Wednesday, November 30, 2005

സെൻസേഷൻ

പതിവുപോലെ, വേറേ പണിയൊന്നുമില്ലാതെ നമ്മുടെ ഭാഷാപത്രങ്ങളുടെ വെബ്‌പേജുകളുടെ ഹിറ്റ് വർദ്ധിപ്പിക്കൽ പക്രിയയ്ക്കിടെ ദീപികയിലും ഒന്നെത്തിനോക്കി.

“ശക്തനെ വക്കം ഇറക്കിവിട്ടു”

ഓഹോ.....അത്രയ്ക്കു ശക്തനാണോ വക്കം...എന്നാലതൊന്നു വായിച്ചിട്ടു തന്നെ കാര്യം. ലിങ്കിൽ ക്ലിക്ക് ചെയ്ത് വായന തുടങ്ങി.

“തിരുവനന്തപുരം: മന്ത്രി വക്കം പുരുഷോത്തമൻ ഗതാഗതമന്ത്രി ശക്തനെ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ അവഹേളിച്ചു..........”

ഇറക്കിവിട്ടതെങ്ങിനെയെന്ന് വിശദമായി താഴെ വിവരിച്ചിട്ടുണ്ടായിരിക്കുമെന്ന് കരുതി വായന തുടർന്നു. അടുത്ത ഖണ്ഡിക തുടങ്ങി.

“.........കോർപ്പറേഷന്റെ നിർദ്ദേശവുമായി ധനമന്ത്രിയുടെ ഓഫീസിൽ മന്ത്രി ശക്തൻ നേരിട്ടെത്തിയപ്പോഴാണ് മന്ത്രി വക്കം പുരുഷോത്തമൻ അദ്ദേഹത്തെ അപമാനിച്ച് ഇറക്കിവിട്ടത്...”

എന്റെ നെഞ്ചിടിപ്പ് കൂടി. എങ്ങിനെയാണ് ഇറക്കിവിട്ടതെന്ന് ഇപ്പോൾത്തന്നെ വിവരിക്കും....

“.....പുതിയ ബസ്സുകൾ വാങ്ങാൻ ധനമന്ത്രാലയം തുക നൽകില്ലെന്നും അനാവശ്യമായി ചിലവാക്കാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും പറഞ്ഞുതുടങ്ങിയ മന്ത്രി വക്കം പിന്നീട് മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നുവത്രെ”

കുറച്ച് ഊഹങ്ങൾ തുടങ്ങിയില്ലേ എന്നൊരു സംശയം (.....ആയിരുന്നുവത്രെ പോലുള്ളവ). സാരമില്ല, ഇറക്കിവിട്ട രീതി ഇപ്പം വിവരിക്കുമായിരിക്കും.

“.........കട്ടപ്പുറത്തിരിക്കുന്ന ബസ്സുകൾ പണിചെയ്ത് ഓടിക്കുവാനും ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നിലവിലുള്ള ഡീസൽ കുടിശ്ശിക തീർക്കാനുമാണ് ധനമന്ത്രി ആവശ്യപ്പെട്ടത് “

ഇപ്പവരും....ഇപ്പവരും... ഇറക്കിവിട്ടതെങ്ങിനെയാണെന്ന് ഇപ്പവരും.....ഞാൻ വായന തുടർന്നു.

“................ഇതിനെ തുടർന്ന് മന്ത്രി ശക്തൻ ധനമന്ത്രിയുടെ ഓഫീസിൽനിന്നും ഇറങ്ങിപ്പോയി”

ആഹാ...............അങ്ങിനെയാണോ........... @%$&^%$$$# എന്നൊക്കെ പറഞ്ഞ് ധനമന്ത്രി ഗതാഗത മന്ത്രിയെ മുറിയിൽനിന്നും പുറത്താക്കിയ രീതിയും, ഗതാഗതമന്ത്രി, ഞാനൊരു ഗതാഗതമന്ത്രിയാണേ, ഗതാഗതം എന്നെ പഠിപ്പിക്കല്ലേ, ഗതാഗതിക്കേണ്ടതെങ്ങിനെയാണെന്ന് എനിക്കു നല്ലപോലെ അറിയാമേ എന്നൊക്കെ പറഞ്ഞ് സൂപ്പർ ഫാസ്റ്റിനേക്കാളും വേഗത്തിൽ നോൺസ്റ്റോപ്പായി ധനമന്ത്രിയുടെ മുറിയിൽനിന്നും ഗതാഗതം നടത്തിയതിന്റെയും വിവരണങ്ങൾ ആസ്വദിക്കാമെന്നു കരുതി വായന തുടങ്ങിയ ഞാൻ മണ്ടൻ.

ദീപികയ്ക്ക് എന്റെ വക ഒരു ഹിറ്റുകൂടി.

അടിക്കുറിപ്പുകൾ

1. വക്കത്തിലും വക്കാരിയിലും വായും കായുമുണ്ടെന്നുള്ളതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലേ....

2. ഈ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ധനകാര്യം ഗതാഗതത്തോടു പറഞ്ഞതിലും കുറച്ചു (ധന)കാര്യമില്ലേ......

.............വെറുതെ അങ്ങ് തോന്നി.

Friday, November 25, 2005

കുമാരസംഭവം.

ഗതകാലസ്മരണകൾ അയവിറക്കി വേറേ പണിയൊന്നുമില്ലാതെ ഇവിടിങ്ങിനെ ഇരിക്കുമ്പോൾ, ചില സമയമെങ്കിലും പ്രിയസുഹൃത്ത് കുമാരനെപ്പറ്റി ഓർക്കാതിരിക്കാൻ വയ്യ…

കുമാരൻ…….നേരത്തെ പറഞ്ഞതുപോലെ ക്ലാസ്സിൽ രണ്ടു കുമാഴ്സ് ഉണ്ടായതുകാരണവും, ഇനിഷ്യൽ “എൻ” ആയതുകാരണവും, കുമാരനെന്നു വിളിപ്പേരു വീണവൻ. സ്നേഹാധിക്യം കൊണ്ട് ചില പശുസ്നേഹികൾ അവനെ കൌമാരനെന്നും വിളിച്ചു.

ഇദ്ദേഹം അപരിചിതരെ പരിചയപ്പെടുന്നത് ഒരു പ്രത്യേക പാറ്റേണിലാണ്.

“പേരെന്താ………..?” (അപരിചിതൻ)

“ന്റെ പേര് കുമാറെന്നാ”

“വീട്……………….?”

“വീടങ്ങ്‌ട് തൃശ്ശൂരാ”

“ഓഹോ….തൃശ്ശൂരാണോ?............തൃശ്ശൂരെവിടെയാ?”

“പ്രോപ്പർ തൃശ്ശൂരല്ല്യാ………കുറച്ചങ്ങ്ട് മാറിയാ……”

“കുറച്ചു മാറിയെന്നു പറഞ്ഞാൽ………..??”

“ചാലക്കുടീന്നു പറയും”

“ഓ ചാലക്കുടീലാണോ…………ചാലക്കുടീലെവിടായിട്ടു വരും?”

“പ്രോപ്പർ ചാലക്കുടീല്ല്യാ………… കുറച്ചങ്ങ്‌ട് മാറിയാ……”

“കുറച്ചു മാറീന്നു പറഞ്ഞാൽ………..??”

“ആളൂർന്നു പറയും”

“ങാഹാ…….....എങ്കിൽ പിന്നെ അതങ്ങ്ട് ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ?……..ഞാനും ആളൂക്കാരനാ” (അപരിചിതൻ).

കുമാരൻ...............ആളൂരിന്റെ പ്രശസ്തിയൊന്നും തലക്കു പിടിക്കാത്ത ഒരു തൃശ്ശൂർക്കാരൻ. മധ്യതിരുവിതാംകൂർ മലയാളം മാത്രം കേട്ട്, അതാണ് ഉത്തമ മലയാളമെന്നൊക്കെ വിചാരിച്ച് അഹങ്കരിച്ചിരുന്ന എനിക്കൊക്കെ വളരെ രസകരമായിരുന്നു, അദ്ദേഹത്തിന്റെ തൃശ്ശൂർ ഭാഷ.

കോഴ്സിന്റെ ആപ്ലിക്കേഷൻ ഫോം വാങ്ങാൻ വന്നപ്പോൾത്തന്നെ കുമാരനെക്കണ്ട് സീനിയേഴ്സ് ചുറ്റും കൂടി.ഫിസിക്സ് ബിരുദധാരിയായ അദ്ദേഹത്തെ അസറ്റിക് ആസിഡ് ഉണ്ടാവുന്നതെങ്ങിനെയാണെന്നും, ഫ്യുരിഡാനിന്റെ അകത്തെ കെമിക്കൽ എന്താണെന്നും, പൊട്ടാസ്യം ക്ലോറൈഡിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്തിട്ട് അതുരണ്ടും കൂടി നൈട്രിക് ആസിഡിൽ ഒഴിച്ചിട്ട് ഇതെല്ലാം കൂടി സൾഫ്യൂരിക് ആസിഡിലോട്ടു കമത്തിയാൽ എന്തു സംഭവിക്കുമെന്നും മറ്റും ചോദിച്ച് വട്ടം കറക്കിയപ്പോൾ പുള്ളി ഒരു ഡിക്ലറേഷൻ നടത്തി.

“മൈ കെമിസ്ട്രി ഈസ് ഇൻ കോൾഡ് സ്റ്റോറേജ് “

അവരപ്പോഴേ അവനെ നോട്ടമിട്ടിരുന്നു. ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞുള്ള പതിവു ജൂനിയർ-സീനിയർ കലാപരിപാടിയുടെ സമയത്ത് കുമാരന്റെ കോൾഡ് സ്ടോറേജിന്റെ തണുപ്പൊക്കെ കം‌പ്ലീറ്റ് മാറ്റി അവർ അതിനെ ചൂടു ദോശയും ഹോട്ട് ആം‌പ്ലേറ്റും വിൽക്കുന്ന തട്ടുകടയാക്കി മാറ്റി. ഒരു പ്രേമഗാനം പാടാൻ പറഞ്ഞപ്പോൾ കുമാരൻ പാടി...

“രാമ രാമ രാമ രാമ രാമ രാമ പാഹിമാ
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാ ”

ഓർമ്മവെക്കുന്നതിനും വളരെ വളരെക്കൊല്ലങ്ങൾക്കുമുമ്പെങ്ങോ ഉത്തരേന്ത്യയുടെയും ബാംഗ്ലൂരിന്റെയുമൊക്കെ ഏഴയൽ‌വക്കത്തുകൂടിയെങ്ങോ പോയിട്ടുണ്ട് എന്നും അവകാശപ്പെട്ട് കുമാരൻ ഇടയ്ക്കിടെ ഹിന്ദിയിൽ ബോൽത്തും. പക്ഷേ, ഹിന്ദി ഡിപ്പർട്ട്മെന്റിന്റെ മുമ്പിലെത്തുമ്പോഴും, ഹിന്ദി എമ്മേക്കാരേ കാണുമ്പോഴും കുമാരൻ ശുദ്ധമായ തൃശ്ശൂർ ഭാഷയിൽ മാത്രമേ സംസാരിക്കൂ. ഒരു അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടിക്കിടെ ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഡൽഹി, യുപി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ‌വെച്ച് അദ്ദേഹത്തിന്റെ ഹിന്ദി എക്സ്പോസ്‌ഡ് ആയി എന്നൊരു അപവാദവും നിലനിൽ‌ക്കുന്നുണ്ട് (അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടി-ക്ലാസ്സിൽ പഠിച്ചതൊക്കെ നേരിൽ കണ്ടാസ്വദിക്കുന്നതിനുവേണ്ടി വ്യാവസായികനഗരങ്ങളിലെ വ്യവസായശാലകളൊക്കെ സന്ദർശിച്ച് വിജ്‌ഞാനം വർദ്ധിപ്പിക്കുന്ന പരിപാടി. സന്ദർശിച്ച വ്യവസായ ശാലകൾ: ഡൽഹി-താജ്‌മഹൾ, കുത്തബ്‌മിനാർ, ചുവപ്പുകോട്ട; ബോംബെ-ഇന്ത്യാ ഗേറ്റ്, ഖാഢ്‌ഹോപ്പറിലെ പൊട്ടിപ്പൊളിഞ്ഞ ഒരു തീയറ്ററിൽ സുനിൽ ഷെട്ടി സെന്റിയടിച്ചഭിനയിക്കുന്ന ഒരു അറുബോറൻ പടം; മദ്രാസ്-മെറീനാ ബീച്ച്, കുറെ പശുക്കൾ, കാള, പോത്ത്, പിന്നെ ഒരു സ്റ്റൈലൻ തമിഴ് പടവും).

അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടിക്കിടെ , വിജ്‌ഞാനവർദ്ധനപരിപാടികളിൽ നിന്നും, വിമുക്തി നേടുന്ന ഇടവേളകളൊന്നിൽ നടത്തിയ ഷോപ്പിംഗിനിടയിൽ, ഏതോ ഒരു സാധനത്തിന് കടക്കാരൻ ഒരു ഇരുപതു രൂപാ ലാഭം കിട്ടട്ടെ എന്നു വിചാരിച്ച് “പച്ചീസ്” എന്നു പറഞ്ഞപ്പോൾ, വളരെയധികം ആവേശത്തോടെ, നിങ്ങൾ എന്റെ ചുറ്റും നിൽക്കുന്നവന്മാർക്ക് ഹിന്ദി അറിയില്ലാ എന്നോർത്ത് പറ്റിക്കാമെന്നു വിചാരിക്കുന്നതുപോലെ എന്നെ പറ്റിക്കാമെന്നു വിചാരിക്കേണ്ടാ എന്ന സ്റ്റൈലിൽ “പച്ചാസ്” എന്ന് ഉറപ്പിച്ചു പറയുകയും, ഞെട്ടിത്തരിച്ച കടക്കാരൻ ഒന്നും മിണ്ടാതെ പച്ചാസിന് കച്ചവടം ഉറപ്പിക്കുകയും തദ്വാരാ കോരിത്തരിക്കുകയും ചെയ്തു എന്നുള്ളത് കുമാരനെപ്പറ്റിയുള്ള ഒരു കഥ.

യൂത്ത് ഹോസ്റ്റലിൽ കണക്കെടുത്ത വാർഡൻ “നാരായൺ കുട്ടി കിധർ ഗയാ” എന്നലറിയപ്പോൾ, നാരായണൻ കുട്ടി എങ്ങോ പോയി എന്നതിന്റെ കറക്ട് ഹിന്ദി ആ നിമിഷം കിട്ടാതെ വന്നതുകാരണം “നാരായൺ കുട്ടി കിധറോം ഗയാ” എന്നു പറഞ്ഞു എന്നുള്ളത് കുമാരനെപ്പറ്റിയുള്ള വേറൊരു കഥ.

(ഒരു ബ്ലോഗൻ വീരഗാഥയിൽ മമ്മൂട്ടി ചോദിച്ചതുപോലെ ഇനിയെന്തൊക്കെയാണ് വക്കാരീ നെറ്റിൽ ബ്ലോഗന്മാർ എന്നെക്കുറിച്ച് ബ്ലോഗി നടക്കുന്നതെന്ന് ഗദ്ഗദകണ്ഠനായി ചോദിച്ചാൽ ഇത്രയൊക്കെപ്പോരേ എന്നെങ്ങാനുമുള്ള എന്റെ മറുപടി കേട്ടാൽ അവനുണ്ടാകുന്ന വികാരം ഓർത്തും, ഈ കഥകളൊക്കെ അൺ‌വേരിഫൈഡ് ആയതുകാരണവും ഞാൻ ഊരുന്നു. കൌമാരോ, തൽക്കാലം ക്ഷമി).

പക്ഷേ, ഒരു ദിവസം, എന്റെ റൂമിൽ വന്ന്, “അരേ തുമ്‌ഹാരേ പാസ് എഞ്ചിനീയറിംഗ് മെക്കാനിക്സ് കാ കിതാബ് ഹെ ക്യാ” എന്നു ചോദിച്ചപ്പോൾ ഞാൻ “ഹാം ജി” എന്നു പറഞ്ഞ് പുസ്തകം കൊടുക്കുകയും, റൂമിനു വെളിയിലേക്കിറങ്ങേണ്ട നിമിഷം അവന്റെ പുറകു നോക്കി ആഞ്ഞൊരു തൊഴി കൊടുക്കുകയും ചെയ്തപ്പോൾ അവന്റെ വായിൽനിന്നും ആദ്യം വന്നത് ‘ഹെന്റമ്മോ” എന്നായിരുന്നു. അപകടം ഉടനടി മനസ്സില്ലാക്കിയ കുമാരൻ ഹം ആപ്‌കെ ഹെ കോൻ സിനിമയിൽ സൽമാൻ‌ഖാന്റെ ഏറു പുറകിനുകൊണ്ട മാധുരി ദീക്ഷിത് സ്റ്റൈലിൽ തിരിഞ്ഞുനിന്ന് പാടി.....

“ദീദീ തേരാ ജേവർ ദിവാനാ..................”

കോഴ്സ് കഴിഞ്ഞ് ജ്വാലികളൊക്കെ കിട്ടിയപ്പോഴും കുമാരൻ ഞങ്ങളുടെ കൂടെയുണ്ട്. വീട്ടിൽനിന്നും പോയിവരാമെന്നുള്ള സൌകര്യം കാരണം ഒരു അന്തേവാസിയുടെ റോൾ ഏറ്റെടുത്തില്ലെങ്കിലും ഫസ്റ്റ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ തലേദിവസം രാത്രിയിൽതന്നെ ഞങ്ങളുടെ ആശുപത്രി കൺ‌വേർട്ടഡ് വാടകവീട്ടിൽ അദ്ദേഹം ഹാജർ വെക്കുമായിരുന്നു. മൂന്നുകൊല്ലത്തെ എറണാകുളം വാസത്തിനിടെ ആളൂരിന്റെ ഭൂലോകപ്രശസ്തിയെപ്പറ്റിയുള്ള ഒരുമാതിരി ധാരണയൊക്കെ കിട്ടിയതുകാരണം സ്വല്പം വെയിറ്റൊക്കെ ഇട്ടായിരുന്നു ഇഷ്ടന്റെ നടപ്പ്. പക്ഷേ രാവിലെ ആറുമണിക്ക് കമ്പനിയിലെത്തിക്കുന്ന വണ്ടികളൊന്നും കുമാരന്റെ നാട്ടിൽ അപ്പോളുമില്ലായിരുന്നു.

എന്റെ ഇരുന്നുറ്റമ്പതു രൂപാ വിലയുള്ള ടൈറ്റാന്റെ ടൈംപീസിൽ ഒരു ദിവസം പണിത പണി കണ്ടപ്പോളാണ് കുമാരന്റെ എഞ്ചിനീയറിംഗ് വൈദഗ്‌ധ്യം ഞാൻ നല്ലവണ്ണം മനസ്സിലാക്കിയത്. അടുത്ത ദിവസം രാവിലത്തെ ഷിഫ്റ്റിൽ പോകാൻ വേണ്ടി തലേദിവസം രാത്രിതന്നെ അദ്ദേഹം വീട്ടിൽ ഹാജർ വെച്ചു. വീട്ടിൽ വേറേ ആരുമില്ല. രാവിലെ അഞ്ചുമണിയിലേക്കായി അലാം വെക്കണം. ടൈം‌പീസിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അലാം ഓണാക്കുന്ന സ്വിച്ചല്ലാതെ സമയം അഡ്ജസ്റ്റ് ചെയ്യുന്ന സൂചി പുള്ളിക്ക് കാണാൻ പറ്റിയില്ല. എന്തു ചെയ്യും? കുമാരന്റെ ഭാവന വിടർന്നു. വളരെ ശൃദ്ധാപൂർവ്വം അദ്ദേഹം ടൈം‌പീസിന്റെ മുൻപിലത്തെ ഗ്ലാസ്സ് ഇളക്കിമാറ്റി. എന്നിട്ട് കൈകൊണ്ട് സൂചി തിരിച്ച് അഞ്ചുമണിക്കുനേരേ വെച്ചു. പിന്നെ അതിലും ശൃദ്ധാപൂർവ്വം ആ ഗ്ലാസ്സ് പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിച്ചു.

ഒരു ഈമെയിൽ അയച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് ഫോൺ വിളിച്ചു് മെയിൽ കിട്ടിയായിരുന്നോ എന്നു ചോദിച്ചാൽ‌പോലും റിപ്ലൈ മെയിൽ അയക്കാത്തവനായതുകാരണം ഇന്റർനെറ്റ്, ബ്ലോഗുവായന തുടങ്ങിയ ദു:ശ്ശീലങ്ങൾ ടിയാനില്ലെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞാൻ ഈ കാച്ചൊക്കെ കാച്ചുന്നത്. കൌമാരാ..... നീ ഇതെങ്ങാനും വായിക്കാനിടയായാൽ...........

“ഞാനാരാണെന്ന് നിനക്കറിയാൻ‌മേലെങ്കിൽ നീ എന്നോടു ചോദിക്ക് ഞാൻ ആരാണെന്ന് ..................

................ഞാൻ പറയൂല്ല”

Monday, November 21, 2005

എനിക്കു വയ്യായേ

വിശാലമനസ്കന്റെ കൃതികൾ വായിച്ചു ചിരിച്ചു മണ്ണുകപ്പുമ്പോൾ പണ്ടൊരു ദിവസം സംഗീത തീയേറ്ററിൽ "അമ്മയാണേ സത്യം" കാണാൻ പോയതോർമ്മ വന്നു.

ഹോസ്റ്റൽ വാസത്തിനിടയ്ക്കാണു സംഭവം. ഹോസ്റ്റലിൽനിന്ന് എറണാകുളം വരെ പത്തുപന്ത്രണ്ട് കിലോമീറ്ററുണ്ട്. വൈകുന്നേരം വരെയുള്ള ക്ലാസ്സുകളും പിന്നീടുള്ള സൊറ പറച്ചിലും കുശുമ്പും കുന്നായ്മയും കുതികാൽ‌വെട്ടുമെല്ലാം കഴിഞ്ഞാൽ അത്താഴം കഴിഞ്ഞ് സെക്കൻഡ്‌ഷോയ്ക്കു പോകാനേ നേരം കാണൂ. സെക്കൻഡ്‌ഷോയുടെ വേറൊരു ഗുണമെന്താണെന്നു ചോദിച്ചാൽ പിറ്റേ ദിവസം ഫസ്റ്റ് അവർ മുതൽ ക്ലാസ്സിൽ കൂർക്കം വലിച്ചുറങ്ങാനുള്ള ഒരു പ്രചോദനംകൂടിയാണ് ഈ സെക്കൻഡ്‌ഷോ.

ഈ സെക്കൻഡ്‌ഷോ സിനിമാ കാണൽ ശരിക്കുമൊരു സംഭവം തന്നെയാണ്. ഏതെങ്കിലും ക്ലാസ്സുകാർ സിനിമയ്ക്കു പോകുന്നുണ്ടെങ്കിൽ വൈകുന്നേരംതന്നെ ഹോസ്റ്റലിൽ സംഭവം അറിയാം. അണ്ണോ, .............പീപ്പിയേ..........കുമാരോ (ഒരേ ക്ലാസ്സിൽതന്നെ രണ്ട് കുമാഴ്സ് ഉണ്ടായിരുന്നതുകാരണം തിരിച്ചറിയാനും സർവ്വോപരി പാരവെക്കുമ്പോൾ മാറിപ്പോകതിരിക്കാനും വേണ്ടി ഒന്നാമനെ അവന്റെ ഇനിഷ്യലായ പീപ്പിയെന്നും രണ്ടാമനെ അവന്റെ ഇനിഷ്യലും കൂടി കൂട്ടി കുമാരനെന്നും വിളിച്ചു) തുടങ്ങിയ വിളികളോടെയാണു തുടക്കം. ഗ്യാങ്ങെല്ലാം ഒത്തുകൂടിയാൽ പിന്നെ അടിയാണ്. ഏതുപടം കാണണം, ഏതുതീയേറ്ററിൽ പോകണം, എങ്ങിനെ പോകണം, എപ്പോൾ പോകണം തുടങ്ങി ഈ ഭൂമിമലയാളത്തിലുള്ള എല്ലാ കാര്യങ്ങൾക്കും അടിവെക്കും. അടിവെച്ചടിവെച്ച് അവശരാകുമ്പോഴേക്കും അത്താഴത്തിനുള്ള സമയമാകും. ഏത്തപ്പഴവും പോത്തിറച്ചിയും, ലഡ്ഡുവും ചമ്മന്തിയും, അവലോസുപൊടിയും അച്ചാറും, മോരുകറിയും ദോശയും പോലത്തെ അതിഭീകരമായ ഭക്ഷണകോമ്പിനേഷനുകൾ യാതൊരു ചമ്മലുമില്ലാതെ പരീക്ഷിക്കുന്ന മെസ്സ് ഹാളിൽനിന്ന് തിരക്കിട്ട് എന്തെങ്കിലും കഴിച്ചെന്നുവരുത്തി ഓട്ടമാണ് ജംങ്ക്ഷനിലേക്ക്. ഓട്ടോയിൽ ഒരു കിലോമീറ്റർ പോയാലേ മെയിൻസ്റ്റോപ്പിലെത്തൂ.

പരമാവധി മൂന്നുപേർക്കു കയറാവുന്ന ലാം‌പിയുടെ ശകടത്തിൽ ഏഴും എട്ടും പേരെ ആ ഡ്രൈവർമാർ കുത്തികയറ്റും, മുമ്പിലും പുറകിലുമെല്ലാമായി. ഡ്രൈവറുടെ ആസനത്തിന്റെ ആയിരൊത്തിലൊരംശം മാത്രമേ അദ്ദേഹത്തിന്റെ സീറ്റിൽ കാണുകയുള്ളൂ. ഒരു പ്രത്യേക ആംഗിളിൽ വളരെ കലാപരമായിട്ടാണ് പാവത്തിന്റെ ഇരിപ്പും നില്പുമല്ലാത്ത ആ പോസ്. ഇംഗ്ലീഷ് അക്ഷരമാലയിലെ V ഇടത്തോട്ടു ചെരിഞ്ഞുവീണതുപോലെ. രണ്ടു കൈകളും രണ്ടുകാൽപാദങ്ങളും ലംബമായി ഏതാണ്ട് ഒരേ സ്ഥാനത്ത്. ആസനം ഒരു രണ്ടുകിലോമീറ്ററപ്പുറത്ത്........ പാവം, കാശിനോടുള്ള ആർത്തി കാരണമാണ് പുള്ളി ഇങ്ങിനെയൊക്കെ ചെയ്യുന്നതെങ്കിലും, ആ സമയത്ത് ഞങ്ങൾക്ക് ആ ആർത്തി വളരെയധികം ആവശ്യമാണ്. കാരണം, പടം ഒമ്പതുമണിക്ക് തുടങ്ങും. ഇപ്പോൾതന്നെ മണി എട്ടരയായി.

കച്ചേരിപ്പടിയിൽ ബസ്സിറങ്ങി സരിത, സവിത, സംഗീത കോം‌പ്ലക്സ് ലക്ഷ്യമാക്കിയുള്ള കൂട്ടയോട്ടമാണ് പിന്നത്തെ പരിപാടി. ഗേറ്റും മതിലുമെല്ലാം ചാടിക്കടന്ന് ടിക്കറ്റെടുത്ത് തീയേറ്ററിന്റെ അകത്ത് കയറിപ്പറ്റിയാലേ ഈ കലാ‍പരിപാടിയുടെ ഒന്നാം പാദം അവസാനിക്കൂ. ഇതിനിടയ്ക്ക് ചിലസമയം ഏഴുപേർ പോയതിൽ ആറുപേർക്കേ ടിക്കറ്റ് കിട്ടുകയുള്ളൂ. ഒരുത്തനു വേറൊരുത്തന്റെ മേൽ മേൽക്കൈ നേടാനും കഴിഞ്ഞതവണ മേൽക്കൈ നേടിയവനിട്ട് പാരവെക്കാനുമൊക്കെയുള്ള സന്ദർഭമാണത്. ഒരുത്തൻ ഔട്ടാകുമെന്ന് ഏകദേശം ഉറപ്പായാൽ അവനൊരു ത്യാഗിക്കളിയൊക്കെ കളിക്കും. “ഓ, ഞാൻ ഇന്നു കാണുന്നില്ല...നീ കേറിക്കോ” എന്നൊക്കെ വളരെ വികാരനിർഭരമായി പറയും (ഇങ്ങനെ ത്യാഗിക്കാൻവേണ്ടിയല്ലേ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരെ വന്നത്!-അടുത്ത പ്രാവശ്യത്തേക്കുള്ള സ്റ്റോക്ക് ഇപ്പോഴേ ഉണ്ടാക്കിവെക്കുകയാണ്. അടുത്ത അടിക്ക് ഇന്നത്തെ ത്യാഗമായിരിക്കും മുഖ്യ വിഷയം). വേറേ ചിലരെ ആ സമയം ആലുവാ മണൽ‌പ്പുറത്തുവെച്ചു കണ്ട പരിചയം പോലുമില്ലായിരിക്കും. വാതിൽക്കൽ നിന്നുകൊണ്ടു വിളിച്ചുകൂവും, “ഡേയ്, പടം തുടങ്ങാറായടേ, വേഗം വാടേ”. ...അതിനർത്ഥം, അവനന്ന് ത്യാഗം സഹിക്കാൻ തീരെ മനസ്സില്ലാ.....

ഈ സെക്കൻഡ്‌ഷോ കലാപരിപാടിയുടെ ഏറ്റവും രസകരമായ ഭാഗം, ഷോ കഴിഞ്ഞ് തിരിച്ചുള്ള പോക്കാണ്. രാത്രി പന്ത്രണ്ടുമണിക്കുള്ള സീയെമ്മെസ് ബസ്സാണ് തിരിച്ച് ആലുവാ ഭാഗത്തേക്കുള്ള ഏക ബസ്സ്. പക്ഷേ ഈ സീയെമ്മെസ് ബസ്സ് കിട്ടുന്നവർ മഹാഭാഗ്യവാന്മാരാണ്. മിക്കവാറും സിനിമാ കഴിയുമ്പോൾ കറക്ട് പന്ത്രണ്ടായിരിക്കും. ഓടിച്ചാടി കച്ചേരിപ്പടിയിൽ എത്തുമ്പോഴേക്കും ബസ്സിന്റെ പുറകിലത്തെ ലൈറ്റിന്റെ വെളിച്ചം മാത്രമാണ് പലപ്പോഴും കാണാൻ കഴിയുക (ബസ്സു കിടന്നിടത്ത് ഓയിലുപോലുമില്ല എന്ന പുതുംചൊല്ല്ലോർമ്മ വരുന്നു). ഇനി അഥവാ കറക്ട് സമയത്തിനു സ്റ്റോപ്പിൽ എത്തിയാൽത്തന്നെ അന്നു സീയെമ്മസ് ബസ്സ് കാണുകയില്ല. എല്ലാ സംഗതികളും ഒത്തുവന്നാൽ അന്ന് ബസ്സൊട്ടു നിർത്തുകയുമില്ല.

നാട്ടിൽ ഏതൊക്കെത്തരം വണ്ടികളുണ്ടെന്നതിനെപ്പറ്റി ശരിക്കൊരു അവബോധം ഉണ്ടാവുന്ന സമയമാണ് ഇനി വരാൻ പോകുന്നത് . ചാണകം കയറ്റുന്ന ലോറി, മീൻ‌വണ്ടി, പാൽ‌വണ്ടി, പാണ്ടിലോറി, കോഴിവണ്ടി, 407, 1210 എസ്സീ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ള വണ്ടികളിൽ കയറിയാണ് പിന്നീടുള്ള മടക്കയാത്ര. ചില മാന്യന്മാർ ആദ്യം കുറെ നേരമൊക്കെ മസ്സിലുപിടിച്ച് നിൽക്കും. “ഈ വണ്ടികളിലൊക്കെ യാരടേ കേറുന്നത്...ഞാൻ ബസ്സിനേ ഉള്ളൂ”. ഒരു മണിക്കൂർ നിന്നി കാലുകഴച്ചുകഴിയുമ്പോൾ പതുക്കെ മസ്സിലൊക്കെ അയയും. “ഒരു ചാണകവണ്ടിയെങ്കിലും വന്നാൽ മതിയായിരുന്നു”.

അത്യപൂർവ്വ സൗഭാഗ്യം ലഭിക്കുന്ന ചില മഹാഭാഗ്യവാന്മാരും അക്കൂട്ടത്തിൽ കാണും. അവർക്കുള്ളതാണ് വിശാലമനസ്കൻ തന്റെ മാസ്റ്റർപീസ് കൃതികളിൽ ഒന്നായ “പാപി”യിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കൊണ്ടുപോകാനുള്ള വണ്ടി. കൂട്ടത്തിലുള്ള ധൈര്യശാലികളുടെ എണ്ണം അറിയാനുള്ള ഒരെളുപ്പവഴിയാണ് ആ സമയം. വണ്ടി ദൂരെനിന്നു കാണുമ്പോൾത്തന്നെ നിന്നു കാലുകഴച്ചവനും മനസ്സിൽ പറയും, “ഇതു മാത്രം നിർത്തല്ലേ”. നിർത്താത്ത ചാണകവണ്ടിയെവരെ ചീത്ത പറഞ്ഞവന്മാരാണ്. നല്ല കറുത്തിരുണ്ട് പല്ലുമാത്രം വെളുത്തിരിക്കുന്ന ഡ്രൈവർ വണ്ടി ചവുട്ടി നിർത്തി വെളുക്കെ ചിരിച്ചുകൊണ്ട് വിളിച്ചു പറയും, “ആലുവാ, ....................ആലുവാ”. ആളുവാ എന്നും വണ്ടി ആലുവായ്ക്കാണു പോകുന്നതെന്നും, രണ്ടുരീതിയിലും എടുക്കാം.

ഒരു രണ്ടു മിനിറ്റു നേരത്തേക്ക് പിന്നെ നിശ്ശബ്ദതയായിരിക്കും. ചിലർ മാനത്തെ ചന്ദ്രനെ നോക്കും, വേറെ ചിലർ ആകാശത്തെ നക്ഷത്രങ്ങളെ എണ്ണും, ചിലർ കാലുകൊണ്ടു ചേന വരയ്ക്കും. അപ്പോൾ ഡ്രൈവർ പിന്നെയും വിളിക്കും, “ആലുവാ...............ആലുവാ.....” പ്രലോഭിപ്പിക്കുന്ന വിളിയാണത്. കാലാണെങ്കിൽ കഴച്ചു, ഉറക്കം കൺകളിൽ ഊഞ്ഞാലാടുന്നു. ഏതു ഭീരുവിനും കുറച്ചൊക്കെ ധൈര്യം തോന്നുന്ന സമയം. അങ്ങിനത്തെ രണ്ടു ധൈര്യശാലികൾ ആദ്യം ഓടും. പുറകിൽ കയറുകയില്ല....മുമ്പിൽ, ഡ്രൈവറുടെ അടുത്ത്, ഇങ്ങനെ ഒതുങ്ങിക്കൂടി......പിന്നത്തെ ഹതഭാഗ്യന്മാർക്കുള്ളതാണ് ആംബുലൻസിന്റെ സാക്ഷാൽ പുറകുവശം.

അങ്ങിനെ ഞങ്ങൾ ഒരു ദിവസം “അമ്മയാണേ സത്യം” കാണാൻ സംഗീത തീയേറ്ററിൽ പോയി. പതിവുപോലെ, ഷോ തുടങ്ങുന്നതിനു രണ്ടുമിനിറ്റു മുമ്പുമാത്രം എത്തിപ്പെട്ടതിനാൽ ബാൽക്കണിയൊക്കെ ഫുള്ളായി. കമ്മ്യൂണിസവും മാർക്സിസവും സോഷ്യലിസവും സമന്വയിപ്പിച്ച ഒരു മഹാപ്രസ്ഥാനമാണല്ലോ, കേരളത്തിലെ സിനിമാ തീയേറ്ററുകൾ. കാശു കൂടുതൽ കൊടുക്കുന്നവൻ കാശുകുറച്ചു കൊടുക്കുന്നവന്റെ പിന്നിൽ മാത്രം ഇരിക്കുന്ന സ്ഥലം. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സ്; ബൂർഷ്വകൾക്ക് വെറും ബാൽക്കണി മാത്രം. എറണാകുളത്തെന്തോ, കാശുള്ളവരാണ് കൂടുതലെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ്സിന് സീറ്റുകൾ വെറും പത്തോ പന്ത്രണ്ടോ മാത്രം. പക്ഷേ, നായകനെയും, നായികയെയും ഏറ്റവും അടുത്തും ആദ്യവും കാണാനുള്ള പ്രിവിലെജ് ഫസ്റ്റ് ക്ലാസ്സുകാർക്ക് മാത്രം. വേണമെങ്കിലൊന്നു തൊട്ടുനോക്കുകയുമാവാം.

ഞങ്ങൾ ഫസ്റ്റ് ക്ലാസ്സിൽ കയറി. തല തൊണ്ണൂറു ഡിഗ്രി മുകളിലോട്ടാക്കി കണ്ണ് ഒരു പ്രത്യേക ആംഗിളിൽ പിടിച്ചാൽ മാത്രമേ സിനിമ കാണാൻ പറ്റൂ. ഏറ്റവും മുന്നിലല്ലേ ഇരിപ്പ്. സിനിമ തുടങ്ങി ഒരഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മാന്യൻ ഓടിക്കിതച്ചു വന്നു, ബാഗും, കുടയും വേറേ കുറെ സഞ്ചികളുമായി. മൂലയ്ക്കത്തെ ബാക്കിയുള്ള ഒരു സീറ്റിൽ തന്റെ അനുസരണികളെല്ലാം വളരെ ചിട്ടവട്ടത്തോടെ അടുക്കിവെച്ചിട്ട് വിശാലമായി ചാരി ഇരുന്ന് അദ്ദേഹം സിനിമ കാണാൻ തുടങ്ങി. ഒരു പത്തുമിനിറ്റ് സിനിമ ആസ്വദിച്ചതിനു ശേഷം സ്വല്പം ശങ്കയോടെ വിരലും കടിച്ചു് അദ്ദേഹം ചോദിച്ചു:

“അയ്യോ...ഇത് ചെങ്കോലല്ലേ........?”

പാവം ചെങ്കോലാണെന്നു വിചാരിച്ച് ലാലേട്ടനിപ്പവരും ഇപ്പവരും എന്നും പ്രതീക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു. വന്നതോ, മുകേഷും, ആനിയും, ജഗതിയും, ബാലചന്ദ്രമേൻ‌നും. അങ്ങിനെ സകല പ്രതീക്ഷകളും നശിച്ച് നഷ്‌ടപ്പെടുവാനൊന്നുമില്ല എന്ന മട്ടിൽ പാവം സിനിമ കാണൽ തുടർന്നു.

ഞങ്ങളുടെ സകല പ്രതീക്ഷകളേയും കടത്തി വെട്ടിയ കോമഡി സീനുകളായിരുന്നു ആ സിനിമയിൽ. മുകേഷിന്റെയും, ജഗതിയുടെയും, മാമുക്കോയയുടെയും, ബാലചന്ദ്രമേനോന്റെയും (“ചോദിക്കേണ്ട കാര്യങ്ങൾ ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് ചോദിക്കേണ്ടവരോടു ചോദിച്ചാൽ??? “ “............ ചാണകവും കിട്ടും സാർ”) പ്രകടനങ്ങളൊക്കെ കണ്ട് തീയേറ്റർ മുഴുവൻ ആർത്തു ചിരിച്ചു. ചിരിച്ചു മണ്ണുകപ്പി കണ്ണിൽക്കൂടി വെള്ളവും വന്ന് ശ്വാസം പോലും വിടാൻ വയ്യാതെ വായും പൊളിച്ചിരിക്കുമ്പോഴാണ് മൂലക്കുനിന്ന് ഒരു നിലവിളി......

“എനിക്കു വയ്യായേ.....................”

നമ്മുടെ തീയറ്റർ മാറിക്കയറിയ ദേഹമാണ്. ആശകളൊക്കെ നശിച്ച് സിനിമ കാണാനിരുന്ന അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ആ സിനിമയിലെ കോമഡി സീനുകൾ.. ഞങ്ങളെപ്പോലെ തന്നെ ചിരിച്ചു ചിരിച്ച് വശംകെട്ട അദ്ദേഹം അവസാനം ചിരി സഹിക്കാൻ വയ്യാതെ വിളിച്ചുകൂവിയതാണ് “എനിക്കു വയ്യായേ” എന്ന്.

അദ്ദേഹത്തിന്റെ “എനിക്കു വയ്യായേ” വിളി പെട്ടെന്നു തന്നെ തീയറ്റർ മുഴുവൻ ഫേമസായി. അവസാനം കോമഡി സീനുകൾ വരുമ്പോൾ ആൾക്കാർ ഒന്നു വെയിറ്റു ചെയ്യും. പുള്ളിയുടെ പൊട്ടിച്ചിരിയും എനിക്കു വയ്യായേ വിളിയും കഴിയുമ്പോഴാണ് തീയേറ്റർ മുഴുവൻ കൂട്ടച്ചിരി ഉയരുന്നത്‌.

വിശാലമനസ്കന്റെ കൃതികൾ ഓരോന്നും വായിച്ചുകഴിയുമ്പോൾ ഞാനും പൊട്ടിച്ചിരിക്കു ശേഷം വിളിച്ചുകൂവും..........

“................എനിക്കു വയ്യായേ”

ഡീപ്പീയീപ്പീ

ഒരു ദിവസം വൈകുന്നേരം തമ്പാനൂർ റെയിൽ‌വേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്‌പ്രസ്സിൽ ഇരിക്കുകയായിരുന്നു. വഞ്ചിനാടിൽ കയറൽ കലാപരിപാടിയിൽ വിജയശ്രീലാളിതനായതു കാരണം ഇരിക്കാൻ ഒരു സീറ്റ് കിട്ടി. മൂന്നുനാലുമണിക്കൂർ കഴിഞ്ഞാലേ വീട്ടിലെത്തൂ.

ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഓർത്തിങ്ങിനെ ഇരിക്കുമ്പോൾ ഇതാ വരുന്നൂ കുറെ യുവതീയുവാക്കൾ. ലഖുലേഖ വിതരണമാണ്, ഡീപ്പീയീപ്പിക്കെതിരെ (അതിപ്പോഴുമുണ്ടോ ആവോ).

അവർ വളരെ ആത്മാർത്ഥമായി ലഖുലേലകൾ വിതരണം ചെയ്യുകയും ഡീപ്പീയീപ്പീയുടെ ദോഷവശങ്ങളെക്കുറിച്ച് ആൾക്കാരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഈ ഡീപ്പീയീപ്പീ നമ്മുടെ കൊച്ചുകേരളത്തിൽ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കും. കാശുള്ള വീട്ടിലെ പിള്ളേർ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകുമ്പോൾ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പട്ടിണിപ്പാവങ്ങൾ തേങ്ങ മാവിലാണോ കായ്ക്കുന്നത്, വേണമെങ്കിൽ ചക്ക വേരേലും കായ്ക്കുമോ, കാക്കേ കാക്കേ കൂടെവിടെ എന്നൊക്കെ തപ്പി പാടത്തും പാടശേഖരങ്ങളിലും വയലേലകളിലും കൂടി കറങ്ങിയടിച്ച് ക്ലാസ്സിലും കയറാതെ തെക്കുവടക്കു നടക്കുകയേ ഉള്ളൂ എന്നൊക്കെ അവർ വെച്ചുകാച്ചുന്നുണ്ട്. അതുകൊണ്ട് എന്തു വിലകൊടുത്തും ഡീപ്പീയീപ്പീയെ നാട്ടിൽനിന്നും കെട്ടുകെട്ടിച്ച് അറബിക്കടലിൽ കൊണ്ടുപോയി താഴ്‌ത്തണം എന്നുള്ളതാണ് അവരുടെ വിനീതമായ അഭ്യർഥന.

ലഖുലേഖവിതരണം ഞാനിരിക്കുന്ന സീറ്റുകളുടെ അടുത്തെത്തി. എനിക്കഭിമുഖമായിരിക്കുന്ന കണ്ണടവെച്ച മാന്യന്റെ മടിയിൽ ലഖുലേഖ ഇടാൻ തുടങ്ങിയതേ ഉള്ളൂ, അദ്ദേഹം പൊട്ടിത്തെറിച്ചു…

“എനിക്കു വേണ്ട നിങ്ങളുടെ ഈ പേപ്പറു കഷണം. എന്തു പുതിയ പരിപാടി വന്നാലും അതെന്താണെന്നുപോലും അറിയുന്നതിനുമുമ്പ് അതിനെ കണ്ണടച്ച് എതിർക്കുക എന്ന ഈ പരിപാടിയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം” അദ്ദേഹം രോഷം കൊള്ളുകയാണ്.

ഡീപ്പീയീപ്പീയെപ്പറ്റിയൊക്കെ കൂലംകക്ഷമായി പഠിച്ച ഒരാൾ. നാടിന്റെ അധോഗതിയിൽ ഉത്കണ്ഠാകുലനായ കണ്ണടവെച്ച മാന്യൻ. എനിക്കദ്ദേഹത്തിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. നോട്ടീസു വിതരണം ചെയ്ത യുവരക്തങൾ അദ്ദേഹത്തെ “ലെവനൊക്കെ യെവിടുന്നു വരുന്നടേ” എന്ന മട്ടിൽ ഒന്നുഴിഞ്ഞുനോക്കിയിട്ട് തങ്ങളുടെ കലാപരിപാടികൾ തുടർന്നു.

ആ മാന്യന്റെ തൊട്ടപ്പുറത്തിരുന്ന ദേഹം ആ നോട്ടീസ് വളരെ ശ്രദ്ധാപൂർവ്വം വായിക്കുന്നതുകണ്ടു. വളരെനാളുകൾക്കുശേഷം കേരളനാട്ടിലെത്തിയ ഒരു പ്രവാസിയാണെന്നു കണ്ടാലേ തോന്നും.

വിശദമായ നോട്ടീസ് വായനയൊക്കെ കഴിഞ്ഞ് നമ്മുടെ പ്രവാസി തലയുയർത്തി നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ടാലേ അറിയാം, അദ്ദേഹത്തിന് ഡീപ്പീയീപ്പീയെപ്പറ്റി ഇനിയും എന്തൊക്കെയോ അറിയണമെന്നുണ്ടെന്ന്. ചോദിക്കാൻ പറ്റിയ ആൾ തന്നെ തൊട്ടടുത്തിരിപ്പുണ്ടല്ലോ. രോഷം കൊണ്ട മാന്യന്റെ രോഷം അപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തു പരിപാടി വന്നാലും എന്താണെന്നുപോലും അറിയുന്നതിനുമുൻപേ അതിനെ കണ്ണടച്ച് എതിർക്കുന്ന പരിപാടിയെ അദ്ദേഹം പിന്നെയും പിന്നെയും ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

“അല്ലാ….ഈ ഡീപ്പീയീപ്പീയെന്നു പറഞ്ഞാൽ ശരിക്കും സംഗതിയെന്താ?” പ്രവാസി ദേഹം രോഷംകൊണ്ട മാന്യനോടു നിഷ്കളങ്കമായി ചോദിച്ചു.

“അതെനിക്കറിയാൻ മേല…..പക്ഷേ, എന്തിനേയും എന്താണെന്നുപോലും അറിയുന്നതിനുമുൻപ് കണ്ണടച്ചെതിർക്കുന്ന ഈ പരിപാടി എന്തായാലും ശരിയല്ല” അദ്ദേഹം ജ്വലിച്ചു.

ആ പാവം യുവരക്തങ്ങൾ കൊടുത്ത നോട്ടീസ്സിൽ എന്താണെഴുതിയിരിക്കുന്നതെന്ന് നോക്കുകപോലും ചെയ്യാതെ കണ്ണടച്ചെതിർത്തുകൊണ്ടാണ് അദ്ദേഹം ജ്വലിച്ചത്……..

Sunday, November 20, 2005

ഉൽ‌പ്രേക്ഷ

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയോ ഇത്
എന്നു വർണ്ണ്യത്തിലാശങ്ക ഉല്‍‌പ്രേക്ഷാഖ്യയല്ലംകൃതി“
എന്നാണല്ലോ ഉൽ‌പ്രേക്ഷയുടെ ലക്ഷണം.

ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചെങ്ങന്നൂരുകാരനുണ്ടായിരുന്നു. “അല്ലയോ” എന്നതിന് അദ്ദേഹം “അല്ലിയോ” എന്നേ പറയൂ (എല്ലാ ചെങ്ങന്നൂരുകാരും അങ്ങിനെയാണോ?). ഞങ്ങൾ അവന്റെ അല്ലിയോയെ ഇടക്കിടെ കളിയാക്കുമായിരുന്നു.

ഒരു ദിവസം ഞങ്ങളിങ്ങിനെ കേരളത്തിന്റെ പല ഭാഗത്തെ സംസാരരീതികളെയും ഈ പല ഭാഗക്കാരും മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളേയും പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു (ഞങ്ങളൊക്കെ അടിപൊളിയായിരുന്നു എന്നു വിചാരിക്കാൻ വരട്ടെ; സാധാരണ സംഭാഷണ വിഷയങ്ങൾ മോഹൻലാൽ, മമ്മൂട്ടി, കവിത തീയറ്റർ, ഹോസ്റ്റൽ, തക്കിട, തരികിട ഇവയൊക്കെയാണ്. അന്നെന്തോ, അങ്ങിനെ സംഭവിച്ചുപോയി എന്നു മാത്രം). ഞാൻ മധ്യതിരുവിതാംകൂറുകാരുടെ മലയാളമാണ് ബെസ്റ്റ് മലയാളം, പറയേണ്ട രീതിയിൽത്തന്നെയാണ് അവരൊക്കെ മലയാളം പറയുന്നത് എന്നു പറഞ്ഞുതീർന്നില്ല, എല്ലാവരും കൂടി “തൊണ്ട് “, “മേല് “, “ദേണ്ടേ” എന്നൊക്കെ വിളിച്ചുകൂവാൻ തുടങ്ങി (ഇടവഴിക്ക് തൊണ്ട്, മേലു കഴുകുക, ദേണ്ടെ പോയി, ആണ്ടെ കിടക്കുന്നു എന്നൊക്കെ ഇക്കൂട്ടർ പതിവായി പറയുന്നതാണല്ലോ). മൗനം വിദ്വാനു ഭൂഷണം (ഈ മൗനമെന്നു ശരിക്ക് വരമൊഴിയിൽ എഴുതുന്നതെങ്ങിനെയാ?)

ചെങ്ങന്നൂരുകാരൻ ഉൽ‌പ്രേക്ഷ വർണ്ണിച്ചു.

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലിയോ ഇത്
എന്നുവർണ്ണ്യത്തിലാശങ്ക ഉൽ‌പ്രേക്ഷാഖ്യയലംകൃതി”

ചെങ്ങന്നൂർ സ്റ്റെലിൽ “അതുതാനല്ലയോ” എന്നതിനു പകരം “അതുതാനല്ലിയോ” എന്നു പറഞ്ഞിട്ട് പുള്ളി പ്രഖ്യാപിച്ചു.

“കണ്ടോടാ........ഉൽ‌പ്രേക്ഷ കണ്ടുപിടിച്ചത് ഒരു ചെങ്ങന്നൂരുകാരനാ.......അതുകൊണ്ടല്ലിയോ അല്ലയോ എന്നതിനു പകരം അല്ലിയോ എന്ന് വളരെ കൃത്യമായി ഉൽ‌പ്രേക്ഷയിൽ പറഞ്ഞിരിക്കുന്നത്?”.

ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു.

Friday, November 18, 2005

കളിപ്പേരുകള്‍ അഥവാ കളിയാക്കിപ്പേരുകള്‍

‍പണ്ട്‌ ഹോസ്റ്റല്‍ വാസം തുടങ്ങിയ സമയം. ആള്‍ക്കാരെ ഒക്കെ പരിചയപ്പെട്ടു വരുന്നതേ ഉള്ളൂ. ഒരു ദിവസം മെസ്സ്‌ ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുത്തന്‍ വേറൊരുത്തനെ വിളിക്കുന്നു...

"ചാക്കോ".....

നല്ല നാടന്‍ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെ പരിചയപ്പെട്ടു വന്ന കൂട്ടത്തില്‍ നമ്മുടെ ചാക്കോയേയും പരിചയപ്പെട്ടു. "ഹല്ലോ ചാക്കോ" എന്നങ്ങോട്ടു കയറി പറയുന്നതിനുമുമ്പ്‌ അദ്ദേഹം ഇങ്ങോട്ടു കയറി പരിചയപ്പെട്ടു.

"ഞാന്‍ സജീവ്‌ "

പ്രശ്നമായല്ലോ......ഇദ്ദേഹത്തിനെയല്ലേ ഇന്നാളൊരിക്കല്‍ ചാക്കോ എന്നാരോ വിളിച്ചത്. സജീവിനെക്കയറി ചാക്കോ എന്നു വിളിക്കാൻ എന്തായിരിക്കും കാരണം? ഓ...വീട്ടിൽ വിളിക്കുന്ന പേരായിരിക്കും. അവർ ക്ലോസ് ഫ്രണ്ട്സ് ആയിരുന്നിരിക്കും.

കുറെ നാൾ കഴിഞ്ഞപ്പോൾ മനസ്സിലായി, ഈ സജീവ് ഹിന്ദു ആണെന്ന്. ഹിന്ദുവായ സജീവിനെ നല്ല നാടൻ കൃസ്ത്യാനിപ്പേരായ ചാക്കോ എന്നു വീട്ടിൽ വിളിക്കുകയോ? മൊത്തത്തിൽ കൺഫൂഷൻ ആയല്ലോ. അവസാനം, ഒരു ദിവസം ഈ സജീവ് അഥവാ ചാക്കോയുടെ ഒരു സുഹൃത്തിനോടു തന്നെ കാര്യം ചോദിച്ചു.

“ചേട്ടാ, എന്താണ് നമ്മുടെ സജീവിനെ എല്ലാവരും ചാക്കോ എന്നു വിളിക്കാൻ കാരണം?”

അതൊരു വലിയ കഥ ആയിരുന്നു.

നമ്മുടെ കഥാനായകൻ സജീവ് ലേശം കറുത്തിട്ടായിരുന്നു. അദ്ദേഹത്തിന്റെ കറുപ്പിൽ ഏഴഴക് കണ്ട്, കെമിസ്‌‌ട്രിയിലുള്ള ഏതോ ഒരു കവിഹൃദയൻ അദ്ദേഹത്തെ "charcoal" (അർഥം, കരി) എന്നു വിളിച്ചു. ഈ charcoal ലോപിച്ചു ലോപിച്ചാണ് അവസാനം ചാക്കോ ആയി മാറിയത് !!!

ഇങ്ങനെ ഓരോ കളിയാക്കിപ്പേരുകളും എടുത്തു നോക്കിക്കോ. രസകരമായ ചരിത്രങ്ങൾ അതിനു പുറകിൽ കാണാം.

(ദൈവമേ...ഇതാരേയും മന:പൂർവ്വം കളിയാക്കാൻ വേണ്ടി എഴുതിയതല്ലേ......ആരും എന്നോടു പിണങ്ങരുതേ)

വാക്യത്തില്‍ പ്രയോഗിക്കുക

അനിയച്ചാരുടെ കയ്യില്‍ നിന്നും കിട്ടിയതണ്‌. അതുകൊണ്ട്‌ കോപ്പി റൈറ്റ്‌ അവന്‌. അവനേതോ മിമിക്രിക്കാരുടെ കയ്യില്‍ നിന്നും കിട്ടിയതാണ്‌. അതുകൊണ്ട്‌ കോപ്പി റൈറ്റ്‌ അവര്‍ക്ക്‌ (അവര്‍ക്ക്‌ അനശ്വര നടന്‍ ജയനില്‍നിന്നും എല്ലാ പകര്‍പ്പകവാശവും കിട്ടിയിട്ടുണ്ടായിരിക്കുമല്ലൊ അല്ലേ...പാവം ജയന്‍).

വാക്യത്തില്‍ പ്രയോഗിക്കുക.

1. മതികെട്ടാന്‍

‍കുട്ടപ്പനും വീട്ടുകാരും കൂടി പെണ്ണു കാണാന്‍ പോയി. പെണ്ണിനെ കണ്ടപ്പോള്‍ കുട്ടപ്പന്‍ അച്ഛ്നോടു പറഞ്ഞു, "അച്ഛാ...എനിക്കീ കുട്ടിയെ മതികെട്ടാന്‍"

2. മഹാബലി

(ഇവിടെയും കുട്ടപ്പന്‍ തന്നെ കഥാപാത്രം).

കുട്ടപ്പന്‍ തന്റെ (ബൈക്ക്‌) യ മഹാബലി ഷ്ഠമായ കരങ്ങളാല്‍ പൊക്കിയെടുത്തു.

3. ശബ്ദതാരാവലി

(ദേ പിന്നെയും കുട്ടപ്പന്‍)

കുട്ടപ്പന്‍ ശബ്ദതാരയുടെ കയ്യില്‍ ഒരു സിഗരറ്റ്‌ കൊടുത്തിട്ട്‌ ശബ്ദതാരയോടു പറഞ്ഞു, ശബ്ദതാരാ വലി.

4. പിടികിട്ടി (ഇതു പണ്ട്‌ ടിവിയില്‍ കണ്ടതാണ്‌)

ഞാന്‍ ഒരു ദിവസം റേഷന്‍ കടയില്‍ അരി വാങ്ങിക്കാന്‍ പോയി. മഴ ആയതുകാരണം കുടയും എടുത്തിരുന്നു. റേഷനരി വാങ്ങി തിരിച്ചു വന്നപ്പോള്‍ കുട റേഷന്‍ കടയില്‍ വെച്ച്‌ മറന്നു പോയി. അടുത്ത ദിവസം കുടതപ്പി റേഷന്‍ കടയില്‍ ചെന്നു. കുടകിട്ടിയില്ല, പക്ഷേ പിടികിട്ടി.

ആനയേക്കാളും വലിയ അബദ്ധം

ഇവിടെ വന്നത്‌ ഒരു പ്രത്യേക ലക്ഷ്യത്തോടെയും ഉദ്ദേശത്തോടെയുമാണെങ്കിലും ലക്ഷ്യവും ഉദ്ദേശ്യവുമൊഴിച്ച്‌ ബാക്കിയെല്ലാം വളരെ ഭംഗിയായി നടക്കുന്നുണ്ട്‌. രാവിലെ ഓഫീസില്‍ വന്നാലത്തെ പ്രധാന കലാപരിപാടികളിലൊന്ന് കേരള കൌമുദി, മംഗളം, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ വെബ്‌ സൈറ്റിന്റെ ഹിറ്റ്‌ വര്‍ദ്ധിപ്പിക്കുക എന്നതാണ്‌. ഇപ്പോള്‍ ലോകപരിചയം ഗംഭീരം. മമ്മൂട്ടി എത്ര കോടി വാങ്ങിക്കുന്നു, മോഹന്‍ലാല്‍ എത്ര പ്രാവശ്യം തുമ്മി, സലിംകുമാര്‍ എത്ര ബീഡി വലിക്കുന്നു ഇതെല്ലാം കാണാപ്പാഠം.

ഒരു ദിവസം മനോരമ മുഴുവന്‍ വായിച്ചു തീര്‍ത്തു. പിന്നെയും വായിച്ചു. പിന്നെയും കിടക്കുന്നു സമയം. പഴയ ലിങ്കുകളില്‍ കൂടി പോയിനോക്കി. മനോരമക്കുള്ള ഒരു വലിയ ഗുണം അവര്‍ അവരുടെ വാരന്തപ്പതിപ്പ്‌ വളരെ കറക്ടായി അപ്‌ഡേറ്റ് ചെയ്യുമെന്നുള്ളതാണ്‌. അപ്‌ഡേറ്റിംഗ്‌ മൂത്തുമൂത്ത്‌ ചില ഞായറാഴ്ചത്തെ പതിപ്പുകള്‍ കാണാനേ കിട്ടുകയില്ല...അപ്പോഴേക്കും രണ്ടു ഞായറാഴ്ച കഴിഞ്ഞിരിക്കും. അത്രയ്ക്കാണ്‌ അപ്‌ഡേറ്റിങ്ങിന്റെ സ്പീഡ്‌.

മനോരമയുടെ "ലേറ്റസ്റ്റ്‌" അപ്‌ഡേറ്റിങ്ങിന്റെ താഴെ കുറെ ലിങ്കുകളും കാണും. ഞെക്കിയാല്‍ തുറക്കുന്നവ. ഒരു ദിവസം അതിലെല്ലാം ഞെക്കിക്കളിക്കുകയായിരുന്നു. അപ്പോള്‍ അടുത്തടുത്ത രണ്ടു ലിങ്കുകള്‍ കിട്ടി.

ആദ്യത്തെ ലിങ്ക്‌, "നാനോ മാജിക്‌"

നമ്മുടെ നാനോടെക്‍നോളജി ഡോക്ടര്‍ സഹോദരന്മാരേക്കുറിച്ചുള്ളതാണ്‌. (അവരെപ്പറ്റി ഇപ്പോള്‍ കേള്‍ക്കാനേ ഇല്ലല്ലോ).

അതിനു തൊട്ടുതാഴെ ഇതാ അടുത്ത ലിങ്ക്‌-

"ആനയോളം വലിയ അബദ്ധം"

ഈ നാനോ മാജിക്കില്‍ ആര്‍ക്കെക്കൊയോ ആനയേക്കാളും വലിയ അബദ്ധങ്ങള്‍ പറ്റിയില്ലായിരുന്നോ...ചുമ്മാ ഒരു സംശയം....

ലിങ്ക്‌ താഴെ കൊടുത്തിരിക്കുന്നു.

http://www.manoramaonline.com/servlet/ContentServer?pagename=manorama/Page/MalNewsSection&c=Page&cid=1009975921475

മുദ്രാവാക്യത്തില്‍ പ്രയോഗിക്കുക

വെറുതെ ഇരുന്നപ്പോള്‍ (അതാണല്ലോ ഇവിടുത്തെ പ്രധാന പരിപാടി) നാട്ടിലെ പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നു (അതിനുവേണ്ടിയാണല്ലോ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ ഇവിടെ വന്നത്‌).

ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിനു മുന്‍പില്‍ ഭയങ്കര മുദ്രാവാക്യം വിളി...എല്ലാവരും ഭയങ്കര ആവേശത്തില്‍..."വിക്രമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുക...."

എനിക്കു വിക്രമന്‍ അവര്‍കളെപ്പറ്റി വളരെ ബഹുമാനം തോന്നി. അദ്ദേഹം ഈ പാവപ്പെട്ട തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ എല്ലാം കണ്ട്‌ അവരെയെല്ലാം ഈ കഷ്ടപ്പാടില്‍നിന്നും കരകയറ്റാന്‍ വളരെ കഷ്ടപ്പെട്ട്‌ ഒരു റിപ്പോര്‍ട്ടുണ്ടാക്കി വളരെയധികം കഷ്ടപ്പെട്ട്‌ മാനേജുമെന്റിനു സമര്‍പ്പിച്ചു. എന്നിട്ടും മാനേജുമെന്റ്‌ ആ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. എന്തൊരു കഷ്ടപ്പാടണെന്നു നോക്കിക്കേ...

അങ്ങിനെ വിക്രമന്‍ അവര്‍കള്‍ക്ക്‌ മനസ്സില്‍ അഭിവാദ്യവും അര്‍പ്പിച്ചു മുമ്പോട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ അതാ കേള്‍ക്കുന്നു, അതേ നാവുകളിള്‍നിന്നുതന്നെ..

"വിക്രമന്‍ മൂര്‍ദ്ദാബാദ്‌"

ശ്ശെടാ...ഇതു നല്ല കളി.... വിക്രമന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുകയും വേണം, വിക്രമന്‍ അവര്‍കള്‍ മൂര്‍ദ്ദാബാദായി പോവുകയും വേണം!! ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല.

ഞാന്‍ അടുത്തുനിന്ന ഒരു വിപ്ലവവീര്യത്തോടു ചോദിച്ചു."ചേട്ടാ... ഈ കമ്മറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ വിക്രമന്‍ സാറിനെത്തന്നെയാണോ നിങ്ങള്‍ മൂര്‍ദ്ദാബാദും വിളിക്കുന്നത്‌?"

ചേട്ടനില്‍ വിപ്ലവവീര്യം തിളക്കുന്നത്‌ എനിക്കു ദൂരെനിന്നു തന്നെ കാണാമായിരുന്നു. ആവേശത്തോടെ ചേട്ടന്‍ പറഞ്ഞു,"അതെ....അതുതന്നെ...വിക്രമന്‍ മൂര്‍ദ്ദാബാദ്‌"

"പക്ഷേ ചേട്ടാ...വിക്രമന്‍ അവര്‍കള്‍ കുറച്ചു കൊള്ളാമെന്ന ആളാണെന്നു തോന്നിയതുകൊണ്ടല്ലെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്ന് നിങ്ങള്‍ ഖോരഖോരം ആവശ്യപ്പെടുന്നത്‌...അടുത്ത ശ്വാസത്തില്‍ത്തന്നെ നിങ്ങള്‍ അദ്ദേഹത്തിനു മൂര്‍ദ്ദാബാദും വിളിക്കുന്നതില്‍ എന്തോ ഒരു അസ്കിത ഇല്ലേ?...മൂര്‍ദ്ദാബാദിക്കപ്പെടേണ്ട ആളുടെ റിപ്പോര്‍ട്ടു തന്നെ നടപ്പാക്കപ്പെടണോ ചേട്ടാ?"

അടുത്ത പ്രാവശ്യത്തെ മുദ്രാവാക്യത്തില്‍ ഞാന്‍ ഒരൊച്ച കുറച്ചേ കേട്ടുള്ളൂ.

അണ്ണാറക്കണ്ണനും തന്നാലായത്‌.....

പിന്നെയാണ് മനസ്സിലായത്, ഇ വിക്രമൻ അവർകൾ പണ്ടെങ്ങോ ഒരു തൊഴിലാളി സ്നേഹിയായിരുന്ന സമയത്ത് പടച്ചുകൂട്ടിയ റിപ്പോർട്ടാണ് ഇപ്പോൾ നടപ്പാക്കണമെന്നു പറഞ്ഞ് നമ്മുടെ വിപ്ലവവീര്യന്മാർ ബഹളം വെക്കുന്നത്.

കാലത്തിന്റെ കുത്തൊഴുക്കിൽ‌പെട്ട് നമ്മുടെ വിക്രമൻ അവർകൾ മാനേജുമെന്റിന്റെ വലിയ ആളായി....

(മുദ്രാവാക്യം സത്യം.....പേരുകൾ മാറ്റം)

ഗോസ്റ്റ്‌ ഹൌസ്‌

അടുത്ത ദിവസം രാവിലെതന്നെ ഓഫീസിലേക്ക്‌ യാത്രയായി. സാര്‍ നേരത്തേതന്നെ പറഞ്ഞിരുന്നു, തല്ക്കാലം എന്റെ താമസം ഒരു ഗസ്റ്റ്‌ ഹൌസില്‍ ശരിയാക്കിയിട്ടുണ്ടെന്ന്. ഓഹോ... ഞാന്‍ അപ്പോള്‍ ഗസ്റ്റ്‌ ഹൌസില്‍ ആണോ താമസിക്കാന്‍ പോകുന്നത്‌?....കൊള്ളാമല്ലോ.... നമ്മുടെ നാട്ടിലുള്ള വിശാലമായ അതിഥി മന്ദിരങ്ങള്‍ ഓര്‍മ്മവന്നു...അടിപൊളി.....ഗസ്റ്റ്‌ ഹൌസും സ്വപ്നം കണ്ടു കാറില്‍ ഇരുന്നുറങ്ങി. നേരെ ഓഫീസിലേക്കാണ്‌ ഞങ്ങള്‍ ആദ്യം പോയത്‌.

ഗസ്റ്റ്‌ ഹൌസ്‌ ഒരു സംഭവം തന്നെയായിരുന്നു. ആദ്യം ഞങ്ങള്‍ പോയത്‌ ഗസ്റ്റ്‌ ഹൌസിന്റെ ഓഫീസിലേക്കാണ്‌. ഒരു ചുമന്ന കെട്ടിടം. ഒരു വലിയ വ്യാളിയുടെ പ്രതിമ. കെട്ടിടം മുഴുവന്‍ വ്യാളി, പഴുതാര, നീര്‍ക്കോലി, അരണ തുടങ്ങിയവയുടെ പടങ്ങള്‍...കേറിച്ചെന്നതോ ഒരു ഇരുണ്ട മുറിയിലേക്ക്‌. അവിടെയും മുഴുവന്‍ ഇതുപോലത്തെ പടങ്ങള്‍. വേറൊരു മുറിയിലേക്കു കയറിയപ്പോള്‍ ലൈറ്റൊക്കെ തന്നെ തെളിയുന്നു....ആദ്യമായി ജപ്പാനില്‍ വരുന്ന ഒരാള്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ പറ്റിയ കാര്യങ്ങള്‍ തന്നെ...

ആ ഗസ്റ്റ്‌ ഹൌസില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കുറെയേറെ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചുതന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അവിടുത്തെ ഭീകരചിത്രങ്ങളുടെ ഫോട്ടോ അനാവശ്യമായി പ്രസിദ്ധീകരിക്കെരുതെന്നതായിരുന്നു. 'കോപ്പിറൈറ്റ്‌' ഉണ്ടെന്നുപോലും. അതുകൊണ്ട്‌ ആ ഭീകരചിത്രങ്ങള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നില്ല. ഇതിന്റെ അവസാനം അവരുടെ സൈറ്റിന്റെ ലിങ്ക്‌ തരാം.അങ്ങിനെ ഞങ്ങള്‍ ഗസ്റ്റ്‌ ഹസിലേക്ക്‌ യാത്രയായി. നാട്ടിലെ അറ്റിപൊളി വിശ്രമമന്ദിരങ്ങളുടെ ചിത്രങ്ങളൊക്കെ പതുക്കെ പതുക്കെ മനസ്സില്‍നിന്നും മായാന്‍ തുടങ്ങി. ഭഗവാനേ...അവിടെയും ഈ വ്യാളികളൊക്കെ ധാരാളം കാണുമോ?....ഇനി അവരുടെയൊക്കെ കൂടെയാണോ കിടന്നുറങ്ങേണ്ടി വരിക?...ഭീകരം....ഭയാനകം....(ഭീകരത്തിനു ബീകരം എന്നു പറയുന്നവര്‍ ഭരണങ്ങാട്ടെ ഭരതന്റെ കാര്യം എങ്ങിനെ പറയുമെന്നോര്‍ത്തു പോയി....ബരതന്‍ ബരണി ബാണ്ഡത്തിലാക്കി ബരണങ്ങാട്ടേക്കു ബോ‌ഓഓഓഓഓഓഓയി......)

അങ്ങിനെ അവസാനം ഞാന്‍ ഗസ്റ്റ്‌ ഹൌസില്‍ ചെന്നു. അവരുടെ ഓഫീസില്‍ കണ്ടതിനെക്കാളും കൂടുതല്‍ വ്യാളിയും നീര്‍ക്കോലിയും പഴുതാരയും ഭിത്തി മുഴുവന്‍. മുറിയില്‍ രാവിലെ എഴുന്നേല്ക്കുമ്പോള്‍ കണികാണാന്‍ പാകത്തിന്‌ ഒരു വ്യാളി ഇങ്ങനെ ചിരിച്ചുകൊണ്ട്‌ നമ്മളെ നോക്കി ഇരിക്കുന്നു...ആകെ മൊത്തം നല്ല രസം...പക്ഷെ ഒരു കാര്യം...ആ ഗസ്റ്റ്‌ ഹൌസ്‌ വളരെ സൌകര്യപ്രദമായിരുന്നു....റയില്‍വേ സ്റ്റേഷനു വളരെ അടുത്ത്‌... നല്ല സൂപ്പര്‍ മാര്‍ക്കറ്റുകളും ചായക്കടകളും എല്ലാം സുലഭം... അങ്ങിനെ ഞാന്‍ അവിടെ താമസം തുടങ്ങി.

എന്റെ ജപ്പാന്‍ വാസം അങ്ങിനെ ആരംഭിക്കുകയായി....

അരിഗത്തോ ഗൊസായിമഷ്ടാ...

ഞാന്‍ താമസിച്ച ഗസ്റ്റ്‌ ഹൌസിന്റെ പടങ്ങളും ഗസ്റ്റ്‌ ഹൌസിലുള്ള പടങ്ങളും കാണണമെങ്കില്‍ താഴെ ക്ലിക്ക്‌ ചെയ്യുക.... നല്ല പടങ്ങള്‍ അല്ലേ..

http://guesthouse.co.jp/ENGLISH/location/location_e.htm

Thursday, November 17, 2005

ഇത്തവണ ഞാന്‍ ശരിക്കും ജപ്പാനിലെത്തി

സിങ്കപ്പൂരില്‍നിന്നും ജപ്പാനിലോട്ടുള്ള യാത്ര അത്ര സംഭവബഹുലമല്ലായിരുന്നു, കാരണം മലയാളികളധികം ഇല്ലല്ലോ. വിമാനം നരീറ്റാ വിമാനത്താവളത്തില്‍ ലാന്റു ചെയ്തു കഴിഞ്ഞ്‌ റണ്‍ വേയില്‍ കൂടി ഇങ്ങനെ വട്ടം ചുറ്റാന്‍ തുടങ്ങിയിട്ട്‌ സമയം കുറെയായി.. ഞാന്‍ ഉള്ളതുകൊണ്ടാണോ?...ഒരു മണിക്കൂറോളമാണ്‌ അതു കിടന്നു കറങ്ങിക്കളിച്ചത്‌...എന്റെ സാര്‍ അത്രയും നേരം എന്നെ നോക്കി വെയിറ്റു ചെയ്യുകയായിരുന്നു.

അങ്ങിനെ മൊത്തം അപരിചിതമായ, അല്‍പം കേട്ടുകേള്‍വി മാത്രമുള്ള ജപ്പാനെന്ന രാജ്യത്ത്‌ ഞാന്‍ എത്തി. വിമാനത്താവളത്തില്‍ വെച്ചേ ഞാന്‍ മനസ്സിലാക്കിയ കാര്യം, ജപ്പാനില്‍ എല്ലം ജാപ്പനീസാണെന്നാണ്‌...അവര്‍ പറയുന്നതും എഴുതുന്നതും കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും എല്ലാം ജാപ്പനീസ്‌ മാത്രം... നല്ല രസം...

വിമാനത്താവളത്തിനു വെളിയില്‍ സാര്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. വൈകുന്നേരമായതുകൊണ്ട്‌ അന്നു രാത്രി സാറിന്റെ വീട്ടില്‍ കിടക്കാമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. ചെറിയ ഒരു പേടിയോ അതുപോലത്തെ എന്തോ ഒരു വികാരം ഇല്ലതില്ലായിരുന്നു...കാരണം ജപ്പാനില്‍ എങ്ങനെയാണു കിടക്കുന്നതെന്നു യാതൊരു ഊഹവും എനിക്കില്ല... എന്റെ സുഹൃത്ത്‌ മുരളിയോടു ചോദിച്ചു, "മുരളീ...ജപ്പാനില്‍ എങ്ങിനെയാ കിടക്കുന്നതെന്നൊന്നു പറഞ്ഞുതരാമോ....?" മുരളിക്കു ദേഷ്യം വന്നു..."നീ ഒക്കെ എവിടുന്നു വരുന്നടേ....ജപ്പാനില്‍ മനുഷ്യന്മാരു കിടക്കുന്നതുപോലെ കിടക്കടേ" എന്നു മുരളി....."ഓഹോ...അങ്ങിനെയാണോ....ഇപ്പം ടെക്നിക്കു പിടികിട്ടി..."

സാറിന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലോട്ടുള്ള യാത്ര. പോകുന്ന വഴിക്ക്‌ സാര്‍ കുറെ ഇഗ്ലീഷ്‌ പാട്ടുകളിട്ടു...എനിക്കു കേള്‍ക്കാന്‍ വേണ്ടി...എനിക്കാണെങ്കില്‍ ഇഗ്ലീഷ്‌ പാട്ടുകളിലുള്ള പരിഞ്ഞ്ജാനം തുലോം കമ്മി...ഓരോ പാട്ടിട്ടുകഴിയുമ്പോഴും സാര്‍ ഇതാരുടെ പാട്ടാണ്‌ എന്നൊക്കെ പറയും...കേട്ടിട്ടുണ്ടോ എന്നു ചോദിക്കുമ്പോള്‍ ആദ്യത്തെ ഒന്നുരണ്ടു തവണ വിഷയം മാറ്റിയൊക്കെ രക്ഷപെട്ടുവെങ്കിലും അവസാനം കീഴടങ്ങി..."സാര്‍ എനിക്ക്‌ ഇഗ്ലീഷ്‌ പാട്ടുകളെപ്പറ്റി വലിയ പിടിപാടില്ല...മലയാളമാണെന്റെ ഇഷ്ടം"... ഇഗ്ലീഷ്‌ പാട്ടുകളെയും പാട്ടുകാരെയും പറ്റി കുറെ വിവരം ശേഖരിക്കേണ്ടതായിരുന്നു...പോട്ടെ.

സാറിന്റെ വീട്ടില്‍ ഗംഭീര സ്വീകരണമായിരുന്നു...."സൂഷി" (പച്ചമീന്‍ അതേപടിയും കൂടെ കുറച്ച്‌ ചോറും ഉള്ള ജപ്പാന്‍കാരുടെ ലോകപ്രശസ്തമായ വിഭവം..അതാദ്യത്തെ ദിവസം തന്നെ കഴിക്കന്‍ മാത്രം ധൈര്യം എനിക്കില്ലായിരുന്നു) കഴിക്കേണ്ടിവരുമോ എന്നു പേടിച്ച്‌ ഞാന്‍ ആദ്യമേ തന്നെ സാറിനോടു പറഞ്ഞു ഞാന്‍ വിമാനത്തില്‍നിന്നും വയറുനിറച്ചു കഴിച്ചിട്ടാ വന്നതെന്ന് (കഴിച്ചു എന്നതു സത്യം, പക്ഷേ വയറു നിറഞ്ഞായിരുന്നോ എന്നു ചോദിച്ചല്‍ കുറച്ചു സംശയം ഇല്ലാതില്ല).

വന്ന അന്നുതന്നെ ജാപ്പനീസ്‌ ആതിഥ്യ മര്യാദ അനുഭവിക്കാനുള്ള ഭാഗ്യം ഏതായാലും എനിക്കുണ്ടായി... ഞാന്‍ ഒരാള്‍ക്കു വേണ്ടി അവര്‍ എന്തൊക്കെ വിഭവങ്ങളായിരുന്നെന്നോ ഉണ്ടാക്കി വെച്ചിരുന്നത്‌.... വയറുനിറച്ചു കഴിച്ചെന്നു നേരത്തെ പറഞ്ഞ കാര്യമൊക്കെ മറന്നേ പോയി...

സാറിന്റെ ഭാര്യ പ്രൊഫഷണലായി പിയാനോ വായിക്കുന്ന ആളാണ്‌. അവര്‍ കുറെ ഇഗ്ലീഷ്‌ പാട്ടുകള്‍ എന്നെ പിയാനോയില്‍ പാടി കേള്‍പ്പിച്ചു. എന്തു പറയാന്‍...ഇഗ്ലീഷ്‌ പാട്ടുകള്‍ നേരിട്ടുകേട്ടിട്ടുതന്നെ എനിക്കു പിടികിട്ടിയിട്ടില്ല...പിന്നെ പിയാനോയില്‍ കൂടി കേട്ടാല്‍ എന്തു ഫലം... ഞാന്‍ രണ്ടാമതൊന്നുകൂടി കീഴടങ്ങി.

ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍ സാറിന്റെ മകന്‍ ഒരു ചോദ്യം ചോദിച്ചു...."ഞങ്ങള്‍ക്ക്‌ ശ്രീബുദ്ധന്‍, മഹാത്മാഗാന്ധി, മദര്‍ തെരേസ എന്നീ മൂന്ന് ഇന്ത്യാക്കാരെ അറിയാം.... നിങ്ങള്‍ക്ക്‌ എത്ര ജപ്പാന്‍കാരെ അറിയാം?"

അതൊരു ചോദ്യമാണല്ലോ.....ശരിയാ.... നമുക്കെത്ര ജപ്പാന്‍കാരെ അറിയാം??നമുക്കു സോണി അറിയാം, പനാസോണിക്ക്‌ അറിയാം, കാസിയോ അറിയാം, കോണിക്ക അറിയാം, കോഡാക്‌ അറിയാം, തോഷിബാ അറിയാം, ടൊയോട്ട അറിയാം, സുസുകി അറിയാം.....പക്ഷെ എത്ര ജപ്പാനീസ്‌ മനുഷ്യരെ അറിയാം?ഒരു രക്ഷയും കിട്ടുന്നില്ല....അവരെല്ലാവരും എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുകയാണ്‌.... ഞാന്‍ ആലോചിച്ചു, വീണ്ടും ആലോചിച്ചു, പിന്നെയും ആലോചിച്ചു, പക്ഷെ ഒരു രക്ഷയുമില്ല....ശ്ശേ....മഹാമോശം....

അവസാനം, എനിക്കൊരു പേരുകിട്ടി...."അക്കീര കുറസോവ..." വളരെ പ്രശസ്തനായ സിനിമാ സംവിധായകന്‍...... ഞാന്‍ പണ്ട്‌ ആര്‍ക്കമെഡീസ്‌ വിളിച്ചുപറഞ്ഞതുപോലെ വിളിച്ചുകൂവി...""അക്കീര കുറസോവ അക്കീര കുറസോവ"അങ്ങിനെ തല്ക്കാലം രക്ഷപെട്ടു... അതുകൊണ്ട്‌ ആരെങ്കിലും ജപ്പാനില്‍ വരാന്‍ പരിപാടിയുണ്ടെങ്കില്‍ കുറെ ജാപ്പനീസ്‌ ആള്‍ക്കാരുടെ പേരും പഠിച്ചുകൊണ്ടു വന്നാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാം.

അടുത്ത ദിവസം രാവിലെ ആറുമണിക്ക്‌ എഴുന്നേറ്റു പോകണമെന്നു സാര്‍ പറഞ്ഞു...സാറിന്റെ വീട്‌ ഓഫീസില്‍നിന്നും കുറച്ചകലെയാണ്‌.... ദിവസവും രണ്ടുമണിക്കൂര്‍ കാറോടിച്ചാണ്‌ സാര്‍ ഓഫീസില്‍ പോകുന്നത്‌...മൊത്തം ഒരു ദിവസം നാലു മണിക്കൂര്‍ ഡ്രൈവിംഗ്‌....എന്റമ്മേ...ജപ്പാന്‍ ഗവണ്മെന്റിനെ ഏറ്റ്വും കൂടുതല്‍ സേവിക്കുന്നവരില്‍ ഒരാളാണ്‌ സാറെന്നാണ്‌ പറഞ്ഞത്‌...കാരണം ജപ്പാനില്‍ ഏറ്റ്വും കൂടുതല്‍ ടാക്സ്‌ ഉള്ള മൂന്നു സാധനങ്ങളാണ്‌ പെട്രോള്‍, സിഗരറ്റ്‌, പിന്നെ ബിയര്‍..... ഇതു മൂന്നും സാമാന്യം നന്നായി ഉപയോഗിക്കുന്ന ഒരാളാണത്രെ സാര്‍....അങ്ങിനെ വിഭവസമൃദ്ധമായ ഒരു വിരുന്നിനു ശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു...ജപ്പാനില്‍ കിടക്കുന്നതിനു പ്രത്യേക രീതിയൊന്നുമില്ലാ എന്നു കിടന്നപ്പോള്‍ പിടികിട്ടി...മുരളി പറഞ്ഞതുപോലെ, ചുമ്മാ മനുഷ്യന്മാര്‍ കിടക്കുന്നതുപോലെ അങ്ങു കിടന്നാല്‍ മതി...കിടന്നതും ഉറങ്ങിപ്പോയി... നാളെ മുതല്‍ ഞാന്‍ താമസിക്കുവാന്‍ പോകുന്ന ഗസ്റ്റ്‌ ഹൌസും സ്വപ്നം കണ്ടുകൊണ്ട്‌.

Wednesday, November 16, 2005

അങ്ങിനെ ഞാന്‍ ജപ്പാനിലെത്തി...

ജപ്പാനില്‍ പോകാന്‍ ഒരു അവസരം കിട്ടി......പോകണോ വേണ്ടയോ...... പോകണോവേണ്ടയോ..... പോകണോ വേണ്ടയോ-പോകണോവേണ്ടയൊ എന്നു കാഥികന്‍ പാടിയതുപോലെ ഒരുശങ്ക ആദ്യം വന്നുവെങ്കിലും, അഭ്യുദയകാംക്ഷികളെല്ലാം അഭിപ്രായപ്പെട്ടു....പോയിനോക്ക്‌....അഭ്യുദയം കാംക്ഷിക്കുന്നതിന്റെ ഗുണം നമുക്കു ധൈര്യമായി അഭ്യുദയം കാംക്ഷിക്കാമെന്നുള്ളതാണല്ലോ.... "ധൈര്യമായി പോകന്നേ......." ഓ പിന്നെന്താ....പോയേക്കാം....

അങ്ങിനെ അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു.

വിമാനത്താവളത്തിലെത്തി. സില്‍ക്‌ എയറാണു സംഭവം...വിമാനത്തിനകത്തു കയറിയപ്പോളല്ലേ ....അതിനകത്തു മലയാളികളുടെ പൊടിപൂരം....പത്തിരുപതു മലയളിക്കുടുംബങ്ങള്‍...ഏതോ കമ്പിനിയുടെ വകയായി ടിക്കറ്റ്‌ ഓസിനു കിട്ടി അത്‌ മുതലാക്കാന്‍ സിങ്കപ്പൂര്‍ക്കു പോവുകയാ....പാവങ്ങള്‍...ഓസിനു കിട്ടിയ ടിക്കറ്റ്‌ മുതലാക്കാന്‍ ടിക്കറ്റിന്റെ മൂന്നിരട്ടി കാശെങ്കിലും ഇനി മുടക്കണം...എന്നലേ സിങ്കപ്പൂരിന്റെ കുറച്ചെങ്കിലും കാണാന്‍ പറ്റൂ....ഓസിന്റെ ആവേശത്തില്‍ പലരും ഈ കാര്യം അങ്ങു മറന്നു പോകും.....എല്ലാ ഓസും ഇങ്ങിനെ തന്നെയാണെന്നു പലരും അറിയുന്നില്ല....

ഏതായാലും എനിക്കു സീറ്റു കിട്ടിയത്‌ അങ്ങിനെയുള്ള ഒരു മഹാഭാഗ്യവാന്റെ അടുത്താണ്‌.....അദ്ദേഹം വളരെ ഹാപ്പിയാണ്‌....ചെറുപ്പത്തില്‍ ടൂറിസ്റ്റ്‌ ബസ്സില്‍ ടൂറിനു പോയതോര്‍മ്മ വന്നു....കൂവല്‍...അലറല്‍....പൊട്ടിച്ചിരി....അട്ടഹാസം...ഒന്നും പറയണ്ട.............ചിലര്‍ക്കു ജനാലക്കടുത്തുള്ള സീറ്റു വേണം...ഒന്നാമതു രാത്രി...അല്ലെങ്കില്‍തന്നെ ഈ സാധനം ആകാശത്തെത്തിക്കഴിഞ്ഞാല്‍ ആകപ്പാടെ കാണുന്നതു കുറച്ചു പഞ്ഞിപോലത്തെ മേഘങ്ങളാ.....അതിനുവേണ്ടി മസിലു പിടിച്ചു ചിലര്‍ ജനാല സീറ്റു വാങ്ങിച്ചെടുത്തു...മിടുക്കന്മാര്‍............

എയര്‍ ഹോസ്റ്റെസ്സുമാര്‍ ശരിക്കും വെള്ളം കുടിച്ചു. എന്റെ അടുത്തിരുന്ന മാന്യന്‍ ആറു പ്രാവശ്യമെങ്കിലും വെള്ളം (എയര്‍ ഹോസ്റ്റെസ്സ്‌ കുടിച്ച വെള്ള്മല്ല...കളറുള്ള വെള്ളം) ചോദിച്ചു മേടിച്ചു...ഏഴാമത്തെ തവണയും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു...."തീര്‍ന്നു പോയീ സാര്‍". മലയാളികളല്ലെ...വിടുമോ....ചോദ്യശരങ്ങളായി....."എങ്ങനെ തീര്‍ന്നു?"..."എപ്പോള്‍ തീര്‍ന്നു?"... "ദേ..അപ്പുറത്തിരിക്കുന്നവനു നിങ്ങള്‍ ഇപ്പോ കൊടുത്തതല്ലേ ഉള്ളൂ, പിന്നെങ്ങിനെയാ ഇത്ര പെട്ടെന്നു തീര്‍ന്നത്‌?"...പാവം എയര്‍ ഹോസ്റ്റെസ്സ്‌....അവര്‍ ചിരിച്ചുകൊണ്ട്‌ നിന്നു.....അവസ്സാനം എന്റെ സഹയാത്രികന്‍ മനസ്സില്ലാമനസ്സോടെ പച്ചവെള്ളം കുടിക്കാന്‍ സമ്മതിച്ചു.

പക്ഷെ ആ എയര്‍ ഹോസ്റ്റെസ്സ്‌ ഒരു മണ്ടത്തരം കാണിച്ചു (അല്ല നമ്മുടെ മലയാളി മലയാളിമിടുക്കു കാണിച്ചു). ഒരു പത്തു മിനിറ്റു കഴിഞ്ഞ്‌ അയാള്‍ പിന്നെയും കളറുവെള്ളം ചോദിച്ചു....വേറേ എയര്‍ ഹോസ്റ്റെസ്സിനോട്‌...കൊണ്ടുക്കൊടുത്തതോ...ആദ്യത്തെ എയര്‍ ഹോസ്റ്റസ്സും......പോരേ പൂരം.......

"ഓഹോ....അപ്പോപ്പിന്നെ നിങ്ങള്‍ നേരത്തെ ഇല്ലെന്നുപറഞ്ഞതോ...പറ്റിക്കുവായിരുന്നല്ലേ...അതല്ലേ...ഇതല്ലേ....." അങ്ങനെ പോയി ചോദ്യങ്ങള്‍....അവര്‍ "ഒക്കെ സാര്‍ പിന്നെക്കാണാം" എന്ന്നും പേറഞ്ഞു പോയി....അങ്ങിനെ കുറെ മലയാളികളുണ്ടായിരുന്നതു കാരണം വിമാനം സിങ്കപ്പൂരെത്തിയതറിഞ്ഞില്ല....

അങ്ങിനെ ജപ്പാനിലേക്കുള്ള യാത്രയുടെ ആദ്യപാദം കഴിഞ്ഞു... ഞാന്‍ സിങ്കപ്പൂരെത്തി.

അയ്യോ...ഇതിന്റെ തലക്കെട്ട്‌ അങ്ങിനെ ഞാന്‍ ജപ്പാനിലെത്തി എന്നായിരുന്നല്ലേ.....സാരമില്ല....ബാക്കി വധം നാളെ....