Wednesday, February 21, 2007

സെമിനാര്‍ക്കുളിര്‍

ഒരൊറ്റ പുസ്തകം പോലും തുറന്ന് നോക്കാതെ ടീച്ചര്‍മാര്‍ തരുന്ന നോട്ടുകള്‍ വള്ളിപുള്ളിവിടാതെ എഴുതിയെടുത്ത് അത് പുള്ളിവള്ളിവിടാതെ കാണാതെ പഠിച്ച് അവസാനം പുള്ളിയും വള്ളിയും എല്ലാം കുളമാക്കി പരീക്ഷയെഴുതി ഒരുവിധത്തില്‍ തട്ടിമുട്ടി മുന്നോട്ട് പോയ ഞാന്‍ സര്‍വ്വകലാശാലയില്‍ “ഉന്നത”പഠനത്തിനെത്തിയപ്പോള്‍ ഞെട്ടി-കാരണം, നോട്ടില്ല.

സാരമില്ല. അടുത്ത സ്ട്രാറ്റജി പയറ്റി. സാര്‍ ക്ലാസ്സിലേക്ക് കയറുമ്പോഴേ പേനയുടെ ക്യാപ്പൂരി ബുക്കും തുറന്ന് കാത് കൂര്‍പ്പിച്ചിരിക്കും. സാര്‍ വാ തുറക്കുമ്പോള്‍തൊട്ട് എഴുത്താരംഭിക്കും. സാര്‍ പറയുന്ന ഒരു വള്ളിയും പുള്ളിയും വിട്ടുകളയില്ല. ഇതിനിടയ്ക്ക് സാര്‍, “ഹല്ലോ പുതിയ ഗൂഗിള്‍ ഡെവലപ്പര്‍, നൈസ് റ്റു മീറ്റ് യൂ” എന്നെങ്ങാനും പറഞ്ഞാല്‍ അതും എഴുതിയെടുക്കും. പിന്നെ അത് മൊത്തം പുള്ളിവള്ളിവിടാതെ കാണാതെ പഠിച്ച് അവസാനം പുള്ളിയും വള്ളിയും എല്ലാം കുളമാക്കി പരീക്ഷയെഴുതി ഒരുവിധത്തില്‍ തട്ടിമുട്ടി മുന്നോട്ട് പോയി പിന്നെയും...

ആദ്യത്തെ ഇന്റേണലൊക്കെ കഴിഞ്ഞ് ചമ്മിയടിച്ചിരിക്കുമ്പോഴായിരുന്നു അടുത്ത ഞെട്ടല്‍...

എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം ക്ലാസ്സെടുക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന സാര്‍ അന്നും ചിരിച്ചുകൊണ്ട് “എല്ലാരും സെമിനാറെടുക്കണം ട്ടോ, ഈ സെമസ്റ്ററില്‍ തന്നെ” എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ സാധാരണപോലെ ചിരിച്ചുകൊണ്ടു തന്നെ കേട്ടു; ചിരിച്ചുകൊണ്ടു തന്നെ തലയാട്ടുകയും ചെയ്തു. ചിരിച്ചുകൊണ്ടുതന്നെ അതും എഴുതിയെടുത്തു, നോട്ടായിട്ട്, (പിന്നെ വെട്ടിക്കളഞ്ഞു). എല്ലാം സാ‍ധാരണപോലെതന്നെയായിരുന്നു, ഒരു രണ്ടാഴ്‌ചത്തേക്കും കൂടി.

ഒരു ദിവസം എച്ചോഡി, മാന്നാര്‍ മത്തായിയിലെ ഇന്നസെന്റിനോട് നാടകക്കമ്മറ്റിക്കാര്‍ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ എന്നു ചോദിച്ച ടോണില്‍ “നിങ്ങളിതുവരെ സെമിനാറിന് പ്രിപ്പേര്‍ ചെയ്‌തില്ലേ” എന്നു ചോദിച്ചപ്പോഴാണ് സംഗതി വെറും ചിരിയിലൊതുങ്ങുന്ന ഒരു കലാപരിപാടിയല്ല എന്ന മനസ്സിലായത്. അപ്പോഴും ഇതെന്താണ് സംഗതി എന്ന് ഞങ്ങള്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ചിരിച്ചുകൊണ്ട് ഇതിനെപ്പറ്റി ആദ്യം പറഞ്ഞ സാറിനോട്തന്നെ ചോദിക്കാമെന്നു വെച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇതിന്റെ മൊത്തത്തിലുള്ള സെറ്റപ്പ് വിശദീകരിച്ചത്-ചിരിച്ചുകൊണ്ടുതന്നെ.

സംഗതി എന്താണെന്ന് വെച്ചാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാ ആള്‍ക്കാരുടെയും മുന്‍‌പില്‍ പഠനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെപ്പറ്റി പതിനഞ്ചുമിനിറ്റ് പറയണം.

അതോക്കെ....... യാണോ......... നോക്കാമല്ലേ

ഇംഗ്ലീഷില്‍ പറയണം.

ങേ......... ഇംഗ്ലീഷിലോ?

അതും കഴിഞ്ഞ് കേട്ടിരിക്കുന്നവരെല്ലാം മുറപോലെ ചോദ്യം ചെയ്യും. ഉത്തരം പറയണം-അതും ഇംഗ്ലീഷില്‍ തന്നെ.

ജീവിതത്തില്‍ അന്നേവരെ മലയാളത്തില്‍ പോലും നാലുപേരില്‍ കൂടുതല്‍ ആള്‍ക്കാരെ അഭിമുഖീകരിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആകപ്പാടെ ആള്‍ക്കാരെ അഭിമുഖീകരിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നുപറയാവുന്നത് പൈ ബ്രദേഴ്സ് മുതലായ പടങ്ങള്‍ തീരുന്നതിനുമുന്‍പ് ഫസ്റ്റ് ക്ലാസ്സിന്റെ ഏറ്റവും മുന്നില്‍ നിന്ന് എഴുന്നേറ്റ് ആ ക്ലാസ്സുകാരെ മൊത്തം അഭിമുഖീകരിച്ച് പിന്‍‌വാതിലില്‍ക്കൂടി തീയറ്ററിനു വെളിയില്‍ ചാടുന്നതോ അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഏറ്റവും മുന്നില്‍ നിന്ന് ഇറങ്ങാന്‍ വേണ്ടി ഏറ്റവും പിന്നിലെ വാതില്‍ നോക്കി നടക്കുന്നതിനിടയ്ക്ക് ബാക്കി സീറ്റുകാരെ അഭിമുഖീകരിക്കുന്നതോ ഒക്കെയാണ്. ഇവിടെ അഭിമുഖീകരിക്കുക മാത്രമല്ല സംസാരിക്കുകയും വേണം. അതും ഇംഗ്ലീഷില്‍. അതും പോരാ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുകയും വേണം. അതും ഇംഗ്ലീഷില്‍. ആദ്യ കുളിര്‍ അന്നേരം അനുഭവപ്പെട്ടു.

പിന്നെ ഞങ്ങളുടെ ദൌത്യം എന്താണ് സെമിനാര്‍ എന്ന് കണ്ടുപിടിക്കലായി. ആ അന്വേഷണതപസ്യക്കിടയില്‍ ധാരാളം പുതിയ കാര്യങ്ങള്‍ പഠിച്ചു, സെമിനാറിനെക്കുറിച്ച്.

സീനിയേഴ്‌സിന്റെ സെമിനാറായിരുന്നു ആദ്യം കണ്ടത്. റാഗിംഗിന്റെ സമയത്ത് ലോ ചാറ്റര്‍ജീ പ്രിന്‍സിപ്പളും ആര്‍ക്കമെഡീസും ജൂള്‍ തോമ്മാച്ചന്‍ ഇഫക്ടുമൊക്കെ ചോദിച്ച് ഞങ്ങളെ രോമാഞ്ചകഞ്ചുകുഞ്ചുകിതനാക്കിയ മാത്തനതാ നിന്ന് വിയര്‍ക്കുന്നു. അന്നൊന്നും പവര്‍ പോയിന്റ് പരിപാടി ഇല്ലായിരുന്നതുകാരണം ഓ.എച്ച്.പി ഷീറ്റില്‍ പെര്‍മനന്റ് മാര്‍ക്കര്‍ പേന വെച്ച് എഴുതി ഓരോ ഷീറ്റും പ്രൊജക്ടറിനു മുകളില്‍ വെച്ചേ, എടുത്തേ, വെച്ചേ എടുത്തേ സ്റ്റൈലിലായിരുന്നു സെമിനാര്‍. മാത്തന്റെ ആദ്യത്തെ ഷീറ്റില്‍ ടോപ്പിക്കിന്റെ പേരും മാത്തന്റെ പേരും സെന്‍‌ട്രലൈസ് ചെയ്ത് എഴുതിയിരുന്നതിനാല്‍ വലിയ കണ്‍‌ഫ്യൂഷനില്ലാതെ എല്ലാവരും എല്ലാം കണ്ടു, വായിച്ചു. മാത്തനും കൂള്‍.

അടുത്ത ഷീറ്റ് മുതല്‍ സംഗതി മുടി തൊട്ട് അടിവരെ കുനുകുനാ എന്നെഴുതിയിരിക്കുകയാണ്. അങ്ങിനെയാണെങ്കില്‍ പിന്നെ അതങ്ങ് നോക്കി വായിച്ചാല്‍ മതിയല്ലോ. എങ്കിലും സഭയോട് കമ്പമുള്ള മാത്തന്‍ ദേഹമാസകലം വിറച്ചുകൊണ്ട് രണ്ടാം ഷീറ്റ് പ്രൊജക്ടറിനു മുകളില്‍ വെച്ചപ്പോള്‍, ഷീറ്റ് വെപ്പ് സെന്‍‌ട്രലൈസ്‌ഡ് ആവാഞ്ഞതുകാരണം, മുകളിലത്തെ ഒരു പാര മാത്തനു പാരയായി പ്രൊജക്ടറിന്റെ മുകളിലായിപ്പോയി.

സര്‍ക്കാര്‍ വക സര്‍വ്വ കലകളുടെയും ശാലയായിരുന്നതുകാരണം സ്ക്രീന്‍ എന്ന് പറയുന്ന സംഗതി കുമ്മായം പൂശിയ ക്ലാസ്സ് റൂം ഭിത്തി തന്നെയായിരുന്നു. രണ്ടാം പാര തൊട്ടേ ഭിത്തിയില്‍ കാണുന്നുള്ളൂ എന്നതുകാരണം എച്ചോഡി മാത്തനോട് ആദ്യത്തെ പാരയും കാണുന്ന രീതിയില്‍ ഷീറ്റ് ശരിക്ക് വെക്കൂ എന്ന് പറഞ്ഞപ്പോള്‍ സഭയോടുള്ള കമ്പം ഒന്നുകൂടി മൂത്ത മാത്തന്‍ അന്നേരത്തെ വെപ്രാളത്തിന് ഓടിപ്പോയി രണ്ടും കൈയ്യും ഭിത്തിയില്‍ വെച്ച് താഴോട്ട് മാന്താന്‍ തുടങ്ങി.

ഭിത്തിയില്‍, വെളിച്ചത്തിനു മുകളിലായിപ്പോയ ഒന്നാം പാര താഴോട്ട് കൊണ്ടുവരാനുള്ള അങ്കമായിരുന്നു മാത്തന്‍ അവിടെ കാണിച്ചത്.

ഒന്നാം പാഠം അന്ന് പഠിച്ചു: ഭിത്തിയില്‍ ഒന്നാം പാര കാണണമെങ്കില്‍ ഭിത്തിയില്‍ മാന്താതെ പ്രൊജക്റ്ററിനു മുകളിലിരിക്കുന്ന ഷീറ്റില്‍ പതുക്കെ പിടിച്ച് താഴോട്ട് വലിക്കുക.

സംഗതി റാഗിംഗ് വീരന്‍ മാത്തനിങ്ങനെയാണെങ്കില്‍ ഞങ്ങളൊക്കെ എങ്ങിനെയായിരിക്കും എന്നാലോചിച്ചാശങ്കിച്ചിരുന്നപ്പോള്‍ വേറൊരു ദിവസം വേറൊരണ്ണന്‍ സെമിനാറിനു തുടക്കത്തില്‍ തന്നെ, ദ കിംഗിലെ മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തോടെ,

“റ്റുഡേയ്, ദ ടോപ്പിക് ഓഫ് മൈ പ്രെസന്റേഷന്‍ ഈസ് ദിസ്. ദോ ഐ ഡോന്‍ഡ് നോ മച്ച് എബൌട്ട് ദിസ് സബ്‌ജക്റ്റ്, ഐ ഷാല്‍ ട്രൈ മൈ ബെസ്റ്റ് റ്റു എക്‍സ്‌പ്ലൈ‌ന്‍“

എന്നോ മറ്റോ വേറൊരു ദുരുദ്ദേശവുമില്ലാതെ, ചുമ്മാ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം കുറച്ച് വെയിറ്റൊക്കെയിട്ട് പറഞ്ഞത് കേട്ടതും

“നിനക്ക് രണ്ട് മാസം മുന്‍പ് തന്നെ തന്ന ടോപ്പിക്കായിരുന്നു ഇത്. ഇത് നീ പഠിക്കേണ്ട വിഷയം തന്നെയാണ് താനും. അതുകൊണ്ട് നീ ഈ വിഷയത്തെപ്പറ്റി ഇപ്പോള്‍ പറയുമ്പോള്‍ അതിനെപ്പറ്റി നല്ലവണ്ണം അറിഞ്ഞുകൊണ്ട് തന്നെ പറയണം മഹനേ”

എന്ന് പറഞ്ഞ് എച്ചോഡി ആ അണ്ണന്റെ സകല മൂഡും കളഞ്ഞു.

അങ്ങിനെ രണ്ടാം പാഠം അന്ന് പഠിച്ചു- അധികം ക്യുജാഡ കാണിക്കാന്‍ പോവാതിരിക്കുക.

ഇങ്ങിനെ പാഠങ്ങളൊക്കെ പഠിച്ച് സെമിനാര്‍ പങ്കെടുക്കല്‍ പ്രവര്‍ത്തിപരിചയം കൂട്ടിക്കൂട്ടി ഞങ്ങളുടെ സെമിനാര്‍ സമയമായപ്പോള്‍ ഞങ്ങള്‍ക്ക് ഏതാണ്ട് ആത്മവിശ്വാസമൊക്കെയായി-സ്വല്പം ഓവറായിപ്പോയോ എന്നൊരു സംശയം മാത്രം. പല പല സ്ട്രാറ്റജികളായിരുന്നു ഞങ്ങളില്‍ പലരുടെയും.

“സെമിനാര്‍ എന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ സാറമ്മാര്‍ ക്ലാസ്സെടുക്കുന്നപോലെയായിരിക്കണം” എന്ന്, ഈ സമയം വരെയും ഒരിടത്തും ഞാന്‍ കേള്‍ക്കാത്ത ഒരു നിയമവും പറഞ്ഞ്, എന്റെ ഒരു സുഹൃത്ത് ഒരൊറ്റ ഓയെച്ച്‌പ്പീ ഷീറ്റുപോലുമില്ലാതെ, സാറമ്മാര്‍ ക്ലാസ്സെടുക്കുന്ന സ്റ്റൈലില്‍, അവരുടെ തന്നെ മുന്നില്‍ നിന്ന്, ചോക്കൊക്കെ വെച്ച് ബോര്‍ഡിലൊക്കെ എഴുതി, പിന്നെ ഡസ്റ്ററൊക്കെ വെച്ച് എഴുതിയതൊക്കെ മായിച്ച്, പിന്നേം ചോക്ക് വെച്ചെഴുതി ഡസ്റ്റര്‍ വെച്ച് മായിച്ച്... നാല്പത് കൊല്ലം സര്‍വ്വീസുള്ള ഒരു സാറുകണക്കെ സെമിനാറൊക്കെ എടുത്ത് കഴിഞ്ഞപ്പോള്‍ എല്ലാം കേട്ടിരുന്ന സാറമ്മാര്‍ പറഞ്ഞു-

“ഞങ്ങള്‍ നീ പഠിപ്പിക്കുന്നത് കേള്‍ക്കാനല്ല ഇത്രയും നേരം ഇവിടിരുന്നത്, നീയെടുക്കുന്ന സെമിനാര്‍ കേള്‍ക്കാനാണ്. സെമിനാര്‍ സെമിനാര്‍ പോലെ തന്നെ ഏടുക്കണം മഹനേ...”

അങ്ങിനെ ആ സ്ട്രാറ്റജി ചീറ്റി.

സുഹൃത്ത് സാബുവിന്റെ നാലാം ഓയെച്ച്‌പ്പീ ഷീറ്റ് തൊട്ടായിരുന്നു പ്രശ്‌നം. a/b = c/d എന്ന സമവാക്യത്തില്‍ ഇടത് വശത്ത് ഡിനോമിനേറ്ററില്‍ b യെ ചുറ്റിപ്പറ്റി പൊരിഞ്ഞ സംവാദം-ആദ്യം സാബുവും ടീച്ചറും തമ്മില്‍, പിന്നെ ടീച്ചറും ടീച്ചറും തമ്മില്‍, പിന്നെ ടീച്ചര്‍മാരും ടീച്ചര്‍മാരും തമ്മില്‍. b അവിടെ തന്നെ നിന്നാല്‍ മതിയോ, b യുടെ കൂടെ ഒരു e യും കൂടെ വേണ്ടേ, b യ്ക്കപ്പുറത്തത് വേണ്ടേ, ഇപ്പുറത്തിതുവേണ്ടേ...സംഗതി എന്ത് പറഞ്ഞിട്ടും സംവാദം തീരുന്നില്ല. അവസാനം സാബു എന്ത് ചെയ്തൂ...? ആ b അങ്ങ് മായ്ച്ച് കളഞ്ഞു. സദസ്സ് പിന്നെ നിശ്ശബ്‌ദം.

പതിനഞ്ച് മിനിറ്റ് സെമിനാറില്‍ പതിനാലേമുക്കാല്‍ മിനിറ്റുകൊണ്ട് നാല്പത്തഞ്ച് ഷീറ്റ് വെച്ച് സെമിനാര്‍ തകര്‍ത്ത കുമാരന്‍ പതിനഞ്ചാം മിനിറ്റില്‍ കണ്‍‌ക്ലൂഷനും കഴിഞ്ഞ് വളരെ സാവധാനത്തില്‍ പ്രൊജക്ടറില്‍ വെക്കാന്‍ നാല്‍പ്പത്താറാം ഷീറ്റും പൊക്കിപ്പിടിച്ചുകൊണ്ട് നല്ല ഗൌരവത്തില്‍ പോകുന്നത് കണ്ടപ്പോള്‍ ദൈവമേ ഇതിനിയുമുണ്ടോ എന്നോര്‍ത്ത് തലയില്‍ കൈവെക്കാന്‍ പോയപ്പോള്‍ കുമാരന്‍ വെച്ച ഷീറ്റ് ഇതായിരുന്നു,

"Thank You"

(കുമാരന്‍ നാല്പത്തഞ്ചല്ല, നൂറ്റിനാല്‍‌പ്പത്തഞ്ച് ഷീറ്റ് വെച്ചാലും ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു. കാരണം ഭയാശങ്കകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റിയ ഒരു അവസരമായിരുന്നു സെമിനാറുകള്‍. ഉറങ്ങുന്നതുകൊണ്ട് ആര്‍ക്കും ഒരു ശല്യവുമില്ല എന്നത് സാറുമ്മാരുടെ മതവും. ഉറക്കം വരാത്ത ഒരണ്ണന്‍ എഞ്ചിനീയറിംഗ് ഡ്രോയിംഗിന്റെ വലിയ ഷീറ്റ് കുഴലാക്കി അതില്‍ക്കൂടി ബാക്കിയുള്ളവരെയൊക്കെ ഒരറ്റത്തുനിന്ന് വീക്ഷിച്ച് വീക്ഷിച്ച് വന്നപ്പോള്‍ അതാ കുഴലിന്റെ മറ്റേ അറ്റത്ത് ഒരു കട്ടിമീശ. പതുക്കെ കുഴല്‍ മാറ്റി നോക്കിയപ്പോള്‍ ജോര്‍ജ്ജ് സാര്‍ ചിരിച്ചുകൊണ്ട് നോക്കിക്കൊണ്ടിരിക്കുന്നു).

അക്കാലത്തൊക്കെ സെമിനാറുകളില്‍ ഒരുത്തന്‍ വിജയിച്ചോ ഇല്ലയോ എന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത് സെമിനാര്‍ എടുത്തത് ആര്‍ക്കെങ്കിലും മനസ്സിലായോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയല്ലായിരുന്നു (ആരെങ്കിലും അതിനെ അടിസ്ഥാനമാക്കുമോ), പകരം അത് കഴിഞ്ഞുള്ള ചോദ്യോത്തര പംക്തിയില്‍ എത്ര ഗ്ലാസ്സ് വെള്ളം കുടിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ടാണ് വെങ്കി രമേഷിനെ ചട്ടം കെട്ടിയത്:

“എന്റെ സെമിനാര്‍ കഴിയുമ്പോള്‍ നീ ഈ ചോദ്യം ചോദിക്കണം. ഞാന്‍ കുറച്ച് ആലോചിച്ചൊക്കെ നിന്നതിനു ശേഷം ഉത്തരം പറയും”

കൂട്ടത്തിലെ ആദ്യത്തെ സെമിനാര്‍ ഫിക്സിംഗ്.

ഒരു വിധത്തില്‍ പതിനഞ്ച് മിനിറ്റ് കലാപരിപാടികളൊക്കെ കഴിഞ്ഞ്, ടീച്ചര്‍മാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ തട്ടിമുട്ടി എന്തൊക്കെയോ പറഞ്ഞ്, ആഡിയന്‍‌സിന് ചോദ്യം ചോദിക്കാന്‍ കിട്ടിയ അവസരത്തില്‍ (സാധാരണ ആ അവസരം ആരും തന്നെ വിനിയോഗിക്കാറില്ല-ഉറക്കം തുടങ്ങിയാല്‍ പിന്നെ എന്താ പറഞ്ഞത്, എപ്പോഴാ പറഞ്ഞത് എന്നൊക്കെ എങ്ങിനെയറിയാം?-ഇനി ഉറങ്ങിയില്ലെങ്കില്‍ തന്നെ ഇതൊക്കെ ടീച്ചര്‍മാര്‍ വളരെ വിശദമായി ക്ലാസ്സില്‍ പഠിപ്പിച്ചിട്ട് പിടികിട്ടുന്നില്ല, പിന്നെയാ), നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം രമേഷ്, വെങ്കി പറഞ്ഞു പഠിപ്പിച്ച ചോദ്യം വള്ളിപുള്ളി വിടാതെ നല്ല അച്ചടിഭാഷയില്‍ ചോദിച്ചു.

നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം തന്നെ കുറച്ച് ആലോചനാഭിനയമൊക്കെ കഴിഞ്ഞതിനുശേഷം വെങ്കി ഇപ്രകാരം പറഞ്ഞു:

“ദോ ദാറ്റ് ക്വസ്റ്റ്യന്‍ ഈസ് നോട്ട് ഡയറക്റ്റ്‌ലി റിലേറ്റഡ് റ്റു ദ ടോപ്പിക് ഐ ഹാഡ് ടേക്കണ്‍ റ്റുഡെ, ഐ ഷാല്‍ ട്രൈ റ്റു ആന്‍സ്വര്‍ ദാറ്റ് റ്റൂ”

വെങ്കി ഹീറോയായി.

രമേഷ് വിടുമോ. അവന്റെ സെമിനാറിനു ശേഷം ടീച്ചര്‍മാരുടെ ചോദ്യോത്തരപംക്തികളൊക്കെ കഴിഞ്ഞ് പതിവുപോലെ ചടങ്ങിനുവേണ്ടി ആഡിയന്‍സിന് ചോദ്യം ചോദിക്കാന്‍ സമയം കൊടുത്തപ്പോള്‍ പതിവുപോലെതന്നെ ആരും മിണ്ടാതിരുന്നപ്പോള്‍, ചെറിയാനൊഴികെ ഒരൊറ്റ ഒരുത്തനും ഒന്നും ചോദിക്കില്ല എന്ന ഫുള്‍ ആത്മവിശ്വാസത്തോടെ രമേഷ്,

“കമോണ്‍, ആസ്ക് സം ക്വസ്റ്റ്യന്‍സ് പ്ലീസ്... വെങ്കീ, യൂ മേ ഹാവ് സം തിങ് റ്റു ആസ്ക്, കമോണ്‍ ആസ്ക് സം ക്വസ്റ്റ്യന്‍സ് വെങ്കീ...”

എന്ന് ചോദിച്ചപ്പോള്‍ ടീച്ചര്‍മാരുടേതുള്‍പ്പടെ എല്ലാ കണ്ണുകളും വെങ്കിക്ക് നേരേ. തലേയാഴ്ച ഹീറോയായ വെങ്കി അന്ന് നല്ലരീതിയില്‍ തന്നെ ചമ്മി. രമേഷിന്റെ ടോപ്പിക്ക് പോലും അവന് പിടുത്തമുണ്ടായിരുന്നില്ല.

ചെറിയാന്റെ ക്രൂരവിനോദം സ്വന്തം സെമിനാറിന് ഒന്നും പഠിച്ചില്ലെങ്കിലും നോട്ടീസ് ബോഡിലിട്ടിരിക്കുന്ന ബാക്കിയുള്ളവരുടെയൊക്കെ സെമിനാര്‍ ടോപ്പിക്കുകള്‍ ഒരു വൈരാഗ്യബുദ്ധിയോടെ അവരേക്കാളും പത്തിരട്ടി നന്നായി പഠിച്ചിട്ട് വന്ന് ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിക്കുക എന്നതായിരുന്നു-കല്‍മാഡ്.

മാത്തന്‍ സ്റ്റൈലില്‍ പറയാനുള്ളതൊക്കെ ഓയെച്ച്‌പീ ഷീറ്റിലെഴുതിക്കൊണ്ട് വന്ന് അതില്‍ തന്നെ നോക്കി വായിച്ച് സെമിനാറെടുത്ത് തീര്‍ത്താലും അവസാനത്തെ ചോദ്യോത്തരപംക്തി എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് യാതൊരു പിടുത്തവുമില്ലായിരുന്നതിനാല്‍, അതിനൂതനമായ ഒരു സ്ട്രാറ്റജിയായിരുന്നു ഞാന്‍ കൈക്കൊണ്ടത്. പദ്ധതിപ്രകാരം പറയാനുള്ളതൊക്കെ വള്ളിപുള്ളി വിടാതെ ഷീറ്റില്‍ എഴുതിവെച്ച് പുള്ളിവള്ളി വിടാതെ അത് ചുമ്മാ നോക്കിവായിച്ച് അവസാനത്തെ ഷീറ്റായാ “താങ്ക് യൂ” ഷീറ്റും പ്രൊജക്റ്ററിനു മുകളില്‍ വെച്ച ഞാന്‍, പിന്നെ ഒരൊറ്റ നിമിഷം പോലും കളയാതെ, ആ ലാസ്റ്റ് ഷീറ്റ് അതിന്റെ മുകളില്‍ നിന്ന് എടുക്കാന്‍ പോലും മിനക്കെടാതെ, ഓടിപ്പോയി സീറ്റിലിരുന്നു.

ടീച്ചര്‍മാര്‍ക്ക് ഒന്നാലോചിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് തന്നെ രണ്ടാം സെമിനാറുകാരനായ സജീവ് വേദിയില്‍ സന്നിഹിതനായി-സ്ട്രാറ്റജി പ്രകാരം തന്നെ.

Labels: , , ,