Friday, June 30, 2006

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ലൈഫ്

..എന്ന 2007ല്‍ പെന്‍‌ഗ്വിന്‍ ബുക്ക്‍സിന്റെ ഏറ്റവും വലിയ എതിരാളിയായ ക്രൌവ് ബുക്ക്‍സിനോട് പബ്ലിഷ് ചെയ്യാമോ എന്ന് ചോദിച്ചിരിക്കുന്ന ബെസ്റ്റ് സെല്ലര്‍ എന്തായാലും ആവുന്ന എല്ലാവരും സൂക്ഷിച്ച് പൊടിപിടിക്കാതെ, തുറക്കാതെ വെക്കേണ്ട ബുക്കില്‍ നിന്ന്.

ഇത് ക്ലബ്ബിലിടണോ, ഇവിടിടണോ എന്ന് ആലോചിച്ച് ടെന്‍‌ഷനടിച്ച് പ്രാന്തുപിടിച്ച് വട്ടായിരിക്കുന്നു. അവസാനം ഇവിടെത്തന്നെ ഇട്ടേക്കാമെന്ന് വിചാരിച്ചു. തലവേദന ഇപ്പോഴും പോയിട്ടില്ല.

ഇതില്‍ പറഞ്ഞിരിക്കുന്നതൊക്കെ നമ്മള്‍ പലപ്പോഴും പലരോടും പറയുകയും നമ്മളായിട്ട് പാലിക്കാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പാലിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ.

1. സ്വല്‌പം വെയിറ്റു ചെയ്യുക.

അതെ. സ്വല്‌പമെന്നു പറഞ്ഞാല്‍ ഒരു ഒന്നുരണ്ടു മണിക്കൂര്‍ മാത്രം. നമ്മള്‍‌ക്ക് പെട്ടെന്നെന്തെങ്കിലും വികാരവിക്ഷോഭമുണ്ടായാല്‍ ഉടനടി ആ വികാരം പ്രകടിപ്പിച്ചാല്‍ വികാരം വിവേക് ചേട്ടനെ മലര്‍ത്തിയടിക്കും. പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അപ്പോള്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ ശരിയാവൂ എന്ന് പൂര്‍ണ്ണ ബോധ്യമുള്ള വികാരങ്ങളൊഴിച്ച് ബാക്കിയൊക്കെ പ്രകടിപ്പിക്കാന്‍ സംഭവം കഴിഞ്ഞ് കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലുമെടുക്കുക. അപ്പോഴും വികാരം അതേ തീവ്രതയില്‍ നമ്മളില്‍ നില്‍‌പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട വികാരം തന്നെ. പക്ഷേ നമ്മുടെ ദൈനം ദിന ജീവിതത്തിലെ പല വികാരപ്രകടനങ്ങളും അപ്പോള്‍ മാത്രമുണ്ടാകുന്നതാണ്. സ്വല്പം ഒന്ന് വെയിറ്റു ചെ‌യ്താല്‍ പലതും നമ്മള്‍ മറന്നുതന്നെ പോകും. ആദ്യത്തെ ചൂട് എന്തായാലും കാണില്ല. അത് നമ്മുടെ പ്രതികരണങ്ങളിലും പ്രതിഫലിക്കും. കേള്‍ക്കുന്നവര്‍ക്കും വലിയ കുഴപ്പമൊന്നും തോന്നില്ല. എല്ലാവരും ഹാപ്പി.

പക്ഷേ നമ്മള്‍ ഇങ്ങിനെയൊക്കെ ചെയ്‌തില്ലെങ്കില്‍ നമ്മള്‍ ആണാണ്, പെണ്ണാണ് എന്നൊക്ക് പറയുന്നതെന്തിനാ എന്നൊരു ചോദ്യം ചോദിച്ചേക്കാം. പക്ഷേ നമ്മളെ വിലയിരുത്തുന്നത് പലപ്പോഴും നമ്മുടെ പക്വതയുടെയും പാകതയുടെയുമൊക്കെ പേരിലാണ്, പെട്ടെന്നുള്ള വികാരപ്രകടനങ്ങളുടെ പേരിലല്ല എന്നുള്ളതാണ് എന്റേതു മാത്രമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് തോന്നിയിരിക്കുന്നത്.

2. ഒന്നു ചിന്തിക്കൂ

അതായത് ആലോചിച്ചു മാത്രം മറുപടി പറയുക. ഇത് ഒരിക്കലും ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ആശാന്റെ ചന്തിക്ക് നിലയിലാവരുത്. മറുപടി പറയേണ്ട സമയത്ത് പറയണം. അല്ലാതെ എലിപ്പത്തായത്തിലെ കരമന സ്റ്റൈലില്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. പക്ഷേ ഒന്നാലോചിക്കുക. ഒരു മൂന്നോ നാലോ സെക്കന്റ് എടുത്താല്‍ മതി. ഇത് നേരിട്ടുള്ള സംഭാഷണങ്ങള്‍ക്ക്. ഈ മെയില്‍-ചാറ്റ്-ഡിസ്‌കഷന്‍ ഫോറം ഇവയില്‍ നമുക്ക് ഇതിലും കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. സമയമെടുത്തു തന്നെ പ്രതികരിക്കുക.

പിന്നെ പറ്റുന്നിടത്തൊക്കെ നമ്മളെ നമ്മുടെ എതിരാളിയുടെ സ്ഥാനത്ത് നമ്മള്‍ തന്നെ പ്രതിഷ്ഠിക്കുക. നമ്മള്‍ ആ സ്ഥാനത്തായിരുന്നെങ്കില്‍ എന്തു ചെയ്തേനെ എന്നു ചിന്തിക്കുന്നതിനൊപ്പം തന്നെ നമ്മള്‍ പറയുന്ന ചീത്തകളൊക്കെ നമ്മളുടെ എതിരാളിയില്‍ക്കൂടി നമ്മള്‍ കേട്ടാല്‍ നമുക്ക് എത്രമാത്രം സുഖിക്കും എന്നും കൂടി ഒന്ന് ആലോചിക്കുക.

3. ആ ഫേമസ് ക്വോട്ട്

അതെ. വില്ലില്‍ നിന്നും തൊടുത്ത അമ്പും, വായില്‍ നിന്നു പോയ വാക്കും സെന്റില്‍ ക്ലിക്ക് ചെയ്ത ഈ മെയിലും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല. പണ്ടത്തെപ്പോലെ ഇന്‍ലന്റ് എഴുത്തുകളായിരുന്നെങ്കില്‍ ദേഷ്യത്തില്‍ തുടങ്ങിയ എഴുത്ത് മിക്കവാറും എഴുതിക്കഴിയുമ്പോള്‍ ചവറ്റുകൊട്ടയിലായിരിക്കും. പക്ഷേ ഒരു വികാരത്തിന്റെ പുറത്ത് എഴുതുന്ന നാലുവരി ഈമെയില്‍ ടൈപ്പു ചെയ്തു കഴിയുമ്പോള്‍ പോലും ദേഷ്യം നമ്മളില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവില്ല. അന്നേരത്തെ വികാരത്തിന്റെ പുറത്ത് എഴുതുന്ന വാക്കുകള്‍ ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ടാണെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ എഴുതുക കൂടിയില്ല. അതുകൊണ്ട് വികാരവിഷോഭനായിട്ടിരിക്കുമ്പോള്‍ ഈമെയില്‍ തുറക്കാതിരിക്കുക. ഒരു പ്രൊവൊക്കേറ്റീവ് മെയില്‍ കണ്ടെങ്കില്‍ അതിന്റെ പ്രിന്റൌട്ട് എടുത്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്തതിനു ശേഷം മാത്രം വായിക്കുക. ഇതൊന്നും പറ്റിയില്ലെങ്കിലും ഉടന്‍ തന്നെ മറുപടി അയക്കാതിരിക്കുക. ഓര്‍ക്കുക-പണ്ടൊക്കെ ഇങ്ങിനത്തെ പ്രൊവൊക്കേറ്റീവ് എഴുത്തുകള്‍ക്കുള്ള പോസ്റ്റല്‍ മറുപടി ആഴ്‌ചകള്‍ കഴിഞ്ഞിട്ടായിരിക്കും എതിര്‍ കക്ഷിക്ക് കിട്ടുന്നത്. അതുകൊണ്ട് ഒരു രണ്ടുമണിക്കൂര്‍ ഡിലേ ഒരു പ്രശ്‌നമേ അല്ല. ചിലപ്പോള്‍ ആ ചെറിയ കാലതാമസം വളരെ നല്ല ഫലങ്ങള്‍ ഉണ്ടാക്കാനും മതി.

ഒരു പത്തു പ്രാവശ്യം ചോദിക്കുക, വേണോ, വേണോ എന്ന്.....

4. സ്വകാര്യമായി പറഞ്ഞ് തീര്‍ക്കാമോ എന്നൊന്ന് നോക്കുക.

പല കാര്യങ്ങളും ഒന്നോ രണ്ടൊ വ്യക്തിയില്‍ തുടങ്ങി അത് പിന്നെ ചുറ്റും കൂടി നില്‍ക്കുന്നവരെല്ലാം ഏറ്റുപിടിച്ചാണ് വഷളാവുന്നത്. ഒരു പ്രശ്നമുണ്ടെങ്കില്‍ കണ്‍സേണ്‍‌ട് വ്യക്തിയോട് പ്രൈവറ്റായി ചോദിച്ചാല്‍ മിക്കപ്പോഴും ആ പ്രശ്‌നം അവിടെത്തന്നെ തീരും-അത്ര വലിയ അഭിമാനപ്രശ്‌നമാക്കണ്ടാത്ത കാര്യമാണെങ്കില്‍ പ്രത്യേകിച്ചും. നമുക്ക് ചുറ്റും ആള്‍ക്കാര്‍ കൂടും തോറും കാര്യങ്ങള്‍ നമ്മുടെ പിടിയില്‍ നിന്നും പോകും. ഏറ്റുപിടിക്കുന്ന പലര്‍ക്കും തുടക്കം എന്താണെന്ന് ഒരു പിടിയും കാണില്ല. അവസാനം നമ്മള്‍ ഔട്ട്. പ്രശ്‌നം പിന്നെയും ബാക്കി. നമുക്ക്, പ്രശ്‌നത്തിന്റെ കാരണക്കാരന്‍ എന്നുള്ള ലേബലും.

5. മിഥ്യാധാരണ.

എന്തിലും കയറി അഭിപ്രായം പറഞ്ഞാലേ ശരിയാവൂ എന്നുള്ളത് ഒരു മിഥ്യാധാരണയാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഒരു കാര്യത്തിലും ഒരു അഭിപ്രായവും പറയാതെയിരിക്കുന്നതും ആളു കൂടുതലുള്ളിടം നോക്കി അഭിപ്രായങ്ങള്‍ മാറ്റുന്നതും ശരിയായ കാര്യമല്ല. അഭിപ്രായം പറഞ്ഞുകൊള്ളൂ. പക്ഷേ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടായാല്‍ മതി. മുയലിന് ഒരൊറ്റ കൊമ്പുപോലുമില്ല എന്നുള്ള വാസ്തവം എപ്പോഴും മനസ്സില്‍ വെക്കുക. നമ്മള്‍ ഇന്ന് അന്താരാഷ്‌ട്ര പ്രശ്നമായി ബീപ്പീകയറ്റി വാദിച്ചടിച്ച് കുളമാക്കുന്ന പല കാര്യങ്ങളും ഒന്നോ രണ്ടൊ കൊല്ലം കഴിഞ്ഞാല്‍ അയ്യേ അതിനായിരുന്നോ അന്നത്ര ബഹളമുണ്ടാക്കിയത് എന്ന് വിചാരിക്കുന്ന കാര്യങ്ങളാണ്. ആക്ടീവായിക്കൊള്ളൂ-പക്ഷേ സ്വല്‍‌പം പാസ്സീവ് മെന്റാലിറ്റികൂടിയുണ്ടെങ്കില്‍ നല്ലത്.

നമ്മളെയോ നമ്മുടെ കുടുംബത്തയോ ബാധിക്കാത്ത കാര്യമാണെങ്കില്‍ കുറച്ച് ടൈമെടുത്ത് (എന്നു പറഞ്ഞാല്‍ ഒരു സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ-സാഹചര്യങ്ങളനുസരിച്ച്) പ്രതികരിച്ചാലും കുഴപ്പമില്ലാ എന്നാണ് എന്റെ സ്വകാര്യമായ ഒരു ചിന്താഗതി. പക്ഷേ നമ്മള്‍ പ്രതികരണശേഷിയുള്ളവരായിരിക്കണം. പ്രതികരിക്കേണ്ടിടത്തൊക്കെ പ്രതികരിക്കുകയും വേണം. ഇതിനെ സ്വാര്‍ത്ഥത, തന്‍‌കാര്യം നോക്കല്‍ തുടങ്ങിയവയുമായി കൂട്ടിക്കുഴയ്ക്കരുതെന്നപേക്ഷ.

6. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്.

ഇത് എന്റെ ചേട്ടച്ചാര്‍ വഴി അറിഞ്ഞ് ഞാന്‍ നല്ലവണ്ണം മാര്‍ക്കറ്റ് ചെയ്ത തിയറി. ഒരു കയറ്റത്തിനൊരിറക്കം മുതലായ തിയറിയേക്കാളൊക്കെ യൂണിവേഴ്‌സലായ ഒരു തിയറിയാണിത്. ഒരു കാര്യത്തിലും അമിതമായി സന്തോഷിക്കാതിരിക്കുക; അമിതമായി ദുഃഖിക്കാതെയും. നമുക്ക് ഇന്നുണ്ടാകുന്ന സന്തോഷം പണ്ടുണ്ടായ ഏതോ ഒരു സങ്കടത്തെ ബാലന്‍സ് ചെയ്യാനുള്ളതായിരിക്കും. ഇന്ന് സങ്കടമുണ്ടായാല്‍ ഓര്‍ക്കുക, പണ്ട് നമ്മള്‍ എപ്പോഴൊക്കെയോ സന്തോഷിച്ചിട്ടുണ്ട്. ഇതിന്റെ മറുവശം, ഇന്ന് സന്തോഷമുണ്ടായാല്‍ ഓര്‍ക്കുക വല്ലപ്പോഴും, സങ്കടങ്ങളും നമുക്കുണ്ടാവാം. ഇത് ഇതിന്റെ ഫിലോസഫിക്കല്‍ വശം. പ്രാക്ടിക്കല്‍ വശം താഴെ.

പരീക്ഷയുടെ തലേദിവസം വരെ കളിച്ചു കുളിച്ചു നടക്കുന്ന ഒരുവന്‍ ആ ദിവസം വരെ അനുഭവിക്കുന്ന സന്തോഷം അവര്‍ണ്ണനീയം. പക്ഷേ അന്ന് തൊട്ട് പരീക്ഷ തീരുന്നവരേയും പിന്നെ ഉത്തരക്കടലാസ് കിട്ടുന്ന വരേയും അവന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ആലോചിച്ചാല്‍ ആദ്യകാലങ്ങളിലെ സന്തോഷം കുറച്ച് കുറച്ചിട്ട് വല്ലതും നാലക്ഷരം പഠിച്ചിരുന്നെങ്കില്‍ എന്ന് അവനോര്‍ക്കും. പക്ഷേ അവിടെയും അവന്റെ ടോട്ടല്‍ കോണ്‍‌സ്റ്റന്റായി. മൂന്നു മാസത്തെ സന്തോഷത്തിന്റെ അത്രയും അടുത്ത ഒരു മാസം കൊണ്ട് അവന്‍ ടെന്‍‌ഷനടിച്ചു തീര്‍ത്തു. അത് വീതിച്ചു വേണമായിരുന്നോ ഒറ്റയടിക്കു വേണമായിരുന്നോ എന്ന് അവന് അടുത്ത ടേമില്‍ ആലോചിക്കാം. ഇടിവാളിന്റെ പ്രോഗ്രസ്സ് കാര്‍ഡു് പോസ്റ്റുകള്‍ ഇതിനൊരുദാഹരണം.

റിഡക്ഷന്‍ സെയില്‍‌സ്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ. വിലയില്‍ കുറവുണ്ടെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യാന്‍ എന്തിലെങ്കിലും കൂടി കുറവ് കാണും. ചിലപ്പോള്‍ നിലവാരമായിരിക്കും, ചിലപ്പോള്‍ എണ്ണമായിരിക്കും. ഒന്നും ഈ ലോകത്ത് ഫ്രീയല്ല. നമ്മള്‍ നേരിട്ടോ അല്ലാതെയോ അതിനൊക്കെ പൈസാ ചിലവാക്കുന്ന. അല്ലെങ്കില്‍ നമ്മള്‍ക്ക് പകരം വേറേ ആരെങ്കിലും.

നാലു കിലോമീറ്റര്‍ ലാഭിക്കാന്‍ വേണ്ടി അറിയാത്ത വഴിയില്‍ക്കൂടി പോയി വഴിതെറ്റി ടെന്‍‌ഷനടിച്ച് ലേറ്റായി വീട്ടില്‍ ചെല്ലുന്നതും നാലു കിലോമീറ്റര്‍ കൂടുതല്‍ പോയാലും മനസമാധാനത്തോടെ വീട്ടില്‍ ചെല്ലുന്നതും മറ്റൊരു ഉദാഹരണം. ലാഭിച്ച പെട്രോളിന്റെ അത്രയും നമ്മള്‍ ടെന്‍‌ഷനടിച്ച് തീര്‍ത്തു.

നമ്മുടെ നിത്യ ജീവിതത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റ് തിയറിക്ക് ഉദാഹരണങ്ങള്‍ അനവധി. ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല. പക്ഷേ നിങ്ങള്‍ ഒന്ന് ആലോചിച്ചാല്‍ നിങ്ങള്‍ക്കും കിട്ടും.

7. കര്‍മ്മണ്യേവാധികാരസ്തേ.................

അതേ നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. നമുക്ക് കിട്ടാനുള്ളത് കിട്ടും. അമിതമായ പ്രതീക്ഷകള്‍ ഒരു കാര്യത്തിലും വെച്ചുപുലര്‍ത്താതിരിക്കുക. ഡെസ്‌പാവുമെന്നുണ്ടെങ്കില്‍ ഒന്നും തന്നെ പ്രതീക്ഷിക്കാതിരിക്കുക. എന്ത് കിട്ടിയാലും ബോണസ്. കുറച്ച് മനക്കട്ടിയൊക്കെ ഉണ്ടെങ്കില്‍ പ്രതീക്ഷിച്ചുകൊള്ളുക. പക്ഷേ കിട്ടിയില്ലെങ്കില്‍ ഡസ്‌പാവാതിരിക്കുക. നമ്മളുടെ പ്രവര്‍ത്തികളുടെ ഫലം നമുക്ക് എന്തായാലും കിട്ടിയിരിക്കും. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ് തിയറി ഇവിടേയും ബാധകമാക്കാവുന്നതാണ്. എല്ലാവരും ആര്‍ത്തു ചിരിക്കും എന്ന് പ്രതീക്ഷിച്ച് ഇട്ട എത്ര പോസ്റ്റാണ് എന്റെ ചീറ്റിപ്പോയത്. അതേ സമയം, ഓ, ചുമ്മാ, കിടക്കട്ടെ എന്നൊക്കെയുള്ള രീതിയില്‍ ഒഴുക്കന്‍ മട്ടിലിട്ട ഒന്നു രണ്ട് പോസ്റ്റുകള്‍ക്ക് നല്ല അഭിപ്രായവും കിട്ടി. അത്രയേ ഉള്ളൂ. പക്ഷേ നമുക്ക് എപ്പോഴും ശുഭാപ്തിവിശ്വാസവും പോസിറ്റീവ് പ്രതിക്ഷകളും വേണം. എന്നാലല്ലേ മുന്നോട്ട് പോകാന്‍ പറ്റൂ. പക്ഷേ ഓവറാക്കാതിരിക്കുക.

പിന്നെ നമ്മളൊന്നും ഒന്നുമല്ല, നമ്മളൊക്കെ ഈ നിലയിലൊക്കെ എത്തിയത് നമ്മുടെ മാത്രം കഴിവുകൊണ്ടൊന്നുമല്ല, എപ്പോഴും നമ്മുടെ മുകളില്‍ ഉള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്തി ഡെസ്പാകാതെ നമ്മളേക്കാളും താഴെ കിടക്കുന്നവരേക്കാളും ഭേദമാണല്ലോ നമ്മള്‍ എന്നോര്‍ത്ത് ആശ്വസിക്കുക, മാളികമുകളിലേറിയ മന്നന്റെ....... തുടങ്ങിയ നമ്മള്‍ കാലാകാലങ്ങളായി കേള്‍ക്കുന്ന ഉപദേശങ്ങളൊക്കെ ഓര്‍ക്കാന്‍ പറ്റുമെങ്കില്‍ ഓര്‍ക്കുക. പാടാ‍ണെങ്കില്‍ ഓര്‍ക്കണ്ട. കാരണം ഇത് സ്ട്രെസ് ഫ്രീ ലൈഫിനുള്ള ഉപദേശങ്ങളാണ്.

ഇത് നേരത്തെ പറഞ്ഞതുപോലെ മൂന്നുകൊമ്പുള്ള മുയലല്ല. ഇതില്‍ എന്ത് മോഡിഫിക്കേഷനും തയ്യാര്‍. ഇത്, എന്തിലും ഏതിലും കയറി മുന്‍‌പിന്‍ നോക്കാതെ അഭിപ്രായം പറഞ്ഞ്, അടി, കുത്ത് ചവിട്ട്, ചീത്ത,തുപ്പ്, തപ്പ് ഇവയെല്ലാം യാതൊരു ചമ്മലുമില്ലാതെ ഏറ്റുവാങ്ങിയ ഒരുവന്റെ അനുഭവസാക്ഷ്യങ്ങള്‍ മാത്രം. ഇതെല്ലാം ഫോളോ ചെയ്ത് ആരെങ്കിലും സന്യാസി, നിര്‍ഗുണപരബ്രഹ്‌മന്‍, ഏ.കെ. ആന്റണി, പി.വി. നരസിംഹറാവു ഇവര്‍ ആയിപ്പോയെങ്കില്‍ ഞാനോ, ക്രൌവ് പബ്ലിഷേഴ്സോ ഉത്തരവാദികളായിരിക്കുന്നതല്ല എങ്കിലും അവരെ അതില്‍ നിന്നും കരകയറ്റാന്‍ വേണ്ട ടിപ്പുകള്‍ സൌകര്യം പോലെ തരാം എന്ന് ഉറപ്പൊന്നുമില്ലാത്ത ഒരു വാഗ്ദാനം മാത്രം തരാമോ എന്ന് നോക്കട്ടെ. അല്ലെങ്കില്‍ ആ ടിപ്പെല്ലാം കൂടി വേറൊരു ബുക്കാക്കാനും മതി.

Monday, June 26, 2006

ദേവേട്ടന്റെ പാരപ്പോസ്റ്റിന് ഒരു സ്നേഹപ്പാര

ദേവേട്ടന്‍ പാരപ്പോസ്റ്റ് ദേവരാഗത്തില്‍ ഇട്ടത് കണ്ട് വായിച്ച് ചിരിച്ചുമറിഞ്ഞ് കിടക്കയിലോട്ട് വീണ് ഉറങ്ങിപ്പോയതറിഞ്ഞില്ല. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ക്വോട്ടാന്‍ വെച്ചതൊക്കെ ഉമേഷ്‌ജി ക്വോട്ടി എനിക്കിട്ട് ആദ്യത്തെ പാര വെച്ചു.

പിന്നെ കിട്ടിയ പാര വാക്കുകളൊക്കെ ചേര്‍ത്ത് ഒരു പാരക്കമന്റ് വെച്ചപ്പോള്‍ ഇതൊരു പോസ്റ്റാക്കിക്കൂടേ എന്നും ചോദിച്ച് ശനിയനും വെച്ചു, പാര.

എന്നാല്‍ പിന്നെ ആ കമന്റ് ഒരു പോസ്റ്റാക്കാമെന്ന് ഞാനും വെച്ചു. അങ്ങിനെ പാര ദേവേട്ടനും പിന്നെ ഇത് വായിക്കുന്ന എല്ലാ നല്ലവര്‍ക്കും. ഉറവ വറ്റി പാറകണ്ട ഈ ബ്ലോഗില്‍ ഏതു പോസ്റ്റും വായനക്കാര്‍ക്ക് പാര. പക്ഷേ ഇത് വായിക്കുന്നതിനു മുന്‍പ് ദേവേട്ടന്റെ പാരപ്പോസ്റ്റ് വായിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് പാരയുടെ ഒന്നാം‌തരം വിവരണവും, മരുമകള്‍ എങ്ങിനെ അമ്മായി‌യമ്മയ്ക്ക് പാരയാവുന്നു എന്നതിന്റെ ഉത്തമ ഉദാഹരണവും. അതുകൊണ്ട് അതുവഴി കടന്നുവരൂ. ഇതുവഴി പോയില്ലെങ്കിലും കുഴപ്പമില്ല.

പാര എന്ന വാക്ക് 1000 BC യില്‍ ഗ്രീസിലെ ആള്‍ക്കാരാണത്രെ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. (എന്നാണ് ഇവര്‍ പറയുന്നത്). പല വാക്കുകളേയും മോഡിഫൈ ചെയ്യാന്‍ “പാര” ഉപയോഗിക്കാമെന്ന്. അതായത് വക്കാരിയെ ഒന്ന് മോഡിഫൈ ചെയ്യണമെങ്കില്‍ പാരവക്കാരി എന്ന് വിളിച്ചാല്‍ മതി. പാര പാരയാവുന്നത് കണ്ടോ.

പാരയുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താഴെ വിവരിക്കുന്നു. വ്യക്തതയ്ക്കായി ആംഗലേയവും ചേര്‍ത്തിരിക്കുന്നു.

1. പാര ലല്‍ (parallel) - സമാന്തരമായി രണ്ടുകൂട്ടര്‍ ഒരുത്തനിട്ടുതന്നെ വെയ്ക്കുന്ന പാര. ഇതിന്റെ ഒരു വകഭേദമാണ് അമേരിക്കയിലെ വെഹിക്കിള്‍ ഇന്‍‌സ്പെക്ടര്‍മാര്‍ ഇന്ത്യക്കാര്‍ക്കിട്ട് വെക്കുന്ന പാര-പാരലല്‍ പാര്‍ക്കിംഗ്. മിക്ക ഇന്ത്യക്കാര്‍ക്കും ലൈസന്‍‌സ് കിട്ടാത്തത് പാരലല്‍ പാര്‍ക്കിംഗ് ഒരു പാരയാകുന്നതുകൊണ്ടാണെന്നാണ് വഴിപോക്ക്‍സ് ഇഡ്ഡലിവാളിന്റെ പോസ്റ്റില്‍ പറഞ്ഞത്.

2. പാര ഗ്രാഫ് (paragrah) - നമ്മള്‍ വെച്ച പാരകള്‍ എങ്ങിനെയെല്ലാം പുരോഗമിക്കുന്നൂ എന്നറിയാന്‍ മൈക്രോസോഫ്റ്റ് എക്സല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗ്രാഫ്. നമുക്ക് ഒരു കൊല്ലം കിട്ടിയ പാരകളുടെ ട്രെന്‍ഡ് അറിയാനും ഈ ഗ്രാഫ് ഉപയോഗിക്കാം. [സന്തോഷ് മൈക്രോസോഫ്റ്റിലായതുകൊണ്ടല്ലേ സന്തോഷിനിട്ടിരിക്കട്ടെ ഒരു പാര എന്നു വെച്ച് മൈക്രോസോഫ്റ്റ് എക്സല്‍ എന്നു പറഞ്ഞത്. ഗ്രാഫ് വരയ്ക്കാന്‍ കമ്പ്യൂട്ടര്‍ വേണോ- ഗ്രാഫ് പേപ്പര്‍ പോരേ? :) ]

3. ഓര്‍ത്തോ മെറ്റാ പാരാ (രസതന്ത്രത്തില്‍) (ortho-meta-para) - പാരകളെപ്പറ്റി ഓര്‍മ്മയുണ്ടായിരിക്കണമെന്ന്. ഒരു ഭീഷണി (ഓര്‍ത്തോ) യുടെ ചുവയുമുണ്ടതിന്. പാരയുടെ രാസഘടന ഇതില്‍‌നിന്നും കിട്ടും. ചില പാരകള്‍ എത്ര കഴിഞ്ഞാലും തുരുമ്പിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

4. പാരാ സായിപ്പോളജി (വിശാലന്‍ ദേവേട്ടന്റെ പോസ്റ്റില്‍ ചോദിച്ചത്) - സായിപ്പ് ബോസന്മാര്‍ക്കിട്ട് ഇന്ത്യാക്കാര്‍ വെയ്ക്കുന്ന പാര. അപാര കഴിവുവേണം അതിന്. മിക്കവാറും പാര തിരിച്ചുകിട്ടാനും മതി.

5. പാരപ്പാര ഡാന്‍സ് - ജപ്പാനിലുള്ളതാ.. ഡാന്‍സ് കളിക്കുന്ന ഓരോരുത്തരും കൂട്ടത്തിലുള്ളവര്‍ക്ക് ഡബിള്‍ പാര വെച്ചുകൊടുക്കും. പാരകളുടെ പെരുമഴക്കാലമെന്നു വിളിക്കാം. ഇതിന്റെ അങ്ങേ അറ്റമാണ് പാരപ്പാരപ്പാരഡൈസ്.

6. പാരാ മെഡിക്കല്‍ (paramedical) - എംബീബീയെസ്സുകാര്‍ക്കിട്ട് വെക്കുന്ന പാര. പാരാമെഡിക്കല്‍ കഴിഞ്ഞ അണ്ണന്മാരും കോട്ടും സ്റ്റെതക്കോപ്പുമിട്ട് നടക്കും. മെഡിക്കലേതാ, പാരാ‍മെഡിക്കലേതാ എന്ന് രോഗികള്‍ക്ക് കണ്‍ഫ്യൂഷന്‍. കുറച്ച് ഗ്ലാമറുള്ള പാരാമെഡിക്കലുകാരനാണെങ്കില്‍ ഡോക്ടര്‍ക്ക് കട്ടപ്പാര.

7. പാര ച്യൂട്ട് (parachute) - ചൂട്ടു കത്തിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ ചെയ്യുന്ന പാര. അത് നമ്മുടെ നാട്ടില്‍. സായിപ്പാണെങ്കില്‍ ഷൂട്ട് ചെയ്ത് ചെയ്യുന്ന പാര.

8. പാരപ്പുറം - വീടിനും ഓഫീസിനും പുറത്തു വെച്ച് മാത്രം ചെയ്യുന്ന/കിട്ടുന്ന പാര. അത് പിന്നെ പറഞ്ഞ് പറഞ്ഞ് പാറപ്പുറം, പാറപ്പുറത്ത് തുടങ്ങിയ വീട്ടുപേരുകള്‍ തന്നെയായെന്നത് തികച്ചും യാദൃശ്ചികം. പക്ഷേ ഈ പാരകള്‍ പാറയുടെ പുറത്തുവെച്ചുതന്നെ ചെയ്യണമെന്നില്ല.

9. പാര ഡോക്‍സ് (paradox) - മൊത്തം കണ്‍‌ഫ്യൂഷനുണ്ടാക്കുന്ന പാര. ശരിപ്പാരയാണോ അല്ലയോ എന്നൊന്നും യാതൊരു പിടിത്തവും കാണില്ല. “ഞാന്‍ ആര്‍ക്കിട്ടും പാര വെക്കില്ല” എന്നാരെങ്കിലും പറഞ്ഞാല്‍ അത് I always lie എന്നപോലത്തെ പാര ഡോക്‍സ്

10. പാര ഫെര്‍നേലിയ (paraphernalia) - സ്വകാര്യ പാരകള്‍. വളരെ പേഴ്‌സണലായിട്ടുള്ള പാരകളാണിവ. സ്തീകളുടെ സ്തീധനം കഴിച്ചിട്ടുള്ള സ്വകാര്യ സമ്പാദ്യമെന്നും ഇതിനര്‍ത്ഥമുണ്ട്. ബാക്കി വിവരിക്കേണ്ടല്ലോ.

11. പാര ബോള (parabola) - അധികം മൂര്‍ച്ചയില്ലാത്ത, അറ്റം കൂര്‍ക്കാത്ത തരം പാര. കേറുമ്പോള്‍ നല്ല സുഖമായിരിക്കും. കയറിക്കഴിഞ്ഞാലേ വിവരമറിയൂ. പരാബോള പോലത്തെ അറ്റമുള്ള പാരവെച്ച് തേങ്ങാ പൊതിക്കുന്നവര്‍ക്ക് ആ പാര ഒരുഗ്രന്‍ പാരതന്നെ. ഇവിടെ കാണാം.

12. പാര എന്‍ തീസിസ് (parenthesis) - സ്വന്തം തീസിസ് ഗവേഷണക്കാര്‍ക്ക് പാരയാ‍യി വരുന്ന സുലഭ (ശരിതന്നെ “അ” ഇല്ല- സുലഭമായിത്തന്നെ ഉണ്ടാവും ആ മുഹൂര്‍ത്തം) മുഹൂര്‍ത്തം. ഒന്നും പറയേണ്ട. തീസിസ് ഡ്രാഫ്‌റ്റുണ്ടാക്കും. ഗൈഡ് കറക്ട് ചെയ്യും. ആ കറക്‍ഷന്‍ എല്ലാം കൂടി ഉള്‍പ്പെടുത്തി തീസിസ്-1 എന്നും പറഞ്ഞ് ഫയല്‍ സേവ് ചെയ്യും. അതിന്റെ പ്രിന്റൌട്ട് എടുത്ത് ഗൈഡിനു കൊടുക്കും. ഗൈഡ് അതും കറക്ട് ചെയ്യും. തീസിസ്-2 എന്നും പറഞ്ഞ് പുതിയ ഫയല്‍. അങ്ങിനെ ഏഴെട്ട് കറക്‍ക്ഷന്‍സ് ഒക്കെ കഴിഞ്ഞ് മൊത്തം ഫയലുകള്‍ ഒരു പരാന്തെസിസിനകത്തിട്ടാല്‍ (തീസിസ്, തീസിസ്-1, തീസിസ്-2 , തീസിസ്-3............. തീസിസ്-8) എന്നിങ്ങനെ മൈക്രോസോഫ്റ്റ് വേഡ് ഫയലുകള്‍ (ദേ സന്തോഷിനിട്ട് പിന്നെയും പാര) ഡെസ്‌ക് ടോപ്പില്‍ കിടക്കും. എല്ലാം കഴിഞ്ഞ് സബ്‌മിഷന്‍ ഡെഡ് ലൈനിന്റെ തലേദിവസം വെപ്രാളപ്പെട്ട് പ്രിന്റൌട്ട് എടുക്കും. പക്ഷേ വെപ്രാളം കാരണം, മിക്കവാറും എടുക്കുന്നത് തീസിസ്.doc ഫയലിന്റെയാവും. ലെവനെ കറക്ട് ചെയ്ത് കറക്ട് ചെയ്ത് തീസിസ്-8 ആയ കാര്യമൊക്കെ മറക്കും. നവീനരീതിയില്‍ ബയന്റൊക്കെ ചെയ്ത സാധനം ഗൈഡിന്റെ ഒപ്പ് വാങ്ങിക്കാന്‍ ചിരിച്ചുകൊണ്ട് വിനയാന്വിതനായി ഇടതു പരാന്തെസിസോ വലതു പരാന്തെസിസോ സ്റ്റൈലില്‍ വളഞ്ഞ് ഒടിഞ്ഞ് ഗൈഡിനെ കാണിക്കുമ്പോള്‍ “കൊള്ളാമല്ലോ സാധനം, എങ്ങിനെയുണ്ട് എന്നൊന്നു നോക്കട്ടെ” എന്നും പറഞ്ഞ് ഗൈഡ് മറിച്ചു മറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സപ്തവര്‍ണ്ണങ്ങളും വിരിഞ്ഞു വരികയാണെങ്കില്‍ നമുക്ക് പാര എന്‍ തീസിസ് പിടിച്ചൂ എന്നനുമാനിക്കാം. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഉത്ഭവിക്കുന്ന വിറവല്‍ ചെന്നവസാനിക്കുന്നത് നമ്മുടെ മെദുല്ലാ മണ്ണാങ്കട്ടയിലായിരിക്കും.

വേറൊരു തീസിസ് പാര, എല്ലാം ഭദ്രമായി, തീസിസ്-8 ന്റെ തന്നെ പ്രിന്റൊട്ട് എടുക്കാന്‍ മന്ദം മന്ദം കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ കമ്പ്യൂട്ടര്‍ അടിച്ചു പോകുന്നതാണ്. പാര തലവരയാണെങ്കില്‍ ബാക്ക് അപ്പ് ഉണ്ടാവില്ല. പാര തലയില്‍ വരച്ചിട്ടില്ലെങ്കില്‍ ബാക്ക് അപ്പും കാണും, കമ്പ്യൂട്ടര്‍ ഒട്ട് അടിച്ചു പോവുകയുമില്ല.

13. പാര ഡൈസ് (paradise)- ഒരുത്തനിട്ട് പാരവെച്ചുകഴിയുമ്പോള്‍ അനുഭവിക്കുന്ന സ്വര്‍ഗ്ഗീയ സുഖം. നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടായിരിക്കണം. പക്ഷേ ഹൈദരാബാദ് പാരഡൈസിലെ ബിരിയാണി, ബിരിയാണിക്കുട്ടിക്ക് മിക്കവാറും ഒരു പാരയാവുന്ന ലക്ഷണമാണ് കാണുന്നത്.

14. പാരാ ഡ് (parade) - പാരവെക്കുന്നവര്‍ അതിരാവിലെ ആരും കാണാതെ നടത്തുന്ന വ്യായാമം. പരേഡ് എന്നും വിളിക്കും, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ ദേശങ്ങളില്‍.

15. പാര ഡി - (parody) പാര പണിയുന്നവനിട്ട് കൊടുക്കുന്ന അടി. പാരകള്‍ സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ അടിയുറപ്പ്. പാരഡി പാടി പാര പണിയുന്നവരും ധാരാളമുണ്ടെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇലക്ഷന്‍ സമയത്ത് മാര്‍‌ക്ക് ലിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാര്‍ക്കിട്ട് വെക്കുന്ന പാരഡിപ്പാര- വോട്ടു തേടി വീട്ടിലെത്തും കോണ്‍‌ഗ്രസ്സിന്റെ വാക്കും പഴച്ചാക്കുമൊന്നാണോര്‍ത്തുകൊള്‍‌ക നാട്ടുകാരെ നിങ്ങള്‍ (ഒറിജിനല്‍ - മാങ്കുയിലേ, പൂങ്കുയിലേ തേടിവന്താ.... കരഗാട്ടക്കാരന്‍ പടം, പെരിയ രാജാ സംഗീതം. രാമരാജ് കനക നടികം. ദൂരദര്‍ശന്റെ രണ്ടാം ശനിയാഴ്‌ചാ രാവിലത്തെ പ്രാദേശികപ്പട സീരീസില്‍ കണ്ടത്).

16. പാര ഫിന്‍ (paraffin) - മെഴുകുപോലെ തെന്നിത്തെന്നി പോകുന്ന പാര. വെച്ചൂ എന്നു തന്നെ ഓര്‍ക്കും. പക്ഷേ തെന്നിപ്പോകും. ഭയങ്കര പാടാണ്.

17. പാര ഡോസ് (parados) -പാരയുടെ ഡോസ്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ. പാരകള്‍ക്ക് പാരഡോസ് പണിയുന്നവരുമുണ്ട്.

18. പാര പ്പെറ്റ് (parapet)- ചിലരുടെ പെറ്റ് പാര. അവര്‍ അതുതന്നെ പിന്നെയും പിന്നെയും പണിതുകൊണ്ടിരിക്കും, ആര്‍ക്കിട്ടെങ്കിലുമൊക്കെ.

19. പാരാ മാഗ്‌നെറ്റിക് (paramagnetic) - കാന്തം പോലെ ആകര്‍‌ഷിക്കുന്ന പാര. ചില പാവങ്ങളെ ഇത്തരം പാരകള്‍ വല്ലാതെ ആകര്‍ഷിക്കും, ഏതു സമയവും. അവര്‍ക്ക് എന്നും കട്ടപ്പാര.

20. പര ലെലോഗ്രാം (parallelogram) - തൂക്കിക്കൊടുക്കുന്ന പാര. അളന്നും തൂക്കിയും മാത്രമേ ഇക്കൂട്ടര്‍ പാരകള്‍ വെക്കാറുള്ളൂ. ഒരു കണ്ട്രോളൊക്കെയുണ്ട്. പക്ഷേ ഇത് കിട്ടിക്കഴിഞ്ഞാ‍ല്‍ പാരലെലോഗ്രാം പോലെ മേ കോ എന്നായിപ്പോകും. ബീഹാറില്‍ ഇത് ലല്ലുവിനിട്ട് റാബ്രിയുടെ അനിയന്മാര്‍ വെക്കുന്ന പാര ലല്ലൂ ഗ്രാം എന്നറിയപ്പെടുന്നു.

21. പാരാ മീറ്റര്‍ (parameter) - കിട്ടുന്ന പാരകള്‍ അളക്കാനുള്ള ഉപകരണം. വെക്കുന്ന പാരകള്‍ ഇതുകൊണ്ട് അളക്കാന്‍ പറ്റില്ല.

22. പാര നോയ്‌ഡ് (paranoid) - പ്രത്യേകിച്ച് പറയേണ്ടല്ലോ - പാര കിട്ടിയാല്‍ പിന്നെ നമുക്കൊക്കെ ഉണ്ടാകുന്ന അവസ്ഥ.

23. പാര സൈറ്റ് (parasite) - ഇത്തരക്കാരെ സൂക്ഷിക്കണം. സ്വന്തം ഓഫീസിനു വേണ്ടി ഒന്നും ചെയ്‌തില്ലെങ്കിലും മറ്റുള്ളവര്‍ക്കിട്ട് പാരവെക്കാന്‍ മാത്രമായി നടക്കുന്നവര്‍. ഇതിനെ പാരകള്‍ നടക്കുന്ന സൈറ്റുമായി ആള്‍ക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്.

24. പാര ക്വാറ്റ് (paraquat)- പാരകള്‍ക്കിട്ട് പെരുമാറാനുള്ള കീടനാശിനി. വിഷമാണ്. ഒരുമാതിരി പാരകളൊക്കെ ഇതില്‍ വീഴും. നെല്ലിന് മരുന്നടിക്കുന്ന ആ മെഷീന്‍ മതി.

25. പാരാ നോര്‍മല്‍ - ഇതും പ്രത്യേകിച്ച് പറയേണ്ട. പാരകള്‍ കിട്ടിക്കിട്ടി അവസാനം നോര്‍മല്‍ ആവാത്ത അവസ്ഥ. ഇത്തരക്കാര്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാവുകയും രൂപാ‌പടം‌പൂട്ട് (മണി-ചിത്ര-താഴ്) പടത്തിലെ ഗംഗ നാഗവല്ലി സ്റ്റൈലൊക്കെ ആകുമെന്നാണ് പാരാ സൈക്കോളജിക്കാര്‍ പറയുന്നത്.

26. പാര ലൈസ് (paralyze) - താങ്ങാനാവുന്നതിനും അപ്പുറം പാരകള്‍ ഒരുത്തനു കിട്ടിക്കഴിഞ്ഞാല്‍ അവന്‍ പാരലൈസ് ആയിപ്പോവും എന്നത് തികച്ചും സ്വാഭാവികം.

ഇനിയുമുണ്ട് പാരകള്‍. നമുക്ക് എന്തും പാരയാക്കാമെന്നുള്ളതാണ് പാരയുടെ ഒരു ബൂട്ടി. ഈ പാരപ്പോസ്റ്റ് വായിച്ച് ആരും പാരലൈസ് ആയില്ലെങ്കില്‍ ഞാന്‍ ധന്യനായി, പാരയായ്.

ഇതു മൊത്തം വായിച്ച് തലവേദനയെടുക്കുന്നവര്‍ ഒരു പാരാ സെറ്റാ മോള്‍ കഴിച്ച് കിടന്നുറങ്ങിയാല്‍ മതി (പാരാ സെറ്റാമോളിന് കടപ്പാട്, ഇത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആ ഗുളികയുടെ കാര്യം ഓര്‍മ്മ വന്ന എന്റെ അമ്മയ്ക്ക്!)

Tuesday, June 20, 2006

ഇടിവാളിന്റെ വേലായുധമ്മാനേക്കാളും ഭേദം ഞാനാ....

ദേ ഞാനുണ്ട് ഇക്കൂട്ടത്തില്‍. കഥയുടെ ഗതി തിരിച്ചുവിട്ടത് ഞാനാ. ഒരു ഇടവഴിയേ വന്നിട്ട് ഇടത്തോട്ട് തിരിച്ചുവിട്ടു, ഗതി.എന്തൊരു ഭാവാഭിനയമാണെന്ന് നോക്കിക്കേ (സൂക്ഷിച്ച് നോക്കണേ).. സീമേം മറ്റേ ചേച്ചിയുമൊക്കെ വെറും നിഷ്‌പ്രഭര്‍! സീമയെ നോക്കിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ഉജ്ജ്വല അഭിനയത്തിന്റെ അസുലഭ മുഹൂര്‍ത്തമായിരിക്കും.ഇനി ഇതെങ്ങാനും ഇടിവാളിന്റെ രാമന്‍ വേലായുധമ്മാവന്‍ പോസ്റ്റ്‌മാനാണോ?സീമയെ നോക്കരുത് നോക്കരുത് എന്ന് പലപ്രാവശ്യം പറഞ്ഞതാ ഡയറക്‍ടര്‍ സാര്‍. പക്ഷേ അടുത്തുവന്നപ്പോള്‍ കണ്ട്രോളു പോയി.

എന്തായാലും ഉജ്ജ്വല അഭിനയമായിരുന്നു. പിന്നെ എത്ര പ്രാവശ്യമാ മുത്താരം കുന്ന് പി.ഓ.യിലെ ദിലീപ് കുമാറിനെ മമ്മൂട്ടിച്ചേട്ടന്‍ വിളിച്ചതുപോലെ എനിക്ക് മദ്രാസില്‍ നിന്ന് വിളിവന്നത്. എനിക്കാണെങ്കില്‍ ഇതൊന്നും ഇഷ്ടമുള്ള പണിയേ അല്ല. അതുകാരണം മമ്മൂട്ടീടേം ലാലേട്ടന്റേം കുടുംബം രക്ഷപെട്ടു.

മൊത്തം പതിനാറു സെക്കന്റുണ്ടായിരുന്നു............

Friday, June 16, 2006

ഗവേഷണം

എന്തെഴുതും, എങ്ങിനെയെഴുതും, എന്തിനെഴുതും എന്നൊക്കെ ആലോചിച്ച് വട്ടം ചുറ്റി വട്ടായി നില്‍‌ക്കുമ്പോഴാണ് കുട്ട്യേടത്തി ഒരു കച്ചീടെ ഇത്തിരി തുരുമ്പ് നീട്ടിത്തന്നത്. ഗവേഷണത്തെപ്പറ്റി എഴുതിക്കൂടേ എന്നു ചോദിച്ചു കുട്ട്യേടത്തി. “വോ“ എന്ന് ഞാനും പറഞ്ഞു. ചെയ്യാനുള്ള ഗവേഷണമൊക്കെ മാറ്റിവെച്ചിട്ട് ദോ എഴുതാനും തുടങ്ങി.

ഇതു കൈമള്‍ (ദിസ് കൈമള്‍ അതായത് disclaimer): ആശയങ്ങളും ആമാശയങ്ങളും എന്റേതായ ഒരു വീക്ഷണ കോണകത്തില്‍ക്കൂടി ഉരുത്തിരിഞ്ഞുവന്ന ഒരു സംഗതി മാത്രം. ആത്‌മാര്‍ത്ഥമായി ഗവേഷണം ചെയ്യുന്ന മറ്റു ബ്ലോഗണ്ണന്മാരും അണ്ണികളും ക്ഷമിക്കുക. ഇത് ഒരു ഗവേഷണത്തെപ്പറ്റിയുള്ള ആധികാരിക ലേഖനമൊന്നുമല്ല. ഇതു ചുമ്മാ ഒരു പോസ്റ്റ് :)

ഈ പോസ്റ്റ് ആരെങ്കിലും ഇടയ്ക്കുവെച്ച് നിര്‍ത്തിപ്പോയാല്‍ നഷ്ടം അവര്‍ക്കുതന്നെ. ഇതിന്റെ ഏറ്റവും അവസാനത്തേതിന്റെ മുമ്പിലത്തെ ഖണ്ഡികയിലും അതിനു മുകളിലത്തേതിന്റെ മുകളിലത്തെ ഖണ്ഡികയിലുമാണ് ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് ബോബനും മോളീം വായിച്ചു ചിരിച്ചപോലെ ചിരിക്കാന്‍ പറ്റിയ കാര്യങ്ങളുള്ളത്.

പിന്നെ, ഇതിന്റെ അവസാനത്തെ ഖണ്ഡികയിലെ നാലാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും അതിനു മുകളിനു മുകളിലത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും നടുക്കത്തെ ഖണ്ഡികയിലെ നടുക്കത്തെ വാക്കും ഒടുക്കത്തെ ഖണ്ഡികയിലെ ഒടുക്കത്തെ വാക്കും കണ്ടുപിടിക്കുന്നവര്‍ക്ക് ഓരോ ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കു...

..മോ എന്ന് അറ്റ്‌ലസ് ജ്വല്ലറിയിലെ ആ കഷണ്ടിയുള്ള ചേട്ടനോട് ചോദിക്കാം. എന്തായാലും എല്ലാം തപ്പി വെച്ചേര്.

അപ്പോള്‍ തുടങ്ങാം.

എന്താണ് ഗവേഷണം?

Research is often described as an active, diligent, and systematic process of inquiry aimed at discovering, interpreting and revising facts.

അതായത് എന്താണ് മഴയെന്ന് ഒരു ഒന്നാം ക്ലാസ്സുകാരന്‍ ചോദിച്ചപ്പോള്‍ അന്തരീക്ഷത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ഉണ്ടാകുന്ന താപവ്യതിയാനങ്ങളുടേ ഫലമായി ഉദ്ദീഭവിക്കുന്ന സ്നോഷബിന്ദുക്കളെയാണ് മഴ എന്നു സിമ്പിളായി അവനെ പറഞ്ഞു മനസ്സിലാക്കിയതുപോലെ. അതുകൊണ്ട് മുകളില്‍ പറഞ്ഞിരിക്കുന്നത് വിട്ടുകള (എന്താണെന്ന് എനിക്കും കിട്ടിയില്ല-വിക്കിയില്‍ കിടക്കുന്നതാ).

ഗവേഷണമെന്നാല്‍ റിസേര്‍ച്ച്-അതായത് റീ-സേര്‍ച്ച്. കണ്ടതു തന്നെ വീണ്ടും വീണ്ടും തപ്പിക്കണ്ടുപിടിക്കുന്ന മഹാപ്രതിഭാസം. കഷ്ടകാലമെന്നു പറയട്ടെ, അതിനെ അതിന്റെ ലിറ്ററല്‍ മീനിംഗില്‍ എടുത്തുള്ള കലാപരിപാടികളും ഗവേഷണ മേഖലയിലുണ്ട്. അന്റാര്‍ട്ടിക്കയില്‍ കണ്ടുപിടിച്ചതുതന്നെ ആഫ്രിക്കയിലും കണ്ടുപിടിക്കും. നമ്മുടെ നാട്ടിലും വല്ല പാവങ്ങളും കഷ്ടപ്പെട്ട് ചെയ്ത ഗവേഷണ പ്രബന്ധത്തിന്റെ പുറം ചട്ടയും അകത്തെ ഒന്നാം പേജും മാത്രം മാറ്റി വേറേ പ്രബന്ധമാക്കുന്ന കലാപരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈയിടെയും അങ്ങിനെയെന്തോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏതൊരു മേഖലയിലും വ്യാജനുള്ളതുപോലെ ഗവേഷണത്തിലും ഉണ്ടെന്ന് കരുതുക.

പക്ഷേ ഗവേഷണമെന്നാല്‍ എന്തെങ്കിലും വസ്തുവിന്റെ കണ്ടുപിടിക്കല്‍ മാത്രമല്ല. ഗവേഷണ സാഗരത്തിലോട്ട് മുങ്ങാംകുഴിയിട്ട് പോയി മൂന്നാം കൊല്ലം പൊങ്ങുമ്പോള്‍ വലതുകൈയ്യില്‍ എന്തെങ്കിലും കണ്ടുപിടുത്തം ഉണ്ടാവണമെന്നൊന്നുമില്ല. എന്തെങ്കിലും കണ്ടുപിടുത്തത്തിന്റെ കണ്ടുപിടിക്കാത്ത വശങ്ങളെപ്പറ്റിയുള്ള പഠനങ്ങളും എന്തുകൊണ്ട് അത് കണ്ടുപിടിച്ചു എന്നുള്ള അന്വേഷണവും, ഇനിയെന്തെങ്കിലും പറ്റുമോ എന്നുള്ള നോട്ടവും, എന്തുകൊണ്ടു പറ്റിയില്ലാ എന്നുള്ള ചിന്തയും എല്ലാം ഗവേഷണത്തില്‍ പെടുത്താം. പുതിയ ഒരു അറിവോ, അറിഞ്ഞതിന്റെ ഒന്നുകൂടി നല്ലരീതിയിലുള്ള അറിവോ, പഴയ നിയമത്തിന്റെ പുതിയ രീതിയിലുള്ള നിര്‍വ്വചനമോ, പുതിയ വീക്ഷണകോണകത്തില്‍ക്കൂടിയുള്ള നോട്ടമോ, പുതിയ സിദ്ധാന്തമോ, എന്തിന് ഇതൊന്നും തനിക്കുപറ്റിയ പണിയല്ലാ എന്നുള്ള ഏറ്റവും പ്രധാനമായ തിരിച്ചറിവോ എല്ലാം ഗവേഷണത്തിന്റെ ബാക്കിപത്രങ്ങളാവാം. ഗവേഷണമെന്നാല്‍ കുത്തിയിരുന്നുള്ള പഠനമെന്നുമാവാം (ഉവ്വ ഉവ്വേ).

എത്ര തരം ഗവേഷണങ്ങള്‍?

അടിസ്ഥാനപരമായി രണ്ടുതരം ഗവേഷണങ്ങളുണ്ടെന്നാണ്‌ വെയ്പ്പ്‌. ബേസിക്‌ ഗവേഷണവും അപ്ലൈഡ്‌ ഗവേഷണവും. ബേസിക് ഗവേഷണമെന്നാല്‍:

-ഭൂമി ഉരുണ്ടുതന്നെയാണോ, അതോ മുട്ടപോലെയാണോ?
-ഗുരുത്വാകര്‍ഷണബലം മൂലം തന്നെയാണോ മോങ്ങാനിരുന്ന നായരുടെ തലയില്‍ തേങ്ങാ വീഴുന്നത്?
-മനുഷ്യന്‍ ഉണ്ടായതെങ്ങിനെ?
-കാ‍ക്കയുടെ കാഷ്ടം താഴോട്ട് മാത്രം വീഴുന്നതെന്തുകൊണ്ട്?

ഇത്തരം കുഴയ്ക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തലാണ്‌ ബേസിക്ക്‌ റിസേര്‍ച്ചുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരം കാര്യങ്ങളൊക്കെ ചിലപ്പോള്‍ ഒരു മനുഷ്യജന്മം കൊണ്ടുപോലും കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. നമുക്കു ചോദിച്ചു ചോദിച്ചു പോകാം സ്റ്റൈലില്‍ അതിങ്ങനെ പോയിക്കൊണ്ടേയിരിക്കും. ഐന്‍‌സ്റ്റൈന്‍, ന്യൂട്ടന്‍ ഇവരൊക്കെ ബേസിക്‌ ഗവേഷണത്തിന്റെ ആള്‍ക്കാരാണ്‌. നമ്മുടെ സി.വി. രാമനേയും ആ ഗണത്തില്‍ പെടുത്താം. അദ്ദേഹത്തിന്റെ ബേസിക്‌ ഗവേഷണം, രാമന്‍ സ്പെക്ട്രോസ്കോപ്പ്‌ എന്ന ഒരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിനും വഴിതെളിച്ചു എന്നുള്ളത്‌ ചരിത്രം.

വേറൊന്നാണ്‌ അപ്ലൈഡ്‌ റിസേര്‍ച്ച്‌. നമുക്കൊക്കെ അത്യാവശ്യമോ ആവശ്യമോ ആയ കാര്യങ്ങളിലൊക്കെയുള്ള ഗവേഷണമെന്നു പറയാം.

-പച്ചവെള്ളത്തില്‍നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ പറ്റുമോ?
-കോള കുടിച്ചാല്‍ കിക്കാകുമോ?
-കാക്ക കുളിച്ചാല്‍ കൊക്കാകുമോ (അത്‌ ചിലപ്പ്പ്പോള്‍ ബേസിക്ക്‌ ഗവേഷണവുമാകാം),
-ചതുരച്ചക്രം കൊണ്ട് വണ്ടിയോടിക്കാമോ,
-കീബോര്‍ഡില്ലാതെ ടൈപ്പു ചെയ്യാമോ?
-പക്ഷിപ്പനിയുടെ മരുന്ന് ....

ഇതൊക്കെ അപ്ലൈഡ്‌ ഗവേഷണങ്ങളാണ്‌. അതുപോലെ ഒരൊറ്റ മരത്തില്‍നിന്ന് കൊല്ലത്തില്‍ ഒരു ടണ്‍ ഷീറ്റുകിട്ടുന്ന തരം റബ്ബര്‍ മരമോ, മണ്ടയ്ക്ക്‌ അരിപിടിക്കാത്ത തേങ്ങാമരമോ ഒക്കെ അപ്ലൈഡ്‌ ഗവേഷണം വഴി കണ്ടുപിടിക്കാമായിരിക്കുമെന്ന് തോന്നുന്നുണ്ടോ ആവോ?

മൊത്തത്തിലൊന്നെടുത്താല്‍ അപ്ലൈഡ്‌ ഗവേഷണത്തിനാണ്‌ ഡിമാന്റ്‌ കൂടുതല്‍. അതിന്‍ ഒരു കാരണം ബേസിക്ക്‌ ഗവേഷണത്തിന്‌ അപാരമായ തലയും ക്ഷമയും വേണം എന്നുള്ളതാണ്‌. ഗവേഷണത്തിന്‌ കാശുമുടക്കുന്ന മുതലാളിമാരും അപ്ലൈഡ്‌ ഗവേഷണത്തിന്‌ കാശുമുടക്കാനാണ്‌ കൂടുതല്‍ താത്പര്യം കാണിക്കുന്നത്‌-കാരണം വിറ്റു കാശാക്കാവുന്ന കണ്ടുപിടുത്തങ്ങളെല്ലാം കൂടുതലും അപ്ലൈഡ് വഴി കിട്ടും.

പക്ഷേ ഈ ബേസിക്കും അപ്ലൈഡും കെട്ടുപിണഞ്ഞ്‌ കിടക്കുന്ന സംഗതിയാണ്‌. ഭൂമി ഉരുണ്ടതല്ല, പകരം മുട്ടപോലെയാണെന്ന് കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ ഭൂമിയില്‍നിന്നും ഉത്ഭവിക്കുന്ന കാന്തിക തരംഗങ്ങളുടെ മാസ്മരികവികിരണം മൂലം ആവിര്‍ഭവിക്കുന്ന പ്രകാശരശ്മികള്‍ മൂലമുണ്ടാകുന്ന താപവ്യതിയാനങ്ങളുടെ ഫലമാണ്‌ സുനാമിയുണ്ടാകുന്നതെന്നോ മറ്റോ കണ്ടുപിടിച്ചാല്‍ പിന്നെ അതെങ്ങിനെ ഇല്ലാതാക്കാമെന്നും കണ്ടുപിടിക്കാന്‍ പറ്റുമായിരിക്കും. പക്ഷേ സുനാമണിയുണ്ടാകുമെന്നും പറഞ്ഞ്‌ വണ്ടിയെല്ലാം ഷെഡ്ഡില്‍ കയറ്റിയിടാനും പറ്റില്ല. പെട്രോളിനൊരു പകരക്കാരനെ കണ്ടുപിടിക്കണം. അത്തരം ഗവേഷണവും അത്യാവശ്യം. രണ്ടും വേണമെന്ന് സാരം.

എങ്ങിനെ ചെയ്യാം ഗവേഷണം?

എത്ര തരം ഗവേഷണമുണ്ടെന്ന് മനസ്സിലായില്ല്ലേ. പക്ഷേ എങ്ങിനെ ചെയ്യാം ഈ ഗവേഷണങ്ങളൊക്കെ? വേണ്ട സംഗതികളൊക്കെയുണ്ടെങ്കില്‍ സ്വന്തമായിത്തന്നെ ചെയ്യാം. പക്ഷേ പലപ്പോഴും നടക്കില്ല. പണം വേണം, സഹായിക്കാന്‍ വഴികാട്ടി വേണം, പുസ്തകങ്ങള്‍ വേണം.......പക്ഷേ, കുഴപ്പമില്ല. പല ഗവേഷണങ്ങളും നാടിനും നാട്ടാര്‍ക്കും ലോകത്തിനുമെല്ലാം ആവശ്യമായതുകൊണ്ട്‌ ഗവേഷണത്തിന്‌ സര്‍ക്കാര്‍ തന്നെ നല്ലപോലെ സഹായിക്കും. സര്‍ക്കാരിന്‌ ഗവേഷണത്തിനും ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാമുള്ള സംവിധാനങ്ങളുണ്ട്‌. കൂടാതെ പ്രത്യേകം പ്രത്യേകം ഗവേഷണസ്ഥാപനങ്ങളും ഉണ്ട്‌. യൂണിവേഴ്‌സിറ്റി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഗവേഷണത്തിനായി കിട്ടും. പിന്നെ പല സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഗവേഷണത്തെ സഹായിക്കും. സഹായിക്കും സഹായിക്കും എന്നു പറഞ്ഞാല്‍ പ്രധാനമായും ധനസഹായം തന്നെ. ഗവേഷണങ്ങള്‍, പ്രത്യേകിച്ചും ശാസ്ത്രഗവേഷണങ്ങള്‍ നല്ല കാശുചിലവുള്ള പരിപാടിയാണ്‌. എന്തിന്‌ കുമാരനാശന്റെ വീണപൂവ്‌ ശരിക്കും വീണതുതന്നെയാണോ എന്നുള്ള മേശമേല്‍ കുത്തിയിരുന്നുള്ള ഗവേഷണത്തിനുപോലും അത്യാവശ്യം കാശൊക്കെ വേണം-പുസ്തകം വാങ്ങിക്കണം, പേന വാങ്ങിക്കണം. ഇനിയെങ്ങാനും മാത്തമാറ്റിക്കലിയാണ്‌ ആ വീഴ്ച തെളിയിക്കേണ്ടതെന്നാല്‍ കമ്പ്യൂട്ടര്‍ വേണം. സോഫ്റ്റ്‌വയര്‍ വേണം...... അപ്പോള്‍പിന്നെ ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെയൊക്കെ കാര്യം പറയാനുണ്ടോ. സള്‍ഫ്യൂരിക്കാസിഡനകത്തേക്ക്‌ നൈട്രിക്ക്‌ ആസിഡൊഴിച്ചിട്ട്‌ അതു രണ്ടുംകൂടെ ഹൈഡ്രോക്ലോറിക്കാസിഡിനകത്തേക്ക്‌ കമഴ്‌ത്തിയാല്‍ എന്തു സംഭവിക്കുമെന്നുള്ള ഗവേഷണത്തിന്‌ ഈ ആസിഡുകള്‍ വാങ്ങാന്‍ തന്നെയാകും നല്ല കാശ്‌. ഇതെങ്ങാനും അമേരിക്കയില്‍ നിന്ന് വരുത്തണമെങ്കില്‍ പിന്നെ പറയുകയും വേണ്ട. പിന്നെ ഇതൊക്കെ കമത്തുന്ന പാവം ഗവേഷകനും കൊടുക്കേണ്ടേ വല്ലതും. മൊത്തം ചിലവു തന്നെ. അപ്പോള്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് മാസാമാസം ഫെലോഷിപ്പ് എന്ന പേരില്‍ വട്ടച്ചിലവിനുള്ള പൈസാ കിട്ടും. മാത്രവുമല്ല, സോപ്പ്-ചീപ്പ്-കണ്ണാടി ഇത്യാദി ഗവേഷണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനും ധനസഹായം കിട്ടും. തികയുമോ എന്നത് വേറേ കാര്യം. വേണ്ട കെമിക്കല്‍‌സ്, മരുന്നുകള്‍ ഇവ വാങ്ങാനുള്ള കാശും കിട്ടും-അവിടേയും തികയുമോ എന്നുള്ളത് വേറേ കാര്യം.

എന്തൊക്കെയാണ്‌ ഒരു ഗവേഷണത്തില്‍ സംഭവിക്കുന്നത്‌?

എന്തും സംഭവിക്കാം.

സെരതെണ്ടിപ്പട്ടിക്ക് (serendipity) നല്ല സ്‌കോപ്പുള്ള മേഖലയാണ് ഗവേഷണം. ഉദാഹരണത്തിന് സള്‍ഫ്യൂരിക്കാസിഡനകത്തേക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡ് ഒഴിച്ചിട്ട് ഇതു രണ്ടും കൂടി നൈട്രിക്ക് ആസിഡിലേക്ക് കമത്തിയാല്‍ എന്തു സംഭവിക്കും എന്ന ഗവേഷണത്തിനിടയ്ക്ക് സെരതെണ്ടിപ്പട്ടി കടിക്കാം. സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്തു വീണാല്‍ വിവരമറിയും-പൊള്ളും. നൈട്രിക് ആസിഡ് ദേഹത്തു വീണാല്‍ വീണവിവരം പോലുമറിയുന്നതിനു മുന്‍പ് ബോധം പോകും. ഹൈഡ്രോക്ലോറിക്കാസിഡും അങ്ങിനെ തന്നെ. യൂണിവേഴ്സിറ്റി ഓഫ് അലവലാതിയിലെ അക്കിടി പറ്റിയോ കുറോച്ച്യലായോ ഇതിനെപ്പറ്റിയൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കരുതുക. ഈ ആസിഡുകള്‍ പല പല അളവുകളില്‍ മാറിമാറി കമത്തി തുള്ളികള്‍ ദേഹത്ത് വീഴിച്ച് പൊള്ളിച്ചുകളിച്ച അദ്ദേഹം ഒരു പ്രാവശ്യം ഇതു മൂന്നും കൂടി ഒന്നിച്ച് കമത്തിയപ്പോള്‍ പൊള്ളുന്നതിനു പകരം കഞ്ചാവടിച്ചതുപോലെ കിറുങ്ങിപ്പോയാല്‍ അത് ആ ഗവേഷണത്തിലെ സെരണ്ടിപ്പട്ടി. ചിലപ്പോല്‍ അര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡിനു പകരം ദേഹം എടുത്തത് ഒന്നര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡായിരിക്കും. അതുപോലെ സള്‍ഫ്യൂരിക്ക് ആസിഡ് പൊള്ളുമെന്നു കണ്ടുപിടിച്ചതും ഇതുപോലുള്ള ഏതെങ്കിലും തെണ്ടിപ്പട്ടിവഴിയാകാം. ഷെല്‍ഫിന്റെ ഏറ്റവും മുകളിലിരിക്കുന്ന ബിസ്‌മില്ലാരി മിനറല്‍ വാട്ടര്‍ കുപ്പിയെടുക്കാന്‍ ആഞ്ഞാഞ്ഞു നോക്കുന്നതിനിടയില്‍ കൈതട്ടി ആ ആസിഡ് ദേഹത്തു വീണപ്പോളാണല്ലോ യൂറേക്കാ, പൊള്ളുന്നേ, എന്റമ്മോഅറ്റ്ജീമെയില്‍ഡോട്ട്കോമാ, എന്റച്ഛോഅറ്റ്യാഹൂ ഹൂഹൂ എന്നൊക്കെ വിളിച്ചുകൂവി തുണിയില്ലാതെ ആരക്കോമെഡീസ് എന്ന ഗവേഷണവിദ്യാര്‍ത്ഥി ഐ-20 ഇന്റര്‍‌സ്റ്റേറ്റ് വഴി ആയിരത്തിയെണ്ണൂറ്റിമുപ്പത്തിയാറില്‍ പാഞ്ഞത്.

ജോക്ക്‍സ് എപ്പാര്‍ട്ട് (അതെന്താ?) ശരിക്കും ഇത്തരം സംഗതികള്‍ ധാരാളം ഗവേഷണമേഖലയില്‍ നടക്കുന്നു-പല പല അടിപൊളി കണ്ടുപിടുത്തങ്ങളും അങ്ങിനെ ഉണ്ടാകുന്നു. ഉദാഹരണത്തിന് 2000 -ലെ രസതന്ത്രം (സിനിമയല്ല) നോബല്‍ സമ്മാനത്തിന് അലന്‍ മക്‍ഡയാമിഡ് (ഉച്ചാരണം അങ്ങിനെതന്നെ?), അലന്‍ ഹീഗര്‍, ഹിഡേകീ ഷിരകാവാ (ജപ്പാന്‍‌കാരനാ, കണ്ടോ കണ്ടോ വെറുതെയല്ല ഞാനിവിടെ) എന്നിവരെ അര്‍ഹരാക്കിയത് ഇങ്ങിനെയുള്ള ഒരു സെരെന്റിപിറ്റിയായിരുന്നു. അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് കണ്‍‌ഡക്റ്റിംഗ് പോളിമേഴ്‌സില്‍ (conducting polymers ) ഉള്ള അവരുടെ ഗവേഷണത്തിനും സംഭാവനകള്‍ക്കുമാണ്. പോളിമര്‍ സാധാരണഗതിയില്‍ ചാലകങ്ങളല്ല. അതുകൊണ്ടാണല്ലോ ചെമ്പുകമ്പിയൊക്കെ കറന്റടിക്കാതിരിക്കാന്‍ പ്ലാസ്റ്റിക്കുകൊണ്ട് പൊതിയുന്നത് (പ്ലാസ്റ്റിക് റബ്ബറും ഫൈബറും പോലെ ഒരു പോളിമറാണ്). പക്ഷേ ഈ പോളിമറുകളെ ചാലകങ്ങളാക്കിയാല്‍ ഒത്തിരി പ്രയോജനങ്ങളുണ്ട്. ഷിരകാവാ സാറിന്റെ ലാബില്‍ അതിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു, ശരിക്കും പറഞ്ഞാല്‍ 1967 മുതല്‍. അക്കാലത്ത് ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഗവേഷണവിദ്യാര്‍ത്ഥിയോട് പറഞ്ഞു,

“മഹനേ, നീ ഈ പോളിമറിലേക്ക് ഈ “സാധനം“ ഇട്. അതിനാദ്യം പോളിമര്‍ ഒരു ഒരു ഗ്രാം എടുക്ക്. എന്നിട്ട് ഈ “സാധനം” ഒരു ഒരു മില്ലീഗ്രാം അതിലേക്ക് ഇട്”

“വ്വോ..ശരി സാര്‍”

ആ പാവം വിദ്യാര്‍ത്ഥി ഒരു കൊറിയക്കാരനായിരുന്നു. ഒരു മില്ലീഗ്രാമിനു പകരം അദ്ദേഹം മനസ്സിലാക്കിയത് ഒരു ഗ്രാമെന്നായിരുന്നു. അതുകൊണ്ട് ഒരു ഗ്രാം പോളിമറിലേക്ക് അദ്ദേഹം ഒരു ഗ്രാം “സാധനം” ഇട്ടു.

ഷിരക്കാവാ സാര്‍ വന്നു നോക്കിയപ്പോള്‍ നല്ല കറത്തു പിടച്ച് കുറുമനേപ്പോലെയിരിക്കേണ്ട സാധനം നല്ല മെറ്റലുപോലെ പളപളാ തിളങ്ങിയിരിക്കുന്നു. അളവു മാറിപ്പോയി എന്ന് ഷിരക്കാവാ സാറിന് മനസ്സിലായി.

നമ്മളാണെങ്കില്‍ എന്തു ചെയ്യും?

എടുത്ത് തോട്ടില്‍ കളയും. എന്നിട്ട് ആ കൊറിയക്കാരനെ പത്തു തെറിയും പറഞ്ഞ്, അവനെ മാത്രമോ, പാവത്തിന്റെ വീട്ടിലിരിക്കുന്നവരേയും പറഞ്ഞ് പിന്നേം ഒന്നേന്നു തുടങ്ങാന്‍ പറയും.

അതുകൊണ്ടാണല്ലോ നമുക്കൊന്നും ഇതൊന്നും കിട്ടാത്തത്-ഏത്? നോബലേ.

ഷിരക്കാവാ സാര്‍ അതെടുത്ത് തോട്ടില്‍ കളഞ്ഞില്ല. കണ്ടാല്‍ മെറ്റലുപോലിരിക്കുകയായിരുന്നു ആ കുളമായ സാധനം. കണ്ടാല്‍ മെറ്റലുപോലെയാണെങ്കില്‍ ഇനി മെറ്റലുപോലെ പെരുമാറുകയും ചെയ്യുമോ- ഉദാഹരണത്തിന് ലെവനില്‍ കൂടി കറന്റെങ്ങാനും കടത്തിവിട്ടാല്‍ ഷോക്കടിക്കുമോ? അങ്ങിനെ പോയി അദ്ദേഹത്തിന്റെ ചിന്ത. എന്തിനങ്ങിനെ പോയി എന്നു ചോദിച്ചാല്‍ ഒരു നോബല്‍ അദ്ദേഹത്തിന്റെ തലയില്‍ അന്നേ എഴുതിവെച്ചിട്ടുണ്ടായിരുന്നു എന്നേ എനിക്കു പറയാന്‍ പറ്റൂ.

അദ്ദേഹം അതെടുത്ത് സൂക്ഷിച്ചു വെച്ചു. പിന്നെ എഴുപതുകളുടെ പകുതിക്ക് ഒരു ദിവസം ഹീഗര്‍ സാറുമായിട്ട് ജപ്പാനില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഷിരക്കാവാ സാര്‍ ഈ കാര്യം ഹീഗര്‍ സാറിനോടും പറഞ്ഞു. സാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഹീഗര്‍ സാറിന്റെ അമേരിക്കയിലെ ലാബിലേക്ക് ക്ഷണിച്ചു. അവിടെ മക്‌ഡയാമിഡ് സാറുമുണ്ട്. മൂന്നു സാറന്മാരും കൂടി കുത്തിയിരുന്ന് കുത്തിയിരുന്ന് ഗവേഷിച്ച് ഗവേഷിച്ച്.......... അവസാനം 2000-ല്‍ നോബല്‍ സമ്മാനം കിട്ടി.

അപ്പോള്‍ നോബല്‍ സമ്മാനം കിട്ടാന്‍:

1. ഒന്നുമെടുത്ത് തോട്ടില്‍ കളയരുത്.
2. ചായ കുടിക്കണം.

(അനുബന്ധം: ഷിരക്കാവാ സാര്‍ ഉള്‍പ്പെട്ടവര്‍ക്ക് 2000-ല്‍ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ നാട്ടിലൊക്കെ വന്‍ പ്രതിഷേധങ്ങള്‍ നടന്നു. എന്ത്? ചാലകപോളിമറുകള്‍ക്ക് 2000ല്‍ നോബല്‍ സമ്മാനമോ? ഞങ്ങളുടെ ലാബില്‍ 1995-ല്‍ തന്നെ ഇതുണ്ടാക്കിയതാണ്. റബ്ബറില്‍ കൂടി വൈദ്യുതി കടത്തിവിടാമെന്ന് ഞങ്ങള്‍ 1994-ല്‍ കണ്ടുപിടിച്ചതാണ് എന്നൊക്കെ പറഞ്ഞ് വന്‍ ബഹളമായിരുന്നു. പലരും ഓര്‍ത്തത് 1999-ലെ കണ്ടുപിടുത്തത്തിനാണ് 2000-ല്‍ നോബല്‍ സമ്മാനം കൊടുക്കുന്നത് എന്നാണ്. നോബല്‍ സമ്മാനം അങ്ങിനെ കഴിഞ്ഞ കൊല്ലം മാത്രം ചെയ്യുന്ന ഒരു ഗവേഷണത്തിന് അതിനടുത്ത കൊല്ലം കൊടുക്കുന്ന ഓസ്‌കാറല്ല. 1995-ല്‍ കുണ്ടറയിലെ ലാബില്‍ അണ്ണന്മാര്‍ ചാലക പ്ലാസ്റ്റിക്കുകളുണ്ടാക്കിയത് 1985-ല്‍ ഷിരക്കാവാ സാറൊക്കെ പ്രസിദ്ധീകരിച്ച പേപ്പറുകളെ ആസ്പദമാക്കിത്തന്നെയായിരുന്നു. ഇതിപ്പോള്‍ പറഞ്ഞു വന്നത്, നിങ്ങള്‍ കുറച്ചു ക്ഷമിക്കണം. കുറഞ്ഞത് ഒരു 2015-ലെങ്കിലുമേ വക്കാരിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ പത്രങ്ങളുടെയൊക്കെ മുന്‍‌പേജില്‍ വരൂ-വക്കാരിക്കും നോബലുകിട്ടി എന്ന തലക്കെട്ടുമായി-പ്ലീസ് അതുവരെയൊന്നു പിടിച്ചു നില്‍ക്കണം).

നമ്മുടെയൊക്കെ അടുക്കളയിലെ നോണ്‍-സ്റ്റിക് പാത്രങ്ങളിലെ ടെഫ്ലോണ്‍ എന്ന സാധനവും ഇങ്ങിനെ സെരിന്റിപിറ്റിവഴിയായിരുന്നു. അതുപോലെ മറ്റു പല കണ്ടുപിടുത്തങ്ങളും. പക്ഷേ സെരിന്റിപ്പിറ്റി ഇപ്പം വരും ഇപ്പം വരും എന്നും പറഞ്ഞ് ആരും അരക്കിലോ പോളിമറിലേക്ക് പത്തുകിലോ “സാധനം” കമത്തിയേക്കരുതേ. നോബല്‍ തലയില്‍ വരച്ചിട്ടില്ലെങ്കില്‍ മിക്കവാറും പൊട്ടിത്തെറിയും പോരാത്തതിന് പുളിച്ച തെറിയുമായിരിക്കും ഫലം!

എങ്ങിനെയാണ് ഗവേഷണങ്ങള്‍ വിലയിരുത്തുന്നത്?

കാശുമുടക്കുന്നവര്‍ കാലാകാലങ്ങലില്‍ അവലോകനങ്ങള്‍ നടത്തും. പിന്നെ പ്രസിദ്ധീകരണങ്ങള്‍. ആദ്യകാലങ്ങളില്‍ ഏതെങ്കിലും കോണ്‍‌ഫറന്‍സിനൊക്കെ നമ്മുടെ കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചാല്‍ തന്നെ വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ നല്ല നല്ല ഗവേഷണങ്ങളാണെങ്കില്‍ ഫലങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളില്‍ വരണമെന്നായി. കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളുണ്ട് ഇപ്പോള്‍. ചിലതിലൊക്കെ നമ്മള്‍ ചെയ്യുന്ന കലാപരിപാടികള്‍ പ്രസിദ്ധപ്പെടുത്താന്‍ വലിയ പാടാണ്. അടിപൊളി കണ്ടുപിടുത്തങ്ങളൊക്കെയാണെങ്കിലേ അവരൊക്കെ നമ്മളെ ചിരിച്ചുകാണിക്കൂ. ശാസ്ത്രമേഖലയില്‍ സെല്‍, നേച്ചര്‍, സയന്‍സ് മുതലായ പ്രസിദ്ധീകരണങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. ഒരു ഗവേഷണ പ്രസിദ്ധീകരണത്തിന്റെ നിലവാരം അളക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം അതില്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു ലേഖനം ലോകത്തുള്ള ബാക്കി ഗവേഷകര്‍ എത്രമാത്രം ഉപയോഗിക്കുന്നുണ്ട് അവരുടെ ഗവേഷണത്തിന് എന്നെതിനെ ആസ്പദമാക്കിയാണ്. വളരെ നല്ല കണ്ടുപിടുത്തങ്ങള്‍ പില്‍‌ക്കാലങ്ങളിലുള്ള വളരെയധികം ഗവേഷണത്തിന് വളം വെക്കും. ഇപ്പോള്‍ പ്രസിദ്ധീകരണത്തേക്കാളും വില പേറ്റന്റിനാണ്. നല്ല നല്ല കണ്ടുപിടുത്തങ്ങളാണെങ്കില്‍ പേറ്റന്റെടുക്കാം. ഒരു പേറ്റന്റ് എങ്കിലും ക്ലിക്കായാല്‍ പൂത്ത കാശും കിട്ടും. പക്ഷേ പാടാണ്.

ഗവേഷിച്ച് ഗവേഷിച്ച് ഒന്നിലും എത്തിയില്ലെങ്കില്‍ പെട്ടിമടക്കേണ്ടി വരുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം ശരിക്കങ്ങ് തരാന്‍ പറ്റില്ല എന്നാണ് തോന്നുന്നത്. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കാനുള്ള സ്കോപ്പ് ഉള്ളതുകാരണം പരമാവധി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നോക്കും. പിന്നെ ഡിഗ്രിക്കു വേണ്ട ഗവേഷണമാണെങ്കില്‍ അവസാനം പ്രബന്ധം തയ്യാറാക്കി രണ്ടോ മൂന്നോ പരിശോധകരെക്കൊണ്ട് പരിശോധിപ്പിക്കും. നാട്ടിലെ ചില സ്ഥാപനങ്ങളില്‍ ആ പരിശോധകരില്‍ ഒരാളെങ്കിലും വിദേശിയായിരിക്കണമെന്നുമുണ്ട്. അവര്‍ വിലയിരുത്തും. കൊള്ളില്ല എന്നവര്‍ പറഞ്ഞാല്‍ കൊള്ളാവുന്ന രീതിയിലാക്കണം. പിന്നെ അവര്‍ നേരിട്ടും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ വരും. അവരുടെ മുന്‍പില്‍ കാര്യങ്ങളെല്ലാം അവതരിപ്പിച്ച് ചോദ്യോത്തരങ്ങളെ നേരിടണം. പിന്നെ ഗവേഷണത്തിനിടയ്ക്കും ഗവേഷണക്കമ്മറ്റിക്കാരുടെ മുന്‍പില്‍ കാലാകാലങ്ങളില്‍ സംഗതികളൊക്കെ അവതരിപ്പിച്ച് “വെല്‍ ഡണ്‍ ബോയ്, കീപ്പിറ്റപ്പ്” വാങ്ങിക്കണം. ഇതെല്ലാം കഴിഞ്ഞാലേ ഗവേഷണബിരുദപ്പട്ടം നമുക്കു ചാര്‍ത്തിത്തരൂ. വലിയ പാടു തന്നെ.

അതായത് ഗവേഷണത്തിനെ കാലാകാലങ്ങളില്‍ വിദഗ്‌ദര്‍ വിലയിരുത്തുന്നുണ്ടെന്ന് ചുരുക്കം.

കളിപ്പീരുണ്ടോ?

ഉണ്ടോന്ന്!

പച്ച വെള്ളത്തില്‍ നിന്ന് പച്ചിലകള്‍ ചേര്‍ത്ത് പച്ചയായി പെട്രോള്‍ ഉണ്ടാക്കാമെന്ന് പച്ചയ്ക്ക് ചിരിച്ച് രാമര്‍ പിള്ളേച്ചന്‍ പച്ചയായി പറഞ്ഞപ്പോള്‍ അഞ്ഞൂറിന്റെ എത്ര പച്ചനോട്ടുകളാ കരുണയോടെ കരുണ്‍‌നിധി എടുത്തുകൊടുത്തത്. ആ പച്ചനോട്ടുകളെല്ലാം വാങ്ങിച്ച പിള്ളേച്ചന്‍ ഇപ്പോള്‍ പച്ചവെള്ളം പച്ചയ്‌ക്കുതന്നെയാണോ കുടിക്കുന്നതെന്നുപോലും അറിയില്ല. അദ്ദേഹം ഏതായാലും യൂണിവേഴ്‌സിറ്റിയില്‍ ഒന്നും പോയി ഗവേഷിക്കാതെതന്നെയായിരുന്നു പച്ചയായ ആ കണ്ടുപിടുത്തങ്ങള്‍.

സ്റ്റെം സെല്‍ റിസേര്‍ച്ച് എന്ന ഒരു ഗംഭീരന്‍ ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. അമേരിക്കയില്‍ മതപരമായ ഇടപെടലുകള്‍ മൂലം ആ ഗവേഷണം അത്രയ്ക്കങ്ങ് അടിപൊളിയാക്കാന്‍ പറ്റുന്നില്ല. ദക്ഷിണ കൊറിയയിലൊക്കെ വളരെയധികം ഗവേഷണം ആ മേഖലയില്‍ നടക്കുന്നുണ്ട്. അതിന്റെ ചക്രവര്‍ത്തിപ്പട്ടം ഉണ്ടായിരുന്ന ഒരു ദക്ഷിണകൊറിയന്‍ ഗവേഷകന്റെ പട്ടമൊക്കെ ഈയിടെ ഊരിവാങ്ങി. സയന്‍‌സിന്റെ ഏറ്റവും പ്രധാന പ്രസിദ്ധീകരണമായ സയന്‍സ് എന്ന മാസികയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം തട്ടിപ്പായിരുന്നത്രേ. ലബോറട്ടറിയില്‍ ചെയ്യുകപോലും ചെയ്യാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തൂ എന്നും പറഞ്ഞ് പ്രസിദ്ധീകരിച്ചു!.

തട്ടിപ്പ് കൊറിയയില്‍ മാത്രമല്ല, പലയിടത്തുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, വലിയ പാടാണെന്നേ..

നാട്ടിലെങ്ങിനെ?

തട്ടിപ്പോ?

അല്ല ഗവേഷണം മൊത്തത്തില്‍?

പൈസയുടെ പ്രശ്നമുണ്ട്. പൈസയുടെ പ്രശ്നം ഗവേഷണം ചെയ്യുന്നവര്‍ക്കുമുണ്ട്. അതുകൊണ്ട് ഒരു ജോലികിട്ടുന്നതുവരെയുള്ള ഇടക്കാലാശ്വാസമായാണ് കുറേപ്പേരെങ്കിലും നാട്ടില്‍ ഗവേഷണം ചെയ്യുന്നത്-അല്ലെങ്കില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി. എല്ല്ലാവരുമല്ല കേട്ടോ. പേരുകേട്ട ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉള്ള നാടുതന്നെ നമ്മുടെ നാട്.

ഒരു ദിവസം ഹോസ്റ്റലില്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു സ്കോളര്‍‌ഷിപ്പിനര്‍ഹനായ ഷാനവാസ് അ സ്കോളര്‍‌ഷിപ്പ് വേണ്ടെന്നു വെച്ചു-കാരണം പഠനം കഴിഞ്ഞ് മൂന്നുകൊല്ലം ആ സ്കോളര്‍‌ഷിപ്പ് തരുന്ന അള്‍ക്കാരുടെ അടുത്ത് ജോലി ചെയ്യണം. ഷാനവാസാണെങ്കില്‍ ഗള്‍ഫില്‍ പോകാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്, കോഴ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ. മെസ്സില്‍ വെച്ച് ഗവേഷണം ചെയ്യുന്ന ലാലേട്ടന്‍ ഷാനവാസിനോട് ചോദിച്ചു,

“എടാ, ഷാനവാസേ, നീയെന്തിനാടാ ആ സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ചത്? ഇനിയെങ്ങാനും ഗല്‍ഫിനു പോകാനും പറ്റിയില്ല, നാട്ടില്‍ ഒരു ജോലീം കിട്ടിയില്ല എന്നായാല്‍ പ്രശ്നമായില്ലേ?”

ഷാനവാസ് ഒരു നിമിഷം ആലോചിച്ചു-എന്നിട്ട് പറഞ്ഞു-

“ഒരു പണിയും കിട്ടിയില്ലെങ്കില്‍ ഞാനിവിടെ വന്ന് ലാലേട്ടനെപ്പോലെ ഗവേഷണം തുടങ്ങും”

അതാണ് നാട്ടിലെ ഒരു സ്ഥിതി. സമ്പൂര്‍ണ്ണ ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ പറ്റിയ ഒരു സ്ഥിതിവിശേഷമല്ലല്ലോ നാട്ടില്‍ പലരുടേയും. അരിയേപ്പറ്റി ഗവേഷിക്കാം. പക്ഷേ അരിവാങ്ങാന്‍ കാശുവേണ്ടേ? പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഗവേഷണത്തിന് പണ്ടത്തേതിനേക്കാളും മുന്‍‌ഗണന കൊടുക്കുന്നുണ്ട്.

ഗവേഷണം കഴിഞ്ഞാല്‍?

ഒരു ചോദ്യമാണ്. ജോലി അല്ലെങ്കില്‍ തുടര്‍ ഗവേഷണം.... തുടര്‍ ഗവേഷണത്തിന് നാടിനേക്കാള്‍ നാടിനു വെളിയിലാണ് ആള്‍ക്കാരുടെ നോട്ടം. കുറച്ചുകൂടി സൌകര്യങ്ങള്‍, ലൈബ്രറി, കിട്ടുന്ന ഡോളര്‍-യൂറോ-യെന്ന്. തുടര്‍ ഗവേഷണത്തെ പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് എന്നാണ് വിളിക്കുന്നത്. റിസേര്‍ച്ച് അസോസ്സിയേറ്റെന്നും ചിലപ്പോള്‍ ഇവരെ വിളിക്കും. കുറച്ച് മൂക്കുന്നവരെ റിസേര്‍ച്ച് പ്രൊഫസര്‍ എന്നും വിളിക്കും. മിക്കവാറും സ്ഥിരം പോസ്റ്റാവില്ല. ഓരോ പ്രൊജക്റ്റിനെ അനുസരിച്ചിരിക്കും. ഗവേഷണാനന്തര ഗവേഷകര്‍ക്ക് ധനസഹായം തരുന്ന സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ പല രാജ്യത്തുമുണ്ട്. പലതും വളരെ പേരുകേട്ട ഫെലൊഷിപ്പാണ് തരുന്നത്. മിക്കവാറും നമ്മള്‍ വിദേശത്തെ നമ്മുടെ മേഖലയില്‍ ഗവേഷണം നടത്തുന്ന ഒരു സാറിനെ കണ്ടുപിടിച്ച്, അവരോട് ആശയവിനിമയം നടത്തിയാണ് സംഗതി ഒപ്പിച്ചെടുക്കുന്നത്. പ്രസ്ഥാനങ്ങള്‍ വഴിയുള്ള ഫെലോഷിപ്പാണെങ്കില്‍ നമ്മള്‍ ഒരു റിസേര്‍ച്ച് പ്രൊപ്പോസലും കൊടുക്കണം. കുറേപ്പേര്‍ ചേര്‍ന്ന് അത് വിലയിരുത്തിയതിനു ശേഷം അവര്‍ തീരുമാനിക്കും, ലെവന് കൊടുക്കണോ വേണ്ടയോ എന്ന്. അവിടേയും വലിയ പാടു തന്നെ.

ജോലി കിട്ടുമോ?

നോക്കണം.

അപ്പോള്‍ ഇതു താന്‍‌ടാ ഗവേഷണം. ആര്‍ക്കെങ്കിലും ഈ സാഗരത്തില്‍ ഒന്ന് നീന്തിക്കുളിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ വരൂ, മുങ്ങൂ, പൊങ്ങൂ............

ഞാന്‍ മടുത്തൂ............ ദാ.. എന്റ്.

Sunday, June 04, 2006

കൂകൂ കൂകൂ തീവണ്ടി, കൂകിപ്പറക്കും തീവണ്ടി

അതെ, പറക്കുന്ന തീവണ്ടി-അതാണ് മാഗ്‌ലെവ് (maglev) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാഗ്‌നെറ്റിക്കലി ലെവിറ്റേറ്റഡ് (magnetically levitated) ട്രെയിന്‍. ഇത് അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ്. ഏകദേശം പത്തു സെന്റീമീറ്റര്‍ തറനിരപ്പില്‍‌നിന്നും ഉയര്‍ന്നാണ് ഇതിന്റെ സഞ്ചാരം. കാന്തിക ശക്തികള്‍ മൂലം തറനിരപ്പില്‍ നിന്നും പൊങ്ങിപ്പായുന്ന എന്തിനേയും മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ടെക്‍നോളജി എന്നു വിളിക്കാം. ജപ്പാനിലെ മാഗ്‌ലെവ് തീവണ്ടികള്‍ സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി (super conductivity) എന്ന പ്രതിഭാസത്തെ ആസ്പദമാക്കിയാണ് പായുന്നത് - പായലിന്റെ (ആഫ്രിക്കന്‍ പായലല്ല) സ്പീഡോ?- ജപ്പാനിലെ മാഗ്‌ലെവ് ട്രെയിനാണ് ഇപ്പോള്‍ ഇത്തരുണത്തില്‍ പെട്ട തീവണ്ടികളില്‍ റിക്കാര്‍ഡ് സ്പീഡിട്ടിരിക്കുന്നത്-മണിക്കൂറില്‍ 581 കിലോമീറ്റര്‍! പറക്കുന്നതു കാരണം കുലുക്കവുമില്ല. യാത്ര പരമസുഖം.

എന്താണ് സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി?

ചില പ്രത്യേകതരം പദാര്‍ത്ഥങ്ങള്‍ (ഉദാഹരണത്തിന് അലൂമിനിയം, ടിന്‍ തുടങ്ങിയ മെറ്റലുകള്‍) വളരെയധികം തണുപ്പിച്ചുകഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വൈദ്യുത പ്രതിരോധ ശേഷി (electrical resistance) പൂര്‍ണ്ണമായും നഷ്ടപ്പെട്ട് അത് സമ്പൂര്‍ണ്ണ വൈദ്യുത ചാലകങ്ങള്‍ (electrical conductors) ആയി മാറുന്നു. ഇങ്ങിനെയുള്ള പദാര്‍ത്ഥങ്ങളെ സൂപ്പര്‍ കണ്‍‌ഡക്റ്റീവ് (super conductive)പദാര്‍ത്ഥങ്ങള്‍ എന്നു വിളിക്കുന്നു (നല്ല സൂപ്പറായി വൈദ്യുതി കടത്തിവിടുന്ന-കണ്‍‌ഡക്റ്റ് ചെയ്യുന്ന- സാധനങ്ങളെന്നര്‍ത്ഥം). സൂപ്പര്‍ കണ്‍‌ഡക്റ്റീവ് അവസ്ഥയിലുള്ള ഒരു പദാര്‍ത്ഥത്തില്‍ കൂടി വൈദ്യുതി കടത്തിവിട്ടാല്‍ ആ വൈദ്യുതി ഒട്ടുമേ നഷ്ടപ്പെടാതെ സ്ഥിരമായി അതില്‍ക്കൂടി പ്രവഹിച്ചുകൊണ്ടിരിക്കും. മാത്രവുമല്ല, ഇത്തരത്തിലുള്ള വൈദ്യുത പ്രവാഹം മൂലം ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് അപാരമായ കാന്തിക ശക്തി കൈവരികയും ചെയ്യും. സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി ആദ്യമായി കണ്ടുപിടിച്ചത് ഓന്‍സ് എന്ന ശാസ്ത്രജ്ഞനാണ്, 1911ല്‍. 1913ല്‍ അദ്ദേഹത്തിന് ആ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനവും ലഭിച്ചു.

സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റിയുടെ ഏറ്റവും വലിയ പ്രശ്നം അത് കിട്ടാന്‍ ഈ പദാര്‍ത്ഥങ്ങള്‍ വളരെയധികം തണുപ്പിക്കണമെന്നുള്ളതാണ്. -180 തൊട്ട് -270 ഡിഗ്രി സെല്‍‌ഷ്യസ് വരെയൊക്കെ തണുപ്പിച്ചാലേ ഈ പദാര്‍ത്ഥങ്ങള്‍ക്ക് സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി എന്ന അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ (അന്റാര്‍ട്ടിക്കയിലെ പോലും താപം -90 ഡിഗ്രി സെല്‍‌ഷ്യസിനപ്പുറം പോയിട്ടില്ല). നമ്മുടെ സാധാരണ അന്തരീക്ഷ താപത്തിലൊക്കെയുള്ള സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി ശാസ്ത്ര നോവലുകളിലും സിനിമയിലും മാത്രം.

ഒരു കാന്തത്തിന്റെ മുകളില്‍ ഒരു സൂപ്പര്‍ കണ്‍‌ഡക്റ്റര്‍ വെച്ചാല്‍ അത് കാന്തത്തില്‍ നിന്നും പൊങ്ങി നില്‍ക്കും, ഈ പേജിലെ പടത്തില്‍ കാണുന്നതുപോലെ. അങ്ങിനെ പൊങ്ങിനില്‍‌ക്കുന്ന പ്രതിഭാസത്തെ ലെവിറ്റേഷന്‍ (levitation) എന്നു പറയുന്നു. അതുകൊണ്ടാണ് ഈ തീവണ്ടികളെ മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് തീവണ്ടികള്‍ എന്നു വിളിക്കുന്നത്. പക്ഷേ സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി ലെവിറ്റേഷനുള്ള പല ഉപാധികളില്‍ ഒന്നുമാത്രം.

എങ്ങിനെയാണ് സൂപ്പര്‍ കണ്‍‌ഡക്റ്റിംഗ് മാഗ്‌ലെവ് തീവണ്ടികള്‍ പറക്കുന്നത്?

തീവണ്ടിയില്‍ സൂപ്പര്‍ കണ്‍‌ഡക്റ്റീവ് കാന്തങ്ങളുണ്ട് . വളരെയധികം തണുപ്പിച്ചതിനുശേഷം ഇവയില്‍‌ക്കൂടി വൈദ്യുതി കടത്തിവിട്ടാണ് ഇവയ്ക്ക് അപാരമായ കാന്തികശക്തി കൊടുക്കുന്നത്. തീവണ്ടി ഓടുന്ന പാളത്തിനിരുവശവും വൈദ്യുത കോയിലുകളുണ്ട് (electric coil). അവയില്‍‌ക്കൂടി വൈദ്യുതി കടത്തിവിട്ട് അവയ്ക്കും കാന്തികശക്തി കൊടുക്കുന്നു. അങ്ങിനെ തീവണ്ടിയിലും കാന്തം, പാളത്തിനിരുവശവും കാന്തം. കാന്തം ആകര്‍‌ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുമല്ലോ. അങ്ങിനെയുള്ള ആകര്‍ഷണങ്ങളും വികര്‍‌ഷണങ്ങളുമാണ് തീവണ്ടിയെ പാളത്തിനു മുകളില്‍ പത്തു സെന്റിമീറ്ററോളം പൊക്കി നിര്‍ത്തുന്നതും (വികര്‍ഷണം) തീവണ്ടിയെ മുന്നോട്ടു നയിക്കുന്നതും (ആകര്‍ഷണം).

ഈ പേജിലും ഈ പേജിലും ഈ തീവണ്ടികള്‍ ഓടുന്നതെങ്ങിനെയെന്ന് വിശദമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുമുണ്ട് .

പുറപ്പെടുമ്പോഴും നിര്‍ത്തുമ്പോഴും ഈ തീവണ്ടികള്‍ പാളത്തില്‍ തൊടും. നീങ്ങിത്തുടങ്ങി സ്പീഡ് കൂടിക്കൂടി പതുക്കെ പൊങ്ങി പറക്കാന്‍ തുടങ്ങും. നില്‍‌ക്കാന്‍ നേരത്തും സ്പീഡ് കുറഞ്ഞ് പാളത്തില്‍ ലാന്റ് ചെയ്ത് നില്‍ക്കും. ട്രെയിനില്‍ ഡ്രൈവറില്ലാതെതന്നെ ഇതിനെ ഓടിക്കാം.

മാഗ്‌ലെവ് ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെയുണ്ടായിരുന്നു. ചൈനയില്‍ ഷാങ്‌ഗ്‌ഹായിയില്‍ ഇത് ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്നുണ്ട് (ജര്‍മ്മനിയുടെ ടെക്‍നോളജി ചൈനക്കാര്‍ അടിച്ചുമാറ്റിയതാണെന്നും പറയുന്നു). അമേരിക്കയും ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ ആം‌ട്രാക്കാണല്ലോ അമേരിക്കയിലെ തിരുവനന്തപുരം-ഗോഹത്തി ട്രെയിന്‍. മാഗ്‌ലെവ് ട്രെയിനിന് സൂപ്പര്‍ കണ്‍‌ഡക്റ്റിവിറ്റി ഉപയോഗിക്കുന്നത് ജപ്പാനില്‍ മാത്രമാണെന്നു തോന്നുന്നു.

ഈ തീവണ്ടി നമ്മുടെ നാട്ടില്‍ വന്നാല്‍?

മണിക്കൂറില്‍ വേഗത 581 കിലോമീറ്റര്‍. തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ വരെ പോകാന്‍ ഒരു മണിക്കൂര്‍. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ ഒരു മിനിറ്റുവീതം നിര്‍ത്താനും പൂര്‍ണ്ണ വേഗത കൈവരിക്കാനുള്ള സമയവുമെല്ലാം എടുത്താലും രാവിലെ ഏഴുമണിക്ക് കണ്ണൂരുനിന്നോ കാസര്‍ഗോഡുനിന്നോ പുറപ്പെടുന്ന തീവണ്ടി, കൂകിപ്പറന്ന് എട്ടരയാകുമ്പോള്‍ തിരുവനന്തപുരത്തെത്തും. ഒരു ചായയും കുടിച്ച് ഒമ്പതുമണിക്ക് ഓഫീസില്‍ ഹാജര്‍. ടെക്‍നോപാര്‍ക്കില്‍ പോകണ്ടവര്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും കഴക്കൂട്ടത്ത് സ്പെഷ്യല്‍ സ്റ്റോപ്പും. വൈകുന്നേരം ഒരു കാപ്പിയൊക്കെ കുടിച്ച് അഞ്ചരയ്ക്ക് തീവണ്ടിയില്‍ കയറിയാല്‍ ഏഴുമണിക്ക് കണ്ണൂരെത്തും. കോട്ടയത്തുകാരന്‍ തിരുവനന്തപുരത്തുനിന്നും ട്രെയിനില്‍ കയറി ഒന്നു മൂത്രമൊഴിച്ചു കഴിയുമ്പോഴേക്കും (പെട്ടെന്നൊഴിക്കണേ) സംഭവം കോട്ടയത്തെത്തും.

വരുമോ?

അറിയില്ല. 8 ട്രില്ല്യണ്‍ യെന്‍ (അത് രൂപയാക്കാനുള്ള കണക്ക് ഉമേഷ്‌ജിക്കേ അറിയൂ ) ആണ് ടോക്കിയോയില്‍നിന്ന് ഒസാക്കവരെയുള്ള ട്രാക്കിന്റെയും ട്രെയിനിന്റെയും നിര്‍മ്മാണച്ചിലവ്. ഇപ്പോളുള്ള ബുള്ളറ്റ് ട്രെയിനേക്കാളും ഇരുപതു ശതമാനം കൂടുതലാണ് നടപ്പുചിലവ്. എങ്കിലും ഇപ്പോള്‍ ടോക്കിയോ മുതല്‍ ഒസാക്ക വരെ പോകാന്‍ രണ്ടര മണിക്കൂര്‍ എടുക്കുമെന്നുള്ളത് മാഗ്‌ലെവ് ട്രെയിനില്‍ ഒരു മണിക്കൂറായി കുറയും. ഇത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും എന്നുള്ളതാണ് ഇതിന്റെ വക്താക്കളുടെ വാദഗതി. പക്ഷേ അതിന് കൂടുതല്‍ യാത്രക്കാര്‍ വേണം. ജനനനിരക്ക് അപകടരമാംവണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു, ജപ്പാനില്‍.

സൂപ്പര്‍ കണ്‍‌ഡക്റ്റിംഗ് കാന്തങ്ങളുള്ളതുകാരണം പേസ് മേക്കറൊക്കെ ഉള്ളവര്‍ക്ക് ഇത്തരം ട്രെയിനില്‍ യാത്ര ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയവുമുണ്ട്.

ടോക്കിയോയ്ക്കടുത്ത് യമനാഷി പ്രദേശത്താണ് ഇതിന്റെ ടെസ്റ്റ് റണ്‍ നടക്കുന്നത്. ട്രെയിന്‍ കൂകിപ്പറക്കുന്നതു കാണാന്‍ അവിടെ പോയി. പ്‌ശും എന്നൊരു ശബ്ദം കേട്ടു. ഹോയ്, ഹൂയ്, സുഗോയ്‌നേ (അടിപൊളിയണ്ണേ) എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടു. ആണ്ടെ പോയി കണ്ടില്ലാ എന്ന അവസ്ഥയിലായിപ്പോയി.

മാഗ്‌ലെവിലെ യാത്രയും അതു പറക്കുന്നതും കാണണമെങ്കില്‍ ഇവിടെ ഞെക്കുക.