Tuesday, January 17, 2006

ലീവാപ്ലിക്കേഷൻ

നാട്ടുകാരേ, ബ്ലോഗുകാരേ...

ഒരുമാസത്തെ ലീവ് വേണമായിരുന്നു...

നാട്ടിലോട്ടൊന്നു പോകണം...

വീട്ടിൽ ചെന്നിട്ട് സുഖമായി കിടന്നൊന്നുറങ്ങണം...

രാവിലെ ഒരു ഒമ്പതൊമ്പതരയാകുമ്പോൾ എഴുന്നേറ്റ് പല്ലുതേച്ച് കുളികഴിഞ്ഞ് കൂമൻ‌പള്ളിയിലെ തൊടിപോലത്തെ പറമ്പിൽ മാവിന്റെ തണലിൽ, അരിച്ചിറങ്ങുന്ന ഇളംവെയിലും കൊണ്ട് കുറേനേരം നിൽക്കണം...

അതുകഴിഞ്ഞ് വരാന്തയിലിരുന്ന് ഒരു ചൂട് ചായയും കുടിച്ച് പത്രമൊക്കെ ഒന്ന് വായിക്കണം...

പിന്നെ അടുക്കളയിൽ ചെന്ന് നല്ല ഒന്നാംതരം സോഫ്റ്റ് പുട്ട്, തേങ്ങാക്കൊത്തും ചുവന്നമുളകും കറിവേപ്പിലയുമൊക്കെ ഇട്ടുണ്ടാക്കിയ കൊഴുത്തിരിക്കുന്ന കടലക്കറിയും കൂട്ടി കുഴച്ചടിക്കണം... നല്ല എരിവ് തോന്നുമ്പോൾ മധുരം കുറച്ച് കൂട്ടിയുണ്ടാക്കിയ ആ ചൂടു ചായയും കുടിക്കണം....ശൂ ശൂന്ന് വെക്കണം, ചൂടു ചായ കുടിച്ചിട്ട്... പിന്നെയും അടിക്കണം, പുട്ടും കടലയും...

അത് കഴിഞ്ഞ് കുറേനേരം കിടന്നുറങ്ങണം...

ഒരു പന്ത്രണ്ട് മണിയാകുമ്പോൾ എഴുന്നേറ്റ് മുഖമൊക്കെ കഴുകി കുറച്ചു നേരം ടി.വിയുടെ മുൻപിലിരിക്കണം.

ഒരു പന്ത്രാണ്ടേമുക്കാലാകുമ്പോൾ അടുക്കളയിലേക്ക് ചെല്ലണം.. നല്ല ചൂട് കുത്തരിച്ചോറും മോരു കറിയും പപ്പടവും കൂടി കുഴച്ച് ചോറുണ്ണണം.വാഴച്ചുണ്ടിന്റെ തോരനും കൂട്ടിയടിക്കണം.. നാരങ്ങാ അച്ചാറും തൊട്ടുകൂട്ടണം.. അത് കഴിഞ്ഞ് അടുത്ത ട്രിപ്പ് ചോറ് വാങ്ങിച്ച് നല്ല കൊഴുത്തിരിക്കുന്ന തൈരും ഇട്ടിളക്കി നാരങ്ങാ അച്ചാറും കൂട്ടി വലിയ ഉരുളയുരുളകളാക്കി തിന്നണം..

അത് കഴിഞ്ഞ് സുഖമായി നാലുമണിവരെ കിടന്നുറങ്ങണം...

എഴുന്നേറ്റ് മുഖം കഴുകി അമ്മ കൊണ്ടുത്തരുന്ന ചൂടു ചായയും കുടിച്ച് എടനയിലയിൽ വേവിച്ചുണ്ടാക്കിയ ചക്കയടയും തിന്ന് പത്രം വായിച്ചങ്ങിനെ ഇരിക്കണം...

വൈകുന്നേരം ഇറങ്ങണം, കൂട്ടുകാരേ കാണണം...

രാത്രി വന്ന് നല്ല ചൂട് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും കൂട്ടണം. ഉപ്പ് പാകത്തിനിടണം... നല്ല ചൂട് കഞ്ഞിവെള്ളം കുടിക്കണം... മൂടിപ്പുതച്ച് കിടന്നുറങ്ങണം....

അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് പല്ലു തേച്ച് നല്ല ചൂട് ചായയും പതുപതാന്നിരിക്കുന്ന പത്തിരുപത് ഇഡ്ഡലിയും അടിക്കണം. ആദ്യത്തെ ഇഡ്ഡലി പൊട്ടിച്ച് വറ്റൽ മുളകിട്ടുണ്ടാക്കിയ തേങ്ങാച്ചമ്മന്തിയിൽ മുക്കിത്തിന്നണം. പിന്നത്തെ ഇഡ്ഡലികൾ ചമ്മന്തിയുമിട്ട് കുഴച്ച് ഉരുട്ടിയുരുട്ടിയടിക്കണം. അത് കഴിഞ്ഞ് നല്ല പുഴുങ്ങിയ രണ്ട് ഏത്തപ്പഴം അടിക്കണം....

ഉച്ചയ്ക്കൊരു ഉഗ്രൻ സദ്യ എവിടെയെങ്കിലും തരപ്പെടുത്തണം.... ദാ ഇങ്ങിനെ കഴിക്കണം.. (നേരത്തേ പറഞ്ഞതാ, സദ്യയല്ലേ, മടുക്കുമോ)

ആ തൂശനിലയൊക്കെ വിരിച്ചിട്ട്, കുറച്ച് വെള്ളം തളിച്ച് അവനെ ഒന്ന് വെടിപ്പാക്കി, ഇടതുവശത്ത് താഴെയായി ഒരു സൊയമ്പൻ പൂവമ്പഴവും രണ്ട് ചക്കരവരട്ടിയും, കായയുപ്പേരിയും, മുകളിൽ നാരങ്ങാ-മാങ്ങാ അച്ചാറുകളും, പിന്നെ കൂട്ടുകറിയും, ഓലനും, കിച്ചടിയും, അവിയലും, തോരനും, പച്ചടിയും, അതുകഴിഞ്ഞ് നല്ല ചൂടുള്ള ചോറു വരുന്നവരെ ആ ഉപ്പേരിയൊക്കെ കടിച്ചു തിന്ന്, നല്ല ചൂടു ചോറു വരുമ്പോൾ അവനെ പരിപ്പും നെയ്യും പപ്പടവും ഒരു നുള്ള് ഉപ്പുമിട്ട് കൈകൊണ്ട് കുഴച്ച് ഉരുളയുരുളയാക്കി വായ്ക്കകത്തേക്കിട്ടിട്ട് ചൂണ്ടുവിരലുകൊണ്ട് ആ അച്ചാറിത്തിരി നക്കി, പുറകേവരുന്ന് സാമ്പാറിനുവേണ്ടി ചോറ് കുറച്ചുകൂടി മേടിച്ച്, സാമ്പാറും ചോറും കുഴച്ചടിച്ച്, തോരനും കൂട്ടി, എരിവു പോകാൻ പച്ചടിയുമടിച്ച്, കൂട്ടുകറിയൊന്നു നക്കി, പുറകേ വരുന്ന കാളനുവേണ്ടി അക്ഷമനായി കാത്തിരുന്ന്, കാളൻ വന്നുകഴിയുമ്പോൾ അവനും അവിയലും തോരനും പപ്പടവും കൂടി ചേർത്തടിച്ച്, അച്ചാറൊന്നുകൂടി നക്കി, കിച്ചടിയും കൂട്ടി, ശർക്കരയടയ്ക്കുവേണ്ടി പാൽ‌പ്പായസം ഒരു തവി മാത്രമാക്കി, അവനെ ഇലയിലോട്ടോഴിച്ചിട്ട് കൈകൊണ്ട് കുടിച്ച്, ചെകിടിപ്പു മാറ്റാൻ കുറച്ചച്ചാറും നക്കി, ചൂടുള്ള ശർക്കരയടപ്രഥമൻ കൈകൊണ്ടിങ്ങിനെ കോരിക്കുടിച്ച്, കുറച്ചുകൂടി അച്ചാറു നക്കി, ലാസ്റ്റ് കുറച്ച് ചോറ് വാങ്ങിച്ച്, നാരങ്ങായിലയും, കറിവേപ്പിലയും, കാന്താരിമുളകുമൊക്കെയിട്ട ആ സൊയമ്പൻ സംഭാരവും കൂട്ടി, പൂവൻ പഴവും കഴിച്ച് നന്നായൊന്ന് ഏമ്പക്കവും വിട്ട് എല മടക്കി വെള്ളം കുടിച്ച് ആ ഗ്ലാസ്സ് അതിനു മുകളിൽ വെച്ച് എഴുന്നേറ്റുപോകണം...

സദ്യകഴിഞ്ഞ് വന്ന് സുഖമായൊന്നുറങ്ങണം..

വൈകുന്നേരം കായവറുത്തതും കട്ടൻ കാപ്പിയും...

രാത്രിയിൽ കണ്ണിമാങ്ങാ അച്ചാറും തൈരും ചുട്ടരച്ച ചമ്മന്തിയും....

അടുത്ത ദിവസം പാവയ്ക്കാ തോരനും മോരുകറിയും....

കൂർക്ക മെഴുക്കുവരട്ടിയും തീയലും തൈരും...

പരിപ്പും നെയ്യും പപ്പടവും കൂട്ടിനച്ചാറും.......

ഇതിനിടയ്ക്ക് സമയം കിട്ടുകയാണെങ്കിൽ ബ്ലോഗും....

Saturday, January 14, 2006

ഭീഷണി

“ഞാൻ പറഞ്ഞതുപോലെ കേട്ടില്ലെങ്കിൽ അടിച്ചുനിന്റെ......” - നാൽക്കവല ഭീഷണി.

“.... നിന്റേം നിന്റെ പിള്ളേരുടേം കാര്യം ഞാനേറ്റൂന്ന്” - ടി.ജി. രവി ഭീഷണി.

“ജസ്റ്റ് റിമംബർ ദാറ്റ്....................” - സുരേഷ് ഗോപി ഭീഷണി.

നരേന്ദ്രപ്രസാദ് ഭീഷണി, ബാലൻ കെ നായർ ഭീഷണി, ഭീമൻ രഘു ഭീഷണി, മമ്മൂട്ടി ഭീഷണി, ലാലേട്ടൻ ഭീഷണി...

അങ്ങിനെ എത്രയെത്ര ഭീഷണികൾ......

പക്ഷേ താഴെ കൊടുത്തിരിക്കുന്ന ഡയലോഗുകളിൽ തലകുത്തിനിന്നിട്ടും ഒരു ഭീഷണി കാണാനോ കേൾക്കാനോ പറ്റുന്നില്ല.



ആകപ്പാടെ കണ്ടത് നീ എന്നും നിങ്ങളെന്നുമുള്ള വിളി. പല പ്രദേശത്തും സ്നേഹത്തോടെ തലോടുമ്പോഴും അങ്ങിനെയൊക്കെ വിളിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഒരു പക്ഷേ ഡോരവി ഒരു പാവമായിരിക്കും “അതിങ്ങിനെതന്നെ പറഞ്ഞാൽ മതി” എന്നും നീ എന്നും നിങ്ങളെന്നുമൊക്കെയുള്ള വിളികൾ അദ്ദേഹത്തിന് ഒരു ഭീഷണിയായി തോന്നിയിരിക്കാം.

പക്ഷേ സുരേഷ് ഗോപിയണ്ണന്റേയും ഭീമൻ രഘുവേട്ടന്റേയും ഇന്ദ്രൻസിന്റേയുമൊക്കെ ഭീഷണിപ്പെടുത്തുന്ന നെടുനെടുങ്കൻ ഡയലോഗുകൾ പാടത്തും പാടശേഖരങ്ങളിലും വയലേലകളിലും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആവേശം പകരാനായി ആവേശപൂർവ്വം സം‌പ്രേക്ഷണം ചെയ്യുന്ന കൈരളി ചാനലിന് ഈ ഡയലോഗുകളിൽ എങ്ങിനെ ഭീഷണി കണ്ടെത്താനായി എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.

ചായക്കോപ്പകളിൽ കൊടുങ്കാറ്റുണ്ടാക്കാനുള്ള മറ്റൊരു മാധ്യമ ശ്രമം തന്നേ ഇത്?

മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ കാര്യം വെട്ടിത്തുറന്നങ്ങ് തെളിയിച്ചാൽ പോരേ എന്നൊരാശങ്ക.

ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയതും കൊണ്ട് ഉദ്ദേശിച്ച കാര്യം നടത്തുക........

പക്ഷേ ഈ മന്ത്രിപുംഗവ-ഡാക്കിട്ടർ ഡയലോഗിനെ മന്ത്രി ഡാക്കിട്ടരെ സ്വാധീനിക്കാൻ ശ്രമിച്ചു-പുറത്താക്കൂ എന്ന രീതിയിലാക്കിയിരുന്നെങ്കിൽ കുറച്ചുകൂടി വിശ്വാസ്യത കിട്ടുകയില്ലായിരുന്നോ എന്നും ഒരാശങ്ക.

ഹിനിയിപ്പോ ആരേയും ഒന്നിനേയും വിശ്വസിക്കാൻ പറ്റില്ലാ എന്നുള്ളത് ഇതിന്റെ ബാക്കിപത്രം. വെറുതെ ഫോൺ ചെയ്ത് ഹലോ പറഞ്ഞാൽ അതും റിക്കോർഡ് ചെയ്തിട്ട് സം‌പ്രേക്ഷണം ചെയ്യും. വൈകുന്നേരത്തെ വാർത്തകളിൽ പരിചയുമുള്ള എന്തെങ്കിലുമൊക്കെ ശബ്ദങ്ങൾ കേട്ടാൽ ഞെട്ടേണ്ട. നമ്മുടെയൊക്കെ പ്രൈവസി പോളിസികളെ ഒന്ന് റീഡിഫൈൻ ചെയ്യേണ്ടിയിരിക്കുന്നു.

ഏതായാലും ഈ സംഭാഷണമാമാങ്കത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്:

മന്ത്രി: “അതൊക്കെ നിങ്ങളെ ഭയപ്പെടുത്താൻ തട്ടിപ്പ് പറയുന്നതാണ്.അത് നമുക്ക് അങ്ങിനെതന്നെ പറയാം”
ഡോരവി: “ങാ അങ്ങിനെ പറയാം”

മന്ത്രി നമുക്കങ്ങിനെ പറയാമെന്നു പറഞ്ഞു; ഡോരവിയും പറഞ്ഞു, “ഓ” എന്തു നല്ല പൊരുത്തം!

മന്ത്രി ഒരു ശുദ്ധനും നിഷ്‌കളങ്കനും സർവ്വോപരി ഒരു പാവവുമാണെന്നതിന്റെ ഉത്തമോദാഹരണം:

മന്ത്രി: “ഇത് നിങ്ങള് ഇനി ആരെങ്കിലും വന്നിട്ടുണ്ടെങ്കില് നിങ്ങള് പറയേണ്ടത്, ഞാൻ അങ്ങിനെ സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല, എന്താ റിക്കോർഡ് ചെയ്തതെന്നറിയില്ല, തിരക്കിലെന്തോ പറഞ്ഞു, നിങ്ങള് ഒപ്പിട്ടു കൊടുത്തിട്ടുണ്ടോ?“
ഡോരവി: “അല്ല, അതു പറയാം സാർ”
മന്ത്രി: ‘ങേ”
ഡോരവി: “അത് പേഴ്സണലായി പറയാം. ഇനി ഇപ്പോ അതും റിക്കോർഡ് ചെയ്തെങ്കിലോ, അതും ബുദ്ധിമുട്ടായിരിക്കും”

പാവം മന്ത്രി. ആ പറഞ്ഞതൊക്കെ വള്ളിപുള്ളി വിടാതെ റിക്കോർഡ് ചെയ്തപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഡോരവി അത് തന്നാലാകുന്ന രീതിയിൽ മന്ത്രിയദ്ദ്യേത്തെ ബോധിപ്പിക്കുകയും ചെയ്തു. എന്തു ഫലം....

എന്തായാലും ഇത്തരം ചോർത്തലുകൊണ്ടെങ്കിലും നാട്ടിലെ തോന്ന്യാസങ്ങൾ ഒന്ന് തോർന്ന് തീർന്നെങ്കിൽ എന്നൊന്നാശിച്ചുംകൂടി പോകുന്നു. പക്ഷേ ഫോൺ വിളിച്ച് പേടിപ്പിച്ചാൽ ചോർത്തുമെന്ന് പേടിച്ച് ഇനി ഈ അണ്ണന്മാർ ഏതെങ്കിലും ചോർത്തൽ പ്രൂഫ് മാർഗ്ഗങ്ങൾ അവലംബിക്കുമോ എന്നതാണ് അടുത്ത ആശങ്ക.

വെള്ള ഷർട്ടും വെള്ള മുണ്ടുമിട്ട് വെളുത്തിരിക്കുന്ന മന്ത്രിയെ വെള്ളപൂശാനോ കരിവാരിത്തേക്കാനോ അല്ലേ ഇതെഴുതിയത്. കണ്ടാ‍ലറയ്ക്കുന്ന മാലിന്യങ്ങളിൽ പോലും ഒരു മടിയുമില്ലാതെ ഇറങ്ങിച്ചെല്ലുന്ന ആളാണല്ലോ ഈ മന്ത്രി. പക്ഷേ ഇപ്പറഞ്ഞ ഡയലോഗുകൾ മാത്രമെടുത്താൽ അതിലെന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് ഈ കോലാഹലമൊന്നുമറിയാത്ത അപ്പുക്കുട്ടനോട് (കടപ്പാട് തരംഗങ്ങളിൽ പനച്ചി) ചോദിച്ചാൽ അപ്പുക്കുട്ടനും കൺ‌ഫ്യൂഷനാവില്ലേ എന്നൊരു ശങ്ക.

(കുഴപ്പം എന്റെയോ ഇവിടുത്തെ തണുപ്പിന്റെയോ രണ്ടുംകൂടിയോ ആവാനും എല്ലാവിധ സാധ്യതകളും ഉണ്ട് കേട്ടോ. രാവിലെ എഴുന്നേറ്റിട്ട് പല്ലും തേച്ചിട്ടില്ല)

Monday, January 09, 2006

അലക്സാണ്ടർ ദ ഗ്രേറ്റ്

സ്വാർത്ഥന്റെ പുതിയ കൂട്ടുകഥയിലെ നാരദേട്ടന്റെ കമന്റിൽ വാഷിംഗ് മെഷിനെപ്പറ്റി പറഞ്ഞിരിക്കുന്നതുകണ്ടപ്പോൾ അനിയച്ചാർ അവന്റെ ഒരു കൂട്ടുകാരനെപ്പറ്റി പറഞ്ഞതോർത്തു.

അവന്റെ ഒരു പ്രിയസുഹൃത്തിന്റെ ക്ലാസ്സ് കഴിഞ്ഞ് ഹോസ്റ്റലിൽ വന്നാലുള്ള ഏറ്റവും പ്രിയ വിനോദം തുണിയലക്ക്.

ആദ്യം ഒരു ഷർട്ടെടുത്ത് വെള്ളത്തിൽ മുക്കി, കോളറിൽ അഞ്ഞൂറ്റൊന്ന് തേച്ച് പിടിപ്പിച്ച് കുറച്ച് വെള്ളം തളിച്ച് ബ്രഷിട്ടുരച്ച്, പിന്നെ ഷർട്ട് മൊത്തമായി അഞ്ഞൂറ്റൊന്ന് തേച്ച് പിടിപ്പിച്ച്, മൊത്തത്തിലുരച്ച് വെള്ളത്തിൽ മുക്കി, ലൈറ്റിനു നേരേ പിടിച്ച് ഗഹനമായി ആലോചിച്ച്, ഷർട്ടിന്റെ കൈയുടെ തുമ്പത്ത് മറ്റാരും കാണാത്ത ആ ചെളിയിൽ ഒന്നുകൂടി അഞ്ഞൂറ്റൊന്ന് തേച്ച്......

അതുകഴിഞ്ഞ് അടുത്ത ഷർട്ടെടുത്ത്....

ഇങ്ങിനെ മണിക്കൂറുകളോളം സ്വയം മറന്ന് ആസ്വദിച്ച് തുണിയലക്കുന്ന അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാന്യകൂട്ടുകാർ ജോർജ്ജ് വാഷിംഗ്‌ടൺ എന്നു വിളിച്ചു.

വളരെ ന്യായമായ ഒരു വിളി..

ഒരു ദിവസം ആ പാവത്തിനെ പാമ്പ് കടിച്ചു. കടിച്ചവൻ ശംഖുവരയൻ. ആംഗലേയ നാമം ക്രെയ്റ്റ്.

മാന്യകൂട്ടുകാർ അദ്ദേഹത്തെ, തുണിയലക്കിലുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത താത്പര്യത്തെ തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവങ്ങളിലൊന്നായ പാമ്പുകടിയുമായി ബന്ധിപ്പിച്ച് ഇങ്ങിനെ വിളിച്ചു:

അലക്ക് സാണ്ടർ ദ ക്രേറ്റ്.

Thursday, January 05, 2006

ജിടെൻഷാ മോഡൽ CN420

തുളസി പറഞ്ഞതുപ്രകാരം.....

യമഹാ ഗോഗോഗോ


സപ്തനക്ഷത്രഹോണ്ടാ


ഹാർലി ഡേവിഡ്‌സൺ


ജിടെൻഷാ മോഡൽ CN420


ലാളിത്യവും പ്രൌഢിയും ഗാംഭീര്യവും തറവാടിത്തവും ഒത്തിണങ്ങിയത്......
.... സംശയിക്കേണ്ട... ജിടെൻഷാ മോഡൽ സീയെൻ 420ക്കു തന്നെ.

ഇന്നലെ ആപ്പീസിലേക്ക് ജിടെൻഷായുടെ പവർ ആക്സിലേറ്റർ പവറിൽ ചവുട്ടി പറപ്പിച്ചു പോവുകയായിരുന്നു. ഒരിറക്കം നൂറിൽ പറപ്പിക്കുമ്പോൾ വഴിയേ നടന്നുപോവുകയായിരുന്ന തീവ്ര വലതുപക്ഷവാദിയായ ഒരമ്മൂമ്മയ്ക്ക് പെട്ടെന്നൊരു ഇടതുപക്ഷചിന്താഗതി. വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തേക്കുള്ള പ്രയാണം മധ്യവർഗ്ഗത്തിൽക്കൂടിമാത്രമെന്ന തിരിച്ചറിവ് അമ്മൂമ്മയ്ക്ക് പെട്ടെന്നുണ്ടായില്ലാ എന്നു തോന്നുന്നു. മാത്രവുമല്ല പക്ഷം മാറുമ്പോൾ മുൻപിൻ നോക്കണമെന്ന സാമാന്യനിയമവും മറന്നു. അഡ്വാനി-വാജ്‌പോയിയമ്മാവന്മാരോട് ചൂടായി സീതാറാം യെച്ചിയൂരി-കാരാട്ട് ദമ്പതിമാരെ ചിരിച്ച് കാണിച്ച് ഹല്ലോ പറഞ്ഞ് അവരുടെയടുത്തേക്ക് മന്ദം മന്ദം നീങ്ങാൻ തുടങ്ങുന്നു, അമ്മൂമ്മ-മുൻ‌പിൻ നോക്കാതെ. ഞാനെന്റെ ഫെറാറി ജിടെൻഷായിലും. അമ്മൂമ്മ ഓരോ ഇഞ്ച് ഇടത്തേക്കു നീങ്ങുമ്പോഴും ജിടെൻഷ ഒരു മീറ്റർ മുൻ‌പോട്ട്. അമ്മൂമ്മ-ജിടെൻഷാ, അമ്മൂമ്മ-ജിടെൻഷാ... വടക്കൻ വീർഗാഥൈ-ലെ മമ്മൂട്ടി സ്റ്റൈലിൽ കുതിരപ്പുറത്തെന്ന പോലെ പോകുന്ന ഞാൻ കിലുക്കത്തിലെ ജഗതിസ്റ്റൈലാകുന്ന മനോഹരദൃശ്യം മനസ്സിൽ കണ്ടു. തൊട്ടു തൊട്ടില്ലാ, തൊട്ടൂ തൊട്ടില്ലാ എന്ന ലംബോ സ്റ്റൈലിലെത്തിയപ്പോഴേക്കും ജിടെൻഷായുടെ പവർ ബ്രേക്ക് ആഞ്ഞു ഞെക്കി. ങ്രും, ബ്രൂം, ബ്രേ, ക്രേ എന്നൊക്കെയുള്ള ഭയാനക ശബ്ദത്തിൽ (ഇതുവരെ ഓയിലിട്ടിട്ടില്ല) നാപ്പതുവീലൻ ലോറിഭീമൻ ബ്രേക്കിട്ടുനിർത്തുന്ന രീതിയിൽ അമ്മൂമ്മയുടെ തൊട്ടടുത്ത് വണ്ടി ഞെക്കി നിർത്തിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം നാനോമീറ്ററുകൾ മാത്രം...

പിന്നെല്ലാം പതിവുപോലെയായിരുന്നു. ഞാൻ കുനിഞ്ഞു, അമ്മൂമ്മയും കുനിഞ്ഞു. ഞാൻ നിവർന്നു, അമ്മൂമ്മയും നിവർന്നു. ഞാൻ ‘ഗൊമ്മന്നെസ്സ്യായി” (സോറീണ്ടൂട്ടോ) പറഞ്ഞു, അമ്മൂമ്മ “സുമിമസേൻ ഗൊമ്മന്നെസ്സ്യായീ” (എന്നോടു ക്ഷമിക്കൂല്ലേ, സോറീണ്ടൂട്ടോ) പറഞ്ഞു. ഞാൻ ഒന്നുകൂടി കുനിഞ്ഞു, അമ്മൂമ്മേം കുനിഞ്ഞു. ഞങ്ങൾ ഒന്നിച്ചു നിവർന്നു. അമ്മൂമ്മ പോയിവരൂ സഖാവേ ലാൽ‌സലാം പറഞ്ഞു.....

Monday, January 02, 2006

സാമ്പാറുവണ്ടി

പെരിങ്ങോടരുടെ സാമ്പാറുപുരാണമൊക്കെ വായിച്ചിട്ട് ഒരു ദിവസം ഞാനെന്റെ ജിടെൻഷാ* മോഡൽ CN 420* ഡ്രൈവ് ചെയ്ത് ഓഫീസിൽ പോവുകയായിരുന്നു. ഒരു ട്രാ‍ഫിക്ക് ലൈറ്റിൽ മഞ്ഞവെളിച്ചം ദൂരേന്നു കണ്ടപ്പോൾ അതു കടക്കാൻ വേണ്ടി ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടിയെങ്കിലും വരയുടെ തൊട്ടിപ്പുറത്തെത്തിയപ്പോഴേക്കും സംഗതി മാർക്സിസ്റ്റ് ആയിപ്പോയതുകാരണം പവർ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി (പാവം മഞ്ഞ വെളിച്ചം... അപായത്തിന്റെ മുൻസൂചനയാണിവനെങ്കിലും, പലരും ഇവനെ കാണുമ്പോൾ ആക്രാന്തം മൂത്ത് ആഞ്ഞു ചവിട്ടികയും വരയുടെ തൊട്ടിപ്പറത്തെത്തുമ്പോഴേക്കും സംഗതി ചുവപ്പായി മാറുകയും നിർത്തണോ വേണ്ടയോ നിർത്തണോ വേണ്ടയോ, നിർത്തണോ വേണ്ടയോ നിർത്തണൊവേണ്ടയോ എന്ന കഥാപ്രസംഗം സ്റ്റൈലിൽ ചവുട്ടി നിർത്തുകയോ ചവുട്ടിപ്പായുകയോ ചെയ്യുകയും തദ്വാര ഒരു അപകടഹേതുവാവുകയും ചെയ്യുന്നു.....വിരോധാഭ്യാസി. വിരോധാഭ്യാസി ആനയേയും വരയ്ക്കുമെന്നാണല്ലോ... പടം താഴത്തെ പോസ്റ്റിൽ).

പവർ സ്റ്റിയറിംഗിൽ കയ്യോടിച്ച് ചുറ്റുപാടും നോക്കിയിരിക്കുമ്പോൾ ഒരണ്ണൻ തന്റെ ശകടം എന്റെ അപ്പുറത്തെ ലെയ്‌നിൽ ചവുട്ടി നിർത്തി.

പതിവുള്ള ജാപ്പനീസ് നേർക്കാഴ്ച മര്യാദകളായ കുനിയൽ, പിന്നെയും കുനിയൽ, ചെരിയൽ, മറിയൽ, സൈറ്റടി ഇവയ്ക്കൊക്കെ ശേഷം ഞാൻ വെറുതെ അദ്ദ്യേത്തിന്റെ വണ്ടിയിൽ കണ്ണോടിച്ചു. മുൻ‌വശത്ത് വണ്ടിയുടെ മോഡൽ നാമം വെട്ടിത്തിളങ്ങുന്നു...

സാമ്പാർ




ചിരിയടക്കാൻ പറ്റിയില്ല. പൊട്ടിച്ചിരിച്ചു. എന്റെ വണ്ടി റിവേഴ്സ് എടുത്ത് അദ്ദ്യേത്തിന്റെ വണ്ടിയുടെ പുറകിൽ‌പോയി നോക്കി.

പിന്നെയും സാമ്പാർ


എന്റെ കോപ്രായങ്ങൾ കണ്ടിട്ട് ആ പാവം ജാപ്പനീസിൽ ഇങ്ങിനെ വിചാരിച്ചു...

“വട്ടൻ”

ചില വിചാരങ്ങൾ മനസ്സിലാക്കാൻ ഭാഷ ഒരു തടസ്സമേ അല്ലല്ലോ..

ഇപ്പോഴും സാമ്പാർ വണ്ടികൾ തലങ്ങും വിലങ്ങും ഇവിടേക്കൂടി ചീറീപ്പായുന്നു. എപ്പോൾ ഇവനെക്കണ്ടാലും എനിക്കു ചിരിയൂറും..
--------------------------------------------------------
*ജിടെൻഷാ: സൈക്കിളിന്റെ ജാപ്പനീസ്
CN Model: ചവുട്ടി നടുവൊടിയുന്ന മോഡൽ
420: ചാർ സൌ ബീസ് - ഓസിനുകിട്ടിയ ജിടെൻഷ ഓടിച്ച് എന്നെ പോലീസു പൊക്കി പോലീസ് സ്റ്റേഷനിലിട്ടു. ആ കദനകഥ പിന്നീട്. എപ്പോൾ അതിനെപ്പറ്റി ഓർത്താലും എന്റെ കണ്ണു നിറയും. പിന്നെ കീബോർഡൊന്നും കാണാനേ പറ്റുന്നില്ല....

സാമ്പാറു വണ്ടി കണ്ട അന്നു തൊട്ട് അവന്റെ ഒരു ഫോട്ടം പിടിക്കാൻ നടക്കുകയായിരുന്നു. മർഫിയമ്മാവൻ പറഞ്ഞതുപോലെ, ഒരു കാര്യം വേണമെന്നു തോന്നുന്ന സമയത്ത് ആ കാര്യം ചെയ്യാൻ പറ്റുകയില്ല എന്നതുപ്രകാരം സാമ്പാറുവണ്ടിയെ സൌകര്യത്തിനു കിട്ടുമ്പോൾ ഫോട്ടം മെഷീൻ കൈയ്യിൽ കാണുകയില്ല. ഫോട്ടം മെഷീനുള്ളപ്പോൾ സാമ്പാറുവണ്ടിയില്ല. ഇതു രണ്ടും ഒത്തുവന്ന ഒരു ദിവസം ഒരു മാന്യനോട് “സാഷിൻ ഓ ടൊട്ടേമോ ഈ ദെസ്‌കാ” (ഫോട്ടം പിടിച്ചോട്ടേ സഖാവേ) എന്ന് ഭവ്യതയോടെ ചോദിച്ചപ്പോൾ പേടിച്ചരണ്ട് വണ്ടിയിൽ ചാടിക്കയറിയ അദ്ദ്യം ഒരു ഫെറാറി പോകുന്നതിലും സ്പീഡിൽ ആ വണ്ടിയും പറപ്പിച്ചു പോയി. പക്ഷേ ഒരു ദിവസം സാമ്പാറു വണ്ടി സൌകര്യത്തിനു കിട്ടി. ഒരു കള്ളത്തരം ചെയ്യുന്ന എല്ലാവിധ ഭാവാദികളോടും കൂടി നാൽക്കവലയിൽ നാലാൾ കാൺകെ ചുറ്റുപാടും തലയോടിച്ച് പമ്മിപ്പമ്മി ഞാൻ ഫോട്ടം പിടിച്ചു. ലെവന്റെ മോന്ത ലാലേട്ടൻ സ്റ്റൈലിലാണെങ്കിലും സുന്ദരന്മാരായ സാമ്പാറുവണ്ടികൾ തെരുവിൽ ധാരാളം.

സംഗതിക്കൊരു അന്താരാഷ്ട്ര നിലവാരം വന്നോട്ടെ എന്നു വിചാരിച്ചാണ് നമ്പ്ര് പാത്രം ബ്ലർ ചെയ്തത്..... ഇനിയെങ്ങാനും ആരെങ്കിലും ആ നമ്പ്ര് കണ്ട് വല്ല വേലത്തരവും ആ പാവം സാമ്പാറുവണ്ടിക്കിട്ട് കാണിച്ചാലോ... പ്പഴത്തെക്കാലമല്ലേ...... ആൾക്കാർക്ക് വണ്ടിയെന്നോ മനുഷ്യനെന്നോ ഒന്നും ഒരു നോട്ടവുമില്ലല്ലോ.....