Monday, July 14, 2008

ഇടതുപക്ഷാഘാതം

കോവത്സ് സ്റ്റൈലില്‍ ഇവിടെയെഴുതിയിരിക്കുന്നതെന്താണെന്നറിയണമെങ്കില്‍ ആദ്യം ഇതും ഇതും ഇതും ഇതും ഇതും പിന്നെ വേറേ പലതും വായിച്ചിട്ട് യാതൊരു കാര്യവുമില്ല. ഞാനല്ലേ എഴുതുന്നത്. എന്റെ എഴുത്തുകളൊക്കെ എങ്ങിനെയൊക്കെയാണെന്നും അതിന്റെ ഫലം മിക്കവാറും എങ്ങിനെയൊക്കെയാണെന്നും പിരാവള്ളിയുടെ പ്രവാചകന്‍ ഇവിടെ എഴുതിയിട്ടുണ്ട്. എങ്കിലും കാക്കയ്ക്കും തന്‍‌ബുദ്ധി പൊന്‍‌ബുദ്ധിയൊന്നുമല്ലെങ്കിലും പിച്ചളബുദ്ധിയെങ്കിലുമാണല്ലോ. ഒരു ബൌദ്ധികമടവാള്‍പ്പയറ്റ് എനിക്കും പറ്റുമോ എന്നൊന്ന് നോക്കട്ടെ.

സംഭവം ഈ ഭൂമി എത്ര മനോഹരം, ഉരുണ്ടിരിക്കുന്നു. അതിനാല്‍ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജയന്റ് വീല്‍, സോറി വാള്‍, ആവുന്നു. വാളെടുത്തവര്‍ക്കൊക്കെ ബൌദ്ധികമടവാളാല്‍ തന്നെ വെട്ട് കിട്ടുന്നു. കാ‍വ്യനീതി എനിക്കും കിട്ടുമായിരിക്കും. കാരണം പണ്ട് ബ്ലോഗില്‍ തന്നെ എന്നെത്തന്നെ ആള്‍ക്കാര്‍ ചീത്തപറയാന്‍ ഉപയോഗിച്ച കലാപരിപാടികള്‍ ഇപ്പോള്‍ മറ്റ് പലരും നടത്തുന്നതും ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മറ്റ് പലരും പറയുന്നതും (എല്ലാം എന്റെ വ്യാഖ്യാനം മാത്രം. എന്റെ വ്യാഖ്യാനത്തിന്റെ രാജാവ് ഞാന്‍ തന്നെ) കാണുമ്പോള്‍ എനിക്ക് സ്വാര്‍ത്ഥതയില്‍ നിന്നുമുടലെടുത്ത എന്തെന്നില്ലാത്ത സന്തോഷ് മാധവന്മാര്‍.

1. ദുരൂഹത

ഒരു ഇടതുപക്ഷചിന്തകന്‍ എന്ന് നമ്മള്‍ കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ വരുന്നതെന്താണ്? താത്വികമായ അവലോകനവും കൊളോണിയലിസവും പ്രതിക്രിവാവാതകവും പ്രതിലോമകതയും. എല്ലാ ഇടതുപക്ഷവും അങ്ങിനെയാണ് എന്നൊന്നും പറയരുത് എന്നാണെങ്കിലോ...? ഈ പ്രതിക്രിയാവാതകങ്ങളൊക്കെ താത്വികമായ അവലോകിച്ചപ്പോള്‍ “നമ്മളെന്തുകൊണ്ട് തോറ്റു” എന്ന് സിമ്പിളായി ചോദിക്കാന്‍ ഉത്തമനേ ഉണ്ടായിരുന്നുള്ളൂ. ആ ഉത്തമനെ കോട്ടപ്പള്ളി അടിച്ചിരുത്തുകയും ചെയ്തു. ആ കോട്ടപ്പള്ളിയെ ഒരു ഇടതുപക്ഷബുദ്ധിജീവിയും ചീത്ത പറഞ്ഞുമില്ല (ഉത്തമന്‍ എല്ലാ സ്റ്റഡിക്ലാസ്സിലും കയറാതെ ക്ലാസ്സ് കട്ട് ചെയ്ത് നടക്കുകയായിരുന്നു എന്നത് മറക്കുന്നില്ല). എന്തായാലും വെരി വെരി സോറി. ആ ലേബല്‍ ഇടതുപക്ഷസഹയാത്രികര്‍ക്ക് മൊത്തത്തിലായി വീണു. കാര്യം അവര്‍ ചീനച്ചട്ടി അടുപ്പത്ത് വെച്ചിട്ട് രണ്ട് ടീസ്പൂണ്‍ വിഘടനവാദം ഒഴിച്ച് അത് തിളച്ചിതിന് ശേഷം ഒരു സ്പൂണ്‍ പ്രതിക്രിയാവധവും ഒന്നര ടീസ്പൂണ്‍ അരാഷ്ട്രീയവാദവും ഇട്ട് അത് മൂപ്പിച്ചിട്ട് രണ്ട് മുഴുത്ത ആഗോളവല്‍‌ക്കരണം ചെറുതായരിഞ്ഞത് ചേര്‍ത്ത് അത് ഏതാണ്ട് ചുവന്ന നിറമാവുന്നത് വരെ നല്ലപോലെ മൂപ്പിച്ചതിന് ശേഷം മാത്രമേ വര്‍ഗ്ഗാധിപത്യവും ബൂര്‍ഷ്വാസിത്വവും വലിയ കഷ്ണമായി ഇട്ട് ഇളക്കാറുണ്ടായിരുന്നുള്ളുവെങ്കിലും, പ്രതിലോമകത സ്വല്പം കൂടിപ്പോകുന്നതുകൊണ്ടാണോ അതോ ഇര, വേട്ടക്കാരന്‍, കോഴി, കോഴിക്കൂട്, ബ്രോയിലര്‍ ചിക്കന്‍, അസഹിഷ്ണുത ഇവയിലേതെങ്കിലും ഇടാന്‍ മറന്നുപോകുന്നതുകൊണ്ടാണോ എന്നറിയില്ല, ആ ഇടതുപക്ഷചിന്താസരണി ചൂടാറാതെതന്നെ വിളമ്പിയാലും, പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും ആവര്‍ത്തനത്തിന്റെ നിഗൂഢതയില്‍ സമഞ്ചസമായി സമ്മേളിക്കുമ്പോള്‍ ഉദ്‌ഭൂതമാവുന്ന ജുഗുപ്സാവഹമായ വെറും തോന്നലില്‍ മൊത്തത്തില്‍ അതിനൊരു കയ്പാണ് എന്നെപ്പോലുള്ളവര്‍ക്കൊക്കെ തോന്നിയിരുന്നത്. അതോ വിശ്വമാനവികത ആവശ്യത്തിന് ചേര്‍ക്കാത്തതുകൊണ്ടാവുമോ? അതുകൊണ്ടാണ് പലരും പലപ്പോഴും കോട്ടപ്പള്ളി സ്റ്റൈലില്‍ ‘എന്തുകൊണ്ട് നമ്മള്‍ തോറ്റൂ എന്ന് സിമ്പിളായൊന്ന് പറഞ്ഞുതായോ” എന്ന് താണുവീണുകേണപേക്ഷിച്ചുകൊണ്ടിരുന്നത്. അപ്പോഴൊക്കെ കുമാരപിള്ളസാര്‍ നമ്മുടെ ബുദ്ധിജീവിയാണ്, അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ വിവരമറിയും എന്ന സ്റ്റൈലിലായിരുന്നു പ്രതികരണങ്ങളില്‍ പലതും. മാത്രവുമല്ല, ഇതൊക്കെ നാട്ടിലെ മുറുക്കാന്‍ കടക്കാരന്‍ കുട്ടപ്പന്‍ പറയുന്നതിലും സിമ്പിളായല്ലേ പറയുന്നതെന്നും പറഞ്ഞു. കുമാരപിള്ളസാറാവട്ടെ, കൊളോണിയലിസവും സോഷ്യലിസ്റ്റ് ചിന്താസരണികളും റാഡിക്കലായുള്ള ഒരു മാറ്റമല്ല എന്നൊക്കെ പറഞ്ഞ് കോട്ടപ്പള്ളിയെ പിന്നെയും വട്ടാക്കി. അങ്ങിനെയൊക്കെയായിരുന്നു ഞാന്‍ കണ്ട പല ഇടതുപക്ഷചിന്താസരണികളും പോയിക്കൊണ്ടിരുന്നത്, ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്, ഇനിയും പോയിക്കൊണ്ടിരിക്കുമാറാവുന്നത്-ഡോക്ടര്‍ പശുപതിയിലെ ഇന്നസെന്റിന്റെ പ്രതിജ്ഞ സ്റ്റൈലില്‍. (ഇടയ്ക്ക് ഒരു പ്രത്യേക ലെവല്‍ ചര്‍ച്ചകള്‍ ഒരു പ്രത്യേക ലെവല്‍ ആള്‍ക്കാരെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും, ആ പ്രത്യേക ലെവലിനപ്പുറവുമിപ്പുറവുമുള്ള ലെവലില്ലാത്ത ലെവന്മാര്‍ക്കും കുശന്മാര്‍ക്കും ഇവിടെന്ത് കാര്യമെന്ന് കുശലവും ചോദിച്ചു).

കാലചക്രം അങ്ങിനെ കറങ്ങിക്കറങ്ങി പുസ്തകവിവാദത്തിലെത്തി. എന്തതിശയം!!! ദുരൂഹതയുടെ ബ്രാന്‍ഡ് അംബാസിഡര്‍കാറൊക്കെ ലളിതമ്മയെയും സരസമ്മയെയും വിളിക്കുന്നു. ചില അവലോകനങ്ങള്‍ കണ്ടപ്പോള്‍ വട്ടായി ബൌദ്ധിക മടവാള്‍ വരെയെടുക്കുന്നു. ആഞ്ഞു വീശുന്നു. “എന്നാലും ഞങ്ങള്‍ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല” സ്റ്റൈലില്‍ “അറിഞ്ഞുകൂടാ എന്നതിന്റെ ഹിന്ദി ഈ മറുതായ്ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കടാ” ടോണില്‍ “ഞങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ലേ” എന്ന് വിളിച്ചുകൂവുന്നു. “ഞാന്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ” എന്ന് തികച്ചും സ്വാഭാവികമായി ചോദിച്ചുകൊണ്ടിരുന്നവരൊക്കെ ഓരോ വരിയുമെടുത്ത് ഇതെന്താണ്, ഇതെന്താണ്, ഇനി ഇതെന്താണ്, ഇനിയെന്താണ് എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു...

ഞാന്‍ ഓര്‍ക്കുകയായിരുന്നു. പണ്ടൊക്കെ എന്നെപ്പോലുള്ളവരൊക്കെ ഏതെങ്കിലും ബൌദ്ധികവ്യായാമത്തിലെ മനസ്സിലാകാത്ത കാര്യങ്ങള്‍ ഓരോ വരിയെടുത്ത് ക്വോട്ടി ഇതെന്തുവാ, ഇതെന്തുവാ, ഇതെന്തുവാ എന്നൊക്കെ ചോദിക്കുമ്പോള്‍ സഹിഷ്ണതയുടെ അങ്ങേയറ്റത്തെ ആള്‍ക്കാര്‍ പോലും പ്രന്തായി എന്നെ ചീത്ത പറയുമായിരുന്നു. “ഇനിയിപ്പോള്‍ ലെവന്‍ വരും കുറെ ചോദ്യങ്ങളുമായി” എന്നത് എന്നെപ്പോലുള്ളവരെ വിശേഷിപ്പിക്കാനുള്ള ഒരു ശൈലി വരെയായി. അതൊക്കെ “ആ പഴയകാലം” എന്ന് നമ്മളൊക്കെ വിശേഷിപ്പിക്കുന്ന “ആ നല്ല കാലം”. പ്രതിലോമകതയും അരാഷ്ട്രീയതയും, ആഗോളവത്കരണവും, എന്തിനധികം മാര്‍ക്സിസം വരെ അരച്ച് കലക്കി കുടിച്ച് താത്വികമായി, എന്നാല്‍ വളരെ സിമ്പിളായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നവരൊക്കെ പാഠപുസ്തക വിവാദത്തില്‍ “അ‌യിതര്‍ യൂവാറ് വിത്തസ് ഓറ് യൂവാറ് എഗെയിനെസ്റ്റസ്” എന്ന സ്റ്റൈലില്‍ നിന്ന് മാറി കുറച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ (ബുഷ് പണ്ട് ഇങ്ങിനെയെന്തോ പറഞ്ഞപ്പോള്‍ വാളെടുത്ത അതേ നമ്മള്‍ തന്നെ), അതിലെ ദുരൂഹത കണ്ട് അന്തം വിട്ട് കുന്തം പോയിട്ട് ഒരു ചെറുപഴം പോലും വിഴുങ്ങാന്‍ പറ്റാതെ ഇങ്ങിനെ ഇരിക്കുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു, പിന്നെ പോയി.

അതാണ് പറഞ്ഞത് കാലചക്രം എന്തായാലും കറങ്ങുമെന്നും ബൌദ്ധികമടവാള്‍ എടുത്തവര്‍ക്കൊക്കെ അതുകൊണ്ട് തന്നെ വെട്ട് കിട്ടുമെന്നും. പണ്ടത്തെ സിംഹങ്ങളൊക്കെ ഇപ്പോള്‍ പുലിയായി മലയാളഭാഷയും വ്യാകരണവും ശബ്ദതാരാവലിയുമൊക്കെ തേടിപ്പോകുന്നത് കാണുമ്പോള്‍ എന്തോ ഒരു “സാഡിസ്റ്റിക് പ്ലഷര്‍” :)

ഈ വെര്‍ബല്‍ വയറ്റിളക്കിത്തിന്റെ ചുരുക്കെഴുത്ത്

കാര്യങ്ങള്‍ ഏറ്റവും സിമ്പിളായി എനിക്കുപോലും മനസ്സിലാവുന്ന രീതിയില്‍ പറയണമെന്ന എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍‌ക്കുന്നു. പക്ഷേ തങ്ങളുടെ ബൌദ്ധിക വ്യായാമം കണ്ട് അന്തം വിടുന്നവരോട് “ഞാന്‍ എന്താ പറഞ്ഞതെന്ന് നിനക്ക് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ” സ്റ്റൈലില്‍ സഹിഷ്ണുത കാണിക്കുകയും വേറേ ആരെങ്കിലും ബൌദ്ധിക വ്യായാമം നടത്തുമ്പോള്‍ അതിനെതിരെ മടവാള്‍ എടുക്കുകയും ചെയ്യുന്നത് (പേറ്റന്‍ഡഡ്) ഇരട്ടത്താപ്പാന എന്നാണ് എന്റെ അഭിപ്രായം. ബുദ്ധി കൂറഞ്ഞവര്‍ക്ക് ബുദ്ധി കൂടിയവരുടെ ബൌദ്ധികനിലവാരത്തിലേക്ക് കയറാന്‍ പറ്റില്ലായിരിക്കാം. പക്ഷേ ബുദ്ധി കൂടിയവര്‍ക്ക് ബുദ്ധി കുറഞ്ഞവരുടെ ലെവലിലേക്ക് വരാമല്ലോ. ആനയ്ക്ക് മാത്രമല്ലേ ഇറക്കത്തില്‍ പ്രശ്നമുള്ളൂ. ബാക്കി ഒരുമാതിരിപ്പെട്ട ജീവികള്‍ക്കൊക്കെ കയറാനല്ലേ പാട്. ഇറക്കം എളുപ്പമാണല്ലോ.

2. അവിടുത്തെപ്പോലെ ഇവിടെയും-ഭാഗം 1

ചുരുക്കിപ്പറയാം (ചുമ്മാ :)). അതായത് ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ നാട്ടിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നിലപാട് ചൈനയ്ക്കനുകൂലമായിരു‍ന്നു എന്നൊരു വാദം വന്നാല്‍ നമ്മള്‍ ആ വാദത്തിന്റെ തലയില്‍ കത്രിക വെച്ച് അതില്‍ നിന്ന് ഒരു മുടിനാരെടുത്ത് അതിന്റെ നൂറായി വിഭജിച്ച് വിശകലനം നടത്തി നമുക്ക് വേണ്ട രീതിയില്‍ കണ്‍ക്ലൂഷനുണ്ടാക്കും. പ്രകാശ് കാരാട്ട് എന്ത് പറഞ്ഞു എന്ന് ചോദിച്ചാല്‍ അദ്ദേഹം ഒരിക്കലും ഇന്ത്യയേക്കാള്‍ വലുതാണ് തനിക്ക് ചൈന എന്ന് പറഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കും (ശരിയല്ലേ-അല്ല, ചൈനയാണ് ഇന്ത്യയേക്കാള്‍ വലുത്-വിക്കിയില്‍ വിശ്വാസമുള്ളവര്‍ക്ക് വിക്കിനോക്കാം. അല്ലെങ്കില്‍ സി.ഐ.ഏ യുടെ സൈറ്റുണ്ട്).അങ്ങിനെ അതിനെയൊക്കെ നമ്മള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ വിശകലിക്കും. പക്ഷേ ആണവക്കരാറിന്റെ കാര്യം വരുമ്പോള്‍ ആ ശാസ്ത്രീയതയൊന്നും കാണില്ല. അവിടെ കലാം വികാരപരമായി സംസാരിക്കുന്നു എന്ന് പറഞ്ഞ് കലാമിന്റെ പ്രസംഗം വിശകലിക്കും. പക്ഷേ കരാറിനെ എതിര്‍ക്കുന്നവരുടെ പ്രസംഗം കൊടുത്തിരിക്കുന്നത് വായിച്ചാല്‍ അവിടെയും വികാരമേ കാണനുള്ളൂ. വികാരിയില്ല, വക്കാരിയുമില്ല.

പാഠപുസ്തകപ്പാമരപ്പണ്ഡിത വിവാദത്തില്‍ ഈ പുസ്തകം കൊണ്ട് പിള്ളാര്‍ നന്നാവുമോ എന്ന് ചോദിച്ചാല്‍ അന്തിമമായ ഫലം എങ്ങിനെയാവും എന്നുറപ്പിച്ചിട്ട് ഒരു മാറ്റവും സാധ്യമല്ല. ചെയ്ത് നോക്കുക, കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി എന്നൊക്കെ ന്യായം പറയുന്ന നമ്മള്‍ ആണവക്കരാര്‍ മൂലം അമേരിക്ക എങ്ങിനെയൊക്കെ ഇന്ത്യയെ ദ്രോഹിക്കുമെന്നും അതുമൂലം ഇന്ത്യയ്ക്ക് വരാവുന്ന ദോഷങ്ങള്‍ (ദോഷങ്ങള്‍ മാത്രമേ പറയുകയുള്ളൂ താനും) എന്തൊക്കെയാണെന്ന് ആറ്റുകാല്‍ രാധാകൃഷ്ണനെക്കാളും കൃത്യമായി പ്രവചിക്കുകയും ചെയ്യും - എന്നാല്‍ ജ്യോതിഷത്തിനൊട്ടെതിരാണു താനും. അതായത് പാഠപുസ്തകവിവാദത്തിന് ഒരു രീതി, ആണവക്കരാറിന് വേറൊരു നീതി. ഇനി പാഠപുസ്തകത്തെയും ആണവക്കരാറിനെയും തമ്മില്‍ ബന്ധിപ്പിച്ച എന്റെ ബുദ്ധിക്ക് മുന്‍പില്‍ തൊപ്പിയൂരാന്‍ വരട്ടെ, തൊപ്പിയൂരുക മാത്രമല്ല, തല മൊട്ടയടിക്കുക കൂടി ചെയ്യേണ്ട ബുദ്ധിയല്ലേ ആണവക്കരാറിനെ അനുകൂലിക്കുന്നതും കൃസ്ത്യന്‍ ഫണ്ടമെന്റലിസവും തമ്മില്‍ ബന്ധിപ്പിക്കുന്നത്? അല്ലെങ്കില്‍ ഗുജറാത്തിലെ സംഘപരിവാറുകാര്‍ പാര്‍ലമെന്റ് ആക്രമിച്ചത്? അല്ലെങ്കില്‍ കാര്‍ഗില്‍? എല്ലാം ശാസ്ത്രീയമായ വിശകലനങ്ങള്‍ തന്നെ. എന്തിനെയും ശാസ്ത്രീയമായി വിശകലിക്കുന്ന നമ്മള്‍, വേണമെങ്കില്‍ ശാസ്ത്രീയച്ചാവേറുകളാവാനും റെഡിയായിട്ടുള്ള നമ്മള്‍, കണ്ണ് മഞ്ഞളിച്ചുപോകുന്ന ചില കോണ്‍സ്പിരാന്‍സി തിയറികള്‍ മുന്നോട്ട് വെക്കുന്നതും അതിലൊന്നും യാതൊരു ശാസ്ത്രീയതയും ആവശ്യപ്പെടാത്തതും കണ്ണടച്ച് തന്നെ അവയൊക്കെ വിശ്വസിക്കുന്നതും കാണുമ്പോള്‍, പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്ന കമ്പയറ് ചെയ്ത് കോണ്ട്രാസ്റ്റാനൊക്കെ എന്തെളുപ്പം, ഈ പറയുന്ന ശാസ്ത്രീയത സ്വന്തം നിലപാടുകളിലും ഇടപെടലുകളിലും ഇമ്പ്ലിമെന്റ് ചെയ്യുമ്പോഴല്ലേ അതിനൊരു ഇത് (ഏത്?) വരികയുള്ളൂ എന്ന് ദോഷത്തില്‍ ഐക്യമുള്ള ഏതെങ്കിലും ദൃക്‌കുകള്‍ പറയുകയാണെങ്കില്‍ ചുട്ട കോഴിയെ പറപ്പിക്കുന്ന തരം മറുപടി അവര്‍ക്ക് കൊടുക്കുന്നതെങ്ങിനെയെന്നും കൂടി ആരെങ്കിലും താത്വികമായെങ്കിലും ഒന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍...

ഈ വെര്‍ബല്‍ വയറ്റിളക്കിത്തിന്റെ വൈരച്ചുരുക്കം:

ആണവക്കരാര്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് ദോഷമാവുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. നാടിന് ഏതെങ്കിലും രീതിയില്‍ ദോഷം വരുന്ന ഒരു കാര്യത്തിനും ഞാന്‍ അനുകൂലമല്ല. പക്ഷേ ആണവക്കരാറിനെ വേറൊരു കോണകത്തില്‍ കൂടി വീക്ഷിക്കുമ്പോള്‍ അത് ആണവക്കരാര്‍ എന്ന ചെറിമരത്തിലെ നമുക്ക് വേണ്ട ചെറിപ്പഴങ്ങള്‍ മാത്രമെടുത്ത് കൊട്ടയിലിട്ടിട്ട് “ദോ കണ്ടോ, ഈ മരം മുഴുവന്‍ ഈ ടൈപ്പ് ചെറിപ്പഴങ്ങള്‍ തന്നെ” എന്ന രീതിയില്‍ പറയുന്നത് പറയുന്നവരുടെ പക്ഷസ്വാതന്ത്ര്യം. പക്ഷേ ഞാന്‍ ഇവിടെ കോട്ടപ്പള്ളിയായി കണ്‍ഫ്യൂഷനടിക്കുന്നത് ഇന്ത്യാ-ചൈനാ യുദ്ധത്തിലെ വിശകലനരീതിയും ബുദ്ധിയും ഇക്കാര്യത്തില്‍ (ഞാന്‍) കാണാത്തതുകൊണ്ടാണ്. ചോരയുള്ള അകിടിന്‍ ചുവട്ടില്‍ ഞാന്‍ മില്‍‌മാ പാല്‍ മാത്രമേ കാണുകയുള്ളൂ എന്നത് എന്റെ പ്രശ്നം. അതിന് മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

3. അവിടുത്തെപ്പോലെ ഇവിടെയും - ഭാഗം 2

അപ്പോള്‍ എല്ലാവരും കണ്ടല്ലോ... ഒരു സര്‍ക്കാര്‍ ഒരു പാഠപുസ്തകം ഇറക്കുന്നു. ചിലര്‍ അത് വിവാദമാക്കുന്നു. അപ്പോള്‍ പാഠപുസ്തക അനുകൂലികള്‍/സര്‍ക്കാര്‍ അനുകൂലികള്‍/പക്ഷാനുകൂലികള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തൊക്കെയാണ്?

1. പാഠപുസ്തകം മുഴുവന്‍ സ്കാന്‍ ചെയ്ത് നെറ്റിലിടുക
2. അതിലെ ഓരോ പേജും വിശകലനം ചെയ്യുക
3. വിവാദങ്ങളില്‍ കഴമ്പുണ്ടോ എന്ന് ആത്മാര്‍ത്ഥമായി പരിശോധിക്കുക
4. വിവാദത്തിന് വേണ്ടി വിവാദമുണ്ടാക്കുന്നവരെ ശക്തമായി അപലപിക്കുക.
5....
6....

ഇനിയും സര്‍ക്കാരുകള്‍ മാറിവരും. അടുത്ത സര്‍ക്കാര്‍ അവരുടെ അജണ്ടപ്രകാരം (ഓരോ സര്‍ക്കാരിന്റെയും നയങ്ങള്‍ പാഠപുസ്തകങ്ങളില്‍ പ്രതിഫലിക്കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല എന്നും നമ്മളിലാരോ ഇപ്പോള്‍ പറഞ്ഞു) പാഠപുസ്തകമുണ്ടാക്കുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടതെന്തൊക്കെയാണ്?

1. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കുക
2. ആ പാഠപുസ്തകങ്ങള്‍ മുഴുവന്‍ സ്കാന്‍ ചെയ്ത് നെറ്റിലിടുക
3. ഓരോ പേജും വിശകലനം ചെയ്യുക
4. കണ്ണടച്ചെതിര്‍ക്കാതിരിക്കുക
5. ഇതിലെന്താണ് പ്രശ്നമെന്ന് പുസ്തകമിറക്കിയവര്‍ ചോദിക്കുമ്പോള്‍ (ഇപ്പോള്‍ നമ്മള്‍ ചോദിക്കുന്നതുപോലെ) കണ്ണടച്ച് പ്രശ്‌നമേ ഉള്ളൂ എന്ന് പറയാതെ നല്ലപോലെ പഠിച്ചിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഉണ്ടെന്ന് പറയുക. ഇറക്കിയതവരായതുകൊണ്ട് എന്തുവന്നാലും എതിര്‍ക്കും എന്ന നയത്തിനെ നമ്മള്‍ അപലപിച്ചതിന്റെ ചൂടാറിയിട്ടില്ല എന്നോര്‍ക്കണം.

ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ എനിക്ക് കഴിഞ്ഞ ബീജേപ്പീ സര്‍ക്കാരിന്റെ കാലത്തെ പാഠപുസ്തകവിവാദ സമയത്ത് അവര്‍ക്ക്, ഇപ്പോളത്തെ പാഠപുസ്തക വിവാദസമയത്ത് ഇപ്പോഴത്തെ സര്‍ക്കാരിന് നമ്മള്‍ കൊടുത്ത ആനുകൂല്യങ്ങള്‍/നീതികള്‍ കൊടുത്തോ എന്ന്, ഒരു ചമ്മലുമില്ലാതെ ചോദിക്കാം (എന്തായാലും അന്നത്തെ ഒരു പാഠപുസ്തകവും ഞാന്‍ കണ്ടിട്ടില്ല, ആരും സ്കാന്‍ ചെയ്ത് നെറ്റിലുമിട്ടില്ല. അതുകൊണ്ട് അതിനെപ്പറ്റി എനിക്കൊന്നും പറയാനും പറ്റില്ല. അന്നത്തെ പാഠപുസ്തകത്തെ വിമര്‍ശിച്ചവര്‍ അത് മൊത്തം വായിച്ച് നോക്കി അതില്‍ പ്രശ്നമുണ്ട് എന്ന് ബോധ്യപ്പെട്ടിട്ട് തന്നെയാണ് അതിനെ വിമര്‍ശിച്ചതെന്ന് കരുതുന്നു. അവരുടെ ബോധ്യം ശരിയാണെങ്കില്‍, അതിനുപിന്നില്‍ അജണ്ടകളൊന്നുമില്ലെങ്കില്‍ അതിന് എന്റെ പൂര്‍ണ്ണ പിന്തുണ). പക്ഷേ തുല്യനീതി ആഗ്രഹിക്കുന്ന ഏതൊരാളും എം.ഏ ബേബിപ്പുസ്തകത്തിന് ഇപ്പോള്‍ കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിമുതലെങ്കിലുമുള്ള പാഠപുസ്തകവിവാദങ്ങള്‍ക്ക് കൊടുക്കണം. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഒരിടമായി ഭാവിതലമുറയുടെ പാഠപുസ്തകങ്ങള്‍ മാറിയത് കണ്ട് നമുക്ക് കുറച്ച് അത്ഭുതപ്പെടുകയുമാവാം (യഥാര്‍ത്ഥ ചരിത്രം കുട്ടികളില്‍ നിന്നും വലിയവരില്‍ നിന്നും മറച്ചുവെക്കുന്നവരെയും, ഒരു കാര്യത്തിന് രണ്ട് വാദങ്ങളുണ്ടെങ്കില്‍ ആ രണ്ട് വാദങ്ങളെയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാതെ തങ്ങള്‍ക്ക് യോജിച്ച വാദം മാത്രം അവതരിപ്പിക്കുന്നതിനെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നു-ചെയ്യുന്നത് വലതായാലും ഇടതായാലും നിഷ് ആയാലും).

അതുപോലെതന്നെ ഇനി അടുത്ത പാഠപുസ്തകവിവാദചര്‍ച്ചയില്‍ ആരും പ്രതിലോമകത, പ്രകൃതിവാതകം മുതലായ ബൌദ്ധികമടവാളുകള്‍ എടുത്ത് വീശാതിരിക്കുക. ഒന്നും മനസ്സിലാവാത്തവരുടെ വികാരങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും നല്ലതുപോലെ മനസ്സിലായല്ലോ...

4. താനാരാണെന്ന് തനിക്കറിയാന്‍ വയ്യെങ്കില്‍ താനെന്നോട്...

ബീജേപ്പീയെന്നാല്‍ ആറെസ്സെസ്സല്ല, ആറെസ്സെസ്സെന്നാല്‍ ബീജീപ്പിയല്ലേ എന്ന് ഏതെങ്കിലുമൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയൊന്ന് പറഞ്ഞ് നോക്കട്ടെ (നോക്കി, ഇവിടുണ്ട്)- ലെവനെ നോക്കി അഞ്ച് മിനിറ്റെങ്കിലും മിനിമം ചിരിക്കും സാമാന്യജനം. പക്ഷേ സീപ്പീയെമെന്നാല്‍ ഇടതുപക്ഷല്ല, ഇടതുപക്ഷമെന്നാല്‍ സീപ്പീയെമല്ല എന്ന് പറഞ്ഞാലോ, അത് തികച്ചും വാസ്തവമായി മാറുകയും ചെയ്യും. ഏതേതൊക്കെയാണെന്നും ആരാരൊക്കെയാണെന്നും ശ്രീനിവാസന്‍ സ്റ്റൈലില്‍ തെളിയിക്കാന്‍ നോക്കിയാലോ, മൊത്തം കണ്‍ഫ്യൂഷനാവുകയും ചെയ്യും. ഇനി സീപ്പീയം ഇടതുപക്ഷമല്ല എങ്കില്‍ ഇടതുപക്ഷത്തിന് നാണക്കേടുണ്ടാക്കാന്‍ നടക്കുന്ന ഈ സീപ്പീയെമ്മിനെ യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ക്ക് തള്ളിപ്പറയാന്‍ വയ്യേ-അതിനുള്ള ഊര്‍ജ്ജമൊട്ട് കാണാനും പറ്റുന്നില്ല. മാത്രവുമല്ല, ആ‍ണവക്കരാറാണെങ്കിലും ആണുങ്ങളുടെ കരാറാണെങ്കിലും മനുഷ്യാവകാശമാണെങ്കിലും മോബ് ജസ്റ്റീസാണെങ്കിലും പല ഇടതുപക്ഷക്കാരും (എന്ന് ഞാന്‍ കരുതുന്നവര്‍) സപ്പോര്‍ട്ട് ചെയ്യുന്നത് ഈ സീപ്പീയെമ്മിന്റെ നയങ്ങളും അവരുടെ ചെയ്തികളുമൊക്കെത്തന്നെയാണ് താനും. എന്തിനധികം, കണ്ണൂരില്‍ പാര്‍ട്ടി നടപ്പാക്കുന്ന മോബ് ജസ്റ്റീസിനെ പോലും ഇടതുപക്ഷക്കാര്‍ (എന്ന് ഞാന്‍ കരുതുന്നവര്‍) വിപ്ലവവീര്യം തുളുമ്പി നില്‍ക്കുന്നപോലെയോ, കോവാലകൃഷ്ണനെ പഴയ സ്കൂള്‍ ജീവിതമൊക്കെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലോ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല എന്നാണ് എന്റെയൊരു തോന്നല്‍. അപ്പോള്‍ പിന്നെ ഒന്നായ നിന്നെയിഹ ഒന്നെന്ന് തന്നെ കണ്ട ആ ഇണ്ടലിനെ കുറ്റം പറയാന്‍ പറ്റുമോ. എന്തായാലും ബീജേപ്പീയും 6Sസ്ക്വയറും ഉം ഒന്നാണെന്ന് തെളിയിച്ചവര്‍ക്ക് തന്നെ ഇപ്പോള്‍ സീപ്പീയെമ്മും ഇടതുപക്ഷവും രണ്ടാണെന്ന് തെളിയിക്കേണ്ടിവന്നതിനെയാണോ ഗതികേട് എന്ന് പറയുന്നത്?

5. സഹിഷ്ണുതാ മേനോനും മകന്‍ എ. സഹിഷ്ണുതാകുമാറും

ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരുടെയെങ്കിലും അസഹിഷ്ണുതയ്ക്ക് ഏതെങ്കിലുമൊക്കെ രീതിയില്‍ ആരെങ്കിലുമൊക്കെ പാത്രമായിട്ടുണ്ടായിരിക്കുമല്ലോ. അങ്ങിനെയാണെങ്കില്‍ എന്താണ് അസഹിഷ്ണുതയെന്നും അത് എത്രമാത്രം അരോചകമാണെന്നും നമുക്കറിയാമായിരിക്കണം. അപ്പോള്‍ അസഹിഷ്ണുതയെപ്പറ്റിയൊക്കെ ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങളുടെ തുടക്കം തന്നെ “പണ്ടാരം, ലെവന്‍ എഴുതിയിരിക്കുന്നതൊക്കെ മൊത്തം വായിച്ചുനോക്കേണ്ട ഗതികേട്” എന്നൊക്കെയായാലോ? അതാണോ ഈ വൈരുദ്ധ്യാത്മീയഭൌതികവാദം അഥവാ മണ്ണാങ്കട്ട? അസഹിഷ്ണുതയാണ് ഫാസിസത്തിന്റെ തൊട്ടുമുന്നിലത്തെ സ്റ്റോപ്പെന്നൊക്കെ പറയും. പക്ഷേ പാഠപുസ്തകവിവാദത്തെപ്പറ്റി വേറിട്ട രീതിയില്‍ എങ്ങാനുമൊന്ന് പറഞ്ഞാല്‍ പിന്നെ ഒട്ടും ക്ഷമയില്ല. പ്രതിലോമകതയും പ്രതിക്രിയാവാതകവും പ്രകൃതിവാതകവുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം ലേഖനങ്ങളില്‍ കയറ്റി ആനന്ദം കണ്ടെത്തുന്നവര്‍ നവലിബറലിയെയും പടിഞ്ഞാറന്‍ സെക്യുലറലിയെയും കാണുമ്പോള്‍ പ്രാന്ത് പിടിക്കും. ക്ഷമ അളക്കുന്ന മീറ്ററാണല്ലോ നെല്ലിപ്പലക. ക്ഷമാമീറ്ററില്‍ നെല്ലിപ്പലക കണ്ടാല്‍ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ക്ഷമയുടെ നെല്ലിക്കാപ്പലക കാണുക എന്നത് തികച്ചും മനുഷ്യസഹജം. പക്ഷേ അങ്ങിനെയുള്ളപ്പോള്‍ അസഹിഷ്ണുതയെപ്പറ്റിയുള്ള ലേഖനമെങ്കിലും അസഹിഷ്ണുതാമുക്തമായിരുന്നെങ്കില്‍; അതിനുള്ള പ്രചോദനമെങ്കിലും അസഹിഷ്ണുതയില്‍ നിന്നും ഉടലോടെയെടുക്കാത്തതായിരുന്നെങ്കില്‍... എന്റെ ക്ഷമ കെട്ടു.


ഊപ്പസംഭാരം

അതുകൊണ്ട് എത്രയും പ്രിയപ്പെട്ട ഇടതുപക്ഷമനുഷിഷ്യൂവകാശസഹാനുഭൂതികുത്തകവിരുദ്ധാ-
‍വിശ്വമാനവികവാദമാഗോളവല്‍ക്കരണസാമ്രാജ്യത്വസാമ്പാര്‍വിരുദ്ധരേ,
ആ എയറുപിടുത്തമൊക്കെ കളഞ്ഞ് ഒന്ന് റിലാക്സ് ചെയ്ത് വരൂ. ലോകത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും നിങ്ങളുടെ വികാരങ്ങളൊക്കെത്തന്നെ. അവകാശങ്ങളൊക്കെ സാധിച്ച് കിട്ടണമെന്ന് ഏതൊരു മനുഷ്യനും ബോധമുണ്ട്. സഹാനുഭൂതിയുണ്ട്, അനുകമ്പയുണ്ട്, നിങ്ങളെക്കാളും നീറ്റായി നിസ്വാര്‍ത്ഥമായി ചാരിറ്റി ചെയ്യുന്നവരുണ്ട് (അതിന്റെ മനഃശാസ്ത്രം വിശകലിച്ചിട്ടുമുണ്ട്), അനീതിയ്ക്കെതിരെ ചോര തിളക്കുന്നവരുണ്ട്, അക്രമത്തെ ന്യായീകരിക്കാത്തവരുണ്ട്, അധിനിവേശത്തെ എതിര്‍ക്കുന്നവരുണ്ട്. ഇതൊക്കെ ചെയ്യാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ ആകണമെന്നില്ല, മനുഷ്യരായാല്‍ മതി. അതുകൊണ്ട് വരൂ നമുക്കെല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് നാടിന്റെ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാം. ഹിഡണ്‍ അജണ്ടയൊന്നുമുണ്ടാവാന്‍ പാടില്ലെന്ന് മാത്രം. നാടിന്റെയും നാട്ടുകാരുടെയും നന്മ മാത്രമായിരിക്കണം ലക്ഷ്യം. പിന്നെ പറഞ്ഞതിന്റെ പത്ത് ശതമാനമെങ്കിലും പ്രവര്‍ത്തിക്കുകയും വേണം (കഃട് അഗ്രജന്‍). ഇരട്ടത്താപ്പുകള്‍ കഴിവതും ഒഴിവാക്കുകയും വേണം. തെറ്റ് എല്ലാവര്‍ക്കും പറ്റാമെന്ന് നമുക്ക് തെറ്റ് പറ്റുന്നത് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ മാത്രം നിവൃത്തിയില്ലാതെ പറഞ്ഞാല്‍ മാത്രം പോര, നമ്മളെപ്പോലെ തന്നെയായിരിക്കും മറുപക്ഷവും എന്ന ഒരു പരിഗണനയും വേണം. നമുക്കൊരു നീതിയും മറ്റവര്‍ക്ക് വേറൊരു നീതിയും എന്നത് വിവേചനത്തിനെതിരെ പടപൊരുതുന്ന ഇടതുപക്ഷത്തിന് ഒരിക്കലും ഭൂഷണമല്ലല്ലോ. അതുകൊണ്ട് ആ എയറുപിടത്തമൊക്കെ കളഞ്ഞ് ചുമ്മാ ഫ്രീയായി വരൂ. നമ്മളെല്ലാവരുമൊന്നുപോലെ.

ഇനി പക്ഷീയഗാനം

(ഈ ഗാനത്തിന് ഇവിടുത്തെ കവിതയുമായി എന്തെങ്കിലും സാമ്യം ആരെങ്കിലും കണ്ടാല്‍ ഞാന്‍, ദോ ഇവിടെ സൂരജ് ചിരിച്ചതുപോലെ ഒരു പതിനാല്‍ മിനിറ്റ് നിര്‍ത്തി നിര്‍ത്തി ചിരിക്കും) :)

ഒരു നാള്‍,
ഇന്നാട്ടിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.

ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യങ്ങളായ റഷ്യ, പോളണ്ട്, കൊറിയ, മറിയ തുടങ്ങിയവ കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ പറ്റിയോ എന്ന്
അവര്‍ ചോദിക്കും.

ഏക്കേജീ സെന്ററിനെക്കുറിച്ചോ
പാലോറമാതയെക്കുറിച്ചോ
കൈരളീ റ്റീവിയെക്കുറിച്ചോ
ദേശാഭിമാനിയെക്കുറിച്ചോ
അവര്‍ അന്വേഷിക്കില്ല.
'പക്ഷത്തിന്റെ ആശയ'ത്തോടുള്ള
അന്ധമായ പോരാട്ടത്തെക്കുറിച്ച്‌
ആരായുകയില്ല.
ദസ് ക്യാപിറ്റലിന്റെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
വിശ്വമാനവികതെയെക്കുറിച്ചോ,കുത്തകവിരുദ്ധതയെപ്പറ്റിയോ
ആരും ചോദിക്കില്ല

എല്ലാം തികഞ്ഞപ്പോള്‍ ചുമ്മാ‍ ഉടലെടുത്ത
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്‌
അവര്‍ ചോദിക്കില്ല.

പ്രതിലോമകതെപ്പറ്റിയോ പ്രതിക്രിയാവാതകത്തെപ്പറ്റിയോ
അവര്‍ ചോദിക്കില്ല. ഇരയെപ്പറ്റിയോ വേട്ടക്കാരനെപ്പറ്റിയോ മിണ്ടില്ല

അന്ന്,
സാധാരണക്കാരായ മനുഷ്യര്‍ വരും.
ഇടതുപക്ഷബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
ഇടമില്ലാതിരുന്നവര്‍,
അവര്‍ക്കു ചായയും പരിപ്പുവടയും ദിനേശ് ബീഡിയും
എത്തിച്ചുകൊടുത്തിരുന്നവര്‍,
അവര്‍ പറഞ്ഞതൊക്കെ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്നവര്‍,
അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,

അവര്‍ വന്നു ചോദിക്കും:

എന്തേ ആണവക്കരാറിനൊരു നീതിയും പാഠപുസ്തകത്തിന് വേറൊരു നീതിയും...?
എന്തേ ബീജേപ്പീക്കാര്‍ ചെയ്തത് തന്നെ വളച്ചിട്ട് തിരിച്ചിട്ട് നിങ്ങള്‍ ചെയ്യുമ്പോള്‍
അവരെ ചീത്ത പറയുന്നതും നിങ്ങളെ ന്യായീകരിക്കുന്നതും...?
എന്തേ കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങളൊക്കെയിട്ട് ഉത്തമനെ വട്ടുപിടിപ്പിച്ച നിങ്ങള്‍ക്ക്
നവലിബലറിലെയും പടിഞ്ഞാറന്‍ സെക്യുലറലിയെയും കണ്ടപ്പോള്‍ വട്ടായത്...?
എന്തേ നിങ്ങള്‍ ചെയ്യുന്നതുപോലെ മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍
നിങ്ങള്‍ക്ക് അതൊട്ടും പിടിക്കാത്തത്...?
എന്തേ മോബ് ജസ്റ്റീസിനെ അപലപിച്ച നിങ്ങള്‍
ഡിഫിമോബ് നിയമം കൈയ്യിലെടുത്ത് ജസ്റ്റീസ് (എന്ന് അവര്‍ക്ക് തോന്നിയത്)
നടപ്പാക്കിയപ്പോള്‍ അരാഷ്ട്രീയപരമായ മൌനം പാലിച്ചത്?

എന്തേ അരാഷ്ട്രീയവാദത്തെ ചീത്ത പറഞ്ഞ നിങ്ങള്‍,
ആള്‍ക്കാര്‍ രാഷ്ട്രീയബോധം കാണിക്കാന്‍ തുടങ്ങിയപ്പോള്‍,
അത് നിങ്ങള്‍ ഉദ്ദേശിച്ച രീതിയലല്ലെന്ന് കണ്ടപ്പോള്‍,
അത് നിങ്ങളെ തിരിഞ്ഞ് കുത്തുന്നു എന്ന് കണ്ടപ്പോള്‍
അത് നിങ്ങള്‍ക്ക് പാരയാവുന്നു എന്ന് കണ്ടപ്പോള്‍,
ഹിറ്റ്ലറിനെ വെല്ലുന്ന ഫാസിസം കാണിക്കുന്നത്?

എന്തേ അസഹിഷ്ണുതയെപ്പറ്റി വിലപിക്കുന്ന നിങ്ങള്‍
അത് തന്നെ കാണിക്കുന്നത്?
അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെതന്നെ തോന്നുന്നത്?

എന്റെ പ്രിയപ്പെട്ട നാട്ടിലെ ഇടതുപക്ഷബുദ്ധിജീവികളേ,
നിങ്ങള്‍ക്ക്‌ ഉത്തരം മുട്ടില്ല.
കാരണം എന്തിനും നിങ്ങള്‍ക്ക് ഉത്തരമുണ്ടല്ലോ.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറിയാലും.
നിങ്ങള്‍ നിങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കും.

ആത്മാര്‍ത്ഥമായി...

ഹിഡണായിട്ടോ അല്ലതെയോ ഉള്ള അജണ്ടകളില്ലാതെ, ആത്മാര്‍ത്ഥമായ സമീപനം കാണിക്കുന്ന, രാജ്യത്തിന്റെ താത്പര്യങ്ങള്‍ സ്വന്തം പക്ഷതാത്പര്യങ്ങളെക്കാള്‍ മുകളില്‍ പിടിക്കുന്ന, മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യത്വത്തിനും വേണ്ടി പോരാടുന്ന, ഏതൊരു നല്ല മനുഷ്യനും എന്നും എന്റെ എളിയ പിന്തുണ. ഈ പോസ്റ്റ് ആണവക്കരാറിന്റെ സത്യമറിയാനും അത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമോ എന്നറിയാനും പാഠപുസ്തകങ്ങള്‍ നല്ല പൌരന്മാരെ ഭാവിയില്‍ വാര്‍ത്തെടുക്കാനുതകുന്നവ തന്നെയാണോ എന്നറിയാനുമൊക്കെ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ആരേയും അവഹേളിക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ലേയല്ല. ഇത് ഇരട്ടത്താപ്പുകള്‍ എന്നെനിക്ക് തോന്നിയ ചില സമീപനങ്ങളോടുള്ള എന്റെ പ്രതികരണം മാത്രം. ഈ പോസ്റ്റിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രം. എന്റെ മറ്റേത് പോസ്റ്റും പോലെ ഈ പോസ്റ്റും വെറും ചവറ്. ഒരു പരിഗണനയും അര്‍ഹിക്കാത്തതിനാല്‍ അര്‍ഹിക്കുന്ന പരിഗണന മാത്രം കൊടുക്കുക എന്നുപോലും പറയുന്നില്ല.

Labels: , , , ,