Friday, March 31, 2006

നന്ദിപ്രകാശനം (അഥവാ ഉറവ വറ്റി)

അത്യന്താധുനികൻ അത്യുത്സാഹത്തോടെ വായിച്ചവരോട് ഒരു നന്ദി പറഞ്ഞില്ലല്ലോ എന്ന് ഓർത്തപ്പോഴാണ് മറ്റൊരു കൊടകരഭൂതം സ്നേഹിതന്റെ രൂപത്തിൽ ഒരു നന്ദിപ്രകാശനത്തിന്റെ കദനകഥ വിവരിച്ചത് വായിച്ചത്. ഉറവ വറ്റി (കഃട് കുട്ട്യേടത്തി) വരണ്ടിരിക്കുന്ന സമയമായതിനാൽ നന്ദിപ്രകാശനം ഒരു പോസ്റ്റാക്കിയേക്കാമെന്ന് വിചാരിച്ചു.

അപ്പോൾ തുടങ്ങാം

എന്റെ എത്രയും പ്രിയ അപ്പിയിട്ട ബ്ലോഗരെ (തല മുപ്പത് ഡിഗ്രി മുൻപോട്ട് കുനിച്ച്, കൈ രണ്ടും കൂപ്പി, പാദങ്ങൾ കൈപ്പത്തിക്ക് സമാന്തരമായി, എളിമ 30%, ചിരി 35%, ബാക്കി വിനയം. മുട്ടിടി തീരെയില്ല)

എന്റെ അത്യന്താധുനികൻ വായിച്ച് സായൂജ്യമടങ്ങിയ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഓരോരുത്തരേയും പേരു വിളിച്ച് ഈ വേദിയിലേക്ക് ആനയിച്ച് നന്ദിയർപ്പണം നടത്തുന്നതിനുമുൻപ് ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. അത്യന്താധുനികൻ എഴുതുന്ന മഹദ്‌വ്യക്തികളെ കളിയാക്കാനോ അവർക്ക് മനോവ്യഥയുണ്ടാക്കാനോ അല്ല ഞാൻ അങ്ങിനെയെഴുതിയത്. കുറെ അത്യന്താധുനികർ വായിച്ച് പ്രാന്തുപിടിച്ച് നിലാവത്തഴിച്ചുവിട്ട കോഴിയേപ്പോലെ തെക്കുവടക്ക് നടന്ന എന്നെത്തന്നെ കളിയാക്കാൻ വേണ്ടിയാണ് ഞാൻ അതെഴുതിയത്. ഈ അത്യന്താധുനികൻ എഴുതുന്നവരോട് എനിക്കുള്ള അപേക്ഷ: ഇവിടെ ജപ്പാനിൽ എന്തു സാധനം നമ്മൾ വാങ്ങിച്ചാലും അത് എങ്ങിനെ ഉപയോഗിക്കണമെന്നും അതിന്റെ പായ്ക്കറ്റ് എങ്ങിനെ തുറക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കും. ഭാഷ അറിയില്ലാത്ത എന്നേപ്പോലുള്ള നിരക്ഷരകക്ഷകുക്ഷികൾക്കും ഒരുവിധം കാര്യങ്ങളൊക്കെ പിടികിട്ടുന്ന വിധമാണ് അണ്ണന്മാർ കാര്യങ്ങളൊക്കെ വിവരിച്ചിരിക്കുന്നത്. അതുകൊണ്ട് അത്യന്താധുനികൻ എഴുതുന്ന നിങ്ങളും അതെങ്ങിനെ വായിച്ച് മനസ്സിലാക്കുമെന്നുള്ള കാര്യം കൂടി ചിത്രം സഹിതം വിവരിക്കുകയാണെങ്കിൽ എന്നേപ്പോലുള്ള പാവങ്ങൾക്ക് (പാവങ്ങൾ കഃട് ശ്രീ കലേഷ്, പിന്നെ ഓഫ് ലേറ്റ് അതുല്ല്യേച്ചീം) അത് വല്ലാത്ത ഒരു അനുഗ്രഹമായിരിക്കും. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ എളിയ കടമയിലേക്ക് കടക്കട്ടെ.

ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത്, ആദ്യം തന്നെ ഓടിവന്ന് വായിച്ച് വട്ടായ ശ്രീ ശനിയൻ ചേട്ടനോടാണ്. കണ്ടു..ഇഷ്ടായീ...വട്ടാ‍യി, സാങ്കേതികവിദ്യ, ശനിയപുരാണം, ഇതിഹാസം രണ്ടുവട്ടം ഇംഗ്ലീഷിലിതിഹാസം തുടങ്ങിയ ബ്ലോഗുകളുടെ സൃഷ്ടാവായ ശനിയൻ ചേട്ടൻ അത്യന്താധുനികൻ വായിക്കുക മാത്രമല്ല, തന്റെ ശേഖരത്തിലുള്ള ധാരാളം ചെമ്പരത്തിപ്പൂക്കളിൽ കുറേയെണ്ണം എനിക്ക് തരാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തു. അതും പോരാഞ്ഞ്, ഉദാത്തമായ കലാസൃഷ്ടികൾ വായിച്ചുകഴിഞ്ഞാൽ മാത്രം നമ്മൾ പ്രകടിപ്പിക്കുന്ന ആ വികാരത്തിരത്തള്ളൽ, “ഒരു കത്തിയെടുത്തെന്നെ കുത്തോ”, അതും അദ്ദേഹം ഇവിടെ പ്രകടിപ്പിച്ചു എന്നോർക്കുമ്പോൾ എന്റെ സൃഷ്ടി അദ്ദേഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് എനിക്ക് കുറെയൊക്കെ മനസ്സിലായി വരുന്നു. ശ്രീ ശനിയൻ ചേട്ടന് എന്റെ വ്യക്തിപരമായ പേരിലും ഗൂഗിളിന്റെ പേരിലുമുള്ള അകൈതച്ചക്കയായ നന്ദി ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

അടുത്തത് സ്വന്തമായ ഒരു ബ്ലോഗില്ലെങ്കിലും നമ്മുടെയെല്ലാവരുടേയും ബ്ലോഗുകൾ വളരെ നന്നായി ആസ്വദിക്കുകയും എല്ലാവർക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ബിന്ദുവാണ്. അത്യന്താധുനികന്മാർ വായിക്കുന്ന ഏതൊരാളേയും പോലെ ബിന്ദുവിനും അതുതാനാണോ ഇത് എന്ന പല പല ആശങ്കകൾ ഇത് വായിച്ചപ്പോൾ ഉണ്ടായി എനറിഞ്ഞപ്പോൾ എന്റെ പ്രയത്നം വൃഥാവിലായില്ല എന്ന് എനിക്ക് മനസ്സിലായി. ബിന്ദുവിന് നന്ദി.

അടുത്തത് ശ്രീ ഉമേഷ്‌ജി. ഞാനെന്താണ് പറയേണ്ടതെന്ന് ഒരു നിമിഷം ആലോചിക്കുകയാണ്. എന്തിനേയും തന്റേതായ ഒരു വീക്ഷണകോണിൽ‌ക്കൂടി നോക്കുന്നതുകാരണം തല സ്വല്പം ചെരിഞ്ഞിരിക്കുന്ന (ദോ ഇവിടെ, പിന്നെ ദോ ഇവിടേം) ശ്രീ ഉമേഷിനേപ്പോലുള്ളവർ എന്നെപ്പോലുള്ള തൃണമൂൽ കോൺഗ്രസ്സിന്റെ പേജുകളൊക്കെ അറിയാതയാണെങ്കിലും ഒന്ന് ക്ലിക്കിയാൽ അതുതന്നെ ഭാഗ്യം എന്ന് കരുതിയിരിക്കുമ്പോഴാണ് അദ്ദേഹം അത്യന്താധുനികൻ വായിക്കുക മാത്രമല്ല, ആ‍സ്വാദനം മൂത്ത് സന്തോഷാധിക്യത്താൽ ശ്ലോകങ്ങൾ വരെ ചൊല്ലിയിരിക്കുന്നത്. എന്നെപ്പോലുള്ള ഒരാൾക്ക് ഇതിൽ‌പരം എന്തുവേണം. അദ്ദേഹത്തിന്റെ ആസ്വാദനശൈലി ബ്ലോഗിനുപോലും ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന് തോന്നുന്നു, ഒന്നു പോ കൂവേ എന്നപോലത്തെ ഒരു വേർഡ് വെരിഫിക്കേഷനും അദ്ദേഹത്തിന് കിട്ടി. അത്യന്താധുനികൻ വായിച്ചതിന്റെ സന്തോഷത്താൽ അദ്ദേഹം പിന്നെയും പിന്നെയും ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല, വളരെ ചിന്തോദ്ദീപകമായ ഒരു ചോദ്യവും അദ്ദേഹം ഇതിനിടയിൽ ചോദിച്ചിരിക്കുന്നു; “വക്കാരിക്കും വട്ടായോ?”. “വക്കാരിക്കും” ലെ “ക്കും” നമ്മിൽ പല ചോദ്യങ്ങളും ഉയർത്തുന്നു. ആർക്കൊക്കെയാണ് ആ “ക്കും” ഉള്ളതെന്ന് ശ്ലോകരൂപേണ അദ്ദേഹം താമസംവിനാ നമ്മളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് നന്ദി.

ശ്രീ കുഞ്ഞൻസ്. കൊച്ച് കൊച്ച് വിശേഷങ്ങളുമായി നമ്മളെയൊക്കെ വലിയ വലിയ ചിന്തയിൽ മുക്കുന്ന ശ്രീ കുഞ്ഞൻസ്. ട്രെയിനിന്റെ മുകളിൽ പാളമിടുക, പ്ലാറ്റ്ഫോം ട്രെയിനിന്റെ അടിയിൽ കെട്ടിവെക്കുക തുടങ്ങിയ മഹത്തായ ആശയങ്ങൾ സുഹൃത്ത് ജോസിന് പറഞ്ഞുകൊടുത്ത് അതിന്റെ പേറ്റന്റ് ജോസിന്റെ പേരിൽ എടുത്തുകൊടുക്കുന്ന നിസ്വാർത്ഥൻ. എന്റെ നന്മ (“നല്ലോരു മനുഷ്യനായിരുന്നു വക്കാരി”)അദ്ദേഹം അത്യന്താധുനികനിൽക്കൂടി വളരെ നന്നായി മനസ്സിലാക്കി എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ എനിക്ക് പിടികിട്ടിയത്. നന്ദി കുഞ്ഞൻസ്, നന്ദി.

അടുത്തത് ശ്രീമതി കുട്ട്യേടത്തി. ബ്ലോഗുലോകത്തിൽ ആർക്കും ഇതുവരെ കിട്ടാത്ത രണ്ട് ബഹുമതികൾ തന്റെ ഒറ്റ പോസ്റ്റിലൂടെ നേടിയിരിക്കുകയാണ് ശ്രീമതി കുട്ട്യേടത്തി. സിറ്റിസൺ ഓഫ് കൊടകര അമ്പതുകൊല്ലത്തിലൊരിക്കൽ മാത്രം കൊടുക്കുന്ന അതിപ്രശസ്തമായ “ഒരു കുടുമ്മത്ത് രണ്ടു പുലികൾ” പട്ടവും ഏറ്റവും കൂടുതൽ ആൾക്കാർ കമന്റടിച്ച പോസ്റ്റും. കലികാലം എന്നല്ലാതെ പിന്നെന്തു പറയാൻ. എന്റെ ദയനീയാവസ്ഥ മറ്റാരേക്കാളുമേറെ കുട്ട്യേടത്തിക്ക് മനസ്സിലായി എന്നു പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നു. അതേ കുട്ട്യേടത്തീ, ആഴം കൂട്ടി, തോട്ടാ പൊട്ടിച്ചു, കുഴലു കുത്തി, എന്നിട്ടും ഉറവ വറ്റി. അശാസ്ത്രീയമായ മണൽ വാരലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും.................... നന്ദി കുട്ട്യേടത്തീ, നന്ദി.

ഇനിയെനിക്ക് രണ്ട് പറയാനുള്ളത് കൊടകരയെന്ന കു ഗ്രാമത്തേയും അവിടുത്തെ പാവപ്പെട്ട ജനങ്ങളേയും ആഗോളനിലവാരത്തിലേക്കുയർത്തിയ ശ്രീ വൈശാലിമനസ്കനോടാണ്. റപ്പായി, അരവിന്ദേട്ടൻ, പോളേട്ടൻ, മുകുന്ദേട്ടൻ, ചേടത്തി, ദിവാകരേട്ടൻ തുടങ്ങി കൊടകര സിറ്റിയിലെ ആബാലവൃന്ദം ജനങ്ങളും ഇപ്പോൾ ബൂലോകപ്രസിദ്ധരാണെങ്കിൽ ആരാണതിനു കാരണം എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോവുകയാണ്. ആൾക്കാർ മാത്രമോ, കുന്നത്തെ ഷഡ്ഡിയും കറാച്ചി എരുമയും എന്തിന് ശാന്തിയിലെ ആ പാവം ഡോക്ടറുടെ അതിലും പാവം അച്ഛന്റെ..... പോലും ഇപ്പോൾ ലോകപ്രശസ്തമല്ലിയോ. മനസ്കാ, നന്ദി.

അടുത്തത് സാക്ഷി. ഒരു അത്യന്താധുനികൻ വായിച്ച എനിക്കുണ്ടായ മനോവ്യാപാരം ഏറ്റവും ശരിയായി മനസ്സിലാക്കിയത് ശ്രീ സാക്ഷിയാണ്. അദ്ദേഹം എല്ലാം കാണുകയും കേൾക്കുകയും മാത്രമല്ല, നല്ലപോലെ വരയ്ക്കുകയും ചെയ്യുന്നു. പ്രിയ സാക്ഷീ നന്ദി, നന്ദി, നന്ദി.

പിന്നെ ദേ കിടക്കുന്നു ശ്രീ ഇളം‌തെന്നൽ. കൊടുങ്കാറ്റെന്നിട്ടാ‍ൽ തന്റെ തലയിലെ ഗാവസ്കർ തൊപ്പി പറന്നുപോകുമെന്നുള്ളതുകാരണം ഇളംതെന്നലെന്ന തൂലികാനാമം സ്വീകരിച്ച ശ്രീ ആരിഫ്... ഒരു അത്യന്താധുനികൻ വായിച്ചാൽ ഇതെങ്ങിനെയൊക്കെയായിത്തീരും എന്ന് യാതൊരു പിടിയും എനിക്ക് കിട്ടാത്തതുപോലെ, അദ്ദേഹത്തിനും അത്യന്താധുനികന്റെ ക്ലൈമാക്സ് കൺഫ്യൂഷനുണ്ടാക്കി. എന്റെ കൃതി ഒരു അത്യന്താധുനികിനാ‍ണ് എന്നുള്ളതിന് ഇതിൽ‌പരം വേറെന്തു സാക്ഷ്യപത്രം വേണം? നന്ദി തെന്നലേ, നന്ദി.

അടുത്തത്, ശ്രീ ദേവേട്ടൻ. അഭിമാനപൂർവ്വം പറയട്ടെ, അദ്ദേഹത്തിന്റെ യഥാർത്ഥ കോലം വളരെപണ്ടേ മനസ്സിലാക്കി ദേവേട്ടാ‍ എന്ന് ഞാൻ വിളിക്കാൻ തുടങ്ങി വളരെ നാളുകൾക്ക് ശേഷമാണ് ഈ ബൂലോകത്തിലെ പല അണ്ണന്മാരും അണ്ണികളും അദ്ദേഹത്തെ ഏട്ടാ‍, അമ്മാവാ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്. അദ്ദേഹം വളരെ കാര്യമാത്രപ്രസക്തമായ ഒരു ചോദ്യം എന്നോട് ചോദിച്ചു; എന്തുകൊണ്ട് ഞാൻ പപ്പൂന്റെ ഡയലോഗ് അത്യന്താധുനികനിൽ ഇട്ടില്ല. ശ്രീ ഡെയിൻ ഗുരുക്കളുടെ കളരിപ്രയോഗപ്രകാരം അനുവാചകന്റെ തലയിൽ ഒന്നിൽ കൂടുതൽ കൺഫ്യൂഷനുകളുണ്ടാക്കരുതല്ലോ എന്ന് കരുതിയാണ് ഞാൻ തേന്മാവിൻ‌ കൊമ്പത്ത് ഇതിൽ പ്രയോഗിക്കാതിരുന്നത്. ഇപ്പോൾ തന്നെ ബിന്ദുവിനും തെന്നലിനും മരപ്പട്ടിയേട്ടനും ആവശ്യത്തിൽ കൂടുതൽ കൺഫ്യൂഷനുണ്ടായ സ്ഥിതിക്ക് ഇനി ഇത് താളവട്ടനാണോ തേന്മാവാണോ എന്ന ഒരു അഡീഷനൽ കൺഫ്യൂഷനുംകൂടി ആയാൽ എന്റെ പുസ്തകം ചിലവാകില്ലല്ലോ . ഇവിടെ വന്ന് എനിക്കുവേണ്ട പ്രോത്സാഹനങ്ങൾ തന്ന കൂമൻ‌പള്ളിയിലെ ദേവായുരാരോഗ്യത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

അടുത്തത് ശ്രീ മൊഴിയണ്ണാൻ. അദ്ദേഹം കള്ളിന്റെ മൂന്നു പടം തന്റെ ചിത്രജാലകത്തിലിട്ടതേ ഉള്ളൂ, ജനലക്ഷങ്ങളാണ് സന്ദർശകർ. ആൾക്കാരുടെ വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിക്കാനുള്ള അപാരകഴിവുള്ള ശ്രീ മൊഴിയണ്ണൻ, അദ്ദേഹത്തിന്റെ കൈയ്യിൽ ഏത് അത്യന്താധുനികനും വെറും ഒരു ഗ്ലാസ്സ് കള്ള്. എന്റെ കഥാപാത്രത്തെ വളരെ ഏർളീ സ്റ്റേജിൽ തന്നെ മനസ്സിലാക്കിയ അപൂർവ്വം ചിലരിൽ ഒരാൾ. അത്യന്താധുനികൻ അദ്ദേഹത്തിന്റെ ഓർമ്മയുടെ കയങ്ങളിൽ മുക്കി. അപ്പോൾ അദ്ദേഹം താനാരോ തന്നാരോ തുടങ്ങിയ മഹാകാവ്യങ്ങളോർത്തു. നന്ദി, മൊഴിയണ്ണാ, നന്ദി.

ഇനി എനിക്ക് നന്ദി പറയുവാനുള്ളത് സൂവിനോടാണ്. സൂവിനേപ്പറ്റി തർജ്ജിനിയിൽ പറഞ്ഞ വാക്കുകൾ ഞാൻ കടമെടുക്കട്ടെ; “മൌലികമായ ഉപമകളുടെയും പ്രയോഗങ്ങളുടെയും അകമ്പടിയോടെ, നിര്‍മ്മലമായ ഒരു ശൈലിയോടെ കഥകള്‍ പറഞ്ഞ്‌ നമ്മെ ചിരിപ്പിക്കുന്ന സൂര്യഗായത്രി”. എനിക്ക് കിട്ടാൻ പോകുന്ന ഷർട്ടിന്റെ നമ്പർ വരെ ഊഹിക്കണമെങ്കിൽ അത്യന്താധുനികൻ സൂവിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമെന്ന് എനിക്ക് ഊഹിക്കാം. നന്ദിയുണ്ട് സൂ, നന്ദിയുണ്ട്.

അടുത്തത് കലേഷ്. ഉം ഉമ്മ ഉമ്മച്ചൻ ഗോവൈനിലെ താരം. ഞാനെന്തു പറയാൻ. ദേവേട്ടന്റെ കുമ്പളങ്ങാ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു തൊഴുത്ത് അന്വേഷിച്ച് നടക്കുന്നതിനിടയ്ക്കും എന്റെ അത്യന്താധുനികൻ വായിക്കാൻ സമയം കണ്ടെത്തിയ ശ്രീ കലേഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹം പെണ്ണും കെട്ടാൻ പോവുകയാണല്ലോ.

ഇനി എനിക്ക് നാല് പറയാനുള്ളത് ശ്രീ കുട്ടപ്പൻ അരവിന്ദനോ‍ടാണ്‌. കൊട്ടാരത്തിൽ ശങ്കുണ്ണി കഴിഞ്ഞാൽ നാമങ്ങളുടെ ഉത്പത്തി ഇത്രയും ആധികാരികമായി പറയാൻ കഴിവുള്ള വേറൊരാളുണ്ടോ എന്ന് നമ്മൾ ഒരു നിമിഷം ശങ്കിച്ചുപോയാൽ അതിന് വേറേ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുറ്റം നമ്മുടെ തന്നെ. അത്യന്താധുനികൻ വായിച്ച അദ്ദേഹം പെപ്സി സ്റ്റൈലിൽ അയ്യേ ദിൽ മാങ്കേ മോറേ എന്നു പറഞ്ഞ് അത്യന്താധുനികന്റെ പശ്ചാത്തലം വെച്ച് പിന്നെയെങ്ങോ റിലീസായ ഒരു സിനിമയുടെ ഫുൾ ഡയലോഗാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് നന്ദി. അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ശ്രീ കണ്ണൂസിനും നന്ദി. എനിക്ക് ശ്രീ അരവിന്ദിനോട് പറയാനുള്ളത്, വെള്ളാനാകളുടെ നാട്ടിലെ ഏതു സീനും ഓർമ്മിച്ചോ, പക്ഷേ ബ്രേക്ക് പൊട്ടി പുറകോട്ടുരുണ്ടുവരുന്ന അമ്മാവൻ വണ്ടിക്ക് ലാലേട്ടൻ കുടവെച്ച് അടവെക്കാൻ നോക്കുന്ന ആ സീൻ ഒരിക്കലും മറക്കരുതേ എന്നാണ്.

എന്റെ കൃതി വീണ്ടും വീണ്ടും വായിച്ച് മൊത്തം മനസ്സിലാക്കിയതിനുശേഷം മാത്രമേ ശ്രീ കണ്ണൂസ് “വളരെ നല്ലത് വക്കാരീ, കീപ്പിറ്റപ്പ്” എന്നു പറയൂ എന്നുള്ളതിനാൽ അദ്ദേഹത്തിനുള്ള നന്ദി അപ്പോൾ തരുന്നതായിരിക്കും.

ശ്രീ പെരിങ്ങോടൻ. അദ്ദേഹത്തെക്കുറിച്ച് ഞാനെന്തു പറയാൻ? അദ്ദേഹം അത്യന്താധുനികൻ അത്യന്താധുനികനാണെന്ന് സർട്ടിഫൈ ചെയ്താൽ പിന്നെ എനിക്ക് ഒരു പുല്ലും നോക്കാനില്ല. നന്ദി പെരിങ്ങോടരേ നന്ദി.

അടുത്തത് ശ്രീ അന്തോണിച്ചേട്ടനാണ്. തേന്മാവിലെ പപ്പുവണ്ണന്റെ ഡയലോഗ് പ്രകാരം അന്തോണിച്ചേട്ടൻ ആരെന്ന് എനിക്കറിയാൻ വയ്യാത്തതുകാരണം ഞാനാരോടെങ്കിലും ചോദിച്ചിട്ട് ഉടൻ വരാം. അതുവരെ നന്ദി.

ഇനി അതുല്ല്യേച്ചി. പെട്ടെന്ന് എഴുതിത്തീർത്ത കഥകളിൽ‌ക്കൂടി പെട്ടെന്ന് പ്രശസ്തയായെങ്കിലും ഇപ്പോഴും ഒന്നുമാകാൻ കഴിയാത്തതിന്റെ അസ്വസ്ഥതയും പേറിക്കഴിയുന്ന അതുല്ല്യേച്ചി. അത്യന്താധുനികൻ വായിച്ച അതുല്ല്യേച്ചി ആദ്യം ചെയ്തത് കുറച്ച് നെല്ലിക്ക വാങ്ങിക്കുകയായിരുന്നു. അത്യന്താധുനികന് ഇത്രയ്ക്ക് എഫക്ട് ഉണ്ടെന്ന് അതിന്റെ സൃഷ്ടിസമയത്ത് എനിക്ക് തോന്നിയില്ല. നന്ദി. അതുല്ല്യേച്ചീ, നന്ദി.

പിന്നെ മരപ്പട്ടി. ഇവിടെയെവിടെയോ പതുങ്ങിയിരിക്കുന്ന മരപ്പട്ടിയേട്ടൻ. തിലകനാണോ എന്നോർത്തു. പിന്നെയാണോർത്തത്, തിലകന് അപ്രഖ്യാപിത വിലക്കാണല്ലോ എന്ന്. ഔട്ടാക്കി. അദ്ദേഹത്തിന്റെ ബന്ധുവാണ് ശ്രീ സോമൻ. നന്ദി. പട്ടിയേട്ടാ, നന്ദി.

ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി. വായിക്കാൻ കയറിയിരിക്കുന്നവർ പെട്ടെന്ന് വായിച്ചിട്ട് വായിക്കാത്തവർക്കായി പേജ് ഒഴിഞ്ഞുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അത്യന്താധുനികൻ വായിച്ചിട്ട് അഭിപ്രായം പറയാത്തവരേ............. കണക്കായിപ്പോയി.

അ:പ്പ് : ശനിയണ്ണൻ, ബിന്ദു, ഉമേഷ്‌ജി, കുഞ്ഞൻസ്, കുട്ട്യേടത്തീ, വിശാത്സ്......... ഇപ്പോൾ നിങ്ങളുടെയൊക്കെ കൺഫ്യൂഷൻ പൂർണ്ണമായും മാറി കാര്യങ്ങളൊക്കെ ഒന്നുകൂടി ക്ലിയറായിക്കാണും എന്ന് ...................

ദ എന്റ്.

Saturday, March 25, 2006

അത്യന്താധുനികൻ

ഞാനാര്....................

ആ ചോദ്യം അയാളെ വല്ലാതെ മഥിച്ചു. താനാര്?

കുറേ നാളുകളായി അയാൾ ആ ചോദ്യത്തിനുത്തരം കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ചോദിക്കുന്തോറും കൂടുതൽ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരുന്നു, ആ ചോദ്യം.

വിദേശരാജ്യത്തുനിന്നുള്ള പേരുകേട്ട ബിരുദവും പേരും പെരുമയുമൊക്കെയുണ്ടല്ലോ തനിക്ക്. ആവശ്യത്തിന് പണവും. ഇങ്ങിനെയൊക്കെയുള്ള ചോദ്യങ്ങൾക്കും അതിനുള്ള ഉത്തരം തേടലുകൾക്കും സാധാരണഗതിയിൽ ഒരു സ്ഥാനവും ഉണ്ടാകാൻ പാടില്ലാത്തതാണ്, തന്നേപ്പോലുള്ള ഒരാളുടെ ജീവിതത്തിൽ................... അയാളോർത്തു.

എന്നിട്ടും ആ ചോദ്യം അയാളെ വിടാതെ പിന്തുടർന്നു;

“ഞാനാര്......................?”

ഔദ്യോഗിക ജീവതത്തിനിടയ്ക്ക് പലരുടേയും ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തിട്ടുള്ളയാളാണല്ലോ താൻ....... എത്ര പേർക്ക് അതുമൂലം മനഃസമാധാനം കിട്ടി.......... എത്രയോ കുടുംബങ്ങൾ രക്ഷപെട്ടു....................

എന്നിട്ട് ഇപ്പോൾ അതേ ചോദ്യം തന്നോട് ചോദിച്ചപ്പോൾ...............

ആ ചോദ്യം തന്നെ വീണ്ടും വീണ്ടും വേട്ടയാടുകയാണല്ലോ........

ഉത്തരം കിട്ടാത്ത ചോദ്യമായി ഇത് ജീവിതകാലം മുഴുവൻ അവശേഷിക്കുമോ............? അയാൾ അസ്വസ്ഥനായി.

യൂക്കാലിപിസ്റ്റ് മരങ്ങൾക്കിടയിൽക്കൂടി അയാൾ നടന്നു. തന്റെ സന്തത സഹചാരിയായ പൈപ്പും കടിച്ച് പിടിച്ച്...

പരിചിതരും അതിലേറെ അപരിചിതരുമായ ധാരാളം ആൾക്കാർ എതിരേ വരുന്നു... ചിലർ എന്തൊക്കെയോ ചോദിക്കുന്നു.... ചിലർ വണങ്ങുന്നു.....അയാൾ ആരേയും ശ്രദ്ധിച്ചില്ല... അയാൾക്ക് ഒരേയൊരു ചിന്ത മാത്രം...

.....................താനാര്?

ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയേ മതിയാകൂ................

കുറച്ചുനാളായി ജോലിയിലും അയാൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. മകളുണ്ട്. തന്റെ അതേ തൊഴിലിൽ പ്രാ‍വീണ്യം നേടിയവൾ. തന്റെ പ്രസ്ഥാനം ഭാവിയിൽ കൊണ്ടുനടക്കാൻ അവൾക്ക് യോജിച്ച ഒരാളെ ഭർത്താവായും താൻ കണ്ടുവെച്ചിട്ടുണ്ട്. ഇതിൽ പരം എന്തു വേണം ഒരച്ഛന്? വ്യാകുലപ്പെടേണ്ട യാതൊരു കാര്യവുമില്ല. സ്വസ്ഥമായ ജീവിതം നയിക്കാവുന്ന എല്ലാ സാഹചര്യവും തനിക്കുണ്ടല്ലോ...........

എന്നിട്ടും എന്തേ.................? അയാളോർത്തു.

എവിടെനിന്നു ലഭിക്കും തനിക്കാ ഉത്തരം...............?

ആരു തരും.....................?

അയാൾ തിരിഞ്ഞു നടന്നു, വീട്ടിലേക്ക്. എന്തോ ഒരു വല്ലായ്ക പോലെ.

ഒന്നു വിശ്രമിക്കണം. എത്ര നാളായി നല്ലൊരുറക്കം കിട്ടിയിട്ട്. നന്നായൊന്നുറങ്ങിയാൽ തെല്ലൊരു ശമനം കിട്ടുമായിരുക്കും, തന്റെയീ അസ്വസ്ഥതകൾക്ക്.........

അയാൾ കൊട്ടാരസമാനമാ‍യ തന്റെ ബംഗ്ലാവിൽ മടങ്ങിയെത്തി.

യൂക്കാലിപിസ്റ്റ് മരങ്ങൾക്ക് നടുവിലുള്ള ഒരു മണിമന്ദിരം...

അയാൾ മുറിയിൽ കയറി വാതിലടച്ചു. എല്ലാം മറന്നുള്ള ഒരു ഉറക്കം അയാൾ ആഗ്രഹിച്ചു.

പെട്ടെന്ന് പൂമുഖത്തൊരു ശബ്ദം. അയാൾ വാതിൽ തുറന്നു..

പരിചയമുള്ള ഒരാൾ മുൻപിൽ. കൈയുള്ള ബനിയനും കള്ളിമുണ്ടും. മുണ്ട് നെഞ്ചിന്റെയൊപ്പം വരെ കയറ്റിയുടുത്തിരിക്കുന്നു.

എവിടെയോ കണ്ടിട്ടുണ്ടല്ലോ............... അയാൾ ചിന്താ‌മഗ്നനായി..

ആഗതൻ എന്തൊക്കെയോ പറയുന്നു.......... ഒന്നും വ്യക്തമാവുന്നില്ല...

പെട്ടെന്ന്......... ആഗതൻ നെഞ്ചോട് കയറ്റിയുടുത്തിരുന്ന മുണ്ട് നെഞ്ചൊപ്പം മടക്കിക്കുത്തി ചുണ്ടുകൾ വക്രിച്ച് , ശരീരം പുറകോട്ട് വളച്ച് അയാളോടലറി. ആഗതന്റെ ഉറക്കയുള്ള ആ ചോദ്യം അയാളുടെ ചെവിയിൽ മുഴങ്ങി.............

“ഹല്ല, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ...................താനാരുവാ”

ഒരു നിമിഷം.................

എന്തെന്നില്ലാത്ത ഒരു മാനസികാവസ്ഥയിലായി അയാൾ............

അയാളുടെ ഹൃദയം സന്തോഷംകൊണ്ട് തുടിച്ചു.

വർഷങ്ങളായി താൻ തന്നോടുതന്നെ ചോദിച്ച ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു.

അയാൾ സന്തോഷംകൊണ്ട് മതിമറുന്നു. ശരീരത്തിന്റെ ഭാരം ആകപ്പാടെ കുറയുന്നപോലെ.

തന്റെ അന്വേഷണമിതാ അവസാ‍നിച്ചിരിക്കുന്നു..........

അതെ, വർഷങ്ങളായി തന്റെ മനസ്സിനെ മഥിച്ച, തന്നെ അസ്വസ്ഥതയുടെ ഉത്തുംഗശൃംഗങ്ങളിലെത്തിച്ച, ആകാംഷയുടെ മുൾ‌മുനയിലിരുത്തിയ ആ ചോദ്യത്തിനിതാ ഉത്തരം കിട്ടിയിരിക്കുന്നു.........

ഞാൻ................താളവട്ടത്തിലെ സോമൻ

ആഗതൻ............. താളവട്ടത്തിലെ ജഗതി.

ദ എന്റ്

Thursday, March 23, 2006

ആപ്പീസ് ഓഫ് പ്രോഫിറ്റ്

വാളെടുത്തവൻ വാളാലെ എന്നൊന്നും പറയാനില്ല, എങ്കിലും.......

പണ്ട് കുറേ എമ്പീയണ്ണന്മാർ ചോദ്യം ചോദിക്കാൻ കാശു വാങ്ങിച്ചപ്പോൾ നമ്മളെല്ലാവരും രോഷവും ആത്മരോഷവും കൊണ്ട് നാക്കുകടിച്ച് ആത്മനിർവൃതിയണഞ്ഞു.

“.....പന്നന്മാർ, വൃത്തികെട്ടവർ, നാണമില്ലാത്തവർ”

“ഇവന്മാർക്കൊക്കെ ഇപ്പം കിട്ടുന്ന കാശുപോരാഞ്ഞിട്ടാണോ ഈ പണിക്കും പോകുന്നത്” എന്നൊക്കെ നമ്മൾ നമ്മളോട് തന്നെ ചോദിച്ചു.

നമ്മളുടെ പത്രങ്ങളും കാശ് പിടിപ്പിക്കാനും പിടിക്കുന്നത് പിടിക്കാനും നടന്ന ചാനലണ്ണന്മാരും അവർ എത്രമാത്രം പന്നന്മാരാണെന്ന് നമ്മളെയെല്ലാവരേയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.

കാശു മേടിക്കാൻ മടികാണിച്ച കുറെ എമ്പീയണ്ണന്മാരെ ചാനലണ്ണന്മാർ പുറകേ നടന്ന് “വാങ്ങിക്കൂ സാർ, പൊന്നല്ലെ സാർ, പ്ലീസല്ലേ സാർ” എന്നൊക്കെ പറഞ്ഞ് പിടിച്ചേൽ‌പ്പിച്ചു.

ചിലരുടെ അടുത്ത് ചെന്ന് “ഏസ് കിസ്സ് മീ, ഒരഞ്ഞൂറിന്റെ ചേയ്ഞ്ചുണ്ടോ?” എന്ന് ചോദിച്ച് അഞ്ഞൂറ് കൈയിൽ കൊടുക്കുന്നതിന്റെ പടം പിടിച്ചു (ചേയ്ഞ്ച് കൊടുക്കുന്നതിന്റെയെടുത്തില്ല).

ആ‍ത്മരോഷം രോഷത്തോടെ കൊണ്ട സ്പീക്കർ സാർ പ്രതിഭാഗത്തിന് പറയാനുള്ളതൊന്നും കേൾക്കുക പോലും ചെയ്യാതെ അണ്ണന്മാരെയെല്ലാം ഇറക്കി വിട്ടു- മേലാലിങ്ങോട്ട് കയറിപ്പോകരുതെന്നും പറഞ്ഞ്.

ഉദാത്തമായ ധാർമ്മികത എന്നൊക്കെ പറഞ്ഞ് നമ്മൾ അടുത്ത കാര്യത്തിലേക്ക് കടന്നു.

ഇപ്പോളോ......

അന്ന് ചൂരവടിയെടുത്ത് നാലുപെട പെടച്ച് അണ്ണന്മാരെ ഇറക്കിവിട്ട സ്പീക്കർ സാറു പോലും വേറേ വഴിയിൽ കാശുണ്ടാക്കുന്നുണ്ടത്രേ.....

“ഓ അതും ഇതും തമ്മിൽ താരതമ്യപ്പെടുത്താനേ പറ്റില്ല. അത് കാശ് വാങ്ങിക്കൽ, ഇത്....”

ആ പോരട്ടേ............. ഇത്?

“ഓ അത് ആരും കാണാതെ വാങ്ങിച്ചത്. ചോദ്യം ചോദിക്കാൻ വാങ്ങിച്ചത്. ഇതങ്ങിനെയാണോ?”

“ഇത് പിന്നെ എങ്ങിനെയാണെന്നാ?”

“പക്ഷേ ആ അണ്ണന്മാർ അന്ന് ചെയ്തത് നിയമലംഘനം. കൈക്കുലി. വ്യക്തമായി പറഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത കാര്യം”.

ഈ അണ്ണന്മാർ ചെയ്തതോ? നിയമലംഘനമല്ലേ? ചെയ്തോളാൻ പറഞ്ഞതാണോ ചെയ്തത്?”

നമ്മളൊക്കെ എങ്ങിനെ ജീവിക്കണം എന്നുള്ള നിയമമുണ്ടാക്കാനുള്ള സഭയിലിരുന്ന് നമ്മളൊക്കെ എങ്ങിനെ ജീവിക്കണമെന്ന നിയമം ഉണ്ടാക്കാൻ വേണ്ടിയുള്ളവരാണ് ഈ അണ്ണന്മാർ. അവർക്കെന്താ നിയമമെന്തെന്ന് അറിയില്ലേ? എമ്പീ ആയിരിക്കുമ്പോൾ വേറേ വഴിയിൽ കാശ് വാങ്ങിക്കരുതെന്ന് ഇവർക്കെന്താ അറിയില്ലായിരുന്നോ? അറിയില്ലെങ്കിൽ പിന്നെ അവരെന്തിനാ അവിടിരിക്കുന്നതെന്ന് തോമാച്ചനോ അവറാച്ചനോ ചോദിച്ചാൽ...................?

അന്ന് ചൂരവടിയെടുത്ത് ആരും കാണാതെ കാശുവാങ്ങിച്ചവരെ പുറത്താക്കിയ സ്പീക്കർ സാറും സാറു ചെയ്തത് വളരെ ശരിയെന്ന് പറഞ്ഞ പല അണ്ണന്മാരും എല്ലാവരും കാൺകെ വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. പാവങ്ങൾ, അവർക്കറിയില്ലായിരുന്നു അത് പാപമാണെന്ന്.

“ഹൊന്ന് ചോദിച്ചോട്ടേ പോലീസുകാരാ.... ഈ അണ്ണന്മാർക്കൊക്കെ ഇപ്പം കിട്ടുന്നത് പോരാഞ്ഞിട്ടാണോ അപ്പീസോഫ് പ്രോഫിറ്റിലും കൈയിടുന്നത്?”

“ഓ... അത് ഇവിടെ ചോദിക്കാനുള്ളതല്ല; ക്യാമറയിൽ കാശുവാങ്ങിയ അണ്ണന്മാരോട് ചോദിക്കാനുള്ളതല്ലേ? നമ്മൽ ആൾ‌റെഡി ചോദിച്ചല്ലോ”

നല്ല ആദായമുള്ള പണിയായതുകൊണ്ട് അഞ്ഞൂറ്റി നാല്പതു പേരിൽ ആർക്കും വലിയ പരാതിയൊന്നുമില്ലായിരുന്നു ഇത്രയും കാലം; ഇടയ്ക്കാരോ സ്വല്പം അതിബുദ്ധി കാണിക്കാൻ പോകുന്നതു വരെ.

പക്ഷേ മറഞ്ഞിരുന്ന് നിയമലംഘനം കാണിച്ച് അത് ക്യാമറയ്ക്കകത്താക്കി വിറ്റ് കാശാക്കിയാൽ സംഗതി സെൻസേഷൻ; ആഘോഷം.

എല്ലാവരും കാൺകെ നിയമലംഘനം നടത്തിയാൽ കൂടിവന്നാൽ കസേരയിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂറൊന്ന് മാറിയിരിക്കും. പിന്നെ അനുയായികളും കൂട്ടുകാരും ചേർന്ന് ആർക്കും മനസ്സിലാകാത്ത രീതിയിൽ കുറേ ന്യായീകരണങ്ങളും തരും. കൂളായി തിരിച്ചുവരാമെന്നുള്ളവരൊക്കെ രാജിവെക്കും. സ്വല്പം സംശയമുള്ളവരൊക്കെ എന്തുവന്നാലും പുല്ലെന്ന് പറയും.

ഇതിനിടയ്ക്ക് വെപ്രാളപ്പെട്ട് കുറേ കോപ്രായങ്ങളും ത്യാഗക്കളിയുമൊക്കെ കാണിക്കും... ഷോ തീരുന്നതിനു മുൻപ് തീയറ്റർ പൂട്ടുന്നതുപോലൊക്കെ.

നമ്മളിതൊക്കെ കണ്ടുകൊണ്ടിരിക്കും. പിന്നെ അടുത്ത പണി നോക്കും. പോയിക്കിടന്നുറങ്ങും.

ഹല്ല പിന്നെ.

കഷ്‌ടപ്പാട് ഓഫ് ദ ഡേ

When asked if Lok Sabha Speaker Somnath Chatterjee would also resign, Basu said
Chatterjee's case "is different from Jaya Bachchan's."

"In Jayaji's case, her election petition was referred to the Election Commission by the
losing candidate, pointing out that she was given an office of profit after becoming a
member of the Rajya Sabha. But in the case of Somnathda, his nomination was
cleared by the EC," Basu said.

പറഞ്ഞതെന്താണെന്ന് പാവം ബാ‍സുവണ്ണനുപോലും മനസ്സിലായിട്ടുണ്ടാവില്ല;
പൊതുജനങ്ങൾക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു.

Tuesday, March 21, 2006

ഇത് പുതിയ മാരുതി സ്വിഫ്‌റ്റ്...........

.....ന്റെ ബാക്ക്എറണാകുളത്തുകാർ ഇതിനെ മലയാളത്തിലെ ഒരു പ്രമുഖ നടിയോടുപമിക്കും....

പാവം നടി
പാവം കാർ

Saturday, March 18, 2006

ചോരത്തിളപ്പ്

ബാക്കി രണ്ട് കൂടപ്പിറപ്പുകളെ അപേക്ഷിച്ച് എന്തോ, എന്റെ ചോരയുടെ ബോയിലിംഗ് പോയിന്റ് തുലോം കുറവായിരുന്നോ എന്നൊരു സംശയം. പെട്ടെന്ന് തിളയ്ക്കും. അനീതി, അക്രമം ഇവ എവിടെ കണ്ടാലും തടി കേടാക്കാത്ത രീതിയിൽ ശക്തിയുക്തം ചോദ്യം ചെയ്യാനുള്ള ഒരു അഭിവാഞ്ഛ ചെറുപ്പം മുതൽക്കേ എനിക്കുണ്ടായിരുന്നു, അത് വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും. അങ്ങാടിയിൽ എപ്പോ തോറ്റാലും അത് ബാലൻസ് ചെയ്തിരുന്നത് അമ്മയുടെ അടുത്തായിരുന്നു. ഒരു സെലക്ടീവ് അമ്മനേഷ്യ ആയിരുന്നു ഈ ചോരത്തിളപ്പെന്നർത്ഥം.

സ്കൂൾ ജീവിതം കഴിഞ്ഞ് കലാലയ സർവ്വകലാശാല ജീവിതങ്ങൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനിടയിലും ഞാൻ ഒരു സത്യം മനസ്സിലാക്കി: എന്റെ ചോരയുടെ തിളപ്പ് ഒട്ടുമേ കുറഞ്ഞിട്ടില്ല.

ഒരു ദിവസം പാസ്‌പോർട്ടിന്റെ സൈസിലുള്ള ഒരു ഫോട്ടം പിടിക്കാൻ ചാലക്കുടി പ്രൈവറ്റ് ബസ്‌സ്റ്റാന്റിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ പോയി (വിശാലനറിയുമല്ലോ ആ ഏരിയായൊക്കെ). സ്റ്റുഡിയോ സന്ദർശനം എപ്പോഴുമൊരു ബീപ്പീകൂട്ടൽ പരിപാടിയാണെനിക്ക്. സുന്ദരമായ ഒരു വദനത്തിന്റെയും ഏയാറെഹ്‌മാൻ സ്റ്റൈൽ ഹെയറിന്റേയും മാമുക്കോയയുടെ പോലത്തെ വടിവൊത്ത ദന്തനിരകളുടേയും ഉടമതന്നെ ഞാൻ. ഇതെല്ലാംകൂടി ഒത്തുചേർന്നാൽ പക്ഷേ ലുക്ക് മുത്തയ്യാ മുരളീധരനെപ്പോലെ (കടപ്പാട് വിശാലനോട്). പക്ഷേ പ്രശ്നം തല. ഇടതുപക്ഷത്തോട് അത്ര വലിയ ആഭിമുഖ്യമൊന്നുമില്ലെങ്കിലും എന്റെ തലയ്ക്കെപ്പോഴും ഒരു ഇടതുപക്ഷച്ചായ്‌വ്. ഫോട്ടം പിടിക്കുന്നതിന് മുമ്പിലത്തെ കലാപരിപാടികളായ തലചീവൽ, പൌഡറിടൽ, പിന്നെയും ചീവൽ, പൊട്ടുകുത്തൽ, കണ്ണെഴുതൽ തുടങ്ങിയ കാക്ക കുളിച്ചാൽ കൊക്കാകുമോ തിയറിയെ പൊളിച്ചെഴുതൽ പ്രക്രിയകൾക്കുശേഷം സ്റ്റൂളിൽ ആസനസ്ഥനാവുന്നതുവരേയും എന്റെ തല നേരേ. ഫോട്ടം പിടിക്കൽ ചക്രവർത്തി റെഡി, സ്റ്റെഡി, ഒന്ന്, രണ്ട്.. ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും തല ഇടത്തുപക്ഷത്തേക്ക്-സ്പ്രിംഗുമാതിരി. അപകടം മുൻ‌കൂട്ടി കാണാൻ സാധിക്കുന്ന വിദഗ്ദന്മാർ സംഗതിക്ക് സഡൻ ബ്രേക്കിട്ട് എന്റെ തല നേരേ വെച്ചുതരും. പക്ഷേ, പിന്നെയും ക്ലിക്കാൻ തുടങ്ങുമ്പോൾ ഫ്രണ്ട് സീരിയലിൽ ചാന്റ്‌ലർ ഫോട്ടോ പിടിക്കാൻ മോണിക്കയുമൊത്തു പോയതുപോലെ. പടം പാസ്‌പോർട്ടിന്റെ സൈസിൽ വരുമ്പോൾ മിക്കവാറും വടിപോലത്തെ വയറും വീഴുന്ന തലയുമെന്നൊക്കെ പറഞ്ഞ് അന്താരാഷ്ട്ര പ്രദർശനങ്ങളിൽ കാണിക്കാവുന്ന സ്റ്റൈലിൽ. പാസ്‌പോർട്ടിലൊട്ടിക്കാൻ കൊള്ളൂല്ല.

എന്റെ ചോര അന്നാ സ്റ്റുഡിയോയിൽ തിളച്ചത് അങ്ങാടിയിൽ തോറ്റതിനമ്മയോട് എന്നതിന്റെ സ്റ്റുഡിയോ വേർഷനായ ഫോട്ടം നന്നാകാത്തതിന് ഫോട്ടോക്കാരനോട് എന്ന പുതും‌ചൊല്ല് പ്രകാരമമൊന്നുമല്ലായിരുന്നു. അക്കാലത്ത് (ഇക്കാലത്തുമുണ്ടോ എന്നറിയില്ല), അന്താരാഷ്ട്ര ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കേരളാ ഘടകത്തിന്റെ തീരുമാനപ്രകാരം കേരളത്തിലങ്ങോളമിങ്ങോളമോളമോളമുള്ള ഫോട്ടം പിടിക്കൽ കേന്ദ്രങ്ങളിൽ പിടിക്കുന്ന ഫോട്ടങ്ങളുടെ നെഗറ്റീവ് ഉടമസ്ഥനു കൈമാറണമെങ്കിൽ പത്തുരൂപാ അധികം കൊടുക്കണമത്രേ. ഈ പ്രഖ്യാപനം വെണ്ടയ്ക്കാ അക്ഷരത്തിൽ ആ സ്റ്റുഡിയോയിൽ എഴുതിയും വെച്ചിരിക്കുന്നു. എന്റെ ചോര ബ്ലും ബ്ലും എന്ന് തിളച്ച് നാഡീപേശീവ്യൂഹം വഴി തലച്ചോറിൽ ചെന്ന് ബ്രെയിനിനോട് പറഞ്ഞു:

“അണ്ണേ, അനീതി തന്നെ... നമ്മുടെ മോന്ത, നമ്മുടെ ഫോട്ടം, അതിന്റെ നെഗറ്റീവിന് ഈ അണ്ണന്മാർക്കെന്തു കാര്യം.. അത് നമ്മുടെ മാത്രം”

ഞാൻ റെഡിയായി. പെട്ടെന്ന് എന്റെ ചിന്തകൾ രാജാക്കാടും പാലക്കാടും കയറി സൈലന്റ് വാലിയിലെത്തി. ആകപ്പാടെ ഒരു നിശ്ശബ്ദത.

“ഭഗവാനേ.. എന്റെ ഈ സുന്ദരസുമുഖവദനത്തിന്റെ നെഗറ്റീവ് ഈ അണ്ണന്മാർ മിസ്സിസ് യൂസ് ചെയ്താലോ.... എന്റെ തലയും ഇന്ദ്രൻസിന്റെ ഉടലും..... ഹോ എനിക്കാലോചിക്കാൻ പോലും പറ്റുന്നില്ല. ഇതെന്തുവന്നാലും തടയണം”

ദ കിംഗിലെ മമ്മൂട്ടി സ്റ്റൈലിൽ മുഖത്തിന് ഒരു ഗാംഭീര്യമൊക്കെ വരുത്തി സ്വതവേ കനത്ത ഒച്ച ഒന്നുകൂടി കനപ്പിച്ച് ഞാൻ സ്റ്റുഡിയോക്കാരോട് മൊഴിയാൻ തുടങ്ങി (മൊഴിയൽ തുടങ്ങിയപ്പോൾ പുറത്തുവന്ന ഒച്ച മൻ‌മോഹൻ‌സിംഗിന്റെ പോലെയായിപ്പോയെന്നത് വേറേ കാര്യം).

“അണ്ണോ, എന്റെ ഫോട്ടോ, ഞാൻ തന്ന കാശ്, എന്റെ നെഗറ്റീവ്. അതിന് നിങ്ങൾ പിന്നെയും കാശ് മേടിക്കുന്നത് പച്ചയായ അനീതി. എന്റെ ഈ നെഗറ്റീവുകൊണ്ട് നിങ്ങൾക്ക് “ന്യായമായ രീതിയിൽ” വേറേ ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ അത് എനിക്കു തരാൻ നിങ്ങൾ പിന്നെയും പൈസാ വേണമെന്ന് പറയുന്നത് ഞാനാകുന്ന ഉപഭോക്താവിനെ നിങ്ങളാകുന്ന ബൂർഷ്വാ ചൂഷണം ചെയ്യുന്നതിന് തുല്ല്യം. അതുകൊണ്ട് കളിക്കാതെ നെഗറ്റീവിങ്ങെടു മോനേ... അല്ലെങ്കിൽ....”

(കണ്ടോ ഇതാണ് ഭീഷണി. അല്ലാതെ പാവം ആരോഗ്യമന്ത്രി ഡോരവിയോട് പറഞ്ഞതൊന്നുമല്ല).

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. “പോയി പണിനോക്ക് മോനേ” എന്ന് പറഞ്ഞു, അവർ. അങ്ങിനെയുള്ള സമയങ്ങളിലാണ് സാധാരണ ചോരത്തിളപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. കാരണം, പിന്നെ പറയാൻ ഡയലോഗൊന്നുമില്ല. ചോദിച്ച കാര്യം ഒട്ട് സാധിച്ചതുമില്ല.

ഞാൻ ആ തിളച്ച ചോരയിൽ ചാലിച്ച് സംസ്ഥാന ഉപഭോക്ത തർക്കപരിഹാര നിർഗ്ഗുണ പരിഹാരശാലയിലേക്ക് ഒരു സങ്കട ഹർജി അയച്ചു. നാടു നന്നാക്കണമെങ്കിലും ന്യായം കിട്ടണമെങ്കിലും അതിനായിത്തന്നെ തുനിഞ്ഞിറങ്ങണമെന്നും ജോലിയുടെ കൂടെയുള്ള ഒരു സൈഡ് ബിസിനസ്സായി നാട് നന്നാക്കൽ പരിപാടി കൊണ്ടുനടക്കാൻ പറ്റില്ലെന്നും എനിക്കാ കാലഘട്ടങ്ങളിൽ മനസ്സിലായി. സങ്കട ഹർജി അയച്ച് കുറേയേറെ പ്രകാശവർഷങ്ങൾക്കു ശേഷം ദൂത് വന്നു. തൃശ്ശിവപേരൂര് അയ്യന്തോളുള്ള ദുർഗ്ഗുണപരിഹാരപരിപാവനശാലയിൽ ഹാജരാ‍കാൻ. ഇപ്പോഴത്തെ കാലമല്ലായിരുന്നു അപ്പോഴത്തെ കാലമെന്നതുകാരണം ഞാൻ ഏകനായി സാക്ഷ്യം പറയാൻ പോയി. എതിരളികൾ, ഗുണ്ടകൾ അങ്ങിനത്തെ കാര്യങ്ങളേപ്പറ്റിയൊന്നും ചിന്തിച്ചില്ല. എന്തായാലും ഓഫീസിൽ നിന്നും ലീവെടുത്ത് ഞാൻ നീതിക്കുവേണ്ടി അവിടെ ഹാജരായെങ്കിലും നീതി നടപ്പാക്കേണ്ട ന്യായാധിപനും അന്ന് ലീവെടുത്തു. രണ്ടാമത്തെ വിളി വന്നു. നീതി വേണോ ജോലി വേണോ എന്നുള്ള ഒരു ക്രിട്ടിക്കൽ സിറ്റ്വേഷനിൽ ജോലി മതിയെന്ന് ഞാൻ തീരുമാനിക്കുകയും തദ്വാര എന്റെ കേസ് തള്ളുകയും ചെയ്തു. എന്നാലും എന്റെ നീതിക്കുവേണ്ടിയുള്ള പടപൊരുതലിനെപ്പറ്റി കേട്ടറിഞ്ഞ പല ആരാധകരും രക്തത്തിൽ ചാലിച്ച എഴുത്തുകൾ എനിക്കയച്ചുകൊണ്ടേയിരുന്നു.

(പക്ഷേ, എന്തുവന്നാലും മാറിത്തരുകയില്ലാ എന്ന് ഡീലർ തറപ്പിച്ചുപറഞ്ഞ, യമഹാ ആറെക്സ് നൂറിന്റെ വാങ്ങിച്ചപ്പോഴേ കവിളുപതിഞ്ഞിരുന്ന ഇന്ധനടാങ്ക്, ഉപഭോക്തതർക്കപരിഹാര നിർഗ്ഗുണപരിപാവനശാലയിലേക്ക് പരാതി അയച്ചതിന്റെ കോപ്പി കമ്പനിയുടെ ഹെഡ്ഡാപ്പീസിലേക്ക് അയച്ചുകൊടുത്തത് കാരണം, ഒരു മാസത്തിനകം അണ്ണന്മാർ മാറ്റിഫിറ്റ് ചെയ്തു തന്നു. കാരണം ഹെഡ്ഡാ‍പ്പീസിൽനിന്ന് ഡീലറേമ്മാന്ന് ഇണ്ടാസു വന്നു. പരാതിക്കാരന്റെ മനം കുളിർക്കത്തക്ക രീതിയിൽ പരാതി പരിചരിച്ചില്ലെങ്കിൽ... ഇത്തരം കോടതികൾ കൊണ്ട് പ്രയോജനവുമുണ്ടായി)

അന്യായങ്ങൾക്കെതിരെയുള്ള ഒച്ചയെടുക്കലുകൾക്കും നീതിക്കുവേണ്ടിയുള്ള പടപൊരുതലുകൾക്കും അലറിപ്പുറപ്പെടുമ്പോൾ കൂടെയുള്ളവൻ കാലുമാറാതിരിക്കേണ്ടതും വളരെ പ്രാധാനപ്പെട്ട ഒരു കാര്യമാണെന്ന തുണിയില്ലാസത്യവും ഞാൻ ഇക്കാലത്ത് മനസ്സിലാക്കി.

ഞാനും എന്റെ പ്രിയസുഹൃത്തും കൂടി തൊട്ടപ്പുറത്തേതിന്റെ അപ്പുറത്തെ സ്റ്റോപ്പിലിറങ്ങാൻ അതിന്റെ ഇപ്പുറത്തേതിന്റിപ്പുറത്തെ സ്റ്റോപ്പിൽ ബസ്സും കാത്തു നിൽക്കുകയായിരുന്നു. സമയം രാവിലെ എട്ടര. സ്കൂളിൽ പോകാൻ വേണ്ടി ധാരാളം കുട്ടികളും നിൽക്കുന്നു സ്റ്റോപ്പിൽ. ആ സ്റ്റോപ്പിലെ സ്കൂളിലേക്കുള്ള ധാരാളം കുട്ടികളും വന്നിറങ്ങുന്നു അവിടെ. പഴയ സ്കൂൾ കാലവും അന്നത്തെ ക്രിക്കറ്റ് കളിയെപ്പറ്റിയുമൊക്കെ ആലോചിച്ച് അയവിറക്കി ഇങ്ങിനെ നിൽക്കുന്നു, സ്റ്റോപ്പിൽ.

ഒരു ബസ്സ് പാഞ്ഞുവന്ന് നിൽക്കുന്നു. ദഹനക്കേട് പിടിച്ചിട്ട് കണ്ട്രോളു പോയ ആളുടെ രീതിയിലാണ് ബസ്സിന്റെ മുൻപിലത്തെ ഡോറിലെ കിളിയുടെ കോപ്രായങ്ങൾ. ആകപ്പാടെ ഞെളിപിരി. കടപടപടകടാ‍ന്നൊക്കെ അടിക്കുന്നു ബസ്സിന്റെ ബോഡിക്കിട്ട്. അകത്തുള്ളവരെ ഇറക്കിയിട്ട് തൊട്ടൂ, തൊട്ടില്ലാ സ്റ്റൈലിൽ പുറകേ വരുന്ന ബസ്സിനും മുൻപേ പോകാനുള്ള വെപ്രാളം. സൂവിന്റെ ഈ കഥ വായിച്ചാൽ അത്തരം പ്രയാണങ്ങളുടെ ഒരു ചിത്രം കിട്ടും. നോക്കിയപ്പോൾ ഒരു പാവം കുട്ടിയെ ആ കിളി തൂക്കിയെടുത്ത് വെളിയിലേക്കെറിയുന്നു. ആ കുട്ടിയുടെ മുഖം ആകപ്പാടെ പേടിച്ചരണ്ട്. മുൻപിലത്തെ ഓപ്പറേഷൻ കമ്പ്ലീറ്റ് ചെയ്ത കിളി അക്ഷമനായി പുറകിലത്തെ കിളിയേ നോക്കുന്നു. ഒന്നു രണ്ട് വൃദ്ധജനങ്ങളും കൂടി ഇറങ്ങാനുണ്ട് പുറകിൽ നിന്ന്. ഏതുനിമിഷവും അവർ വണ്ടിക്കകത്തുനിന്നും പറന്ന് റോഡിലോ അടുത്തുള്ള ഓടയിലോ ലാന്റ് ചെയ്യാം. മുങ്കിളി പിങ്കിളിയോട് ആ രീതിയിൽ എന്തോ ആംഗ്യങ്ങളൊക്കെ കാണിക്കുന്നുണ്ട്.

ചിരപരിചിതമായ ഒരു ഫീലിംഗ് എനിക്കപ്പോൾ.... ഓ കിട്ടി. ചോര തിളയ്ക്കുന്നതിന്റെയാണ്. പതിവുപോലെ എന്റെ ചോര ബ്ലും ബ്ലും എന്ന് തിളച്ച് നാഡീപേശീവ്യൂഹം വഴി തലച്ചോറിൽ ചെന്ന് ബ്രെയിനിനോട് പറഞ്ഞു:

“അണ്ണേ എന്തൊരനീതിയാ ഈ കിളി കാണിക്കുന്നത്. ആ കുട്ടിയെങ്ങാനും റോഡിൽ വീണിരുന്നെങ്കിലോ? എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? കാടന്മാർ.... മനുഷ്യപ്പറ്റില്ലാത്തവന്മാർ”

പ്രിയസുഹൃത്തും കൂടെയുണ്ടായിരുന്നത് കാരണം. ചോരയുടെ ഈ ഡയലോഗിന്റെ ലൈവ് ടെലികാസ്റ്റ് എന്റെ വായവഴിയുമുണ്ടായിരുന്നു. അത് കേട്ട സുഹൃത്ത് പ്രതികരിച്ചു.

“ശരിയാടാ... കാടന്മാർ.... മനുഷ്യസ്നേഹമില്ലാത്തവന്മാർ.. പണത്തിനെപ്പറ്റി മാത്രം ചിന്തിക്കുന്നവന്മാർ... ഇവന്മാരോടൊന്നും ചോദിക്കാനും പറയാനും ഒരു പുല്ലനുമില്ലേ”

ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു പ്രിയസുഹൃത്തിന്റെ രോഷപ്രകടനം. താൻ ബ്രെയിനിനോട് പറഞ്ഞതിലും കൂടുതൽ ചെവിവഴി ബ്രെയിനിൽ കേട്ട ചോരയ്ക്കും പെരുത്ത് സന്തോഷം. അവൻ ആഞ്ഞു തിളച്ചു.

പിന്നെല്ലാം പെട്ടന്നായിരുന്നു. വിചാരിച്ചതിലും അപ്പുറത്തെ സപ്പോർട്ട് സുഹൃത്തിൽനിന്നും കിട്ടിയതിന്റെ ധൈര്യത്തിൽ, വായിൽ നോക്കാനും കമന്റടിക്കാനും സിനിമാ കാണാനും അടയും ചക്കരയും പോലെ നടക്കുന്ന അവൻ ഈ ധാർമ്മികസാഹചര്യത്തിലും എന്റെ കൂടെ എന്തായാലും ഉണ്ടാകുമെന്നുള്ള പൂർണ്ണ വിശ്വാസത്തിൽ ഞാൻ ബസ്സിന്റെ പുറകിലത്തെ കിളിയോടലറി..

“എന്തു പണിയാടോ ഈ കാണിക്കുന്നത്. തന്റെയൊക്കെ അച്ഛനും അമ്മയും പെങ്ങളുമൊക്കെയാണെങ്കിൽ താൻ ഇങ്ങിനെയൊക്കെ കാണിക്കുമോടോ, ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ താൻ സമാധാനം പറയുമോടോ, കണ്ണിൽ ചോരയില്ലാത്തവനേ, മനുഷ്യപ്പറ്റില്ലാത്തവനേ, ഇവിടൊന്നും ചോദിക്കാനും പറയാനും ആരുമില്ലെന്നാണോടോ താൻ വിചാരിച്ചത്.....”

(കണ്ടോ ഇതാണ് ഭീഷണി. അല്ലാതെ പാവം ആരോഗ്യമന്ത്രി ഡോരവിയോട് പറഞ്ഞതൊന്നുമല്ല).

അരവിന്ദേട്ടൻ സ്റ്റൈൽ ഗർജ്ജനമായിരുന്നു, അത്. ഈ ദുർബ്ബലശരീരത്തുനിന്നുതന്നെയാണല്ലോ ഇത്തരം ആനയലറലോടലറലോടലറലലറലുകൾ എന്നോർത്ത് ഞാൻ പോലും അന്തം വിട്ടുപോയി. പക്ഷേ പിന്നാലെ വരാനിരിക്കുന്ന ചില അതിഭീകരവും അത്യുച്ചത്തിലുള്ളതുമായ രോദനങ്ങളുടെ ആമുഖം മാത്രമായിരുന്നു ആ അലറലുകൾ എന്ന് അപ്പോൾ അറിഞ്ഞില്ല.

ആ കിളികളേയും അവരുടെ തോന്ന്യാസങ്ങളെയും മനുഷ്യജീവിത്തതിന് അവർ കൊടുക്കുന്ന പുല്ലിന്റെ വിലയേയും ചീത്തപറഞ്ഞുകൊണ്ട്, വിളിച്ചലറിക്കൊണ്ട് ഞാൻ ആ വണ്ടിയുടെ നേരേ പാഞ്ഞു. കിളി ഡബിളടിച്ചു. ഡോറടയാൻ മില്ലിസെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഞാൻ ആ വണ്ടിയിൽ ചാടിക്കയറി.

വണ്ടിക്കകത്ത് കയറിയിട്ടും എന്റെ ഗുണദോഷചീത്തപറയലുപദേശങ്ങൾ ഹൈ പിച്ചിൽ തുടർന്നു. വല്ലാത്ത ഒരു ധൈര്യമായിരുന്നു, അപ്പോൾ. കാരണം പ്രിയസുഹൃത്ത് കൂടെയുണ്ടല്ലോ.

പക്ഷേ ഞാൻ കണ്ടത്.....

അതുവരെ എന്നെ കാര്യമായൊന്നും മൈന്റ് ചെയ്യാതിരുന്നു മുൻ‌കിളി ആൾക്കാരെയൊക്കെ വകഞ്ഞ് മാറ്റിക്കൊണ്ട് എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് നാക്കും കടിച്ച് കണ്ണും തുറിച്ച് മൂക്കും വിറപ്പിച്ച് പാഞ്ഞു വരുന്നു, എന്റെ നേരേ. വണ്ടിയുടെ ഏകദേശം നടുഭാഗത്തായിരുന്നു കണ്ടക്ടറും വരുന്നു, മുൻ‌കിളിയുടെ പുറകേ. അദ്ദേഹത്തിന്റെ നാക്കും വളഞ്ഞ് പല്ലുകൾക്കിടയിൽ. അദ്ദേഹത്തിന്റെ മൂക്കും വിറയ്ക്കുന്നു, കണ്ണാണെങ്കിൽ വല്ലാതെ തുറിച്ചിരിക്കുന്നു....പിൻ‌കിളിയുടെ ചൂടുള്ള ശ്വാസം എന്റെ പിൻ‌കഴുത്തിൽ തട്ടുന്നു.... ആകപ്പാടെ എന്തോ ഒരു പന്തികേട്.

തോമസുകുട്ടീ വിട്ടോടാ എന്ന് പ്രിയസുഹൃത്തിനോട് പറയാൻ വേണ്ടി ഇടത്തുവശത്തേക്ക് തലതിരിയ്ക്കുന്നതിനിടയ്ക്ക് നൂറിൽ പായാൻ തുടങ്ങുന്ന വണ്ടിയുടെ ജനാലക്കമ്പികൾക്കിടയിലൂടെ ഹൃദയഭേദകമായ ആ കാഴ്ച ഒരു മിന്നായം പോലെ ഞാൻ കണ്ടു......

......എന്റെ പ്രിയസുഹൃത്ത് വല്ലാത്ത ഒരു ആത്മവിശ്വാസത്തോടെ, ഒരു ചെറുപുഞ്ചിരിയുമായി ആ സ്റ്റോപ്പിൽത്തന്നെ നിൽക്കുന്നു.

Wednesday, March 15, 2006

ഹെൽ‌പ്പ് വക്കാരീ പ്രൊജക്റ്റ്

ആർക്കും പങ്കെടുക്കാം.. എങ്ങിനെയും പങ്കെടുക്കാം......

ഏവൂർജീയുടെ പാതാളക്കരണ്ടിയിൽ നമ്മളൌട്ട്;

ഞാനെഴുതി:

“ഞാനിവിടുണ്ടേ.... പക്ഷേ ഏവൂർജീയുടെ പാതാളക്കരണ്ടിയിൽ എനിക്കിപ്പം പ്രവേശനമില്ല. പുതിയ ബ്ലോഗിട്ടപ്പോൾ ഇണ്ടാസുകിട്ടി-ഞാൻ പഞ്ചായത്തിൽ മെംബറല്ലന്ന് :(( പക്ഷേ കമ്മുന്നതൊക്കെ വരുന്നുണ്ടുതാനും....... ആർക്കുപോയി (എനിക്കുപോയി)“

ഏവൂർജീയെഴുതി:

പിടിച്ചോളൂ, ഇക്കാര്യത്തില്‍ കഴുത്തിനു പിടിച്ചോളൂ --എന്റെയല്ല, പെരിങ്ങോടരുടെ വേണമെന്ന് മാത്രം.:) ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സായ് പിന്മൊഴി ഗ്രൂപ്പിലെ മെമ്പര്‍‌മാരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് കക്ഷിയാ പറയുന്നത്.. അതായത്, ബ്ലോഗരിലെ ഈ-മെയില്‍ ഐ.ഡി. ഗ്രൂപ്പിലെ അംഗമല്ലെങ്കില്‍ പുതിയ ബ്ലോഗ്‌സെന്ഡുകള്‍ക്ക് ബൌണ്‍സ്. കമ്മന്റുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല താനും. രാജെന്തു പറയുന്നു എന്നറിയാം.

ഞാൻ പിന്നെയുമെഴുതി:

“ഏവൂർജീ...ഉൽ‌പ്രേ‌‌ക്ഷയും ഉപമയും മഞ്ജരിയും കേകയും കൈകേയിയും പങ്കജാക്ഷനും കാകളിയും കമലാക്ഷിയും ഒന്നിച്ചുവന്ന ഒരു പ്രതീതി...ഒന്നും പിടികിട്ടുന്നില്ല. കുടയൊട്ടു കിട്ടിതാനും.....എല്ലാവരുടെയും സൌകര്യപ്രകാരം എന്തു വേണമെങ്കിലും, എങ്ങിനെ വേണമെങ്കിലും എപ്പോ വേണമെങ്കിലും, എവിടെവെച്ച് വേണമെങ്കിലും.....നോ പ്രോബ്ലം.. ഞാനേറ്റൂന്ന്...ഏതേതൊക്കെ, എങ്ങിനെയൊക്കെയെന്ന്.... സമയം കിട്ടുമ്പോൾ മാത്രം, സമയമുണ്ടെങ്കിൽ മാത്രം...“

ഏവൂർജിയെഴുതുമായിരിക്കും...

എനിക്കറിയാവുന്നതിത്രമാത്രം:

സെറ്റിംഗ്‌സിൽ-കമന്റ്‌സിൽ വിലാസം: pinmozhikal@gmail.com

സെറ്റിഗ്‌സിൽ - ഇ‌മെയിലിൽ ബ്ലോഗ്‌സെന്റഡ്രസ്സ്: pinmozhikal@gmail.com

ഇനി ഞാൻ പിന്മൊഴി ഗ്രൂപ്പിലെ അംഗമല്ലായിരിക്കുമോ........ ആകാനെന്തുവഴി...??

പെരിങ്ങോടർജീയുടെ കഴുത്തെവിടെ.... പിടിക്കാൻ പാകത്തിലുള്ളതായിരിക്കുമോ ആവോ.....

ഇനി ഞാനെന്തെപ്പോളെവിടെയെങ്ങിനെയെന്തിനെന്നാരെങ്കിലും പറഞ്ഞുതന്നാൽ ഇനി അടുത്ത പ്രാവശ്യം ജപ്പാനിൽ വരുമ്പോൾ ജലപാനവും അടുത്തുള്ള ഓൺസെന്നിൽ ഒരു കുളിയും ഫ്രീ: സാവാരി എന്റെ ജിടെൻഷാ സീയെന്ന് ചാർസൌബ്ബീസ്സിൽ..

Monday, March 13, 2006

കാവടി

Wednesday, March 08, 2006

ഒരു സദ്യയുടെ ജനനവും................

...............അതിന്റെ സ്വാഭാവികമായ അന്ത്യവും


ഞാനെത്തി

ഞാനെത്തി....

വന്നപ്പോൾ എന്താ കാഴ്ച........ ബ്ലോഗുകളുടെ പെരുമഴക്കാലം.......

മാത്രമോ...... മുഖത്തടിച്ചതുപോലെയുള്ള കമന്റുകളും.......... പഴയതുപോലെ, അടിപൊളി, ഇടിപൊളി നന്നായി..........അതൊക്കെ അടിപൊളിക്കും ഇടിപൊളിക്കും നന്നായതിനും മാത്രം.........

എന്റെ ചളങ്ങൾ ഇനി മൽബ്ലോഗിനു വളമാകില്ല...... :((

എങ്കിലും എഴുതണം...... ഭീഷണിപ്പെടുത്തിയും, സെന്റിയടിച്ചും, ചിരിച്ചുകാണിച്ചും, സൈറ്റടിച്ചും സ്വന്തക്കാരെയും ബന്ധുക്കാരെയും കൊണ്ട് വായിപ്പിക്കണം. ......... (വേണേൽ പത്തു കാശ് കൈക്കൂലിയും കൊടുക്കാം)...

നാട്ടിൽ പോയി രണ്ടുമൂന്നു സദ്യ കഴിച്ചു

മോരുകറിയും പാവയ്ക്കാതോരനും പപ്പടവും കഴിച്ചു...........

നല്ല ഞാലിപ്പൂവൻ പഴവും കൂട്ടിക്കുഴച്ച് പുട്ട് കഴിച്ചു.........

ഇൻസ്റ്റന്റ് ദോശമിക്സുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ചു......... (ദോശമിക്ശ് അത്ര മോശമില്ല കേട്ടോ)

ഏത്തയ്ക്കാ അപ്പവും ഉഴുന്നുവടയും കഴിച്ചു..............