Saturday, October 06, 2007

മഹാത്മാവായ ഗാന്ധിജിയും ഞാനും

എനിക്കറിയാവുന്ന മറ്റു പലരെയും പോലെ ഞാനും മഹാത്മാഗാന്ധിയുടെ ജീവചരിത്രം ശരിയായ രീതിയില്‍ പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു പുസ്തകവും ഞാന്‍ മുഴുവനായി വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ കാലഘട്ടവും ഞാന്‍ വിശകലനം ചെയ്തിട്ടുമില്ല. എങ്കിലും അനേകായിരം ഇന്ത്യക്കാരെപ്പോലെ പോസിറ്റീവായ എന്തോ ഒരു സ്വാധീനം ഗാന്ധിജി എന്നിലുണ്ടാക്കിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു-അത് എത്രമാത്രമാണെന്ന് അളന്ന് നോക്കിയിട്ടില്ലെങ്കില്‍ തന്നെയും; അദ്ദേഹത്തിന്റെ ജീവിത ശൈലി ഒരു ശതമാനം പോലും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയിട്ടില്ലെങ്കില്‍ തന്നെയും. എന്റെ മനസ്സില്‍ എന്നും ഒരു പോസിറ്റീവ് ഇമേജ് മാത്രമാണ് ഗാന്ധിജിയെപ്പറ്റിയുള്ളത്. ചെറുപ്പം മുതല്‍ക്കേ പാഠപുസ്തകങ്ങളില്‍ വായിച്ചും പലരും പറഞ്ഞ് കേട്ടുമൊക്കെയായിരിക്കാം ആ ഇമേജ് മനസ്സില്‍ ഉറച്ചത്.

ഗാന്ധിജിയെപ്പറ്റി നല്ല കാര്യങ്ങള്‍ മാത്രം മനസ്സിലേക്കെടുക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം ഞാന്‍ നടത്തിയിട്ടില്ലെങ്കിലും പലരും പറയുന്നത് കേട്ട് മാത്രമല്ല ഞാന്‍ അദ്ദേഹത്തെപ്പറ്റി വിലയിരുത്തിയിരിക്കുന്നത്. എന്റെ നോട്ടത്തില്‍ അദ്ദേഹം മഹാത്മാവായിരിക്കുന്നതിന് പല കാരണങ്ങളുണ്ട്.

1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയെ സ്വതന്ത്രമാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയാകണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു (ഇനി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വിശകലനം ചെയ്ത്, “അല്ല, ഗാന്ധിജിക്ക് ഇന്ത്യ ഭരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു” എന്ന് ആരെങ്കിലും നിഗമനത്തിലെത്തുകയാണെങ്കില്‍ തന്നെ എന്റെ നിലപാടില്‍ മാറ്റമില്ല). ദേവഗൌഡമാരും ദേവിലാലുമാരും ലാലുമാരുമൊക്കെയുള്‍പ്പെടുന്ന സമകാലീന രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഗാന്ധിജി എന്നത് തന്നെ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനത്തിന്റെ പല കാരണങ്ങളില്‍ ഒന്ന്.

2. ടി.വി ക്യാമറകള്‍ക്കുമുന്‍‌പില്‍ രാജ്യം മുഴുവന്‍ കേള്‍ക്കെ ഇന്ന് പറഞ്ഞ കാര്യം നാളെ യാതൊരു മടിയുമില്ലാതെ മാറ്റിപ്പറയുന്ന ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരെ അപേക്ഷിച്ച് എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ് ജീവിച്ച ആ ജീവിതം. മറ്റ് പല ചരിത്രപുരുഷന്മാരെയും അപേക്ഷിച്ച് ഗാന്ധിജിയെ വിമര്‍ശിക്കാന്‍ പലപ്പോഴും നാമുപയോഗിക്കുന്നത് അദ്ദേഹം തന്നെ പറഞ്ഞ, അദ്ദേഹം തന്നെ എഴുതിയ, അദ്ദേഹം ഒരിക്കലും നിഷേധിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ തന്നെ വാക്കുകളും എഴുത്തുകളുമാണെന്നെതാണ് രസം.

3. തഥാഗതന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന് പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

ഗാന്ധിജിയെ ദൈവമായി കാണുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഗാന്ധിജിയുടെ ആദ്യകാല നയങ്ങളിലും കാഴ്ച്ചപ്പാടുകളിലും അസ്വീകാര്യങ്ങളായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ ആ മനുഷ്യന്റെ നിശ്ചയദാര്‍ഷ്‌ട്യം അനുകരണീയം തന്നെയായിരുന്നു. വിഭജനത്തിനു ശേഷം ബംഗാളില്‍ കലാപം കത്തിയാളിയപ്പോള്‍ “ സബര്‍മതി ദൂരേയാണ്,നവഖാലിയാണ് അടുത്ത് “എന്നും പറഞ്ഞ് ഒറ്റയാള്‍ പട്ടാളം നയിച്ച ധൈര്യം അഗീകരിക്കതിരിക്കാനാവില്ല.

ഒരേ സമയം ബംഗാളിലും പഞ്ചാബിലും ഭീകരമായ അക്രമം നടമാടുകയായിരുന്നു, വിഭജനത്തോടനുബന്ധിച്ച്. നവ്ഖാലിയില്‍ എത്തിയ ഗാന്ധിജിയെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞാണ് ജനം സ്വീകരിച്ചത്. പക്ഷെ അദ്ദേഹം പിന്‍‌മാറിയില്ല. അവരുടെ അടുത്ത് ചെന്ന് അവരോട് സംസാരിച്ചൂ. ആദ്യ ദിവസം നൂറു പേരെങ്കില്‍ പിന്നീട് ആയിരവും പതിനായിരവും ലക്ഷവും ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനെത്തി. കലാപം പതിയെ കെട്ടടങ്ങി. ഇതേ സമയം പഞ്ചാബില്‍ 50000 ഇല്‍ അധികം പട്ടാളക്കാരെയാണ് വിന്യസിച്ചത്. പക്ഷെ കലാപം തുടര്‍ന്നു കൊണ്ടേ ഇരുന്നു. അന്ന് മൌണ്ട് ബാറ്റന്‍,ഗാന്ധിജിക്ക് ഒരു സന്ദേശം അയച്ചു. “ പഞ്ചാബില്‍ നമ്മുടെ 50000 പട്ടാളക്കാരുണ്ട്.എന്നിട്ടും അവിടെ ലഹള ശമിക്കുന്നില്ല. എന്നാല്‍ കല്‍ക്കത്തയില്‍ നമ്മുടെ ഒരേ ഒരു ഭടന്‍ മാത്രമെ ഒള്ളു. അവിടത്തെ ലഹള ശമിച്ചിരിക്കുന്നു”.. അതാണ് ഗാന്ധിജി..
(കഴിഞ്ഞ ഞായറാഴ്ച്ക മാതൃഭൂമി സപ്ലിമെന്റില്‍ ഗാന്ധിജിയെ കുറിച്ച് വന്ന ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്ന്)

മാരീചന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. “എന്റെ ജീവിതമാണ് എന്റെ സന്ദേശം “ എന്ന് പറയുക മാത്രമല്ല,അനുകരണീയമായ ഒരു ജീവിതം നയിച്ച് ജനതയ്ക്ക് മാതൃക ആവാന്‍ കഴിയുകയും ചെയ്ത ഒരേ ഒരാളെ ഉണ്ടായിട്ടൊള്ളു.. അതാണ് മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി


4. മാരീചന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

തന്റെ സവര്‍ണ പക്ഷപാതം ഗാന്ധിജി ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അയിത്തം, പന്തിഭോജനം എന്നിവയെക്കുറിച്ചും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഡോ. അംബേദ്കര്‍, ഭഗത് സിംഗ് എന്നിവരോടുളള ഗാന്ധിജിയുടെ സമീപനവും വേണ്ടവിധത്തില്‍ പില്‍ക്കാല ഭാരതം ചര്‍ച്ച ചെയ്തിട്ടില്ല.

എന്നാല്‍ "എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം" എന്ന് തുറന്നു പറയാനുളള ചങ്കൂറ്റം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു എന്നു തോന്നുന്നു. സങ്കീര്‍ണമായ ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേത്. ആ ജീവിതത്തിന്റെ ഊടും പാവും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് തൊട്ടറിയാവുന്നടത്തോളം സുതാര്യമായതിനാലാവാം, അദ്ദേഹത്തിലേയ്ക്ക് ജനം സ്നേഹവും ആദരവും വാരിയെറിഞ്ഞത്.

വിമര്‍ശനാത്മകമായി ഗാന്ധിജിയുടെ ജീവിതം പഠിക്കേണ്ടതു തന്നെ.


5. സിമി ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

പ്രകൃതിയുടെ പരിണാമം പോലെ ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പരിണാമം ഉണ്ട്. ഗാന്ധിജി ജീവിതത്തില്‍ ഉടനീളം സ്വയം വിമര്‍ശിച്ചു, ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നന്നായി.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നൌഖാലിയിലെ തെരുവുകളില്‍, ചേരികളില്‍ ഗാന്ധിജി താമസിക്കുകയായിരുന്നല്ലോ.

എങ്കിലും ഗാന്ധിജി മനുഷ്യനാണ്, ദൈവമല്ല. ഒരു മനുഷ്യനെക്കൊണ്ടു കഴിയുന്നതെല്ലാം - ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കഴിയുന്നതിന്റെ പരിധികള്‍ വരെ (he tried to stand up and make a difference to the utmost extent according to his beliefs) ഗാന്ധിജിയ്ക്കു കഴിഞ്ഞു.

ഇവിടെ ഗാന്ധിജിയുടെ തത്വശാസ്ത്രം / വിശ്വാസങ്ങള്‍ എല്ലാം ശരിയാണെന്നോ തെറ്റാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ നേതാവ് (the tallest leader india ever had) ഗാന്ധിജി ആയിരുന്നു.


6. പെരിങ്ങോടന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

ആത്മസംസ്കരണമാണ് ഗാന്ധിജി കാണിച്ചു തന്ന ഏറ്റവും മഹത്തായ ജീവിതമാര്‍ഗ്ഗം. തഥാഗതനെപ്പോലെ അദ്ദേഹവും മഹാത്മാവായത് അതുമൂലമാണ്.

എന്നോപ്പോലുള്ള ഒരാള്‍ക്ക് ഗാന്ധിജി എന്നെന്നും മഹാത്മാവായിത്തന്നെ ഇരിക്കുന്നതിന് ഇത്തരം കാരണങ്ങള്‍ ധാരാളം മതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിലെ ഏതെങ്കിലുമൊരു പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലല്ല എന്നെപ്പോലുള്ളവര്‍ ഗാന്ധിജിയെ വിലയിരുത്തുന്നത്. ശരിക്കുള്ള റോള്‍ മോഡലുകള്‍ അപൂര്‍വ്വമായി വരുന്ന ഇക്കാലഘട്ടത്തില്‍ 1869 മുതല്‍ 1948 വരെ ജീവിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലഘട്ടം മാത്രമായെടുത്ത് വിശകലനം ചെയ്ത് അദ്ദേഹം മഹാത്മാവാല്ലെന്നോ വെറും ഗാന്ധി മാത്രമാണെന്നോ നിഗമനത്തില്‍ ഒരിക്കലും ഞാനെത്തില്ല. തന്റെ ജീവിതത്തിലെ പോസ്റ്റിറ്റീവുകളും നെഗറ്റീവുകളും അളന്ന് തൂക്കി ഏതിനാണോ തൂക്കം കൂടുതല്‍ എന്ന് നോക്കി അതിനനുസരിച്ച് നിലപാടെടുക്കപ്പെടേണ്ട ഒരു വ്യക്തിയല്ല മഹാത്മാഗാന്ധി എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും എന്തൊക്കെ നെഗറ്റീവ്‌സ് ഉണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒരു പോസിറ്റീവ് വ്യക്തിത്വവും ജീവിതരീതിയുമുണ്ടായിരുന്ന ഗാന്ധിജിയെ ആ രീതിയില്‍ തന്നെ കാണാനും അങ്ങിനെതന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനുമായിരിക്കും ഞാനെപ്പോഴും ശ്രമിക്കുക-മുകളില്‍ പറഞ്ഞതുള്‍പ്പടെയുള്ള പല കാരണങ്ങള്‍ മൂലം തന്നെ. അല്ലാതെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചതില്‍‌നിന്നുണ്ടാവുന്ന തോന്നലുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയെയും ഹിറ്റ്‌ലറെയും താരതമ്യം ചെയ്യുന്ന പ്രവര്‍ത്തി ഞാന്‍ ഒരിക്കലും ചെയ്യില്ല. അതേ സമയം ആരെങ്കിലും ഇക്കാലത്ത് “മഹാത്മാഗാന്ധിയില്ലായിരുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമൊക്കെ കിട്ടിയേനെ” എന്ന് പറഞ്ഞാല്‍ ഞാനതില്‍ തെല്ലും അത്‌ഭുതപ്പെടുകയുമില്ല.

ഗാന്ധിജിയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിലെ, അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ജീവിതം മാത്രം വിശകലനം ചെയ്ത്, അദ്ദേഹം വര്‍ണ്ണവെറിയനായിരുന്നുവെന്നും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനായി അദ്ദേഹം പോരാടിയിട്ടില്ല എന്നും ആരെങ്കിലും പറയുമ്പോള്‍ ലോകത്തില്‍ ആരെങ്കിലും, അതാരായാലും, ആ സംഭവങ്ങളെപ്പറ്റി ഇങ്ങിനെയും:

The controversy is based primarily on Gandhi's earlier somewhat dismissive and casual remarks which could be considered derogatory towards a section of the local people, regardless of what Gandhi's intention may have been. However such remarks were, with extended experience, not made after 1908. There was a definite widening in Gandhi's outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated.

ഇങ്ങിനെയും:

The laws governing Blacks and Indians in South Africa were different. The provocations for protest were therefore often different. Nevertheless, Gandhi had given thought to the question of mixing the African struggle with the Indian. At the time he considered the matter – in the infant years of the 20th Century --, the issue was not as though the Africans had started a struggle and Indians had to decide
whether to join them The position was the reverse. Indians in South Africa had started a struggle and had to decide whether to involve Africans in their travails. Gandhi decided against doing so not out of a lack of sympathy for the Africans but precisely because of his concern for them. Indians had another country – India – to fall back to. Africans did not. The consequences of the struggle could be different for Africans and Indians. As the one leading the struggle, he had to consider these. If the former came into the struggle and violence was resorted to there might be repression of which the Africans could have to bear the brunt. We saw later what happened in South Africa in roughly the second half of the twentieth century once the organised African struggle began. That experience appears to have vindicated Gandhi's early decision.ഇങ്ങിനെയും:

In 1936 Gandhi was asked by an American Black delegation: "Did the South African Negro take any part in your movement?" Gandhi replied: "No, I purposely did not invite them. It would have endangered their cause." (CWMG, Volume 62, p.199).

ഇങ്ങിനെയും:

His concerns against racial oppression are not limited to Blacks. They extend to "Red Indians",or American Indians (CWMG Vol 56, p 103) the Chinese miners in South Africa (CWMG, Volume 5, pp 60-61 ), and other peoples. Gandhi understood the essential unity of struggles for racial equality

ഒക്കെ പറഞ്ഞില്ലെങ്കില്‍ കൂടി ഗാന്ധിജി ഒരിക്കലും തകരാത്ത വിഗ്രഹം തന്നെ എനിക്ക്. പക്ഷേ ഗാന്ധിജിയെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി കിട്ടാന്‍ ഇന്റര്‍നെറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ പോലും സമയം എടുത്തില്ല എന്നത് തന്നെ എനിക്ക് വളരെയധികം സന്തോഷം തരുന്നു- ഗാന്ധിജി അറിയേണ്ട രീതിയില്‍ അറിഞ്ഞവരും അറിയുന്നവരും ലോകത്തില്‍ ഇപ്പോഴുമുണ്ടെന്നോര്‍ത്ത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിയ വ്യക്തിയുടെ വ്യക്തിപരവും രാഷ്ട്രീയ പരവുമായ നിലപാടുകള്‍ എന്തെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ഗാന്ധിജിയെപ്പറ്റി ഒരു ആരോപണം വന്നപ്പോള്‍ അതിനുള്ള മറുപടി എന്താവും എന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. എനിക്ക് ബോധ്യമായ ഒരു മറുപടി കിട്ടുകയും ചെയ്തു. സാധാരണ ചെയ്യുന്നതുപോലെ ക്രോസ് ചെക്ക് ചെയ്യാനോ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷിക്കാനോ ഒന്നും ഞാന്‍ മുതിര്‍ന്നില്ല. ഇതൊന്നുമില്ലാതെതന്നെ മഹാത്മാവായി ഞാന്‍ കരുതുന്ന ഗാന്ധിജിയെപ്പറ്റി ഒന്നുകൂടി അറിയാന്‍ എനിക്കിതുപകരിച്ചു, അത്രമാത്രം.

വളരെയധികം നെഗറ്റീവ് ഇമേജുള്ള ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പോസിറ്റീവ്‌സ് ഉണ്ടോ എന്നോ അയാളുടെ ചില നിലപാടുകളെങ്കിലും ലോകത്തിന് എന്തെങ്കിലും നല്ലകാര്യം ഉണ്ടാക്കിയിട്ടുണ്ടോ എന്നോ ഒക്കെ അന്വേഷിക്കാം. ആ പോസിറ്റീവ്സ് മാത്രം വേണമെങ്കില്‍ നമുക്ക് മാതൃകയാക്കാം-പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ക്കായി. മറിച്ച്, വളരെയധികം പോസിറ്റീവ്‌സ് ഉള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങള്‍ മാത്രമെടുത്തും വിശകലനം ചെയ്യാം. അതില്‍‌നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാം. പക്ഷേ പലര്‍ക്കും പ്രചോദനമാക്കാവുന്നവയാണ് അയാളുടെ പോസിറ്റീവ്‌സെങ്കില്‍ ആ പോസിറ്റീവ്‌സിനെ ഓഫ്‌സെറ്റ് ചെയ്യത്തക്ക രീതിയിലാവാതെ, നെഗറ്റീവായി നമുക്ക് തോന്നുന്ന കാര്യങ്ങളിലും എന്തെങ്കിലും പോസിറ്റീവ്സ് ഉണ്ടോ എന്നും കൂടി നോക്കിയൊക്കെയുള്ള വിശകലനങ്ങളാണെങ്കില്‍ അയാളുടെ പോസിറ്റീവ്‌സ് മാതൃകയാക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് താത്‌പര്യം വരും-പ്രത്യേകിച്ചും ആ വ്യക്തി മണ്‍‌മറഞ്ഞിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായെങ്കില്‍.

ഡെഡ് ലൈന്‍ മീറ്റ് ചെയ്യേണ്ട തിരക്കുകള്‍ക്കിടയിലും രാത്രി ഉറക്കളച്ചിരുന്ന് അത്താഴം പോലും കഴിക്കാതെ മഹാത്മാഗാന്ധിയെപ്പറ്റി, ഗാന്ധിജിയെപ്പറ്റി, ഇത്രയും എഴുതാന്‍ എനിക്ക് സാധിച്ചു എന്നത് തന്നെ ഗാന്ധിജി എന്നിലും എന്തോ ഒരു പോസിറ്റീവായ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് തെളിവായി ഞാന്‍ കാണുന്നു. അത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും തരുന്നു. അതിന് എന്നെ പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ചോദ്യം:

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന അകിട് ഏത് ജീവിയുടെ?

ഉത്തരം:

പശുവിന്റെ. ...ചോരതന്നെ കൊതുകിന്നു കൌതുകം എന്നല്ലേ പറഞ്ഞിരിക്കുന്നത്? കൌ = പശു.

കൂട്ടത്തില്‍ വായിക്കാവുന്നവ:
1) മാവേലി കേരളത്തിന്റെ പോസ്റ്റ്
2) ഡാലിയുടെ പോസ്റ്റ്

Labels: , , , ,