Friday, August 31, 2007

കണ്‍‌ഫ്യൂഷ്യസ്

ഓ, ഞാനെന്തെങ്കിലും കാര്യം ഉല്‍‌പ്രേക്ഷയായി കണ്‍ഫ്യൂഷനടിച്ച് പിന്നെ വണ്ടറടിച്ച് അക്കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ചിരിയാണ്. ഇന്നാ, എന്റെ കൈയ്യില്‍ ഒരു മൂപ്പെത്തിമൂന്നുകോടി മൂപ്പെത്തിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റി മൂപ്പത്തി മൂന്ന് രൂപാ മുപ്പത്തിമൂന്ന് പൈസായുണ്ട്. എനിക്കിത് എവിടെയെങ്കിലും നിക്ഷേപിക്കണം. കുറെ മൂ ഉണ്ട് എന്ന് വെച്ച് എന്തായാലും മുത്തൂറ്റിലിടുന്നില്ല. എവിടെയിടും എന്നോര്‍ത്തിരിക്കുമ്പോഴാണ് ദീപിക ദയനീയപത്രം തുറന്നതും ഈ വാര്‍ത്ത കണ്ടതും:


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍ 30-08-2007

പിന്നെന്താ സംശയം. ഇന്ന് തന്നെ പൈസയെല്ലാം എടുത്ത് ചാക്കില്‍ പൊതിഞ്ഞു. മിച്ചം വന്ന മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപാ മുപ്പത്തിമൂന്ന് പൈസാ പൊതിയാന്‍ മാതിരുഭൂമി പത്രം എടുത്ത് തുറന്ന് നോക്കിയപ്പോള്‍ ദേ കിടക്കുന്നു വാര്‍ത്ത:


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍ 31-08-2007

ഇനി പറ, കണ്‍ഫ്യൂഷ്യസടിച്ച എന്നെ കുറ്റം പറയാമോ? കൈയ്യില്‍ മൂന്ന് കോടി മുണ്ടിരിക്കുമ്പോള്‍ ഏതവനും വരും കണ്‍ഫ്യൂഷന്‍, ഏതുടുക്കണമെന്ന്:)

മനുഷ്യന് എല്ലാ കാര്യങ്ങളിലും കണ്‍ഫ്യൂഷന്‍‍ വേണോ എന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍. കണ്‍ഫ്യൂഷ്യസ് ആള്‍ക്കാര്‍ ഫ്ലെക്സിബിളായിരിക്കും. അത് താനല്ലിയോ ഇതെന്നും അതല്ലല്ലോ ഇതെന്നും അതെന്താ ഇതല്ലാത്തതെന്നുമൊക്കെയുള്ള ഉല്‍‌പ്രേക്ഷയുണ്ടെങ്കില്‍ നമ്മുടെ തലച്ചോര്‍ വികസിക്കുകയും അവിടുത്തെ കോശങ്ങള്‍ അദ്ധ്വാനിക്കുകയും അങ്ങിനെ നമ്മളുടെ ചിന്താമണ്ഡലങ്ങള്‍ വികസിക്കുകയും വട്ടാവുകയും ചെയ്യും. കണ്‍ഫ്യൂഷനില്ലാത്തവരോ? അവര്‍ക്ക് ഒട്ടും ഫ്ലെക്സിബിലിറ്റിയില്ല. കാരണം അവര്‍ക്ക് ഒരു ചിന്തയേ ഉള്ളൂ. കണ്‍ഫ്യൂഷനില്ലാത്തതുകാരണം അവര്‍ വിചാരിക്കും അവരുടെ വിചാരമാണ് ശരിയെന്ന്. പക്ഷേ കണ്‍ഫ്യൂഷനില്ലാത്തവരേ...

“നിങ്ങളെന്തറിയുന്നു പുസ്തകപ്പുഴുക്കളേ
പഞ്ചപാണ്ഡവരല്ലോ സീതതന്‍ കണവന്മാര്‍
മൂവരുമൊന്നിച്ചന്നാ രാവണക്കുരങ്ങന്റെ ലങ്കയില്‍ ചെന്നിട്ടെന്തുണ്ടായി?
അവിടെ കുരുക്ഷേത്രമുണ്ടായി
ഗുരുവിന്‍ ക്ഷേത്രമുണ്ടായി”

കണ്‍ഫ്യൂഷനായില്ലേ? അതുകൊണ്ടാണ് “കണ്‍ഫ്യൂഷനില്ലാത്തൊരു ജന്മമുണ്ടോ“ എന്ന് കവി പാടിയത്.

പക്ഷേ മനുഷ്യന്‍ കണ്‍ഫ്യൂഷന്‍ എന്നൊരു സ്റ്റേജ് കടന്ന് കാര്യങ്ങളൊക്കെ ക്ലിയറായിക്കഴിയുമ്പോഴല്ലേ കണ്‍ഫ്യൂഷന്‍ ഇല്ലാത്ത സ്റ്റേജിലെത്തുന്നത്? അത്തരമൊരു അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാവേണ്ട ആവശ്യമില്ലല്ലോ. അപ്പോള്‍ കണ്‍ഫ്യൂഷനുള്ളവരെക്കാളും മിടുക്കന്മാരല്ലേ കണ്‍ഫ്യൂഷനില്ലാത്തവര്‍? കണ്‍ഫ്യൂഷനായി.

Labels: , , , , ,

Tuesday, August 28, 2007

ദീപികയുടെ ഇന്ത്യ... പിന്നെയും


ചിത്രത്തിന് മുഴുവന്‍ കടപ്പാടും പതിവുപോലെ ദീപിക ഓണ്‍ലൈന്‍ എഡിഷന്.

ആദ്യമായിട്ടൊന്നുമല്ല ദീപിക ഇന്ത്യയെ കണ്ടെത്തുന്നത്. ഇവിടെയും പറഞ്ഞിരുന്നു. ഇനി ചിലപ്പോള്‍ ഇത് മതിയെന്നാവും. എങ്കില്‍ പിന്നെ സര്‍ക്കാരും കൂടി മാറ്റിയിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ ഇല്ലാതാക്കാമായിരുന്നു. ഇനി പുതിയ സ്ലോഗന്‍ ദീപിക ഇന്ന് കാണിക്കുന്നത് സര്‍ക്കാര്‍ നാളെ കാണിക്കുന്നു എന്നുവല്ലതുമാണോ?

Labels: , , ,

Wednesday, August 22, 2007

നിലാവത്തെ കോഴിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

മാന്യ സുഹൃത്തുക്കളേ, എന്റെ അഭിമാ‍ന “ഭോജനമായ” വാത്സല്യ “ഭാജനമായ” ഈ ബ്ലോഗിന്റെ യൂആറെല്ലായ “നിലാവത്തെ കോഴി” (http://nilavathekozhi.blogspot.com/) ഇന്ത്യന്‍ പാര്‍‌ലമെന്റിന്റെ വരെ അംഗീകാരം പിടിച്ചു പറ്റി എന്ന വാര്‍ത്ത നിങ്ങളെയോരോരുത്തരെയും ഞാന്‍ വിനയപുരസ്സരം അറിയിക്കുന്നു. ആ അംഗീകാരം നല്‍കല്‍ മഹാമഹത്തില്‍ പാര്‍‌ലമെന്റംഗങ്ങള്‍ ഒന്നടങ്കം ആഹ്ലാദാരവങ്ങളോടെ പങ്കെടുത്തതിനാല്‍ പാര്‍ലമെന്റ് കുറച്ച് നേരത്തേക്ക് സ്തംഭിക്കുക വരെയുണ്ടായി. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭ (അതല്ലേ പാര്‍ലമെന്റ്?) ഒരു ബ്ലോഗിന്റെ യൂവാറെല്ലിനെ ഈ രീതിയില്‍ അംഗീകരിക്കുന്നതും അത് മൂലം പാര്‍ലമെന്റ് സ്തംഭിക്കുന്നതും. അത് ഒരു മലയാളം ബ്ലോഗിന്റെ യൂവാറെല്ല് തന്നെയായി എന്നത് നമ്മള്‍ ഓരോ മലയാളിക്കും തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. ഈ ഒരു അംഗീകാരത്തിന് എന്നെ പ്രാപ്തനാക്കിയത് എന്റെ ഒരു ലച്ചമല്ല, രണ്ട് ലച്ചമല്ല, മൂന്ന് ലച്ചമല്ല മുപ്പതോളം വരുന്ന ആരാധകര്‍-കം-വായനക്കാര്‍-കം-അഭ്യുദയയില്ലാകാംക്ഷികളാണെന്നത് എന്നെ തീര്‍ത്തും വികാരഭരിതനാക്കുന്നു. കൂടുതല്‍ കൂടുതല്‍ മലയാളികള്‍ക്ക് ബ്ലോഗിംഗിലേക്ക് കടന്നുവരാന്‍ ഈ അംഗീകാരം പ്രയോജനപ്പെടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

ഈ സദ്‌വാര്‍ത്ത യഥാസമയം റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ ദിനപത്രത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷന്‍ 22-08-2007

(യു.എന്‍ അസംബ്ലി ആവട്ടെ നമ്മുടെ അടുത്ത ലക്ഷ്യം- എന്ത് പറയുന്നു...?) :)

Labels: , , ,

Tuesday, August 21, 2007

സര്‍ക്കാര്‍ സ്കൂളുകളും ധാര്‍മ്മികതയും

ദീപികയില്‍ ഇന്നലെ വന്ന വാര്‍ത്തയാണ്


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍, 20-08-2007

സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളിലും ധാര്‍മ്മികത നഷ്ടമായിരിക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിരിക്കുന്നു.

എന്താണ് അദ്ദേഹം ആ പ്രസ്താവനകൊണ്ട് ഉദ്ദേശിച്ചതെന്ന് വാര്‍ത്തയുടെ ബാക്കി ഭാഗത്തുനിന്നും വ്യക്തമല്ല. എന്താണ് ധാര്‍മ്മികതകൊണ്ട് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. പക്ഷേ ധാര്‍മ്മികബോധം ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തേണ്ട സംഗതിയാണെന്നതില്‍ ഒരു സംശയവുമില്ല. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ഇത് ഏറ്റവും നന്നായി ചെയ്യുവാനും കഴിയുക.

പഠനമെന്നാല്‍ പരീക്ഷയ്ക്ക് മാത്രമുള്ള പഠനം എന്ന ചിന്ത എങ്ങിനെയോ തലയില്‍ കയറിയിരുന്നതുകാരണം സ്കൂളില്‍ പഠിപ്പിച്ചിരുന്ന മോറല്‍ സയന്‍സിന് പരീക്ഷ ഇല്ലാത്തതുകാരണം എന്താണ് പഠിപ്പിച്ചതെന്നുകൂടി ഓര്‍മ്മയില്ല. പക്ഷേ കുട്ടികളില്‍ ധാര്‍മ്മിക ബോധം ഒന്നാം ക്ലാസ്സില്‍ ഇത്ര പാഠങ്ങളില്‍ കൂടി, രണ്ടാം ക്ലാസ്സില്‍ കുറച്ചുകൂടി എന്ന രീതിയിലല്ല വളര്‍ത്തേണ്ടതെന്ന് തോന്നുന്നു. ഒന്നാം ക്ലാസ്സില്‍ പഠനം തുടങ്ങുന്ന കുട്ടി പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും അവന്റെ മനസ്സില്‍ അത്തരം കാര്യങ്ങള്‍ വേരൂന്നിയിരിക്കണം. അത് പാഠപുസ്തകങ്ങളില്‍ കൂടിയാവാം-പക്ഷേ അവയില്‍ കൂടി മാത്രമായി പറ്റില്ല എന്ന് തോന്നുന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും പ്രായമായവരെ ഏറ്റവും നന്നായിത്തന്നെ ബഹുമാനിക്കാനും നമുക്കുള്ള എല്ലാ അവകാശങ്ങളും നമ്മളെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കുമുണ്ട് എന്നുമൊക്കെയുള്ള ചിന്തകളും കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളുമൊക്കെ‍ ചെറിയ ചെറിയ ഉദാഹരണങ്ങള്‍ വഴിയും അദ്ധ്യാപകരും മാതാപിതാക്കളും മാതൃകകളായും കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കണം. അങ്ങിനെ പലതുള്ളി പെരുവെള്ളമായി മാത്രമേ ശരിയായ ഒരു ധാര്‍മ്മിക ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ പറ്റൂ.

പക്ഷേ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ഒരു രീതി സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷസമുദായങ്ങളുടെ സ്കൂളുകളിലും മാത്രമേ ഇല്ലാതെയുള്ളോ എന്നറിയില്ല. അങ്ങിനെയാണെങ്കില്‍ മറ്റ് സമുദായങ്ങളുടെ സ്കൂളുകളിലെ രീതികള്‍, അത് മാതൃകാപരമാണെങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളിലും ഇതരവിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകളിലും തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കണം. കാരണം എല്ലാ വിഭാഗങ്ങളിലും പെട്ട നല്ലൊരു ശതമാനം ജനങ്ങളും ആശ്രയിക്കുന്നതാണല്ലോ സര്‍ക്കാര്‍ സ്കൂളുകളും മറ്റും. ഏത് സ്കൂളിലാണെങ്കിലും കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു ലെവല്‍ വരെയെങ്കിലും തുല്ല്യമായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ധാര്‍മ്മികത മുതലായ കാര്യങ്ങള്‍ തീര്‍ച്ചയായും ഏത് വിഭാഗം നടത്തുന്ന സ്കൂളാണെങ്കിലും കുട്ടികള്‍ക്ക് ഒരേ രീതിയില്‍ പകര്‍ന്ന് കിട്ടണം. അതില്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. പ്രത്യേകിച്ച് മുടക്കുമുതലൊന്നും കൂടാതെതന്നെ ചെയ്യാവുന്ന കാര്യങ്ങളായതുകാരണം അതിന് സ്കൂളുകളുടെ സാമ്പത്തിക സ്ഥിതിയോ നിലവാരമോ ഒന്നും ഒരു കാരണമാവേണ്ട കാര്യമേ ഇല്ലല്ലോ.

പ്രൊഫസര്‍ കലാം പറഞ്ഞതുപോലെ ഒരാളുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്താന്‍ പറ്റിയ ആള്‍ക്കാരാണ് മാതാപിതാക്കളും പ്രൈമറി സ്കൂള്‍ ടീച്ചറും. ആ ഒരു ഉത്തരവാദിത്തബോധം ആ രണ്ട് കൂട്ടരും കാണിച്ചാല്‍ അടുത്ത തലമുറയെ നല്ലരീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ പറ്റും-അവര്‍ ഏത് തരം സ്കൂളുകളില്‍ പഠിച്ചാലും.

(ദീപികയില്‍ വന്നതിനെക്കാളും വിശദമായി മുകളിലത്തെ വാര്‍ത്ത മംഗളം ദിനപത്രത്തില്‍ വന്നത് കിരണ്‍ കമന്റായി ഇട്ടിട്ടുണ്ട്. ദയവായി കിരണിന്റെ കമന്റില്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്തകൂടി വായിക്കാനപേക്ഷ. മംഗളം വാര്‍ത്ത വായിച്ചപ്പോള്‍ മാര്‍ പവ്വത്തില്‍ പറഞ്ഞതെന്താണെന്ന് ഒന്നുകൂടി വ്യക്തമായി. മാര്‍ പവ്വത്തിലിന്റെ ഒരു പ്രസ്താവന ദീപിക പ്രസിദ്ധീകരിച്ചത് വ്യക്തമായി മനസ്സിലാക്കാന്‍ മംഗളം ദിനപത്രം നോക്കേണ്ടി വരിക എന്നതിനെയാണോ കലികാലം എന്നൊക്കെ പറയുന്നത്? വാര്‍ത്ത ഇവിടെ കമന്റായി ഇട്ട കിരണിന് പ്രത്യേക നന്ദി)

എന്തായാലും ആ വാര്‍ത്ത വായിച്ചപ്പോള്‍ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇല്ലേ എന്നോര്‍ത്ത് സ്വല്പം വിഷമിച്ചെങ്കിലും ഇന്നലത്തെതന്നെ മനോരമ ഞായറാഴ്ചപ്പതിപ്പില്‍ കുട്ടികളെ മുങ്ങാ‍ന്‍ പഠിപ്പിക്കുന്ന, കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ യു.പി. സ്കൂളിനെപ്പറ്റിയുള്ള (ആ സ്കൂള്‍ സര്‍ക്കാര്‍ സ്കൂളാണോ എന്നറിയില്ല-എന്തായാലും കുഴപ്പമില്ല) വാര്‍ത്ത നല്ല സന്തോഷം തന്നു. ഇപ്പോഴത്തെ പല ഹൈ-ടെക് സ്കൂളുകളിലും ചിലപ്പോള്‍ ശാസ്ത്രീയമായ (എന്ന് പറഞ്ഞാല്‍ സ്വമ്മിംഗ് പൂളിലുള്ള) നീന്തല്‍ പഠനങ്ങളൊക്കെയുണ്ടായിരിക്കും. പക്ഷേ ആ സ്കൂളിലെ കുഞ്ഞിക്കൃഷ്ണന്‍ മാഷിന് അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഒക്കെ സഹായത്തിനും സൌകര്യത്തിനും നോക്കി നില്‍‌ക്കാതെ തന്നെ അദ്ദേഹം കുട്ടികളെ നീന്താന്‍ പഠിപ്പിക്കാന്‍ തുടങ്ങി-സ്വന്തം കുട്ടികളെ തന്നെ ആദ്യമായി കുളത്തിലിറക്കിക്കൊണ്ട് തന്നെ. ഷൂസും കോട്ടും ടൈയ്യുമൊക്കെ ഇട്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ്സിലിരിക്കുന്നത് മാത്രമാണ് നിലവാരമെന്ന് കരുതുന്ന സ്കൂളുകളെ അപേക്ഷിച്ച് എന്റെ അഭിപ്രായത്തില്‍ ഒന്നുകൂടി നിലവാരമുള്ള കുട്ടികളായിരിക്കും ഇത്തരം സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. പഠനത്തോടൊപ്പം നീന്താനും പഠിക്കുന്നു എന്നത് മാത്രമല്ല, ആ സമയങ്ങളിലൊക്കെയുള്ള കുട്ടികളുടെ എല്ലാം മറന്നുള്ള ഉല്ലാസം മാത്രം മതി അവരെ ഭാവിയില്‍ നല്ല പൌരന്മാരാക്കി മാറ്റാന്‍. പ്രത്യേകിച്ചുള്ള അച്ചടക്കവാളുകളും ഉറക്കെ സംസാരിച്ചാലോ മലയാളം സംസാരിച്ചാലോ ഫൈനടിയുമൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് ഉറക്കെ വിളിച്ച് കൂവി നീന്തല്‍ പഠിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിദ്യ തികച്ചും സ്വാഭാവികമായി പഠിക്കുക മാത്രമല്ല കുട്ടികള്‍ ചെയ്യുന്നത്, അവരറിയാതെ തന്നെ അവരുടെ മനസ്സും തലച്ചോറും വികസിക്കുക കൂടിയാണ്. അങ്ങിനെയുള്ള കുട്ടികള്‍ തന്നെയാണ് ഭാവിയിലെ നിലവാരമുള്ള കുട്ടികളായി മാറുന്നത്.

വേണമെങ്കില്‍ എല്ലാ പഞ്ചായത്തിലും നമുക്ക് ഒന്നോ രണ്ടോ കുഞ്ഞിക്കൃഷ്ണന്‍ മാഷുമാരെ ഉണ്ടാക്കാം. രക്ഷകര്‍ത്താക്കളുടെ മുന്‍‌വിധികള്‍ ഒന്ന് മാറ്റിയാല്‍ മാ‍ത്രം മതി.

Labels: , , ,

Saturday, August 11, 2007

തിരുവാതിര

ഒരു താരമാവണമെന്നത് എന്റെ ചെറുപ്പം മുതല്‍ക്കേ ഉള്ള ആഗ്രഹമായിരുന്നു. ഒരു താരമാവാന്‍ വേണ്ട ശരീരവടിവ് (വടി പോലത്തെ ശരീരമെന്ന് അസൂയക്കാര്‍), മമ്മൂട്ടിയുടെ പോലത്തെ ശബ്‌ദഗാംഭീര്യം, ലാലേട്ടന്റേതുപോലത്തെ അനായാസമായ അഭിയനയമികവ് ഇവയെല്ലാം ആള്‍ക്കൂട്ടത്തിനിടയ്ക്ക് തനിയെ മണ്ണും ചാരി നില്‍‌ക്കുന്നവനിലും ഒറ്റനോട്ടത്തില്‍ തന്നെ കണ്ടു മനസ്സിലാക്കാന്‍ കഴിവുള്ള സംവിധായകരൊക്കെയുള്ളതുകൊണ്ടായിരുന്നല്ലോ മലയാള സിനിമ പണ്ട് കാലത്തൊക്കെ കത്തിജ്വലിച്ച് കെടാവിളക്കായി നിന്നിരുന്നതും ഞാനൊക്കെ ചെറുപ്പത്തില്‍ തന്നെ താരമായതും അതിന്റെ ആത്മസംതൃപ്തിയും ആത്മസംഘര്‍ഷവും ഒന്നിച്ചനുഭവിച്ചതും ചമ്മിയടിച്ചതും. ആ കാലഘട്ടത്തിലെ സംവിധായകരുടെ ഗ്ലാമറൊക്കെ പോയതില്‍ പിന്നെ അവര്‍ക്കൊന്നും പണിയില്ലാതായി, എനിക്കും പണിയില്ലാതായി.

എന്നാലും അഭിനയിക്കണം, പാടണം, സ്റ്റേജില്‍ കയറണം, നാലുപേരറിയണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ എന്റെ മനസ്സില്‍ പിന്നെയും കിടന്നു. അത് അങ്ങിനെ പിറന്ന പടി കിടക്കുന്ന സ്റ്റേജിലാണ് യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതും ആദ്യമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും. അവിടെയാണെങ്കില്‍ എങ്ങിനെയും പെര്‍‌ഫോം ചെയ്യണമെന്ന ആഗ്രഹം അസ്ഥിക്ക് പിടിച്ചവന്മാരെ മുട്ടിയിട്ടൊട്ട് നടക്കാനും വയ്യ. കമ്പനിക്കാളെ കിട്ടിയപ്പോള്‍ നീര്‍ക്കോലി-മൂര്‍ഖന്‍ പാമ്പ് സ്റ്റൈലില്‍ ആരുണ്ടെടാ ഞങ്ങളെ തോല്‍‌പിക്കാന്‍ എന്നും പറഞ്ഞ് ഞാനുമിറങ്ങി.

അങ്ങിനെയങ്ങിനെയിങ്ങിനെയങ്ങിനെയൊക്കെയോ ആറ്റും പിന്നെ നോറ്റും പിന്നെയും ആറ്റും വായില്‍‌നോക്കിയിരിക്കുന്ന സമയത്താണ് വാര്‍ഷിക കലാപരിപാടിയായ യുവജനോത്സവം യൂണിവേഴ്‌സിറ്റിയില്‍ വരുന്നതും കലാകാരന്മാരും കലാകാരികളും അരങ്ങെത്തെത്തുന്നതും തൊട്ടപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കല കാണാന്‍ പടയെത്തുന്നതും പെര്‍‌ഫോം ചെയ്യാനുള്ള വെറും ആഗ്രഹം അദമ്യമായങ്ങ് മാറുന്നതും പിടിച്ചാല്‍ കിട്ടാത്തതും കണ്ട്രോളു പോവുന്നതും.

“ഹേയ് ഞാനാ ടൈപ്പല്ല” എന്നൊക്കെ പരസ്യമായി വെയിറ്റിട്ട് പറഞ്ഞിരുന്നെങ്കിലും ഒരു സാദാ കോളേജ് കുമാരനുള്ള എല്ലാ ദുര്‍ബ്ബലവികാരങ്ങളുമുള്ള ഒരു സാദാ കുമാരന്‍ തന്നെയായിരുന്നു ഞാനും. നാലുപേരറിയണം, അത് പെണ്‍കുട്ടികളാവരുത് എന്നുള്ള വലിയ ഭാവമൊന്നുമൊട്ടില്ലതാനും. എന്തെങ്കിലുമാവട്ടെ. പെര്‍ഫോം ചെയ്തേ പറ്റൂ. ഓഡിറ്റോറിയത്തില്‍ കാണികളുടെ കൂട്ടത്തിലിരുന്ന് കുറച്ച് പരിപാടികളൊക്കെ കണ്ടു. ഒരണ്ണന്‍ ശാസ്ത്രീയഗാനം പാടാന്‍ വന്നു. പാടുന്ന ശാസ്ത്രീയഗാനം “ആത്മവിദ്യാലയമേ...”. അത് ചുമ്മാ അങ്ങ് പാടുകയല്ല. അതിനൂതനമായ രീതിയില്‍, ശാസ്ത്രീയ സംഗീതം അറിയാന്‍ വയ്യാത്തവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ തരത്തില്‍, ലൈവ് ഡെമോയൊക്കെയായാണ് പാടുന്നത്. “ആത്‌മവിദ്യാലയമേ“ പാടുമ്പോള്‍ നെഞ്ചത്തടിച്ച് ഒരു സ്കൂളിന്റെ പടം പൊക്കിക്കാണിക്കും. “ആറടി മണ്ണില്‍...” വരുമ്പോള്‍ ആറ് പ്രാവശ്യം കൈയ്യിട്ടടിക്കും, പിന്നെ ഒരു കപ്പില്‍ വെച്ചിരിക്കുന്ന മണ്ണെടുത്ത് കാണിക്കും. “തലയോടായി....” വന്നപ്പോള്‍ ആശാന്‍ ഒന്നാന്തരം തലയോട്ടിയും എടുത്ത് കാണിച്ചു.

അങ്ങിനെ ഓരോരോ മത്സരം കഴിയുമ്പോളും അതില്‍ പ്രകടനം നടത്തുന്നവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ആ പണിയും നമുക്ക് പറ്റില്ല എന്നായി അവസാനം സ്വന്തം രൂപം പോലും പുറത്ത് കാണിക്കാന്‍ പറ്റാത്ത പ്രച്ഛന്നവേഷമത്സരം, അല്ലെങ്കില്‍ അടച്ചിട്ട മുറിയിലിരുന്നൊക്കെയുള്ള ചിത്രരചന, കഥ, കവിത തുടങ്ങി ഒരൊറ്റ കാണിപോലുമില്ലാത്ത മത്സരങ്ങള്‍ മാത്രമേ ഉള്ളോ ഇനി എന്നുള്ള നെഞ്ചിടിപ്പോടെയിരിക്കുമ്പോഴാണ് സെയിം പിഞ്ചുകാരെല്ലാം ഒന്നിച്ച് കൂടുന്നതും റാപിഡ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതും.

സംഗതി സംഘഗാനം. നിയമപ്രകാരം ടീമില്‍ ഒന്‍പത് പേരേ പാടുള്ളൂ. ചുമ്മാതൊന്നുമല്ല കയറുന്നത്- പ്രാക്ടീസൊക്കെ നടത്തിയിട്ടാണ്. പ്രാക്ടീസിന്റെ സമയത്ത് പത്തും പതിനൊന്നും പന്ത്രണ്ടും പേരൊക്കെ കാണും. നഷ്ടപ്പെടുവാനൊന്നുമില്ലാത്തതുകാരണം ആര്‍ക്കും ടെന്‍‌ഷനില്ല. സ്വന്തമായ ചമ്മല്‍ ഒരു രീതിയിലും അടക്കാന്‍ പറ്റാത്ത ഒന്നോ രണ്ടോ പേരൊക്കെ പൊഴിഞ്ഞ് അവസാനം പത്തായി ആള്‍ക്കാര്‍. പരിപാടി തുടങ്ങി. ആദ്യം വന്ന ഫിസിക്സ് ഡിപ്പാര്‍ട്ട്‌മെന്റും പിന്നെ വന്ന എഞ്ചിനീയറിംഗ് പിള്ളേരുമൊക്കെ നല്ല പ്രൊഫഷണല്‍ സ്റ്റൈലില്‍ ഗിറ്റാര്‍, ഓര്‍ഗന്‍, തബല, ചെണ്ട, മദ്ദളം ഇതൊക്കെ വെച്ച് തകര്‍ക്കുന്നു. ഊഴം ഞങ്ങളുടേതായി. ആകപ്പാടെ ഉള്ള വാദ്യോപകരണം ട്രിപ്പിള്‍. പരിപാടിക്ക് കയറാന്‍ തുടങ്ങിയപ്പോഴേ കുമാരന്‍ വോളന്റിയര്‍ ചെയ്തു-

“എടാ ഒമ്പത് പേരല്ലേ പറ്റൂ, ഞാനങ്ങ് മാറിയേക്കാം. ഇനിയെങ്ങാ‍നും സമ്മാനം കിട്ടിയാലോ, ഡിസ്‌ക്വാളിഫൈഡ് ആവേണ്ട”

സംഘനേതാവ് വിജയന് സഹിച്ചില്ല. സഹിക്കാന്‍ വയ്യാത്ത രണ്ട് കാര്യങ്ങളല്ലേ കുമാരന്‍ ഒറ്റയടിക്ക് പറഞ്ഞിരിക്കുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാത്തത് “ഇനിയെങ്ങാനും സമ്മാനം കിട്ടിയാലോ” എന്ന ഞങ്ങളുടെ മൊത്തം ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന കാര്യം. അതും പോരാഞ്ഞ് അവസാന നിമിഷത്തില്‍ ഒഴിയാനുള്ള കുമാരന്റെ ശ്രമവും.

“നീ പോടേ, ഇനി അങ്ങിനെ നമ്മള്‍ പത്ത് പേരായെന്നും പറഞ്ഞ് നമുക്ക് സമ്മാനം തരാതിരുന്നാല്‍ ഞാന്‍ എനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റങ്ങ് തിരിച്ചുകൊടുത്തേക്കാം, അപ്പോള്‍ പിന്നെ ആര്‍ക്കും പ്രശ്‌നമില്ലല്ലോ” വിജയന്‍ യേശുകൃസ്തുവോ ശ്രീബുദ്ധനോ ഇവരെല്ലാം കൂടിയ എന്തൊക്കെയോ ആയി.

(കോളേജ് അഡ്മിഷന് “സീറ്റില്ല” എന്ന് പ്രിന്‍‌സിപ്പാള്‍ പറയുമ്പോള്‍ “സീറ്റില്ലെങ്കിലും സാരമില്ല സാര്‍, ഞാന്‍ നിന്നായാലും പഠിച്ചോളാം” എന്നൊക്കെ പറയുന്നവരെ മിമിക്രിയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും കൂട്ടത്തിലൊരുത്തന്‍ ആ രീതിയില്‍ പറയുമെന്ന് സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല).

എന്തായാലും സ്റ്റേജില്‍ കയറി. ജീവിതത്തില്‍ ആദ്യമായി ഒരു സംഘപ്രകടനക്കാരുടെ കൂടെ നില്‍ക്കുന്ന അവസരം. ഉള്ളത് പറയാമല്ലോ നേതാവ് വിജയനുള്‍പ്പടെ നല്ലപോലെ പാടുന്ന രണ്ടോ മൂന്നോ നാലോ പേര്‍ കൂട്ടത്തിലുണ്ടായിരുന്നു. ട്രിപ്പിള്‍ വായിക്കുന്ന ജോസഫ് മാഷും സംഗതി നന്നായി വായിക്കാനറിയാവുന്ന പുള്ളി‍. പക്ഷേ തൊട്ട് മുന്‍പിലത്തെയൊക്കെ ഗിറ്റാര്‍, ഓര്‍ഗന്‍, തബല, ചെണ്ട പ്രകടനങ്ങളുടെ ഹാങ്ങറോവറില്‍ ഇരിക്കുന്ന ജനങ്ങള്‍ പത്തണ്ണന്മാര്‍ ഒരു ട്രിപ്പിള്‍ മാത്രം പൊക്കിപ്പിടിച്ച് വെറും കൈയ്യോടെ കൈയ്യും വീശി സ്റ്റേജിലേക്ക് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ കാണികളുടെ കൂട്ടത്തിലല്ലായിരുന്നതുകൊണ്ട് അവര്‍ക്ക് തോന്നിയ ഉപമ എന്തായിരിക്കുമെന്ന് യാതൊരു പിടിയുമില്ല. എന്തെങ്കിലും ബെസ്റ്റ് ഉപമ തന്നെ തോന്നിയിരുന്നിരിക്കണം.

പക്ഷേ ആദ്യത്തെ ഹിന്ദിപ്പാട്ട് വിജയരാഘവന്‍ നല്ല ഒന്നാന്തരമായി എടുത്തപ്പോള്‍ തന്നെ ഓഡിറ്റോറിയം മൊത്തത്തില്‍ കിടുങ്ങി, സൂചിയിട്ടാല്‍ കിണിം കിണിം കിണിം എന്ന ശബ്‌ദം പോലും കൃത്യമായി കേള്‍ക്കുന്ന രീതിയിലായി. അത് കഴിഞ്ഞുള്ള നാടന്‍ മലയാളഗാനം കൂടിയായപ്പോള്‍ “എന്തിനേറെ പറയുന്നു, അങ്ങിനെ സള്‍ഫ്യൂരിക്കാസിഡ് ഉണ്ടാവുകയായി” സ്റ്റൈലില്‍ എന്തിനേറെ പറയുന്നു, ഞങ്ങള്‍ക്ക് കിട്ടി ഒന്നാം സമ്മാനം-പക്ഷേ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം. കാലന്മാര്‍ എഞ്ചിനീയറിംഗ് കാപാലികര്‍ തടിയന്‍ പ്രാഞ്ചിയുടെ പിന്നില്‍ ഒരു മറപറ്റി ഒളിച്ചുനിന്ന എന്നെക്കൂടി കൂട്ടി (എങ്ങിനെ അവന്മാര്‍ എന്നെ കണ്ടുപിടിച്ചോ ആവോ, എന്നെപ്പോലൊരുവന്‍ പ്രാഞ്ചിത്തടിയന്റെ പിന്നില്‍ നിന്നാല്‍ പിന്നെ ഹൈ റെസലൂഷന്‍ സാറ്റലൈറ്റ് ഇമേജിംഗ് വഴിപൊലും കണ്ടുപിടിക്കാന്‍ പറ്റരുതാത്തതാണ്) ഞങ്ങള്‍ പത്തുപേരുണ്ടായിരുന്നു എന്ന് പരാതി കൊടുക്കുകയും ഞങ്ങളെ ഡിസ്കോ കവളിഫൈ ചെയ്യിക്കുകയും ചെയ്തു. ദുഷ്ടന്മാര്‍. ഞങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി വെറും സര്‍ട്ടിഫിക്കറ്റ് മാത്രം. സ്വന്തം സര്‍ട്ടിഫിക്കറ്റ് തിരിച്ച് കൊടുത്ത് പിന്നെയും കവളിഫൈ ചെയ്യിക്കാന്‍ പോയ നേതാവ് വിജയനെ ഒരുവിധത്തിലാണ് കാര്യങ്ങളുടെ നിയമവശം പറഞ്ഞ് മനസ്സിലാക്കിച്ചത്.

ങാ...ഹാ... അങ്ങിനെയായോ. വളരെ പ്രതീക്ഷയോടെ ഘനഗംഭീരമായി പ്രാക്ടീസൊക്കെ നടത്തി നല്ല ഒന്നാന്തരം സംഘഗാനം പാടിയ ഞങ്ങളോട് ഇതാണോ ചെയ്തത്... വെള്ളാനകളുടെ നാട്ടിലെ പപ്പു സ്റ്റൈലില്‍ ഞങ്ങളെല്ലാവരും കോറസ്സായി പറഞ്ഞു - “ഇപ്പം ശരിയാക്കിത്തരാം, ഇപ്പം ശരിയാക്കിത്തരാം”. അങ്ങിനെ ഞങ്ങള്‍ രണ്ടാം പരിപാടി ആസൂത്രണം ചെയ്തു.ഒരു മുഴം മുണ്ടിന്റെ മാത്രം ചിലവുള്ള തനി കേരള കലാരൂപം-തിരുവാതിര.

പിന്നെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് നേതാവ് വിജയന്‍ പത്ത് മുണ്ടുമായി വന്നു. ഓടിപ്പോയി പേരു കൊടുത്തു. കമ്മറ്റിയണ്ണന്മാര്‍ പൂര്‍ണ്ണ പിന്തുണ തന്നു (സംഘഗാനസമ്മാനം പോയതിന്റെ സെന്റിയും തുണയായി)-ഒരൊറ്റ കണ്ടീഷന്‍ മാത്രം. മുണ്ടിനടിയില്‍ പാന്റ് വേണം. തെറുത്ത് കയറ്റിയായാലും മതി. കര്‍ട്ടന്‍ ഞങ്ങള്‍ പറയാതെ ഇടുന്ന പ്രശ്‌നവുമില്ല. എല്ലാം ഓക്കേ.

ബയോളജിക്കാരുടെയും സുവോളജിക്കാരുടെയുമൊക്കെ കേരളത്തനിമ മുറ്റിനില്‍‌ക്കുന്ന തിരുവാതിരപ്രകടനത്തിനു ശേഷം അനൌണ്‍‌സ്‌മെന്റ്. “അടുത്തത് സിമന്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക തിരുവാതിര”.

ഓഡിറ്റോറിയം മൊത്തം ഗഹനമായ ചിന്തയിലാണ്ടു. സിമന്റോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ആകപ്പാടെ രണ്ടും ഒന്നും മൂന്ന് പെണ്‍കുട്ടികളേ ഉള്ളല്ലോ. ഇനി അവിടുത്തെ ടീച്ചര്‍മാരും ക്ലര്‍ക്കും നോണ്‍‌ടീച്ചിംഗ് സ്റ്റാഫും എല്ലാം കൂടി കൂട്ടിയാലും അഞ്ച് പേരേ ഉള്ളൂ. ഇത് പിന്നെങ്ങിനെ?

കര്‍ട്ടന്‍ പൊങ്ങി. നടുക്ക് വെച്ചിരിക്കുന്ന മെഴുകിതിരിയെ നോക്കി (വിളക്ക് സംഘടിപ്പിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ആ വലിയ ബള്‍ബൊക്കെ കത്തിക്കുന്ന ഷേഡ് കമഴ്‌ത്തിവെച്ച് അതിനുമുകളില്‍ അപ്പുറത്തെ മില്‍മയില്‍ നിന്ന് വാങ്ങിച്ച വലിയ ഒരു മെഴുകുതിരി കത്തിച്ചുവെച്ചു) എല്ലാവരും നമ്രശിരസ്കരായി നില്‍ക്കുകയാണ്. ഓഡിറ്റോറിയത്തിലെ ലൈറ്റ് മൊത്തം ഓഫ്. സ്റ്റേജില്‍ ഡിം ലൈറ്റ് മാത്രം.

ഒരു നിമിഷം ഓഡിറ്റോറിയം ആകെ ഞെട്ടി. പണ്ട് കാലങ്ങളിലെ തനി മലയാളിമങ്ക സ്റ്റൈലില്‍ നെഞ്ചിനുമുകള്‍ വരെ കയറ്റി മുണ്ടുടുത്ത് അതിനുമുകളില്‍ ഒന്നും ധരിക്കാതെ ഒന്‍പത് സാദാ മാദകമേനികളും പിന്നെ എന്റെ അതിമാദകമേനിയും‍. നെഞ്ചിനുമുകളില്‍ കയറ്റി മുണ്ടുടുത്താല്‍ സംഗതി മുട്ടു വരയേ എത്തുകയള്ളൂ താനും. അതിനു താഴെയും ഒന്നും കാണുന്നില്ല. സംഘഗാനത്തിന്റെ സമയത്തെപ്പോലെതന്നെയായി ഓഡിറ്റോറിയം അപ്പോഴും. ഒരു സൂചി വീണാല്‍ കിണിം കിണിം കിണിം എന്ന ശബ്ദം പോലും വ്യക്തമായി കേള്‍ക്കാം എന്ന് പറഞ്ഞാല്‍ അത് നുണയാവും. കാരണം എല്ലാവന്റെയും നെഞ്ചിടിക്കുന്ന ശബ്ദം അതിലും ഉച്ചത്തിലായിരുന്നു.

എന്തായാലും കാണികളെ ആകാംക്ഷയുടെ മുള്‍‌മുനയില്‍ അധികം നിര്‍ത്തിയില്ല. പാട്ട് തുടങ്ങി, സ്റ്റേജ് ഫുള്‍ ലൈറ്റിലാക്കി, ഞങ്ങളെല്ലാവരും ഒരൊറ്റത്തിരിയല്‍. മാദകമേനികളുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടതും എല്ലാവരുടെയും കണ്ട്രോള് പോയി. ഞങ്ങള്ണ്ടോ വിടുന്നു. നല്ല പ്രൊഫഷണല്‍ സ്റ്റൈല്‍ തിരുവാതിരയല്ലായിരുന്നോ. “വീരവിരാട...”യുടെയൊക്കെ സമയത്ത് പ്രാഞ്ചിയുടെ ലാസ്യഭാവമൊക്കെ ഒന്ന് കാണേണ്ടതുതന്നെ. കൈയ്യൊക്കെ ഒന്ന് തളര്‍ത്തി മടക്കി മുഖത്തിന് നേരെ കൊണ്ടുവന്ന് എതിരെ നില്‍ക്കുന്നവന്റെ കൈയ്യില്‍ ചാന്തുപൊട്ട് ദിലീപ് സ്റ്റൈലില്‍ അടിക്കുന്നതൊക്കെ കാണേണ്ടതുതന്നെയായിരുന്നു. തടിയന്‍ പ്രാഞ്ചി ഷര്‍ട്ടില്ലാതെ മുണ്ട് നെഞ്ചൊപ്പം ഉടുത്താല്‍ ആരെപ്പോലെയായിരിക്കുമെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ... അത് തന്നെ. ആ പ്രാഞ്ചിയൊക്കെ കളിച്ച തിരുവാതിര കണ്ട് ബയോളജിയിലെയും സുവോളജിയിലെയുമൊക്കെ പ്രൊഫഷണലെന്നഹങ്കരിച്ചിരുന്ന പെണ്‍‌കുട്ടികളൊക്കെ നാണിച്ചുപോയി. സത്യം പറഞ്ഞാല്‍ ആ ഓഡിറ്റോറിയത്തില്‍ നാണമില്ലാതെ അപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കളിമൂത്ത് അതിനെക്കാളും ഉച്ചത്തില്‍ കൂവലും മൂത്ത് ഞങ്ങളുടെ ആത്മവിശ്വാസം പയ്യെപ്പയ്യെ ചോരാന്‍ തുടങ്ങി. ആകാശം ഇടിഞ്ഞ് വീണാലും ശരി, ഞങ്ങള്‍ പറയാതെ കര്‍ട്ടനിടില്ലെന്ന് ഉറപ്പ് തന്നിരുന്ന കമ്മറ്റി മെമ്പ്ര്‌മാരെയൊക്കെ ഞങ്ങള്‍ ലാസ്യഭാവത്തോടൊപ്പം ദയനീയഭാവത്തോടെയും നോക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് ഏതോ ഒരു സ്റ്റെപ്പ് അര്‍പ്പണമനോഭാവത്തോടെ നൂറ് ശതമാനം പെര്‍‌ഫെക്ട് ആക്കാന്‍ നോക്കിയ കിഷോറ് ഏതോ ഒരു പ്രത്യേക ആംഗിളില്‍ തിരിയുകയും മുണ്ട് കാലിലുടക്കുകയും നെഞ്ചും തല്ലി ഇട്ടിപ്പൊത്തോ എന്ന് വീഴുകയും ചെയ്‌തു. മൊത്തം കണ്ട്രോളു പോയ കിഷോര്‍ ആ വീഴ്ചയില്‍ നിന്നും എഴുന്നേറ്റത് പരിണയം സിനിമയില്‍ തിരുവാതിര കളിച്ച മോഹിനി സ്റ്റൈലിലല്ലായിരുന്നു, വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച സ്റ്റൈലിലായിരുന്നു. എഴുന്നേറ്റിട്ട് നെഞ്ചൊപ്പം ഉടുത്തിരുന്ന മുണ്ട് പറിച്ച് ഒന്ന് കുടഞ്ഞ് നല്ല ഒന്നാന്തരം കോട്ടയം കുഞ്ഞച്ചന്‍ സ്റ്റൈലില്‍ താഴോട്ടിറക്കി ഉടുത്ത് (ഷര്‍ട്ടില്ല ആര്‍ക്കും), അതങ്ങ് സ്റ്റൈലായി മടക്കിക്കുത്തി കിഷോര്‍ നടത്തിയ പ്രകടനത്തെ വെല്ലുന്ന ഒരു പ്രകടനം ആ വേദിയില്‍ പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മുണ്ടുകള്‍ ഓരോന്നായി ഊര്‍ന്ന് വീഴാന്‍ തുടങ്ങിയപ്പോള്‍ പബ്ലിക്കായുള്ള ഇന്‍ഡീസന്റ് എക്സ്‌പോഷറിന് കൂട്ടുനിന്നു എന്നുള്ള കുറ്റത്തിന് കോടതി കയറേണ്ടി വരുമോ എന്ന് പേടിച്ച് ഞങ്ങളുടെ ഇരുപതാമത്തെ ലാസ്യ-ദയനീയ ഭാവനോട്ടങ്ങളും കൂടി കഴിഞ്ഞപ്പോള്‍ കമ്മറ്റി കര്‍ട്ടനിട്ടു.

അങ്ങിനെ ഞാന്‍ പിന്നെയും താരമായി-തിരുവാതാരം.

Labels: , , , , ,

Sunday, August 05, 2007

സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം...

കൈയ്യും കാലും മറന്ന് എന്ന വികലാംഗന്‍ വിനയന്റെ ബ്ലോഗില്‍ മിഡില്‍ ഈസ്റ്റ്-സൌദി ബ്ലോഗര്‍മാര്‍ നാട്ടില്‍ പോകാന്‍ തയ്യാറാവുക! എന്ന പോസ്റ്റില്‍, ആ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കമന്റ് പ്രകാരം ആ കമന്റ് എങ്ങിനെ ഗള്‍ഫില്‍‌നിന്നുള്ള ബ്ലോഗര്‍മാര്‍ക്ക് മൊത്തത്തില്‍ അപമാനകരമാവും എന്ന ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി സിനിമ പത്താം പ്രാവശ്യവും കണ്ടു.

ഈ രീതിയിലൊക്കെയായിരുന്നു പ്രതികരണങ്ങള്‍:

“ഞാന്‍ ഇത്രയും കാലം ആരാധിച്ചിരുന്ന വക്കാരിയാണോ ഇത്?”
“വക്കാരിയെ ഇത്രയും കാലം ആരാധിച്ചിരുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു”
“വക്കാരിയുടെ സകല ഇമേജും പോയി”
“എന്തേ വക്കാരിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വരാത്തത്?”
“വക്കാരിയ്ക്ക് അത്യാവശ്യം ബഹുമാനമൊക്കെ തന്നിരുന്നതാണല്ലോ, എല്ലാം പോയില്ലേ?”

ഇതൊക്കെ വായിച്ചപ്പോള്‍ ഉടന്‍ മനസ്സില്‍ വന്നത് അഗ്രജന്റെ ഈ ആഴ്ചക്കുറിപ്പാണ്. അതില്‍ സ്വന്തം മക്കളോടും മറ്റുമുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കാതെ എല്ലാം ഉള്ളിലൊതുക്കിയിരിക്കുന്ന മാതാപിതാക്കളെയും മറ്റും അഗ്രു പരാമര്‍ശിച്ചിരുന്നു. മുകളിലത്തെ കമന്റുകളിട്ടവരോടും എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു-

“നിങ്ങള്‍ എന്നോടുള്ള സ്നേഹവും ബഹുമാനവും ആരാധനയും എല്ലാം ഉള്ളിലൊതുക്കി ഇത്രയും കാലം ഇരുന്നിട്ട് അത് തകര്‍ന്ന് തരിപ്പണമായി എന്നറിഞ്ഞ ഉടന്‍ എന്നോട് അതിനെപ്പറ്റി പറഞ്ഞാല്‍ എനിക്കുണ്ടാകുന്ന നഷ്ടബോധത്തെപ്പറ്റിയും ഇതികര്‍ത്തവ്യതാമൂഢതയെപ്പറ്റിയും നിങ്ങള്‍ ഒരു നിമിഷമെങ്കിലും ആലോചിച്ചോ? ഫീലു ചെയ്തു, ഫീലു ചെയ്തു“ :)

പിന്നെ പതിവുപോലെ വെറും മൂഢനായി ആലോചിച്ചു-എന്തിന് ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയോ, എന്തിന്റെ മോചനത്തിനായി ബ്ലോഗില്‍ വന്നുവോ, അതൊക്കെ തന്നെയാണല്ലോ ആ കമന്റുകളിലും പറഞ്ഞിരിക്കുന്നത്.അങ്ങിനെ ഇരുന്നിരുന്നാലോചിച്ചപ്പോള്‍ അതെല്ലാം കൂടി ഒരു പോസ്റ്റാക്കാമെന്ന് തോന്നി. അത് തന്ന് ഇത്. പതിവുപോലെ ഇത് എഴുതിയത് ഞാനാണെന്നോര്‍ത്ത് അതിനുമാത്രം പോലുമുള്ള പ്രാധാന്യങ്ങള്‍ കൊടുക്കാ തിരിക്കണം എന്നപേക്ഷ.

മുകളില്‍ പറഞ്ഞ ഇമേജ് ഇത്യാദി വികാരങ്ങളോട് ബ്ലോഗുമായി ചേര്‍ത്ത് വെക്കുമ്പോളുള്ള എന്റെ മഹാസങ്കല്‍‌പങ്ങളാണ് ഇന്നത്തെ പ്രതിപാദ്യവിഷയം. ഓരോ സങ്കല്‍‌പത്തിനും ശേഷം പത്ത് മിനിറ്റ് ഇടവേള ഉണ്ടായിരിക്കും. ആ സമയത്ത് ചായ, കാപ്പി, പരിപ്പുവട മുതലായവ അപ്പുറത്തുള്ള സ്റ്റാന്‍ഡില്‍ വിതരണത്തിന് വെച്ചിരിക്കും. കൂപ്പണ്‍ കാണിച്ചാല്‍ മതി, കിട്ടും. ലഞ്ച് ബ്രേക്ക് ഉച്ചയ്ക്കായിരിക്കും. എല്ലാവര്‍ക്കും ലഞ്ച് ഫ്രീ. ഒരുമണിക്കൂറായിരിക്കും ലഞ്ച് ബ്രേക്ക്. ഉച്ച കഴിഞ്ഞ് രണ്ട് സങ്കല്‍‌പങ്ങള്‍ കൂടി വിശദീകരിച്ചതിനു ശേഷം ഉപസംഹാരവും പിന്നെ വെറും സംഹാരവും. അപ്പോള്‍ തുടങ്ങാം:

ഇമേജ്

എല്ലാവരും എന്നെപ്പറ്റി നല്ലത് മാത്രമേ പറയാവൂ, കരുതാവൂ, ഞാന്‍ പറയുന്നതൊക്കെ എല്ലാവരും പഞ്ചയൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പുച്ഛമെങ്കിലും അടക്കി കേട്ടുകൊണ്ടിരിക്കണമെന്നും തിരിച്ചൊന്നും പറയരുതെന്നും ഞാന്‍ ഒരുകാലത്തും ചോദ്യം ചെയ്യപ്പെടരുതെന്നും എനിക്ക് എല്ലായ്പ്പോഴും ലോകത്ത് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഇമേജ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും എന്നെ എല്ലാവരും എല്ലായ്പ്പോഴും എപ്പോഴും ഇപ്പോഴും ആരാധിച്ചുകൊണ്ടേ ഇരിക്കണമെന്നും ആ ആരാധനയില്‍ ഒരു കള്ളവും പാടില്ല എന്നും എന്നെ ആരാധിച്ചു എന്നോര്‍ത്ത് ആരും ഒരിക്കലും പശ്ചാത്തപിക്കരുതെന്നും ഒക്കെ അതിയായ ആഗ്രഹമുള്ള ഒരു സാദാ ജീവി തന്നെ ഞാനും- അത് വ്യക്തിജീവിതത്തില്‍.

ഒട്ടുമേ ഇല്ലാതിരുന്ന ഇമേജെന്ന സംഗതിയുടെ സ്വയം നിര്‍മ്മിത തടവറയില്‍ കിടന്നുഴലുകയായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍. പല പോക്രിത്തരങ്ങളും കാണുമ്പോള്‍ നല്ലത് രണ്ട് പറയണമെന്നുണ്ടെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ അതുവരെ ഞാന്‍ മനസ്സില്‍ കെട്ടിപ്പൊക്കിക്കെട്ടിത്തൂക്കിയ എന്നെപ്പറ്റി മറ്റുള്ളവര്‍ക്കൊക്കെയുണ്ടെന്ന് ഞാന്‍ കരുതുന്ന ആ നല്ല ഇമേജെല്ലാം തകര്‍ന്ന് തരിരംഭണമാവില്ലേ എന്നോര്‍ത്ത് പല്ല് പോലും കടിക്കാന്‍ വയ്യാതെ ഇരിപ്പായിരുന്നു പലപ്പോഴും. അതില്‍‌നിന്നൊക്കെയൊരു മോചനമായിരുന്നു ബ്ലോഗ്. പറയാനുള്ളത് പറയണമെന്ന് തോന്നുമ്പോള്‍ പറയേണ്ടയത്രയും പറയുക. നോക്കേണ്ടത് സഭ്യമാണോ, നിയമാനുസൃതമാണോ എന്ന് മാത്രം. നമ്മള്‍ പറയുന്നത് ഒരാള്‍ക്കിഷ്ടപ്പെട്ടില്ലേ? നോ പ്രോബ്ലം. അവിടെനിന്ന് പോരുക, വേറേ എവിടെയെങ്കിലും പറയുക. അങ്ങിനെ സര്‍വ്വസ്വതന്ത്രസഞ്ചാരിയായിരിക്കാനുള്ള ഒരു മാധ്യമമൊക്കെയായി ബ്ലോഗില്‍ വന്നിപ്പോഴാണറിയുന്നത് ഇവിടെയും ഇമേജുകളുടെ തടവറകളുണ്ടെന്ന്. പക്ഷേ അങ്ങിനെയുള്ള ആ തടവറയില്‍ കിടക്കാനാണെങ്കില്‍ പിന്നെന്തിനാണ് ബ്ലോഗ്? എന്റെ ജീവിതം തന്നെയുണ്ടല്ലോ.

അതുകൊണ്ട് “യ്യോ,അവിടെപ്പോയി എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഇതുവരെ എന്നെപ്പറ്റി വാഹ് വാഹ് മാത്രം പറഞ്ഞിരുന്ന, ഇപ്പോള്‍ അവിടെ ഒരാടിനെ പട്ടിയാക്കിക്കൊണ്ടിരിക്കുന്ന തോമാച്ചന്‍, ഔസേപ്പ്, ഗോപാലകൃഷ്‌ണ ഷേണായ്, ചെറിയാന്‍ നായര്‍ എന്നിവര്‍ക്ക് പിന്നെ എന്നോട് ഭയങ്കര വിരോധമാവൂല്ലേ, അവരുടെ മുന്നില്‍ എന്റെ ആ ഇമേജൊക്കെ തകര്‍ന്ന് പോവൂല്ലേ” എന്നും “കാര്യം മറ്റേ ടീം പറയുന്നതാണ് എന്റെ നോട്ടത്തില്‍ ശരി. പക്ഷേ ആ അണ്ണനോട് ഇപ്പോള്‍ പലര്‍ക്കും എന്തോ ഒരു വിരോധമൊക്കെയുണ്ട്. അതുകൊണ്ട് തല്‍ക്കാലം മിണ്ടാതിരിക്കാം, അല്ലെങ്കില്‍ ലെവന്മാര്‍ക്കെല്ലാം പിന്നെ എന്നോട് എന്തോ ഒരിതായിരിക്കും” എന്നുമൊക്കെ എന്റെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓര്‍ത്തിരിക്കാനാണെങ്കില്‍ എന്തിനാണ് പണ്ടേ ദുര്‍ബ്ബലനായ ഞാന്‍ പിന്നെ ഒന്നുകൂടി ദുര്‍ബ്ബലനാവുന്നത്? സാധാരണപോലെ അങ്ങ് പോയാല്‍ പോരേ?

എത്ര മലര്‍ന്ന് കിടന്ന് നോക്കിയാലും പിന്നൊന്ന് തുപ്പിയാലും പിന്നെ കമഴ്‌ന്നും ചെരിഞ്ഞും വളഞ്ഞും ഒടിഞ്ഞും നോക്കിയാലും നമുക്ക് ശരിതന്നെ എന്ന് തോന്നുന്ന ഒരു കാര്യം, കുറഞ്ഞ പക്ഷം ശരിയാണ് എന്ന് മാത്രമൊന്ന് പറഞ്ഞിട്ട് പോകുമ്പോള്‍ എല്ലാവരും കൂടി “ഡേയ്, എന്താഡേ ഇവിടെ, വീട്ടിപ്പോഡേ, നിന്നെയിപ്പോ ഇങ്ങോട്ടാരാ വിളിച്ചേ, നീ മാറിനിക്കഡേ” എന്നൊക്കെ ചിലരൊക്കെ പറയുമ്പോള്‍ “ഓ ശരി സാറേ, ഞാന്‍...ചുമ്മാ...ഈ വഴി പോയപ്പോള്‍” എന്നൊക്കെ എന്റെ വ്യക്തിജീവിതത്തില്‍ ഒരു കവലയിലോ ബസ്സിലോ ഒക്കെയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പറഞ്ഞ് ആരും കാണാതെ ഒരരിക് പറ്റി മനസാക്ഷിക്കുത്തോടെ പോകുമെങ്കിലും അങ്ങിനത്തെ അവസ്ഥയില്‍ നിന്നും ഒരു മോചനം വല്ലപ്പോഴും കിട്ടും, ഇവിടെ ധൈര്യമായി തെറ്റെന്ന് എനിക്ക് തോന്നുന്ന കാര്യം തെറ്റെന്ന് തന്നെ പറയാം എന്നൊക്കെയോര്‍ത്ത് വരുമ്പോള്‍ നമ്മുടെ നാട്ടിലെ കവലയും ബസ്സും ചന്തയുമൊക്കെ നല്ല കലാസംവിധാനത്തോടെ ബ്ലോഗിലും സെറ്റപ്പ് ചെയ്ത് വെച്ചിരിക്കുന്നത് കാണുമ്പോള്‍ സ്ഥല്‍ ജല്‍ വിഭ്രന്തി എന്ന ഹിന്ദി സിനിമയാണോ കാണുന്നത് പോലും ഓര്‍ത്ത് പോകും. അങ്ങിനെ, മോചനം തേടി വരുന്നവനെ പിന്നെയും തടവിലാക്കുന്ന ഒരു സ്ഥിതിവിശേഷമാണെങ്കില്‍ പണ്ടത്തെ അറ തന്നെ മതിയായിരുന്നല്ലോ-കുറഞ്ഞ പക്ഷം പരിചയിച്ച സ്ഥലവും പരിചയക്കാരുമൊക്കെ ഉള്ള ഒരിടമാണല്ലോ.

അതുകൊണ്ട് ബ്ലോഗില്‍ ഒരു ഇമേജ് തടവറ ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ശരിയാണ് എന്നെനിക്ക് തോന്നുന്ന കാര്യങ്ങള്‍ നമ്മുടെയൊക്കെ സത്യപ്രതിജ്ഞ പോലെ നിര്‍ഭയമായും അങ്ങിനെയുമിങ്ങിനെയുമൊക്കെ ധൈര്യമായി പറയാനുള്ള ഒരു വേദിയാണ് ബ്ലോഗ്. മറ്റുള്ളവരെപ്പോലെ ഞാനും ഒരു മനുഷ്യജീവിയായതുകാരണം എനിക്ക് കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിപ്രായസ്വാതന്ത്യത്തോടുള്ള ബഹുമാനം, അഭിപ്രായത്തോടുള്ള ബഹുമാനം, വിയോജിക്കാനുള്ള യോജിപ്പ്, വ്യക്തിഹത്യാപരമല്ലാത്ത പെരുമാറ്റങ്ങള്‍, വികാരങ്ങളെ വൃണപ്പെടുത്താതിരിക്കല്‍ , പറയുന്നതൊക്കെ സഭ്യവും നിയമാനുസൃതവുമായിരിക്കണം തുടങ്ങിയ ചുരുക്കം ചില നിബന്ധനകള്‍ ഞാനും പാലിക്കണം എന്നതൊഴിച്ചാല്‍ സര്‍വ്വസ്വതന്ത്രവിഹാരഭൂമിയാണ് എനിക്ക് ബ്ലോഗ്. അതിങ്ങിനെതന്നെയങ്ങ് പോയാലുള്ള ഗുണം ബ്ലോഗ് ഒരിക്കലും നമ്മളെ ഭരിക്കില്ല. നമ്മുടെ ബ്ലോഗിന്റെ സര്‍വ്വാധികാരിയും സര്‍വ്വേക്കലും രാജാവും പ്രജയും സീയീയോയും പ്യൂണും എല്ലാം നമ്മള്‍ തന്നെ. നമുക്ക് തോന്നുമ്പോള്‍ ഇത് വന്ന് തുറക്കും, അടിച്ച് വാരണമെന്ന് തോന്നിയാല്‍ വാരും, അല്ലെങ്കില്‍ അവിടെ കിടക്കും, എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍, എവിടെയെങ്കിലും പറയണമെന്ന് തോന്നിയാല്‍ പറയും; ഇല്ലെങ്കില്‍ പറയില്ല. ഇന്നൊന്ന് പറയും, നാളെ ചിലപ്പോള്‍ മാറ്റി പറയും... എന്തും ചെയ്യും-മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാന്‍ ശ്രമിച്ചുകൊണ്ട്.

ബഹുമാനം

മുകളില്‍ പറഞ്ഞതൊക്കെ തന്നെ. എല്ലാവരും എന്നെ ബഹുമാനിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ വ്യക്തിജീവിതത്തില്‍ ഞാനെന്ന വ്യക്തിയെത്തന്നെയായിരിക്കണം എല്ലാവരും ബഹുമാനിക്കേണ്ടത് എന്നാണ് എന്റെ വിനീതമായ ആഗ്രഹം. പക്ഷേ ബ്ലോഗില്‍ ഞാന്‍ ബഹുമാനിക്കുന്നത് ആ ബ്ലോഗ് ചെയ്യുന്ന ആള്‍ പറയുന്ന കാര്യങ്ങളുടെ ശരിയും തെറ്റും അയാളുടെ നിരീക്ഷണങ്ങളുടെ രീതിയും അയാള്‍ പറയുന്നതിന്റെ ഉദ്ദേശശുദ്ധിയും എല്ലാം നോക്കിയിട്ടാണ്. അതുകൊണ്ട് അത്തരം ബഹുമാനങ്ങള്‍ മാത്രമേ ബ്ലോഗില്‍ ഞാനും പ്രതീക്ഷിക്കുന്നുള്ളൂ-ശ്രദ്ധിക്കുക. ഇതെല്ലാം പ്രതീക്ഷ മാത്രം. എല്ലാവരും എന്നെ ബഹുമാനിക്കണം എന്നത് എന്റെ ആഗ്രഹം. പക്ഷേ ധാരാളം ശ്രമിച്ചു നോക്കി, കൂലിക്ക് ആളെ വരെ ഇറക്കി. പക്ഷേ എത്ര ശ്രമിച്ചിട്ടും പിടിച്ച് വാങ്ങിക്കാനോ പിടിച്ച് പറിക്കാനോ പറ്റാത്ത ഒരു സംഗതിയാണ് ഈ ബഹുമാനം എന്നൊക്കെ പറയുന്നത് എന്ന ദുഃഖ സത്യം ഞാന്‍ പയ്യെപ്പയ്യെ മനസ്സിലാക്കി. കൊല്ലത്തുകാര്‍ പറയുന്നത് ബഹുമാനം കൊടുക്ക്, ചിലപ്പോള്‍ കൊല്ലത്ത് വന്നാല്‍ കൊടുത്ത അത്രയുമെങ്കിലും തിരിച്ച് കിട്ടിയേക്കാം എന്നാണ്. മറ്റുനാടുകളിലും അതാവും സ്ഥിതി. അതുകൊണ്ട് അത്രയേ ഉള്ളൂ ബഹുമാനത്തെപ്പറ്റിയുള്ള എന്റെ ബ്ലോഗ് സങ്കല്‍‌പങ്ങള്‍.

അഭിപ്രായ സ്വാതന്ത്ര്യം

അതാണല്ലോ ബ്ലോഗിന്റെ ഏറ്റവും വലിയ ഒരു ഗുണമായി ഞാന്‍ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് രണ്ട് വാക്കാണ്. ഇതില്‍ സ്വാതന്ത്ര്യമെന്ന വാക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. ആ സ്വാതന്ത്ര്യം, മുകളില്‍ പറഞ്ഞ ഇമേജ് തടവറകളില്‍ നിന്നും, എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മളെ മോശക്കാരനാക്കുമോ എന്നുമൊക്കെയുള്ള ചുമ്മാ പേടികളില്‍ നിന്നും, അങ്ങിനത്തെ കാക്കത്തൊള്ളായിരം കെട്ടുപാടുകളില്‍ നിന്നും മിഥ്യാധാരണകളില്‍ നിന്നുമൊക്കെയുള്ള സ്വാതന്ത്ര്യമാണ്. നിത്യജീവിതത്തില്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്നവരോടൊക്കെ നമ്മള്‍ ഇടപെടുമ്പോള്‍ മുഖം നോക്കിയാണ് പലപ്പോഴും അഭിപ്രായങ്ങളൊക്കെ പറഞ്ഞിരുന്നത്. അത് ആണത്ത ഡിഗ്രി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഭവമാണോ എന്നറിയില്ല. പക്ഷേ അങ്ങിനെയേ പറ്റുന്നുള്ളൂ. പക്ഷേ ബ്ലോഗില്‍ എന്റെ ആനമോന്ത മാത്രമുള്ളതുകൊണ്ട് നോ പ്രോബ്‌ളം. ചുമ്മാ പറയാം. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാം, അല്ലാത്തവര്‍ക്ക് കൂവാം. സോ സിമ്പിള്‍.

നാട്ടിലെയൊക്കെ ചില നമ്പരുകള്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ ഇങ്ങിനെ ഒരു സംഭവത്തെപ്പറ്റി ചര്‍ച്ചിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മുടെ മലയാള രീതിവെച്ച് ചര്‍ച്ച മൂക്കുമ്പോള്‍ സംഭവം അസ്ഥിക്ക് പിടിക്കുമല്ലോ. പിന്നെ എങ്ങിനെയും നമ്മുടെ മുയലിന്റെ കൊമ്പ് നാല് എന്ന കാര്യം സ്ഥാപിച്ചെടുക്കാനായിരിക്കുമല്ലോ നമുക്ക് വ്യഗ്രത. അപ്പോള്‍ നമ്മള്‍ കണക്കുകൂട്ടലൊക്കെ തുടങ്ങും. ആ ഇരിക്കുന്ന രാമകൃഷ്ണന്‍ എന്തായാലും നമ്മുടെ കൂടെ കൂടും. അവന്‍ എന്തായാലും നമ്മളെ സപ്പോര്‍ട്ട് ചെയ്യും. ആ ഒരു ആത്മവിശ്വാസത്തില്‍ നമ്മള്‍ പൂര്‍വ്വാധികം ശക്തിയോടെ കണ്ണൊക്കെ പൂട്ടി വാദിക്കും “ഈ മുയലിന് കൊമ്പ് നാല് തന്നെ” (മനസ്സില്‍ കണക്കു കൂട്ടുന്നത് കൂടിവന്നാല്‍ മൂന്നെന്ന കോമ്പ്രമൈസിന് പോവും. അതില്‍ നിന്ന് ഒരു കൊമ്പ് പോലും കുറയ്ക്കില്ല). അപ്പോഴാണ് ഒരു ഇടിത്തീ പോലെ രാമകൃഷ്ണന്‍ പറയുന്നത്:

“ഓ, ഞാന്‍ നോക്കിയിട്ട് ഈ മുയലിന് കൊമ്പൊന്നും കാണുന്നേ ഇല്ല”

ധിം തരികിട തോം തോം തോം...

എന്ത് ചെയ്യും? അപ്പോള്‍ നമ്മള്‍ നമ്മുടെ സ്ഥിരം കുറെ നമ്പരുകളെടുക്കും.

“ഹെന്ത്... ഞാന്‍ ഏറ്റവും അധികം ബഹുമാനിച്ചിരുന്ന (ചുമ്മാ), എന്റെ ആരാധനാ പാത്രമായിരുന്ന (ഓ പിന്നേ), ഞങ്ങളുടെയൊക്കെ ഇടയില്‍ ഇത്രയും നല്ല ഇമേജുണ്ടായിരുന്ന (പിന്നെ പിന്നേ) രാമകൃഷ്ണന്‍ തന്നെയാണൊ ഈ പറയുന്നത്? എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല... രാമകൃഷ്ണാ... രാമകൃഷ്ണാ... (നാട്ടിലെ നാടക സീനുകള്‍ പശ്ചാത്തലമായി ഓര്‍ക്കുക, പശ്ചാത്തലത്തില്‍ ഡിം ലൈറ്റ്, ശോകമ്യൂസിക്ക്...)

അത്രയ്ക്ക് മനക്കട്ടിയില്ലാത്ത ഏത് രാമകൃഷ്ണനും ഫ്ലാറ്റ്. താന്‍ ഇത്രയും വലിയ പുള്ളിയാണെന്ന് രാമകൃഷ്ണന്‍ അതുവരെ ഓര്‍ത്തതേ ഇല്ലായിരുന്നു. അഗ്രു പറഞ്ഞതുപോലെ ഈ പറഞ്ഞ സംഭവങ്ങള്‍ മുഴുവന്‍ ആ പിഞ്ചുഹൃദയത്തില്‍ ഒതുക്കി വെച്ചുകൊണ്ടല്ലായിരുന്നോ മുകളില്‍ സെന്റി ഡയലോഗടിച്ച തൊമ്മിക്കുഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. ഇതുവല്ലതും രാമകൃഷ്ണന്‍ അറിഞ്ഞോ? ആകപ്പാടെ ടെന്‍‌ഷനടിച്ച് മിക്കവാറും രാമകൃഷ്ണന്‍‌മാര്‍ പ്ലേറ്റ് മാറ്റും.

“അതേ... തൊമ്മിക്കുഞ്ഞേ, ഇങ്ങോട്ട് നോക്കിക്കേ, മുയലിനെ ഞാന്‍ ആ ആംഗിളില്‍ നോക്കിയതുകൊണ്ടല്ലേ കൊമ്പൊന്നും കാണാന്‍ പറ്റാതിരുന്നത്. ദോ ഈ ആംഗിളില്‍ നോക്കിയപ്പോള്‍ കൊമ്പ് പോലെന്തോ ഒക്കെ കാണുന്നുണ്ട്. അത് കൊമ്പ് തന്നെയായിരിക്കണം, കൊമ്പാണ്, ആണ് ആണ്..“

സ്വന്തം ഇമേജ് മുഴുവന്‍ കീപ്പ് ചെയ്യാന്‍ പറ്റിയ രാമകൃഷ്ണന്‍ ഹാപ്പി, സപ്പോര്‍ട്ടിന് കൂട്ട് കിട്ടിയ തൊമ്മിക്കുഞ്ഞ് അതിലും ഹാപ്പി.

പാവം മുയല്‍...

പക്ഷേ നിത്യജീവിതത്തില്‍ പ്രായോഗികമായി നോക്കുമ്പോള്‍ ആ മുയലിന് കൊമ്പ് മൂന്ന് എന്ന് സമ്മതിക്കുന്നത് തന്നെയായിരുന്നിരിക്കണം രാമകൃഷ്ണനും നല്ലത്. അവരൊക്കെ ഒരുമിച്ച് ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവരോ, വൈകുന്നേരങ്ങളില്‍ ദിവസവും കാണുന്നവരോ ഒക്കെ ആയിരിക്കും. പക്ഷേ ആ ഒരു സ്ഥിതിവിശേഷം ബ്ലോഗിലും എടുത്ത് വെച്ച് ഇവിടെയും തൊമ്മിക്കുഞ്ഞുങ്ങള്‍ അതേ നമ്പര് ഇറക്കി രാമകൃഷ്ണന്മാരെ വരുതിക്ക് നിര്‍ത്താന്‍ നോക്കിയാല്‍ എന്താണ് ബ്ലോഗിന്റേതായ ഒരു പ്രത്യേകത? അതുകൊണ്ട് ബ്ലോഗില്‍ മുയലിന് കൊമ്പ് മൂന്നെന്ന് പറയുമ്പോള്‍ “ഒന്നും കാണുന്നില്ലല്ലോ“ എന്നാരെങ്കിലും പറഞ്ഞാല്‍ ഒന്നുകില്‍ തെളിയിച്ച് കൊടുക്കുക-കൊമ്പ് മൂന്ന് തന്നെ എന്ന്. അതല്ലാതെ “ശരി തന്നേ? എനിക്കങ്ങിനെ തോന്നുന്നില്ലല്ലോ” എന്നാരെങ്കിലും പറയുമ്പോള്‍ കൂക്കി വിളിക്കുക, ചിരിച്ച് കാണിക്കുക, കണ്ണുരുട്ടി കാണിക്കുക, അയ്യേ, അയ്യേ എന്നൊക്കെ വെക്കുക ഇതൊക്കെയാണ് രീതിയെങ്കില്‍ അത് നമ്മള്‍ നാട്ടില്‍ പണ്ടുമുതല്‍‌ക്കേ കണ്ടുവരുന്ന രീതിയല്ലേ. അതിനെന്തിനാണ് ബ്ലോഗ്?

അതുകൊണ്ട് തികച്ചും സ്വാതന്ത്ര്യബോധത്തോടെ സ്വതന്ത്രമായി കെട്ടുപാടുകളില്ലാതെ അഭിപ്രായം പറയുക എന്നതാണ് എന്റെ ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യ സങ്കല്‍‌പം. ആരുടെയെങ്കിലും സപ്പോര്‍ട്ടോ സപ്പോര്‍ട്ടയ്ക്കായോ പ്രതീക്ഷിച്ചുകൊണ്ട് എന്തെങ്കിലും അഭിപ്രായം ബ്ലോഗില്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. കൊച്ചിയിലിരുന്ന് ബ്ലോഗില്‍ അഭിപ്രായം പറയുന്ന ഞാന്‍ കോംഗോയിലുള്ള കോദണ്ഡരാമന്‍ എന്ന ബ്ലോഗില്‍ മാത്രം കണ്ടിരിക്കുന്ന ആളുടെ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കോദണ്ഡരാമന്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. ഇനി എന്റെ അതേ ചിന്താഗതികള്‍ ചില കാര്യങ്ങളില്‍ കോദണ്ഡരാമന്‍ (കുന്തം... വേറേ എന്തെങ്കിലും പേര് ഉദാഹരിക്കാമായിരുന്നു, കോദണ്ഡരാമന്റെ ണ്ഡ എഴുതി കൈയ്യുളുക്കുന്നു) വെച്ചുപുലര്‍ത്തിയിരുന്നെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ അഭിപ്രായം എന്ന് ഞാനെങ്ങിനെ അറിയും? ഇനി ഇക്കാര്യത്തിലും കോദണ്ഡരാമന് എന്റെ തന്നെ അഭിപ്രായമാണെങ്കില്‍ തന്നെ ഞാന്‍ ഇവിടെ അഭിപ്രായം പറയുന്ന സമയത്ത് കോദണ്ഡരാമന്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുകയാണെങ്കിലോ? അതുകൊണ്ട് നമുക്ക് പറയണമെന്നുണ്ടെങ്കില്‍ നമ്മള്‍ ധൈര്യമായി പറയുക. ആരെങ്കിലും കൂടെ കൂടിക്കൊള്ളും എന്നോര്‍ക്കുന്നതൊക്കെ ബ്ലോഗില്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ നമ്മളെ നിരാശരാക്കാനും മതി.

ലഞ്ച് ബ്രേക്ക് (ലഞ്ചുണ്ടെന്ന് ആദ്യം ചുമ്മാ പറഞ്ഞതാണെന്നാണോ ഓര്‍ത്തത്)
..............
..............

ലഞ്ച് കഴിഞ്ഞു.

കൂട്ടായ്മ

ഇതാണ് മറ്റ് ഭാഷാ ബ്ലോഗുകളുമായി നോക്കിയാലും ബ്ലോഗുകള്‍ മൊത്തത്തില്‍ നോക്കിയാലും മലയാളം ബ്ലോഗിനുള്ള ഏറ്റവും വലിയ പ്രത്യേകത. അതിഭീകരമായ ഒരു കൂട്ടായ്മ സങ്കല്‍‌പം മലയാളം ബ്ലോഗിനുണ്ട് എന്ന് തോന്നുന്നു.

(ലഞ്ച് കഴിഞ്ഞതല്ലേ. ഉറക്കം വരുന്നവര്‍ കൂട്ടായ്മയെ പറ്റി മാത്രമല്ല, ബ്ലോഗിംഗിന്റെ മൊത്തം സംഗതികള്‍ വളരെ ശാസ്ത്രീയമായി ദേവേട്ടന്‍ വിവരിച്ചിരിക്കുന്നത് ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഉണ്ട്. അത് വായിക്കുക. എത്ര ഉറക്കം വരുന്ന ആളാണെങ്കിലും ഉറക്കമെല്ലാം പോയി (എന്ന് പറഞ്ഞാല്‍ ഭീകര സ്വപ്നം കണ്ട് ഞെട്ടുമ്പോള്‍ പോകുന്നതല്ല, താത്പര്യം വരുമ്പോള്‍ പോകുന്ന ഉറക്കം) മൊത്തം വായിക്കും. അതാണെങ്കില്‍ ശാസ്ത്രീയവുമാണ്. ഞാനിവിടെ കിടന്ന് പറയുന്ന ബ്ലാ ബ്ലാ ബ്ലാക്ക് ഷീപ്പ് പോലെയല്ല).

എന്റെ അഭിപ്രായത്തില്‍ മലയാളം അക്ഷരങ്ങള്‍ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന ലോകത്താകമാനം ഇരിക്കുന്ന ആള്‍ക്കാരുടെ എല്ലാം തികഞ്ഞ എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു കൂട്ടായ്മ എന്ന് പറയുന്നത് ഉട്ടോപ്യയിലോ എത്യോപ്യയിലോ മാത്രം പ്രാവര്‍ത്തികമാക്കാവുന്ന തികച്ചും സാങ്കല്‍‌പികവും ഉദാത്തവുമായ ഒരു പരിപാടി ആണെന്നുള്ളതാണ്. ശരി, സമ്മതിച്ചു, മലയാളം അക്ഷരം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ട്. അതിന്റെ കടയ്ക്കല്‍, കടപ്പാക്കട, വര്‍ക്കല, ചിറയിന്‍‌കീഴ് മുതലായവയില്‍ കത്തി വെക്കുന്നവരെയും അതിനെ രണ്ടായും മൂന്നായും നടുവെയും കുറുകെയും വെട്ടിമുറിക്കുന്നവരെയും കീറി മുറിക്കുന്നവരെയും വെട്ടിക്കീറുന്നവരെയും കുത്തിക്കീറുന്നവരെയും ഒറ്റപ്പെടുത്തുകയും പെട്ടപ്പെടുത്തുകയും പേടിപ്പെടുത്തുകയും ഒക്കെ വേണ്ടതാണ്. അപ്പോള്‍ നമുക്ക് മലയാളം ബ്ലോഗ് എന്നതിനെ റഫറന്‍സ് ആയി വെക്കാം.

അങ്ങിനെയാണെങ്കില്‍ മലയാളം അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് മലയാളം എന്ന ഭാഷ സംസാരിക്കുന്ന ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ച് പന്തലിനകത്ത് കിടക്കുന്ന മലയാളി എന്ന കൂട്ടായ്മയെപ്പറ്റി ഓര്‍ത്ത് നോക്കിക്കേ? ആ കൂട്ടായ്മയില്‍ കള്ളനുണ്ട്, കൊള്ളക്കാരനുണ്ട്, കൊള്ളിവെയ്പുകാരനുണ്ട്, നല്ലവനുണ്ട്, മാന്യനുണ്ട്, മിടുക്കനുണ്ട്, മാര്‍ക്‍സിസ്റ്റുകാരുണ്ട്, ബീജേപ്പിക്കാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, ലീഗുകാരുണ്ട്, പിന്നെ ആത്യന്തികമായി ഞാനുമുണ്ട്. അങ്ങിനെ പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന ആ കൂട്ടായ്മയില്‍ കത്തിവെക്കുന്നവരെ നമ്മള്‍ മലയാള ഭാഷ സംസാരിക്കുന്ന മലയാളികള്‍ എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ എങ്ങിനെയാണ് ഒറ്റപ്പെടുത്തുന്നത്? എന്താണ് അതിന്റെ ഒരു സ്ട്രാറ്റജി?

അല്ലെങ്കില്‍ വേണ്ട, നമ്മളെല്ലാവരും മമ്മൂട്ടിയുടെ ബിഗ് ബി (നിരൂപണം ഇവിടെയുണ്ട്, അത് ആദ്യം വായിക്കണം, എന്നിട്ടേ ഹരീയുടെ ഈ നിരൂപണം വായിക്കാവൂ. ഹരീയുടെ വായിച്ചിട്ടാണെങ്കില്‍ പിന്നെ ആരും എന്റെ നിരൂപണം വായിക്കുമെന്ന് തോന്നുന്നില്ല എന്നുള്ള ആത്മവിശ്വാസം കൊണ്ടാണ് ഈ ഒരു കടുംകൈ - ഡയറക്ട് മാര്‍ക്കറ്റിംഗ് ഒരു പാപമാണോ സാര്‍?) സിനിമ കാണാന്‍ തിരുവനന്തപുരം അജന്ത എല്ലോറ തീയറ്ററില്‍ ഇരിക്കുന്നു. അങ്ങിനെ ബിഗ് ബി എന്ന മമ്മൂട്ടിപ്പടം കാണാന്‍ വന്ന ആള്‍ക്കാരുടെ കൂട്ടായ്മയില്‍ അംഗങ്ങളാണ് നമ്മളെല്ലാവരും. സിനിമയൊക്കെ കണ്ട് വന്നപ്പോള്‍ നമ്മുടെ സീറ്റിന്റെ ഇപ്പുറത്തെ സീറ്റില്‍ ഇരിക്കുന്നവനെ അതിനുമിപ്പുറത്തിരിക്കുന്നവന്‍ പിടിച്ചിടിക്കുന്നു. നമ്മള്‍ എന്ത് ചെയ്യും? ബിഗ് ബി എന്ന സിനിമ കാണാന്‍ വന്ന കൂട്ടായ്മയില്‍ അംഗമല്ലേ ഇടികൊള്ളുന്നവനും; അത് ആ കൂട്ടായ്മയുടെ കടയ്ക്കല്‍ കത്തിവെക്കലല്ലേ എന്നൊക്കെ വിചാരിച്ച് നമ്മള്‍ ചാടി വീഴുമോ? മിക്കവാറും നമ്മള്‍ ചെയ്യുന്നത് മമ്മൂട്ടിയുടെ എന്തെങ്കിലും ഡയലോഗ് ആ ഇടിയില്‍ മിസ്സായാല്‍ ഇടിക്കുന്നവനോട് പറയും “അണ്ണേ, ബഹളമുണ്ടാക്കാതണ്ണേ, സിനിമ കാണട്ടെ” എന്ന്. അല്ലെങ്കില്‍ കൂടി വന്നാല്‍ “എന്താ അണ്ണാ പ്രശ്‌നം?” എന്ന് ചോദിക്കും. ഇടിക്കുന്ന അണ്ണന്‍ പറയുകയാണ് “ദോ ലെവന്‍ എന്റെ പോക്കറ്റടിക്കാന്‍ നോക്കി, അത് തന്നെ പ്രശ്‌നം” എന്നെങ്ങാ‍നും പറഞ്ഞാല്‍ സിനിമയുടെ മൂഡിലാണെങ്കില്‍ “പോലീസിനെ വിളിയണ്ണേ” എന്നെങ്ങാനും പറഞ്ഞ് നമ്മള്‍ ആകാംക്ഷാ ഭരിതരായി ബിഗ് ബി എങ്ങിനെയാണ് വില്ലന്മാരെ പിടിക്കുന്നത്, ടീച്ചറിന്റെ കൊലപാതികള്‍ ആര് എന്നൊക്കെ ആലോചിച്ച് സീറ്റിന്റെ തുമ്പത്തിരുന്ന് പടം കാണും. അല്ലെങ്കില്‍, കൂടി വന്നാല്‍, ആ അണ്ണന്റെ കൂടെ പോയി പോലീസിന് ഫോണ്‍ ചെയ്യുകയോ തീയറ്ററുകാരോട് വിവരം പറയുകയോ ചെയ്യും.

ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ ആ കൂട്ടായ്മയിലെ ബാക്കിയുള്ളവരോ? മിക്കവാറും വല്ല ഒച്ചയോ ബഹളമോ ഒക്കെ കേട്ടെന്നിരിക്കും. അല്ലാതെ ബിഗ്‌ബി കൂട്ടായ്മയിലെ ഒരംഗത്തെ ഇടിച്ച് ഈ കൂട്ടായ്മ തകര്‍ക്കാന്‍ നോക്കിയവനേ എന്നൊക്കെ പറഞ്ഞ് പോക്കറ്റടിക്കപ്പെട്ട അണ്ണനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും കൂടി നോക്കുമോ? അങ്ങിനെയാരെങ്കിലും നമ്മളോട് പറഞ്ഞാല്‍ എന്തായിരിക്കും നമ്മള്‍ അയാളോട് പറയുന്നത്? ഇനി പ്രശ്‌നം മൂത്ത് ആകപ്പാടെ ബഹളമായെങ്കില്‍ ഷോ കുറച്ച് നേരം നിര്‍ത്തി വെക്കുമായിരിക്കും. അതിലപ്പുറം വെല്ലതും അവിടെ നടക്കുമോ?

അത്രയല്ലേ ഉള്ളൂ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ കൂട്ടായ്‌മ എന്നതും? നമ്മള്‍ മലയാളികളുടെ ഒരു സ്വഭാവമാണെന്ന് തോന്നുന്നു-ഏതെങ്കിലും മറുനാട്ടില്‍ നാല് മലയാളികള്‍ ഒന്നിച്ച് കൂടിയാല്‍ മലയാളത്തില്‍ സംസാരിക്കുന്നു എന്ന ഒറ്റയടിസ്ഥാനത്തില്‍ നമ്മള്‍ കൂട്ടായ്മ ഉണ്ടാക്കും. വളരെ നല്ലതാണ് അത്. മറ്റു പല നാട്ടുകാര്‍ക്കും കാണാത്ത ഒരു സ്വഭാവമാണത്. ഞാനതിനെ ഒരിക്കലും തള്ളിപ്പറയില്ല. പ്രത്യേകിച്ച് അജണ്ടയൊന്നുമില്ലാത്ത, മലയാളം ഭാഷ എന്നത് മാത്രം ആസ്പദമാക്കിയുള്ള ഈ കൂട്ടായ്മ ആ രീതിയില്‍ തന്നെ പോയാല്‍ വളരെ നല്ലത്. പക്ഷേ ഒരു മൂന്നുമാസം കഴിയുമ്പോഴായിരിക്കും കൂട്ടായ്മയിലെ ഒരുത്തന്‍ മനസ്സിലാക്കുന്നത്, മറ്റവന്‍ പക്കാ വലതുപക്ഷ അരാഷ്ട്രീയ നിരക്ഷരകുക്ഷിയാണെന്നത്. ലെവനോ, നല്ല ഒന്നാന്തരം ലെഫ്‌റ്റിസ്റ്റും. മൂന്നാമനാണെങ്കില്‍ മമ്മൂട്ടിയുടെ ചാവേറാവാനും തയ്യാറാണെങ്കില്‍ നാലാമനോ ലാലേട്ടന്‍ പങ്കയൂണിയന്റെ ആള്‍ കേരളാ പ്രസിഡണ്ടും പോരാത്തതിന് ആന്റണിഗ്രൂപ്പും. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളൊക്കെയുണ്ട്. പക്ഷേ കൂട്ടായ്മ ഭൂതം കാരണം, കൂട്ടായ്‌മ നഷ്ടപ്പെടുമോ എന്നുള്ള പേടി കാരണം, എല്ലാം ഉള്ളിലൊതുക്കി കടിച്ച് പിടിച്ചിരിക്കുന്നു. പലപ്പോഴും പലതും പറയണമെന്നുണ്ട്. പറയില്ല. അങ്ങിനെ വനുവന്നുവന്നുവന്ന് ഒരു അഗ്‌നിപര്‍വ്വതമാണ് എല്ലാവരുടെയും ഉള്ളില്‍ പുകയുന്നത്. പക്ഷേ കൂട്ടായ്മ ഭൂതം കാരണം പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന മഴഗാനം പാടാന്‍ പോലും പറ്റുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ മുറിയില്‍ മൊത്തം “ഘ്രും, ഗ്രും, കുറും, മുറും, ഘ്രൂം” ശബ്ദങ്ങള്‍ മാത്രം (പല്ല് ഞെരിക്കുന്നതിന്റെയാണ്).

അവസാനം ഇതൊരുദിവസം പൊട്ടിത്തെറിക്കും. പക്ഷേ കാരണമെന്താണെന്നറിയേണ്ടേ- വലതുപക്ഷന്റെ പേസ്റ്റ് ലെഫ്റ്റിസ്റ്റ് എടുത്തെന്നോ, മമ്മൂട്ടിച്ചാവേറിന്റെ ദോശ ലാലേട്ടന്‍ പങ്ക തിന്നെന്നോ ഒക്കെപ്പറഞ്ഞ് ലോകത്ത് വേറേ ആര് കേട്ടാ‍ലും മൂക്കത്ത് പോലും വിരല്‍ വെക്കാത്ത ഒരു കാരണത്തിന്റെ പേരില്‍ ഈ കൂട്ടായ്മ മൊത്തത്തില്‍ അടിച്ച് പിരിഞ്ഞ് പല വഴിക്കാകും. പിന്നെ ഒരുകാലത്തും ഈ അണ്ണന്മാര്‍ മിണ്ടില്ലെന്ന് മാത്രമല്ല, നാലണ്ണന്മാരും അതിഭീകര പ്ലാനുകളും പദ്ധതികളും തയ്യാറാക്കി എപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എതിരാളിയെ ആക്രമിച്ചാക്രമിച്ചാക്രമിച്ചുകൊണ്ടിരിക്കുകയും അതില്‍‌നിന്നും മാക്സിമം മാനസിക സംതൃപ്തി അനുഭവിക്കുകയും ചെയ്യും. അങ്ങിനെ മറ്റ് പല നാട്ടുകാര്‍ക്കുമില്ലാത്ത, മാഗി റ്റു മിനിറ്റ്സ് നൂഡിത്സ് പോലെ വെറും രണ്ട് മിനിറ്റുകൊണ്ട് ഒരു കൂട്ടായ്മ ഉണ്ടാവുകയും രണ്ട് മാസം കഴിയുമ്പോള്‍ ഒരു മിനിറ്റ് പോലും എടുക്കാതെ അത് മൊത്തം അടിച്ച് പിരിയുകയും ചെയ്യും. കാരണം ഞാന്‍ ആദ്യം പറഞ്ഞ പരസ്പരവിശ്വാസബഹുമാനാഭിപ്രായസ്വാതന്ത്യമംഗീകരിക്കല കലപില.... പ്രശ്‌നങ്ങള്‍.

പക്ഷേ ബ്ലോഗില്‍ കൂട്ടായ്മ പറ്റില്ലേ? തീര്‍ച്ചയായും. മലയാളം ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്കിടയിലുമുണ്ടല്ലോ കാക്കത്തൊള്ളായിരം കൂട്ടായ്മകള്‍. മാര്‍ക്സില്‍ വിശ്വാസമുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടായ്മ (ഇക്കാലത്ത് തന്നെ അത് പറയണം), കോണ്‍ഗ്രസ്സുകാരുടെ കൂട്ടായ്മ (ദോ വരുന്നു അടുത്തത്), ബി.ജെ.പി കൂട്ടായ്മ (കൂട്ടമുണ്ടായിട്ട് വേണ്ടേ സാര്‍ കൂട്ടായ്മ ഉണ്ടാവാന്‍?)... ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടായ്മയില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുള്ളവര്‍ ചേര്‍ന്ന് ജനശക്തി കൂട്ടായ്മ ഉണ്ടാക്കും, ബി.ജെ.പി പാര്‍ട്ടി കൂട്ടായ്മയില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ചേര്‍ന്ന് ജനപക്ഷക്കൂട്ടായ്മയുണ്ടാക്കും... (കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ മാത്രം എന്തുണ്ടാക്കുമെന്ന് ചോദിക്കരുത്. അതിനെപ്പറ്റി വിശദീകരിക്കാന്‍ നമ്മളൊന്നും പോര).

അതുപോലെ ബ്ലോഗിലും പറ്റും. പകര്‍പ്പവകാശം സംരക്ഷിക്കാന്‍ കൂട്ടായ്മയുണ്ടാക്കാം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മ ഉണ്ടാക്കാം, ഒരു പ്രദേശത്തുനിന്ന് ബ്ലോഗ് ചെയ്യുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കാം... അങ്ങിനെ എന്തെങ്കിലും വ്യക്തമായ ഒരു അജണ്ടയുടെ പേരില്‍ കാക്കത്തൊള്ളായിരം കൂട്ടായ്മകള്‍ ഉണ്ടാക്കാം. എന്ത് കാരണമായാലും ശരി അതിനോട് യോജിക്കുന്നവര്‍ കൂട്ടു ചേര്‍ന്നാലത് കൂട്ടായ്മയായി എന്നല്ലേ ന്യൂട്ടണ്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ ഒരു മൈക്രോ ലെവല്‍ കൂട്ടായ്മയുണ്ടായാല്‍ അതിന്റെ കടക്കല്‍ കത്തിവെക്കുന്നവനെയും അതിനെ വിഭജിക്കാന്‍ നോക്കുന്നവനെയും കുത്തി, പിന്നെ തിരിപ്പുണ്ടാക്കാന്‍ നോക്കുന്നവനെയും ഒറ്റപ്പെടുത്താന്‍ ഒരു പ്രശ്‌നവുമില്ല. അങ്ങിനെ ഒറ്റപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ അടുത്ത ഒരു കൂട്ടായ്‌മയും ഉണ്ടാക്കാം. ഇനി ഈ കൂട്ടായ്മക്കാര്‍ക്കെല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടുകയോ സഹകരിക്കുകയോ എന്തുവേണമെങ്കിലും ആവുകയുമാവാം. അതല്ലാതെ മലയാളം അക്ഷരം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന, കാക്കത്തൊള്ളായിരം രീതികളും സ്വഭാവങ്ങളും അജണ്ടകളും ജണ്ടകളും ചെണ്ടകളും ഉള്ള, എല്ലാവരും ഒരുമിച്ച് ചേര്‍ന്നുള്ള ഒരുആഗോള ഭൂഗോള കൂട്ടായ്മ എന്ന് പറയുന്നത് എത്രമാത്രം പ്രായോഗികമാണ്? അതുകൊണ്ട് തന്നെ അതിന്റെ കടയ്ക്കല്‍ ആരോ കത്തി വെച്ചു, അത് വിഭജിച്ചു, അവിടെ ഗ്രൂപ്പ് ഉണ്ടാക്കി, അങ്ങിനെയുള്ളവരെയൊക്കെ ഒറ്റപ്പെടുത്തണം എന്ന് പറയുന്നത് ഇല്ലാത്ത എന്തോ ഉണ്ടെന്നോര്‍ത്തുള്ള വര്‍ണ്ണ്യത്തിലാശങ്കയില്‍‌നിന്നുടലെടുക്കുന്ന ഇല്ലൂസിനേഷനാല്‍ അലംകൃതമായ ഒരു ഹാലൂസിനേഷന്‍ മാത്രമല്ലേ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.

അതുകൊണ്ട് തന്നെ “പണ്ടൊക്കെ ഒരു കൂട്ടായ്മയുണ്ടായിരുന്നു, അപ്പോള്‍ ബ്ലോഗ് ചെയ്യാന്‍ നല്ല രസമായിരുന്നു, ഇപ്പോള്‍ ആകപ്പാടെ മടുത്തു, എല്ലാവരും അടിയാണ്, ഞാന്‍ നിര്‍ത്തുകയാണ്” എന്നൊക്കെ പറയുന്നവര്‍ എന്റെ അഭിപ്രായത്തില്‍ മുകളില്‍ പറഞ്ഞ ഇല്ലൂസിനേഷന്‍ കാരണമാണ് അങ്ങിനെയൊക്കെ ഓര്‍ക്കുന്നതെന്നാണ്. ഓരോ ബ്ലോഗും സര്‍വ്വസ്വതന്ത്രസാമ്രാജ്യങ്ങളാണ്. വിഭജിക്കാന്‍ പറ്റാത്തത്ര സ്വതന്ത്രം. പല ബ്ലോഗിന്റെയും അടിയില്‍ കാണാന്‍ മേലേ “ആറ്റം” എന്നൊക്കെ എഴുതിവെച്ചിരിക്കുന്നത്? എന്താണ് ആറ്റത്തിന്റെ ഗ്രീക്കിലുള്ള അര്‍ത്ഥം?- വിഭജിക്കാന്‍ പറ്റാത്തത്. അതേ, ആറ്റമൊക്കെ പോലെ അത്രയ്ക്ക് ശക്തിയുള്ളതും വിഭജിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് ഓരോ ബ്ലോഗും. അവിടെ “കൂട്ടായ്മ പോയി, അടികണ്ട് മടുത്തു“ എന്നൊക്കെയോര്‍ത്ത് നമുക്ക് മടുപ്പ് വന്നെങ്കില്‍ ബ്ലോഗിന്റെ സങ്കല്പം നമ്മള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല എന്നേ ഞാന്‍ പറയൂ. ബ്ലോഗില്‍ നമുക്ക് മടുപ്പ് വന്നെങ്കില്‍ ബ്ലോഗ് ചെയ്യാന്‍ മടുത്തു എന്നേ ഉള്ളൂ. ഇല്ലാത്ത കൂട്ടായ്മ ഉണ്ടെന്നോര്‍ത്ത് ബ്ലോഗ് ചെയ്യുന്നതിനോ അതിന്റെ പേരില്‍ മടുപ്പുണ്ടാകുന്നതിനോ ബ്ലോഗര്‍ ഡോട്ട് കോം ഉത്തരവാദിയല്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. വേഡ് പ്രസ്സിന്റെ കാര്യം ഞാന്‍ ചോദിച്ചിട്ട് പറയാം.

ഉപസംഹാരാഹ്വാനം

അതുകൊണ്ട് എന്റെ എത്രയും പ്രിയപ്പെട്ട നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ, വെറും കാരേ, ക്ലാരേ,

ബ്ലോഗിംഗിലേക്ക് വരൂ, അതിന്റെ എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉപയോഗിക്കൂ, അത് ആസ്വദിക്കൂ. ഇമേജുകളുടെയും ഇല്ലാത്ത കൂട്ടായ്മയുടെയും തടവറയില്‍ നിന്നും മുക്തമായി പറയാനുള്ളതൊക്കെ ശക്തവും വ്യക്തവുമായി പറയാനും, അങ്ങിനെയൊരു ബ്ലോഗ് വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനുമായും കൂടി ഉപയോഗിക്കൂ ഈ മാധ്യമം. ഇത് നമ്മള്‍ കണ്ട് പരിചയിച്ചിരിക്കുന്ന ക്ലബ്ബ്, അസോസിയേഷന്‍ മുതലായവ പോലെയുള്ള, ഇന്ന് കൂടി, നാളെ ഒന്നുകൂടി കൂടി മറ്റന്നാള്‍ തല്ലുണ്ടാക്കി അടിച്ച് പിരിയാന്‍ പറ്റുന്ന ഒന്നല്ല. ഇത് അതില്‍നിന്നൊക്കെ വ്യത്യസ്‌തമായ, ശക്തവും വ്യക്തവുമായ ഒരു മാധ്യമമാണ്. അടിക്കാനോ പിരിക്കാനോ ശാസ്ത്രീയമായി അസാധ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് ബ്ലോഗ്. എന്തെന്നാല്‍ ഒരോ ബ്ലോഗിന്റെയും ആശയും ആമാശയവും കിഡ്‌നിയും തലച്ചോറും എല്ലാം ആ ബ്ലോഗിന്റെ ഉടമ മാത്രമാണ്. നിങ്ങള്‍ക്ക് എന്തും പറയാം, എന്തും എഴുതാം. നിങ്ങള്‍ ബ്ലോഗുന്നത് സഭ്യവും നിയമാനുസൃതവുമാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നെ ഒന്നിനെയും പേടിക്കാനുമില്ല. നാളത്തെ താളിയോലകളാണ് ഇന്നത്തെ ബ്ലോഗുകള്‍ എന്ന സത്യം ബ്ലോഗുന്നവരും കമന്റുന്നവരും മനസ്സിലാക്കിയാല്‍ പിന്നെ സംഗതി മൊത്തത്തില്‍ രക്ഷപെട്ടു. അങ്ങിനെ എന്തിന്റെയെങ്കിലുമൊക്കെ തടവറകളില്‍ കിടന്നുഴലുന്നവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം നല്‍‌കുന്ന ഈ മാധ്യമത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും വിനിയോഗിച്ച് ഓരോ പ്രാവശ്യവും ബ്ലോഗ് ചെയ്യാനും അതില്‍‌നിന്നും പരമാവധി സംതൃപ്തി നേടാന്‍ ശ്രമിക്കാനും നിങ്ങളെയെല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നന്ദി, നമസ്കാരം, വെറും കാരം.

ദേശീയഗാനം.

Labels: , , , , ,