Thursday, January 18, 2007

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച...

...അഥവാ ചര്‍ച്ചയുടെ നവരസങ്ങള്‍

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ലൈഫ് എന്ന ബെസ്റ്റ് സെല്ലര്‍ പൊരിഞ്ഞ നഷ്ടമായതു കാരണവും അതില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തിന്റെ ആയിരത്തിലൊരംശമെങ്കിലും ഞാന്‍ പോലും പാലിക്കുന്നില്ലാത്തതുകാരണവും ഇനി ഈ പുതിയ പുസ്തകം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്ന് നോക്കട്ടെ (അതായത് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് ഒറ്റവാക്കിലും പറയാമെന്നര്‍ത്ഥം).

നമ്മുടെ ശാരീരിക-മാനസിക ആരോഗ്യങ്ങള്‍ക്കും മറ്റുള്ളവരുടെ അതേ ആരോഗ്യങ്ങള്‍ക്കും യാതൊരു കേടുപാടുകളും കൂടാതെ ക്രിയാത്മകമായി എങ്ങിനെ ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും അതുവഴി ജീവിതത്തില്‍ വിജയിക്കാമെന്നുമുള്ള ടിപ്‌സാണ് താഴെ വിവരിക്കുന്നത്.

ഇത് താന്‍ കൈമള്‍

1. ഇത് വായിക്കാന്‍ തുടങ്ങുമ്പോഴേ നിങ്ങളില്‍ പലരുടെയും നെറ്റികള്‍ ആദ്യം ഒന്ന് ചുളിഞ്ഞ്, പിന്നെ പത്ത് ചുളിഞ്ഞ് അവസാനം കാക്കത്തൊള്ളായിരം ചുളിവുകളായിരിക്കും. “ഹമ്പടാ ലെവന്‍ തന്നെ ഇതൊക്കെ എഴുതണം” എന്നും “പറയുന്നതിന്റെ പത്തിലൊന്നെങ്കിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍” എന്നുമൊക്കെ പലരും ആത്മഗതിക്കും. നെറ്റിയില്‍ ഒന്ന് ആഞ്ഞ് തിരുമ്മി ചുളിവൊക്കെ നിവര്‍ത്തിയിട്ട് ഇതിലെ ടിപ് നമ്പ്ര് ഒന്ന് വായിക്കുക. പിന്നെ നെറ്റി ചുളിയാന്‍ സാധാരണഗതിയില്‍ യാതൊരു കാരണവും കാണില്ല.

2. ഈ ടിപ്പുകളെല്ലാം വായിച്ച് കഴിഞ്ഞാല്‍ ഒരു അന്താരാഷ്ട്ര ചര്‍ച്ചയില്‍ വളരെയധികം മാന്യമായും ക്രിയാത്മകമായും നമുക്കെല്ലാം പങ്കെടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് കരുതിയാല്‍ തെറ്റി-ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയോട് പോയിട്ട് ജീവിതത്തോട് തന്നെ ഒരു വിരക്തിയാണോ താത്പര്യക്കുറവാണോ എന്നറിയില്ലാത്ത തരം ഒരു ശാന്തതയായിരിക്കും. ആര്‍ എന്ത് പറഞ്ഞാലും ഒരു പ്രകോപനവും കാണിക്കില്ല. ഒരു കരണത്ത് ആരെങ്കിലും അടിച്ചാല്‍ മറുകരണം മാത്രമല്ല നെഞ്ചും പുറകും കൂടി കാണിച്ച് കൊടുത്ത് (പക്ഷേ ഈ രീതിയില്‍ കാണിക്കേണ്ട കേട്ടോ) അടിക്കാന്‍ വന്നവനെക്കൊണ്ട്തന്നെ വേണ്ടായിരുന്നൂ എന്ന് പറയിപ്പിക്കും. അതുകൊണ്ട് സ്വന്തം റിസ്‌കില്‍ മാത്രം ഈ ടിപ്പുകള്‍ വായിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുക. കാരണം നമ്മളില്‍ പലരേയും മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജത്തിന്റെയും താത്പര്യത്തിന്റെയും ഒരു പ്രധാ‍ന സ്രോതസ്സ് തന്നെ ചര്‍ച്ചകളില്‍ ആവേശത്തോടെ പങ്കെടുക്കുകയും എതിരാളിയെ അടിച്ചിരുത്തുകയും ചെളിവാരി എറിയുകയും അവസാനം ചീത്ത കേള്‍ക്കുകയും ചെയ്യുന്നതൊക്കെയാണല്ലോ (നെറ്റി ഇപ്പോഴേ ചുളിയാന്‍ തുടങ്ങിയല്ലേ-ഒന്നമര്‍ത്തി തുടച്ചിട്ട് ടിപ് നമ്പ്ര് വണ്‍ വായിച്ചാല്‍ മതി). ഈ ടിപ്സ് വായിച്ചാല്‍ പിന്നെ അടിച്ചിരുത്താനും ചെളിവാരിയെറിയാനും ഒന്നും തോന്നുകയില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ ഒന്നും തന്നെ തോന്നാതിരിക്കാനും മതി.

3. വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന ഒരു തലക്കെട്ട് കൊടുത്തതിന് ക്ഷമിക്കണം. കാരണം ഈ ടിപ്പുകള്‍ എല്ലാം പാലിക്കാനുള്ള സ്‌‌ട്രെസ്സ് എന്ന് പറയുന്നത് ഏതൊരു കൊലകൊല്ലി ചര്‍ച്ചയിലുണ്ടാകുന്ന സ്‌ട്രെസ്സിനെക്കാളും ഭീകരമായിരിക്കും.

ഇത് വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഏതൊരു ചര്‍ച്ചയ്ക്ക് മുന്നേയും നമ്മള്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യം ഇവിടെയും ചെയ്യണം. അതായത് ശ്വാസം ആഞ്ഞ് വലിക്കുക-ആ സ്ഥിതിയില്‍ നില്‍ക്കുക, പറ്റാവുന്നിടത്തോളം, എന്നിട്ട് ശ്വാസം പതുക്കെ റിലീസ് ചെയ്യുക. ഇതൊരു പത്ത് പ്രാവശ്യം ചെയ്യണം. ചര്‍ച്ചയ്ക്കിടയ്ക്കാണെങ്കിലും ഓരോ തവണ മറുപടി പറയാന്‍ തുടങ്ങുമ്പോഴും ഇത് ആവര്‍ത്തിക്കണം.

അപ്പോള്‍ തുടങ്ങാം.

1. ആര് പറയുന്നു എന്ന് നോക്കേണ്ട-എന്ത് പറയുന്നു എന്ന് മാത്രം നോക്കുക- അതായത് മുന്‍‌വിധി പാടില്ല.

ഇപ്പോള്‍ മനസ്സിലായില്ലേ കൈമള്‍ ചേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം? അത് തന്നെ.

ഈ ഒന്നാം ടിപ് തന്നെ അനുസരിക്കാന്‍ അപാര ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ഏറെക്കുറെ അസാദ്ധ്യവുമാണെന്നറിയാം. പക്ഷേ ഒന്ന് പരീക്ഷിച്ച് നോക്കിക്കേ. അതായത് ഒരു ചര്‍ച്ചയില്‍ ആരെങ്കിലും അഭിപ്രായം പറയുമ്പോള്‍ അത് പറയുന്നതാരാണെന്ന് നോക്കുകയേ വേണ്ട. കാരണം അത് നോക്കാന്‍ പോയാല്‍ ആ നിമിഷം വികാര്‍ ചേട്ടന്‍ വിവേക് ചേട്ടനെ മലര്‍ത്തിയടിക്കുകയും പിന്നെ ആകെ ഫോക്കസ് പോവുകയും ചെയ്യും. “ലെവന്‍ കഴിഞ്ഞയാഴ്‌ച ഇങ്ങിനെയല്ലല്ലോ പറഞ്ഞത്” എന്നും “ലെവന്റെ നേരത്തത്തെ നിലപാട് ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ” എന്നും “ലെവനെപ്പറ്റി ഞാനിങ്ങിനെയൊന്നുമല്ല കരുതിയിരുന്നത്” എന്നും “ഓ ലെവനാണോ പറയുന്നത്, എന്നാല്‍ പിന്നെ (എനിക്ക് എതിരഭിപ്രായമുണ്ടെങ്കിലും) മിണ്ടാതിരുന്നേക്കാം” എന്നുമൊക്കെയുള്ള ചിന്തകള്‍ പോകുന്നത് പറയുന്നതാര് എന്ന് അന്വേഷിക്കാന്‍ പോകുമ്പോഴാണ്.

ബ്ലോഗിലെ ചര്‍ച്ചകളിലാണെങ്കില്‍ പലരും തമ്മില്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്നത് പോകട്ടെ, ഒന്ന് സംസാ‍രിക്കുകയോ ഒരു മെയില്‍ അയക്കുകയോ കൂടി ചെയ്ത് കാണില്ല. പറയുന്ന ആള്‍ ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല. അപ്പോള്‍ പിന്നെ ഇത് ആര് എന്നൊക്കെ നോക്കി പോകുന്നത് മിക്കവാറും നമ്മളെ വഴിതെറ്റിക്കും. അതുകൊണ്ട് നല്ലപോലെ മസില്‍ പിടിച്ച് മെഡിറ്റേഷനൊക്കെ നടത്തി മനസ്സിനെ ഏകാഗ്രമാക്കി പറയുന്ന കാര്യം മാത്രമേ ശ്രദ്ധിക്കൂ, അത് ആര് പറഞ്ഞാലും, എന്നൊരു തീരുമാനം എടുത്താല്‍ നമ്മള്‍ പകുതി വിജയിച്ചു.

ആര് പറയുന്നു എന്ന് നോക്കാന്‍ പോയാല്‍ ആ നിമിഷം നമ്മുടെ വിധി മുന്‍‌വിധിയായി. പിന്നെ ആ ഒരു മുന്‍‌വിധിയോടുകൂടി മാത്രമേ നമ്മള്‍ ചര്‍ച്ച തുടരുകയുള്ളൂ. അപ്പോള്‍ പിന്നെ എന്ത് പറയുന്നു എന്നതില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനേ സാധിക്കില്ല.

ആര് പറയുന്നു എന്ന് നോക്കാന്‍ പോയാലുള്ള കുഴപ്പങ്ങള്‍

1. എന്ത് പറയുന്നു എന്ന് പിന്നെ ശ്രദ്ധിക്കില്ല.

2. “ഓ ലെവനല്ലേ പറയുന്നത്, ലെവന്‍ മറ്റേ പാര്‍ട്ടിയല്ലേ, ലെവന്‍ ഇങ്ങിനെയേ പറയൂ” എന്ന ലേബലധിഷ്ഠിതമായ ചിന്ത (താഴെ വിശദമായി പറയുന്നുണ്ട്).

3. പണ്ട് ലെവന്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ പൊക്കിക്കൊണ്ട് വന്ന് ടോപ്പിക്കില്‍ നിന്നും വ്യതിചലിക്കല്‍ (നെറ്റി ചുളിയുന്നുണ്ടല്ലേ-ഒന്ന് അമര്‍ത്തി തിരുമ്മി, ആര് പറയുന്നു എന്ന് ശ്രദ്ധിക്കാതെ എന്ത് പറയുന്നു എന്ന് മാത്രം ശ്രദ്ധിച്ച് നോക്കിയാല്‍ മതി-ഇതൊക്കെ ഒരു പരിശീലനമല്ലേ).

4. വ്യക്തിഹത്യ (താഴെ വിശദീകരിക്കുന്നുണ്ട്).

അതുകൊണ്ട് കഴിവതും എന്ന എക്സ്‌ക്യൂസ് ഒന്നുമില്ലാതെ ഒരു കാരണവശാലും ആര് പറയുന്നു എന്ന് നോക്കാതെ ഒന്ന് ചര്‍ച്ചിക്കാന്‍ ശ്രമിച്ച് നോക്കിക്കേ-പറയുന്നതെന്ത് എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേ- ഭയങ്കര മാറ്റമുണ്ടാവും.

പറയുന്ന ആളെ നോക്കിത്തന്നെ മറുപടി പറയേണ്ട സന്ദര്‍ഭങ്ങളുണ്ട്. എങ്കിലും പലപ്പോഴും അതിന്റെ ആവശ്യമില്ല എന്ന് തന്നെ തോന്നുന്നു.

2. പ്രായോഗികത.

എല്ലാം തികഞ്ഞ ഒരാളാവാവുക എന്നതാണ് നമ്മുടെ എല്ലാവരുടെയും സ്വപ്‌നം. പക്ഷേ നോബഡി ഈസ് പെര്‍ഫക്ട് തിയറി പ്രകാരം അങ്ങിനെയൊരാളെ കണ്ടുകിട്ടാനേ ഇല്ല. അതുകൊണ്ട് ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അയാള്‍ അതൊക്കെ പാലിക്കുന്നവനാണോ എന്ന് ഉറപ്പ് വരുത്തിയിട്ട് ചര്‍ച്ചിക്കാന്‍ നിന്നാല്‍ പിന്നെ ആ നില്പ് അങ്ങിനെതന്നെ നില്‍‌ക്കുകയേ ഉള്ളൂ. ആ ഒരു നിലപാട് പ്രായോഗികമല്ല. ഇതും ടിപ് നമ്പ്ര് 1-ഉം ബന്ധപ്പെട്ട് കിടക്കുന്നത് തന്നെ. അവിടെയും പറയുന്ന ആളുടെ ജീവിതരീതിയും ആദര്‍ശവുമൊന്നും അധികം നോക്കാതെ പറയുന്നതെന്ത് എന്ന് മാത്രം നോക്കാന്‍ ശ്രമിച്ചാല്‍ ചര്‍ച്ച ഒന്നുകൂടി രസകരമാക്കാം (ടിപ് നമ്പ്ര് ഒന്ന് നോക്കണേ ഇവിടെയും-അല്ലെങ്കില്‍ നെറ്റി ചുളിയും).

പക്ഷേ ടിപ് നമ്പ്ര് ഒന്ന് പോലെ ഏതാണ്ട് ഏറെക്കുറെ ഒട്ടുമേ നടപ്പില്ലാത്ത ഒരു കാര്യം അല്ലേ. ശരിയാണ് പലപ്പോഴും നമുക്ക് പറയുന്ന ആളുടെ രീതികളും നോക്കേണ്ടി വരും. പക്ഷേ അങ്ങിനെയാണെങ്കില്‍ തന്നെ നമ്മള്‍ വളരെ ശ്രദ്ധിച്ച് വേണം അയാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍.

ഉദാഹരണത്തിന് ബാങ്കിലെ ഒരു കാഷ്യര്‍ വേറൊരു കാഷ്യര്‍ പൈസ എണ്ണുന്നത് വളരെ പതുക്കെയാണെന്നും അതുകൊണ്ട് ആള്‍ക്കാര്‍ക്ക് ഒത്തിരി താമസം നേരിടുന്നു എന്നുമൊക്കെ പറഞ്ഞ് അയാള്‍ പൈസാ എണ്ണുന്ന രീതിയെ കുറ്റം പറയുകയാണെന്ന് വിചാരിക്കുക. അപ്പോള്‍ സ്വാഭാവികമായും നമുക്ക് കുറ്റം പറഞ്ഞ കാഷ്യര്‍ പൈസ എണ്ണുന്ന രീതി എങ്ങിനെ എന്നറിയാന്‍ താത്‌പര്യമുണ്ടാവും. അത് മനുഷ്യസഹജം. അതുപോലെ നമ്മളില്‍ ചിലര്‍ ആ കാഷ്യറോട് പറയും-“നിങ്ങളിങ്ങനെ അടച്ചാക്ഷേപിക്കരുത്, ഇതേ കാര്യം നിങ്ങളോടാണ് ആരെങ്കിലും പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് എത്രമാത്രം വിഷമമുണ്ടാവും” എന്നൊക്കെ. അപ്പോള്‍ കുറ്റം പറഞ്ഞ കാഷ്യര്‍ പറയുന്നത് “ബാങ്ക് അയാള്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ടെങ്കില്‍ അയാള്‍ ഇതൊക്കെ നേരാംവണ്ണം ചെയ്യാന്‍ ബാധ്യസ്ഥനാണ്” എന്നൊക്കെയായിരിക്കും. അപ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് സ്വാഭാവികമായ ഒരു ത്വര ഉണ്ടാവും-എന്നാല്‍ ലെവനെ ഒന്ന് എക്‍സ്‌പോസ് ചെയ്തേക്കാം എന്ന്.

ഇവിടെ നമ്മള്‍ വളരെ ശ്രദ്ധിക്കണം. ഇനി കുറ്റം പറഞ്ഞയാളെ വിമര്‍ശിച്ചാല്‍ അയാളും കിടന്ന് ബഹളം വെക്കും എന്ന് തെളിയിക്കാന്‍ അയാള്‍ പലചരക്കു കടയില്‍ സാധനം വാങ്ങിയിട്ട് പൈസാ എണ്ണുന്ന രീതിയെ വിമര്‍ശിച്ച് അയാളെ പ്രകോപിപ്പിച്ചിട്ടല്ല. അങ്ങിനെ അയാള്‍ പ്രകോപിതനായി, “ഞാന്‍ പലചരക്ക് കടയില്‍ സാധനം വാങ്ങിക്കുന്നതിന് നിനക്കെന്തെടേ” എന്ന് ചോദിക്കുമ്പോള്‍ “കണ്ടോ കണ്ടോ നിങ്ങളെ പ്രകോപിപ്പിച്ചാല്‍ നിങ്ങളും ഇതൊക്കെ തന്നെ ചെയ്യും, അതുകൊണ്ട് നിങ്ങള്‍ അത്ര കേമനൊന്നുമല്ല” എന്ന് പറഞ്ഞ് പറ്റിച്ചേ പറ്റിച്ചേ എന്ന രീതിയില്‍ സന്തോഷിക്കുന്നതില്‍ വലിയ കാര്യമില്ല. അയാളുടെ ബാങ്കിലെ പൈസാ എണ്ണല്‍ രീതിയെ തന്നെ വിമര്‍ശിച്ചിട്ട് അയാളുടെ പ്രതികരണം നോക്കി വേണം അയാളെ വിലയിരുത്താന്‍. അല്ലാതെ അയാളുടെ വ്യക്തിജീവിതത്തെപ്പറ്റി പറഞ്ഞ് അയാളെ പ്രകോപിപ്പിച്ചിട്ടല്ല (ഒരു വിധത്തില്‍ ഒപ്പിച്ചു).

അതുകൊണ്ട് ഇവിടെയും പറയുന്ന ആളുടെ രീതി നോക്കാതെ പറയുന്നതെന്ത് എന്ന് മാത്രം നോക്കിയാല്‍ ചര്‍ച്ചിതവിജയം ഉറപ്പ്.

3. വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏതെങ്കിലും വിധത്തില്‍ മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്യാമെന്ന് വെച്ചാല്‍ തന്നെ ഈ മൂന്നാം ടിപ് പാലിക്കാന്‍ നമ്മളെകൊണ്ട് ഇനിയൊരു കാക്കത്തൊള്ളായിരം കൊല്ലം കഴിഞ്ഞാലും കഴിയില്ല. കാരണം ആ ഒരു കോശം നമ്മുടെ തലച്ചോറിലില്ല എന്ന് തന്നെ തോന്നുന്നു. വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, പതറാതെ, തളരാതെ മുന്നേറിയ ചര്‍ച്ചകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. വിഷയത്തില്‍ നിന്നും മാറാനുള്ള പല കാരണങ്ങളില്‍ ഒരു കാരണം, ആര് പറയുന്നു എന്ന് നോക്കാന്‍ പോകുന്നത് തന്നെ. പിന്നെ പറയുന്ന ആളിലായിരിക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അയാള്‍ എന്ത് എങ്ങിനെ പറഞ്ഞാലും അയാളല്ലേ പറഞ്ഞത്, ഇങ്ങിനെയേ പറയൂ എന്നുള്ള ചിന്ത നമ്മള്‍ ഓള്‍‌റെഡി മനസ്സില്‍ ഫീഡ് ചെയ്‌തിരിക്കും. പിന്നെ അയാള്‍ തലകുത്തി നിന്നിട്ടും കാര്യമില്ല.

അതുപോലെ ടോപ്പിക് മാറ്റല്‍ പല ചര്‍ച്ചക്കാരുടെയും നിലനില്‍‌പ്പിന്റെ പ്രശ്‌നം കൂടിയാണ്. ചര്‍ച്ചകളെ ജീവന്‍‌മരണ പോരാട്ടമായൊക്കെ എടുക്കുമ്പോഴാണ് എങ്ങിനെയും ജയിക്കാന്‍ ടോപ്പിക് മാറ്റല്‍ തുടങ്ങിയ ആയുധങ്ങള്‍ നമ്മള്‍ പുറത്തെടുക്കുന്നത്.

രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഇത്തരം ടോപ്പിക് മാറ്റല്‍ അവരുടെ നിലനില്‍‌പ്പിന്റെ പ്രശ്നം കൂടിയാണ്. അവരെ കണ്ട് പഠിച്ചതാണെന്ന് തോന്നുന്നു, നമ്മളും. പല ചര്‍ച്ചകളിലും മുന്‍‌വിധി എന്നൊരു സംഗതി കിടന്ന് കളിക്കുന്നതുകാരണം ഒരു കീവേഡ് കണ്ടാല്‍ അതില്‍ പിടിച്ച് നമ്മള്‍ കാട്ടിലേക്കങ്ങ് കയറും. കേരളത്തിനെ മാത്രം ബാധിക്കുന്ന കാര്യത്തെപ്പറ്റിയുള്ള ചര്‍ച്ചയാണെങ്കിലും നമ്മള്‍ അങ്ങ് അന്റാര്‍ട്ടിക്ക വരെ പോകും, അക്കാര്യം പറഞ്ഞുകൊണ്ട്.

അതുപോലെ നമ്മുടെയൊക്കെ ബ്ലോഗുകളില്‍ നോക്കിയാല്‍ തന്നെ കാണാം, കേരളത്തില്‍ കാടുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല എന്ന്. എത്രയൊക്കെ കാടുകളിലേക്കാണ് നമ്മള്‍ ചര്‍ച്ചകളെ നയിച്ചുകൊണ്ട് പോകുന്നത്. എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ പ്രശ്‌നം. ചില ഓഫ് ടോപ്പിക് സംവാദങ്ങള്‍ ടോപ്പിക്കിനെക്കാളും നല്ല ചര്‍ച്ചകള്‍ക്ക് വളം വെച്ചിട്ടുണ്ടെങ്കിലും ശ്രദ്ധ മാറുന്നതിന് അതൊരു ന്യായീകരണമല്ല എന്നുതന്നെ തോന്നുന്നു.

ഒട്ടും നടപ്പുള്ള കാര്യമല്ല എന്നറിയാം. എങ്കിലും വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്ന് ചര്‍ച്ച ചെയ്തു നോക്കിക്കേ. നല്ല മനഃസുഖം കിട്ടും.

(എത്രയെത്ര നെറ്റികളില്‍ ചുളിവുകള്‍ വീണു അല്ലേ. ചര്‍ച്ചകള്‍ കാടുകയറ്റുന്നതില്‍ എന്റേതായ ഒരു പങ്കും ബ്ലോഗില്‍ ഉണ്ടെന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പക്ഷേ നെറ്റി ആഞ്ഞൊന്ന് തിരുമ്മിയിട്ട് ടിപ് നമ്പ്ര് ഒന്ന് ഒന്നുകൂടി വായിക്കുക).

4. ഒന്ന് അധികം മൂന്ന്

ഒന്നാം ടിപ്പും മൂന്നാം ടിപ്പും ചേര്‍ന്നാല്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണ് നാലാം ടിപ്പ്. അതായത് ആര് പറയുന്നു എന്ന് നോക്കേണ്ട. അതുപോലെ ചര്‍ച്ചയുടെ ടോപ്പിക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് രണ്ടും ചെയ്‌താല്‍ ചര്‍ച്ചക്കാരന്‍ നാലാഴ്ച മുന്‍പ് ആ ബ്ലോഗില്‍ പറഞ്ഞ കാര്യവും രണ്ടാഴ്‌ച മുന്‍‌പ് ഈ ബ്ലോഗില്‍ പറഞ്ഞ കാര്യവും ഒന്നും പൊക്കിക്കൊണ്ട് വരില്ല-പ്രത്യേകിച്ചും അവയുമായൊന്നും യാതൊരു ബന്ധവുമില്ല പുതിയ ചര്‍ച്ചയ്ക്കെങ്കില്‍. അങ്ങിനെ പഴം‌പുരാണങ്ങള്‍ ചര്‍ച്ചകളില്‍ എഴുന്നെള്ളിക്കാന്‍ തുടങ്ങിയാല്‍ അത് തീര്‍ച്ചയായും നമ്മളെ കാട്ടിലേക്ക് കയറ്റും. പരമാവധി കുറച്ചാല്‍ പരമാവധി സന്തോഷം.

എങ്ങിനെയും ചര്‍ച്ചകളില്‍ ജയിക്കണം എന്ന വാശി വന്ന് ചര്‍ച്ചകളെ വെറും വാഗ്വാദത്തിന്റെ നിലവാരത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് പണ്ട് വള്ളിനിക്കറിട്ട് നടന്ന കാലത്ത് മറ്റെയാള്‍ പറഞ്ഞ കാര്യമൊക്കെ ഓര്‍ത്ത് വെച്ച് നമ്മള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞത്തെ ചര്‍ച്ചയിലും പൊക്കിക്കൊണ്ട് വരുന്നത്. ഓര്‍ക്കുക, പല ചര്‍ച്ചകളും ഒരു മത്സരമല്ല.

(ഇത് നീ തന്നെ പറയണം എന്ന ആത്മഗതങ്ങള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നു...എന്ത് ചെയ്യാം, ചില ദുര്‍ബ്ബല നിമിഷങ്ങളില്‍ കണ്ട്രോള്‍ പോയി-പരമാവധി ശ്രമിക്കാം, ഇനിയെങ്കിലും).

5. ലേബലടി.

ലേബലുകള്‍ എന്തെന്നില്ലാത്ത സ്വാതന്ത്ര്യമാണ് ചര്‍ച്ചക്കാര്‍ക്ക് തരുന്നത്. ഒരാളില്‍ ഒരു ലേബലങ്ങടിച്ചാല്‍ ചര്‍ച്ചയില്‍ പക്ഷം പിടിക്കുന്നവര്‍ക്കെല്ലാം പിന്നെ ആ ലേബലിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചാല്‍ മതി. പക്ഷേ പ്രശ്‌നം പഴയതുതന്നെ. അതായത്, ലേബല്‍ വീണാല്‍ പിന്നെ പറയുന്നതെന്ത് എന്ന് നോക്കാന്‍ മറക്കും. ലേബലിനെ നോക്കി മാത്രം പ്രതികരിക്കും.

ഇത് നമ്മളില്‍ പലര്‍ക്കുമുള്ള ഒരു മിഥ്യാധാരണ കൊണ്ട് സംഭവിക്കുന്നതാണ് എന്ന് തോന്നുന്നു. അതായത്, പണ്ട് ബുഷ് പറഞ്ഞതുപോലെ ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ, അല്ലെങ്കില്‍ നിങ്ങള്‍ അവരുടെ കൂടെ- ഈ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്ന് കരുതുന്നതുകൊണ്ടാണ് നമ്മള്‍ ലേബലുകള്‍ അടിച്ച് കൊടുക്കുന്നത്. മൂന്നാമതൊരു വിഭാഗവും നാലാമതൊരു വിഭാഗവും ഒക്കെയുണ്ടെന്ന കാര്യം നമ്മള്‍ പലപ്പോഴും മറക്കുന്നു. അത് നമ്മുടെ വാദങ്ങളിലും പ്രതിഫലിക്കുന്നു. ചര്‍ച്ചിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പണ്ട് നയനാര്‍ പറഞ്ഞതുപോലെ “ഓന്‍ മറ്റേ പാര്‍ട്ടിയാ” എന്ന ലേബല്‍ വീഴുന്നതോടെ മറ്റേ പാര്‍ട്ടിക്കാരന്‍ തലകുത്തി നിന്ന് പരിശ്രമിച്ചാലും ആ ലേബല്‍ മാറ്റാന്‍ സാധിക്കില്ല. പിന്നെ അവന്‍ ഏത് ചര്‍ച്ചയില്‍ എന്ത് പറഞ്ഞാലും ആ ലേബലില്‍ കൂടി മാത്രമേ അവനെ കാണൂ.

ഏതോ കാവിഷര്‍ട്ടുകാരന്‍ ഒരു സിന്ദൂരക്കുറിയുമിട്ട് ഏതോ ഒരു റോഡിന്റെ ഏതോ ഒരു മൂലയ്ക്ക് നിന്ന് “ഭാരതീയ പൈതൃകം” എന്ന് പറഞ്ഞതുകൊണ്ട് മാത്രം, പിന്നെ ആ വാക്കുച്ചരിച്ചവരെയൊക്കെ നമ്മള്‍ ലേബലടിച്ച് വിട്ടിട്ടുണ്ട്. എന്തിനധികം, അതേ കാവിഷര്‍ട്ടുകാരന്‍ സസ്യാഹാരത്തെപ്പറ്റി പറഞ്ഞു എന്നതുകൊണ്ട് മാത്രം ഞാനിനി ചിക്കനേ അടിക്കൂ എന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. ഇതൊക്കെ ലേബലും പറയുന്നതെന്താണെന്ന് നോക്കാതെ പറയുന്ന ആളെ നോക്കുന്നതും ഒന്നിച്ച് വരുമ്പോഴുള്ള കുഴപ്പമാണ്. അങ്ങിനത്തെ ലേബലുകള്‍ നമ്മുടെ ചിന്താശേഷിയ്ക്ക് തന്നെയാണ് കൂച്ചുവിലങ്ങിടുന്നത്. കാര്യങ്ങളെ ശരിയായ രീതിയില്‍ കാണാനും മനസ്സിലാക്കാനുമാണ് സാധാരണ ലേബലുകള്‍ ഉപയോഗിക്കുന്നതെങ്കിലും ചര്‍ച്ചകളിലെ ലേബലുകള്‍ നമ്മളെ പലപ്പോഴും വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് ചര്‍ച്ചകളില്‍ ലേബലുകള്‍ അടിക്കാതിരിക്കുക. ഇവിടെയും ശ്രദ്ധിക്കുക-പറയുന്ന ആളല്ല കാര്യം, പറയുന്നതെന്താണ് എന്നതാണ് കാര്യം. അത് മറക്കരുത്.

6. പരസ്പര ബഹുമാനം.

ഈ ലോകത്ത് ഒരുകാക്കത്തൊള്ളായിരം ആള്‍ക്കാരുണ്ട്. ആ ഒരുകാക്കത്തൊള്ളായിരം ആള്‍ക്കാര്‍ക്ക് ഇരുകാക്കത്തൊള്ളായിരം അഭിപ്രായങ്ങളുമുണ്ട്. സംഗതി അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ലെങ്കിലും നമ്മളെല്ലാവരും തന്നെ അത്യാവശ്യം അഭിമാനികളായതുകാരണവും അതില്‍ തന്നെ ചിലരെല്ലാം സാമാന്യം ദുരഭിമാനികളായതുകാരണവും അങ്ങിനെയിങ്ങിനെയൊന്നും നമ്മളാരും അഭിപ്രായങ്ങള്‍ മാറ്റാറില്ല.

ഒരു ചര്‍ച്ചയില്‍ നമ്മള്‍ എത്രമാത്രം നമ്മുടെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍‌ക്കുന്നുവോ, അത്രമാത്രമോ അതില്‍‌ കൂടുതലോ ആയിരിക്കും എതിര്‍പക്ഷം അവരുടെ അഭിപ്രായങ്ങളിലും ഉറച്ച് നില്‍ക്കുന്നതെന്ന് മനസ്സിലാക്കുക. നമുക്കുള്ള ന്യായീകരണങ്ങള്‍ എല്ലാം തന്നെ എതിര്‍പക്ഷത്തിനും കാണും. അപ്പോള്‍ പിന്നെ ചെയ്യാന്‍ പറ്റുന്ന കാര്യം, ചര്‍ച്ചയില്‍ അഭിപ്രായസമന്വയം ഉണ്ടായില്ലെങ്കില്‍ രണ്ടു കൂട്ടരുടെ അഭിപ്രായങ്ങളും രണ്ടുകൂട്ടരും ബഹുമാനിക്കുക (ഇതൊക്കെ ഞാന്‍ തന്നെ പറയണം അല്ലേ... ടിപ് നമ്പ്ര് ഒന്ന് ഒന്നുകൂടി നോക്കുക).

എല്ലാ ചര്‍ച്ചകളിലും പൊരിഞ്ഞ അടിയാണ് എന്നൊരര്‍ത്ഥം മുകളില്‍ പറഞ്ഞതിനില്ല. എന്തെങ്കിലും എതിരഭിപ്രായത്തില്‍ തുടങ്ങി മറ്റേയാള്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് ബോധ്യപ്പെട്ട് അയാളോട് യോജിക്കന്ന ധാരാളം ചര്‍ച്ചകളും ഉണ്ട്. പക്ഷെ അല്ലാതുള്ള ചര്‍ച്ചകളും സുലഭം. അങ്ങിനെയുള്ള ചര്‍ച്ചകള്‍ വെറും വാഗ്വാദങ്ങളായി മാറാതിരിക്കാന്‍ പരസ്പര ബഹുമാനം സഹായിക്കും.

ഈ പരസ്പര ബഹുമാനം ചര്‍ച്ചയുടെ അവസാനം മാത്രം വേണ്ട കാര്യമല്ല-ആദ്യം മുതല്‍ തന്നെ അതാവാം. ഓര്‍ക്കേണ്ടത്, അപ്പുറത്തുള്ളത് നമ്മുടെ ശത്രുവല്ല, വെറുതെ നമ്മളുമായി സംവദിക്കുന്ന ഒരാള്‍ എന്ന കാര്യമാണ്. ധൈര്യമായി ബഹുമാനിച്ചോ. ഒരു കുഴപ്പവും വരില്ല.

7. വ്യക്തിഹത്യ

എങ്ങിനെയും ചര്‍ച്ചകള്‍ ജയിക്കണം എന്ന വാശി വരുമ്പോഴാണ് അവസാന ആയുധമെന്ന നിലയില്‍ പോലുമല്ലാതെ ആദ്യത്തെ ആയുധമായിത്തന്നെ ചിലപ്പോള്‍ വ്യക്തിഹത്യയിലേക്ക് നമ്മള്‍ തിരിയുന്നത്. തലയൊക്കെ നല്ലപോലെ തണുപ്പിച്ച് പറയുന്നത് ആരെന്ന് നോക്കാതെ പറയുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയാല്‍ പിന്നെ വ്യക്തിക്ക് അവിടെ സ്ഥാനമില്ലല്ലോ. അനോണികള്‍ പോലും ഒരു ഇഫക്ടും ഉണ്ടാക്കില്ല. പക്ഷേ പറ്റണ്ടേ.

വ്യക്തിഹത്യ നടത്താതിരിക്കണമെങ്കില്‍ ചര്‍ച്ചാവാശിപ്പിടിവാശി ആദ്യം ഉപേക്ഷിക്കണം. ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തിയെ നോക്കേണ്ടെങ്കിലും വ്യക്തികള്‍ക്കും ബന്ധങ്ങള്‍ക്കും ചര്‍ച്ചയെക്കാളും പ്രാധാന്യമുണ്ട് എന്നോര്‍ക്കണം. ചര്‍ച്ചയല്ല ജീവിതം എന്ന് മനസ്സിലാക്കണം. ചര്‍ച്ചയെക്കാളും വലുതായ പലതും നമ്മുടെ ജീവിതത്തില്‍ ഉണ്ട് എന്ന് അറിയണം. ആ സെന്‍സ്/സെന്‍സിറ്റിവിറ്റ്/സെന്‍സിബിലിറ്റി/സെന്‍സേഷണാലിറ്റി ഇതൊക്കെ ഉണ്ടെങ്കില്‍ പിന്നെ വ്യക്തിഹത്യയെപ്പറ്റി ചിന്തിക്കില്ല.

അതുപോലെ തന്നെ വ്യക്തിഹത്യ എന്ന് പറയുന്നത് ആ രണ്ട് വ്യക്തികള്‍ മാത്രം ഉള്‍പ്പെട്ട സംഗതിയാണ്. അത് പരമാവധി അവര്‍ തന്നെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ ഒന്നുകൂടി നിയന്ത്രണത്തില്‍ നില്‍ക്കും എന്ന് തോന്നുന്നു. ഏറ്റുപിടിക്കാന്‍ ആള്‍ക്കാര്‍ വന്നാല്‍ തീര്‍ന്നു. കാരണം ഏറ്റുപിടുത്തക്കാരില്‍ നല്ല ഉദ്ദേശമുള്ളവരുണ്ടെങ്കിലും വ്യക്തിപരമായ വേറേ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്ളവരും കാണും. അതുകൊണ്ട് വ്യക്തിഹത്യ നടത്തിയാല്‍ തന്നെ ആരെങ്കിലുമൊക്കെ സഹായിക്കാന്‍ വന്നാല്‍, “ഒന്ന് വെയിറ്റ് ചെയ്യണേ, എനിക്ക് തന്നെ ഇത് തീര്‍ക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ, അല്ലെങ്കില്‍ തീര്‍ച്ചയായും സഹായിക്കണം” എന്നോ മറ്റോ ഒന്ന് പറഞ്ഞ് നോക്കി സംഗതി ഒന്ന് തീര്‍ക്കാന്‍ (വ്യക്തിയെയല്ല, ഹത്യയെ) അത് ചിലപ്പോള്‍ ഗുണം ചെയ്തേക്കും.

പോയിന്റ് നമ്പ്ര് ആറ് ആയ പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ തന്നെ വ്യക്തിഹത്യ ഇല്ലാതാക്കാം. നമ്മളെപ്പോലെ തന്നെയുള്ള, നമ്മുടെതായ എല്ലാ രീതികളുമുള്ള ഒരു മനുഷ്യജീവി തന്നെയാണ് അപ്പുറത്തെന്നും ഓര്‍ത്താല്‍ മതി. നമുക്കുള്ള എല്ലാ അവകാശങ്ങളും, ന്യായങ്ങളും അയാള്‍ക്കും ഉണ്ട് എന്ന് മനസ്സിലാക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. ഞാന്‍ പറയുന്നത് അയാള്‍ക്ക് മനസ്സിലാവുന്നേ ഇല്ലല്ലോ ഈശ്വരാ എന്ന് നമ്മള്‍ ഇവിടെയിരുന്ന് വിലപിക്കുമ്പോള്‍ അതേ രീതിയില്‍ തന്നെ അയാളും ചിലപ്പോള്‍ അവിടെയിരുന്നും വിലപിക്കുകയായിരിക്കും എന്നോര്‍ക്കുക. അതായത് നമ്മളെത്തന്നെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിക്കുക. അപ്പോള്‍ സംഗതി ഓക്കേയാവും.

വ്യക്തിഹത്യയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് പരിഹാസം. പറയുന്ന കാര്യത്തെ പരിഹസിക്കുന്നത് ഇനി ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ (അവിടെ ഒരു അലവന്‍സ് കൊടുക്കണം, കാരണം ഇതെഴുതുന്നത് ഞാനാണല്ലോ), പറയുന്ന ആളെ പരിഹസിക്കാതിരിക്കാന്‍ പരിശ്രമിക്കണം (നെറ്റിയൊന്നെ അമര്‍ത്തി തിരുമ്മിക്കേ, എന്നിട്ട് ടിപ് നമ്പ്ര് 1...).

8. പിടിവാശി

ഒരു ചര്‍ച്ചയില്‍ നമുക്ക് ഒട്ടും തന്നെ വേണ്ടാത്ത ഒരു കാര്യമാണ് പിടിവാശി (ടിപ് നമ്പ്ര് 1 ഒന്നുകൂടി വായിക്കുക). ഒരു പ്രയോജനവും തന്നെ അത് ചെയ്യില്ല എന്ന് മാത്രവുമല്ല, ശാരീരികമായും മാനസികമായും പോലും അത് നമുക്ക് വളരെയധികം ദോഷം ചെയ്യും. ഒരളവുവരെ നമ്മിലുള്ള ദുരഭിമാനമാണ് നമ്മളെ പിടിവാശിക്കാരാക്കുന്നത്. ഒന്ന് തോറ്റുകൊടുക്കുന്നതിന്റെയും ഒന്ന് വിട്ടുകൊടുക്കുന്നതിന്റെയുമൊക്കെ സുഖം ഒന്ന് വേറേ തന്നെ. ഒന്ന് ചെയ്ത് നോക്കിക്കേ-യാതൊരു ഉപാധികളും കൂടാതെ. നമുക്ക് കിട്ടുന്ന മനഃസമാധാനം അപാരമായിരിക്കും. ചര്‍ച്ചയില്‍ നമ്മള്‍ ഒന്ന് വിട്ടുകൊടുത്തു എന്ന് വിചാരിച്ച് ഈ ലോകം ഒരിക്കലും കീഴ്‌മേല്‍ മറിയാന്‍ പോകുന്നില്ല. പക്ഷേ നമ്മള്‍ ഒന്ന് അയഞ്ഞാല്‍ അതുകൊണ്ട് തന്നെ മാനസാന്തരപ്പെടുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടാകാനും മതി.

നമ്മള്‍ നമ്മുടെ പിടിവാശി ചര്‍ച്ചകളില്‍ ഉപേക്ഷിച്ചാല്‍ അതുകൊണ്ട് തന്നെ എതിര്‍പക്ഷം പറയുന്ന കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പലപ്പോഴും അപ്പോഴായിരിക്കും നമ്മള്‍ മനസ്സിലാക്കുന്നത്, “ശ്ശെടാ, ലെവനും ഞാനും ഇത്രയും നേരം ഒരേ കാര്യം തന്നെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്” എന്നൊക്കെ. അതെങ്ങിനെ...കയറിയടി തുടങ്ങിയില്ലേ ആദ്യം മുതല്‍ തന്നെ-കാരണം, ആര് പറയുന്നു എന്നുള്ള മുന്‍‌വിധി.

അതുകൊണ്ട് സ്വല്പം വെയിറ്റു ചെയ്ത് ആലോചിച്ച് ചര്‍ച്ചിക്കാന്‍ തുടങ്ങിയാല്‍ തന്നെ നമുക്ക് ഒന്നുകൂടി പറയുന്ന കാര്യത്തെപ്പറ്റിയും കേള്‍ക്കുന്ന കാര്യത്തെപ്പറ്റിയും വ്യക്തത വരും. അങ്ങിനെ കാര്യങ്ങള്‍ വ്യക്തമായാല്‍ പരസ്പര ബഹുമാനം വരും. അങ്ങിനെ പരസ്പര ബഹുമാനം വന്നാല്‍ പിടിവാശി കുറയും. അങ്ങിനെ പിടിവാശി കുറഞ്ഞാല്‍ തുറന്ന മനസ്സോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കും. ടോപ്പിക്കില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും-എല്ലാം പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുന്നു.

മനസ്സ് തുറന്നിരിക്കുക എന്നത് ചര്‍ച്ചയില്‍ വളരെ പ്രധാനം. മറുപക്ഷം പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. സ്വല്പം വെയിറ്റു ചെയ്യണം. ആലോചിക്കണം. എന്നിട്ടേ മറുപടി പറയാവൂ. രക്തം തിളച്ചാല്‍ സംഗതി കൈയ്യില്‍ നിന്നും പോയീ എന്ന് തന്നെ കരുതിയാല്‍ മതി. തിളയ്ക്കുന്ന രക്തം നമ്മുടെ കാഴ്‌ച ശക്തിയെത്തന്നെ ബാധിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. കാരണം, പിന്നെ മറുപക്ഷത്തിന്റെ കമന്റുകളൊന്നും വ്യക്തമായി വായിക്കാന്‍ കൂടി പറ്റുന്നില്ല :)

(മറുപക്ഷം, എതിര്‍പക്ഷം എന്നൊക്കെ ഒരു റഫറന്‍സിനു വേണ്ടി പറഞ്ഞതാണ്. അങ്ങിനെ ഈ പക്ഷവും എതിര്‍പക്ഷവും ഒക്കെ എത്രമാത്രം ഇല്ലാതാക്കാമോ, അത്രയും നല്ലത്)

നെറ്റി ഒന്നുകൂടി തിരുമ്മാം കേട്ടോ...ടിപ് നമ്പ്ര് 1.

9. അസ്ഥിക്ക് പിടുത്തം.

അതേ, ചര്‍ച്ചകള്‍ ഒരിക്കലും നമ്മുടെ അസ്ഥിക്ക് പിടിക്കരുത്. പിടിച്ചാല്‍ ഉടന്‍ തന്നെ അതങ്ങ് തൂത്ത് കളഞ്ഞേക്കണം. ചര്‍ച്ചകള്‍ അസ്ഥിക്ക് പിടിച്ചാല്‍ പിന്നെ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ധാരാളം. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല (ചര്‍ച്ചയല്ലല്ലോ ചോറ് തരുന്നത്), ആകപ്പാടെ വിഷാദം, ടെന്‍ഷന്‍, മൌനം, എല്ലാവരോടും ദേഷ്യം തുടങ്ങി നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത എല്ലാ സംഗതികളും കൂടെ ഒന്നിച്ച് വരും. ആര്‍ക്ക് പോയി? നമുക്ക് പോയി.

ഓര്‍ക്കുക. ചര്‍ച്ചയല്ല ജീവിതം. നമ്മള്‍ സാധാരണ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊക്കെ ആത്യന്തികമായി നമ്മളെയും നമ്മുടെ സമൂഹത്തിനെയും, നാടിനെയുമൊക്കെ ഒരു രീതിയിലല്ലെങ്കില്‍ വേറൊരു രീതിയില്‍ ബാധിക്കുന്ന കാര്യങ്ങളൊക്കെ തന്നെ. പക്ഷേ ആ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് അതെല്ലാം അസ്ഥിക്ക് പിടിച്ച് അതെല്ലാം ഓര്‍ത്ത് ടെന്‍ഷനടിച്ച് ഉറക്കമില്ലാതെ ബി.പി കൂടി നടന്നാല്‍ നമുക്കോ നമ്മുടെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല. അസ്ഥിക്ക് പിടിക്കാതെ തുറന്ന മനസ്സോടെ വികാരിയാകാതെ ശാന്തമ്മയായി ടോപ്പിക്കില്‍ മാത്രം ശ്രദ്ധയൂന്നി, ചര്‍ച്ച ചെയ്യാനുള്ള കപ്പാസിറ്റിയുള്ള ആള്‍ക്കാരുണ്ടെങ്കിലേ ചര്‍ച്ചകള്‍കൊണ്ട് പ്രയോജനം ഉണ്ടാവൂ. ഇതിന്റെ വേറൊരു വശം, ആത്യന്തികമാ‍യി (ഇതിപ്പം രണ്ടാം തവണയാണല്ലോ ആത്യന്തികം വരുന്നത്) നമ്മളൊക്കെ മനസ്സുകൊണ്ട് നല്ലയാള്‍ക്കാരായാല്‍ തന്നെ ചര്‍ച്ച ചെയ്യാനുള്ള ടോപ്പിക്കുകള്‍ പകുതിയായി കുറയും. അങ്ങിനെയല്ലാത്തതുകൊണ്ടാണല്ലോ നമ്മള്‍ക്കൊക്കെ പല പല കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെയാണല്ലോ പല ചര്‍ച്ചകളിലും നമ്മള്‍ അവസാനം അടിച്ച് പിരിയുന്നത്.

അതുകൊണ്ട് ചര്‍ച്ചകളെ ഒരു ജീവന്മരണ പോരാട്ടങ്ങളായോ അഭിമാന പ്രശ്‌നങ്ങളായോ എടുക്കാതിരിക്കുക. കുറഞ്ഞ പക്ഷം ബ്ലോഗുകളിലെ ചര്‍ച്ചകളെയെങ്കിലും. കുറച്ച് ബിസിനസ്സ് മനസ്സായാലും കുഴപ്പമില്ല എന്ന് തോന്നുന്നു. അതായത് ഒരു പരിപാടിക്ക് ഇറങ്ങിയാല്‍ എന്തെങ്കിലും പ്രയോജനം അതുകൊണ്ട് കിട്ടണം ഒരു ചര്‍ച്ചയ്ക്കിറങ്ങിയാല്‍ അതുകൊണ്ട് എന്തെങ്കിലും കാര്യം നമുക്ക് പഠിക്കാന്‍ പറ്റണം. അല്ലാതെ വെറുതെ കുറച്ച് ഒച്ചയെടുത്താല്‍ അതും ഒരു വ്യായാമമാണെന്നുള്ളത് ശരി, എങ്കിലും... അതിനു കൊടുക്കേണ്ട മൂലധനം എന്ന് പറയുന്നത് നമ്മുടെ മനഃസമാധാനം തന്നെയാണെങ്കില്‍ ഏതിനാണ് കൂടുതല്‍ മൂല്യമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

അപ്പോള്‍ അത് കഴിഞ്ഞു. ഇനി ഏതൊരു ചര്‍ച്ചയുടെയും പരിസമാപ്തി പോലെ ഒന്നും ഉള്ളില്‍ വെക്കാതെ ഹൃദ്യമായി ചിരിച്ചുകൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്ത് ചിരിച്ച് കളിച്ച്...

...ത്രയൊക്കെയേ ഉള്ളൂന്ന്.

(എല്ലാവരും ആ ചുളിഞ്ഞ നെറ്റി....)

Monday, January 15, 2007

കൂകൂ കൂകൂ തീവണ്ടി, റോഡില്‍‌ക്കൂടോടും തീവണ്ടി

പണ്ട് ഡല്‍‌ഹിക്ക് പോകാന്‍ കുറുമാന്‍ അരകല്ലും ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെയായി ഇരിങ്ങാ‍ലക്കുടയില്‍ നിന്ന് ടാക്കുസി പിടിച്ച് തൃശ്ശൂര്‍ സ്റ്റേഷനിലേക്ക് പോയപ്പോള്‍ ഓര്‍ത്തില്ലേ, കുന്തം, ഈ ട്രെയിന്‍ വീടിന്റെ പടിക്കല്‍ മുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനീ പെടാപാട് പെടണമായിരുന്നോ എന്ന്?!

ഇല്ലം വേണ്ടൊന്നെക്കെ പറഞ്ഞാണ് ഇനി അച്ചിയും വേണ്ടല്ലോ എന്നും വിചാരിച്ച് രാവിലെ കൊച്ചിയിലേക്കിറങ്ങിയതെങ്കിലും അവസാനം കൊച്ചീലൊട്ടച്ചിയുമില്ല, ഇല്ലത്തൂന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല, എന്നാല്‍ പിന്നെ ഇല്ലത്തേക്ക് തന്നെ തിരിച്ച് പോയേക്കാം എന്ന് വിചാരിച്ച് എറണാകുളത്തുനിന്ന് വൈകുന്നേരം അഞ്ചേകാലിന്റെ വേണാടില്‍ ഇടിച്ച് കയറി ചമ്മന്തിപ്പരുവത്തില്‍ കൊല്ലത്തിറങ്ങി,കൊല്ലം ജംക്‍ഷനില്‍ ബസ്സും നോക്കിനിക്കുമ്പോള്‍ കൊല്ലം‌കാരൊക്കെ ഓര്‍ത്തുകാണുമല്ലോ, ഈ വേണാട് വീടിന്റെ പടിക്കല്‍ വരെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടിലെത്തി കുളിയും കഴിഞ്ഞ് കഞ്ഞി ആ ചമ്മന്തിയും കൂട്ടി കോരിക്കുടിച്ച് സുഖമായി കിടന്നുറങ്ങാമായിരുന്നു എന്ന്!

അതേ വേണാടില്‍ രാത്രി പത്ത് പത്തിന് തമ്പാനൂരിറങ്ങി ഊളമ്പാറയ്ക്ക് പോകാന്‍ പ്രീപേപിടിച്ച ഓട്ടോക്കാരോട് വഴക്കിട്ട് വട്ടായി ഊളമ്പാറയിലെത്തുമ്പോള്‍ ഞാനെങ്കിലുമോര്‍ത്തിട്ടുണ്ട് ആ വന്ന തീവണ്ടി നേരേ ഊളമ്പാറ വരെയുണ്ടായിരുന്നെങ്കില്‍ എന്ന്...

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം? പാളം നമ്മുടെയെല്ലാവരുടെയും വീടിനു മുന്നില്‍ കൂടി വലിക്കാന്‍ പറ്റുമോ? അങ്ങിനെ വലിക്കാന്‍ നോക്കിയാല്‍ നമ്മള്‍ തന്നെ അതിന് പാലം വലിക്കും. അതുകൊണ്ട് നമ്മുടെ തീവണ്ടി യാത്രകളില്‍ വേണമെങ്കിലും വേണ്ടെങ്കിലും ഓട്ടോ മുതല്‍ ഉന്തുവണ്ടി വരെ സൈഡ് യാത്രയ്ക്കായി ഉപയോഗിക്കേണ്ടി വരുന്നു.

പക്ഷേ ഇനിമുതല്‍ വേണമെന്നില്ല. ഡ്യൂവല്‍ മോഡ് വണ്ടികള്‍ വരികയല്ലേ.

അതേ റോഡിലൂടെ ബസ്സ് പോലെയും പാളത്തില്‍ കയറിയാല്‍ തീവണ്ടിപോലെയും കൂളായി ഓടുന്ന ഡ്യൂവല്‍ മോഡ് വണ്ടികള്‍. (ഡ്യൂവല്‍ മോഡ് എന്ന പദം പല കാര്യങ്ങളിലും ഉപയോഗിക്കും-ഇലക്ട്രോണിക്‍സിലുള്‍പ്പടെ. ഇവിടെ ആ പദം ട്രാന്‍‌സ്പോര്‍ട്ടേഷനെ ആസ്പദമാക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രാന്‍‌സ്പോര്‍ട്ടേഷനില്‍ തന്നെ ഈ പദം രണ്ട് വ്യത്യസ്ത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം എടുക്കുന്ന വണ്ടികളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കും. പക്ഷേ ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത് റോഡിലും റെയിലിലും ഓടുന്ന വണ്ടി എന്ന അര്‍ത്ഥത്തില്‍. കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആകണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി.)

റോഡ്-റെയില്‍ വണ്ടിയുടേത് അത്ര അന്താരാഷ്ട്ര സാങ്കേതികവിദ്യയൊന്നുമല്ല, വണ്ടിയില്‍ ബസ്സിന്റെ ടയറും കാണും, തീവണ്ടിയുടെ ചക്രവും കാണും. റോഡില്‍ കൂടി റബ്ബര്‍ ടയര്‍, പാളത്തില്‍ കൂടി തീവണ്ടിച്ചക്രം. എന്നിട്ടുമെന്തേ ലെവന്‍ ഇത്രനാളും ക്ലച്ച് പിടിച്ചില്ല?

1932-ല്‍ ഇംഗ്ലണ്ടിലാണെന്ന് തോന്നുന്നു, ഇത്തരം വണ്ടികള്‍ ആദ്യമായി ഉണ്ടാക്കാനുള്ള ശ്രമം നടന്നത്. അതിന്റെ ഗതി പിന്നെന്തായെന്ന് അറിയില്ല. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് ആസ്ട്രേലിയയും ജപ്പാനുമൊക്കെ ലെവനെ ഉണ്ടാക്കാന്‍ നോക്കിയിരുന്നു. ഒരിടത്തും ക്ലച്ച് പിടിച്ചില്ല-കാരണം ക്ലച്ച് തന്നെയായിരുന്നോ എന്നറിയില്ല. പക്ഷേ റോഡില്‍ കൂടി പാറിപ്പറന്ന് വരുന്ന അണ്ണന്‍ പാളം കാണുമ്പോള്‍ അറച്ച് നില്‍‌ക്കുന്നു. ടയറില്‍ നിന്ന് ചക്രത്തിലേക്ക് മാറാന്‍ വലിയ താമസം എടുക്കുന്നു.

സാധാരണ ഈ വണ്ടിയില്‍, നേരത്തെ പറഞ്ഞതുപോലെ, വണ്ടിച്ചക്രങ്ങളും തീവണ്ടിച്ചക്രങ്ങളും കാണും. റോഡില്‍ കൂടി ഓടുമ്പോള്‍ തീവണ്ടി ചക്രം റോഡില്‍ മുട്ടാതെ പൊങ്ങിയിരിക്കും. പാളത്തിലേക്ക് കയറുമ്പോള്‍ തീവണ്ടി ചക്രം താന്ന് വന്ന് പാളത്തില്‍ മുട്ടി, സാദാ ടയര്‍ നാലും (അല്ലെങ്കില്‍ ആറും) പൊങ്ങി, യാത്ര തുടരണം. പക്ഷേ ഈ പരിപാടി അത്ര എളുപ്പമല്ല. മാത്രവുമല്ല നല്ല ചിലവുമാണ് ഇത്തരം പരിപാടികള്‍ ഉണ്ടാക്കുക എന്നത്. ഇതിന് ഒരു പരിഹാരം റോഡിലും പാളത്തിലും റബ്ബര്‍ ടയര്‍ തന്നെ ഉപയോഗിക്കുക എന്നതാണ്. പക്ഷേ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ എത്തുമ്പോള്‍ തന്നെ റബ്ബര്‍ മുഴുവന്‍ തേഞ്ഞ് തീര്‍ന്ന് സംഗതി റിം മാത്രമായി തീവണ്ടിച്ചക്ര ഷേപ്പ് തന്നെയാകും. മാത്രവുമല്ല-ട്രെയിന്‍ പാളത്തില്‍ കൂടി ഓടാന്‍ പാകത്തിലുള്ള ടയര്‍ ഡിസൈന്‍ ചെയ്യണം. സുരക്ഷയും ഒരു പ്രശ്‌നം. അതുകൊണ്ട് ആ ആശയത്തിന് വലിയ മാര്‍ക്കറ്റ് ഇല്ല.

അങ്ങിനെ ഇതിന്റെ ഗതി അധോഗതി എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ജപ്പാനിലെ ഹൊക്കൈഡോ തീവണ്ടിക്കമ്പനി അവരുടെ ധാരാളം തീവണ്ടികള്‍ നാലും മൂന്നും ഏഴുപേരെയൊക്കെ വെച്ച് ഓടാന്‍ തുടങ്ങിയത്. സംഗതി പാളം വഴി മാത്രം ഓടുമ്പോള്‍ പെരുത്ത് നഷ്ടം. ആളില്ല. അതേ സമയം റോഡില്‍ കൂടി ബസ്സൊക്കെ നിറഞ്ഞ് കവിഞ്ഞൊന്നുമല്ലെങ്കിലും സാമാന്യം ആള്‍ക്കാരൊക്കെയായി തട്ടിമുട്ടിയും തട്ടാതെയും മുട്ടാതെയും ഓടുകയും ചെയ്യുന്നു. അപ്പോളാണ് അണ്ണന്മാര്‍ ചിന്തിച്ചത്, എന്നാല്‍ പിന്നെ ഈ തീവണ്ടികള്‍ റോഡില്‍ കൂടെയും ഓടിച്ചാലോ... ജപ്പാനിലാണെങ്കില്‍ ഒറ്റ കമ്പാര്‍ട്ട്‌മെന്റ് മാത്രമുള്ള ധാരാളം തീവണ്ടികളും ഉണ്ട്-പ്രത്യേകിച്ചും ഉള്‍‌നാടന്‍ പ്രദേശങ്ങളില്‍. അപ്പോള്‍ അങ്ങിനത്തെ തീവണ്ടികള്‍ റോഡില്‍ കൂടി ഓടിക്കുന്നത് ട്രാഫിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുകയുമില്ല.

അങ്ങിനെയാണ് റോഡില്‍ക്കൂടിയും പാളത്തില്‍ക്കൂടിയും ഓടുന്ന വണ്ടിത്തീവണ്ടികള്‍ ജപ്പാന്‍‌കാര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഹൊക്കൈഡോ തീവണ്ടിക്കമ്പനിയുടെ ഈ വണ്ടിത്തീവണ്ടിയുടെ ഗുണം റോഡില്‍ നിന്നും പാളത്തിലേക്ക് കയറുമ്പോള്‍ വലിയ അറച്ച് നില്‍‌പ്പോ നാണം കുണുങ്ങലോ ഇല്ല എന്നതാണ്. അണ്ണന്മാരുടെ പരീക്ഷണ വണ്ടിയെപ്പറ്റിയാണ് താഴെ വിവരിച്ചിരിക്കുന്നത്.

ആലുവാ-ചോറ്റാനിക്കര വണ്ടിയാണ് സംഭവം എന്ന് വിചാരിക്കുക. ഡ്രൈവര്‍ മിസ്റ്റര്‍ എ. ക്ഷമന്‍ അക്ഷമനായി വണ്ടിക്കകത്തിരിക്കുന്നു.ആലുവ സ്റ്റാന്‍ഡില്‍ നിന്നും യാത്ര തുടങ്ങുന്ന വണ്ടി കരോത്തുകുഴി (അല്ലേ?) ആശുപത്രിയുടെ അവിടം വരെ റോഡ് വണ്ടിയായി വരുന്നു. അവിടെ വണ്ടി വളവ് വീശിയെടുക്കുന്ന പടം ഇവിടെ.വണ്ടി വളവൊക്കെ വീശിയെടുക്കുന്നു. ഇനി ആ ട്രെയിന്‍ പാളത്തിലേക്ക് കയറണം. കാരണം പാത, വരി നാലാണെങ്കിലും നാല്പത് വരികളുടെ വണ്ടികളല്ലേ അതില്‍ക്കൂടി ഓടുന്നത്. ട്രെയിന്‍ പാളത്തിലൂടെയാണെങ്കില്‍ മുപ്പത്തെട്ട് മണിക്കൂര്‍ ലേറ്റായി ഗുഹുവാത്തിവണ്ടി പോയിട്ട് മണിക്കൂറൊന്നായി. ഇനി അടുത്ത ലേറ്റ് വണ്ടി വരണം. അപ്പം പിന്നെ പാളത്തിലൂടെ ഓടിച്ചാല്‍ റോഡിലെ തിരക്ക് എത്രമാത്രം കുറയ്ക്കാം. ദോ വണ്ടി പാളത്തിലേക്ക് കയറാനായി വരുന്നു.ഇതാണ് പാളം.ഇനി വണ്ടി വലിയ ചമ്മലും മടിയും സങ്കോചവുമൊന്നുമില്ലാതെ പാളത്തിലേക്ക് സ്മൂത്തായി കയറണം. അതിനാണ് താഴെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍. അവയില്‍ നോക്കിയാല്‍ ഒരു ഗൈഡ് വീല്‍ കാണാം. വണ്ടിയുടെ രണ്ട് സൈഡിലും ഓരോ ഗൈഡ് വീലുകളുണ്ട്. വണ്ടി പാളത്തിലേക്കടുക്കുമ്പോള്‍ ഈ ഗൈഡ് വീലുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് വരും. അവ വണ്ടിയെ പാളത്തിലേക്ക് ഗൈഡ് ചെയ്യും.തറയിലേക്ക് നോക്കിയാല്‍ മനസ്സിലാകും വണ്ടി ഇപ്പോഴും റോഡില്‍ തന്നെ. പാളത്തിലേക്ക് കയറാന്‍ തുടങ്ങുന്നു, ഗൈഡ് വീലുകളുടെ സഹായത്തോടെ (ഈ ഗൈഡ് വീല്‍ പരിപാടിയുടെ ഐഡിയ ജപ്പാന്‍‌കാരുടേതാണ്. റോഡില്‍‌നിന്നും പാളത്തിലേക്കുള്ള മാറ്റം വളരെ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു എന്നാണ് അവര്‍ പറയുന്നത്).

ഇനി കാണുന്നത് ആ ഗൈഡ് വീലുകളുടെ സഹായത്തോടെ വണ്ടി പാളത്തിലേക്ക് കയറുന്നതാണ്.മുകളിലത്തെ ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും, ഇപ്പോഴും റബ്ബര്‍ ടയറുകൊണ്ട് തന്നെയാണ് വണ്ടി മുന്നോട്ട് നീങ്ങുന്നത്. വണ്ടി പാളത്തിലേക്ക് കയറിയിട്ടേ ഉള്ളൂ. ശരിയ്ക്കുള്ള റെയില്‍ പാളം തുടങ്ങിയിട്ടില്ല-വേണമെങ്കില്‍ റെയില്‍-റോഡ് ക്രോസിംഗിലെപ്പോലത്തെ ഒരു പാള‌-റോഡ് കോമ്പിനേഷന്‍ സങ്കല്‍‌പ്പിക്കാം.

വണ്ടി അങ്ങിനെ പാളത്തില്‍ കയറിയാല്‍ ഒരു സ്വല്പ നേരത്തേക്ക് നിര്‍ത്തും. കാരണം ഇനി റബ്ബര്‍ ടയറുകൊണ്ടല്ല, തീവണ്ടിച്ചക്രം കൊണ്ടാണ് വണ്ടി മുന്നോട്ട് നീങ്ങേണ്ടത്. അതിനെന്താണ് വേണ്ടത്? തീവണ്ടിച്ചക്രങ്ങള്‍ വേണം. താഴെ കാണുന്ന മൂന്ന് പടങ്ങളില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം, തീവണ്ടിച്ചക്രങ്ങള്‍ പതുക്കെ താഴ്ന്നു വരുന്നു.തീവണ്ടിച്ചക്രങ്ങള്‍ താഴ്ന്നുവരുന്ന സീന്‍ ഇവിടെയുംഅങ്ങിനെ തീവണ്ടിച്ചക്രങ്ങള്‍ പാളത്തില്‍ മുട്ടി-താഴത്തെ പടത്തില്‍ കാണിച്ചിരിക്കുന്നതുപോലെ.ഈ ലിവര്‍ ഉപയോഗിച്ചാണ് ഈ പരിപാടികളൊക്കെ ചെയ്യുന്നത്.പാളത്തില്‍‌ക്കൂടി ഓടുന്ന വണ്ടിക്ക് വണ്ടിച്ചക്രങ്ങള്‍ വേണ്ടല്ലോ, തീവണ്ടിച്ചക്രങ്ങള്‍ മതിയല്ലോ. അതുകൊണ്ട് വണ്ടിച്ചക്രങ്ങള്‍ ഇനി മുകളിലേക്ക് പൊക്കിവെക്കണം. താഴത്തെ പടത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം, വണ്ടിച്ചക്രങ്ങള്‍ പതുക്കെ മുകളിലേക്ക് പൊങ്ങുന്നു.ഒന്നുകൂടി വ്യക്തമായി ഇവിടെ:റബ്ബര്‍ ചക്രങ്ങളോടൊപ്പം ഗൈഡ് വീലുകളും അകത്തേക്ക് വലിയും. ഇനി വണ്ടിയും പാളവുമായുള്ള ബന്ധം തീവണ്ടിച്ചക്രങ്ങള്‍ വഴി മാത്രം.

അങ്ങിനെ പാളത്തില്‍ കയറുന്ന വണ്ടി പാളം കുളുങ്ങിയാലും കേളന്‍ കുളുങ്ങില്ല എന്ന രീതിയില്‍ ഇങ്ങിനെ വന്ന്ഇങ്ങിനെയങ്ങ് പോകുംഇതാണ് ഐഡിയ. ഇനി സംഗതി സാധാരണ തീവണ്ടിപോലെ അങ്ങ് പറപ്പിച്ച് പോയാല്‍ മതി. ഇടയ്ക്ക് നോര്‍ത്തും സൌത്തും കളമശ്ശേരികളില്‍ ഓരോ സ്റ്റോപ്പൊക്കെയാവാം. സംഗതി ഇടപ്പള്ളി ടോളിന്റെ അവിടെ എത്തുമ്പോള്‍ വീണ്ടും റോഡില്‍ കയറും. പാ‍ലാരിവട്ടം, കലൂര് വഴി കച്ചേരിപ്പടിയില്‍ നിന്നും ചിറ്റൂര്‍ റോഡില്‍ കയറി സൌത്ത് വഴി വളഞ്ഞമ്പലത്തെത്തിയാല്‍ പാളത്തിലേക്ക് കയറാന്‍ എളുപ്പമായല്ലോ. (പീക്ക് ടൈമില്‍ ലെവനെ നോര്‍ത്തില്‍‌നിന്നു തന്നെ പാളത്തില്‍ കയറ്റാം). പിന്നെ തൃപ്പൂണിത്തുറ വരെ പാളം വഴി. അതുകഴിഞ്ഞ് കുറച്ച് കൂടെ മുന്നോട്ട് പോയി കുരീക്കാട് (?)‌ചെന്നിട്ട് റോഡിലേക്ക് കയറിയാല്‍ പതിനഞ്ച് മിനിറ്റുകൊണ്ട് ചോറ്റാനിക്കര. സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ബ്ലോക്ക് മൊത്തം ഒഴിവാക്കാം.

ഈ പടത്തിന്റെ മുഴുവന്‍ ചിത്രങ്ങള്‍ക്കും കടപ്പാട് ഈ മൂന്ന് ലിങ്കുകളിലെ (ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3)വീഡിയോകള്‍. താത്‌പര്യമുള്ളവര്‍ക്ക് ആ ലിങ്കുകളിലെ (പ്രത്യേകിച്ചും ലിങ്ക് 2) വീഡിയോകള്‍ കാണാവുന്നതാണ്. പക്ഷേ മിക്കവാറും “വേണ്ടായിരുന്നൂ” എന്ന ശ്ലോകം ചൊല്ലും. കാരണം ആ വീഡിയോ മൊത്തമായി ലോഡ് ചെയ്യാന്‍ എട്ടുമണിക്കൂര്‍ ഇരുപത്തിമൂന്ന് മിനിറ്റ് മുപ്പത്തിരണ്ട് സെക്കന്റെടുത്തു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവും. പക്ഷേ നല്ല സമയമെടുത്തു. അതുകൊണ്ട് വീഡിയോ സ്റ്റില്ലാക്കി പ്രിന്റ് സ്ക്രീന്‍ എടുത്തു.

സംഗതിയുടെ ഒരു ചെറിയ വിവരണം ഇവിടെ. ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.

ഈ അദ്ധ്വാനമെല്ലാം കഴിഞ്ഞ് എന്തുകൊണ്ട് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇത്തരം ആശയങ്ങളൊന്നും കത്തുന്നില്ല എന്നോര്‍ത്ത് ഉത്‌കണ്ഠാകുലനായി മുഖവും കൂര്‍പ്പിച്ച് ഇന്റര്‍നെറ്റില്‍ സര്‍ഫും ഏരിയലുമൊക്കെയിട്ട് പതപ്പിച്ച് നോക്കിയിരിക്കുമ്പോഴല്ലേ മനസ്സിലായത്, ഇതൊക്കെ ഒരു ബഹളവുമില്ലാതെ നമ്മള്‍ വളരെ പണ്ടേ നാട്ടില്‍ നടപ്പാക്കിയിട്ടുണ്ടെന്ന്. ഇവിടുണ്ട്

ഇതിനെ വേണമെങ്കില്‍ അതിന്റെ ഒരു കൊറൊളറി എന്ന് വിളിക്കുകയുമാവാം.

നമ്മളൊക്കെയാരാ മക്കള്‍ :)