Thursday, September 14, 2006

തങ്കമ്മസാര്‍

തൊട്ടടുത്ത സ്കൂളിലെ ടീച്ചറാണ്. കൂടെ പഠിപ്പിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ടീച്ചറിനെ വലിയ കാര്യമാണ്. മോനും ടീച്ചര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെ പഠിക്കുന്നു.

എന്നും രാവിലെ ധൃതി വെച്ച് വെപ്രാളപ്പെട്ടാണ് ടീച്ചര്‍ സ്കൂളിലേക്ക് പോകുന്നത്. മിക്കവാറും താമസിച്ചേ സ്കൂളില്‍ ചെല്ലൂ. ഇതുവരെ ഒരേ കളറുള്ള ചെരിപ്പ് രണ്ട് കാലിലുമിട്ട് ടീച്ചര്‍ സ്കൂളില്‍ ചെന്നിട്ടില്ല. ചെന്നാല്‍ ആദ്യത്തെ കര്‍മ്മം ഹാജര്‍ ബുക്കില്‍ ഒപ്പിടുക എന്നതാണ്. ഇതുവരെ ടീച്ചര്‍ സ്വന്തം പേരിന്റെ നേരെ ഒപ്പിട്ടിട്ടില്ലത്രേ. മിക്കവാറും ആ ഭാഗ്യവാന്‍/ഭാഗ്യവതി വേറേ ഏതെങ്കിലും സാറോ ടീച്ചറോ ആയിരിക്കും. ഒരു ദിവസം ധൃതിപിടിച്ച് സ്കൂളില്‍ ഓടിക്കയറിയ ടീച്ചര്‍ പതിവുപോലെ വേറേ ആരുടേയോ പേരിനു നേരെ ഒപ്പിട്ടിട്ട് ഹെഡ്മാസ്റ്റര്‍ നമ്പൂരിസാറിന്റെ കോളമാണെന്നോര്‍ത്ത് വേറേ ആരുടെയോ കോളത്തില്‍ നോക്കിയിട്ട് അവിടെ ഒപ്പൊന്നും കാണാതെ തൊട്ടുമുന്നിലിരിക്കുന്ന നമ്പൂരിസാറിനോടു തന്നെ ചോദിച്ചു,

“ഇന്ന് നമ്പൂരിസാര്‍ വന്നിട്ടില്ല അല്ലേ”

അതാണ് ടീച്ചര്‍.

ഒരു ദിവസം രാവിലെ മകനേയും വലിച്ചുകൊണ്ട് ടീച്ചര്‍ ഓടുകയാണ് സ്കൂളിലേക്ക്. മോനാണെങ്കില്‍ വലിയ വായില്‍ നിലവിളിക്കുന്നു. ടീച്ചറിനുണ്ടോ അതുവല്ലതും കേള്‍ക്കാന്‍ സമയം. തോളില്‍ ബാഗും ഒരു കൈയ്യില്‍ കുടയും മറുകൈയ്യില്‍ മകനുമായി ടീച്ചര്‍ പറക്കുകയാണ്. കരച്ചില്‍ കണ്ട് വഴിവക്കില്‍ നിന്ന ആരോ മകനോട് തന്നെ ചോദിച്ചു, എന്താണ് മോനേ കരയുന്നതെന്ന്.

“എന്റെ നിക്കറിന്റെ പോക്കറ്റ് കാണുന്നില്ലാ...ങൂം...ങൂം...ങൂം”

രാവിലെ ധൃതിക്ക് സ്കൂളിലേക്കോടുന്ന തിരക്കില്‍ മകന്റെ നിക്കര്‍ ടീച്ചര്‍ തിരിച്ചാണ് ഇട്ടുകൊടുത്തത്. പോക്കറ്റൊക്കെ പുറകില്‍.

ഒരു ദിവസം കുടയാണെന്നോര്‍ത്ത് ചൂലുമെടുത്തുകൊണ്ടാണത്രേ ടീച്ചര്‍ സ്കൂളില്‍ ചെന്നത് (അതിശയോക്തിയല്ല എന്നത് വെരിഫൈ ചെയ്തു).

സ്കൂളില്‍ ആരുടെയെങ്കിലും പേന, പെന്‍സില്‍, സ്കെയില്‍ ഇവയൊക്കെ കാണാതെ പോയാല്‍ ടീച്ചറും കൂടും അവരുടെ കൂടെ തപ്പാന്‍. ആരെങ്കിലും, “ഇനി തങ്കമ്മ സാറിന്റെ ബാഗിനകത്തെങ്ങാനുമുണ്ടോ” എന്നൊരു സംശയം പറഞ്ഞാല്‍ “അതിനെന്താ, നോക്കിക്കോ” എന്നും പറഞ്ഞ് ടീച്ചര്‍ തന്നെ ബാഗ് തുറന്ന് കാണിച്ചുകൊടുക്കും. മിക്കവാറും പോയ വസ്തു ടീച്ചറിന്റെ ബാഗിനകത്തുതന്നെയുണ്ടായിരിക്കും.

വൈകുന്നേരം വീട്ടില്‍ ചെന്നാലോ, പിടിപ്പത് പണിയാണ് ടീച്ചറിന്. വെള്ളം കോരണം, ഭര്‍ത്താവിന് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കണം, ചോറും കറികളും വെക്കണം...

സ്വന്തം വീട്ടില്‍ വെള്ളക്ഷാമമായതുകാരണം മിക്കവാറും അയല്പക്കത്തെ വീട്ടില്‍‌നിന്നാണ് ടീച്ചര്‍ വെള്ളം കോരുന്നത്. അവിടെയും ടീച്ചറിന്റെ മുഖമുദ്ര വെപ്രാളമാണ്. ഓടിവന്ന്, വെള്ളം കോരാനുള്ള ബക്കറ്റാണെന്നോര്‍ത്ത്, വെള്ളം കൊണ്ടുപോകാന്‍ വേണ്ടി കൊണ്ടുവന്ന മൊന്തയോ പാത്രമോ ആയിരിക്കും ടീച്ചര്‍ കിണറ്റിലേക്കെടുത്തിടുന്നത്. വര്‍ഷാവസാനം കിണര്‍ വൃത്തിയാക്കുന്ന അയല്പക്കക്കാരന് ഒരു അക്ഷയപാത്രം കണക്കെ പാത്രങ്ങളാണ് കിണറ്റില്‍ നിന്നും കിട്ടുന്നത്.

അടുത്ത പണി ഭര്‍ത്താവിന് കുളിക്കാനുള്ള വെള്ളം ചൂടാക്കലാണ്. വെള്ളമൊക്കെ ചൂടാക്കി കുളിമുറിയില്‍ വെച്ചിട്ട് ഭര്‍ത്താവിനെ വിളിക്കും. ദേഹം കുളിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാത്ത എരിവും പുളിയുമൊക്കെയാണ് വെള്ളത്തിന്. ടീച്ചറിനോട് ചോദിച്ചാല്‍ ടീച്ചറിനും അറിയില്ല എന്താണ് പ്രശ്‌നമെന്ന്. പക്ഷേ രാത്രി അത്താഴം കഴിക്കുമ്പോള്‍ സംഗതി പിടികിട്ടും. കാരണം അന്നത്തെ സാമ്പാറിന് എരിവുമില്ല, പുളിയുമില്ല, ഉപ്പുമില്ല. സാമ്പാറിലേക്കാണെന്നോര്‍ത്ത് ഇവയെല്ലാം ടീച്ചര്‍ കോരിയിടുന്നത് അപ്പുറത്തെ അടുപ്പില്‍ ഭര്‍ത്താവിന് കുളിക്കാന്‍ വേണ്ടി ചൂടാക്കാന്‍ വെച്ച വെള്ളത്തിലേക്കാണ്.

ചാരം തെങ്ങിന് നല്ല വളമാണെന്നറിഞ്ഞ ടീച്ചര്‍ അദ്ധ്വാനഭാരം കുറയ്ക്കാന്‍ വേയ്സ്റ്റൊക്കെ തെങ്ങിന്റെ ചുവട്ടില്‍ തന്നെ കത്തിക്കാന്‍ തുടങ്ങി. ആവേശം കൂടി കത്തിച്ച് കത്തിച്ച് ഒരുദിവസം തെങ്ങ് തന്നെ മൊത്തത്തില്‍ കത്തിച്ചു, ടീച്ചര്‍. തെങ്ങ് ചെന്ന് വീണതോ അയല്പക്കത്തെ കിണറിന് കുറുകെയും.

(കഥയില്‍ ചോദ്യമുണ്ടോ?-പക്ഷേ സംഗതികളൊക്കെ നടന്നതുതന്നെ എന്നാണ്...).

Saturday, September 02, 2006

കരിയര്‍ ഗൈഡന്‍സ്

നിങ്ങളുടെ ഇപ്പോഴത്തെ ജോലി വിരസമാണെന്ന് തോന്നുന്നുണ്ടോ? ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോഴത്തെ ജോലിക്ക് വെല്ലുവിളി, മോട്ടിവേഷന്‍ ഇവയൊന്നും ഇല്ലാ എന്ന് തോന്നുന്നുണ്ടോ? ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു എന്ന് പറയിപ്പിക്കുന്ന നവജോലികള്‍.

1. പീ കളക്‍ടര്‍

അക്കിടിപറ്റിയോ വക്കാരിമഷ്ടാ SSLC PDC B.Sc M.Sc MA AMME
പീ കളക്‍ടര്‍
ഹൊറിബിള്‍ യൂണിവേഴ്‌സിറ്റി
ഉഗാണ്ടാ

എന്ന തമിഴ് സിനിമാ സംവിധായകരുടെ തരം വിസിറ്റിംഗ് കാര്‍ഡ് സ്വന്തമായി ഉണ്ടാവാന്‍ ആഗ്രഹമില്ലാത്ത ആരാണുള്ളത്? അതേ, അതാണ് ആരേയും മോഹിപ്പിക്കുന്ന പീ കളക്‍ടര്‍ ഉദ്യോഗം. വെറും മൂത്രമല്ല, ഉറാംഗ് ഉട്ടന്റെ മൂത്രമാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ചെറില്‍ നോട്ട് വളരെ കലാപരമായി ദിവസവും ശേഖരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി നോട്ടും കൂട്ടും ഇന്തോനേഷ്യന്‍ വനാന്തരങ്ങളില്‍ക്കൂടി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഉട്ടന്‍ ചേട്ടന്മാരെ തപ്പി നടപ്പാണ്. ഒന്നിനെ കണ്ടാല്‍ പിന്നെ ആദ്യം ചെയ്യുന്നത് അവിടെ ടെന്റ് കെട്ടി ഉട്ടന്റെ മൂട്ടില്‍ കൂടി പമ്മിപ്പമ്മി നടക്കുകയാണ്, ഒരു വടിയില്‍ കൊല്ലം‌കാരുടെ ബ്യാഗും കെട്ടി. ഒരു തുള്ളി മൂത്രം പോലും നഷ്ടപ്പെടാതെ പിടിക്കണം. ഉട്ടിമാരുടെ പ്രത്യുല്‍‌പാദന രീതികളെയും മറ്റും പഠിക്കാന്‍ ഇതില്‍ പരം നല്ല മാര്‍ഗ്ഗമില്ലെന്നുള്ള തിരിച്ചറിവിലാണ് അവര്‍ ഈ ആസ്വാദ്യകരമായ ജോലി ആസ്വദിച്ച് ചെയ്യുന്നത്. ഉട്ടിമാര്‍ എട്ടുകൊല്ലം കൂടുമ്പോഴേ പ്രസവിക്കൂ എന്നുള്ളത് ഈ ജോലിയെ ഒട്ടുമേ വിരസമല്ലാതാക്കുന്നു. മൂത്രത്തിന് ബ്രൂട്ടിന്റെ മണമാണോ പാര്‍ക് അവന്യൂവിന്റെ മണമാണോ എന്ന് മാത്രം അവര്‍ പറഞ്ഞിട്ടില്ല.

എന്താ നോക്കുന്നോ?

2. വോള്‍ക്കാനോളൊജിസ്റ്റ്

കേള്‍ക്കാന്‍ നല്ല സുഖമല്ലേ. അതിലും സുഖമാണ് ജോലി. എവിടെയെങ്കിലും അഗ്‌നിപര്‍വ്വതം പൊട്ടാന്‍ പോകുന്നു എന്ന് കേട്ടാല്‍ ബ്രെയിന്‍ ആദ്യം തലച്ചോറിനോട് പറയുന്നത് ഓടിക്കോ എന്നാണ്. ആ സന്ദേശം കാലുകള്‍ പിടിച്ചെടുത്താല്‍ അടുത്ത നിമിഷം നമ്മള്‍ ഓടും, വോള്‍ക്കാനോജിസ്റ്റും ഓടും. പക്ഷേ രണ്ടുപേരുടേയും ഓട്ടം വിപരീത ദിശകളിലായിരിക്കുമെന്ന് മാത്രം. നമ്മള്‍ പര്‍വ്വതത്തിന്റെ എതിര്‍ ദിശയിലേക്ക് വെച്ചുപിടിപ്പിക്കുമ്പോള്‍ അണ്ണന്മാരുടെ ഓട്ടം അതിനടുത്തേക്കാണ്. ഒരു കാക്കത്തൊള്ളായിരം സംഗതികള്‍ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ വരും-നല്ല ഒന്നാംതരം മണമുള്ള സള്‍ഫര്‍ ഡയോക്സൈഡ് വാതകം വരെ. അതിലെല്ലാം കുളിച്ച് പണിയെടുക്കണം. എപ്പോള്‍ പൊട്ടും, പൊട്ടാറായോ, പൊട്ടിയോ, ചീറ്റിയോ എന്നൊക്കെ കണ്ടുപിടിക്കണം. പര്‍വ്വതം മുഴുവന്‍ വലിഞ്ഞു കയറണം, ഒലിച്ചുവരുന്ന സംഗതികള്‍ ശേഖരിക്കണം.

എസി മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് കറങ്ങിയടിച്ച് ബ്ലോഗ് ചെയ്യുന്ന നമ്മുടെ പണികളെക്കാളൊക്കെ എന്ത് രസകരം.

3. ന്യൂക്ലിയര്‍ വെപ്പണ്‍ സയന്റിസ്റ്റ്

വ്വൌ...എന്നായിരിക്കും അല്ലേ ആദ്യ പ്രതികരണം. പക്ഷേ അമേരിക്കയിലെ ലോസ് അലാമോസ് ലബോറട്ടറിയിലെ വെന്‍ ഹോ ലീയോട് ചോദിച്ച് നോക്കിക്കേ, വ്വൌ എന്നതിനു പകരം അയ്യോ എന്നായിരിക്കും അദ്ദേഹം പ്രതികരിക്കുക. അവിടുത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള X ഡിവിഷന്‍ ലബോറട്ടറിയില്‍ കഴിഞ്ഞ ഇരുപത് കൊല്ലമായി ജോലി ചെയ്യുകയായിരുന്നു ശ്രീമാന്‍ ലീ. അദ്ദേഹം അവിടുത്തെ ഏറ്റവും രഹസ്യ സ്വഭാവമുള്ള കുറച്ച് ഡാറ്റാ ടേപ്പുകള്‍ ചൈനയിലേക്ക് കടത്തി എന്നും പറഞ്ഞ് അദ്ദേഹത്തെ പിടിച്ച് ജയിലിലിട്ടു. ഏതാണ്ട് മുന്നൂറ് ദിവസത്തോളമുള്ള കലാപരിപാടികള്‍ക്ക് ശേഷം ഒന്നും തന്നെ തെളിയിക്കാനാവാതെ അദ്ദേഹത്തെ ജയിലില്‍ നിന്നും വിട്ടയച്ചു.

പക്ഷേ, അവിടെനിന്ന് പിന്നെയും ഡാറ്റാ ടേപ്പുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. പക്ഷേ കിട്ടി-ഫോട്ടോകോപ്പി മെഷീനിന്റെ പുറകില്‍ നിന്നും. അവസാനം അവിടുത്തെ ലബോറട്ടറി ഒരു മാസത്തേക്ക് അണ്ണന്മാര്‍ അടച്ചിട്ടിട്ട് ശാസ്ത്രജ്ഞരെ സ്റ്റേപ്പിള്‍ ഉപയോഗിക്കാനും പേപ്പര്‍ ക്ലിപ്പ് ചെയ്യാനുമൊക്കെയുള്ള ട്രെയിനിംഗ് കൊടുക്കേണ്ടി വന്നു. ഇതെല്ലാം കഴിഞ്ഞ് ആ ലബോറട്ടറി മാനേജ് ചെയ്യാന്‍ വെളിയില്‍ ആള്‍ക്കാര്‍ക്ക് കോണ്ട്രാക്ട് കൊടുക്കേണ്ടിയും വന്നു. ഇതെല്ലാം സംഭവിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലബോറട്ടറികളില്‍ ഒന്നിലാണെന്ന് ഓര്‍ക്കണം.

പക്ഷേ കാണാതായ ആ ഡാറ്റാ ടേപ്പുകള്‍ എവിടെ? അവസാനം എഫ്.ബി.ഐ കണ്ടുപിടിച്ചു. അങ്ങിനെയൊരു കാണാതാകലേ ഉണ്ടായിട്ടില്ല. ഉള്ള ടേപ്പുകള്‍ മുപ്പത് എന്നതിനു പകരം ആരോ ടൈപ്പ് ചെയ്തപ്പോള്‍ മുന്നൂറ് എന്നായിപ്പോയി ബാക്കിയുള്ള ഇരുനൂറ്റെഴുപത് ടേപ്പുകള്‍ക്കായുള്ള അന്വേഷണത്തിനിടയ്ക്കായിരുന്നു, ശ്രീമാന്‍ ലീയെ പിടിച്ച് ജയിലിലിട്ടത്.

കുന്തം, ഈ ജോലിയൊന്നും വേണ്ട എന്ന് പറഞ്ഞ് വേറേ ജോലി നോക്കണമെങ്കിലോ? ഗോഡ്‌ഫാദറില്‍ ഇന്നസെന്റ് ചോദിച്ചതുപോലെ നീയൊക്കെ എന്തുവാ ഇത്രയും നാള്‍ ചെയ്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ കാണിക്കാനൊന്നുമില്ല. വളരെ രഹസ്യ സ്വഭാവമുള്ള ജോലികളായതുകാരണം ഒരൊറ്റ കാര്യം പോലും പുറത്ത് പറയാന്‍ പാടില്ല, ചെയ്‌ത ഒന്നിനും രേഖകളുമില്ല.

4. എക്‍സ്ട്രീമൊഫൈല്‍ എസ്‌കവേറ്റര്‍

ജീവിക്കാന്‍ ഏറ്റവു പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ (മൈക്രോബുകള്‍) ആണ് എക്‍സ്‌ട്രീമൊഫൈല്‍ എന്നറിയപ്പെടുന്നത്. ഏറ്റവും പ്രതികൂല സാഹചര്യത്തെ മലയാളീകരിച്ചാല്‍ മൂക്കുപൊത്തുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം എന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെയുള്ളവയെ തപ്പിപ്പിടിച്ച് ഗവേഷിക്കേണ്ട ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ഭാഗ്യവാന്മാരും ഉണ്ട്.

അണ്ണന്മാര്‍ കുറച്ച് നാള്‍ മുന്‍പ് ഇങ്ങിനത്തെ ജീവികളെ തപ്പി കാലിഫോര്‍ണിയായിലെ ഒരു പ്രദേശത്ത് പോയി. നല്ല ശാന്തസുന്ദരമായ അന്തരീക്ഷം. കിളിപാടും കാവുകള്‍. അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിയുമായി എക്‍സ്‌ട്രീമൊഫൈലുകള്‍ (ഈ പരസ്യം ഓര്‍മ്മിപ്പിച്ച മന്‍‌ജിത്തിന് നന്ദി) എന്നൊക്കെ വെച്ച് അങ്ങോട്ട് പോകാന്‍ വരട്ടെ-നാല്പത്-നാല്പത്തഞ്ച് ഡിഗ്രി ചൂട്, ആ പ്രദേശം മുഴുവന്‍ ചീമുട്ടയുടെയും ചത്ത മീനിന്റെയും മണം. അങ്ങിനെയുള്ളിടത്ത് ദിവസങ്ങളോളം നിന്ന് പണിയെടുത്തെങ്കിലേ അരിക്കാശ് കിട്ടൂ.

എന്താ നോക്കുന്നോ? ഈ ജോലിക്കാര്‍ ഏറ്റവും അധികം മത്സരിക്കേണ്ടി വരിക മിക്കവാറും പീ കളക്‍ടേഴ്സിനോടായിരിക്കും.

5. കാന്‍‌സസിലെ ബയോളജി ടീച്ചര്‍

പരിണാമഗുപ്തന്‍ നായര്‍ ഈ ടീച്ചറിന്റെ കാര്യം കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കിയത്. മതവും ശാസ്ത്രവും തമ്മിലുള്ള സൌഹൃദത്തിന്റെ ബാക്കിപത്രം. പരിണാമത്തെപ്പറ്റി പറയുമ്പോള്‍ പിള്ളേരെ ക്ലാസ്സില്‍നിന്നിറക്കി പോളണ്ടിലേക്ക് വിടുമെന്നാണ് അവിടുത്തെ മാതാപിതാക്കന്മാര്‍ പറയുന്നത്. പിള്ളേര്‍ക്കാകട്ടെ, “എന്റപ്പൂപ്പന്‍ കുരങ്ങനൊന്നുമല്ലായിരുന്നു” എന്നും പറഞ്ഞുള്ള പരിഭവവും. അത്രമാത്രം സംഗതി അവിടെ രാഷ്‌ട്രീയവല്‍ക്കരിച്ചു എന്ന് തോന്നുന്നു (സ്വല്പം പഴയ കാര്യമാണ്. അവിടെ ഡാര്‍വിനെ പിന്നെയും ക്ലാസ്സില്‍ കയറ്റാമെന്ന് കോടതിയോ മറ്റോ വിധിച്ചു എന്ന് തോന്നുന്നു).

അവിടുത്തെ വലതുപക്ഷണ്ണന്മാര്‍ ക്രിയേഷനിസം സിലബസ്സില്‍ കയറ്റാന്‍ ശ്രമിച്ചതോടു കൂടിയാണ് ടീച്ചറിന്റെ കഷ്ടകാലം ആരംഭിച്ചത്. ഡാര്‍വിന്റെ പല നിരീക്ഷണങ്ങളും അവര്‍ സിലബസ്സില്‍ നിന്നും നീക്കാന്‍ നോക്കി. വന്ന് വന്ന് ഇപ്പോള്‍ ക്രൂയിസ്സണ്ണന്‍ ബ്രാന്‍ഡ് അം‌ബാസിഡ്ഡറെപ്പോലെ കൊണ്ട് നടക്കുന്ന ഇന്റലിജന്റ് ഡിസൈന്‍ ആണ് അവരുടെ പ്രധാന ആയുധം. അത് പ്രകാരം കണ്ണ് മുതലായ സംഗതികള്‍ എങ്ങിനെ ഉണ്ടായി എന്ന് ഒരു രീതിയിലും തന്നെ വിശദീകരിക്കാന്‍ സാധിക്കാത്തതു കാരണം അതൊക്കെ ഇന്റലിജന്റ് ഡിസൈനിന്റെ ഭാഗമാണെന്ന് കരുതുക എന്നാണ്. കൂമന്റെ കണ്ണും കമന്റും വായിച്ചാല്‍ ഇതിനെപ്പറ്റി കുറച്ച് കൂടി ധാരണ കിട്ടും (ഇന്റലിജന്റ് ഡിസൈനിനെപ്പറ്റിയല്ല). ടീച്ചര്‍മാരുടെ പ്രശ്‌നം ഇന്റലിജന്റ് ഡിസൈനില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റില്ല എന്നുള്ളതാണ്. നമ്മുടെ ജ്യോതിഷത്തെ നമ്മള്‍ പോളണ്ടിലേക്ക് അയച്ചത് ഇതേ കാരണം കൊണ്ടുകൂടിയാണല്ലോ.

എന്തായാലും കാന്‍സസിലെ പിള്ളേര്‍ വേറേ എവിടെയെങ്കിലും ജോലിക്കൊക്കെ പോകുമ്പോള്‍ കുറെയേറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. അവര്‍ക്കുള്ള ഒരൊറ്റ ആശ്വാസം സംഗതി ഇപ്പോള്‍ കാന്‍സസില്‍ മാത്രമായി ഒതുങ്ങാതെ അമേരിക്ക മൊത്തത്തില്‍ പടരുന്നുണ്ട് എന്നുള്ളതാണ്.

6. മന്യുവര്‍ ഇന്‍‌സ്‌പെക്ടര്‍ (വളപരിശോധകന്‍)

നാറ്റക്കേസാണ്. ഒന്നര ബില്യണ്‍ ടണ്ണോളം ജൈവവളമാണ് അമേരിക്കയില്‍ പ്രതിവര്‍ഷം ഉത്‌പാദിപ്പിക്കുന്നത്. അതിലോ, gastroenteritis മുതലായ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വിരകളു, മറ്റും ധാരാളം ഇളകിമറിയുന്നു. ഇ.കോളി പോലുള്ളവയും ധാരാളം. ഈ സാധാനം വളമായി ധാരാളം പേര്‍ ഉപയോഗിക്കുന്നു. അവയില്‍ ഇ.കോളി പോലുള്ള ബാക്‍ടീരിയയൊക്കെയുണ്ടെങ്കില്‍ ലെവനെല്ലാം പച്ചക്കറികളിലും മറ്റും കയറും, അവസാനം നമ്മുടെ വയറ്റിലും എത്തും. പിന്നെ തൂറ്റും. അവയെ ഒഴിവാക്കിയേ പറ്റൂ. അതിന് ഗവേഷിക്കണം.

പേടിക്കേണ്ട, ഈ ആസ്വാദ്യകരമായ ജോലി ചെയ്യാനാണല്ലോ ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരെ കാശ് കൊടുത്ത് നിര്‍ത്തിയിരിക്കുന്നത്. ചാണകത്തില്‍നിന്നും, പന്നിക്കാട്ടത്തില്‍നിന്നും, കോഴിക്കാട്ടത്തില്‍‌നിന്നുമൊക്കെ എങ്ങിനെ ഈ ബാക്‍ടീരിയകളെ ഇല്ലാതാക്കാം എന്നുള്ള ഗവേഷണമാണ് അണ്ണന്മാര്‍ നടത്തുന്നത്. അതോക്കേ. പക്ഷേ അതിനുള്ള അസംസ്കൃത വസ്തു കിട്ടണമെങ്കില്‍ ഉള്ളിടത്ത് പോയി കോരുകയേ നിവൃത്തിയുള്ളൂ. പാവങ്ങള്‍.

കുറുമന്റെ പോര്‍ക്ക് വിന്താലുവിന്റെ കാട്ടമാണ് ഏറ്റവും ഭയാനകം എന്നാണ് അവരുടെ പക്ഷം. പാവം കുറുമന്‍, അന്ന് അഞ്ചുമിനിറ്റായിരുന്നെങ്കിലും എങ്ങിനെ അവിടെയിരുന്നുവോ!. കോഴിക്കാട്ടത്തിന്റെ പ്രശ്‌നം നാറ്റത്തിനു പുറമേ അതില്‍നിന്നും വരുന്ന അമോണിയായാണത്രേ-കരഞ്ഞുപോകും.

7. കൊതുക് ഗവേഷകന്‍

ചില പ്രത്യേക തരം കൊതുകുകള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കണമെങ്കില്‍ എന്ത് ചെയ്യണം-കടി കൊള്ളണം.
അതാണ് ഗവേഷകര്‍ ചെയ്യുന്നതും. ഒരു കട്ടിലില്‍ കൊതുകുവലയുമിട്ട് മൂട്ടിലൊരു ഓട്ടയുമിട്ട് വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് നോക്കിയിരുപ്പാണ് പാവം അണ്ണന്‍. പതുക്കെപ്പതുക്കെ കൊതുകണ്ണന്‍ വിസിറ്റിനു വരും. തക്കം നോക്കി കാലില്‍ കടിക്കാനായി വന്ന് ഒരു കടി കൊടുക്കുമ്പോഴേക്കും ഗവേഷകന്‍ കൊതുകണ്ണനെ പിടിച്ച് കുപ്പിയിലാക്കും. മൂന്നു മണിക്കൂര്‍ കൊണ്ട് മൂവായിരം കടി കൊണ്ടാലെന്താ, അഞ്ഞൂറോളം കൊതുകിനെ പിടിക്കാന്‍ പറ്റിയില്ലേ എന്നാണ് അദ്ദേഹം പറയുന്നത്. ശരിക്കുള്ള ഗിനിപ്പന്നികളെയൊക്കെ ഉപയോഗിക്കാന്‍ വളരെയധികം കടമ്പകള്‍ കടക്കേണ്ടതുള്ളതുകാരണം പാന്റ്സ് പൊക്കുന്നതു തന്നെയാണ് ഭേദം എന്നാണ് ഇവരുടെ മതം.

8. മീനെണ്ണികള്‍

പസഫിക് നോര്‍ത്ത് വെസ്റ്റിലെ ഡാമുകളില്‍ ചാടിക്കളിക്കുന്ന മീനുകളെ എണ്ണുക എന്നുള്ള ജോലി വേണോ? നല്ല രസമാണ്. ഒരു മീന്‍ ചാടിയാല്‍ ഒന്ന് ഞെക്കുക. രണ്ട് മീന്‍ ചാടിയാല്‍ ഡബിള്‍ ക്ലിക്ക്. മത്തിയാണെങ്കില്‍ ഒരു സ്വിച്ച്, അയലയാണെങ്കില്‍ വേറൊരു സ്വിച്ച്. മത്തിയും അയലയും ഒന്നിച്ച് ചാടിയാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ, വേറേ പ്രശ്‌നമൊന്നുമില്ല. പക്ഷേ നാല് മത്തിയും മൂന്ന് അയലയും ഒന്നിച്ച് ചാടിയാല്‍ മിക്കവാറും നമ്മളും ചാടും ആറ്റിലേക്ക്. ബോണസ്സൊക്കെയുണ്ട്.

9. പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍

കേള്‍ക്കാന്‍ നല്ല രസമുള്ള ജോലി. പക്ഷേ ചെയ്യുന്നതോ? ബഹിരാകാശം അണുവിമുക്തമാക്കലാണ് സംഗതി.ബഹിരാകാശത്തേക്ക് നമ്മള്‍ പോകുമ്പോള്‍ നമ്മുടെ മൂക്കിലെ കൃമിയും തലയിലെ പേനും ബാക്റ്റീരിയായുമൊന്നും അങ്ങോട്ട് കൊണ്ടുപോകാതെ എല്ലാം ക്ലീനാക്കുക എന്ന പണിയാണ് നാസയിലെ ഈ അണ്ണനുള്ളത്. ഒരു പാരഡോക്സ് പണിയാണ് അണ്ണന്റേത്. എന്തെങ്കിലും ജീവി ചൊവ്വയില്‍ ചെന്നുപെട്ടാല്‍ അടുത്ത തവണ അവിടെ പോയി വരുന്നവര്‍ ചൊവ്വായില്‍ ജീവനുണ്ടെന്ന കണ്ടുപിടുത്തവുമായി വരും. എല്ലാവരും ചൊവ്വായിലേക്ക് താമസം മാറ്റാന്‍ സ്ഥലമൊക്കെ വാങ്ങിച്ച് പോകാന്‍ തയ്യാറായി ഇരിക്കുമ്പോഴായിരിക്കും അറിയുന്നത്, ആ കണ്ട ജീവി അവിടെ പോയ ഏതെങ്കിലും അണ്ണന്റെ തലയിലെ തന്നെ പേനായിരുന്നുവെന്ന്. ചീത്ത കേള്‍ക്കാന്‍ ഇതില്‍‌പരം വല്ലതും വേണോ? അത് മാത്രമോ, ചൊവ്വയില്‍ നിന്ന് വല്ല കല്ലോ മണ്ണോ കൊണ്ടുവന്നാല്‍ അതും മൊത്തം ക്ലീനാക്കാതെ ഭൂമിയിലേക്ക് റിലീസ് ചെയ്യാനും പറ്റില്ല-കാരണം എങ്ങാനും വല്ല വിരയും ചൊവ്വയിലുണ്ടെങ്കില്‍ ഭൂമി മൊത്തം അത് ബാധിക്കില്ലേ. പക്ഷേ അങ്ങിനെ ക്ലീന്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ചൊവ്വയില്‍ ജീവനുണ്ടോ ഇല്ലയോ എന്ന് എങ്ങിനെ തെളിയിക്കും? മൊത്തം കണ്‍‌‌ഫ്യൂഷന്‍. പാവം.

നാണമില്ലാത്തവന്റെ ആലുകിളിര്‍ക്കുന്ന അവിടെവെക്കുന്ന തെര്‍മോമീറ്ററിന്റെ നൂറു ശതമാനഗുണപരിശോധകന്റെ ജോലിയാണ് ഏറ്റവും ആസ്വാദ്യകരമായ ജോലിയെന്ന് ആരോ പറയുന്നത് കേട്ടു.

കൈമള്‍ ചേട്ടന്‍ വന്നൂല്ലോ: ഇത് എന്റേതായ രീതിയിലുള്ള ഒരു തര്‍ജ്ജിമ മാത്രം. എല്ലാം ഇവിടേം ഇവിടേം ഉണ്ട്. ഇവിടെ പറയാത്ത ഇതിനേക്കാളും രസകരമായ ജോലികളും ഉണ്ട്. ആവശ്യക്കാര്‍ ഉടന്‍ ബന്ധപ്പെടുക.