Saturday, June 30, 2007

പറഞ്ഞിട്ട് കാര്യമില്ല, എന്നാലും...

പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലെങ്കിലും പോക്രിത്തരം, ഐറോണിക്ക ഇവയുടെയൊക്കെ തുടര്‍ച്ചയായി ചുമ്മാ പറയുന്നു- പറയാതിനി വയ്യ, പറയാനും വയ്യ, പറഞ്ഞിട്ടൊട്ട് കാര്യവുമില്ല എന്ന മഴപ്പാട്ട് പാടി.

സംഗതി പിന്നെയും കുസാറ്റ്. സംഭവം ഈ പത്രവാര്‍ത്ത


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍, 30-06-2007

ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍‌ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി എന്നിവയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനം സര്‍വ്വകലാശാല “തല്‍ക്കാലം“ മാറ്റിവെച്ചു. കാരണം, പ്രതീക്ഷിച്ചതുപോലെ സാമ്പത്തികം. പക്ഷേ മുന്‍‌ വി.സിയോടുള്ള വ്യക്തിവൈരാഗ്യമായിരിക്കാം കാരണമെന്നും പത്രം പറയുന്നുണ്ട്. കാര്യം പത്രം പറഞ്ഞതാണെങ്കിലും വ്യക്തിവൈരാഗ്യം എത്രമാത്രം മനഃസുഖം തരുന്ന ഒരു കാര്യമാണെന്ന് നമ്മള്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. എനിക്ക് പോയാലും വേണ്ടില്ല, അവന് കിട്ടരുതെന്ന ചോരത്തിളപ്പല്ലേ നമ്മള്‍ പല മലയാളികളെയും മുന്നോട്ട് നയിക്കുന്ന ചേതോവികാരം. അതുകൊണ്ട് അത് ഒരു കാരണം തന്നെയാവാം.

പോക്രിത്തരപ്പോസ്റ്റില്‍ കുസാറ്റ് ഐ.ഐ.റ്റിയോ അതുപോലുള്ള സ്ഥാപനമോ ആക്കുന്നതിനെതിരെയുണ്ടായിരുന്ന ഒരു വാദമായിരുന്നു, സാധാരണക്കാര്‍ക്ക് പിന്നെ ഇത്തരം സ്ഥാപനങ്ങള്‍ അപ്രാപ്യമാകുമെന്നത് (അതിന് നാട്ടിലുള്ള എല്ലാ സര്‍വ്വകലാശാലയും ഒരു സുപ്രഭാതത്തില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കണമെന്നല്ലായിരുന്നു ആഗ്രഹം-ചില പ്രത്യേക ലക്ഷ്യങ്ങളോടെ തുടങ്ങിയ കുസാറ്റ് മാത്രം ആക്കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച). ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ട സംഗതിയാ‍ണ് പണം. ഇപ്പോളിതാ, ആ പണമില്ലായ്മ തന്നെ കാരണമാക്കി അഡ്‌വാന്‍സ്‌ഡ് ആയ മൂന്ന് കോഴ്സുകള്‍ തുടങ്ങേണ്ട എന്ന് കുസാറ്റ് തീരുമാനിച്ചിരിക്കുന്നു. അതേ സമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലോകമെമ്പാടും ഒരുമാതിരിപ്പെട്ട സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഏറ്റവും അധികം മുന്‍‌തൂക്കം കൊടുക്കുന്ന കോഴ്‌സുകളാണ് നാനോടെക്‍നോളജി മുതലായവ. പതിവുപോലെ നമ്മള്‍ മലയാളികള്‍ ഇവിടെയും മാതൃക കാട്ടി. ഇനി അണ്ണന്‍ തുണ- ലേറ്റായിട്ട് വന്നാലും ലേയ്റ്റസ്റ്റായി വരുമായിരിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുക.

കുസാറ്റ് കേന്ദ്രഭരണസ്ഥാപനമായാല്‍ നമ്മുടെ നാടിനുണ്ടാവുന്ന അതിഭീകരമായ കുഴപ്പങ്ങളെല്ലാമോര്‍ത്ത് ആ കാര്യമേ ഇനി മിണ്ടുന്നില്ല. പക്ഷേ സാധാരണക്കാരന് ഡിഗ്രി കൊടുക്കേണ്ട സ്ഥാപനത്തില്‍ എന്തേ സാധാരണക്കാരന്‍ ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍‌ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊന്നും പഠിക്കേണ്ടേ? നമ്മളുടെ രാഷ്ട്രീയ പ്രബുദ്ധതയാണല്ലോ അല്ലേ ആര്‍ എന്തൊക്കെ പഠിക്കണം എന്ന് തീരുമാനിക്കുന്നത്. ഈ കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇടതുപക്ഷ സിന്‍‌ഡിക്കേറ്റംഗങ്ങള്‍ അതിന്റെ ഫീസ് ഉയര്‍ന്നതാണ് കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. നല്ല കാര്യം. പക്ഷേ അവസാനം എന്തുണ്ടായി?-പ്രായോഗികമായി ചിന്തിച്ചു, അവര്‍. പ്രായോഗികമായി നോക്കിയാല്‍ ഫീസ് കുറച്ച് സര്‍വ്വകലാശാലയ്ക്ക് ഈ കോഴ്സുകള്‍ തുടങ്ങാന്‍ പറ്റില്ല. സര്‍ക്കാരിന്റെ കൈയ്യില്‍ അഞ്ച് പൈസയില്ല. കേന്ദ്രത്തിന് കൊടുത്താല്‍ തീര്‍ന്നു പിന്നെ (അക്കാര്യമേ മിണ്ടുന്നില്ല). അപ്പോള്‍ പിന്നെ എന്തുവഴി? ഏറ്റവും എളുപ്പവഴി- കോഴ്സേ തുടങ്ങേണ്ട. തീര്‍ന്നില്ലേ കാര്യം (സെമിനാര്‍ പോസ്റ്റില്‍ സാബു ചെയ്തതുപോലെ-ഇക്വേഷനിലെ ഒരു സിംബലിന്റെ കാര്യത്തില്‍ ടീച്ചര്‍മാര്‍ തമ്മില്‍ ഭയങ്കര വാഗ്വാദം. പുള്ളിയെന്തു ചെയ്തു, കുറച്ചുനേരം പറഞ്ഞുനോക്കി, അതുകഴിഞ്ഞും സംഗതി സോള്‍വാകുന്നില്ല എന്ന് കണ്ടപ്പോള്‍ ആ സിംബലേ അങ്ങ് മായ്ച്ചു കളഞ്ഞു-സോ സിമ്പിള്‍).

ഇനി ഈ കോഴ്സുകളൊക്കെ പഠിക്കണമെന്ന് അത്രയ്ക്ക് മുട്ടിനില്‍‌ക്കുന്നവരുണ്ടെങ്കില്‍ നാടിനു വെളിയില്‍ പോയി പഠിക്കട്ടെ. അതാരു പോകും? കാശുള്ള പത്ത് പേര് പോകുമ്പോഴായിരിക്കും, കാശില്ലാത്ത ഒരാള്‍ പോകുന്നത്. അങ്ങിനെ കാശുള്ളവന്‍ വെളിയില്‍ പോയി ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍‌ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ പഠിക്കും. പഠിച്ച് കഴിഞ്ഞാലോ? അദ്ധ്യാപകര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കുമെന്നും ജന്മം പോയാലും നമ്മള്‍ നല്ല ശമ്പളം കൊടുക്കില്ല. അതേ സമയം ബഹുരാഷ്ട്രന്മാരുടെ സോഫ്റ്റ് വെയറും ഹാര്‍ഡു വെയറും കമ്പനികളൊക്കെ പതിനായിരവും ലക്ഷവും കൊടുക്കുകയും ചെയ്യും. അവര്‍ക്ക് കിട്ടുന്നതിന്റെ പത്തിലൊന്ന് മതി എന്ന് പറഞ്ഞാല്‍ പോലും നമ്മള്‍ കേള്‍ക്കില്ല. അപ്പോള്‍ പിന്നെ ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍‌ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ പഠിച്ചവര്‍ എന്ത് ചെയ്യും? കിട്ടുന്ന ഫ്ലൈറ്റിന് നാടുവിടും.

അവിടെ കിട്ടി നമുക്ക് പോയിന്റ്.

“കണ്ടോ, കണ്ടോ, സര്‍ക്കാര്‍ ഇത്രയും കാശുമുടക്കി ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍‌ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ ഇവന്മാരെ പഠിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഒരു നാണവുമില്ലാതെ ഇവരൊക്കെ അമേരിക്കയിലേക്കും ആഫ്രിക്കയിലേകുമൊക്കെ പോകുന്നു. ഇതാണ് പറഞ്ഞത് നാട്ടില്‍ ഐ.ഐ.റ്റികളൊന്നും വേണ്ടെന്ന്. നമുക്ക് ഐ.റ്റി.ഐ കള്‍ മതി. അതാകുമ്പോള്‍ എല്ലാവരും ഇവിടെത്തന്നെ കിടന്നുകൊള്ളുമല്ലോ”- ഇതായിരിക്കും നമ്മള്‍ പറയുന്നത്.

അങ്ങിനെ സാധാരണക്കാര്‍ക്ക് വേണ്ടി തികച്ചും സാധാരണമായ കോഴ്സുകള്‍ പഠിപ്പിച്ച് അതിലും സാധാരണമായ ഡിഗ്രികള്‍ കൊടുത്ത് സാധാരണപോലെ നമുക്കങ്ങ് പോകാം. അതാണല്ലോ സര്‍വ്വകലാശാലകളുടെ (കേരളാ) നിര്‍വ്വചനം. നമ്മള്‍ അങ്ങിനെ ഏയ്‌റോസ്പേസ് ടെക്‍നോളജിയും എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സും നാനോടെക്നോളജിയും ഒന്നും പഠിക്കേണ്ട. അതൊന്നുമല്ല നമുക്ക് വേണ്ടത്, നാടിനു വേണ്ടത്. ഈ നാട്ടില്‍ വേറേ എന്തൊക്കെ പഠിക്കാനും പഠിക്കാതിരിക്കാനും പഠിപ്പിക്കാനുമൊക്കെ കിടക്കുന്നു. അപ്പോളാ ലെവന്റെയൊരു നാനോടെക്‍നോളജി...

വി.സിയോട് ആദര്‍ശത്തിന്റെയും നിലവാരത്തിന്റെയുമൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിന്‍‌ഡിക്കേറ്റംഗങ്ങള്‍ക്ക്. പക്ഷേ എന്തായാലും സയന്‍സിനും ടെക്‍നോളജിയ്ക്കും വേണ്ടിയുള്ള ഒരു സര്‍വ്വകലാശാലയ്ക്ക് അതില്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നുണ്ടെങ്കില്‍ ഏറ്റവും അത്യാവശ്യം വേണ്ടത് പണമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതിനായി ഐ.ഐ.റ്റി ആക്കാനും അല്ലെങ്കില്‍ അതുപോലുള്ളവ ആക്കാനും പുതിയ പുതിയ കോഴ്സുകള്‍ തുടങ്ങി ഗവണ്മെന്റും പ്രൈവറ്റുമായ പ്രൊജക്റ്റുകള്‍ കിട്ടി അങ്ങിനെ സര്‍വ്വകലാശാലയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമൊക്കെ അദ്ദേഹം നോക്കി (അദ്ദേഹത്തിന്റെ ആ ശ്രമങ്ങള്‍ക്കൊക്കെ കാക്കത്തൊള്ളായിരം കോണ്‍സ്പി‌രസിയും നോണ്‍ കോണ്‍‌സ്പിരസിയും ആയിട്ടുള്ള തിയറികള്‍ കാ‍ണുമായിരിക്കും-അതെന്തെങ്കിലുമാവട്ടെ). പക്ഷേ നമ്മള്‍ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല, ഇങ്ങിനെ മുറുമുറുത്തുകൊണ്ടിരിക്കും.

ഇനി സാധാരണക്കാര്‍ക്കും കൂടി പ്രാപ്യമാക്കാന്‍ വേണ്ടി കോഴ്സിന്റെ ഫീസ് കുറയ്ക്കാമെന്ന് വെച്ചാലോ? പണ്ട് മുരളീ മനോഹര്‍ ജോഷി ഐ.ഐ.റ്റികളുടെയും ഐ.ഐ.എമ്മുകളുടെയും ഫീസ് കുറച്ചപ്പോള്‍ നമ്മള്‍ എല്ലാവരും ബഹളം വെച്ചു-ഫീസ് കുറച്ചാല്‍ നിലവാരം പോകുമെന്നും പറഞ്ഞ്. ഇതാണ് നമ്മള്‍.

എന്ത് സിമ്പിളായിട്ടാണ് നമ്മുടെ സിന്‍‌ഡിക്കേറ്റംഗങ്ങള്‍ വിദ്യാഭ്യാസത്തെയൊക്കെ കാണുന്നത്. വി.സിയോട് വൈരാഗ്യം. അതുകൊണ്ട് വളരെയധികം സ്കോപ്പ് ഇപ്പോഴത്തെ നിലയിലുള്ള മൂന്ന് കോഴ്‌സുകള്‍ വേണ്ട എന്നങ്ങ് വെച്ചു. എന്തെളുപ്പം. പണ്ട് പ്രൊഫസര്‍ രാജശേഖരന്‍ പിള്ളയോട് വൈര്യാഗ്യം വന്നപ്പോള്‍ കോടതി വരെ കുറ്റവിമുക്തനാക്കിയ ആളെ ഡല്‍‌ഹിയില്‍ പോയി തമ്പടിച്ച് യു.ജി.സി. ചെയര്‍മാനാക്കിയില്ല. അവിടെയും നമ്മള്‍ ജയിച്ചു.

നമ്മള്‍ മലയാളികളേ, നമിക്കുന്നു, നമിക്കുന്നു, നമിക്കുന്നു. വാശിയാണ് നമുക്കേറ്റവും വലുത്. വാശിയാണ് താരം. വാശി വന്നാല്‍ പിന്നെ നമ്മള്‍ എന്തൊക്കെ ചെയ്യുമെന്ന് നമുക്ക് പോലും ബോധമില്ല എന്ന് പറയാന്‍ വരട്ടെ- വളരെ കാല്‍ക്കുലേറ്റഡായി, മെറ്റിക്കുലസായി, സിസ്റ്റമാറ്റിക്കായി, പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കി കഠിനാധ്വാനം ചെയ്ത് ക്ഷമയോടെ കാത്തിരുന്ന് നമ്മള്‍ നമ്മുടെ വാശി നടപ്പാക്കും-ബോധപൂര്‍വ്വം തന്നെ. ഓരോ നീക്കവും തികച്ചും ഫൂള്‍ പ്രൂഫായിരിക്കും. ഒരു തെറ്റും വരില്ല. അങ്ങിനെ ഓരോ വാശിസാക്ഷാത്ക്കാരത്തിനും ശേഷം നമുക്ക് കിട്ടുന്ന ആ ആശ്വാസം, അതിന് പകരം വെക്കാന്‍ വേറേ എന്തുണ്ട് ഈ ലോകത്ത്!

Labels: , , , , , ,

Monday, June 11, 2007

ഹ...ഹ...ഹ... ഇന്റര്‍വ്യൂ

മലയാളം ബ്ലോഗുലോകത്തെ (വാഴ)കുലപതി ബ്ലോഗബ്ലോസവേശ്വര ലയബ്ലോഗ് ബ്ലോഗരശ് ലയവാദ്യ ബ്ലോഗാനിധി ഡിം‌ഡിമ ബ്ലോഗ് ചക്രവര്‍ത്തി ബഹു: ഹുഹു: ശ്രീ വക്കാരിയുമായി ശ്രീ കൈമള്‍ സാര്‍ നടത്തിയ പ്രസക്തമല്ലാത്ത ഇന്റര്‍വ്യൂവിന്റെ അത്രയും പോലും പ്രസക്തമല്ലാത്ത ഭാഗങ്ങള്‍.

കൈമള്‍: നമസ്കാരം, വായനക്കാരെ. ഇതെന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവാണ്. സംഗതി എങ്ങിനെയാകും എന്നറിയില്ല. ഒരു പോങ്ങനെയാണ് ഇന്ന് ഇന്റര്‍വ്യൂ ചെയ്യേണ്ടത്. എന്താണ് പറയേണ്ടതെന്നോ എങ്ങിനെയാണ് പറയേണ്ടതെന്നോ ഒന്നും ടീയാനയ്ക്ക് അറിയില്ല എന്നാണ് പലരും പറയുന്നത്. എന്നാലും നാലും കല്‍‌പിച്ച് ഒന്ന് ശ്രമിക്കുന്നു. നിങ്ങളുടെ സഹകരണം ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല.

നമസ്കാരം ബ്ലോബ്ലോ ലാബ്ലോ ലാബ്ലോ ഡിംഡിം ബ്ലോച ബഹു:ഹുഹു: വക്കാരിയണ്ണന്‍.

വക്കാരി: നമസ്കാരം. പിന്നെന്നാണ്ട്?

കൈമള്‍: ഓ, എന്നാ പറയാനാ

വക്കാരി: എന്നാ ശരി.

കൈമള്‍: ഒരു ഇന്റര്‍വ്യൂ...

വക്കാരി: ഇന്റര്‍വ്യൂവോ, എന്നെയോ... അച്ഛോ‍ാ‍ാ‍ാ‍ാ‍ാ

കൈമള്‍: ഓ അങ്ങിനെയൊന്നുമില്ലെന്നേ, ചുമ്മാ ബ്ലാ ബ്ലാ ബ്ലാന്ന് പറഞ്ഞാല്‍ മതി. സാധാരണപോലെ. ഞാന്‍ അതേപടി കൊടുത്തുകൊള്ളാം. പതിവുപോലെ ആരും വായിക്കുകയൊന്നുമില്ലല്ലോ.

വക്കാരി: അങ്ങിനെയാണല്ലേ. എന്നാലോക്കേ. തുടങ്ങിക്കോ.

കൈമള്‍: മലയാളം ബ്ലോഗിംഗിനെപ്പറ്റിയാണ് എനിക്ക് പ്രധാനമായും ചോദിക്കാനുള്ളത്. മലയാളം ബ്ലോഗിംഗ് ഒരു വഴിത്തിരിവിലെത്തി നില്‍‌ക്കുകയാണെന്നൊക്കെ കേള്‍ക്കുന്നല്ലോ. എന്താണഭിപ്രായം?

വക്കാരി: അങ്ങിനെയാണോ. എന്റിഷ്ടാ, എനിക്കിതൊന്നുമറിയാന്‍ വയ്യ. മലയാളം ബ്ലോഗ് ഏത് വഴിവഴിയാണ് പോകുന്നതെന്ന് പോലും എനിക്കറിയില്ല. പിന്നെങ്ങിനെയാ അതിന്റെ തിരിവൊക്കെ ഞാന്‍ പറയുന്നത്. പിന്നെ ഒരു വഴിയാണെങ്കില്‍ തിരിവൊക്കെയുണ്ടാകും. അതിനിപ്പം നമുക്കെന്ത് ചെയ്യാന്‍ പറ്റും?

കൈമള്‍: താങ്കള്‍ മലയാളം ബ്ലോഗ് ചെയ്യുന്നതിന്റെ ഒരു രീതി ഒന്ന് പറയാമോ?

വക്കാരി: ഒരു രീതിയുമില്ല എന്നുള്ളതാണ് വാസ്തവം. അങ്ങിനെ ഒരു രീതിയിലും ഒതുക്കാന്‍ പറ്റാത്തതോ ഒരു നിര്‍വ്വചനത്തിലും ഒതുങ്ങാത്തതോ ആയ ഒരു സംഗതിയാണല്ലോ ഈ ബ്ലോഗ് എന്നാണോ ആരോ (അമ്പല്ല, ആരോ) പറഞ്ഞത്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാന്‍ പോയില്ല. ശരിയായിരിക്കും എന്നങ്ങ് കരുതി. ഇനി അതിങ്ങിനെയാണെങ്കില്‍ സംഗതി മലയാളത്തിലായതുകാരണം അതിന് പ്രത്യേകിച്ച് മാറ്റമൊന്നും വരുന്നില്ലല്ലോ.

കൈമള്‍: ഇപ്പോള്‍ പിന്‍‌മൊഴി നിര്‍ത്തണോ വേണ്ടയോ എന്നൊക്കെയുള്ളതിനെപ്പറ്റി വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലോ?

വക്കാരി: പിന്‍‌മൊഴി എന്നല്ല, ലോകത്ത് ഫ്രീയായി കിട്ടുന്ന എന്ത് സാധനത്തിനും പിന്നില്‍ ചിലരുടെയൊക്കെ അദ്ധ്വാനവും സമയവുമൊക്കെയുണ്ട്. അത് അവര്‍ക്ക് വേണ്ട എന്ന് എന്നു തോന്നുന്നോ അന്ന് നമുക്കത് കിട്ടുന്നത് നില്‍‌ക്കും. പിന്‍‌മൊഴിയുടെ കാര്യവും അങ്ങിനെതന്നെ. പിന്‍‌മൊഴി മാത്രമല്ല, ഈ ബ്ലോഗറും ജീമെയിലുമെല്ലാം തരുന്നവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ അന്ന് അത് തീരും. പിന്നെ ഒരു വിശ്വാസം. അത്രയേ ഉള്ളൂ.

പിന്‍‌മൊഴിയുടെയുക്കെ പുറകില്‍ അദ്ധ്വാനിച്ച ആള്‍ക്കാര്‍ക്ക് കുറെ നല്ല ഉദ്ദേശങ്ങളുള്ളതുകൊണ്ട് അവര്‍ നമ്മുടെ അഭിപ്രായങ്ങളും ചോദിക്കുന്നു. പിന്‍‌മൊഴിയുടെ നല്ല ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പിന്‍‌മൊഴിയെക്കാള്‍ മെച്ചപ്പെട്ട സംവിധാനം അവര്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അപ്പോഴും ഓര്‍ക്കുക, നമ്മള്‍ ആകപ്പാടെ ചെയ്യുന്നത് പിന്‍‌മൊഴി അറ്റ് ജീമെയില്‍ അഡ്രസ്സ് കൊടുക്കേണ്ടിടത്ത് കൊടുക്കുക എന്ന കര്‍മ്മം മാത്രമാണ്. പക്ഷേ അപ്പോള്‍ നമ്മുടെ കമന്റൊക്കെ ഗൂഗിള്‍ ഗ്രൂപ്പില്‍ വരുക, ആവശ്യമില്ലാത്ത കമന്റുകള്‍ വരാതിരിക്കുക എന്നതിനൊക്കെ പിന്നില്‍ ഒരു സംഘം ആള്‍ക്കാരുടെ നിസ്വാര്‍ത്ഥമായ പരിശ്രമമുണ്ട്. അതുകൊണ്ട് അവര്‍ അത് നിര്‍ത്തി എന്ന് തന്നെ വെച്ചോ, എങ്കില്‍ പോലും നമുക്ക് അവരോട് എന്തെങ്കിലും മറുത്ത് പറയാനുള്ള അവകാശമില്ല. ഇതൊക്കെ അവര്‍ ചെയ്യുന്നത് മലയാളത്തിനു വേണ്ടിയാണെന്നതും കൂടി ഓര്‍ക്കണം-യാതൊരു പ്രതിഫലേച്ഛയുമില്ലാതെ. അതുകൊണ്ടുതന്നെ അതുപയോഗിക്കുന്ന നമുക്കെല്ലാം എഴുതിവെച്ചിട്ടില്ലെങ്കിലും ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്.

കൈമള്‍: താങ്കള്‍ ആ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വ്വഹിച്ചിട്ടുണ്ടോ?

വക്കാരി: എന്റിഷ്ടാ, എവിടെ...? ബ്ലാ ബ്ലാ ബ്ലാ അടിക്കാന്‍ ഒരു സ്ഥലം കിട്ടി, അവിടെ കയറി മേയുന്നു എന്നതായിരുന്നു എന്റെ രീതി. പക്ഷേ അതിത്തിരി ഓവറായി എന്ന് ഇപ്പോള്‍ മനസ്സിലായി എന്ന് തോന്നുന്നു.

കൈമള്‍: പിന്‍‌മൊഴി ഇനിയും ഇങ്ങിനെ നിന്നാല്‍ മലയാളം ബ്ലോഗിംഗിന്റെ വളര്‍ച്ച മുരടിക്കും എന്നൊക്കെ പറയുന്നത്... ?

വക്കാരി: സത്യം പറയാമല്ലോ, ഒരു ബ്ലോഗ്, അത് മലയാളത്തിലാണെങ്കിലും മംഗോളിയത്തിലാണെങ്കിലും എങ്ങിനെയൊക്കെയാണ് വളരുന്നത് എന്നൊന്നും പറയാന്‍ എനിക്കറിയാനേ വയ്യ. അത് പറയുന്നവര്‍ക്ക് അതിനെപ്പറ്റി നല്ല ബോധ്യമുണ്ടെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കുക. അത്രമാത്രം. ബ്ലോഗിന്റെ വളര്‍ച്ച പോയിട്ട് ഭാഷയുടെ വളര്‍ച്ച പോലും എങ്ങിനെയൊക്കെയാണ്, വളരുമോ, മുരടിച്ചോ എന്നൊക്കെ പറയാന്‍ നരവംശ ശാസ്ത്രജ്ഞരും ഭാഷാ പണ്ഡിതന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരുമൊക്കെ തലകുത്തി നിന്നിട്ടും നേരാംവണ്ണം പറ്റുന്നില്ല. നാട്ടില്‍ മലയാളം പഠിക്കണോ ഇംഗ്ലീഷ് പഠിക്കണോ രണ്ടും വേണോ എന്നുള്ള മൂന്ന് ചോദ്യത്തിന് മൂവായിരം ഉത്തരമാണ്. അതുകൊണ്ട് എനിക്കറിയില്ല, പിന്‍‌മൊഴി മലയാളം ബ്ലോഗിംഗിന്റെ വളര്‍ച്ച മുരടിപ്പിക്കുമോ ഇല്ലയോ എന്നൊന്നും.

ഇനി മലയാളം ബ്ലോഗ് തന്നെ വളര്‍ന്നോ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാന്‍? എന്താണ് വളര്‍ച്ചയുടെ മാനദണ്ഡം? എണ്ണമോ?
അങ്ങിനെയാണെങ്കില്‍ എണ്ണത്തില്‍ ചുട്ട കുറച്ച് ബ്ലോഗുകള്‍ (ഉദാഹരണത്തിന് ഇതും ഇതും ഇതും ഒക്കെ) എടുത്ത് കാണിച്ചിട്ട് ഇതൊക്കെക്കൊണ്ട് മലയാളം ബ്ലോഗ് വളര്‍ന്നോ എന്ന് ചോദിച്ചാല്‍ അറുപതിന്റെ ശരീരവും ആറിന്റെ ബുദ്ധിയുമാണ് വളര്‍ച്ച എങ്കില്‍... എന്നൊക്കെ പറയ്ണ്ടി വരും. അപ്പോള്‍ പിന്നെ ഇതൊക്കെ എങ്ങിനെയാണ് നിശ്ചയിക്കുന്നത് എന്നൊന്നും എനിക്ക് യാതൊരു പിടിയുമില്ല. എന്ന് വെച്ച് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നല്ല കേട്ടോ. മലയാളം ബ്ലോഗിന്റെ പോക്കിനെയൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്ന കുറെയാള്‍ക്കാര്‍ ഉണ്ട്. അവര്‍ക്ക് ഇതിനെപ്പറ്റിയൊക്കെ ആധികാരികമായി പറയാന്‍ കഴിയുമായിരിക്കണം.

കൈമള്‍: അപ്പോള്‍ പിന്നെ മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് എന്ത് ചെയ്യണം എന്ന് താങ്കള്‍ക്ക് ഒന്നും പറയാനില്ലേ?

വക്കാരി: ആരെങ്കിലും കണ്‍‌സള്‍ട്ടന്‍‌സിക്കായിട്ട് എന്നോട് വന്ന് ചോദിച്ചാല്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ആദ്യം ചോദിക്കും. അയാള്‍ പ്രശ്‌നം പറയും. അത് ഞാന്‍ എഴുതിയെടുക്കും. പിന്നെ ഇതിനെന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് ഞാന്‍ അയാളോട് ചോദിക്കും. അയാള്‍ കാരണങ്ങള്‍ പറയും. അതും ഞാന്‍ എഴുതിയെടുക്കും. പിന്നെ ഇതിനെന്തൊക്കെ ചെയ്യാം എന്നാണ് താങ്കള്‍ക്ക് തോന്നുന്നത് ഞാന്‍ അയാളോട് ചോദിക്കും. അയാള്‍ അയാളുടെ തോന്നലുകള്‍ പറയും. അതും ഞാന്‍ എഴുതിയെടുക്കും. അവസാനം അയാള്‍ പറഞ്ഞ കാര്യങ്ങളൊക്കെ കമ്പ്യൂട്ടറില്‍ പ്രിന്റൌട്ട് എടുത്ത് ബയന്റ് ചെയ്ത് ഒരു റിപ്പോര്‍ട്ടാക്കി അയാള്‍ക്ക് കൊടുത്തിട്ട് അതിനുള്ള കാശ് വാങ്ങിക്കും.

കൈമള്‍: ഇത്...ഇവിടെ... പറയാന്‍... കാരണം?

വക്കാരി: നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞതുപോലെ പല ബ്ലോഗിലും ഞാന്‍ കമന്റിടുന്നത് ഇങ്ങിനെയാണെന്ന് കാണിക്കാനും പിന്നെ മലയാളം ബ്ലോഗ് എങ്ങിനെ വളര്‍ത്തണം എന്ന് ആരെങ്കിലും പ്രൊഫഷണലായി (എന്ന് പറഞ്ഞാല്‍ കാശ് തന്നിട്ട്) എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും എന്നതിന്റെ പ്രൊഫഷണല്‍ വശത്തിന്റെ കണ്‍സല്‍ട്ടന്‍സി സൈഡ് കാണിക്കാനുമല്ലേ ആ ഓഫ് മുഴുവന്‍ അടിച്ചത്.

അതായത് ആരെങ്കിലും എന്റെയടുത്ത് വന്ന് മലയാളം ബ്ലോഗ് എങ്ങിനെ വളര്‍ത്താം എന്ന് ചോദിച്ചാല്‍, ഞാന്‍ പറയുന്നപോലെയേ അവര്‍ വളര്‍ത്തൂ എന്ന് പറഞ്ഞാല്‍, ഞാന്‍ പറയും, അംബി നമുക്ക് ഫുക്കുവോക്കയുടെ ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പുസ്തകം പരിചയപ്പെടുത്തിയില്ലേ (ഇവിടെയും ഇവിടെയും). അതില്‍ ഫുക്കുവോക്ക പറഞ്ഞതുപോലെ തികച്ചും സ്വാഭാവികമായി അതിനെ അങ്ങ് വളരാന്‍ അനുവദിക്കുക. അതിനു കാരണം, നമുക്കാര്‍ക്കും അറിയില്ല ഇതിന്റെ പോക്കെങ്ങോട്ടായിരിക്കുമെന്നോ പത്ത് കൊല്ലം കഴിഞ്ഞാല്‍ ഇതെങ്ങിനെയൊക്കെയായിരിക്കുമെന്നോ എന്നൊന്നും. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു ബ്ലോഗ് ശാസ്ത്രജ്ഞനല്ല. അപ്പോള്‍ പിന്നെ മലയാളം ബ്ലോഗുകളെ സാജന്റെ ബോണ്‍സായിയാക്കാതെ അംബിയുടെ ഒറ്റ വൈക്കോല്‍ വിപ്ലവമാക്കുക. ഒരു പ്ലാറ്റ് ഫോം ഇട്ട് കൊടുത്തിട്ടുണ്ട് ചില നല്ല മനസ്സുകള്‍. അവരെ നമുക്ക് ഫുക്കുവോക്കയായി സങ്കല്‍‌പിക്കാം. പിന്നെ ആ പ്ലാറ്റ്ഫോമില്‍ നിന്ന് സംഗതി അതിന്റെ സ്വാഭാവിക വളര്‍ച്ച അങ്ങ് കൈവരിക്കട്ടെ. ഇടയ്ക്ക് അതിന്റെ ഗതി മാറ്റാനും അതിനെ ക്രോപ്പ് ചെയ്യാനും എന്തിന് വളമിടാന്‍ പോലും പോകേണ്ട. വളരേണ്ടതൊക്കെ അതിന്റെ സ്വാഭാവിക വളര്‍ച്ച കൈവരിച്ചോളും. ബാക്കിയൊക്കെ സ്വാഭാവികമായി തീരുകയും ചെയ്യും. ഇതായിരിക്കും ഞാന്‍ പറയുന്നത്. ഇത്രയും പറയുന്നതിന് ഞാന്‍ കാശും വാങ്ങിക്കും. മാത്രവുമല്ല ഞാന്‍ പറഞ്ഞ പ്രകാരം ചെയ്ത് സംഗതി ബ്ലോഗാകുന്നതിനു പകരം കുളമാവായാല്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നും ഞാന്‍ എഴുതി ഒപ്പിട്ട് വാങ്ങിക്കും.

കൈമള്‍: താങ്കള്‍ മലയാളം ബ്ലോഗ് ചെയ്യാനുള്ള പ്രചോദനം?

വക്കാരി: ജപ്പാനിലായിരുന്നപ്പോള്‍ ആദ്യത്തെ കുറെ നാള്‍ പണിയൊന്നുമില്ല എന്നതായിരുന്നു പ്രചോദനം. അപ്പോള്‍ പത്രമായ പത്രമൊക്കെ വായിച്ച് വായിച്ച് ബറോഡയടിക്കുമ്പോള്‍ മലയാള വേദിയിലെ പഴയ കുറെ തല്ലൊക്കെ വായിച്ച് പിന്നേം പത്രം വായിച്ച് ആകപ്പാടെ വട്ടായപ്പോഴാണ് ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയത്. പിന്നെ മലയാളത്തില്‍ എഴുതാം എന്ന് കണ്ടപ്പോള്‍ അതുമായി. ഇവിടെ ഇപ്പോളുള്ള പ്രചോദനം ടി.വി വീട്ടിലുണ്ടെങ്കില്‍ അതിന് ലൈസന്‍സ് ഫീസ് കൊടുക്കണം എന്നുള്ളതാണ്. അത് കാരണം ടി.വി വാങ്ങിച്ചില്ല, ആ സമയം കൂടി വെറുതെ കളയാന്‍ ചുമ്മാ അങ്ങ് ബ്ലോഗുന്നു. എന്റെ പല പോസ്റ്റുകളും പിറക്കുന്നത് അരി അടുപ്പത്തിട്ട് അത് വെന്തുവരുന്ന സമയത്തിനുള്ളിലാണ്. അപ്പോള്‍ തന്നെ അറിയാമല്ലോ അതിന്റെയൊക്കെ നിലവാരം.

ബ്ലോഗിംഗ് എന്റെ ഉപജീവനമാര്‍ഗ്ഗമാകരുത് എന്നുണ്ട്. ഒരു ഇന്റര്‍വ്യൂവിനൊക്കെ പോകുമ്പോള്‍ എന്താണ് ഹോബിയെന്നെങ്ങാനും ചോദിച്ചാല്‍ ബ്ലോഗിംഗാണെന്നെങ്ങാനും പറഞ്ഞാല്‍ എപ്പോള്‍ കിട്ടി ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം (കഃട് സു) എന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് അതുവല്ലതും മിണ്ടാന്‍ പറ്റുമോ. അപ്പോള്‍ അത്രയേ ഉള്ളൂ എന്റെ ബ്ലോഗിംഗിന്റെ പ്രചോദനവും ബ്ലോഗും ഞാനും തമ്മിലുള്ള കടപ്പാടും. എനിക്ക് ബ്ലോഗണമെന്ന് തോന്നുമ്പോള്‍ ഞാനങ്ങ് ബ്ലോഗുന്നു. അത് ചിലപ്പോള്‍ രാത്രി കിടക്കാന്‍ പോകുമ്പോഴായിരിക്കും, ചിലപ്പോള്‍ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പായിരിക്കും, ചിലപ്പോള്‍ ഓഫീസിലിരുന്ന് എന്തെങ്കിലും ഭയങ്കരമായി (പിന്നെ പിന്നേ) ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്കായിരിക്കും. അങ്ങിനെ പ്രത്യേകിച്ച് സമയവും കാലവും ഒന്നുമില്ല. ബ്ലോഗിംഗിനെ ഞാന്‍ സീരിയസ്സായി എടുത്തിട്ടേ ഇല്ല. കൈയ്യില്‍ തോന്നുന്നത് കോന്തന് പോസ്റ്റ്. അതുതന്നെ.

എന്ന് വെച്ച് ഇതിനെ സീരിയസ്സായി കാണുന്ന ആള്‍ക്കാരോട് എനിക്ക് എല്ലാവിധ ആദരവും ബഹുമാനവും ഉണ്ടുതാനും. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് വളരെ നല്ല കാര്യമാണ് അവരൊക്കെ ചെയ്യുന്നത്. കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലനില്‍ക്കേണ്ടത് അങ്ങിനെയുള്ളവരുടെയൊക്കെ ബ്ലോഗുകളാണ്. അത് നൂറുതരം. അവരുടെയൊക്കെ നിലവാരത്തിലേക്ക് എത്തിച്ചേരാന്‍ നൂറ് മുള ഒന്നിച്ച് കെട്ടിയ കോവണി വെച്ചാലും കാര്യമില്ല എന്ന തിരിച്ചറിവല്ലേ എന്റെ ബ്ലാബ്ലാബ്ലാ പോസ്റ്റുകളും കമന്റുകളും.

കൈമള്‍: താങ്കള്‍ പല പോസ്റ്റുകളിലും പോയി അവിടെ സീരിയസ്സായി നടക്കുന്ന പല ചര്‍ച്ചകളും കുളമാക്കി, വഴി തിരിച്ചു, പാളം തെറ്റിച്ചു എന്നൊക്കെ കേള്‍ക്കുന്നല്ലോ...

വക്കാരി: എന്റെ പൊന്നിഷ്ടാ, ഉള്ളതു പറയാമല്ലോ, അത് കേട്ടപ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ ഇതികര്‍ത്തവ്യഥാവൃഥാമൂഢനായി, പിന്നെ സാധാരണപോലെ വെറും മൂഢനായി. അതും കഴിഞ്ഞ് രോമാഞ്ചകഞ്ചുകുഞ്ചുകിതനായി.

കൈമള്‍: അതെന്താ രോമാഞ്ചകഞ്ചുകുഞ്ചു.... ആയത്?

വക്കാരി: എന്റെ ചരിത്രവും ഭൂമിശാസ്ത്രവും മൊത്തത്തില്‍ അറിയാവുന്ന എന്റെ വീട്ടുകാര്‍ പോലും ഞാന്‍ പറയുന്നതിന് ഞാന്‍ പറയാന്‍ വേണ്ടി ചിലവഴിച്ച ഊര്‍ജ്ജത്തിന്റെയും ആ ഊര്‍ജ്ജത്തിനായി ചിലവഴിച്ച ചോറിന്റെയും മോരുകറിയുടെയും പാവയ്ക്കാ തോരന്റെയും വില പോലും കൊടുക്കാറില്ല. വീട്ടിലൊക്കെ എന്തെങ്കിലും സീരിയസ്സ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞാനും എന്തോ വലിയ രീതിയില്‍ ആ ചര്‍ച്ചയില്‍ കോണ്‍‌ട്രിബ്യൂട്ട് ചെയ്യുന്നു എന്ന ഭാവത്തില്‍ ഘനഗംഭീരശബ്‌ദത്തോടെയെന്ന രീതിയില്‍ മുഖമൊക്കെ വീര്‍പ്പിച്ച് അനന്തതയിലേക്ക് കണ്ണും നാട്ടൊക്കെ കാര്യങ്ങള്‍ പറയാറുണ്ട്. എവിടെ... ആരും കേട്ട ഭാവം പോലും വെക്കാറില്ല. ഇനി കേട്ടാല്‍ തന്നെ അവര്‍ കൂളായി അടുത്ത പോയിന്റിലേക്ക് കടക്കും. അങ്ങിനെയുള്ള ഞാന്‍ ഈ മലയാള ബ്ലോഗ് ലോകത്ത് ചര്‍ച്ചകള്‍ വഴിതെറ്റിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചാലും എന്തെങ്കിലുമൊക്കെ നടക്കും എന്നൊരു തോന്നലായിരുന്നു ആദ്യം. അത് എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസവും പോരാഞ്ഞതിന് കോണ്‍ഫിഡന്‍സും തന്നു എന്ന് പറയാതെ വയ്യ.

പക്ഷേ എന്തായാലും എന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും അഭിപ്രായം ഒരു ബ്ലോഗിന്റെ ആത്മാവ് ആ ബ്ലോഗിലെ പോസ്റ്റുകളും അതിന്റെ ചക്രവര്‍ത്തി ആ പോസ്റ്റിട്ട ആളുമാണെന്നതാണ്‍. പോസ്റ്റിടുന്ന ആള്‍ക്കെന്ന പോലെ കമന്റിടുന്ന ആള്‍ക്കും ഉത്തരവാദിത്തങ്ങളൊക്കെയുണ്ട് എന്നതൊക്കെ ഒരു ഐഡിയല്‍ വേള്‍ഡില്‍ നല്ലതാണെങ്കിലും എല്ലാത്തരം ആള്‍ക്കാരുമുള്ള ബ്ലോഗ് ലോകത്ത് അതെത്രമാത്രം പ്രായോഗികമാവും എന്നറിയില്ല. അതുകൊണ്ട് ഒരു പോസ്റ്റിട്ട ആള്‍ എത്രമാത്രം ക്രിയാത്മകത... അങ്ങിനെയൊരു വാക്കുണ്ടോ കൈമളേ

കൈമള്‍: ധൈര്യമായിട്ട് താങ്ങെന്ന് ...

വക്കാരി: ഓ ശരി. അതായത് ക്രിയാത്മകത അവിടുത്തെ ചര്‍ച്ചകളില്‍ നിന്ന് പോസ്റ്റിടുന്ന ആള്‍ എത്രമാത്രം പ്രതീക്ഷിക്കുന്നോ, അതിനനുസരിച്ച് എന്നെപ്പോലെ വഴിതെറ്റിക്കല്‍ വീരന്മാര്‍ വരുമ്പോഴേ പറയാം, “ഡേയ്, ഇവിടെ ഈ പണി നടക്കില്ല“ എന്ന്. ഇവിടെത്തന്നെ ചില ബ്ലോഗുകളിലൊക്കെ ചിലര്‍ കര്‍ശനമായി ചര്‍ച്ച ടോപ്പിക്കില്‍ തന്നെ നിര്‍ത്തി കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അത്തരം ബ്ലോഗിലൊക്കെ ശരിക്കും പ്രാര്‍ത്ഥിച്ചിട്ടാണ് കമന്റിടുന്നത്. ഒരു പോസ്റ്റിടുന്ന ആളാണ് ആ പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത്-വായിക്കുകയും കമന്റുകയും ചെയ്യുന്നവരെക്കാള്‍ കൂടുതല്‍. കാരണം നാളെ ചിലപ്പോള്‍ അയാള്‍ ആ പോസ്റ്റും പൂട്ടിക്കെട്ടി പോയെന്നുമിരിക്കും.

എന്നെപ്പോലെ ബ്ലാബ്ലാബ്ലാ ടീംസിനൊക്കെ വേണമെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബാക്കിയുള്ളവരുടെ വികാരവും പരിഗണിക്കാം. അത് ചെയ്യേണ്ടതുമാണ്. പക്ഷേ എന്ത് ചെയ്യാം ചെയ്യേണ്ടതൊക്കെ ചെയ്യേണ്ട രീതിയില്‍ ചെയ്യേണ്ട സമയത്ത് ചെയ്യുകയായിരുന്നെങ്കില്‍ ഞാന്‍ ഏറ്റവും കുറഞ്ഞത് മൂന്നാറില്‍ ഇപ്പോള്‍ ജെസീബീയും ഓടിച്ചുകൊണ്ട് നടക്കില്ലായിരുന്നോ. അപ്പോള്‍ പിന്നെ കമന്റിടുന്നവര്‍ ഡെസ്പായി സംഗതി നിര്‍ത്തി പോകുന്നതിനു പകരം പോസ്റ്റിടുന്ന ആളോട് പറഞ്ഞാല്‍ മതി-“ലെവനെ നേരാംവണ്ണം നിര്‍ത്തിയില്ലെങ്കില്‍ സംഗതി പാളം തെറ്റും കേട്ടോ” എന്ന്. നമ്മള്‍ അപ്പോള്‍ തന്നെ കട്ടേം പടോം മടക്കില്ലേ.

എന്റെ ചങ്ങാതീ, ഈ പറഞ്ഞതുപോലെ അരി വേവുന്നതിനിടയ്ക്കും രാവിലെ എഴുന്നേറ്റ് വരുന്നവഴിക്കുമൊക്കെ ബ്ലോഗ് വായിക്കുന്ന എനിക്കൊക്കെ ഓരോ പോസ്റ്റും നോക്കി, പിന്നെ അതിന്റെ കമന്റ് എഴുതി മാച്ച് ദ ഫോളോയിംഗ് നടത്തി മാച്ചാക്കി കോറിലേഷന്‍ കോയഫിഷ്യന്റ് 99.9999 നും മുകളിലാണോ എന്നൊക്കെ നോക്കി കമന്റിടാന്‍ മാത്രമുള്ള ത്രാണിയുണ്ടോ. കാര്യം തല വലുതാണെങ്കിലും അതിനകത്തുള്ള തലച്ചോറിന്റെ മൂലയ്ക്കിരിക്കുന്ന ബ്രെയിനിലാണല്ലോ കാര്യം. എന്തായാലും ഞാന്‍ ചെയ്തത് മോശമായിപ്പോയി എന്നത് വാസ്തവം.

എന്നാലും ഞാന്‍ പണ്ട് വാര്‍ദ്ധായിലായിരുന്ന കാലത്തും ക്വിറ്റിന്ത്യാ സമരകാലത്തും ഒക്കെ നടത്തിയ പാളം തെറ്റിക്കല്‍ പരിപാടികള്‍ ഇത്ര വള്ളിപുള്ളി വിടാതെ ആള്‍ക്കാര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ കൂടിയാണ് ബ്ലോഗിനെ ആള്‍ക്കാര്‍ എത്ര ഗൌരവമായാണ് കാണുന്നതെന്ന തിരിച്ചറിവുണ്ടായത്. ഇത് വെറും സമയം കൊല്ലിപ്പരിപാടിയായി എടുത്തിരിക്കുന്ന ഞാനൊക്കെ ബ്ലോഗ് സീരിയസ്സായി എടുത്തവരുടെ ചിലവിലായിരിക്കരുത് പോക്രിത്തരങ്ങള്‍ കാണിക്കുന്നത്. അത് നൂറുതരം.

കൈമള്‍: എന്താണ് താങ്കള്‍ ചര്‍ച്ചകള്‍ പാളം തെറ്റിക്കാനുള്ള കാരണം?

വക്കാരി: അണ്ണേ വിശ്വസിക്കെടേ, മനഃപൂര്‍വ്വമല്ലടേ. മുന്‍പ് പറഞ്ഞതുപോലെ രാവിലെ കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് വരുന്ന വഴിക്കായിരിക്കും ഒരു പോസ്റ്റ് വായിക്കുന്നത്. എന്റെ ബുദ്ധി അറിയാമല്ലോ. അത് വെച്ച് സംഗതി ഇതിനെപ്പറ്റിയൊക്കെയായിരിക്കും പറയുന്നതെന്ന ധാരണയില്‍ നമ്മളെന്തെങ്കിലും പറയും. അല്ലാതെ വളരെ ആലോചിച്ച് സമയമെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കാനാണെങ്കില്‍ ലൈബ്രറിയില്‍ നിന്നെടുത്തിട്ട് ഇതുവരെ തുറക്കാത്ത ബുക്ക് വായിച്ചാല്‍ പോരേ. ചിലപ്പോള്‍ കാക്കത്തൊള്ളായിരം കൊല്ലങ്ങളായിട്ട് ആള്‍ക്കാര്‍ക്ക് ഉത്തരം കിട്ടാത്ത ചില സമസ്യകള്‍ക്കൊക്കെ ഒരൊറ്റ കമന്റില്‍ ഉത്തരം കൊടുക്കുന്നത് കാണാം. എത്ര നേരമെന്ന് വെച്ചുകൊണ്ടാണ് വിരല്‍ മൂക്കത്ത് തന്നെ വെച്ചുകൊണ്ടിരിക്കുന്നത്. ചോദിച്ചുപോകും. പിന്നെ ചിലപ്പോള്‍ “വിഭൃംബജലിഡധ്വംദ്വംഭികധിംതരികിടധോംകൊടുകൈ” ടൈപ്പിലുള്ള ചില കമന്റൊക്കെ കാണും. എന്റമ്മോ ഇവരൊക്കെ ഇതൊക്കെ എങ്ങിനെ പറയുന്നു എന്നൊക്കെയാലോചിച്ച് കോമ്പ്ലക്സ് കയറി “അണ്ണാ, ഉള്ളതു തന്നെ? അണ്ണന്‍ കണ്ടായിരുന്നോ? അതോ അങ്ങിനെതന്നെയാണോ?” എന്നൊക്കെ ചോദിക്കും. അവര്‍ക്കെപ്പോള്‍ ചൊറിഞ്ഞുകയറി എന്ന് ചോദിച്ചാല്‍ മതി.

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഈയിടെ ഒരു മെഷീനില്‍ ഒരു അനാലിസിസ് നടത്തുകയായിരുന്നു. അതിന്റെ പ്രവര്‍ത്തനം ഇതുവരെ കാണാത്ത ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ വന്ന് എന്നോട് അതിനെപ്പറ്റിയൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ബുദ്ധിജീവി സ്റ്റൈലില്‍ നമ്മള്‍ ഇത് ഇങ്ങിനെയാണ് ചെയ്യുന്നത്, ഇങ്ങിനെ ചെയ്യുമ്പോള്‍ റിസല്‍ട്ട് ഇങ്ങിനെ വരും. അങ്ങിനെ കിട്ടുന്ന റിസല്‍ട്ടിനെ ഈ ഇക്വേഷന്‍ കൊണ്ട് ഗുണിച്ചിട്ട് പിന്നെ ആ ഇക്വേഷന്‍ കൊണ്ട് ഹരിച്ചിട്ട് പിന്നെ രണ്ടുമെടുത്ത് മറിച്ചിട്ട് നടുവു നോക്കി നാലു തൊഴി കൊടുക്കുമ്പോള്‍ നമുക്ക് ഈ ഉത്തരം കിട്ടുമെന്നൊക്കെ തകര്‍ക്കുമ്പോള്‍ നമ്മള്‍ ന്യായമായും പ്രതീക്ഷിക്കുന്ന ചോദ്യം അതെന്തിനാ തൊഴിക്കുന്നത്, മറിക്കുന്നത് എന്നൊക്കെയുള്ളതല്ലേ. പക്ഷേ അയാള്‍ വന്ന് സംഗതി കമ്പ്ലീറ്റ് പാളം തെറ്റിച്ചു. പുള്ളി ചോദിച്ചത് “അണ്ണാ, ഈ മെഷീന്‍ ഇങ്ങിനെ കറങ്ങുന്നതെന്തിനാ, അതിങ്ങിനെ കറങ്ങിയാല്‍ പോരായിരുന്നോ” എന്ന്. എന്റെ മനസ്സില്‍ അന്നേരം വന്ന വാക്ക് “പ്രതിലോമകത” എന്നതായിരുന്നു. അപ്പോള്‍ പിന്നെ വളരെ ഗൌരവത്തില്‍ ചര്‍ച്ച നടത്തുന്നവരുടെയൊക്കെ ഇടയിലേക്ക് കയറി നമ്മള്‍ “അണ്ണേ അതെന്താ അങ്ങിനെ“, “അണ്ണന്‍ അങ്ങിനെ പറയുന്നത് ശരിയല്ല“ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ?

കൈമള്‍: ചിലരൊക്കെ പുതിയ ബ്ലോഗിംഗ് നയങ്ങള്‍ കൊണ്ടുവരുന്നുണ്ടല്ലോ. എന്താണ് അഭിപ്രായം?

വക്കാരി: ഞാന്‍ മുന്‍പ് പറഞ്ഞല്ലോ. മലയാളം ബ്ലോഗിംഗിനെ വളരെ സീരിയസ്സായി കാണുന്ന കുറെയധികം ആള്‍ക്കാര്‍ നമ്മുടെയിടയിലുണ്ട്.

കൈമള്‍: നമ്മുടെയിടയിലോ? നമ്മള്‍ എന്നൊരു കൂട്ടമൊക്കെയുണ്ടോ?

വക്കാരി: ഒരു പറച്ചിലിലങ്ങ് പറ്റിപ്പോയതാടേ, ശരി, ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അവര്‍ക്ക് വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളുമുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവരുടെ പരമപ്രധാനമായ ഒരു ലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയാണ്. അതിന് നാളെയുടെ മാധ്യമമായ ഇന്റെര്‍നെറ്റ് അവര്‍ ഇന്നേ ഉപയോഗിച്ചുതുടങ്ങിയിരിക്കുകയാണ് ബ്ലോഗ് വഴിയും മറ്റും. ഭാവി തലമുറയ്ക്ക് വേണ്ട വളരെ നല്ല കാര്യങ്ങള്‍ തികച്ചും നിസ്വാര്‍ത്ഥമായാണ് അവരൊക്കെ ചെയ്യുന്നത്- അതും ഒരു സര്‍ക്കാര്‍ മെഷിനറിയുടെയും സഹായമില്ലാതെ തന്നെ. അവര്‍ക്കൊക്കെ അവരുടെ നയങ്ങള്‍ വ്യക്തമാക്കിയേ പറ്റൂ. ഒന്നോര്‍ക്കണം, ബ്ലോഗിംഗും മലയാളത്തിന്റെ വളര്‍ച്ചയുമൊന്നുമല്ല അവരുടെ മുഖ്യതൊഴില്‍. അവര്‍ ബ്ലോഗില്‍ ചെയ്യുന്നതൊക്കെ അവരുടെ ജോലി സമയത്തിനു ശേഷം കിട്ടുന്ന സമയമൊക്കെ ഉപയോഗിച്ചാണ്. മാത്രവുമല്ല, ബ്ലോഗിംഗിനായി പോലും അവര്‍ ധാരാളം വായിക്കുകയും അറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങിനെ വളരെ എഫര്‍ട്ടെടുത്തിട്ടാണ് അവരില്‍ പലരുടെയും പോസ്റ്റുകള്‍ പോലും പിറക്കുന്നത്. അങ്ങിനെ വരുമ്പോള്‍ എന്താണ് അവര്‍ ബ്ലോഗിംഗുകൊണ്ട് ഇനിമുതല്‍ ഉദ്ദേശിക്കുന്നത്, എന്താണ് വായനക്കാരില്‍ നിന്നും അവര്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ അവര്‍ക്ക് വ്യക്തമാക്കേണ്ടി വരും. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ പിന്നെയും അവിടെ ചെന്ന് മണാകുണാ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവരുടെ ശ്രദ്ധയും തെറ്റിക്കും, ബാക്കി വായനക്കാരെയും വഴി തെറ്റിക്കും. ഇത്രയും കാലം ബ്ലോഗിനെപ്പറ്റി ഒരു അവബോധം ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ടാക്കാനും കൂടുതല്‍ ആള്‍ക്കാരെ ഇങ്ങോട്ടാകര്‍ഷിക്കാനും എല്ലാം അവരും എല്ലാവരുടെയും കൂടെ കൂടി. പക്ഷേ ഇനി അവര്‍ക്ക് അടുത്ത തലത്തിലേക്ക് കടന്നേ പറ്റൂ. ഇതൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയത്.

കൈമള്‍: അതുകൊണ്ട് താങ്കള്‍ ഇനി എന്തെങ്കിലും പുതിയ ബ്ലോഗിംഗ്/കമന്റിംഗ് നയം കൊണ്ടുവരുന്നുണ്ടോ?

വക്കാരി: അന്നും ഇന്നും എന്നും എനിക്ക് ബ്ലോഗിംഗിന് ഒരു നയവുമില്ല. ഞാന്‍ പറഞ്ഞല്ലോ, അണ്‍ലിമിറ്റഡ് സ്വാതന്ത്യമാണ് ബ്ലോഗ് നല്‍കുന്നത്. സീരിയസ്സാകുന്നവര്‍ക്ക് അങ്ങിനെയാവാം, അല്ലാത്തവര്‍ക്ക് അങ്ങിനെയെവുമാവാം. ബ്ലോഗിനായിട്ട് ഒരു നയമോ വ്യക്തിത്വമോ ഒന്നും ഞാന്‍ പ്രത്യേകമായിട്ട് ഉണ്ടാക്കുന്നേ ഇല്ല. ഞാന്‍ നേരത്തെ എങ്ങിനെയായിരുന്നോ അങ്ങിനെ തന്നെ ഇനിയും. എന്ന് വെച്ച് സീരിയസ്സായി ബ്ലൊഗ് ചെയ്യുന്നവരുടെയിടയില്‍ കയറി അലമ്പുണ്ടാക്കുന്ന പരിപാടിയുമില്ല. സഭ്യവും നിയമാനുസൃതവുമായ എന്തും എനിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട് എന്ന് തോന്നുന്നിടത്തൊക്കെ ഞാന്‍ നടത്തും. അതിന്റെ ഉടമസ്ഥര്‍ക്ക് എന്റെ ഇടപെടലുകളില്‍ അവര്‍ക്ക് ചെയ്യാവുന്നതായ എന്തും ചെയ്യാം-അത് പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നും ഇല്ലെങ്കിലും. നേരത്തെയും എന്റെ നയം അതുതന്നെയായിരുന്നു, ഇനിയും അങ്ങിനെ തന്നെ. ഇത് ബ്ലോഗില്‍ മാത്രമല്ല, ജീവിതത്തിലും അങ്ങിനെ തന്നെ. ഉള്ള ഒരു സ്വഭാവം തന്നെ നേരാംവണ്ണം കൊണ്ടുപോകാന്‍ പറ്റുന്നില്ല. അപ്പോള്‍ പിന്നെ ബ്ലോഗിനായി വേറൊന്നൊക്കെ ഉണ്ടാക്കാന്‍ വലിയ പാട്.

കൈമള്‍: സീരിയസ്സായി ആള്‍ക്കാര്‍ ബ്ലോഗ് ചെയ്യേണ്ടുന്ന ഒരു സന്ദര്‍ഭത്തില്‍ താങ്കള്‍ എനിക്ക് തോന്നിയ പോലെ ചെയ്യും എന്ന് പറയുന്നത് പ്രതിലോമകതയല്ലേ?

വക്കാരി: അപ്പോള്‍ ഇതാണോ പ്രതിലോമകത? ഉള്ളത് പറയാമല്ലോ അണ്ണാ, കുറെ നാളുകളായി ആ വാക്ക് എന്നെ ചുറ്റിക്കുന്നു. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കെപ്പോഴും കണ്‍ഫ്യൂഷനാണ്. ഒരുമാതിരി അതിന്റെ അര്‍ത്ഥം മനസ്സിലായി വന്നൂ എന്ന് തോന്നിവന്നപ്പോഴേക്കും പിന്നെയും കൈയ്യില്‍ നിന്നും പോയി.

ഞാന്‍ പറഞ്ഞല്ലോ, പല തരക്കാരാണ് ലോകത്ത് ബ്ലോഗ് ചെയ്യുന്നത്. ഞാന്‍ ഇങ്ങിനെ ചെയ്യുന്നു എന്ന് മാത്രം. അതെന്റെ സ്വാതന്ത്യം. അപരന്റെ മൂക്കിന്റെ തുമ്പിന്റെ അഗ്രം വരെയേ എന്റെ സ്വാതന്ത്യമുള്ളൂ എന്നും എനിക്കറിയാം. ഞാന്‍ എനിക്ക് തോന്നിയതുപോലെ ബ്ലോഗുന്നു എന്നുള്ളത് പ്രതിലോമകതയാണോ? പക്ഷേ ഞാന്‍ സീരിയസ്സായി ബ്ലോഗ് ചെയ്യുന്ന ഒരിടത്ത് പോയി ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ടാല്‍ അതാണ് പ്രതിലോമകത എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

കൈമള്‍: ചിലരൊക്കെ പിന്‍‌മൊഴി വിട്ട് പോകുന്നു, അഗ്രിഗേറ്റര്‍ വിട്ട് പോകുന്നു... എന്താണ് താങ്കളുടെ അഭിപ്രായം?

വക്കാരി: എന്റെ സാറേ, കാക്കത്തൊള്ളായിരം പ്രാവശ്യം പറഞ്ഞില്ലേ, അതെല്ലാം അവരവരുടെ തീരുമാനം, അവരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് വേണമെന്ന് തോന്നുന്നതൊക്കെ അവര്‍ തോന്നുന്നതുപോലെ ചെയ്യും.

പിന്നെ എന്റെ വിശ്വാസം അവരൊക്കെ അങ്ങിനെ ചെയ്യുന്നത് അവര്‍ക്ക് തോന്നിയതുകൊണ്ട് മാത്രമാണെന്നാണ്. അല്ലാതെ ദേവേട്ടന്‍ ഇവിടെ പറഞ്ഞതുപോലെ ഒരാള്‍ ചിലപ്പോള്‍ ധൃതിക്ക് ഓടിപ്പോകുന്നത് പ്ലാറ്റ് ഫോം നമ്പ്ര് രണ്ടിലേക്കായിരിക്കും. അയാളുടെ പുറകെ പോയിപ്പോയി അവസാനം മൂക്ക് പൊത്തേണ്ട ഗതികേടുണ്ടാവരുത്. അത് എല്ലാവര്‍ക്കും അറിയാം എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു. അത്രയേ ഉള്ളൂ ബ്ലോഗിലെ എന്തും പോലെ ഇതും.

കൈമള്‍: പിന്‍‌മൊഴിയുടെ ഒരു കുഴപ്പമായി ചിലര്‍ പറയുന്നത് കമന്റുകള്‍ കണ്ട് ആള്‍ക്കാര്‍ പോസ്റ്റില്‍ വരുന്നു. കണ്ട കമന്റിന് മറുകമന്റിടുന്നു, അങ്ങിനെ പോസ്റ്റ് പാളം തെറ്റുന്നു എന്നൊക്കെ. അതിനെപ്പറ്റി...

വക്കാരി: എന്റണ്ണാ, പലജനം ബഹുവിധം. അങ്ങിനെ ചെയ്യുന്നവരുമുണ്ടാവാം. എല്ലാവരും അങ്ങിനെയേ ചെയ്യൂ എന്നല്ലല്ലോ അവിടെ പറഞ്ഞത്. അണ്ണന്‍ തന്നെ പിന്‍‌മൊഴിയിലെ സിസ്റ്റം നോക്ക്. ഒരു കമന്റില്‍ ആദ്യത്തെ ലിങ്ക് കമന്റിട്ട ആളുടെ പ്രൊഫൈല്‍ ലിങ്ക്. പിന്നെ പോസ്റ്റിന്റെ ലിങ്ക്. അതില്‍ ക്ലിക്കിയാല്‍ പോകുന്നത് പോസ്റ്റിന്റെ മുകളിലേക്കാണ്. ഞാനാണെങ്കില്‍ പിന്‍‌മൊഴിയില്‍ ഒരു കമന്റ് കണ്ടാല്‍ പോസ്റ്റിന്റെ ലിങ്കില്‍ ക്ലിക്കി പോസ്റ്റിലേക്കാണ് ആദ്യം പോകുന്നത്. പോസ്റ്റ് വായിച്ചിട്ട് തന്നെയാണ് കമന്റിടുന്നത്. എന്റെ പല ചര്‍ച്ച പാളം തെറ്റിക്കല്‍ പരിപാടിയുടെയും കാരണം അവിടിട്ട കമന്റുകള്‍ പോലും നേരാംവണ്ണം വായിച്ച് നോക്കാതെ പോസ്റ്റില്‍ നിന്നും ഞാന്‍ എന്റേതായ രീതിയില്‍ മനസ്സിലാക്കിയ രീതി വെച്ച് താങ്ങുന്നതുകൊണ്ടല്ലേ. എന്ന് വെച്ച് എല്ലാവരും പിന്‍‌മൊഴി ഉപയോഗിക്കുന്നത് ഇങ്ങിനെയാണ് എന്നര്‍ത്ഥമില്ല. ഞാന്‍ എന്റെ കാര്യം പറഞ്ഞു എന്ന് മാത്രം.

കൈമള്‍: പലരെയും അഡിക്ടഡാക്കിയ പിന്‍‌മൊഴി തുടരണോ എന്നൊരു ചര്‍ച്ച കൊണ്ടുവന്ന സമയം ഉചിതമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

വക്കാരി: എന്റെ മണുകൊണാഞ്ചന്‍ കൈമളേ, പതിനായിരം പ്രാവശ്യം പറഞ്ഞില്ലേ, പിന്‍‌മൊഴി എന്നത് ഒരു കൂട്ടം ആള്‍ക്കാരുടെ അദ്ധ്വാനമാണ്, സേവനമാ‍ണ്. അതിനെപ്പറ്റി എന്ത് എപ്പോള്‍ സംസാരിക്കാനും അവര്‍ക്കാണ് അവകാശം. പിന്നെ ഇപ്പോള്‍ പറയണമായിരുന്നോ എപ്പോള്‍ പറയണം എന്നൊക്കെ പറയാന്‍ നമുക്കെന്ത് കാര്യം?

കൈമള്‍: എന്നാലും...

വക്കാരി: വ്യക്തിപരമായി പറഞ്ഞാല്‍ ഇതായൊരുന്നോ നല്ലൊരു സമയം എന്നൊരു സംശയം ഇല്ലാതില്ല. കുറച്ച് ദിവസങ്ങളായി സ്വല്പം ഒരു ഹൈപ്പര്‍ ആക്ടീവ് സ്റ്റേറ്റിലായിരുന്നല്ലോ പിന്‍‌മൊഴിയും മലയാളം ബ്ലോഗുമൊക്കെ. ചിലരൊക്കെ ആ ആക്ടിവിറ്റിയുടെ സമയത്ത് അതുമൂലമൊക്കെത്തന്നെ പിന്‍‌മൊഴി വിട്ടുപോവുകയും ചെയ്തു. അപ്പോള്‍ അങ്ങിനെയുള്ളൊരു സമയത്ത് തന്നെ ഇത് തുടരണോ എന്നൊരു ചര്‍ച്ച വരുമ്പോള്‍ പലരും ഇതിനെ വൈകാരികമായി എടുക്കുകയും ഇപ്പോള്‍ അങ്ങിനെയൊരു ചര്‍ച്ച വരാന്‍ കാരണം ഇപ്പോഴത്തെ ചില സംഭവവികാസങ്ങളാണോ എന്നൊക്കെ ഓര്‍ക്കുകയും ചെയ്തോ എന്നൊരു സംശയം. ഇനി അതും ഒരു കാരണമാണോ എന്നൊന്നും എനിക്കറിയില്ല കേട്ടോ. എന്നാലും ഈയൊരു സമയത്ത് സമകാലീന സംഭവവികാസങ്ങളൊക്കെ തലയിലിട്ടുരുട്ടുന്നതുകൊണ്ട് അതിന്റെ ആള്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊക്കെ എന്നെപ്പോലുള്ളവരുടെയൊക്കെ തലയില്‍ മൊത്തമായിട്ട് കയറിയോ എന്നുമൊരു സംശയം. എന്നാലും ഓര്‍ക്കണേ, അതിനെപ്പറ്റി പറയാനും അത് എപ്പോള്‍ എങ്ങിനെ പറയണം എന്നുമൊക്കെ നന്നായി അറിയാവുന്നത് അതിന്റെ ആള്‍ക്കാര്‍ക്ക് തന്നെ. ചിലപ്പോള്‍ അവരുടെ നോട്ടത്തില്‍ ഇതുതന്നെയാവും നല്ല സമയം. അവര്‍ക്കേ അതറിയാവൂ. അതറിയേണ്ട കാര്യം എന്നെപ്പോലുള്ളവര്‍ക്കൊട്ടില്ല താനും.

കൈമള്‍: ബ്ലോഗിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല എന്നൊക്കെ വലിയവായില്‍ പറഞ്ഞിട്ട് ബ്ലോഗിനെപ്പറ്റി പറയാന്‍ നൂറുനാവാണല്ലോ. ഇതൊരുമാതിരി ഹിപ്പൊപ്പൊട്ടാമസ് ക്രോസിന്‍ കഴിച്ചപോലത്തെ പരിപാടിയല്ലേ?

വക്കാരി: പോഡേ, പോഡേ, നിറപറയുടെ കുത്തരിയല്ലേ അടുപ്പത്ത് കിടക്കുന്നത്. അത് വേവാന്‍ ഒന്നൊന്നരമണിക്കൂറെടുക്കും. അതുകൊണ്ട് ഇനിയും വേണേല്‍ ഇരിക്കാം. അണ്ണന്‍ ചോദിക്കെന്ന്.

കൈമള്‍: ബ്ലോബ്ലോ ലാബ്ലോ ലാബ്ലോ ഡിംഡിം ബ്ലോച ബഹു: വക്കാരിയണ്ണാ, ഇനിയും എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. ഇത്രയും പരത്തി പറയുന്ന ഒരാളാണെന്ന് നാട്ടുകാരൊക്കെ പറഞ്ഞിരുന്നെങ്കിലും ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഞാനിനി എന്താ ചെയ്യേണ്ടത്?

വക്കാരി: ചോദിക്കണ്ണാ, ധൈര്യമായിട്ട് ചോദിക്ക്. അരി വെന്ത് ചോറ് റെഡിയാകുന്നതുവരെ ഞാനില്ലേ ഇവിടെ.

കൈമള്‍: ഇന്നിനി എന്താണ് പരിപാടി?

വക്കാരി: ചോറുണ്ണണം. അത് കഴിഞ്ഞ് ഓഷ്യന്‍സ് ഇലവന്‍ ഇന്നലെ പകുതി കണ്ട് നിര്‍ത്തിയത് തീര്‍ക്കണം. കുളൂണിയണ്ണനെ പിറ്റണ്ണന്‍ പുറത്താക്കിയിരിക്കയാണ്. കുളൂണിയണ്ണന് ജൂലിയാമ്മയെ കിട്ടുമോ അതോ പിറ്റണ്ണന്‍ പാര വെക്കുമോ, കൊള്ള നടക്കുമോ എന്നൊക്കെ നോക്കണം. അതിനിടയ്ക്ക് പിന്‍‌മൊഴിയും.

കൈമള്‍: എന്നാലണ്ണോ, ഞാനങ്ങ്...

വക്കാരി: ഓ ശരിയണ്ണാ, സമയം കിട്ടുമ്പോഴൊക്കെ വാ കേട്ടോ. എനിക്കാണെങ്കില്‍ ഇഷ്ടം പോലെ സമയം.

Labels: , , , , ,

Sunday, June 10, 2007

ഭാഗ്യം...

കെ. മുരളീധരന്‍ ഈ സമയത്ത് നമ്മുടെ മുഖ്യമന്ത്രിയാ‍വാത്തത്.


കടപ്പാട്: മനോരമ ഓണ്‍ലൈന്‍ എഡിഷന്‍

ആയിരുന്നെങ്കില്‍ നാണക്കേടാവുമല്ലോ എന്നോര്‍ത്ത് അദ്ദേഹം സൈന്യത്തെ വിളിക്കില്ല, പനിയൊട്ട് കുറയുകയുമില്ല. പണ്ട് ഏതോ കലാപങ്ങളിലൊക്കെ നാണക്കേടാവുമെന്നോര്‍ത്ത് സൈന്യത്തെ വിളിക്കാത്തതുകാരണം കലാപം പടരുകയും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നൊക്കെ വായിച്ചിരുന്നു.

നാടിന്റെ നന്മയെക്കാള്‍ ഈഗോയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരൊന്നും ഒരിക്കലും നാട് ഭരിക്കരുത്. അതപകടം.

എന്നിരുന്നാലും സൈന്യം വരേണ്ടിവന്നത് ശ്രീമതി ടീച്ചറിന്റെ ആരോഗ്യവകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഉത്‌കൃഷ്ട സേവനത്തിന്റെ ടെസ്റ്റിമോണിയലൊന്നുമല്ല. അവരൊരു പാവം. ഒന്നുമില്ലെങ്കിലും ആ കസേരയില്‍ ഇരിക്കുന്നുണ്ടല്ലോ.

കഴിവും മന്ത്രിപദവും തമ്മില്‍ വലിയ ബന്ധമൊന്നും ആരും കല്‍‌പിക്കുന്നില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ (എല്ലാ വകുപ്പുകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എങ്കിലും) വിദ്യാഭ്യാസം, ആരോഗ്യം മുതലായവയ്ക്ക് അതിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള മന്ത്രിമാരേയാണോ കിട്ടുന്നത്, എല്ലായ്പ്പോഴും?

Labels: , , ,

Saturday, June 09, 2007

ദീപികയ്ക്ക് സമനില തെറ്റിയാല്‍...

ഇങ്ങിനെയും മുഖപ്രസംഗം എഴുതും


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍


അവസാനത്തെ വരി വായിച്ചാല്‍ മതി, എല്ലാവരും പേടിച്ച് പോകും.

മുഖപ്രസംഗത്തിന്റെ അവസാനഭാഗം ഞങ്ങളുടെയൊക്കെ നാട്ടില്‍ പ്രാക്ക് എന്ന രീതിയില്‍ പറയുന്നത്. അത് ഇവിടെ കൊടുത്തിട്ടില്ല.

Labels: , , ,

Sunday, June 03, 2007

ഐറോണിക്ക

ഇന്നത്തെ മനോരമ വാര്‍ത്ത


കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷന്‍

സര്‍വ്വകലാശാലയുടെ സല്‍‌പേരിനും യശസിനും കളങ്കം വരുത്തുന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനെതിരെ അവതരിപ്പിച്ച പ്രമേയത്തിന്റെ സമയത്തെങ്കിലും സര്‍വ്വകലാശാലയുടെ സല്‍‌പേരിനും യശസിനും കളങ്കം വരുന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്ന രീതിയില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടാക്കാതിരുന്നുകൂടേ ബഹുമാനപ്പെട്ട സെനറ്റംഗങ്ങള്‍ക്ക്? എവിടെ...

ഞാന്‍ വിചാരിച്ചത് സെനറ്റ് യോഗങ്ങളില്‍ എങ്ങിനെ സര്‍വ്വകലാശാലയുടെ നിലവാരം ഉയര്‍ത്താം, വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താം, അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്താം, നല്ല നല്ല കോഴ്സുകള്‍ തുടങ്ങാം, നല്ല നല്ല ഗവേഷണങ്ങള്‍ നടത്താം, സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാം... എന്നൊക്കെയുള്ള കാര്യങ്ങളെപ്പറ്റിയുള്ള കൂലം‌കക്ഷ ചര്‍ച്ചകളായിരിക്കും നടക്കുന്നതെന്നാണ്.

കുസാറ്റ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തത് ഇതുകൊണ്ടും കൂടിയായിരിക്കും.

Labels: , , , ,