Monday, June 30, 2008

മനോരമയുടെ പവറും ബോര്‍‌ഡിന്റെ കട്ടും

മോഡിയല്ലേ എന്തും പറയാം, നല്ലപോലെ മസാലയവുമാവാം എന്ന് വിചാരിച്ച് മോഡി പറയാത്ത കാര്യങ്ങള്‍ കൂടി മോഡി പറഞ്ഞു എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങിനെ നാലഞ്ച് കാര്യങ്ങളാവുമ്പോള്‍ മോഡി തന്നെ ആ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്റിയടിക്കും:

“കണ്ടോ കണ്ടോ എന്നെപ്പറ്റി ഇല്ലാത്തത് തന്നെയല്ലേ ഈ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നാ ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്...”

ജനം വിശ്വസിക്കും. സിന്‍‌ഡിക്കേറ്റ് തന്നെ.

അവസാനം ചിരിക്കുന്നത് ആരായിരിക്കും? മോഡി തന്നെ.
-------------------------------------------------------------------------------

കോടിയേരിക്കെതിരെ നല്ല രണ്ട് ആരോപണങ്ങള്‍ വരട്ടെ എന്ന് കരുതി കണ്ണിലെണ്ണെയുമൊഴിച്ച് കാത്ത്‌കാത്തിരിക്കുമ്പോളതാ കോടിയേരിക്കെതിരെ നല്ല ഒന്നാന്തരമാരോപണങ്ങള്‍:

“ഭദ്രാനന്ദന്‍ കോടിയേരിയെ ബാലേട്ടാ എന്ന് വിളിച്ചു”
“കോടിയേരിയുടെ മകന്റെ കല്ല്യാണത്തിന് തോക്കുസ്വാമിയെത്തി”
“ബിനീഷ് കൊടിയേരി സന്തോഷ് മാധവന്റെ കാറില്‍ കയറി”

എന്നാല്‍ ഇതൊന്നുമൊട്ട് തെളിയിക്കുകയുമില്ല. വെറുതെ മനുഷ്യനെ ഡെസ്പാക്കി ബീപ്പീ കൂട്ടി.

ആരെങ്കിലും എന്നെ ബാലേട്ടാ എന്ന് വിളിച്ചാല്‍ ഞാനെന്ത് ചെയ്യാനാണ് എന്ന് കോടിയേരിയും, നാട്ടില്‍ ഏതെങ്കിലും കാക്കയ്ക്ക് വയറ്റിളക്കം വന്നാലും അതിന് പിന്നില്‍ ബിനീഷ് കോടിയേരിയാണെന്നാണ് ഇപ്പോള്‍ സംസാരം എന്ന് ബിനീഷ് കോടിയേരിയും പറഞ്ഞാല്‍ ജനം ചോദിക്കും:

“ശരിയല്ലേ...?”

അവസാനം നല്ല ഒന്നാന്തരമൊരു ആരോപണം വന്നാലും മാധ്യമ സിന്‍‌ഡിക്കേറ്റിന് കോടിയേരിക്ക് ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടം പോലെ ഉദാഹരണങ്ങളും ഉദാഗുണനങ്ങളും.

അവസാനം ചിരിക്കുന്നത് ആരായിരിക്കും? കോടിയേരി തന്നെ.

---------------------------------------------------------------------------------
കാര്യം, മനോരമയും ഞാനും കറതീര്‍ന്ന “ഇടതുപക്ഷസഹാനുഭൂതമനുഷ്യത്വസമത്വസാഹോദര്യമതേതരത്വ“ വിരുദ്ധരാണെങ്കിലും, കത്തോലിക്കാ സഭയ്ക്ക് വേണ്ടിയോ മറ്റോ തുടങ്ങിയ ദീപിക ഇടക്കാലത്ത് “മാണിക”യായി, മാണി ചിരിച്ചു, മാണി കുളിച്ചു, മാണി കഴിച്ചു, മാണി ഇരുന്നു, കിടന്നു എന്നൊക്കെയായി അവസാനം മാണിസാറിന്റെ ഉള്ള വെയിറ്റും കൂടി കളഞ്ഞതുപോലെ (ദീപിക മാണികയായത് എന്റെ സംഭാവനയല്ല, പഠിപ്പിച്ച ഒരു അച്ചന്‍ ഒരിക്കല്‍ പറഞ്ഞതാണ്) എന്തിനും ഏതിനും മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെയും മന്ത്രിയുടെയും പുറകെ പോയി ആട്‌സിനെ പട്‌സിയാക്കാന്‍ നോക്കിയാല്‍ അവസാനം പറയുന്നതൊന്നും ജനം വിശ്വസിക്കില്ല; സിന്‍‌ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ജനം ചോദിക്കാനും തുടങ്ങും.

സംഗതി പവര്‍ കട്ട്. ലൊക്കേഷന്‍ മുഖ്യമന്ത്രിയുടെ വസതി. ഏഴരയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടിലും കറണ്ട് പോകുന്നുണ്ടോ എന്നറിയാന്‍ അഞ്ച് മണിക്ക് തന്നെ മനോരമ ലേഖകര്‍ മഫ്തിയില്‍ റോഡിനു മുന്നിലൂടെ നടക്കാന്‍ തുടങ്ങി...

സമയം ആറരയായി... ആകാശം പതുക്കെ രോമാവ്രതമായി, പിന്നെ മേഖാവൃതമായി, ആകെ വൃത്തികേടായി...

വൈദ്യുതിവിളക്കുകള്‍ ആഞ്ഞ് തെളിഞ്ഞു...

മനോരമ ലേഖകര്‍ മഫ്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലത്താന്‍ തുടങ്ങി...

അവര്‍ പരസ്പരം നോക്കി... കണ്ണുകള്‍കൊണ്ട് സൈറ്റടിച്ചു, കാലുകള്‍ കൊണ്ട് ചേന വരച്ചു...

സമയം ഏഴ്... എങ്ങും നിശ്ശബ്ദത... ചീവീടിന്റെ ശബ്ദമൊഴിച്ച് ബാക്കിയെല്ലാം കേള്‍ക്കാം...

“ശൂശൂശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്...” തട്ടുകടക്കാരന്‍ ആദ്യത്തെ ദോശയ്ക്ക് മാവിട്ടു...

കല്ലിന്റെ ചൂടേറ്റ് മാവ് പുളകം കൊണ്ടു, നാണിച്ച് തല താഴ്ത്തി, പിന്നെ എന്തോ ഓര്‍ത്ത് നിര്‍വ്വികാരനായി... അപ്പോള്‍ കടക്കാരന്‍ ദോശ മറിച്ചിട്ടു.

ദോശ കഴിക്കണോ? മനോരമ ലേഖകന്‍ അഗാധമായ ചിന്തയിലാണ്ടു. വേണ്ട. ജോലി ഫസ്റ്റ്. വര്‍ക്കീസ് വര്‍ഷോപ്പ് (കഃട് പൈ ബ്രദേഴ്സ്).

സമയം ഏഴ് ഇരുപത്... നാല് സ്കോഡ അങ്ങോട്ടുപോയി. ലേഖകന്‍ ഒരു സോഡ കുടിച്ചു.

ഏഴ് ഇരുപത്തഞ്ച്... ലേഖകന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ക്യാമറമാന്റെ കൈ വിറച്ചു...

ഏഴ് ഇരുപത്താറ്...

അതാ ഇരുട്ടിന്റെ മറപറ്റി ഒരു മഹീന്ദ്രാ ജീപ്പ്...

അശ്വാരൂഢരായ രണ്ട് പേര്‍ ആ ജീപ്പില്‍ നിന്നും ചാടിയിറങ്ങി. ഉറയില്‍നിന്നും വാള്‍ വലിച്ചൂരി അവര്‍ തുടരെത്തുടരെ വെടിയൊന്നും വെച്ചില്ല. പമ്മിപ്പമ്മി മുഖ്യമന്ത്രിയുടെ വീടിന്റെ മുന്നിലെ പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി.

മനോരമ ലേഖകരുടെ നെഞ്ചിടിക്കുന്നത് തട്ടുകടയില്‍ പുട്ടിന് അരിയിടിക്കുന്നതിലും ഉച്ചത്തിലായി. വിറയാര്‍ന്ന കൈകകളോടെ കൈമറാമാന്‍ കൈമറ കൈയ്യിലെടുത്തു-നിശ്ചല്‍

ബോര്‍ഡുകാരിലൊരുവന്‍ പയ്യെപ്പയ്യെ അസാമാന്യ മെയ്‌വഴക്കത്തോടെ ഒരു പൂച്ചയെപ്പോലെ പോസ്റ്റില്‍ വലിഞ്ഞുകയറി. അപരന്‍ പട്ടി മുള്ളാന്‍ നില്‍‌ക്കുന്നതുപോലെ പോസ്റ്റിനു കീഴില്‍...

മനോരമ ലേഖകന്റെ നെഞ്ചിടിപ്പ് ഗിന്നസ്സ് റിക്കാഡും മറികടന്നു. കൈമറമാമന്റെ കൈവിറയുടെ ഫ്രീക്വന്‍സി മനുഷ്യന് മെഷര്‍ ചെയ്യാവുന്നതിലുമ്മപ്പുറമായി കണ്ടാല്‍ ട്രൈപ്പോഡില്‍ കൈമറ വെച്ചിരിക്കുന്നതുപോലെ സ്റ്റെഡിയായതുപോലെയായി.

ബോര്‍ഡര്‍ പോസ്റ്റിനു മുകളിലെത്തി...അപരന്‍ പഴയ പോസില്‍ തന്നെ പോസ്റ്റിനു കീഴില്‍...

ഒന്ന്...
രണ്ട്...
രണ്ടേകാല്‍...

മൂന്നേമുക്കാല്‍...

സമയം കൃത്യം ഏഴ് മുപ്പത്

അതാ ബോര്‍ഡര്‍ ഒരു വയറൂരി വേറൊരിടത്ത് കുത്തുന്നു. ഒരു നിമിഷം...സമീപത്തെ കറന്റെല്ലാം പോയി. പവര്‍ കട്ടായി എന്നറിയിച്ച് പൂവന്‍ കോഴിയെല്ലാം ഓലിയിട്ടു. പട്ടി കൂകി...

അത്‌ഭുതം... അത്യത്‌ഭുതം...

മുഖ്യന്റെ വീട് ദീപപ്രഭയില്‍ കുളിച്ച് നി‌ല്‍ക്കുന്നു. മനോരമ ലേഖകനും കൈമറാമാനും ആ കുളിസീന്‍ കണ്ട് ചമ്മിയടിച്ച് നില്‍‌ക്കുന്നു.


അടുത്ത ദിവസം മനോരമ പത്രത്തില്‍ വാര്‍ത്ത:

“പവര്‍‌കട്ട് സമയത്തും മുഖ്യന്റെ വീട്ടില്‍ ദീപപ്രഭാകരവര്‍മ്മ ഏഴരതൊട്ട് എട്ടര വരെ. സമീപത്തെല്ലാം പവര്‍കട്ട് കാരണം അന്ധകാരനഴി”

പുറകെ തന്നെ ബോഡിന്റെ തിരുത്ത്:

“പച്ചക്കള്ളം. എട്ടര മുതല്‍ ഒന്‍പത് വരെ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലത്തെ കട്ടുണ്ടായിരുന്നു മുഖ്യന്റെ വീട്ടില്‍. പതിവുപോലുള്ള മാധ്യമ സിണ്ടിക്കേറ്റ്”

അതിനും പുറകെ മനോരമയുടെ വിശദീകരണം:

“ഏഴരയ്ക്ക് മനോരമക്കാര്‍ ഫോട്ടോയും പിടിച്ച് പോയെന്ന് മനസ്സിലാക്കിയ ബോര്‍ഡണ്ണന്മാര്‍ എട്ടര തൊട്ട് ഒമ്പത് വരെ മുഖ്യന്റെ വീട്ടില്‍ പവറ് കട്ടി മുഖം രക്ഷിച്ചതല്ലേ. അല്ലെങ്കില്‍ ഇത് ഒരു വന്‍‌ സംഭവം ആവില്ലായിരുന്നോ”

കൈരളി മുതലെടുത്തു:

“കള്ളവാര്‍ത്ത മനോരമ വിഴുങ്ങി”

---------------------------------------------------------------------------------

ഇനി കാര്യത്തിലേക്ക്:

ഇസഡ് കാറ്റഗറി സുരക്ഷയോ മറ്റോ ഉള്ള ആളാണ് കേരളാ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സുരക്ഷയുടെ അഭിവാജ്യ ഘടകമാണ് ഉ‌പ്‌സ് അഥവാ അണ്‍‌ഇന്റ‌റപ്‌റ്റഡ് പവര്‍ സപ്ലൈ. സോഷ്യലിസമോ മാര്‍ക്സിസമോ കാണിക്കേണ്ട അവസരമല്ല അത്. അതീവ സുരക്ഷ വേണ്ട ഒരാളുടെ വീട്ടില്‍ ആ സുരക്ഷയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ നോക്കേണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിലും പവര്‍‌കട്ടാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷ ആ സമയത്ത് എങ്ങിനെ ഉറപ്പിക്കും എന്നാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. അതാണ് ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്‍ത്തനം എന്നാണ് എന്റെ അഭിപ്രായം. അതിനു പകരം മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടുണ്ടോ, ഇല്ലെങ്കില്‍ അതൊന്ന് സെന്‍‌സേഷനിച്ചേക്കാം എന്ന് കരുതി ക്യാമറയും നോട്പാഡുമായി ലേഖകരെ അയക്കുന്നതല്ല എന്റെ അഭിപ്രായത്തില്‍ പത്രധര്‍മ്മം. ആ പവര്‍‌കട്ട് മുതലെടുത്ത് ആരെങ്കിലും അദ്ദേഹത്തിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തിയിരുന്നെങ്കില്‍ മനോരമയുടെ അടുത്ത ദിവസത്തെ ചോദ്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെ കട്ടില്‍ നിന്നും ഒഴിവാക്കിയില്ല എന്നതാവുമായിരുന്നു.

പക്ഷേ ഇതിന് മനോരമയെയാണോ കുറ്റപ്പെടുത്തേണ്ടത്? അല്ലേയല്ല. അവര്‍ കാലാകാലങ്ങളായുള്ള അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. പക്ഷേ ഇതില്‍ ചീത്ത പറയേണ്ടത് മനോരമക്കാരെ കണ്ടപ്പോഴേ വെപ്രാളപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിലും കട്ടേര്‍പ്പെടുത്തിയ ബോര്‍ഡിനെയാണ്. മനോരമ മുഖ്യമന്ത്രിയുടെ വീട്ടില്‍ കട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷാകാര്യങ്ങളും മറ്റും വിശദീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നില്ല എന്ന് പറയുകയും ഇത്തരം കാര്യങ്ങള്‍ വരെ സെന്‍‌സേഷനാക്കേണ്ട ഗതികേടായോ മനോരമയ്ക്ക് എന്ന് തിരിച്ചൊന്ന് ചോദിക്കുകയും ചെയ്യാനുള്ള ധൈര്യം കാണിക്കുകയായിരുന്നു ബോര്‍ഡ് ചെയ്യേണ്ടിയിരുന്നത് (വലിയ രണ്ട് ഫോട്ടോയും വലിയൊരു തലക്കെട്ടും നാലുകോളം വാര്‍ത്തയുമാണ് മനോരമ ഇതിനായി ചിലവഴിച്ചത്). കാര്യം കാര്യം പോലെ പറഞ്ഞാല്‍ മനസ്സിലാകാനുള്ള വിവരമൊക്കെ മലയാളിക്കുണ്ട്. അതിനു പകരം മനോരമക്കാരെ കണ്ടപ്പോഴേ ബോര്‍ഡിന് വെപ്രാളമായി.

ഇതിനിടയ്ക്ക് കൈരളി പതിവുപോലെ മനോരമയ്ക്കിട്ടൊന്ന് കുത്തി ആത്മനിര്‍‌വൃതിയുമടഞ്ഞു. ഫോക്കസ് മനോരമയിലേക്കായപ്പോള്‍ അതീവ സുരക്ഷ വേണ്ട മുഖ്യമന്ത്രിയുടെ വീട്ടില്‍ അരമണിക്കൂര്‍ കറണ്ട് പോയാലത്തെ സുരക്ഷാപ്രശ്‌നങ്ങളെപ്പറ്റിയൊന്നും ഓര്‍ക്കാതെ ഏഴര തൊട്ട് എട്ട് വരെയല്ലെങ്കിലും എട്ടര തൊട്ട് ഒന്‍‌പത് വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തുക വഴി മനോരമ പറഞ്ഞത് നുണയാണെന്ന് പറയാനേ കൈരളിക്ക് പറ്റിയുള്ളൂ.

ഇനി മുഖ്യമന്ത്രിക്കെന്തിനാണ് അരമണിക്കൂര്‍ കറണ്ട് പോലും പോകാന്‍ പാടില്ലാത്തത്ര സുരക്ഷ എന്ന് ചോദിച്ചാല്‍ അത് ഇഷ്യു വേറെ.

(ഇതിനിടയ്ക്ക് വൈദ്യുതിമന്ത്രി ശ്രീ ബാലന്റെ വീട്ടിലും ദീപപ്രഭാക്കുളിസീന്‍ കണ്ടിരുന്നു. പാവം ബാലനെന്തിനാണ് സുരക്ഷയും വെളിച്ചവും എന്നത് ഒരു ചോദ്യം തന്നെയാണ്)

Labels: , , , , ,

Monday, June 23, 2008

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തെപ്പറ്റി എന്റേതായ ഒരു അവലോകനം. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ വിദ്യാഭ്യാസ വിദഗ്ദനോ അല്ല. ഈ സൈറ്റില്‍ നിന്നും ഈ പുസ്തകത്തിന്റെ പേജ് 41 വരെ വായിക്കാനിടയായി. അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു കുറിപ്പ്. അഭിപ്രായങ്ങള്‍ എന്റേത് മാത്രം-തികച്ചും വ്യക്തിപരം. (ഒന്ന് മനസ്സിരുത്തി ആ പാഠങ്ങള്‍ വായിക്കാന്‍ പറ്റിയില്ല. അതിന്റേതായ എല്ലാ പോരായ്മകളും ഈ അവലോകനത്തില്‍ കാണും. എനിക്ക് വായിച്ച് വന്നപ്പോള്‍ തോന്നിയത് അതേ പടി പകര്‍ത്തിയിരിക്കുന്നു).

പുസ്തകത്തിന്റെ പാഠഭാഗങ്ങളില്‍ ചിലത് ഇവിടെ

പാഠം ഒന്ന് - മണ്ണിനെ പൊന്നാക്കല്‍

പേജ് 6

എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ തന്നെ നമ്മെ പോറ്റും എന്ന് വിചാരിക്കുന്നുണ്ടോ?

ആ പേജിനോട് യോജിക്കുന്നു. കൊള്ളാം. പക്ഷേ സ്വയം പര്യാപ്‌തത എങ്ങിനെ ഭക്ഷണക്കാര്യത്തില്‍ പാലിക്കാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ല.

പേജ് 7

നെല്‍‌വയലുകള്‍ നെല്‍‌കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

ഇതിനോടും യോജിക്കുന്നു -കൊള്ളാം.

എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ?

എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.എല്ലാവര്‍ക്കും കൃഷിഭൂമിയില്ല എന്നത് വാസ്തവം. അതുകൊണ്ട് എന്താണ് നമ്മള്‍ ചെയ്യേണ്ടതെന്നും കൂടി പറയാമായിരുന്നു.

പേജ് 10

പോലീസ് സംരക്ഷണത്തോടെ നെല്ല് കടത്തിക്കൊണ്ടുപോകാന്‍ ജന്മി ശ്രമിച്ചു. നെല്ല് കടത്തുന്നതിനെതിരായി കര്‍ഷകര്‍ സംഘടിച്ചു. പോലീസിനെ ചെറുക്കാന്‍ അവര്‍ കല്ലും കവണയും ശേഖരിച്ചു.

ഇത് വളരെ സൂക്ഷിച്ച് അന്ന് നടന്ന ഒരു സംഭവമായി (ചരിത്രമായി) മാത്രം അവതരിപ്പിച്ചാല്‍ ഓക്കേ. പക്ഷേ ഇത് ഇക്കാലത്തെ പോലീസിനിട്ടടിയെയും നിയമം കൈയ്യിലെടുക്കുന്നതിനെയും ന്യായീകരിക്കാനായി ഉപയോഗിച്ചാല്‍ ഇതേ പാഠപുസ്തകത്തിനെച്ചൊല്ലി കെ.എസ്.യു ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കല്ലേറിനെയും അക്രമത്തെയും ഇതിന്റെ ആള്‍ക്കാര്‍ക്ക് പോലും ന്യായീകരിക്കാന്‍ പറ്റില്ല. ചരിത്രത്തിലെ നിയമം കൈയ്യിലെടുക്കലുകള്‍ ഏതൊരാള്‍ക്കും എപ്പോഴും എന്തിനും നിയമം കൈയ്യിലെടുക്കാനുള്ള ന്യായീകരണമാവാന്‍ പാടില്ല.ആ രീതിയില്‍ വേണമായിരുന്നു ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എന്നാണ് എന്റെ അഭിപ്രായം. നിയമം കൈയ്യിലെടുക്കുകയല്ല, ഒരു നിയമമോ രീതിയോ ശരിയല്ലെങ്കില്‍ അത് മാറ്റിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നും കൂടി കുട്ടികളെ പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.

പേജ് 12:

ഓരോ പ്രദേശത്തും ജന്മിമാരുണ്ടായിരുന്നു. നിങ്ങളുടെ പ്രദേശത്തെ ജന്മിമാര്‍ ആരെല്ലാമായിര്‍ന്നു? എങ്ങിനെ അറിയാം?

നിങ്ങളുടെ വീടിന്റെ പുരയിടത്തിന്റെ പട്ടയമോ ആധാരമോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? മുതിര്‍ന്നവരുടെ സഹായത്തോടെ അത് പരിശോധിച്ച് നിങ്ങളുടെ പ്രദേശത്തെ ജന്മിയെ കണ്ടെത്തൂ
പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആധാരത്തിന്റെ മുന്‍‌പേജ് വായിക്കൂ. ഇതില്‍ പരാമര്‍ശിക്കുന്ന ഭൂമിയുടെ ജന്മി ആരാണ്?

ജന്മി കുടിയാന്‍ കാലത്തെക്കുറിച്ച് നേരിട്ടോ അല്ലാതെയോ അനുഭവങ്ങളുള്ള വ്യക്തികളുമായി അഭിമുഖം നടത്തിയും താഴെ സൂചിപ്പിച്ചിട്ടുള്ള പുസ്തകങ്ങളിലെ പ്രസ്തക്തഭാഗങ്ങള്‍ വായിച്ചും ജന്മിത്തകാലത്തെക്കുറിച്ചും അക്കാലത്തുനടന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കൂ.

നമ്മളൊന്ന് - ചെറുകാട്
പാട്ടബാക്കി - കെ. ദാമോദരന്‍
മണ്ണിന്റെ മാറില്‍ - ചെറുകാട്
കേരളത്തിലെ കര്‍ഷക സമരങ്ങള്‍ - കെ.കെ.എന്‍ കുറുപ്പ്
രേഖയില്ലാത്ത ചരിത്രം - ആണ്ടല്ലാട്ട് (?)

ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഒരു കുറിപ്പ് തയ്യാറാക്കൂ. കുറിപ്പില്‍ എന്തൊക്കെയാവാം?

1. കൃഷിക്കാരനും കുടുംബവും അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ ഏറിയ പങ്കും ജന്മി തട്ടിയെടുക്കുമായിരുന്നു
2.-------------
3.-------------
4.-------------


എന്തോ എനിക്കത്ര ദഹിച്ചില്ല ഈ പേജ്. പണ്ടത്തെ ജന്മിമാരില്‍ പലരും ഇന്ന് അന്നത്തെ കുടിയാന്മാരെക്കാളും കഷ്ടത്തിലായി. ആധുനിക ജന്മിമാരുടെ കണക്കെടുത്താല്‍ മനോരമ മാത്രമല്ല സി.പി.എമ്മും അതില്‍ വരികയും ചെയ്യും. കൈരളി.ടിവി നാട്ടിലെ ഒരു പ്രധാന ജന്മിയാണെന്നും ചില ജോലിക്കാരെയൊക്കെ അവര്‍ അവര്‍ക്കിഷ്ടമില്ലാത്തതുകൊണ്ട് പറഞ്ഞുവിട്ടു എന്നൊമൊക്കെ കുട്ടികള്‍ കണ്ടെത്തിയാല്‍ അതും അംഗീകരിക്കണം. എത്രമാത്രം പ്രായോഗികമാണ് ഈ പേജിലെ എക്സര്‍സൈസുകള്‍ എന്നും സംശയമുണ്ട്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിക്കാമായിരുന്നു എന്നൊരു തോന്നല്‍.

പേജ് 14

കേരള കാര്‍ഷികാനുബന്ധ ബില്‍ - പ്ലാനിംഗ് കമ്മീഷന്‍ മുതലായവ

ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഇന്നത്തെ സ്ഥിതിവിശേഷം- ആ ബില്‍ ഇപ്പോളും ഒരു വിജയമാണോ? തെറ്റ് പറ്റിയെങ്കില്‍ എവിടെ? എന്തുകൊണ്ട് ഇപ്പോള്‍ അരിക്ഷാമം, ഭക്ഷ്യദൌര്‍ബല്ല്യം?

സ്വന്തമായി ഭൂമിയില്ലാതിരുന്ന കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ജീവിതത്തില്‍ ഭൂമിയുടെ ഉടമസ്ഥത വലിയ മാറ്റങ്ങള്‍ വരുത്തി.

1. കൃഷിക്കാര്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചു.
2. കൃഷിക്കാര്‍ക്ക് കൃഷിഭൂമിയില്‍ നിന്നും കാര്‍ഷികാദായമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
3. ഭൂമി വാങ്ങാനും വില്‍‌ക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു.

കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചതോടുകൂടി കേരളീയ സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ പട്ടിക അടുത്ത പേജില്‍ (പേജ് 15) കൊടുത്തിട്ടുണ്ട്.

പേജ് 15 -

അവിടുത്തെ പട്ടികയില്‍ പറഞ്ഞിരിക്കുന്ന, ആയുര്‍ദൈര്‍ഘ്യത്തിന്റെയും സാക്ഷരതയുടെയും പട്ടികയും കൃഷിഭൂമി കര്‍ഷകന് ലഭിച്ചതും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല (ഇപ്രാവശ്യത്തെ മലയാളം വാരികയില്‍ ഈ പാഠഭാഗം കൂടുതലായി വിശകലനം ചെയ്തിട്ടുണ്ട്)

കേരളത്തിലെ നാണ്യവിളയുടെ വിസ്തൃതി (ഏത് കൊല്ലം? 1920 കളിലും 70 കളിലും 2008 ലും അവ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അതിന് കാരണമെന്തൊക്കെയാണ്? കര്‍ഷകന് കൃഷിഭൂമി കിട്ടിയത് ആ വ്യത്യാസത്തിന് ഒരു കാരണമാണോ? ആണെങ്കില്‍ എങ്ങിനെ? ഇക്കാര്യങ്ങളൊന്നും വ്യക്തമല്ല.

കേരളത്തില്‍ കൃഷിഭൂമിയുടെ വിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന ഒരു കുറിപ്പ് തയ്യാറാക്കാന്‍ പാഠത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പട്ടികകളും മാത്രം മതിയോ എന്നും സംശയം.

കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന സെമിനാര്‍ ക്ലാസ്സില്‍ സംഘടിപ്പിക്കുക - ഓക്കേ. എങ്കിലും അങ്ങിനെയുള്ള ഒരു സെമിനാറിനുള്ള പോയിന്റുകള്‍ ആ പാഠത്തില്‍ നിന്ന് വേണ്ടരീതിയില്‍ കിട്ടുന്നില്ല എന്ന് തോന്നുന്നു.

എന്തായാലും പേജ് 12, പേജ് 14, പേജ് 15 - എന്നീ പേജുകള്‍ ശാസ്ത്രീയമായി തയ്യാറാക്കിയതാണെന്ന് തോന്നുന്നില്ല. ഒരു പാഠപുസ്തകമോ പാഠ്യപദ്ധതിയോ ആയി ആ പേജുകള്‍ തോന്നുന്നില്ല. വളരെയധികം മോഡിഫൈ ചെയ്യേണ്ടിയിരിക്കുന്നു.

പാഠം 2 - മനുഷ്യത്വം വിളയുന്ന ഭൂമി

പേജ് 17

പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവാവിനെ ചുട്ടുകൊന്നു

പത്രവാര്‍ത്തയാണ്. സെന്‍സേഷനുണ്ടാക്കാന്‍ വേണ്ടി പത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് എത്രമാത്രം നിറങ്ങള്‍ പിടിപ്പിക്കുമെന്നും കൂടി കുട്ടികള്‍ക്ക് അവബോധമുണ്ടെങ്കില്‍ ആ പത്രവാര്‍ത്ത കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ലായിരിക്കും. കാരണം വ്യക്തിവൈരാഗ്യമോ മറ്റെന്തെങ്കിലുമോ (അവര്‍ണ്ണ-സവര്‍ണ്ണ ഇഷ്യു ആകണമെന്നില്ല) കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളും കൊലചെയ്യപ്പെട്ടത് അവര്‍ണ്ണനെന്ന് വിളിക്കപ്പെട്ടവനാണെങ്കില്‍ അത് അവര്‍ണ്ണ-സവര്‍ണ്ണ ആംഗിളില്‍ അവതരിപ്പിക്കാന്‍ പത്രക്കാര്‍ (മലയാള പത്രങ്ങള്‍ ഉള്‍പ്പടെ) മിടുക്കരാണ്. എന്തായാലും ആ പത്രവാര്‍ത്ത കൊണ്ട് കുട്ടികള്‍ക്ക് കിട്ടുന്ന സന്ദേശം ഞാനായിട്ട് ഒരാളെയും ജാതിയുടെ പേരില്‍ ഒരു രീതിയിലും ദ്രോഹിക്കില്ല എന്നോ എല്ലാവരെയും മനുഷ്യരായി കാണണം, ജാതിവിവേചനം ഒരു കാരണവശാലും പാടില്ല എന്നോ ഒക്കെയുള്ള പോസിറ്റീവ് രീതിയിലാണെങ്കില്‍ ഓക്കേ. അല്ലാതെ മുന്‍ പാഠത്തിലെ പോലെ കുട്ടി നാട്ടിലുള്ള സവര്‍ണ്ണരെ ഐഡന്റിഫൈ ചെയ്യാനും പിന്നെ അവര്‍ക്കെതിരെ (മുന്‍ പാഠത്തില്‍ കുടിയാന്മാര്‍ പോലീസിനെതിരെ കല്ലും കവണയും എടുത്തതുമായി ബന്ധിപ്പിച്ച്) കല്ലും കവണയും, അത് കിട്ടിയില്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് എടുത്ത് അവര്‍ക്കിട്ട് പെരുമാറാനുമൊക്കെയാണ് തുടങ്ങുന്നതെങ്കില്‍ ആ പത്രവാര്‍ത്ത ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നൊരു സംശയം. ആ പത്രവാര്‍ത്ത എങ്ങിനെ വ്യാഖ്യാനിക്കണമെന്നും അതില്‍ നിന്നും എന്ത് സന്ദേശമാണ് കുട്ടികള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും അതിന്റെ അടിയില്‍ തന്നെ വ്യക്തമായി എഴുതിവെക്കണമായിരുന്നു. അല്ലാതെ അത് ഓരോരുത്തരുടെയും (അദ്ധ്യാപകരുടെയും കുട്ടികളുടെയും) താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അനുവദിച്ചാല്‍ അത് പ്രശ്‌നമായേക്കാം.

അവര്‍ണ്ണ-സവര്‍ണ്ണ ചിന്ത എങ്ങിനെ ഇല്ലാതാക്കാമെന്നാണോ അവര്‍ണ്ണ-സവര്‍ണ്ണ ചിന്തയും ഡിവിഷനും എത്രമാത്രം ആളിക്കത്തിക്കാമെന്നാണോ ആ പത്രവാര്‍ത്തകൊണ്ടുള്ള പ്രയോജനമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയട്ടെ.

പേജ് 18

ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്... എന്ന പ്രതിജ്ഞ ചൊല്ലി വളര്‍ന്ന നമ്മള്‍ എന്തൊകൊണ്ടാണ് മുകളിലത്തെ പത്രവാര്‍ത്തയില്‍ പറഞ്ഞ തരത്തില്‍ പെരുമാറുന്നത് എന്നാണ് ചോദ്യം. അത് നല്ലതാണ്. പക്ഷേ ആ പത്രവാര്‍ത്ത അതേ രീതിയില്‍ കൊടുക്കുകയും അതിന് നെഗറ്റീവായിട്ടുള്ള ഒരു വ്യാഖ്യാനം വരുകയും ചെയ്യുകയാണെങ്കിലാണ് ഞാന്‍ അതില്‍ പ്രശ്‌നം കാണുന്നത്. അങ്ങിനെ വരുകയില്ലെങ്കില്‍ പേജ് 17 നോട് എനിക്കെതിര്‍പ്പില്ല-യോജിക്കുന്നു.

പേജ് 19

ജാതിയെപ്പറ്റി/ജാതീയ വിവേചനത്തെപ്പറ്റി എന്റെ കണ്ടെത്തലുകള്‍, ക്ലാസ്സില്‍ കണ്ടെത്തിയത് മുതലായ രണ്ട് ഭാഗങ്ങള്‍ എക്സര്‍സൈസ് ആയി കുട്ടിക്ക് കൊടുത്തിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകള്‍ ജാതി ചിന്ത കുട്ടികളില്‍ ആത്യന്തികമായി ഇല്ലാതാക്കുമോ അതോ ജാതി ചിന്ത ഒന്നുകൂടി ഊട്ടിയുറപ്പിക്കുമോ എന്നറിയില്ല. ഇത്തരം കണ്ടെത്തലുകള്‍ ശരിയായ രീതിയിലാവാന്‍ പക്വതയുള്ള മാതാപിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെട്ട ഒരു സമൂഹവും വേണ്ടതല്ലേ എന്നൊരു സംശയം. എന്തായാലും ഇത്തരം “വ്യായാമങ്ങള്‍” പോസിറ്റീവായിട്ടുള്ള ഒരു മാറ്റം കുട്ടിയിലും സമൂഹത്തിലും ഉണ്ടാക്കാട്ടെ.

പേജ് 20-23

സവര്‍ണ്ണരായ ഹിന്ദുക്കളെല്ലാവരും ജാതിക്കോമരങ്ങളായിരുന്നു എന്നൊരു ധ്വനി ഈ പേജുകള്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവണമെന്നില്ല. കാരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേളപ്പനുമൊക്കെ വൈക്കം/ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തത് വിവരിച്ചിട്ടുണ്ട്. പഴയകാല സവര്‍ണ്ണരുടെ പോക്രിത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ “സവര്‍ണ്ണ”രെ മുഴുവന്‍ ഒരേ രീതിയില്‍ നെഗറ്റീവായി കാണാന്‍ ഈ പേജുകള്‍ കുട്ടികളെ പ്രേരിപ്പിക്കില്ല എന്നാശിക്കാം. ആത്യന്തികമായി ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഈ പാഠം പഠിക്കുന്ന ഓരോ കുട്ടിയും ജീവിതത്തില്‍ കാണിക്കാതിരിക്കുകയാണെങ്കിലാണ് ഈ പാഠം വിജയമാവുന്നത്.

പേജ് 24-27

ഏതെങ്കിലും രീതിയിലുള്ള മതനിഷേധം ഈ പേജുകളില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പതിവിന് വിപരീതമായി നിരീശ്വരവാദത്തിനുകൂടി ഈ പേജുകളില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്. അത് ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ പ്രകോപിപ്പിച്ചുകൊണ്ടല്ല താനും (എന്റെ അഭിപ്രായത്തില്‍). മാത്രവുമല്ല, വിവിധ മതങ്ങളും ഒരു മതത്തിലെ തന്നെ പല വിഭാഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന രീതിയിലുള്ള എക്സര്‍സൈസുകള്‍ കുട്ടിക്ക് കൊടുത്തിട്ടുമുണ്ട്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ടവര്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ വിശദീകരിക്കാനും മറ്റും കുട്ടികളോട് പറയുന്നുമുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും പോസിറ്റീവായി തോന്നിയ ഭാഗങ്ങളിലൊന്നായിട്ടാണ് പേജ് 24-27 എനിക്ക് തോന്നിയത്. ഇതേ പേജുകള്‍ ചൂണ്ടിക്കാണിച്ച് മതാധികാരികള്‍ ബഹളം വെക്കുന്നതിന്റെ കാരണം പിടികിട്ടുന്നേ ഇല്ല. ഈ പാഠത്തില്‍ അവര്‍ണ്ണ-സവര്‍ണ്ണ കാര്യങ്ങളില്‍ കുറച്ചൊക്കെ പ്രൊഫഷണലിസമില്ലായ്മ കണ്ടതായി തോന്നിയെങ്കിലും (അവ ഉദ്ദേശിച്ചതിന് വിപരീതഫലമാവുമോ ഉണ്ടാക്കുന്ന എന്ന സംശയം മൂലം) അവസാനഭാഗങ്ങള്‍ തികച്ചും നല്ല രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നുതന്നെയാണ് എന്റെ അഭിപ്രായം.

പാഠം 3 - ഇനിയും മുന്നോട്ട്

പേജ് 30

സ്വാതന്ത്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന അഭിപ്രയങ്ങള്‍ ഇഷ്ടപ്പെട്ടു. അത്തരം ചര്‍ച്ചകള്‍ ക്ലാസ്സില്‍ നടത്തുന്നത് (ഉത്തരവാദിത്വബോധമുള്ള അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തില്‍) തികച്ചും നന്നായിരിക്കും.

മാപ്പിള ലഹള യഥാര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യസമരമായിരുന്നോ എന്നതില്‍ തര്‍ക്കം നില്‍‌ക്കുന്നുണ്ട് എന്ന് തോന്നുന്നു. കൂടുതല്‍ അറിവില്ല. പുസ്തകത്തെപ്പറ്റിയുള്ള വിമര്‍ശനത്തിന്റെ മറുപടിയില്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് (വളച്ചൊടിച്ച ചരിത്രം പഠിക്കുക എന്നത് ലോകത്തിലാര്‍ക്കും ഒരു പുത്തരിയല്ലല്ലോ).

പാഠം 3ലെ പേജ് 41 വരെയേ ഇവിടെനിന്ന് കിട്ടിയുള്ളൂ. മഹാത്മാഗാന്ധിക്കും നെഹ്രുവിനും പ്രാധാന്യം കുറച്ചു എന്ന് തോന്നുന്നില്ല, അതേ സമയം ഭഗത്‌സിംഗ്, പീര്‍ മുഹമ്മദ് ഇവര്‍ക്കും സ്ഥാനം കിട്ടിയിട്ടുണ്ട് താനും (അഹിംസയ്ക്കും വിപ്ലവത്തിനും സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്). താഴ്ന്ന ക്ലാസ്സുകളില്‍ നിന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാഗാന്ധിയുടെ ഇടപെടലുകള്‍ എത്രമാത്രമായിരുന്നെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രമായിരുന്നെന്നും (എന്താണ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ഈ പാഠത്തിലെ തന്നെ -പേജ് - ഭാഗങ്ങള്‍ ഓര്‍ക്കുക) കുട്ടികള്‍ ശരിയായ രീതിയില്‍ മനസ്സിലായിട്ടുണ്ടെങ്കില്‍ ഈ പാഠഭാഗത്തില്‍ എന്തെങ്കിലും കുഴപ്പം എനിക്ക് തോന്നുന്നില്ല.

ചുരുക്കം

നൂറില്‍ അറുപതോ അറുപത്തഞ്ചോ കിട്ടാവുന്ന ഒരു പാഠപുസ്തകം. വളരെയധികം മെച്ചപ്പെടുത്താമായിരുന്നു. പക്ഷേ കുട്ടികള്‍ക്ക് ധാരാളം പ്രാതിനിധ്യം ഈ പാഠപുസ്തകത്തില്‍ നിന്ന് കിട്ടുന്നുണ്ട്. അവ ശരിയായ രീതിയിലാണെങ്കില്‍, അദ്ധ്യാപകര്‍ പോസ്റ്റിറ്റീവായിട്ടാണ് എക്സര്‍സൈസുകള്‍ എടുക്കുന്നതെങ്കില്‍-കുട്ടുകളെക്കൊണ്ട് ചെയ്യിക്കുന്നതെങ്കില്‍- ഇതിലെ പല പോരായ്മകളും ഒരു പരിധിവരെ പരിഹരിക്കാനാവും. പക്ഷേ മതനിഷേധമോ സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കലോ ഒന്നും തന്നെ എന്റെ പരിമിതമായ അറിവില്‍ ഈ പുസ്തകത്തിന്റെ പേജ് 41 വരെ ഞാന്‍ കണ്ടില്ല. കുറച്ച് വിപ്ലവാത്മകമാണ് പാഠങ്ങള്‍ (പ്രത്യേകിച്ചും ഒന്നാം പാഠം) എന്നത് വാസ്തവം. എങ്ങിനെയൊക്കെ അടി നടത്താം എന്ന് അവസാനം കുട്ടികള്‍ പഠിക്കാതിരുന്നാല്‍ മതിയായിരുന്നു.

അതുകൊണ്ട് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിനെതിരെ മതാധികാരികളും സാമുദായിക നേതാക്കളും കോണ്‍ഗ്രസ്സും മറ്റും നടത്തുന്ന സമരത്തിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ കേരളത്തിലെ മതസൌഹാര്‍ദ്ദത്തെപ്പറ്റി ഒരു നോട്ട് തയ്യാറാക്കാന്‍ ഏഴാം ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ അവര്‍ ഈ സമരം തന്നെ പശ്ചാത്തലമാക്കി നോട്ട് തയ്യാറാക്കും. ക്രിസ്ത്യാനികളും എന്‍.എസ്സ്.എസ്സും മുസ്ലിം ലീഗും ഒരു കുടക്കീഴില്‍ അണിനിരന്നാണല്ലോ ഇതിനെതിരെയുള്ള സമരം :)

Labels: , , , ,

Sunday, June 08, 2008

This blog is BLACK... Protest against kerals.com

Joining hands with Inji Pennu in her fight against the evil deeds of kerals.com.

Labels: , , , , , ,

Tuesday, June 03, 2008

Protest against the copyright violations, threat, abuse, stalking etc of kerals.com

I strongly protest against the copyright violation and all other illegal and criminal activities of http://kerals.com/ with respect to Malayalam blogging community. As I understood from here, they not only denied their illegal activity of content theft, but also threatened and abused those who have asked them to remove the contents stolen by them. Not only that, they even tried to invade the privacy of some of the bloggers who have registered their protest. As usual, here also the victims are victimized (again and again), but in a more serious and “unprecedented” way as far as Malayalam blog-o-sphere is concerned. The content theft, threat, abuse, cyber-stalking and attempts of invasion of privacy by http://kerals.com/ are totally unacceptable to me. I offer my wholehearted support to all those who are in the fight against all the illegal and criminal activities of http://kerals.com/ which affect the Malayalam blogging community.

കേരള്‍.കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയും അതിനോടനുബന്ധിച്ച് അവര്‍ നടത്തിയ ഭീഷണി, ചീത്തപറയല്‍, സ്വകാര്യതയിലേക്കുള്ള അതിക്രമിച്ച് കയറല്‍ തുടങ്ങിയ എല്ലാവിധ ക്രിമിനല്‍ ആക്റ്റിവിറ്റികള്‍ക്കെതിരെയും എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ അവര്‍ക്കെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ ധാര്‍മ്മികമായ പിന്തുണയും ഞാന്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

1. ഇവിടെ
2. ഇവിടെ (മിന്നാമിനുങ്ങുകള്‍/സജി.!! ആണെന്ന് തോന്നുന്നു, അവരുടെ മോഷണം ആദ്യമായി ബ്ലോഗുമായി പങ്ക് വെച്ചത്. അഭിനന്ദനങ്ങള്‍)
3. ഇവിടെ
4. ഇവിടെ
5. ഇവിടെ
പിന്നെ മറ്റു പലയിടങ്ങളിലും.

Labels: , , ,