Wednesday, December 07, 2005

ആവ്വൂ......എനിക്കറിയില്ല

സിനിമാക്കഥകൾ ധാരളമുണ്ട്, ഗതകാലസ്മരണകളിൽ. എറണാകുളം നഗരത്തോടു ചേർന്നായിരുന്നു ഞങ്ങളുടെ യൂണിയനുകളെക്കൊണ്ട് വേഴ്സ്റ്റായ സിറ്റി (കടപ്പാട്, കുഞ്ഞുണ്ണി അദ്ദേഹത്തോട്) എങ്കിലും, ഞങ്ങളിൽ പലരും തനി നാട്ടിൻപുറത്തുകാരായിരുന്നു, സിനിമയുടെ കാര്യത്തിലെങ്കിലും. ഞങ്ങളുടെ ഹീറോമാർ മമ്മൂട്ടിയും മാമുക്കോയയും ലാലേട്ടനുമൊക്കെ മാത്രം. വിശ്വവിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴ്യാഗ് ഴ്യാവോ ഹ്യൂഗിനെപ്പറ്റിയോ, ജപ്പാനിലെ അക്കിടിപറ്റിയോ കുറോച്ചിലായോയെപ്പറ്റിയോ ഇറ്റാലിയൻ സംവിധായകൻ ബ്രഡ്ഡിൽ ബട്ടറൂച്ചിയെപ്പറ്റിയോ ഒന്നും കേട്ടിട്ടും കൂടിയില്ല. ഹോളിവുഡ്, ഓസ്കാർ എന്നൊക്കെ പത്രത്തിൽ വായിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ഞങ്ങളിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേ സമയം, ആനി ഷാജി കൈലാസിനെ കല്ല്യാണം കഴിച്ചപ്പോൾ ഞങ്ങളിൽ പലരും ഭക്ഷണം കഴിക്കാതെയായി. ദിലീപ് മഞ്‌ജു വാര്യരെ കെട്ടിയതെങ്ങിനെയാണെന്ന് അന്വേഷിച്ച് നടന്ന് പല ഇന്റേണൽ പരീക്ഷകളും ഞങ്ങൾ കുളമാക്കിയിട്ടുമുണ്ട്.

റിക്ഷാക്കാരൻ, മാമാക്കാരൻ, സൈക്കിൾക്കാരൻ, കൂലിക്കാരൻ, കാവൽക്കാരൻ, വേലക്കാരൻ, ലോറിക്കാരൻ, ഓട്ടോക്കാരൻ, പഠിച്ചവൻ, പഠിക്കാത്തവൻ, പഠിച്ചുകൊണ്ടിരിക്കുന്നവൻ, ഇനിയും പഠിക്കുന്നവൻ, വേണേൽ പഠിക്കുന്നവൻ, പഠിച്ചിട്ടും പഠിക്കാത്തവൻ, ക്ലാസ്സിൽ കയറാത്തവൻ, പടയപ്പ, ഇടിയപ്പ, വെടിയപ്പ, ഇരിയപ്പ തുടങ്ങിയ തമിഴ് ക്ലാസ്സിക്കുകളും, എല്ലാവിധ മലയാളം പടങ്ങളും, ദില്ല്വാലെ നില്ലനിയാ ഇപ്പക്കൊണ്ടുവരാം തുടങ്ങിയ അപൂർവ്വം രാഷ്ട്രഭാഷാ ചിത്രങ്ങളുമായിരുന്നു ഞങ്ങളുടെ എക്കാലത്തെയും ആവേശം. പക്ഷെ ഒരു കൊച്ചിക്കാരനുമാത്രം ഇംഗ്ലീഷ് സിനിമകളെപ്പറ്റി അല്പം പരിഞ്ജാനമൊക്കെ ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളുടെ ടെക്നിക്കുകളെപ്പറ്റിയൊക്കെ അവൻ വളരെ കലാപരമായി പറയുന്നത് ഞങ്ങളെല്ലാവരും നാക്കും കടിച്ച് കേട്ടിരുന്നിട്ടുണ്ട്.

ഇങ്ങിനെയിരിക്കെ ഒരു ദിവസം അത്യുജ്ജ്വലമായ ഒരു ഇംഗ്ലീഷ് സിനിമ ഷേണായീസിൽ വന്നു. ടെർമിനേറ്റർ. അതിന്റെ ടെക്നിക്കുകൾ വിവരിക്കുകയായി, നമ്മുടെ കൊച്ചിക്കാരന്റെ പിന്നീടുള്ള ജോലി. അവൻ പറഞ്ഞതെല്ലാം തന്നെ ഞങ്ങൾക്ക് മനസ്സിലായെങ്കിലും അതിലെ നായകന്റെ പേരുമാത്രം ഒരു കാരണവശാലും നാക്കിനു വഴങ്ങുന്നില്ലായിരുന്നു. അവസാനം ഞങ്ങൾ അദ്ദേഹത്തെ ശിവശങ്കരൻ എന്നു വിളിച്ചു. ആർനോൾഡ് ശിവശങ്കരൻ.

ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ശിവശങ്കരന്റെ സിനിമ കാണാൻ ഷേണായീസിൽ പോയി. കൊച്ചിക്കാരന്റെ മുറിയൻ മാത്രം വന്നില്ല. സിനിമ തുടങ്ങിയപ്പോൾ മുതൽ കൊച്ചിക്കാരൻ ആവേശംകൊണ്ടു. “എന്റമ്മോ എന്തൊരു ടെക്നിക്ക്, അച്ഛോ, അമ്മോ, ശ്ശോ” തുടങ്ങിയ ശബ്ദങ്ങളിലുള്ള ആവേശപ്രകടനങ്ങൾ ഇങ്ങിനെ നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് എന്താണ് ആ സിനിമയിൽ സംഭവിക്കുന്നതെന്ന്‌ കാര്യമായൊന്നും പിടികിട്ടിയില്ല. സിനിമ കഴിയുമ്പോൾ കൊച്ചിക്കാരനോടുതന്നെ ചോദിച്ചു മനസ്സിലാക്കാമെന്നു വിചാരിച്ചു. തിരിച്ചു ഹോസ്റ്റലിലേയ്ക്കു പോകുന്ന വഴി മുഴുവൻ ഞങ്ങൾ “ശ്ശോ, എന്റമ്മോ, എന്റച്ഛോ” മുതലായ ശബ്ദങ്ങളാൽ അനുഗമമായ വിവരണങ്ങൾ അവനിൽനിന്നും കേട്ടുകൊണ്ടിരുന്നു.

ഹോസ്റ്റലിലെത്തിയതിനുശേഷം സ്വന്തം മുറിയനോടും, കൊച്ചിക്കാരൻ തന്റെ ആവേശോജ്ജ്വലമായ വിവരണങ്ങൾ തുടർന്നു. ആ സിനിമയിലെ ടെക്നിക്കുകളെപ്പറ്റിയും, സംവിധാനത്തെപറ്റിയും മറ്റുമുള്ള വിവരണം കേട്ട് കൊച്ചിക്കാരനെക്കാളും ആവേശം കൊണ്ട് മുറിയൻ ചോദിച്ചു:

“കഥയെന്താടാ?”

എന്റമ്മോ, അച്ഛോ, ശ്ശോ തുടങ്ങിയ ശീൽക്കാരങ്ങളാൽ സിനിമയുടെ ടെക്നിക്ക് വിവരിക്കുകയായിരുന്ന കൊച്ചിക്കാരൻ ഇടയ്ക്കെപ്പോഴോ പറഞ്ഞു..

“……ആവ്വൂ എനിക്കറിയില്ല “

16 Comments:

  1. At Wed Dec 07, 09:29:00 AM 2005, Blogger വര്‍ണ്ണമേഘങ്ങള്‍ said...

    "ദില്ല്വാലെ നില്ലനിയാ ഇപ്പക്കൊണ്ടുവരാം"
    കൊള്ളാം കേട്ടോ..
    കിടിലൻ നർമ ഭാവന..!
    വക്കാരീ..
    കടിച്ചാൽ പൊട്ടാത്ത പേരുകളും സംഭാഷണവും ചിലർക്ക്‌
    ക്ഷ നിർബന്ധമാണ്‌..
    "ഇറ്റാലിയൻ എഴുത്തുകാരൻ 'അമർത്തിയാൽ റൈട്ടൂച്ചി' യുടെ 'മാസ്റ്റർ പീസ്‌' ആയ 'പ്യോറ്റാ റ്റെണ്ടീ' യിൽ പറഞ്ഞിട്ടുണ്ട്‌.." എന്നൊക്കെ ചിലർ വെച്ച്‌ അനത്തുന്നത്‌ കേട്ടിട്ടില്ലേ..?

     
  2. At Wed Dec 07, 09:59:00 AM 2005, Blogger Visala Manaskan said...

    യവനാള്‌ പുലിയാണ്‌ കേട്ടോ..! (രാജമാണിക്യം സ്റ്റൈലിൽ)

    ആനി ഷാജികൈലാസിനെ കെട്ടിയപ്പോൾ 'ഇനി ഞാൻ ആർക്കുവേണ്ടി ജീവിക്കണം' എന്ന് പലർക്കും തോന്നിയിട്ടുണ്ട്‌..!

     
  3. At Wed Dec 07, 11:20:00 AM 2005, Blogger viswaprabha വിശ്വപ്രഭ said...

    വക്കാരിമഷ്ടാ, വാക്കാലരിഷ്ടം തീർക്കുന്നു നീ!

    പണ്ടൊരിക്കലൊരിടത്ത് വിശാലമനസ്കനൊരു ബദലായി ഒരു സങ്കുചിതമനസ്കനുണ്ടായിരുന്നു. (തീരെ സങ്കുചിതനായതുകൊണ്ട് ഇതുവരെ ബ്ലോഗുവലയിൽ വലയിൽ കുടുങ്ങിയില്ല..).

    ഇന്നിപ്പോൾ വക്കാരിമഷ്ടൻ ആ പോരായ്മ നികത്തുന്നുണ്ട്!

    ബലേ ഭേഷ്!

    ബൈ ദ വേ, ഈ ‘ബ്രെഡ്ഡിൽ ബട്ടറുച്ചി‘ക്ക് നമ്മുടെ പഴയ എഡിഷൻ വരരുചിയും ഭട്ടിയുമായി some ബന്ധമുണ്ടോ?

     
  4. At Wed Dec 07, 11:20:00 AM 2005, Blogger ദേവന്‍ said...

    This comment has been removed by a blog administrator.

     
  5. At Wed Dec 07, 11:41:00 AM 2005, Blogger ദേവന്‍ said...

    വക്കാരി കണ്ട സിനിമാ ഞാനും കണ്ടിട്ടുണ്ട്

    പണ്ട് പുസ്തകങ്ങൾ തർജ്ജിമ ചെയ്യുമ്പോൾ പേരുകളും മലയാളീകരിക്കുമായ്രുന്നു. “കസ്തൂരി ബായി അമ്മ“യെക്കുറിച്ചുള്ള പുസ്തകവും. ഡിക്റ്റക്റ്റീവ് “ശരകുല ഹംസന്റെയും വാതസേന ഭിഗ്വരന്റേയും” കഥകളും ഒക്കെ മലയാളത്തിൽ ഉണ്ടായിരുന്നു.

     
  6. At Wed Dec 07, 12:47:00 PM 2005, Anonymous Anonymous said...

    അർനോൾഡ്‌ ശിവശങ്കരൻ ഇവിടെ അർനോൾഡ്‌ ശിവാജിനഗർ ആണ്‌. ദില്ലിവാല മുല്ലാക്ക ചായ കൊണ്ടുവാ എന്ന ക്ലാസിക്കിന്‌ കേരളത്തിൽ ആരാധകർ ഉണ്ട്‌ എന്ന കാര്യം ഇനി ബ്ലോഗ്‌ എഴുതുമ്പോൾ ഓർമിക്കാം. പങ്ക അസോസിയേഷൻകാരിൽ നിന്നും ഇരുട്ടടി ഒഴിവാക്കാമല്ലോ :)

     
  7. At Wed Dec 07, 02:22:00 PM 2005, Blogger അതുല്യ said...

    തണ്ണിമത്തൻ മുറിച്ചു തരാംന്നു പറഞ്ഞു ഞാനീ പ്ലേറ്റും പിടിച്ചു നിക്കാൻ തുടങ്ങീട്ട്‌ എത്ര നേരമായീ വക്കാരി? എന്നെ പറ്റിച്ചു സിനിമയ്ക്കു പോയ്യ്യോ നീ?

     
  8. At Wed Dec 07, 04:43:00 PM 2005, Blogger myexperimentsandme said...

    വർണ്ണമേഘങ്ങളേ, നന്ദി. പല സിനിമാ ചലച്ചിത്ര പുസ്തക വായനാസ്വാദക നിരൂപകരും പല കടിച്ചാൽ പൊട്ടാത്ത പേരുകളും മണി മണി പോലെ പറയുന്നത് നാക്കും കടിച്ച് കേട്ടിരുന്നിട്ടുണ്ട്. എന്നാലും ഈ ശിവശങ്കരന് സ്വന്തം പേര് തെറ്റുകൂടാതെ ഇംഗ്ലീഷിൽ എഴുതാൻ പറ്റുമോ എന്നൊരു സംശയം ഇപ്പോഴുമുണ്ട്. എന്തൊരു പേരാ ഇതപ്പാ.

    വിശാ‍ലമനസ്കാ, രാജമാണിക്യം വരെ കണ്ടു അല്ലേ.. നമ്മളിപ്പോഴും ബാലനിൽ കണ്ടം ബെച്ച കോട്ടിട്ടോണ്ടിരിക്കുവാ. [ആനി ഷാജി കൈലാസിനെ കെട്ടിയ ദുഃഖത്തിന് ചിലർ നാടുവിട്ട് ഗൾഫിലേക്കു പോയെന്നും നാട്ടിൽ പാണന്മാർ പാടി നടപ്പുണ്ട് :))]

    വിശ്വപ്രഭോ... വിശാലമനസ്കൻ എവിടെ കിടക്കുന്നു, ഈ ഞാനെവിടെ കിടക്കുന്നു. വിശാലമനസ്കന്റെ വിശാലമായ വാലിന്റെ തുമ്പത്തെ രോമത്തിന്റെ അറ്റത്തെങ്കിലും എന്നെ കെട്ടാൻ കൊള്ളുമായിരുന്നെങ്കിൽ.... (വിശാലമനസ്കാ, അലങ്കാരം ഉപമയല്ല; എന്നോട് പിണങ്ങല്ലേ). ഈ വരരുചിയും ഭട്ടിയുമാരാ?

    ദേവോ, ശരകുല ഹംസനും വാതസേന ഭിഗ്വരനും കലക്കി. താങ്കളുടെ ശിവശങ്കര പുരാണവും ഗംഭീരം.

    രാത്രിയണ്ണോ, അവിടെ ദില്ലിവാല മുല്ലാക്ക ചായ കൊണ്ടുവാ ആണല്ലേ, അതു കൊള്ളാം. ശിവശങ്കരൻ സിനിമയുമായിട്ടിറങ്ങിയാൽ നാക്കിൽ പലരുടെയും നാക്കുളുക്കും.

    അയ്യോ അതുല്യേച്ചീ, കിട്ടിയില്ലേ ഇതുവരെ? എന്താ പറ്റിയതാവോ.... കുറെ നേരമായല്ലോ ചെക്കാ ചതുരമത്തനും പിടിച്ചു നിക്കാൻ തുടങ്ങിയിട്ട് എന്നു പറഞ്ഞതുകാരണമാ സിനിമയ്ക്കു പോകാമെന്ന് വെച്ചത്. സിനിമയൊട്ടു മനസ്സിലായതുമില്ല, മത്തനവിടെയൊട്ടു കിട്ടിയുമില്ല.

    ദേ ലാസ്റ്റ് മത്തനാ, ഞാൻ ഫെഡെക്സ് വഴി അയച്ചിട്ടുണ്ട്. ട്രാ‍ക്കിംഗ് നമ്പ്ര്:൦൧൨൩൪൫൬൭൮൯൯൯. കിട്ടുമ്പോ അറിയിക്കണേ. കിട്ടിയില്ലേ അവരെ വിളിച്ചു ചോദിച്ചാ മതി. നമ്പ്ര്: ൯൮൭൬ ൫൪൩ ൨൧൦

    ഈ ഉഷച്ചേച്ചിക്കെന്തു പറ്റി ആവോ......

     
  9. At Wed Dec 07, 05:12:00 PM 2005, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    ഇംഗ്ലീഷ് സിനിമകള്‍ക്കു പറയാന്‍ ഒരു ടെക്നിക്കെങ്കിലുമുണ്ട്.

    പറയുമ്പോഴല്ല കേള്‍ക്കുന്നവന്‍ അതാസ്വദിക്കുമ്പോഴാണ് ശരിക്കും നര്‍മ്മം പിറക്കുന്നത്.
    ഇവിടെ ആ പിറവിക്കും ഞാന്‍ തന്നെ സാക്ഷി.

     
  10. At Fri Dec 09, 07:28:00 AM 2005, Blogger reshma said...

    ചിരിച്ച് ചിരിച്ച് മരിച്ചു!
    നിങ്ങളൊക്കെ കൂട്ടത്തോടെ ‘സൂസ് തമാശ സ്പീക്കിങ് കോഴ്സ്‘ പാസ്സായവരാ?

     
  11. At Sat Dec 10, 09:33:00 PM 2005, Blogger myexperimentsandme said...

    സാക്ഷീ...... നന്ദി.

    രേഷ്മേ... വെറുതെ ഇങ്ങിനെ എഴുതുന്നതല്ലിയോ...

     
  12. At Fri Dec 16, 11:14:00 AM 2005, Blogger ഉമേഷ്::Umesh said...

    വക്കാരീ,

    വക്കാരീടെ പല കസര്‍ത്തുകളും വായിച്ചിട്ടുണ്ടെങ്കിലും ഈ സാധനം ഇപ്പോഴാണു വായിക്കുന്നതു്‌. ഇതുപോലെ കുടലുപൊട്ടി ഞാന്‍ ഈ അടുത്ത കാലത്തു ചിരിച്ചിട്ടില്ല. സൂവും വിശാലനും രാത്രിയും ആദിത്യനുമൊക്കെ പല മാസ്റ്റര്‍പീസുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇത്രയ്ക്കങ്ങോട്ടു്‌ ആയില്ല എന്നൊരു തോന്നല്‍. ചരിത്രത്തിലെ കണ്‍ഫ്യൂഷനെപ്പറ്റി എഴുതിയ പടപ്പും എനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു.

    ടെര്‍മിനേറ്ററില്‍ അഭിനയിച്ച കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍ക്കു്‌ (ഓന്റെ പേരു പറയാന്‍ അണ്ണാക്കില്‍ എണ്ണ പുരട്ടേണ്ടി വരും) "ആര്യനാടു ശിവശങ്കരന്‍" എന്നൊരു മലയാളം ഉണ്ടാക്കിയതു ഞമ്മളാണു്‌ എന്നു ഞാന്‍ കുറെക്കാലം അഹങ്കരിച്ചിരുന്നു. പിന്നീടാണു മനസ്സിലായതു്‌ ടിയാന്റെ പേരു പറയാന്‍ കഴിയാത്ത എല്ലാ മലയാളി പാമരരും "ശിവശങ്കരന്‍" എന്നു തന്നെയാണു ടിയാനെ വിളിച്ചിരുന്നതു്‌ എന്നു്‌. Great people മാത്രമല്ല, വിവരമില്ലാത്തവരും ഒരുപോലെ ചിന്തിക്കുന്നു എന്നു മനസ്സിലായി. എങ്കിലും "ആര്യനാടി"നു്‌ എനിക്കു തന്നെ കോപ്പിറൈറ്റ്‌ ഉണ്ടെന്നു തോന്നുന്നു.

    തിരക്കു പിടിച്ച പണിക്കിടയില്‍ അല്‍പം സമയം കിട്ടുമ്പോഴാണു്‌ ഇതൊക്കെ വായിക്കുന്നതു്‌. ഇത്രയും ബ്ലോഗരും, ഓരോരുത്തനും ഇത്രയധികം സൃഷ്ടികളും. എന്നാണോ എനിക്കു്‌ ഇതൊക്കെ വായിക്കാന്‍ കഴിയുക?

    രേഷ്മ ബ്ലോഗ്‌സ്പോട്ടില്‍ ബ്ലോഗിത്തുടങ്ങിയതു്‌ ഇന്നാണറിഞ്ഞതു്‌. ഇടയ്ക്കൊക്കെ പഴയ റീഡിഫ്ഫ്‌-ല്‍ കയറി നോക്കി അതിലെ കൊടിലുകളും ചതുരങ്ങളുമൊക്കെ കണ്ടിട്ടു നിരാശനായി തിരിച്ചുപോരുമായിരുന്നു. മലയാളം ബ്ലോഗുലോകത്തെ മുതുമുത്തശ്ശി എന്നു വിളിച്ചാല്‍ മിക്കവാറും രേഷ്മ എന്നെ ഓടിച്ചിട്ടു തല്ലും എന്നൊരു പേടി.

    ഒരു ദിവസത്തിനു്‌ കുറഞ്ഞതു്‌ 50 മണിക്കൂറെങ്കിലും ആക്കിത്തരാന്‍ ഏതു ദൈവത്തോടാണു പ്രാര്‍ത്ഥിക്കേണ്ടതു്‌?

     
  13. At Fri Dec 16, 12:48:00 PM 2005, Blogger myexperimentsandme said...

    ബ്ലോഗുവാരഫലമൊക്കെ എഴുതിത്തകർത്ത/ഇനിയും തകർക്കേണ്ടുന്ന ഉമേഷിൽനിന്നു തന്നെ ഇങ്ങിനെയൊരു അഭിപ്രായം കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു, ഇവിടുത്തെ മഹാരഥന്മാരുടെ വാലിന്റെ അഗ്രത്തെ തുമ്പത്തിരിക്കുന്ന രോമത്തിന്റെ അറ്റത്തിന്റെ ഒരംശത്തിൽ‌പോലും എന്നെ കെട്ടാൻ കൊള്ളില്ലാ എന്ന തുണിയുടുക്കാത്ത സത്യം എന്നെ ഒരു ചമ്മലുമില്ലാതെ ഇങ്ങിനെ തുറിച്ചുനോക്കുന്നുണ്ടെങ്കിലും. വളരെ നന്ദി കേട്ടോ. നേരത്തേ പറഞ്ഞതുപോലെ സ്കൂളിലെ ഉത്തരക്കടലാസുകൾക്കും അതിനു ശേഷം ചില കൂട്ടുകാർക്കയച്ച എഴുത്തുകൾക്കും ശേഷം രണ്ടാമതൊരാൾ വായിക്കുക എന്ന രീതിയിൽ മലയാളത്തിൽ എന്തെങ്കിലും എഴുതാൻ തുടങ്ങിയത് ഈ മലയാളം ബ്ലോഗ് കാരണമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എത്ര നന്ദി പറഞ്ഞാൽ‌പോലും മതിയാവില്ല. എഴുതുന്നില്ലെങ്കിൽത്തന്നെ വായിച്ചുകൂട്ടാൻ എത്രമാത്രമിരിക്കുന്നു.

    കാലിഫോർണിയായിലെ ആ അണ്ണന്റെ പേർ ലോകത്താരു പറഞ്ഞാലും നാക്കുളുക്കുമെന്നാണു തോന്നുന്നത്. ശിവശങ്കരൻ അദ്ദേഹത്തിന്റെ ഒരു ആഗോള അപരനാമമാണെന്ന് തോന്നുന്നു. എറണാകുളം ഒരു മഹാനഗരമായതുകൊണ്ടാണോ എന്തോ, ആർനോൾഡ് ഞങ്ങൾക്കങ്ങു വഴങ്ങി, പക്ഷേ ബാക്കി, നോ രക്ഷ. ആര്യനാടു ശിവശങ്കരൻ തന്നെ നാടൻ പേര്.

    ശരിയാ, ഈ ബ്ലോഗെല്ലാം വായിച്ചു കൂട്ടാനും കമന്റെഴുതാനും 24 മണിക്കൂറൊന്നും പോരാ.. ഇതിങ്ങിനെ തന്നെ തുടരണം.

    മുതുമുത്തശ്ശിയുടെ പ്രായപ്പാർട്ട് എടുത്തു കളഞ്ഞാൽത്തന്നെ, രേഷ്മ തന്നെ മുതുമുത്തശ്ശി? ഞാൻ വിചാരിച്ചു, സൂവാണെന്ന്...

     
  14. At Fri Dec 16, 01:37:00 PM 2005, Blogger reshma said...

    പടച്ച തമ്പുരാനെ, ഇതെന്ത് ജാതി പിള്ളേർ! മുഖത്ത് നോക്കി മുതുമുത്തശ്ശീന്നാ?

     
  15. At Fri Dec 16, 02:04:00 PM 2005, Blogger myexperimentsandme said...

    മുഖത്തു നോക്കാത്തതുകൊണ്ടല്ലേ "മുതു" മാത്രം മുത്തശ്ശിക്കുമുമ്പിട്ടത്.... മുഖത്തുംകൂടി നോക്കിയിട്ടായിരുന്നെങ്കിൽ ഒരു നാല് “മുതു” മുത്തശ്ശിക്കുമുമ്പ്.... :))

    (എന്നെ തല്ലല്ലേ..........)

     
  16. At Wed May 17, 10:33:00 PM 2006, Blogger പാപ്പാന്‍‌/mahout said...

    ദേവാ, ശരലക ഹംസന്‍ എന്നു കേട്ടപ്പോഴാണോര്‍ത്തത്, “The Hound of The Baskervilles" ന്റെ ഒരു സ്വതന്ത്ര മലയാള തര്‍ജ്ജമ ഞാന്‍ ചെറുപ്പത്തില്‍ വായിച്ചിട്ടുണ്ട്. നോവലിന്റെ പേര് “ഹനുമാന്‍ കുട്ടി”. അതിലെ ഡിറ്റക്റ്റീവ് തമിഴ്‌നാടു പോലീസിലെ ഇന്‍സ്പെക്റ്റര്‍ അറുമുഖം. വാട്സണ്‍-ന്റെ പേരു ചൊക്കലിംഗം എന്നോമറ്റോ. വേട്ടനായക്കു പകരം ഒരു ഒറാങ്ങ് ഉട്ടാന്‍. ബാസ്കര്‍‌വില്‍‌ കുടുംബം ഒരു ചെട്ടിയാര്‍ കുടുംബം. കഥാപാത്രങ്ങളുടെ പേരുകളൊഴിച്ചാല്‍ ബാക്കി സംഗതി മിക്കവാരും പദാനുപദം.

    (ഷെര്‍‌ലക്ക് ഹോംസ് വായിച്ചു തുടങ്ങുന്നതിനു മുമ്പായിരുന്നു ഈ സംഭവം ഞാന്‍ വായിച്ചത് എന്നതിനാല്‍ യഥാര്‍ത്ഥ പട്ടിക്കഥ വായിച്ചപ്പോള്‍ ഒട്ടും പരിണാമഗുപ്തന്‍ നായ വന്നില്ല).

     

Post a Comment

<< Home