Wednesday, March 14, 2007

@#$%$#@&%*!!@#

തലേക്കെട്ടില്‍ മലയാളം അക്ഷരമാലയിലെ ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ളതുപോലെയൊക്കെ വെച്ച് ഇഷ്ടമുള്ളതുപോലെ പറയാം.

അല്ലാതെ പിന്നെ.

വിദ്യാഭ്യാസനയമോ ദീര്‍ഘവീക്ഷണമോ ഒന്നുമില്ല. ഒരു സര്‍വ്വകലാശാലയോ ഗവേഷണ സ്ഥാപനമോ നേരാംവണ്ണം നടത്തിക്കൊണ്ടുപോകാനുള്ള പൈസയുമില്ല, നയവുമില്ല, വിഷനുമില്ല ഒന്നുമില്ല. എന്നാല്‍ പിന്നെ ഇങ്ങോട്ട് താ ഞങ്ങള്‍ നടത്തിക്കൊള്ളാം എന്ന് കേന്ദ്രം പറയുമ്പോള്‍ ലോകത്തൊരിടത്തുമില്ലാത്ത വാദങ്ങള്‍.

പണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയോ ഐസറോ ഒക്കെ ആക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ പാവപ്പെട്ടവനും സാധാരണക്കാരനും പഠിക്കാനുള്ളതാണ് സര്‍വ്വകലാശാലകള്‍, അതൊക്കെ ഐ.ഐ.റ്റിയാക്കിയാല്‍ പിന്നെ സാധാരണക്കാരൊക്കെ എന്ത് ചെയ്യും എന്നുള്ളതായിരുന്നു വാദം (കുസാറ്റ് തുടങ്ങിയത് സാധാരണക്കാര്‍ക്ക് സാധാരണ വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്ദേശത്തില്‍ മാത്രമല്ല. ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി മാത്രമുള്ള സര്‍വ്വകലാശാലയായിട്ടായിരുന്നു. തുടങ്ങിയപ്പോള്‍ (ഇപ്പോഴുമങ്ങിനെ തന്നെയാണോ) ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏക സര്‍വ്വകലാശാലയായിരുന്നു കുസാറ്റ്. അവിടെ ആകപ്പാടെയുണ്ടായിരുന്ന രണ്ട് ബി.ടെക് കോഴ്സുകള്‍ പോളിമറും ഷിപ്പുമായിരുന്നു. അതില്‍ തന്നെ പോളിമറിന്റെ അടിസ്ഥാന യോഗ്യത ബി.എസ്.സി ഡിഗ്രിയായിരുന്നു. പിന്നെ അവിടെ ബാക്കി ബി.ടെക് കോഴ്സുകള്‍ തുടങ്ങിയപ്പോളോ, സാധാരണക്കാരന് വളരെ പ്രാപ്യമായ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളും. അപ്പോള്‍ പിന്നെ സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം വേണ്ടേ എന്ന് ചോദിച്ചേക്കാം. സമ്മതിച്ചു. കുസാറ്റ് അങ്ങിനെ തന്നെ നിന്ന് വിസിയുടെ മുറിയില്‍ തള്ളിക്കയറ്റവും പത്തിന് പകരം ഇരുപത് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും ഒക്കെയായി തുടരട്ടെ).

പക്ഷേ രാജീവ് ഗാന്ധി ബയോടെക്‍നോളജി സെന്ററോ?

അത് പഠനത്തിനല്ല, ഗവേഷണത്തിന് മാത്രമായുള്ള സ്ഥാപനം. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്രഗവണ്മെന്റ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. പിന്നെ ഭരണം മാറി. എന്തൊക്കെയോ നിഗൂഢ കാരണങ്ങളാല്‍ സംഗതി അങ്ങ് കേന്ദ്രത്തിലേക്ക് പോകുന്നില്ല. അത് കേന്ദ്രത്തിലേക്ക് പോയി എന്ന് പറഞ്ഞ് ഒരു സാധാരണക്കാരനും അപ്രാപ്യമാകാനും പോകുന്നില്ല.

ഇപ്പോള്‍ അവസാനമായി കേട്ടത് കേന്ദ്രം ഏറ്റെടുത്ത് ഇനി അതെങ്ങാനും പൂട്ടിക്കെട്ടി പോയാല്‍ സ്ഥലം കേന്ദ്രത്തിന്റെ കൈയ്യിലിരിക്കില്ലേ. അത് പാടില്ല. അതുകൊണ്ട് സ്ഥലം ഞങ്ങള്‍ വെച്ചോളാം. നടത്തിപ്പ് നിങ്ങളായിക്കോ എന്ന്.

അത് കേന്ദ്രം ഏറ്റെടുത്താല്‍ ആ സെന്ററിനും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന ഗുണങ്ങളെ കവച്ച് വെച്ചു, നമ്മുടെ സര്‍ക്കാരിന്റെ സ്വതസിദ്ധമായ ചിന്ത-പൂട്ടിക്കെട്ടിപ്പോയാലോ...

സമ്മതിച്ച് കൊടുക്കണം ഇവരെയൊക്കെ.

ആദ്യം ഭരണത്തില്‍ പകുതി വേണമെന്നായിരുന്നു, പിന്നെ വേറേ എന്തൊക്കെയോ ആയിരുന്നു, അവസാനം ഇപ്പോള്‍ ഇതായി കാരണം. വികസനം സെക്കന്റ് സെക്കന്റ് വെച്ചാണ് ലോകത്തെല്ലായിടത്തും. നമ്മുടെ നാട്ടില്‍ ഒരു കൊല്ലം കഴിഞ്ഞു, രാജീവ് ഗാന്ധി സെന്റര്‍ ഇപ്പോഴും വികസിച്ചിട്ടില്ല. വികസിക്കാന്‍ കേന്ദ്രം വേണമെന്നൊന്നുമില്ല. പക്ഷേ സംസ്ഥാന സര്‍ക്കാറായിട്ട് എങ്ങിനെ വികസിപ്പിക്കുമെന്നൊന്ന് പറഞ്ഞാല്‍ മതി. മുന്‍‌കാല അനുഭവങ്ങള്‍ ധാരാളമുണ്ടല്ലോ.

ചന്ദ്രനില്‍ വരെ ചായക്കട തുടങ്ങും നമ്മള്‍ മലയാളികള്‍. ലോകത്തിന്റെ ഏത് മൂലയിലും നമ്മള്‍ പോകും. പക്ഷേ നമ്മുടെ നാട്ടില്‍ ഒരു കേന്ദ്രസ്ഥാപനം വരണമെങ്കില്‍ അതില്‍ എഴുപത്, അറുപത് ശതമാനമൊക്കെ നമ്മള്‍ മലയാളികള്‍ തന്നെ വേണം. പക്ഷേ നടത്തിപ്പും പൈസയും മൊത്തമായി കേന്ദ്രം കൊടുക്കുകയും വേണം-തീര്‍ന്നില്ല, ഭരണസമതിയില്‍ പകുതിയെങ്കിലും നമ്മളുടെ സര്‍ക്കാരിന്റെ ആള്‍ക്കാരായിരിക്കണം. അല്ലെങ്കില്‍ ബീഹാറികളും മദ്രാസികളും ഇടിച്ച് കയറില്ലേ. പക്ഷേ ഇതേപോലത്തെ കേന്ദ്രസ്ഥാപനങ്ങള്‍, അതങ്ങ് ആസ്സാമിലായാലും, പോയി പഠിക്കാനുള്ള നമ്മുടെ അവകാശങ്ങളെപ്പറ്റി നമുക്ക് നല്ല ബോധമുണ്ട് താനും. അവിടെയെങ്ങാനും ഒരു പ്രാദേശിക സംവരണം കൊണ്ടുവന്നാല്‍ നമ്മള്‍ ഇവിടെയിരുന്ന് മുഖപ്രസംഗമെഴുതും.

ഇതൊക്കെ നമ്മുടെ ഉദാത്തമായ മലയാളിസ്നേഹമാണെന്നും പലരും നമ്മളെ പറ്റിച്ചതിന്റെ തിരിച്ചറിവാണെന്നുമാണോ?

മാരിടൈം വാഴ്‌സിറ്റി ബംഗാളില്‍ വേണമെന്ന് പറഞ്ഞ് ബംഗാളെമ്പിമാരുടെ കൂടെ കൂക്കിവിളിച്ചത് ആരായിരുന്നു? നമ്മുടെ യെമ്പീയണ്ണന്മാര്‍. സംഗതി എവിടെയൊക്കെ അതിന്റെ ക്യാമ്പസ് തുടങ്ങുമെന്ന് തീരുമാനിച്ചപ്പോഴൊന്നും നമ്മുടെ ഒരു യെമ്പീം പറഞ്ഞില്ല, കേരളത്തിലും വേണം ഒരെണ്ണമെന്ന്. പക്ഷേ മന്ത്രിയുടെ കുത്തിനുപിടിക്കാന്‍ നമ്മളുമുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ ശുപാര്‍ശ വന്നപ്പോള്‍ പോലീസ് ക്യാമ്പിനകത്തെങ്ങാണ്ടായിരുന്നു തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ നമുക്ക് ഒരൊറ്റ പിടിവാശി. സംഗതി തുടങ്ങുകയാണെങ്കില്‍ അമ്പതോ മറ്റോ ശതമാനം സീറ്റ് പോലീസുകാരുടെ മക്കള്‍ക്ക് കിട്ടണം-അല്ലെങ്കില്‍ വേണ്ട. അവര്‍ പത്ത് ശതമാനം വരെയോ മറ്റോ കൊടുക്കാമെന്ന് പറഞ്ഞു- നമ്മള്‍ വിട്ടുകൊടുക്കുമോ? നോക്കണേ, അത് വന്നാല്‍ നമ്മുടെ നാട്ടിലെ തന്നെ, നമ്മള്‍ മലയാളികളുടെ തന്നെ, മക്കള്‍ക്കാണ് ഗുണം. പക്ഷേ നമ്മളാരാ മക്കള്‍.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.റ്റി പോലെയെന്തോ ആക്കാന്‍ തുടങ്ങിയത് തട്ടിത്തട്ടി നമ്മള്‍ പാലക്കാട് വരെ കൊണ്ടെത്തിച്ചു. അവിടെനിന്ന് സംഗതി വായു. മദ്രാസ് ഐ.ഐ.റ്റിയുടെ എക്‍സ്‌റ്റന്‍ഷന്‍ തുടങ്ങാന്‍ അവരെ തിരുവനന്തപുരത്ത് സ്ഥലമൊക്കെ കാണിച്ചിട്ട് അവര്‍ പോയപ്പോള്‍ അത് വേറേ എവിടെയോ തുടങ്ങുമെന്നൊന്ന് പറഞ്ഞ് ഇപ്പോള്‍ അതും ഏതാണ്ട് ഗോപി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐസര്‍ സ്ഥാപനമാക്കനുള്ള പരിപാടി നമ്മള്‍ തട്ടി തട്ടി തിരുവനന്തപുരം വരെ എത്തിച്ചിട്ടുണ്ട്. അവിടെനിന്ന് ഒന്നുകില്‍ നാഗര്‍ കോവില്‍, അല്ലെങ്കില്‍ അറബിക്കടല്‍. കേന്ദ്രം തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്, കലക്ടറോട് സ്ഥലം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്. ഐസര്‍ എന്ന് കേട്ടതേ പൂനയും കല്‍ക്കട്ടയും ഉള്ള സ്ഥലമൊക്കെ തട്ടിക്കൂട്ടി സംഗതി പരിപാടി ആരംഭിച്ചു. ഒറീസയ്ക്ക് കിട്ടേണ്ട ഐസറാണ് കല്‍ക്കട്ടയണ്ണന്മാര്‍ തട്ടി അങ്ങോട്ടിട്ടതെന്നും ആരോപണം (എന്നാലും ഒറീസ്സക്കാര്‍ അതുപോലൊന്ന് വാങ്ങിച്ചെടുത്തു-അവര്‍ക്ക് അത്രയൊക്കെയല്ലേ വിവരമുള്ളൂ. നമ്മളൊക്കെ ആരാ മക്കള്‍). നമ്മള്‍ പതുക്കെ സ്ഥലം തപ്പാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി സ്ഥലമൊക്കെ കിട്ടിക്കഴിഞ്ഞാലോ, പിന്നെ മലയാളി സംവരണം, ഭരണപങ്കാളിത്തം... കേന്ദ്രത്തിന് കേരളത്തില്‍ തന്നെ തുടങ്ങിയേ പറ്റൂ എന്നുള്ള എന്തെങ്കിലും പിടിവാശി തന്നെ വേണ്ടിവരും അത് ഒന്ന് തുടങ്ങിക്കിട്ടാന്‍. ഇനി അതും കൂടെ അങ്ങ് തമിഴ്‌നാട്ടിലായാല്‍ എന്താ കരുണാനിധിക്ക് കൈയ്ക്കുമോ?

നമുക്ക് വേറേ എന്തൊക്കെ ആഗോള പ്രശ്‌നങ്ങള്‍ കിടക്കുന്നു അല്ലേ, വെടിയുണ്ട, പിണറായി, അച്യുതാനന്ദന്‍... അതിനിടയ്ക്കാണ് ഈ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും. പോകാന്‍ പറ.

നമിച്ചിരിക്കുന്നു കേരളാ സര്‍ക്കാരേ, നമിച്ചിരിക്കുന്നു.

Labels:

Sunday, March 04, 2007

യാഹൂ! ഇന്ത്യയ്‌ക്കെതിരെയുള്ള പകര്‍പ്പവകാശ ലംഘന ആരോപണം

My protest against the attitude of Yahoo! India towards the allegations of copyright violation against them.

I strongly protest against the attitude of Yahoo! India towards the allegations of copyright violations against them. When various blog posts prepared by other bloggers were appeared in Yahoo! India’s Malayalam portal (for example, from Su's Kariveppila blog), instead of giving a proper explanation or accepting their mistake and acting accordingly, they silently removed the alleged contents from their web pages. On repeated enquiry, they, thought to be a professional organization, washed their hands off and asked the concerned parties to contact Yahoo’s content providers in India even though the said blog posts were appeared in the web pages owned by Yahoo! India. Those web pages are protected under copyright law by Yahoo!, not by their content providers. It is not the responsibility of the concerned bloggers to know the various contract details of Yahoo! India.

Therefore I demand that Yahoo! India should come forward and address the grievances of the concerned bloggers.

പകര്‍പ്പവകാശലംഘനങ്ങളൊന്നും നടത്താത്ത ഒരു പരമസാധുവൊന്നുമല്ല ഞാന്‍. ഡോളറുകള്‍ വിലയുള്ള പുസ്തകങ്ങളുടെ ആദ്യത്തെ പേജ് തൊട്ട് അവസാനത്തെ പേജ് വരെ ബുക്കിന്റെ രൂപത്തില്‍ തന്നെ ഫോട്ടോകോപ്പിയെടുത്ത് ബൈന്‍ഡ് ചെയ്ത് വെച്ചും ഏത് പുതിയ പാട്ടിറങ്ങിയാലും അത് കാലിക്കാസറ്റില്‍ റിക്കോഡ് ചെയ്യിച്ചും വ്യാജ വീഡിയോ കാസറ്റുകളില്‍ സിനിമ കണ്ടും സോഫ്റ്റ്‌വെയര്‍ കാശുകൊടുക്കാതെ ഒപ്പിച്ചുമൊക്കെ ധാരാളം പകര്‍പ്പവകാശലംഘനങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. സത്യം പറഞ്ഞാല്‍ പകര്‍പ്പവകാശങ്ങളെപ്പറ്റി അത്രയൊന്നും ബോധവാനല്ലായിരുന്നു ഞാന്‍. പലരും ചെയ്യുന്നു, ഞാനും ചെയ്യുന്നു എന്നൊരു രീതിയായിരുന്നു.

നിങ്ങളില്‍ പാപം ചെയ്യാത്തവരുണ്ടെങ്കില്‍ എന്നെ കല്ലെറിയൂ എന്നാണ് യേശുക്രിസ്തുവും പറഞ്ഞിരിക്കുന്നത് എന്നാണ് വായിച്ചിരിക്കുന്നത്.

പക്ഷേ...

പകര്‍പ്പവകാശലംഘനം നടത്തരുത് എന്ന് എഴുതിവെച്ചിരിക്കുന്ന പോര്‍ട്ടലില്‍ പകര്‍പ്പവകാശലംഘനം ആരോപിക്കപ്പെടുമ്പോള്‍ ഒന്നുകില്‍ ലംഘനം നടന്നിട്ടില്ല എന്ന് സ്ഥാപിക്കുക, അല്ലെങ്കില്‍ നടന്നു എന്ന് സമ്മതിക്കുക-ഈ രണ്ടിലേതെങ്കിലുമൊന്നാണ് യാഹൂ! ഇന്ത്യ പോലത്തെ, പ്രൊഫഷണല്‍ എന്ന് ഞാന്‍ ഇത്രയും നാള്‍ കരുതിയിരുന്ന, പോര്‍ട്ടലുകളില്‍ നിന്നും പ്രതീക്ഷിച്ചത്. ഇനി ആരെങ്കിലും വെറുതെ ശല്യപ്പെടുത്താനോ മറ്റോ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെങ്കില്‍ അങ്ങിനെയുള്ളവര്‍ക്കെതിരെ വേണ്ട നടപടികളെടുക്കുക-ഇതും പ്രതീക്ഷിക്കാം.

പക്ഷേ ഇവിടെ ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ യാഹൂ!ഇന്ത്യ

1. ആദ്യം ആരോപണമുന്നയിക്കപ്പെട്ട പോസ്റ്റുകള്‍ എടുത്തുമാറ്റി.

2. പിന്നെയും ആരോപണങ്ങള്‍ തുടര്‍ന്നപ്പോള്‍ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കി.

3. എന്തോ ഔദാര്യം ചെയ്യുന്ന മട്ടില്‍ “പകര്‍പ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ല, എന്നാലും ഞങ്ങള്‍ ആരോപണവിധേയമായ പോസ്റ്റുകള്‍ മാറ്റുന്നു” എന്നൊരു മറുപടിയും നല്‍കി.

ഞാന്‍ മനസ്സിലാക്കിയ പ്രൊഫഷണലിസം ഇതൊന്നുമല്ലായിരുന്നു. ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടക്കുന്നതുപോലെ അമേരിക്കയിലെ യാഹൂ!വിനോട് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ യാഹൂ!വില്‍ ചോദിക്കുക, അവിടെ ചോദിച്ചപ്പോള്‍ ഞങ്ങള്‍ കോണ്ട്രാക്റ്റ് കൊടുത്തവരോട് ചോദിക്കുക എന്നൊക്കെ പറഞ്ഞ് victims നെ പിന്നെയും പിന്നെയും victimize ചെയ്യുകയും ചെയ്തു.

ഇങ്ങിനത്തെ പരിപാടികളൊക്കെ കാണുമ്പോഴാണ് ഇംഗ്ലീഷ് സിനിമയിലൊക്കെ പ്രയോഗിക്കുന്ന വാക്ക് ഓര്‍മ്മ വരുന്നത്;

“അണ്‍‌ബിലീവബിള്‍”

പകര്‍പ്പവകാശം ഞങ്ങളില്‍ മാത്രം നിക്ഷിപ്തം എന്ന് എഴുതപ്പെട്ട പേജില്‍ പകര്‍പ്പവകാശ ലംഘനം ആരോപിക്കപ്പെട്ടപ്പോള്‍ അതിനെപ്പറ്റിയുള്ള സംസാരങ്ങളൊക്കെ ഞങ്ങള്‍ കോണ്‍‌ട്രാക്ട് കൊടുത്തവരുമായി ആയിക്കോ എന്നുള്ള വാദം വിശ്വസിക്കാനേ പറ്റുന്നില്ല. ഞങ്ങളുടെ നാട്ടില്‍ യാഹൂ!വിലെ വലിയ ആള്‍ക്കാരുടെ പതിനായിരത്തിലൊന്ന് പോലും വിദ്യാഭ്യാസമില്ലാത്ത സ്കൂളില്‍ പോലും പോയിട്ടില്ലാത്ത, വലിയ വലിയ സ്ഥലങ്ങളിലൊക്കെ കാണുന്ന തരത്തിലുള്ള “സംസ്കാരമോ” രീതിയോ ഒന്നും വശമില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരായ ആള്‍ക്കാര്‍ പോലും ഇത്തരമൊരു ഒഴിവുകഴിവ് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.

അവരൊക്കെ യാഹൂ!വിലും എത്രയോ ഉയരത്തിലാണ്, എല്ലാ അര്‍ത്ഥത്തിലും.

ഇവിടെ ഞാനെന്തിന് പ്രതിഷേധിക്കുന്നു?

സര്‍ക്കാരാണെങ്കിലും ജനങ്ങളാണെങ്കിലും അവരവരുടെ കടമ നിര്‍വ്വഹിക്കണം എന്നൊക്കെ വലിയ വായില്‍ വിളിച്ചുപറയുന്ന, നമ്മള്‍ ചെയ്യേണ്ടതൊക്കെ നമ്മള്‍ ചെയ്യണം, അല്ലാതെ അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെ പറയുന്ന ഞാന്‍, വല്ലപ്പോഴെങ്കിലും പറയുന്ന വാക്കിന് വില കാണിക്കേണ്ടേ? മറ്റു പലപ്പോഴുമെന്നപോലെ വാക്കൊരു വഴിക്കും പ്രവര്‍ത്തി വേറൊരു വഴിക്കും എന്ന ലൈന്‍ ഇവിടെയുമായാല്‍ മനഃസാക്ഷി എന്നൊരു സാധനം എനിക്കുണ്ടോ എന്നുപോലും തോന്നിപ്പോവില്ലേ.

പ്രതികരിക്കാനും ശക്തമായ സന്ദേശം നല്‍കാനും ധാരാളം വഴികളും സമയവും കാര്യങ്ങളും ഉണ്ടായിട്ടും ആ സമയത്തൊക്കെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്തോ എന്നുള്ള ചോദ്യങ്ങളൊക്കെ സദ്ദാം വധത്തിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളിലും മറ്റും ചോദിച്ച ഞാന്‍ ഇപ്പോള്‍ അങ്ങിനെയുള്ള ഒരു അവസരം വന്നപ്പോള്‍ പ്രതികരിക്കാതെ, ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലിരുന്നാല്‍ എന്റെ വാക്കുകളോട് എനിക്ക് തന്നെ ഒരു പുച്ഛം തോന്നില്ലേ (സദ്ദാം വധവും പകര്‍പ്പവകാശലംഘനവും ഒരേ പോലെ കാണുകയല്ല, പ്രതികരണങ്ങള്‍ എപ്പോള്‍ എങ്ങിനെ എന്നൊക്കെയുള്ള എന്റെ വാദങ്ങളെ താരതമ്യപ്പെടുത്തി എന്ന് മാത്രം).

പിന്നെ ബ്ലോഗ് വഴി അറിഞ്ഞ ഒരു നല്ല കവിതയും.

When the Nazis came for the communists,
I remained silent;
I was not a communist.

When they locked up the social democrats,
I remained silent;
I was not a social democrat.

When they came for the trade unionists,
I did not speak out;
I was not a trade unionist.

When they came for me,
there was no one left to speak out.

(കവിത വിക്കിപ്പീഡിയയില്‍ നിന്നും കോപ്പി ചെയ്തത്).
(The above poem is taken from an article, which is licensed under the GNU Free Documentation License. It uses material from the Wikipedia article "First they came...").

(പകര്‍പ്പവകാശപാലനം അത്ര ഈസിയായ സംഗതിയല്ലാ...)

എനിക്ക് പ്രതികരിക്കാന്‍ അവകാശമുണ്ടോ?

മുകളില്‍ പറഞ്ഞതുപോലെ പകര്‍പ്പവകാശലംഘനമുള്‍പ്പടെ ധാ‍രാളം തെറ്റുകള്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ തന്നെ ഞാന്‍. പക്ഷേ അത് ഒരിക്കലും അത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് ഒരു ന്യായമാകുന്നില്ലല്ലോ. പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിഞ്ഞാല്‍ മതി എന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് തെറ്റുകള്‍ ചെയ്യുന്നവര്‍ തന്നെയായിരിക്കും.

തെറ്റ് എന്നോടാണ് ചെയ്തതെങ്കില്‍ തെറ്റ് ചെയ്ത ആളോട് നിരുപാധികം ക്ഷമിക്കാനുള്ള എല്ലാ ധാര്‍മ്മിക ബാധ്യതയും എനിക്കുണ്ട്. കാരണം ധാരാളം പേര്‍ എന്നോട് പല തെറ്റുകള്‍ക്കും ക്ഷമിച്ചിട്ടുണ്ട്. പക്ഷേ വേറൊരാള്‍‍ തെറ്റ് തന്നോട് ചെയ്യപ്പെട്ടു എന്ന് കരുതുകയും എന്റെ നോട്ടത്തില്‍ അത് ശരിയാണെന്ന് മനസ്സിലാവുകയും ഞാന്‍ അയാളോടൊപ്പം നിന്ന് പ്രതിഷേധിക്കുന്നതില്‍ അയാള്‍ക്ക് വിരോധമൊന്നുമില്ലാതിരിക്കുകയും എന്നെപ്പോലുള്ളവരുടെ പ്രതിഷേധങ്ങള്‍ അയാള്‍ക്ക് ഇത്തരുണത്തില്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടും എന്ന് എനിക്ക് തോന്നുകയും ചെയ്യുന്ന അവസ്ഥയില്‍ അങ്ങിനെയുള്ളയാളെ ഉപാധികളൊന്നും കൂടാതെ സഹായിക്കുക എന്നതും എന്റെ ധര്‍മ്മം തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നത്.

ഇവിടെ എന്റെ സാന്നിധ്യം എന്റെ മനഃസാക്ഷിക്കനുസരിച്ച് മാത്രം. ഇതില്‍ ഉള്‍പ്പെട്ടവരുടെയും പങ്കെടുക്കുന്നവരുടെയും മറ്റും പെരുമാറ്റമോ രീതിയോ സ്വഭാവമോ ഒന്നും ഞാന്‍ നോക്കേണ്ടതില്ല എന്ന് തോന്നുന്നു. സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കി ആ സംഭവത്തെ മാത്രം ഫോക്കസ് ചെയ്ത് മനഃസാക്ഷിക്കനുസരിച്ച് ഒരു തീരുമാനമെടുത്താല്‍ പിന്നെ ബാക്കി കാര്യങ്ങളൊന്നും അത്ര പ്രാധാന്യമുള്ളതായി നമുക്ക് തോന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ഈ ഒരു പ്രതിഷേധം കൊണ്ട് ഏതെങ്കിലും വ്യക്തിയ്ക്ക് എന്തെങ്കിലും രീതിയിലുള്ള നഷ്ടമോ പ്രശ്‌നമോ, വ്യക്തിപരമായോ ഔദ്യോഗികപരമായോ, ഒരിക്കലും വരരുതേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന. അങ്ങിനെ ഒരിക്കലും ഒരു രീതിയിലും സംഭവിക്കാതിരിക്കട്ടെ.

അതുകൊണ്ട് യാഹൂ! ഇന്ത്യയുടെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയും പ്രസ്തുത ആരോപണത്തോടനുബന്ധിച്ചുള്ള അവരുടെ ഇതുവരെയുള്ള നിലപാടുകള്‍ക്കെതിരെയും ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

Some of the blog posts and websites for reference:

1. കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

2. Protest event against yahoo-ഇഞ്ചിപ്പെണ്ണ്

3. Plagiarism Today

4. യാഹൂ! ഇന്ത്യയുടെ നിഷേധക്കുറിപ്പിനെപ്പറ്റിയുള്ള പരാമര്‍ശം

5. List of articles and protests in blogs

6. Copyright violations

For more information on the alleged plagiarism by Yahoo! India, both in Malayalam and English, follow the links given in blogs like this, this and this (examples only).

Labels: , , , ,