ലാത്ത വക്കാരി ഇവിടെ അതു വ്യക്തമായി പറഞ്ഞതിന്റെ ആർജ്ജവത്തിനു് - ഇവിടെ ജോക്ക് എന്ന് പറയുന്നത് ഞാന്‍ ആറെസ്സെസ്സുകാരനാണെന്നോ അല്ലെന്നോ
പറഞ്ഞതല്ല. ഞാന്‍ ഏത് എസ്സ് കാരനാവണമെന്നത് എന്റെ തീരുമാ‍നമാണ്. ആരെങ്കിലും അല്ല എന്ന് പറഞ്ഞാല്‍ ഞാനൊട്ട് അല്ലാതാവുകയുമില്ല, ആണെന്ന് പറഞ്ഞാല്‍ ഞാനൊട്ട് ആവുകയുമില്ല. ഇവിടുത്തെ ജായ്ക്ക് എന്ന് പറയുന്നത് ഞാന്‍ ഈ പോസ്റ്റില്‍ അത് വ്യക്തമായി പറഞ്ഞു എന്ന് പറഞ്ഞതാണ്. കാരണം, ഇതിലും വ്യക്തമായി ഞാന്‍ മറ്റു പല പോസ്റ്റുകളിലും കമന്റുകളിലും ഇത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ എല്ലാ പോസ്റ്റുകളും കമന്റുകളും
വ്യക്തമായി കൃത്യമായി വായിക്കുന്ന ഒരാളായിരുന്നു, ശ്രീ ഉമേഷ് എന്നായിരുന്നു എന്റെ ഒരു ധാരണ. അതും പോയിക്കിട്ടി.

(ആറെസ്സെസ്സ് ഒന്നുകൂടി വിപുലീകരിച്ചേക്കാം- അതായത് ആറെസ്സെസ്സിനെപ്പറ്റി ഇല്ലാത്തതോ നുണയോ പച്ചക്കള്ളമോ ആയ ഒരു വാര്‍ത്ത ഏതെങ്കിലും മാധ്യമം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത്, ആറെസ്സെസ്സല്ല, സീപ്പീയെം ആണെന്നാണ് എന്റെ പക്ഷം. കാരണം മാധ്യമത്തിന്റെ പ്രവണതയാവണം ഇവിടെ വിഷയം. അല്ലെങ്കില്‍ ഇപ്പോള്‍ പിണറായിയൊക്കെ പറയുന്നതുപോലെ ശിഖണ്ഡിക്കേട്ടേ, ശിഖണ്ഡിക്കേട്ടെ എന്നൊക്കെ വിളിച്ചുകൂവേണ്ടി വരും, ആരും അത്ര മൈന്‍ഡ് ചെയ്യുകയുമില്ല. അതേ സമയം മാധ്യമ അധര്‍മ്മങ്ങള്‍ എവിടെക്കണ്ടാലും പ്രതികരിക്കുന്ന പാര്‍ട്ടിയായിരുന്നു, സീപ്പീയെം എങ്കില്‍ ശിഖണ്ഡികളെപ്പറ്റി അവര്‍ പറയുന്നത് കേള്‍ക്കാന്‍ കുറഞ്ഞ പക്ഷം ഭാസ്കര പട്ടേലരെങ്കിലും ഉണ്ടായേനേ :))

എന്തായാലും ഞാന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ അതിനെ വളരെ തന്ത്രപരമായി വഴിതെറ്റിക്കാനുള്ള ശ്രമത്തിനെ പ്രതിരോധിക്കാന്‍ എനിക്കീ പോസ്റ്റിടേണ്ടി വന്നു. ഗുണം- പല സംസ്കൃത വ്യാഖ്യാനങ്ങളും ഒന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. റഷ്യനെപ്പറ്റി ആരെന്തു പറയാന്‍?

പോസ്റ്റിനിട്ട മറുപോസ്റ്റ്- അത്രയേ ഉള്ളൂ.

Labels: , , , ,

Saturday, October 10, 2009

സെലക്ടീവ് ഓമ്ലേഷ്യം

സെലക്ടീവ് അമ്മനേഷ്യം എന്ന് കേട്ടിട്ടില്ലേ? അതായത് നമുക്ക് വേണ്ടാത്ത കാര്യങ്ങള്‍ വളരെ സൌകര്യപ്രദമായി നമ്മളങ്ങ് മറക്കുന്നതിനെയാണ് ഹീബ്രൂവില്‍ സെലക്ടീവ് അമ്മനേഷ്യം എന്ന് പറയുന്നത്. ബ്രൂ കാപ്പി കുടിച്ചാല്‍ പോലും നമ്മളത് ഓര്‍ത്തു എന്ന് ആരെക്കൊണ്ടും പറയിക്കില്ല. ആ സെലക്ടീവ് അമ്മനേഷ്യക്കാരിയുടെ വിപരീതകുമാരനാണ് സെലക്ടീവ് ഓര്‍മ്മനേഷ്യം അഥവാ സെലക്ടീവ് ഓര്‍മ്മേഷ്യം. ഈ പോസ്റ്റ് വായിച്ചപ്പോഴാണ് സെലക്ടീവ് ഓര്‍മ്മനേഷ്യം എന്ന ശാസ്ത്രശാഖയെപ്പറ്റി ഓര്‍മ്മ വന്നത്. അമ്മനേഷ്യം കാരണം ഓര്‍ക്കാത്തപോലെ ഇരിക്കുകയായിരുന്നു, ഇത്രയും കാലം.

അതായത് മാധ്യമധര്‍മ്മങ്ങളെയും മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ എന്നും സത്യമല്ല എന്ന് തോന്നുമ്പോഴേ തെറ്റുകള്‍ അടുത്ത നിമിഷം തന്നെ തിരുത്തണമെന്നും എന്നൊക്കെ നമ്മള്‍ എപ്പോഴും ഓര്‍മ്മിക്കണമെന്നില്ല. സെലക്റ്റീവായേ നമ്മള്‍ ഓര്‍ക്കൂ. എന്തിനും പുറകില്‍ ഒരു രാഷ്ട്രീയം കാണുമെന്നും ആ രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷിരാഷ്ട്രീയമാണെന്ന് കരുതുന്നവര്‍ മഹാ വിഡ്ഢികളാണെന്നും ബ്ലോഗാണല്ലോ നമ്മളെ പഠിപ്പിച്ചത്. അപ്പോള്‍ മാധ്യമധര്‍മ്മത്തെപ്പറ്റി ഒരു സുപ്രഭാതത്തില്‍ നമ്മളൊരു പോസ്റ്റ് കാണുമ്പോഴും നമ്മുടെ കുരുട്ടുബുദ്ധി നമ്മളെ അതിനു പിന്നിലുള്ള രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കാനങ്ങ് പ്രേരിപ്പിക്കും. ബ്ലോഗില്‍ തന്നെ ജീവിച്ചാലുള്ള കുഴപ്പം.

ഈ പോസ്റ്റ് വായിച്ചപ്പോഴും ആ രാഷ്ട്രീയം എന്താണെന്ന് വിശകലനം ചെയ്യാനൊരു തോന്നല്‍. ഭാഗ്യവശാല്‍ ഒത്തിരി തല പുകയ്ക്കേണ്ടിയൊന്നും വന്നില്ല. എല്ലാവര്‍ക്കും പറയാതെ തന്നെ അറിയാവുന്നതാണല്ലോ ആ രാഷ്ട്രീയം. പത്രങ്ങളുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ
എന്നും തെറ്റായുള്ള, തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങള്‍ കൊടുക്കരുത് എന്നും നാഴികയ്ക്ക് നാലുവട്ടം നമ്മളൊക്കെ പണ്ടുമുതലേ പറഞ്ഞതല്ലിയോ. പക്ഷേ അന്നൊക്കെ അതൊക്കെ മറ്റവന്മാര്‍ക്കിട്ട് രണ്ട് കൊടുക്കുന്ന വാര്‍ത്തകളായതുകൊണ്ട് നമ്മള്‍ വല്ലാതങ്ങ് അതൊക്കെ ആസ്വദിച്ചു. അവസാനം നമുക്കിട്ടും അതേ മാധ്യമക്കൊട്ടുകള്‍ കിട്ടിയപ്പോഴാണ് നമുക്ക് സംഗതിയുടെ ഗുണ്ടര്‍ട്ട് പിടികിട്ടിയത്. സടകുടഞ്ഞെഴുന്നേറ്റു, മാധ്യമധര്‍മ്മം. ഒരു ഗര്‍ജ്ജനമായിരുന്നു, പിന്നെ.

ഹനാന്‍ ബിന്‍ത് ഹാഷിം എന്ന കുട്ടിയെപ്പറ്റിയുള്ള പൊട്ടത്തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, വാര്‍ത്ത മാതൃഭൂമിയിലല്ല, ഇന്ത്യന്‍ എക്സ്പ്രസ്സിലല്ല, മസാലദോശാഭിമാനിയില്‍ വന്നാല്‍ പോലും നമുക്കൊരേ വികാരം മാത്രം- അത് തെറ്റാണെന്നറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി ഏറ്റെടുത്ത് അത് വായനക്കാരെ മുഴുവന്‍ അറിയിക്കണം. ഇനി ആ വികാരത്തിനെ ആഗോളവല്‍ക്കരിച്ചാല്‍, ഏതൊരു വാര്‍ത്തയും തെറ്റാണെന്ന് മനസ്സിലായാല്‍ പത്രം ഉടന്‍ തന്നെ അത് തിരുത്തണം. ആദ്യം തന്നെ ഗോസിപ്പ് വാര്‍ത്തകള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും പത്രത്തില്‍ സ്ഥാനമേ ഉണ്ടാവാന്‍ പാടില്ല. പക്ഷേ സംഗതി ഗര്‍ജ്ജനങ്ങളും പൊട്ടിത്തെറികളും സടകുടയലും കുടവയറും മാതൃഭൂമിയിലും ഹനാന്‍ ബിനാനിലും ഒതുക്കുമ്പോളാണ് എന്നെപ്പോലുള്ള കുരുട്ടുബുദ്ധികള്‍ക്ക് അതിലെ ആ രാഷ്ട്രീയത്തില്‍ കയറിപ്പിടിക്കാനും ആടിക്കളിക്കടാ കൊച്ചുരാമാ കളിക്കാനുമൊക്കെ തോന്നുന്നത്.

ഇതിന് മുന്‍പ് എത്രയോ തെറ്റായ വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പത്രങ്ങളില്‍ വന്നു- അന്നൊക്കെ നമ്മള്‍ ഒരു സടയും കുടയുന്നത് കണ്ടില്ലല്ലോ. എന്തു ചെയ്യുന്നൂ എന്നതുപോലെയുള്ളതിനെക്കാളും പ്രധാനമാണ് എന്തൊക്കെ ചെയ്യുന്നില്ല എന്ന് നമുക്കിട്ട് പറഞ്ഞുതന്നതും ബ്ലോഗാണല്ലോ. അപ്പോള്‍ മറ്റവനിട്ട് മാധ്യമങ്ങള്‍ കൊട്ടടാ കൊട്ട് കൊട്ടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ ധര്‍മ്മവും നോക്കിയില്ല, ധര്‍മ്മക്കാരനെയും നോക്കിയല്ല-അതും പോട്ട്, ആ മാധ്യമങ്ങള്‍ ക്വോട്ടിയതുതന്നെ ക്വോട്ടിക്ക്വോട്ടി നമ്മള്‍ പോയിന്റുകള്‍ പറഞ്ഞും കൊണ്ടേയിരുന്നു.

അതെല്ലാം കഴിഞ്ഞ് സംഭവം ലവനിലും കുശനിലും ലവലനിലും കൊടിയേരിക്കുടിയേരിയിലുമൊക്കെ എത്തിയപ്പോഴാണ് നമുക്ക് മാധ്യമങ്ങള്‍ ഇല്ലാത്തത് ഉണ്ടാക്കുന്നതിലും ഉള്ളത് ഇല്ലാതാക്കുന്നതിലുമൊക്കെയുള്ള പ്രശ്നങ്ങളെപ്പറ്റി ബോധമുണ്ടായത്. ലവലെനിന്‍ പ്രശ്നത്തില്‍ പിണറായിക്ക് കിട്ടിയതിന്റെ ആയിരത്തിലൊരു അംശം ആനുകൂല്യം ബ്ലോഗിലും മറ്റും എന്റെ ആരാദ്യപുരുഷന്മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവരൊക്കെ എപ്പോഴേ മഹാത്മാക്കളായിപ്പോയേനെ :(

അപ്പോള്‍ പറഞ്ഞുവന്നത് ഒരു സുപ്രഭാതത്തില്‍ നമ്മള്‍ മാധ്യമധര്‍മ്മത്തെപ്പറ്റി ആരെങ്കിലും ബോധവാന്മാരാവുന്നത് പല്ലുതേച്ചുകൊണ്ടിരിക്കുമ്പോളോ മറ്റോ ഒക്കെ കാണുകയാണെങ്കില്‍ അതില്‍ തീര്‍ച്ചയായും പുളകം കൊള്ളണം. ആവുവോളം കൊണ്ടതിനുശേഷം, ഒന്ന് റെസ്റ്റെടുത്തിട്ട് അതിനുപിന്നിലെ രാഷ്ട്രീയം കൂടി ഒന്നറിയാന്‍ നോക്കണം. നല്ല രസമായിരിക്കും.

എന്തായാലും മാധ്യമങ്ങള്‍ സത്യം മാത്രമേ പറയാവൂ എന്ന് വാശി പിടിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് തികച്ചും സ്വാഗതാര്‍ഹം തന്നെ. ഇനി വേണ്ടത് സത്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയമോ പക്ഷപാതിത്വമോ ഇല്ലാതെതന്നെ ഇതിനുവേണ്ടിയുള്ള വാശിയാണ്. അതായത് ഇന്ന് മറ്റേ പാര്‍ട്ടിയുടെ മറ്റേ നേതാവിനെപ്പറ്റി മാധ്യമങ്ങള്‍ പൊടിപ്പിച്ചും തൊങ്ങല്‍‌പ്പിച്ചും എഴുതുമ്പോള്‍ അതൊക്കെ നല്ലതുപോലെ ആസ്വദിച്ചതിനുശേഷം നാളെ നമ്മുടെ പാര്‍ട്ടിയുടെ നമ്മുടെ പൊന്നോമനനേതാവിനെപ്പറ്റി എഴുതുമ്പോള്‍ മാത്രം നമുക്കുണ്ടാവുന്ന ഒന്നാവരുത് മാധ്യമധര്‍മ്മബോധം-അല്ലെങ്കില്‍ നമ്മുടെ പാര്‍ട്ടിയുടെ മുന്നണിയില്‍ നിന്ന് മറ്റേ പത്രത്തിന്റെ മുതലാളി മറ്റേ മുന്നണിയിലേക്ക് ചാടുമ്പോള്‍ മാത്രമുണ്ടാവേണ്ട ഒന്നാവരുത് മാധ്യമസത്യമാത്രവാശി.

ആ പോസ്റ്റിലെ “ഒടുവില്‍ ശശി ആരായീ’ സ്റ്റൈല്‍ ചോദ്യങ്ങളും എനിക്ക് നന്നായി രസിച്ചു. അങ്ങിനെ ഒടുവില്‍ ഞാനാരായീ?? മാധ്യമങ്ങളുടെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു ഉത്തമപൌരനായീ.

(ഇതിലെയൊക്കെ രാഷ്ട്രീയം ചികയാന്‍ പോയാല്‍ വട്ടുപിടിക്കാന്‍ വേറൊന്നും വേണ്ട- മാതൃഭൂമിയ്ക്കിട്ട് നല്ലൊരു കൊട്ടുകൊടുത്ത ജന്മഭൂമിയെ നമ്മളാരും കങ്കാരുറിലേറ്റ് ചെയ്യില്ല- കാരണം ജന്മഭൂമിയുടെ പത്രാധിപരുടെ കാക്കി നിക്കര്‍. ഇനി ജന്മഭൂമി മാതൃഭൂമിയ്ക്കിട്ട് കൊട്ടാനുള്ള രാഷ്ട്രീയമോ? വാര്‍ത്തയിലെ താരം ഒരു മുസ്ലിമായതായിരിക്കാം. താരം ഒരു ഹിന്ദുപ്പെണ്‍കുട്ടിയായിരുന്നെങ്കില്‍ ജന്മഭൂമി ഇതുപോലെഒരു കൊട്ട് കൊട്ടുമോ എന്നത് ജന്മഭൂമി ഉണ്ടാക്കിയിട്ടുള്ള ഒരു രാഷ്ട്രീയ ഇമേജ് വെച്ച് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് എന്തിന്റെയും പിന്നിലെ രാഷ്ട്രീയം ചികയുമ്പോള്‍ നമുക്കെല്ലാം വട്ട് പിടിക്കുന്നത്).

എന്തായാലും ഹനാന്‍ വാര്‍ത്ത കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തില്‍ ഉണ്ടാക്കുന്ന ഇം‌പാക്ടിനെപ്പറ്റി ഒന്ന് പഠിക്കേണ്ടതുതന്നെയാവുന്നു. എല്ലാവരും ശാസ്ത്രപഠനം തന്നെ വേണ്ടെന്ന് വെക്കുമോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം.

ഇതുപോലെ തന്നെ നമുക്കൊക്കെ സെലക്റ്റീവായി ഉണ്ടാവുന്ന വേറൊരു ഓമ്ലേഷ്യമാണ് ജുഡീഷ്യറിയോടുള്ളത്. ലോക്കല്‍ കോടതിയും കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഒരേ സ്വരത്തില്‍ കുറ്റക്കാരെന്ന് വിധിച്ച ജയകൃഷ്ണന്‍ മാഷ് വധക്കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍നിന്ന് പുല്ലുപോലെ പുറത്ത് വന്നപ്പോള്‍ നമ്മളൊക്കെ കോടതിയുടെ വലിയ ആരാധകരായി. അവര്‍ എങ്ങിനെ അവിടെനിന്നും ഊരിപ്പോന്നു എന്നുള്ള രാഷ്ട്രീയം നമുക്കാര്‍ക്കും അറിയുകയേ വേണ്ടായിരുന്നു. കുറെ സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകനെ വെട്ടിക്കൊന്നപ്പോളും കൊല്ലപ്പെട്ടയാളുടെ കക്ഷിരാഷ്ട്രീയം നോക്കിയായിരുന്നു നമ്മുടെ പ്രതികരണങ്ങള്‍. പോലീസ് കാവലിലൊക്കെ പഠിപ്പിക്കുന്ന അദ്ധ്യാപകനെ അദ്ധ്യാപകന്‍ എന്നൊക്കെ വിളിക്കാമോ എന്നുള്ള സംശയങ്ങള്‍ പോലും നമുക്കുണ്ടായി. പക്ഷേ നമ്മുടെ ആരാധ്യനേതാവിനെ കോടതി ഒന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേ നമുക്ക് കോടതിയെ മൊത്തത്തില്‍ തന്നെ വിശ്വാസമില്ലാതായി.

ബ്ലോഗില്‍ വല്ലപ്പോഴും വരുന്നതുകൊണ്ട് ഇപ്പോള്‍ പഴയതിനെക്കാളും രസമുണ്ട്. താരത‌മ്യപഠനം നടത്താന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ബ്ലോഗ്. ഗാന്ധിജിയെപ്പറ്റി എന്തോ എങ്ങോ എങ്ങിനെയോ വായിച്ചപ്പോള്‍ തന്നെ സ്വല്പം ഒന്ന് വെയിറ്റുപോലും ചെയ്യാതെ വിഗ്രഹമുടഞ്ഞേ വിഗ്രഹമുടഞ്ഞേ എന്നാര്‍ത്ത് സന്തോഷിച്ചവര്‍ ഈയെമ്മെസ്സിനെപ്പറ്റി ഇവിടെ വായിച്ചപ്പോള്‍, പോരാ, പോരാ, ഇതൊന്നും പോരാ എന്ന ലൈനായി. അവരൊന്നും സീപ്പീയെം ലോക്കല്‍ കമ്മറ്റി മെമ്പര്‍‌മാര്‍ മുതലായ ലെവലിലുള്ള ആള്‍ക്കാരൊന്നുമല്ലെങ്കിലും ഒരു സീപ്പീയെം കാരന് താന്‍ സീപ്പീയെം കാരനാണ് എന്ന് തുറന്നുപറയാനുള്ള ഇപ്പോഴത്തെ സാമൂഹ്യസാഹചര്യങ്ങളിലുള്ള പ്രശ്‌നങ്ങളെപ്പറ്റിയൊക്കെ ബോധവാന്മാരാണ്. (ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് മനുഷ്യാവകാശലംഘനവാദിയായ ഞാന്‍ ആ പോസ്റ്റിലെ സീപ്പീയെം എന്ന സ്ഥാനത്തൊക്കെ ആറെസ്സെസ്സ് എന്നും ഇടതുപക്ഷം എന്നിടത്തൊക്കെ വലതുപക്ഷം എന്നുമൊക്കെ ഇട്ട് ആ പോസ്റ്റ് ഒന്നുകൂടി വായിച്ചപ്പോള്‍ എന്റെ പല വിമ്മിഷ്ടങ്ങളും മാറി).

എന്തായാലും മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ എഴുതുമ്പോഴും തെറ്റാണെന്നറിഞ്ഞിട്ടും അതിനെ ന്യായീകരിക്കുമ്പോഴും, തെറ്റ് തിരുത്താതിരിക്കുമ്പോഴുമെല്ലാം, അതിനുപിന്നിലെ രാഷ്ട്രീയമെന്ന് പറയുന്നത് മാധ്യമങ്ങള്‍ ഉള്ള കാര്യം മാത്രമേ പറയാവൂ എന്നതായിരിക്കണം. അതല്ലാതെ സയന്‍‌സിന്റെ കാര്യത്തില്‍ മാത്രം മാധ്യമം ധര്‍മ്മം നിര്‍വ്വഹിക്കണം, കഷിരാഷ്ട്രീയത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഇപ്പോള്‍ പോകുന്നതുപോലെയൊക്കെ പോകട്ടെ എന്നാണ് നിലപാടെങ്കില്‍, സോറി. നമുക്ക് ഒരു ഗ്യാരന്റിയിലും അക്കാര്യത്തിലില്ല. കാരണം, മാധ്യമങ്ങള്‍ക്ക് അങ്ങിനെ സയന്‍സ് , രാഷ്ട്രീയം എന്നൊരു വേര്‍‌തിരിവൊന്നുമില്ല. അതുകൊണ്ട്, സത്യം, ഉള്ളത്, ശരി മുതലായ കാര്യങ്ങള്‍-അത് സയന്‍സായാലും, രാഷ്ട്രീയമായാലും, കക്ഷിരാഷ്ട്രീയമായാലും-മാധ്യമങ്ങള്‍ പാലിക്കണം എന്ന് വാശിപിടിച്ചാല്‍ മാത്രമേ നമുക്ക് അവരെ ഒരു ലെവലിലാക്കാന്‍ പറ്റൂ.ഇന്നലെ ബീജേപ്പീയെപ്പറ്റി ഇല്ലാത്തതെഴുതുന്ന മാധ്യമം ഇന്ന് സീപ്പീയെമ്മിനെപ്പറ്റിയും നാളെ കാണ്‍ഗ്രസ്സിനെപ്പറ്റിയും ഇല്ലാത്തതെഴുതും എന്ന കാര്യം തിരിച്ചറിഞ്ഞ് ഇല്ലാത്തതാണ്/നുണയാണ്/സംശയമുണ്ട് എന്ന് തോന്നുന്ന എന്തു വാര്‍ത്തയ്ക്കെതിരെയും-അത് സയന്‍സാണെങ്കിലും രാഷ്ട്രീയമാണെങ്കിലും എന്ത് പിണ്ണാക്കാണെങ്കിലും-ഒരേ രീതിയില്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവമുള്ള കുറെപ്പേര്‍ നമുക്കിടയില്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പോസ്റ്റും അതിലെ കമന്റുകളും.

വെല്ലിംഗ്‌ഡണ്‍